Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

March 20, 2013

പോര്‍ട്ടര്‍ പറഞ്ഞ രഹസ്യം



പതിനാറായിരം റിയാല്‍ നല്‍കി ഫാമിലി വിസ വാങ്ങിയ നിങ്ങള്‍ ഒരു അമ്പത് റിയാലിന് ഇങ്ങനെ പിശുക്കണോ എന്ന ബംഗാളിയുടെ ചോദ്യം മല്‍ബുവിനെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു. കാരണം മല്‍ബിയേയും കുട്ടികളേയും കൊണ്ടുവരാനുള്ള ഫാമിലി വിസ തരപ്പെടുത്താന്‍ നല്‍കിയ തുകയുടെ കൃത്യമായ കണക്കാണ് ഒരു പരിചയവുമില്ലാത്ത ബംഗാളി പറഞ്ഞിരിക്കുന്നത്. അതും എയര്‍പോര്‍ട്ടില്‍ ലഗേജുകള്‍ കയറ്റിയ ട്രോളി തള്ളുന്ന ഒരു സാദാ ബംഗാളി.
നിറയെ ബാഗേജുകള്‍ കയറ്റിയ ട്രോളിക്കു പിറകില്‍ കുട്ടികളെ കൂട്ടിപ്പിടിച്ചു കൊണ്ട് മല്‍ബിയുണ്ട്. ആദ്യവരവിലെ അമ്പരപ്പിനിടയില്‍ ഈ വിലപേശല്‍ മല്‍ബിക്ക് ഒട്ടും സഹിക്കുന്നില്ല. കാരണം മലയാള നാട്ടില്‍ വിലപേശലെന്നാല്‍ മാനക്കേടാണല്ലോ? അവധിക്കു നാട്ടില്‍ പോയപ്പോള്‍, മല്‍ബിയോടൊപ്പം ഷോപ്പിംഗിനു കയറിയ ചുരിദാര്‍ കടക്കാരന്‍ ചോദിച്ചിരുന്നു.
സൗദിയിലാണല്ലേ, അതാ ഈ ആഖിര്‍ കം?
അതുകേട്ടപ്പോള്‍ മല്‍ബുവിനേക്കാളും ചൂളിപ്പോയത് മല്‍ബിയായിരുന്നു. ചോദിക്കുന്ന തുക നല്‍കി അഭിമാനത്തോടെ മടങ്ങുക. അതാണ് പുതിയ കേരളം. മീനിനു വിലപേശിയപ്പോള്‍ വെറുതെ കൊണ്ടുപോയിക്കോളൂ എന്നു പറഞ്ഞ് മീന്‍കാരിയും അവഹേളിച്ചിട്ടുണ്ട് മല്‍ബുവിനെ. അതിനും സാക്ഷിയായിരുന്നു മല്‍ബി. നിങ്ങള്‍ ഇനിയും ഇതു തുടര്‍ന്നാല്‍ ഞാന്‍ ഷോപ്പിംഗിന് വരില്ലാന്നു നാട്ടില്‍വെച്ച് സത്യം ചെയ്ത മല്‍ബി വിമാനം കയറി ഇങ്ങെത്തിയപ്പോള്‍ ഇവിടെയും അതു തന്നെ കഥ. റിയാലിനുവേണ്ടി ബംഗാളിയുമായി തര്‍ക്കം.
വിമാനമിറങ്ങി ഇമിഗ്രേഷന്‍ പൂര്‍ത്തിയാക്കിയ മല്‍ബിയുടേയും കുട്ടികളുടേയും ബാഗേജുകള്‍ ട്രോളിയിലാക്കി തള്ളി സുരക്ഷിതമായി പുറത്തെത്തിച്ച ബംഗാളി ചോദിക്കുന്നത് അമ്പത് റിയാലാണ്.
പത്ത് റിയാല്‍ നീട്ടിയപ്പോള്‍ അയാള്‍ക്കുവേണ്ട.
നിങ്ങളുടെ കുടുംബത്തിന്റെ പെട്ടികളൊക്കെ തപ്പിയെടുത്ത് ട്രോളിയിലാക്കി പുറത്തെത്തിക്കാനെടുത്ത സമയം കൊണ്ട് വേറെ ആളുകള്‍ക്കാണെങ്കില്‍ എനിക്ക് പത്ത് തവണ ലഗേജ് എത്തിച്ചുകൊടുക്കാമായിരുന്നുവെന്ന് അയാളുടെ വാദം.
കുറേസമയം എടുത്തിരുന്നുവെന്ന് മല്‍ബി ഇടക്കുകയറി ബംഗാളിയെ സപ്പോര്‍ട്ട് ചെയ്തത് വിലപേശിയുള്ള നാണക്കേട് ഒഴിവാക്കാനാണെങ്കിലും മല്‍ബുവിന് അത് അത്ര പിടിച്ചിട്ടില്ല.
ഇവര്‍ ഇത് ഇങ്ങനെയൊക്കെ തന്നെയാണ്. നിനക്കാ ലഗേജ് എടുത്ത് ട്രോളിയില്‍ വെച്ച് തള്ളിയിങ്ങ് വന്നാല്‍ പോരായിരുന്നോ എന്നു മല്‍ബു പറഞ്ഞപ്പോള്‍. പിന്നെ, നിങ്ങളെ മക്കളെ തന്നെ എനിക്ക് കൂട്ടിപ്പിടിക്കാന്‍ കഴിഞ്ഞില്ല. എന്നിട്ടുവേണ്ടേ പെട്ടികള്‍ എന്നായിരുന്നു മല്‍ബിയുടെ പ്രതികരണം.
ബംഗാളി വിടുന്ന മട്ടില്ല. ഫാമിലി ആദ്യമായി വന്നതല്ലേ. പേശി നില്‍ക്കാതെ അമ്പത് റിയാല്‍ നല്‍കി പോ മാഷേ എന്നു അയാള്‍ വീണ്ടും വെച്ചുകാച്ചി.
പത്ത് റിയാല്‍ പോലും കൊടുക്കാന്‍ പാടില്ലാത്തത്രയും ബംഗാളി കളിയാക്കി കഴിഞ്ഞുവെന്ന് മനസ്സിലാക്കിയ മല്‍ബുവിന്റെ അഭിമാനബോധമുയരുകയും എന്തുവന്നാലും പത്തില്‍ കൂടുതല്‍ വരില്ലെന്ന പിടിവാശിയിലെത്തുകയും ചെയ്തു.
എന്തേലും ചെയ്യൂ എന്ന നിലപാടിലേക്ക് മല്‍ബി മാറിയെങ്കിലും സമയം പോകുന്നു പിശുക്കാ എന്നു വിളിച്ചുകൊണ്ട് ബംഗാളി ശല്യം തുടര്‍ന്നു.
മല്‍ബു അപ്പോഴും ആലോചിക്കുകയായിരുന്നു. താന്‍ കാശ് കൊടുത്താണ് ഫാമിലി വിസ വാങ്ങിയതെന്നും ആദ്യമായാണ് ഫാമിലി വരുന്നതെന്നുമൊക്കെ എങ്ങനെ ഇയാള്‍ അറിഞ്ഞു. മല്‍ബി പറയാന്‍ സാധ്യതയില്ല. കാരണം ബംഗാളി പോയിട്ട് ഹിന്ദി പോലും അറിയില്ല.
പുതുതായി വാടക ഉറപ്പിച്ച ഫ്‌ളാറ്റില്‍ കഴിഞ്ഞ ദിവസം പെയിന്റടിക്കാനെത്തിയ ബംഗാളിയും മല്‍ബുവിനെ ഇതുപോലെ ