Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

September 23, 2012

ബക്കാലയിലെ കനവുകള്‍


ബോംബെയില്‍ രക്ഷകനായി അവതരിച്ചത് ഒരു പോക്കറ്റടിക്കാരന്‍. 
കടലുകടക്കാന്‍ അയാള്‍ വഴി കാണിച്ചു. 
ഇവിടെ ഇതാ ഊരും പേരുമറിയാത്ത ഒരു മല്‍ബു. മടക്കി അയക്കാനൊരുങ്ങിയ അറബിയുടെ കൈയില്‍നിന്ന് രക്ഷിക്കാന്‍ പടച്ചവന്‍ അയച്ചതാണ് ഇയാളെ. ഇല്ലെങ്കില്‍ ഇപ്പോള്‍ നാട്ടിലെത്തിയേനെ. മരുഭൂ ജീവിതത്തിന് ഇനിയും യോഗമുണ്ട്. ചിന്തകള്‍ക്കൊപ്പമെത്താന്‍ കാരണവര്‍ ഓടി.
ഇരുവരുടേയും യാത്ര അവസാനിച്ചത് രണ്ടുമുറിക്കടയില്‍.
ഫാമിലി മിനി മാര്‍ക്കറ്റ്.
ബോര്‍ഡ് അങ്ങനെയാണെങ്കിലും ഒരു സാദാ ബക്കാല. ഇവിടെയാണ് ഇനി താവളം.
അപ്പോള്‍ പറഞ്ഞതുപോലെ എന്നു പറഞ്ഞുകൊണ്ട് രക്ഷകന്‍ യാത്രയായി.
ഒന്നും തന്നോടു പറഞ്ഞിരുന്നില്ലെങ്കിലും മൂളി.
കണ്ണില്‍നിന്നു മറയുന്നതുവരെ നോക്കിനിന്നു.
വെപ്രാളത്തിനിടയില്‍ അയാളെ ശരിക്കൊന്നു പരിചയപ്പെടാന്‍ പോലുമൊത്തിരുന്നില്ല.
അപ്പുറത്ത് ഒരാളുണ്ട്. അങ്ങോട്ടു ചെന്നോളൂ.
ക്യാഷ് കൗണ്ടറിലിരുന്നയാള്‍ വഴി കാണിച്ചു.
പൊട്ടന്‍, പേടിത്തൊണ്ടന്‍..
നല്ല പണി കളഞ്ഞിട്ട് വന്നിരിക്കാ അല്ലേ.
വാ. ഇരുന്നോളൂ.
തോര്‍ത്ത് മുണ്ട് കഴുത്തിലിട്ട് ഇലകള്‍ വേര്‍തിരിക്കുകയായിരുന്ന അയാള്‍ രണ്ട് ചീഞ്ഞ ഇലകള്‍ എടുത്തുമാറ്റിക്കൊണ്ട് ക്ഷണിച്ചു.
രക്തം തിളച്ചു. അഭിസംബോധന ഒട്ടും ഇഷ്ടമായിട്ടില്ല.
ചിലര്‍ അങ്ങനെയാണ്. ആരോട്, എങ്ങനെ, എന്തു പറയണമെന്ന് ഒരു നിശ്ചയവുമുണ്ടാകില്ല.
സാഹചര്യമൊന്നും പരിഗണിക്കാതെ എന്തും വിളിച്ചു പറയും.
ആളു ശുദ്ധനായിരിക്കും. നിഷ്‌കളങ്കന്‍, പച്ച മനുഷ്യന്‍.
അങ്ങനെ സമാധാനിച്ചുകൊണ്ട് തൊട്ടടുത്ത് ചെന്നിരുന്നു. ഇതാ ഇതുപോലെ കെട്ടിവെച്ചോളൂ.
മോശമായത് കളയണം. വേഗം വേഗം കെട്ടിക്കോളൂ.
ഇല കെട്ടാന്‍ അയാള്‍ ട്രെയിനിംഗ് നല്‍കിത്തുടങ്ങി.
ന്നാലും ഡ്രൈവര്‍ പണി കളഞ്ഞത് വലിയ പൊട്ടത്തരായീട്ടോ.
വീണ്ടും അയാള്‍ തുടങ്ങി.
ഞങ്ങളൊക്കെ എത്രയോ കൊതിച്ച  പണിയാ അത്. നാട്ടിലേക്കാളും ഇവിടയല്ലേ ഡ്രൈവിംഗ് സുഖം. എനിക്കൊക്കെ നാട്ടില്‍ വണ്ടിയില്‍ ഇരിക്കാന്‍ തന്നെ പേടിയാ. പേടിപ്പിച്ചോണ്ടല്ലേ എതിരെ വണ്ടി വരിക.
നാളെയാവട്ടെ, ഞാനൊരാളെ കാണിച്ചു തരാം.
ഡ്രൈവറാണ്, പക്ഷേ അയാളുടെ മാസവരവ് കേട്ടാ ഞെട്ടും.
അതങ്ങനെയാണ്.
