Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

September 17, 2012

സിഗരറ്റ് കുറ്റിയുടെ രഹസ്യം



കാരണവര്‍ ഒരു മെഴുകുതിരിയായിരുന്നു.
ചെക്കന്‍ മല്‍ബുവിന്റെ അരങ്ങേറ്റത്തിനു മുമ്പും പിമ്പും.
മറ്റുള്ളവര്‍ക്ക് വേണ്ടി ഉരുകിത്തീരുന്ന മെഴുകുതിരി.
പ്രവാസിയുടെ നിര്‍വചനത്തിനൊരു ഉത്തമ ഉദാഹരണം.
വെട്ടം തേടി സ്വന്തക്കാര്‍ വരുമ്പോള്‍ കാരണവര്‍ക്ക് മറുവാക്കില്ല.
മുഖം കനപ്പിച്ച് എന്തെങ്കിലും പറഞ്ഞാല്‍ നാലാളറിയും. നേടിയെടുത്ത പേരും പകിട്ടും അതോടെ ഡും.
നാടുവിട്ട ഒരു ഏഴാം ക്ലാസുകാരന്‍ കിളി പിടിപാടുള്ള ഒരാളായി മാറുന്നതിനു മുമ്പ് വിമാനങ്ങള്‍ ഒരുപാട് പറന്നു.
എട്ടാം ക്ലാസുള്ള സ്‌കൂള്‍ ദൂരെ ആയതിനാല്‍ ജീപ്പില്‍ കയറാനായിരുന്നു വിധി. സ്‌കൂളിലേക്കല്ല,
മമ്മാലിക്കയുടെ ജീപ്പിലെ കിളിയായി ഔദ്യോഗിക ജീവിതം.
ഗതി പിടിക്കാന്‍ നാടുവിടണമെന്ന് പലരും ഉപദേശിച്ചത് മനസ്സില്‍ തങ്ങിക്കിടപ്പുണ്ടായിരുന്നു. കടല്‍ കടക്കാനായിരുന്നു മോഹമെങ്കിലും കയറിയത് ബോംബെ ബസില്‍.
മലയോളം മോഹങ്ങള്‍ക്കു താങ്ങായി കെട്ടിച്ചയക്കേണ്ട മൂന്ന് പെങ്ങന്മാരും പഠിപ്പിച്ച് കരകയറ്റേണ്ട മൂന്ന് അനുജന്മാരും.
സ്ത്രീധനം വാങ്ങിയ പണം വിസക്കുകൊടുത്ത് ചതിയില്‍പെട്ട ബാപ്പയുടെ മകനായിരുന്നു. ബാപ്പയുടെ മോഹം പൂവണിയിക്കാനായി സമ്മാനിച്ച മൈനര്‍ പാസ്‌പോര്‍ട്ട് പുതുക്കി മേജറാക്കി പെട്ടിയില്‍ ഭദ്രമായി വെച്ചിട്ടുണ്ട്.
മഹാനഗരം സന്തോഷത്തോടെ സ്വീകരിച്ചു.
ചാറണക്കും ആട്ടണക്കും പൊതി കെട്ടി വില്‍ക്കുന്ന ഗലിയിലെ ഒറ്റമുറിക്കടയില്‍ ജോലി. ആ കൊച്ചുമുറിയില്‍ തന്നെ വെപ്പും കുടിയും കിടപ്പും.
രാവിലെ നിരന്നിരിക്കുന്ന കുട്ടികള്‍ക്കിടയിലൂടെ മൂക്കുപൊത്തി കാലു സംരക്ഷിച്ചുകൊണ്ട് യാത്ര.
പിന്നെ സ്വന്തം കൃത്യനിര്‍വഹണത്തിനുള്ള ക്യൂ.
പെയിന്റ് പാട്ടയിലെ അല്‍പ വെള്ളത്തോടു മല്ലടിച്ച് മലയാളത്തെ ഓര്‍ത്തു.
അറപ്പു തീര്‍ന്ന ജീവിതം.
അവിടെ രക്ഷകനായെത്തിയത് ഒരു പോക്കറ്റടിക്കാരന്‍.
സിഗരറ്റ് വാങ്ങി അതില്‍നിന്ന് പുകയില നീക്കി ഉള്ളംകയ്യില്‍ തേച്ച കഞ്ചാവ് നിറക്കുന്നതിനിടയില്‍ അവന്‍ വിളമ്പുന്നത് പോക്കറ്റടിക്കഥകള്‍.
കേട്ടാലും കേട്ടാലും കൊതിതീരില്ല.
മലബാരിയെ കണ്ടാല്‍, അയാള്‍ എവിടെ പണം ചുരുട്ടിവെച്ചിട്ടുണ്ടാകുമെന്ന് ഒറ്റനോട്ടത്തിനു പറയുന്ന ജ്ഞാനി.
