Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

August 24, 2012

പെരുന്നാപ്പൈസ പത്ത് ലക്ഷം


മല്‍ബു കണക്കുകൂട്ടുകയായിരുന്നു. സാധാരണ കൂട്ടലല്ല. വലിയ തുക ആയതിനാല്‍ ശരിക്കും കാല്‍ക്കുലേഷന്‍ തന്നെ.
ദിവസം 35 റിയാല്‍. ഒരു മാസത്തേക്ക്  1050 റിയാല്‍. വര്‍ഷത്തേക്ക് 12600. അഞ്ച് വര്‍ഷമാകുമ്പോള്‍ 63,000 റിയാല്‍.
ഇന്ത്യന്‍ മണിയില്‍ ഇതെങ്ങനെ കൂട്ടും. ഇന്നലത്തെ 15 ഇന്നത്തെ 13 നാളത്തെ പത്ത് എന്നിങ്ങനെയാണല്ലോ അതിന്റെ പോക്ക്. അപ്പോള്‍ 15 വെച്ചു തന്നെ കൂട്ടാം. 63,000 പതിനഞ്ച്  കൊണ്ട് ഗുണിച്ചാല്‍  9,45,000.
ഇതാണ് രൂപയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ലാഭം. രൂപയുടെ മൂല്യം പത്തിലേക്ക് ഉയര്‍ന്നാല്‍ അത് 6,30,000 ആയി താഴുകയും ഇരുപതിലേക്ക് താണാല്‍ 12,60,000 രൂപയായി വര്‍ധിക്കുകയും ചെയ്യും.
ഒരു സാധാരണ തൊഴിലാളി അഞ്ച് വര്‍ഷം വിയര്‍പ്പൊഴുക്കിയാലേ ഇത്രയും തുക കിട്ടൂ. അതാണ് മല്‍ബുവിന് ഈസിയായി കിട്ടിയിരിക്കുന്നത്.
എങ്ങനെ കിട്ടിയെന്ന് ചോദിച്ചാലേ കുഴപ്പമുള്ളൂ. അപ്പോള്‍ അതൊരു സാങ്കല്‍പിക കണക്കായി മാറുന്നു.
വേറെ ഒരാളുടെ പോക്കറ്റില്‍നിന്ന് നമ്മുടെ പോക്കറ്റില്‍ വന്നു ചേരുന്നതാണല്ലോ ലാഭം.  വലിയ മണിമാളിക ഉണ്ടാക്കി അഞ്ച് കോടി വിലയുള്ള വസ്തുവിലാണ് താന്‍ ഉറങ്ങുന്നതെന്ന ഒരു സാദാ പ്രവാസിയുടെ സങ്കല്‍പത്തിന്റെ അത്ര പോലുമില്ല ഈ കാല്‍ക്കുലേഷനു യാഥാര്‍ഥ്യവുമായി ബന്ധം. പ്രോപ്പര്‍ട്ടി വില്‍ക്കാന്‍ സാധ്യതയുണ്ടെങ്കില്‍  അഞ്ചു കോടി പോക്കറ്റില്‍ വരുമെന്ന കാര്യത്തില്‍ സംശയമില്ല. അപ്പോള്‍ ചുറ്റും കൂടുന്ന പുതിയ കുടുംബക്കാരേയും കൂട്ടുകാരെയും ഒക്കെ ശ്രദ്ധിച്ചാല്‍ മതി.
പോക്കറ്റില്‍ വന്നു ചേരാത്ത ഒന്നിനെയാണ് ഇപ്പോള്‍ ലാഭമായി കൂട്ടിയിരിക്കുന്നതെന്ന് പറഞ്ഞാല്‍ മല്‍ബു വിട്ടുതരില്ല. പോക്കറ്റില്‍നിന്ന് വേറെ ഒരാളുടെ പോക്കറ്റിലേക്ക് പോകാത്തതിനാല്‍ ലാഭം തന്നെയാണെന്ന് വാശി പിടിക്കും.
ആയിക്കോട്ടെ, സമ്മതിച്ചു. ലാഭം തന്നെ. എന്നാല്‍ അത് എവിടെ എന്നു ചോദിച്ചാല്‍  ഭ ഭ ഭ.
മല്‍ബുവിന്റെ കൈയില്‍ പണം ബാക്കിനില്‍ക്കാനോ? അതൊക്കെ പുട്ടടിച്ചെന്നേ  തീര്‍ന്നു.
ലാഭം പ്രത്യക്ഷത്തില്‍ കാണാനില്ലെങ്കിലും അഞ്ചു വര്‍ഷമായി മല്‍ബുവിന് ഈ കാല്‍ക്കുലേഷനില്‍ ഒരു സുഖമുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഇമിഗ്രേഷന്‍ ഫണ്ടില്‍ കോടികള്‍ കുന്നു കൂടുന്നതു പോലെ ഒരു സുഖം.