വീട്ടുകാര്‍ക്ക് ബോധിച്ചാ പിന്നെ വീട്ടുകാരനെ പോലെ തന്നെയാ ഡ്രൈവറും. നാട്ടിലെ കാര്യങ്ങള്‍ പോലും അന്വേഷിച്ച് സഹായം ചെയ്യും. ശമ്പളം പേരിനു മാത്രാന്നാ അയാളു പറയുന്നത്. കൈമടക്കാണ് ശരിക്കുമുള്ള വരുമാനം. പിന്നെ നോമ്പിന് മുതലാളീടെ ഒരു വാരിക്കൊടുക്കലുണ്ട്. പതിനായിരംവരെ കിട്ടീട്ടുണ്ടെന്നാ പറയുന്നേ. നോമ്പിന്റെ അവസാനം വലിയ മുതലാളി വരാനായി പണിക്കാരൊക്കെ കാത്തിരിക്കും. ആര്‍ക്ക് എത്ര എന്നൊന്നും നോട്ടമില്ല. മുന്നില്‍ ഒരാളെ കണ്ടാല്‍ നോട്ടുകള്‍ നിറച്ച സഞ്ചിയില്‍നിന്ന് വാരിയങ്ങു കൊടുക്കും.
നിര്‍ത്തുന്ന മട്ടില്ല.
എല്ലാം കണ്ണു തള്ളിക്കുന്ന വിവരങ്ങള്‍.
വളയം വിട്ടുപോന്നത് വലിയ ബുദ്ധിശൂന്യതയായെന്ന് തോന്നിത്തുടങ്ങി.
ഇവിടെ കൊണ്ടുവന്നാക്കിയ ഹൈദ്രൂനെ നേരത്തെ അറിയ്വോ?
ഇല്ല, നാലു ദിവസം മുമ്പാ ആദ്യായിട്ട് കണ്ടത്..
എന്നാല്‍ കേട്ടോളൂ. അയാളും ഒരു ഹൗസ് ഡ്രൈവറായിരുന്നു.
ഇപ്പോള്‍ വലിയ ബിസിനസുകാരനായി. പത്തു പതിനഞ്ച് പണിക്കാരുണ്ട് കീഴില്‍.
ഇനിയിപ്പോ വലിയ വലിയ കമ്പനികള്‍ നടത്തുന്ന നമ്മുടെ നാട്ടുകാരൊക്കെ ആരായിരുന്നു?
പലരും ഡ്രൈവര്‍ പണിക്കുവന്നവര്‍.
ജീവിതം പറയുമ്പോള്‍ അവരൊന്നും അത് മറച്ചു വെക്കാറില്ല. കൊണ്ടും കൊടുത്തും നേടിയ വിജയഗാഥകള്‍ അയവിറക്കുന്നവര്‍.
ഇനിയിപ്പോ പറഞ്ഞിട്ടെന്താ..
ഇതായിരിക്കും യോഗം. ബക്കാലപ്പണിയത്ര മോശമൊന്നുമല്ല. പക്ഷേ, വേഗം മടുക്കും.
രണ്ടും മൂന്നും നിലകളിലുള്ള ഫ്‌ളാറ്റുകളില്‍ സാധനം എത്തിക്കുന്ന പണിയാ ഏറ്റവും എടങ്ങേറ് പിടിച്ചത്. കയറി ഇറങ്ങുമ്പോഴേക്കും വിയര്‍ത്തു കുളിച്ചിട്ടുണ്ടാകും.
ഉപേക്ഷിച്ച പണിയുടെ പകിട്ടും തുടങ്ങുന്ന പണിയുടെ എടങ്ങേറുകളും അയാള്‍ വിവരിച്ചുകൊണ്ടിരുന്നു.
കാരണവരുടെ മനസ്സില്‍ നിരാശയുടേയും സങ്കടത്തിന്റേയും വേലിയേറ്റം.
വിസക്കു വേണ്ടി കൊതിച്ചു കൊതിച്ചു മരിച്ചുപോയ ബാപ്പയുടെ മകനാണ്.
സങ്കടപ്പെട്ടുകൂടാ. നിരാശ പാടില്ല.
നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അതു വേറൊരു വഴിയില്‍ വന്നുചേരും.
അര്‍ഹമായത് എങ്ങനെ ആയാലും കിട്ടും.
ആരൊക്കെ ചേര്‍ന്നു വിചാരിച്ചാലും തടയാനാവില്ല.
അതാണ് ബാപ്പയെ നയിച്ച പോളിസി.
മോഹങ്ങള്‍ ഉദിച്ചുയരുകയായിരുന്നു. കനവുകള്‍.
സ്വന്തമായി ഒരു കട, പിന്നേയും പിന്നേയും കടകള്‍. അങ്ങനെ മറ്റൊരു ഹൈദ്രു. നിരാശയുടെ കടുപ്പത്തിനനുസരിച്ച് മോഹങ്ങളും കിനാവുകളും വലവിരിക്കുക സ്വാഭാവികം. മഴ കൊണ്ടതുപോലെ ഒലിച്ചിറങ്ങുന്ന വിയര്‍പ്പുകണങ്ങള്‍ കിനാവുകള്‍ കൊണ്ട് തുടച്ചു