കടയില്‍ മുതലാളിയില്ലാത്ത ഒരു ദിവസം പതിവ് പോക്കറ്റടിക്കഥകള്‍ക്കുശേഷം സ്വകാര്യമായി അവന്റെ ഒരു ചോദ്യം.
ഗള്‍ഫില്‍ പോയിക്കൂടേ?
മുതലാളിയെ തല്‍ക്കാലം ഒരു കള്ളത്തില്‍ മയക്കി അവന്റെ കൂടെ ട്രെയിനില്‍ കയറി.
സ്റ്റേഷനില്‍ തൊട്ടതിനുശേഷം അതിവേഗം നീങ്ങുന്ന ഇലക്ട്രിക് ട്രെയിനില്‍ ഒരു ചാക്ക് ചുരുട്ടിപ്പിടിച്ചിരിക്കുന്നയാളെ ചൂണ്ടി അവന്‍ പറഞ്ഞു.
കണ്ടോ ഒരു മലബാരി. നിന്റെ നാട്ടുകാരന്‍.
ആ ചാക്കിലാണ് ഇന്ന് മാര്‍ക്കറ്റില്‍ കൊടുക്കേണ്ട പണം.
കടലുകടക്കാന്‍ പലരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന
ട്രാവല്‍സില്‍ കയറിയപ്പോള്‍ അവിടേയും ഒരു മലബാരി.
ഒറ്റക്കു വന്നാല്‍ പോരായിരുന്നോ? വെറുതെ അഞ്ഞൂറു കൂട്ടി.
മഹാനഗരത്തില്‍ കമ്മീഷനില്ലാതെ എന്ത് ഏര്‍പ്പാട്.
മമ്മാലിക്കയുടെ ജീപ്പില്‍ കിളിയായതും കേണു കേണു ചക്രം പിടിച്ചതും തുണച്ചു.
അതൊരു ഡ്രൈവര്‍ വിസയായിരുന്നു. അറബി വീട്ടില്‍.
കാശ് കൊടുക്കണം. എവിടെനിന്നു കിട്ടും?
തിരികെ കടയിലെത്തിയപ്പോള്‍ മുതലാളിയുടെ ചോദ്യം
വിസ ശരിയായി അല്ലേ? 
ഒളിച്ചുവെച്ച കാര്യമായിരുന്നു.
പക്ഷേ, പോക്കറ്റടിക്കാരന്‍ ആ ഗലിയിലുള്ളവര്‍ മാമു എന്നു വിളിക്കുന്ന മുതലാളിയുടെ കൂടി കൂട്ടുകാരനായിരുന്നു.  അതു മറന്നു.
ആയുസ്സില്ലാത്ത രഹസ്യം.
പക്ഷേ ഗുണമുണ്ടായി. വിസക്കും ടിക്കറ്റിനും തികയാത്ത കാശ് മുതലാളി നല്‍കി.
പെങ്ങന്മാരൊക്കെയുള്ളതല്ലേ. പോയി രക്ഷപ്പെടൂ.
മറക്കാതിരുന്നാല്‍ മതി.
റോഡില്‍നിന്ന് സിഗരറ്റ് കുറ്റി പെറുക്കാനും അറബി മക്കള്‍ക്ക് ഇംഗ്ലീഷ് പഠിപ്പിക്കാനും ധാരാളം പേര്‍ കടലുകടക്കുന്ന കാലമായിരുന്നു അത്. സ്‌കൂള്‍പടി കാണാത്തവര്‍ പോലും ഇംഗ്ലീഷ് പഠിപ്പിക്കാന്‍ പോയി.
മേല്‍ പറഞ്ഞ ജോബുകള്‍ യഥാക്രമം മുനിസിപ്പാലിറ്റിക്കു കീഴിലെ ക്ലീനിംഗും വീട്ടുവേലയുമാണ് എന്നു പച്ചക്കു പറയരുത്.
ഓരോ നാട്ടിലും മുക്കുമൂലകളില്‍ അത്തറിന്റെ മണം പരത്തി ചെത്തി നടന്നവര്‍ക്കുള്ള  മറയായിരുന്നു ആ പറച്ചില്‍.
റാഡോ വാച്ചുകള്‍ക്കു പിന്നിലെ വിയര്‍പ്പ്.
അവര്‍ക്കിടയില്‍ ഡ്രൈവര്‍ പണിക്കിത്തിരി പത്രാസുണ്ട്.
അവിദഗ്ധര്‍ക്കിടയിലൊരു വിദഗ്ധന്‍.  
ഭാഗ്യമോ നിര്‍ഭാഗ്യമോ?
വട്ടം പിടിക്കാനിട വന്നില്ല.
സാദാ മല്‍ബുവിനുവേണ്ടി മരൂഭുമി കാത്തുവെച്ചത്
മറ്റൊരു ലോകം.                         


താക്കോല്‍ ചതി

എയര്‍പോര്‍ട്ടില്‍ വരവേല്‍പിന് ഒരു അറബിയും കൂട്ടിനൊരു ദീര്‍ഘകായനും.
ഇന്നത്തെ പോലെ അന്ന് ആഘോഷമില്ല. ബാഗില്‍ നാടന്‍ പത്തിരിയും പോത്തിറച്ചി വരട്ടിയതുമില്ലെങ്കില്‍ പിന്നെന്ത് ആഘോഷം?  ബാച്ചിലര്‍ റൂമുകളില്‍ ഓരോ വരവും ആഘോഷമാണ്. വന്നയാള്‍ക്ക് മൂഡ് ഓഫ്. ബാക്കിയുള്ളോര്‍ക്ക് സെലിബ്രേഷന്‍.
കപ്പയും ബീഫും.
ബീഫില്ലാതെ വരുന്നവരോട് ഇപ്പോള്‍ പരമപുച്ഛം.
ബോംബെയില്‍നിന്ന് നാട്ടില്‍ പോയി വരാന്‍ സാവകാശമുണ്ടായിരുന്നില്ല.
അറബിയുടെ തിരക്കല്ല. സ്വപ്‌നഭൂമിയായിരുന്നു മനസ്സു നിറയെ.
എങ്ങനെയെങ്കിലും അവിടെ എത്തിയാല്‍ മതി.
അടുത്തൊന്നും സഫലമാകുമെന്ന് കരുതിയതല്ല ഗള്‍ഫ് മോഹം.
എല്ലാം അപ്രതീക്ഷിതവും വേഗത്തിലുമായിരുന്നു.
ലോകം വെട്ടിപ്പിടിച്ച ആവേശം.
പക്ഷേ, വിമാനത്തില്‍ കയറിയപ്പോള്‍ കേട്ട ഒരു ഏങ്ങലടി മാസ്മരിക ലോകത്തുനിന്ന് താഴെയിറക്കി. നേരെ സ്വന്തം ഗ്രാമമായ തൊക്കിലങ്ങാടിയില്‍.
കടലു കടക്കുകയാണ്.
ബോംബെയിലാണെങ്കില്‍ രാത്രി ബസില്‍ കയറിയാല്‍ ഉച്ചയോടെ നാടുപിടിക്കാം.
ഇനി വര്‍ഷങ്ങള്‍ കഴിയാതെ നാടില്ല. എത്ര വര്‍ഷമെന്നത് ഓരോരുത്തരുടെ യോഗം പോലിരിക്കും. ചെറിയ മോളെ കണ്ട് കൊതിതീരാതെ മണലാരണ്യത്തിലേക്ക് മടങ്ങുന്ന സഹയാത്രികന്റെ ഏങ്ങലടിയും കണ്ണീരും കാരണവര്‍ കൂടി ആവാഹിച്ചു. എല്ലാ പ്രവാസിയുടേയും വേദന ഒന്നുതന്നെ. വിമാനം ഇറങ്ങിയപ്പോള്‍, അറബിയോടൊപ്പം കൂട്ടാന്‍ വന്ന ദീര്‍ഘകായന്റെ സ്‌നേഹവായ്പ്.
അത്ഭുതപ്പെട്ടു പോയി.
ഇത്രമാത്രം സ്‌നേഹമോ?
അതൊരു പച്ചയായിരുന്നു.
പച്ചക്കും ഈച്ചക്കും പഞ്ഞമില്ലാത്ത കാലമായിരുന്നു അത്.
