Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

October 14, 2012

ഒട്ടക ഇറച്ചിയും റിയാലും


മൂന്ന് തവണ പെട്ടി കെട്ടിയതേയുള്ളൂ. അതിനിടയില്‍ മല്‍ബു മൂന്ന് ഫ്രീ വിസ ഒപ്പിച്ചു. ഇപ്പോള്‍ വിശ്വസിക്കാന്‍ പ്രയാസമാണെങ്കിലും അക്കാലത്ത് അളിയന്മാര്‍ നിറയെ ഭാഗ്യമുള്ളവരായിരുന്നു. പെട്ടി കെട്ടി ഓരോ തവണ നാട്ടില്‍ പോയി വരുമ്പോഴും മല്‍ബു കൂടെ ഒരു അളിയനെ കൊണ്ടുവന്നു. അറബികളുടെ മനസ്സു കീഴടക്കിയതിന്റെ പാരിതോഷികമായിരുന്നു അതെങ്കിലും അസൂയ മൂത്ത രണ്ട് സീനിയര്‍ മല്‍ബുകള്‍ കളിയാക്കി.
അളിയനെ കൊണ്ടുവരാന്‍ പോകുവാണോ? 


അളിയന്മാരെ കൊണ്ടുവന്ന് ബക്കാലയില്‍ പണിക്കു നിര്‍ത്തി തങ്ങളെ പുറത്താക്കുമെന്ന് അവര്‍ ഭയപ്പെട്ടുവെങ്കിലും ബുദ്ധിയുളള മല്‍ബു അളിയന്മാരെ ഫ്രീയാക്കി വിട്ടു. നല്ല പണി കണ്ടെത്തി അവരൊക്കെ കേമന്മാരാവുകയും ചെയ്തു. ഭാഗ്യം കൊണ്ടുവന്ന ബക്കാലയില്‍ ഉറച്ചുനിന്നതിനാല്‍ മല്‍ബുവിനും ഉണ്ടായില്ല നഷ്ടം. സീനിയര്‍ ജോലിക്കാര്‍ അസൂയയും പിറുപിറുപ്പുമായി നാളുകളെണ്ണിയപ്പോള്‍ മല്‍ബു പലതും നേടി. 


വീട്ടിലെ പൊട്ടിത്തെറികള്‍ ഒഴിവാക്കാന്‍ കഴിഞ്ഞതു തന്നെ  വലിയ നേട്ടം. വിസക്കുവേണ്ടി അളിയന്മാര്‍  കലഹം തുടങ്ങിയ കാര്യം നാട്ടില്‍ പാട്ടായിരുന്നു. എന്തേ അളിയന്മാര്‍ക്ക് വിസ എടുക്കുന്നില്ലെന്ന ഉമ്മയുടേയും പെങ്ങന്മാരുടേയും ചോദ്യങ്ങള്‍ക്ക് മറുപടി പറയുമ്പോള്‍ ബോംബെയില്‍ തന്നെ നിന്നാല്‍ മതിയായിരുന്നു, വെറുതെ കടല്‍ കടന്നുവെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഫ്രീ വിസയെന്നാല്‍ ഫ്രീ ആയിക്കിട്ടുന്ന വിസ. ഇതായിരുന്നു പെങ്ങന്മാരുടെ ധാരണ. അവരെ വീട്ടിലെത്തിച്ച് മല്‍ബുവിനെ പാഠം പഠിപ്പിക്കാന്‍ അളിയന്മാരുടെ സംഘം തീരുമാനിക്കുകയും ചെയ്തിരുന്നു. 


സീനിയോറിറ്റി അനുസരിച്ച് ഓരോ അളിയനേയും വിമാനം കയറ്റിക്കൊണ്ടുവന്നപ്പോഴാണ് തലവേദന ഒഴിവായത്.
മല്‍ബു ആലോചിക്കും.
ഇതുതന്നെയല്ലേ ഓരോ പ്രവാസിയുടേയും നേട്ടം.
സ്വന്തം ജീവിതം ഹോമിച്ച് കുടുംബക്കാരെ കരകയറ്റി. 


ആയിടക്കാണ് ഒരു സംഭവമുണ്ടായത്. 
ഒരു ദിവസം സന്ധ്യാനേരത്ത് ഒരു അറബി വന്ന് മല്‍ബുവിനോട് എന്തോ സ്വകാര്യം പറഞ്ഞു.
മല്‍ബു അത് മുതലാളിയോട് മാത്രം പറഞ്ഞു.
സീനിയേഴ്‌സ് പലതും ഊഹിച്ചു.
പുതിയ വിസ പാസായതായിരിക്കും, അല്ലെങ്കില്‍ തങ്ങളെ കുറിച്ച് പരാതിപ്പെട്ടതായിരിക്കും.
സംസാരിക്കുന്നതിനിടയില്‍ മല്‍ബു ഒരാളുടെ നേരെ കൈ ചൂണ്ടുകയും ചെയ്തിരുന്നു.
പലതായി അവരുടെ ചിന്ത.
ഉള്ള മൂന്ന് അളിയന്മാരും ഇങ്ങെത്തി. ഇനിയിപ്പോ പഠിക്കുന്ന ഒരു അനുജനേയുള്ളൂ. അതുകൊണ്ട് വിസക്കാര്യമാകാന്‍ തരമില്ലെന്ന് അവര്‍ തന്നെ ഉത്തരം കണ്ടെത്തി. പിന്നെ പരാതിക്കും തരമില്ല. കാരണം കുറേയായി ഈ അറബി കടയില്‍ വന്നിട്ട്. അയാള്‍ നാടു വിട്ടുപോയി എന്നാണ് കരുതിയിരുന്നത്.