13 comments:

കൊമ്പന്‍ said...

ഓരോ മലയാളി പ്രവാസിയുടെയും സ്വപനങ്ങളിലൂടെയും ജീവിതങ്ങളിലൂടെയും ആണ് മല്‍ബുവിന്റെ കഥകള്‍ ഇതും ആരീതിയില്‍ മികച്ച ഒന്ന് തന്നെ ആയിരുന്നു നേരിട്ടറിഞ്ഞ പ്രവാസ ചിന്തകള്‍ ആശംസകള്‍

a.rahim said...

ഈ കഥ കുറേ കാലം മുമ്പുണ്ടായിരുന്നതാണ് കെട്ടോ.......കാലം പറയാന്‍ അഷ്‌റഫ് മറന്നതാണ്.
വാരിവലിച്ചു കൊടുക്കന്ന സൗദിയുടെ ചരിത്രവും ഷര്‍ട്ട ്ചുളിയാത്ത പണി ഉണ്ടായിട്ടം ബലദിയ ജോലി ചോദിച്ചു വാങ്ങിയ മലയാളിയുടെ കഥയുമൊക്കെ പഴയതാണ്........

കാലം മാറി......കഥ മാറി...........ബലദിയ പണിയുടെ ദുരിതവും അതിലെ ശമ്പളത്തിന്റെ കണക്കും,,,, കണ്ടും കേട്ടും കണ്ണ് നിറയുന്ന കാലമാണിത്....

ഇവിടെ വന്ന് ഡ്രൈവിംഗ് മറന്നവരേക്കാള്‍ കൂടുതല്‍ ഇവിടെ നിന്ന് ഡ്രൈവിംഗ് പഠിച്ചവരാണ്. അഷ്‌റഫിന്റെ കണക്കിലെ മുതലാളിയാവാന്‍ ഇയാള്‍ക്ക് ഭാഗ്യമില്ല.... അതുകൊണ്ടാവാന്‍ ഡ്രൈവിംഗ് മറന്നത്...........

പിന്നെ പൊട്ടന്‍ വിളി...........അത് സൗഭാഗ്യങ്ങള്‍ വിട്ടെറിഞ്ഞു പോരുന്നതു കാണുമ്പോള്‍ ചില പ്രദേശങ്ങളിലെ മല്‍ബുമാരുടെ അതിരറ്റ സ്‌നേഹത്തില്‍ നിന്നു വരുന്ന സങ്കടത്തില്‍ നിന്നും വരുന്നതാണ്.....

അതിനെ എന്റെ പ്രിയ ചങ്ങാതീ.......ഏ പാവം മനുഷ്യാ.......... എന്നൊക്കെ വ്യാഖ്യാനിക്കാം...


പിന്നെ ബഖാലകളും ചിലരുടെ സമ്പന്നതയിലേക്കുള്ള ചവിട്ടുപടിയാണെന്നു പറഞ്ഞു കേട്ടിട്ടുണ്ട്.....ചിലരുടെ മാത്രം........

പ്രതികാര ദാഹിയാണ് നമ്മുടെ ഈ മല്‍ബുവെങ്കില്‍ ?????????/ ഒരു മുതലാളിയാവും........മുതലാളി തൊഴിലാളിയാവുകയും..................

ഷാജു അത്താണിക്കല്‍ said...