ഇന്നിപ്പോള്‍ പച്ചയോളമില്ല ഈച്ച.
പച്ചയെന്നാല്‍ അയല്‍ ദേശക്കാരന്‍, പാക്കിസ്ഥാനി.
അയാളുടെ സ്‌നേഹത്തിന്റെ ഗുട്ടന്‍സ് പിന്നെയാണ് മനസ്സിലായത്.
അയാള്‍ക്ക് നാടണയാനുള്ള താക്കോലാണ് ഈ വന്നിരിക്കുന്നത്.
മൂന്ന് വര്‍ഷമായി പിടിക്കുന്ന വളയം കൈമാറുന്നതോടെ പച്ചക്ക് നാടുപിടിക്കാം.
അയാളെ അറബി പിടിച്ചു വെച്ചിരിക്കുകയായിരുന്നു.
അപ്പോള്‍ കാരണവര്‍ ഒരു വിമോചകനാണ്.
പക്ഷെ, പച്ചയുടെ തിരക്ക് വൃഥാവിലായി.
ബോംബെയിലെ ജനത്തിരക്കില്‍നിന്ന് വാഹനത്തിരക്കിലേക്ക് എടുത്തെറിയപ്പെട്ട കാരണവര്‍ക്ക് ഒരു അസുഖം ബാധിച്ചു.
ആളുകളുടെ എണ്ണപ്പെരുപ്പം കണ്ട കണ്ണുകള്‍ വാഹനപ്പെരുപ്പത്തില്‍ തള്ളിപ്പോയി.
അതിനെ ഉള്‍ഭയമെന്നു വിളിച്ചു.
വളയം പിടിക്കാന്‍ കാറില്‍ കയറില്ലെന്ന് ഉറപ്പിച്ചങ്ങ് പറഞ്ഞു.
അറബിയും പച്ചയും ഞെട്ടി.
മെരുക്കിയെടുക്കാന്‍ പച്ച മറ്റൊരു മല്‍ബുവിനെ തപ്പിപ്പിടിച്ചു.
അടവാണോ നാട്ടുകാരാ?
കണ്ണുകളിലേക്ക് നോക്കി അതിഥി ചോദിച്ചു.
നാടുവിട്ടതോണ്ടുള്ള വിഷമമായിരിക്കും. അതൊക്കെ ഒരാഴ്ച കൊണ്ട് ശരിയായിക്കൊള്ളും.
നാട്ടിലേക്കാളും വളയം പിടിക്കാന്‍ ഇവിടെയാ സുഖം.
സുദീര്‍ഘമായ പ്രസംഗം പക്ഷേ സ്വാധീനിച്ചില്ല.
നാട്ടിലേക്ക് തിരച്ചയച്ചാലും വളയം തൊടില്ല.
മാറ്റമില്ലാത്ത തീരുമാനം.
മുക്കുമൂലകളിലും വലിയ കയറ്റിറക്കങ്ങളിലും അഭ്യാസിയെ പോലെ ജീപ്പോടിച്ചയാളാണ്.
പേടിക്കു മരുന്നില്ല.
ഓരോ പേടിക്കും ഒരു ചരിത്രമുണ്ടാകും.
വാഹനവുമായി ബന്ധമില്ലെങ്കിലും കാരണവരുടെ മനസ്സില്‍ ഒരു തൂക്കുപാലം മായാതെ കിടപ്പുണ്ട്.