അങ്ങനെ ചിന്തിച്ചു കൊണ്ടിരിക്കുമ്പോഴാണ് മുന്നില്‍ ഒരു അപരിചിതന്‍ പ്രത്യക്ഷപ്പെട്ടത്.
എന്നെ മറന്നുപോയോ എന്നായിരുന്നു ആഗതന്റെ ചോദ്യം.
യാചകന്റേതെന്ന് തോന്നിക്കുന്ന മുഷിഞ്ഞ വേഷം. യാചകനാണെങ്കില്‍ എന്തെങ്കിലും തരൂ എന്നു പറയുമെന്നല്ലാതെ  എന്നെ മറന്നുപോയോ എന്നു ചോദിക്കാന്‍ ഒരു സാധ്യതയുമില്ല. ഇനിയിപ്പോള്‍ നാട്ടില്‍ പോയി വന്ന ആരെങ്കിലുമാണോ?
താടിയും മുടിയുമൊക്കെ ചായം പൂശി മൊഞ്ചനായി നാട്ടില്‍ പോയ മല്‍ബു തിരികെ വന്നപ്പോള്‍ കറുകറുത്ത് ആഫ്രിക്കക്കാരനെ പോലെ. എന്തു പറ്റിയെന്നു ചോദിച്ചാല്‍ കുറ്റം എല്‍നിനോക്ക്.
ഒരു തുള്ളി മഴയില്ല. വെയിലും പൊരിഞ്ഞ ചൂടും. പിന്നെ എങ്ങനെ നിറം മാറാതിരിക്കും.
കണ്ടു മറന്ന മുഖങ്ങളെ കുറിച്ച് ആലോചിച്ചു കൊണ്ടിരിക്കെ സ്തബ്ധനാക്കിക്കൊണ്ട് ആഗതന്റെ അടുത്ത ചോദ്യം.
എത്രയായി ലാഭം?
താന്‍ മനസ്സില്‍ കണക്കുകൂട്ടിയത് ഇയാള്‍  എങ്ങനെ അറിഞ്ഞു?  മല്‍ബു ഇരുന്നിടത്തുനിന്ന് ചാടിയെഴുന്നേറ്റു.
മനസ്സിലിരിപ്പ് പറഞ്ഞ രൂപത്തെ തുറിച്ചു നോക്കി.
നോക്കണ്ട, അഞ്ച് വര്‍ഷം മുമ്പ് നമ്മള്‍ മദീനയില്‍ വെച്ച് കണ്ടിട്ടുണ്ട്. ലാഭത്തിന്റെ വഴി തുറന്നത് ഞാനായിരുന്നു. എല്ലാവരും എല്ലാം മറക്കുന്നു, മറവി അതാണ് മനുഷ്യന്‍.
മല്‍ബുവിന്റെ മനസ്സിലേക്ക് മദീനയിലെ കുളിരുകോരിയിട്ട ആ സന്ധ്യയും പുകച്ചുരുളുകളും ആഗതന്റെ രൂപവും ഇന്നലെ കഴിഞ്ഞതു പോലെ കടന്നെത്തി.
അന്നൊരു പെരുന്നാളായിരുന്നു.
തിരുനബിയുടെ പള്ളിക്ക് പുറത്ത് തണുപ്പിനെ അതിജീവിക്കാന്‍ ഒന്നിനു പിറകെ ഒന്നായി സിഗരറ്റ് പുകച്ചു കൊണ്ടിരിക്കെയാണ് ഇയാള്‍ പ്രത്യക്ഷപ്പെട്ട്, ഭക്ഷണം കഴിക്കാന്‍ അഞ്ച് റിയാല്‍ ആവശ്യപ്പെട്ടത്.
മുഖം തിരിച്ചപ്പോള്‍ ഒരു പായ്ക്കറ്റ് സിഗരറ്റിന്റെ വില മാത്രമല്ലേ മകനേ ചോദിച്ചുള്ളൂ. നീ എത്രയെത്ര സിഗരറ്റുകള്‍ പുകച്ചു തള്ളുന്നു.
ദിവസം അഞ്ച് പായ്ക്കറ്റ് സിഗരറ്റിലൂടെ 35 റിയാല്‍ പുകച്ചിരുന്ന കാലത്ത്
പിച്ചക്കാരന്റെ യുക്തി ബോധിച്ചതുകൊണ്ടൊന്നുമല്ല അയാള്‍ക്ക് അഞ്ച് റിയാല്‍ നല്‍കിയത്. പക്ഷേ, പോകുന്നതിനുമുമ്പ് അയാള്‍ വിശുദ്ധ പള്ളിക്കു നേരെ തിരിഞ്ഞുനിന്ന് ഇങ്ങനെ  പ്രാര്‍ഥിച്ചു.
കരുണാമയനായ നാഥാ, നന്മ വറ്റാത്ത ഈ മോനേയും ഇവന്റെ മാതാപിതാക്കളേയും നീ നാളെ സ്വര്‍ഗത്തില്‍ ഒരുമിച്ചുകൂട്ടണേ.
അശ്രദ്ധ അകലുകയും ആ പ്രാര്‍ഥനക്ക് ആമീന്‍ പറയുകയും ചെയ്തപ്പോള്‍  ഉറ്റിവീണ കണ്ണീരില്‍ അകത്തെ മാത്രമല്ല, പുറത്തേയും പുകച്ചുരുളുകള്‍ അണയുകയായിരുന്നു. അന്നുമുതല്‍ ഇന്നുവരെ മല്‍ബു സിഗരറ്റ് തൊട്ടിട്ടില്ല.