വീണ്ടും മൽബുവിന്റൊരു പ്രാസ പ്രശ്നം
കൊള്ളാം

ente lokam said...

എന്താവുമോ ഇനി മല്ബുവിന്റെ

കാലം?

Mohamedkutty മുഹമ്മദുകുട്ടി said...

ഞാന്‍ പ്രവാസിയല്ലാത്തതിനാല്‍ ശരിക്കുമറിയില്ല,റഹീം പറഞ്ഞതില്‍ വല്ല കഴമ്പുമുണ്ടോ? ഏതായാലും മല്‍ബു കഥകള്‍ നന്നാവുന്നുണ്ട്.

Jefu Jailaf said...

മല്ബുവിന്റെ ഫ്ലാഷ് ബാക്ക് നന്നാവുന്നുണ്ട്.. //ഒലിച്ചിറങ്ങുന്ന വിയര്‍പ്പുകണങ്ങള്‍ കിനാവുകള്‍ കൊണ്ട് തുടച്ചു/// ഇത് വല്ലാതെ ഇഷ്ടപ്പെട്ടു..

Moh'd Yoosuf said...

കിനാവ് കണ്ട് മൽബു ഉയരട്ടെ…
പ്രവാസകഥക്ക് ആശംസകൾ

ajith said...

പിന്നെ പൊട്ടന്‍ വിളി...........അത് സൗഭാഗ്യങ്ങള്‍ വിട്ടെറിഞ്ഞു പോരുന്നതു കാണുമ്പോള്‍ ചില പ്രദേശങ്ങളിലെ മല്‍ബുമാരുടെ അതിരറ്റ സ്‌നേഹത്തില്‍ നിന്നു വരുന്ന സങ്കടത്തില്‍ നിന്നും വരുന്നതാണ്.....

അതിനെ എന്റെ പ്രിയ ചങ്ങാതീ.......ഏ പാവം മനുഷ്യാ.......... എന്നൊക്കെ വ്യാഖ്യാനിക്കാം...

ശരിയാണല്ലോ...
നന്നായിട്ടെഴുതി കേട്ടോ.
പോസ്റ്റും റഹിമിന്റെ കമന്റും ഇഷ്ടപ്പെട്ടു

M. Ashraf said...

വമ്പുള്ള കൊമ്പനും സീരിയസ് വായനക്കാരനായ റഹീമിനും എപ്പോഴും വന്ന് സ്‌നേഹം പകരുന്ന ഷാജുവിനും എന്റെ ലോകത്തിനും പിന്നെ മുഹമ്മദ് കുട്ടിക്കും മൈപ്പിനും അജിത്തിനും ഒത്തിരി നന്ദി.
ജെഫു പറഞ്ഞതാണ് കാര്യ.
നമ്മെ പോലുള്ള ഒരു മല്‍ബുവിന്റെ ഫഌഷ് ബാക്കാണ് ഞാന്‍ പറയാന്‍ ശ്രമിക്കുന്നത്. അപ്പോള്‍ കാലം ഒരു 30 വര്‍ഷമെങ്കിലും പിറകിലാണ്.
അന്നത്തെ പലതും കേട്ടറിഞ്ഞ വിവരങ്ങളാണ്. ഇന്ന് പല സംഗതികളും മാറിമറിഞ്ഞു.

Hashiq said...



മിക്ക ജോലികളുടെയും കാര്യം ഇന്ന് ഇങ്ങനെയൊക്കെ തന്നെ ... മല്‍ബു കഥകള്‍ കുറെ സ്റ്റോക് ഉണ്ടല്ലോ ?

kochumol(കുങ്കുമം) said...

മല്‍ബിന്റെ മറ്റൊരു കഥ ...കൊള്ളാം
അര്‍ഹമായത് എങ്ങനെ ആയാലും കിട്ടും...ഉറപ്പായും

Rejeesh Sanathanan said...

“നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അതു വേറൊരു വഴിയില്‍ വന്നുചേരും.
അര്‍ഹമായത് എങ്ങനെ ആയാലും കിട്ടും.
ആരൊക്കെ ചേര്‍ന്നു വിചാരിച്ചാലും തടയാനാവില്ല.
അതാണ് ബാപ്പയെ നയിച്ച പോളിസി.“

ഏറ്റവും വിലമതിക്കപ്പെടേണ്ട പോളീസി..........




Echmukutty said...

വേദന ഒളിച്ചിരിക്കുന്ന വരികള്‍.........

Related Posts Plugin for WordPress, Blogger...