നല്ല മഴയുള്ള ഒരു ദിവസം തൂക്കുപാലം കടക്കുകയായിരുന്നു.
മധ്യത്തിലെത്തിയപ്പോള്‍ രണ്ട് പലക ഇളകിപ്പോയിരിക്കുന്നു. കാലുകള്‍ വിറച്ചു.
താഴെ പുളഞ്ഞൊഴുകുന്ന പുഴ.
മലവെള്ളപ്പാച്ചില്‍.
എങ്ങനെയൊക്കെയോ അക്കര പിടിച്ചെങ്കിലും ആ പാലത്തിലൂടെ പിന്നെ തിരിച്ചു കടന്നില്ല.
വീട്ടിലേക്ക് മടങ്ങാന്‍ ചുറ്റിവളഞ്ഞ് വേറെ വഴി തേടി.
തൂക്കൂപാലം ഇന്നുമുണ്ടെങ്കിലും പിന്നീടൊരിക്കലും കാരണവരുടെ പാദ്‌സപര്‍ശമേറ്റിട്ടില്ല.
അതുപോലൊരു ഭയമാണ് ഇപ്പോള്‍, തീര്‍ച്ചയായും അടവല്ല.
അറബിയുടെ തീരുമാനം വന്നു. മടക്കം തന്നെ.
വേറെ എന്തെങ്കിലും പണി തരാന്‍ പറഞ്ഞുനോക്കാമോ?
മല്‍ബുവിനോട് കാരണവരും അറബിയോട് മല്‍ബുവും കെഞ്ചി.
വേറെ ഒരു ഡ്രൈവറെ കൊണ്ടുവന്നാല്‍ ഇവനെ കൊണ്ടുപോകാം.
കടയില്‍ നില്‍ക്കാമോ? 
രാവും പകലും പണിയായിരിക്കും.
നിന്നോളാം, ബോംബെയില്‍ കടയില്‍നിന്നിട്ടുണ്ട്.
പോയി നോക്കട്ടെ, ഒരു ഡ്രൈവറെ കിട്ടിയാല്‍ വന്നു കൊണ്ടു പോകാം.
മല്‍ബുവിലുള്ള പ്രതീക്ഷയിലും പച്ചയുടെ കുത്തുവാക്കുകളിലും ദൈര്‍ഘ്യമേറിയ മൂന്ന് രാപകലുകള്‍. പച്ചയുടെ സ്‌നേഹവും അനുകമ്പയും എങ്ങോ പോയ്മറഞ്ഞിരുന്നു. ഇപ്പോള്‍ ദേഷ്യം മാത്രം.
പറഞ്ഞിട്ടു കാര്യമില്ല. അയാളുടെ പ്രതീക്ഷകളാണ് ഉള്‍ഭയത്തില്‍ തട്ടിത്തകര്‍ന്നത്.
നാലാംനാള്‍ നല്ല വാര്‍ത്ത എത്തി.
മല്‍ബു ഒരു ഡ്രൈവറെ കൊണ്ടുവന്ന് പകരം കാരണവരെ ഏറ്റുവാങ്ങി.
പത്രാസുള്ള ഡ്രൈവര്‍ പണി പോയതിലുള്ള സങ്കടമല്ല, രക്ഷപ്പെട്ടതിലുള്ള ആശ്വാസമായിരുന്നു അപ്പോള്‍ മനസ്സില്‍.
പുതിയ പ്രതീക്ഷകളിലേക്ക് രക്ഷകന്റെ പിന്നാലെ നടന്നു.