ഊഹങ്ങള്‍ അവസാനിച്ചില്ലെങ്കിലും രാത്രി ഏതാണ്ട് പത്ത് മണിയായതോടെ അറബി വീണ്ടുമെത്തി. കാര്‍ ബക്കാലയോട് ചേര്‍ത്തു നിര്‍ത്തി മല്‍ബുവിനെ അതില്‍ കയറ്റിക്കൊണ്ടുപോയി.
എങ്ങോട്ടു പോകുന്നുവെന്ന് ചോദിച്ച സീനിയേഴ്‌സിനോട് ദാ ഇപ്പോ വരാം എന്നേ മല്‍ബു പറഞ്ഞുള്ളൂ. മുതലാളിയും ഒന്നും പറഞ്ഞില്ല.
അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മല്‍ബു കാറില്‍ വന്നിറങ്ങി.
ഒരു കൈയില്‍ പൊതിയും മറുകൈയില്‍ നൂറു റിയാലിന്റ പിടക്കുന്ന ഒരു നോട്ടും.
സീനിയേഴ്‌സിന്റെ സസ്‌പെന്‍സും അസൂയയും ഇരട്ടിപ്പിക്കുന്നതായിരുന്നു മല്‍ബുവിന്റെ ചിരി.
അവരുടെ ആകാംക്ഷക്കും ചോദ്യങ്ങള്‍ക്കും അറുതി വരുത്തി മല്‍ബു പറഞ്ഞു.
പൊതിയില്‍ ഒട്ടകത്തിന്റെ ഇറച്ചി. നല്ലോണം വേവിച്ച് റൊട്ടിക്കു കൂട്ടാം.
റിയാല്‍ എനിക്കുള്ള കൂലി.
അരമണിക്കൂര്‍ കൊണ്ട് നൂറു റിയാല്‍ കൂലിയോ?
എന്തായിരുന്നു ജോലി?
അത് അവരുടെ വീട്ടില്‍ ഒരു ട്യൂബ് ലൈറ്റ് മാറ്റിയിടാനുണ്ടായിരുന്നു. എത്ര വേണമെന്നു ചോദിച്ചു. ഞാന്‍ ഒന്നും പറഞ്ഞില്ല. നൂറു തന്നിട്ട് ഇതു മതിയോ എന്ന് ചോദിച്ചു.
ഇന്നാളൊരു ബള്‍ബിട്ടു കൊടുത്തതിന് ദാ അപ്പുറത്തെ അറബി എനിക്കും നൂറു റിയാല്‍ തന്നു. സീനിയേഴ്‌സില്‍ ഒരാള്‍ രഹസ്യം വെളിപ്പെടുത്തി.
അമ്പടാ കള്ളാ.. ഇതുവരെ ഇതു പറഞ്ഞില്ലെന്ന് സീനിയര്‍ രണ്ടാമന്‍.
കേമത്തമുള്ള പണി പോലും അറബിക്ക് കൈമാറി നാടുവിടാന്‍ നിര്‍ബന്ധിതമാകുന്ന ഇക്കാലത്ത് ഇതൊക്കെ മല്‍ബുകള്‍ക്ക് സുഖമുള്ള ഓര്‍മകള്‍. 

8 comments:

ഒരു കുഞ്ഞുമയിൽപീലി said...

മല്ഭു...:)

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

മല്‍ബു എന്ന പാത്ര,പ്രയോഗം ഓരോ പോസ്റ്റിലും ഉള്‍പ്പെടുത്തിയത് കാണുമ്പോള്‍ത്തന്നെ തുടര്‍വായന അവസാനിപ്പിക്കാനാണ് തോന്നുന്നത്.

Unknown said...

മൽബു വിശേഷം ഇഷ്ടപെട്ടു.

Unknown said...

വരട്ടെ വരട്ടെ മല്‍ബു ഇന്നിയും വിശേഷം

സ്വന്തം സുഹൃത്ത് said...

മൂന്ന് തവണ പെട്ടി കെട്ടിയതേയുള്ളൂ. അതിനിടയില്‍ മല്‍ബു മൂന്ന് ഫ്രീ വിസ ഒപ്പിച്ചു. ഇപ്പോള്‍ വിശ്വസിക്കാന്‍ പ്രയാസമാണെങ്കിലും അക്കാലത്ത് അളിയന്മാര്‍ നിറയെ ഭാഗ്യമുള്ളവരായിരുന്നു....:)
പ്രവാസത്തിന്റെ മണമുള്ള കഥകള്‍ ഇനിയും വരട്ടെ !

നിസാരന്‍ .. said...

മല്‍ബു കഥകള്‍ വിസ്മയങ്ങള്‍ തന്നെ

Shahida Abdul Jaleel said...

മൽബു വിശേഷം ഇഷ്ടപെട്ടു.

വെള്ളിക്കുളങ്ങരക്കാരന്‍ said...

കൊള്ളാം മല്‍ബൂകഥ..

Related Posts Plugin for WordPress, Blogger...