15 comments:

ajith said...

ചിന്തോദ്ദീപകമായ ഒരു കുറിപ്പ്

അനുഭവം..???

പട്ടേപ്പാടം റാംജി said...

ആലോചിച്ചാല്‍ ഒരു അന്തോല്യ അല്ലെങ്കില്‍ ഒരു കുന്തോല്യ.
സംഗതി ചിന്തിപ്പിക്കുന്നു.

Mohamedkutty മുഹമ്മദുകുട്ടി said...

അന്നുമുതല്‍ ഇന്നുവരെ മല്‍ബു സിഗരറ്റ് തൊട്ടിട്ടില്ല.എന്നാല്‍ നല്ല കാര്യം തന്നെ.

Echmukutty said...

നല്ല മല്‍ബു. നല്ല കുട്ടി.......പോസ്റ്റ് നന്നായി കേട്ടോ.

Nena Sidheek said...

ഈ മല്‍ബൂനെക്കൊണ്ട് തോറ്റു.

Vp Ahmed said...

നല്ല കാര്യങ്ങള്‍ ഇങ്ങനെയും

Jefu Jailaf said...

നല്ല പോസ്റ്റ്‌. കാര്യങ്ങള്‍ ഇങ്ങനെ ആണെങ്കില്‍ മല്ബുവിന്റെ കണക്കു കൂട്ടല്‍ തെറ്റില്ല..

ഷാജു അത്താണിക്കല്‍ said...

ആഹാ നല്ല പോസ്റ്റ് നന്നായിരുക്കുന്നു

kochumol(കുങ്കുമം) said...

അങ്ങനെ മല്‍ബു നന്നായി ..

പാവത്താൻ said...

ഛെ.. നേരത്തേ വലി തുട
ങ്ങിയിരുന്നെങ്കിൽ ഇപ്പോ കുറെ കാശുണ്ടാക്കാമായിരുന്നു

Unknown said...

appol malbu nannaayo atho ippozhum?

മാണിക്യം said...

പടച്ചോനെ!! ലാഭം വരുന്ന ഓരോ വഴി നോക്കണേ!!

ഫൈസല്‍ ബാബു said...

ശരിയാണ് ,,അനാവശ്യമായോ അശ്രദ്ധയോടെ നാം പാഴാക്കുന്ന പണത്തിന്‍റെ കണക്കെടുപ്പ് നടത്തിയാല്‍ മല്‍ഭു വിനെ കടത്തിവെട്ടും !!

ente lokam said...

പല തുള്ളി പെരുവെള്ളം.
എന്നാല്‍ ബ്ലോഗ്ഗര്‍ 'പാവത്താനെ'പ്പോലെ ചിന്തിച്ചാല്‍
രസം ആയി..ലാഭം കൂടും.... പല നല്ല കാര്യങ്ങളും ചിലര്‍ പറയുമ്പോള്‍ മാത്രം നമുക്ക് ചെയ്യാന്‍ തോന്നും..മുമ്പും നമുക്ക്
അറിയാമെങ്കിലും.....

pravaahiny said...

പാവം . ആശംസകള്‍ @PRAVAAHINY

Related Posts Plugin for WordPress, Blogger...