14 comments:

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

കഥ പറഞ്ഞ രീതികൊണ്ട് കഥാപാത്രത്തിനൊപ്പം സഞ്ചരിക്കാന്‍ കഴിയുന്നുണ്ട്.പക്ഷെ,നാലുവരിപ്പാതയിലെ അതിവേഗമായിരിക്കാം വഴിയോരക്കാഴ്ച്ചകളൊന്നും മനസ്സില്‍ പതിയുന്നില്ല.

ente lokam said...

ബാകി വരുന്നത് അല്ലെയുള്ളൂ..വഴിയോരക്കാഴ്ചകള്‍ അപ്പൊ കിട്ടുംയിരുക്കും അല്ലെ?എന്നാലും മല്ബുവിന്റെ മനസ്സ് നന്നായി വായിക്കാന്‍ ആവുന്നുണ്ട്..തുടരുക..ആശംസകള്‍..

Jefu Jailaf said...

ചില വരികള്‍ വല്ലാതെ സ്പര്‍ശിച്ചു പ്രത്യേകിച്ചും ബോംബെ കാലം.. വരട്ടെ ബാക്കിയുള്ളതും..

Echmukutty said...

ബാക്കി വരട്ടെ.......ഇത്തിരി സ്പീഡ് കൂടിയില്ലേന്ന് ഒരു സംശയം എനിക്കുണ്ട്.....

ശിഖണ്ഡി said...

ആശംസകള്‍....ന്നായി വായിച്ചു.

മുകിൽ said...

nalla ezhthu

Mohamedkutty മുഹമ്മദുകുട്ടി said...

പതിവു പോലെ വായിച്ചാസ്വദിച്ചു..

Prabhan Krishnan said...

ഭേഷ്,,ഭേഷ്. നന്നായി പറഞ്ഞു. ആശംസകള്‍!‌ പുലരി.

ഫൈസല്‍ ബാബു said...

പച്ചയെന്നാല്‍ അയല്‍ ദേശക്കാരന്‍, പാക്കിസ്ഥാനി.
അയാളുടെ സ്‌നേഹത്തിന്റെ ഗുട്ടന്‍സ് പിന്നെയാണ് മനസ്സിലായത്.
അയാള്‍ക്ക് നാടണയാനുള്ള താക്കോലാണ് ഈ വന്നിരിക്കുന്നത്.
മൂന്ന് വര്‍ഷമായി പിടിക്കുന്ന വളയം കൈമാറുന്നതോടെ പച്ചക്ക് നാടുപിടിക്കാം.
=================================
ഹാഹ്ഹ ,പ്രവാസ ലോകത്തെ സ്ഥിരം കാഴ്ച .ഒരു പ്രത്യേക വായനാസുഗം ഈ പോസ്റ്റില്‍ !!

a.rahim said...

പച്ച പൊട്ടിച്ചില്ലേ കാക്കാനെ..........ഉണ്ടാവാന്‍ ചാന്‍സുണ്ട്..... മല്‍ബു മല്‍ബുവിനെ എഴുത്തില്‍ രക്ഷപ്പെടുത്തിയതാവാനാണ് ചാന്‍സ്.........

മിക്കവാറും ബഖാലയിലേക്കേറ്റെടുത്ത ആള്‍ക്കും കാക്കാന്റെ സേവനം കിട്ടാന്‍ പ്രയാസമാവും...

മുംബൈ മലയാളിയുടെ സേവനം കിട്ടാനും വേണം ഒരു ഭാഗ്യം അറബിക്കും മലയാളിക്കും.



M. Ashraf said...

എഴുത്തിലെ പാളിച്ചകള്‍ ചൂണ്ടിക്കാണിച്ചവര്‍ക്കും നല്ല വാക്കുകള്‍ കൊണ്ടു പിന്തുണക്കുന്നവര്‍ക്കും ഒത്തിരി നന്ദി.
എഴുത്തിനപ്പുറം പ്രവാസം തെരഞ്ഞെടുത്ത ഓരോ മല്‍ബുവിന്റേയും മല്‍ബിയുടേയും പച്ച അനുഭവങ്ങളിലൂടെയാണ് എന്റെ യാത്ര.
പരാജയം എന്റേതു മാത്രമാണ്.
സ്‌നേഹത്തോടെ
എം.അഷ്‌റഫ്‌

Anil cheleri kumaran said...

ഇക്കുറി മൽബു സീരിയസ്സാണല്ലോ

Nena Sidheek said...

എനിക്ക് ഈ ചിത്രങ്ങള്‍ എല്ലാം ഒരു പാട് ഇഷ്ടമായി.കഥകളും വല്യ കൊഴപ്പമില്ല.

karakadan said...

എല്ലാ കഥയും വായിച്ചു ൨.൨൮ ആയി ഉറക്കം വരുന്നു മല്ബുവിനു ആശംസകള്‍ .....

Related Posts Plugin for WordPress, Blogger...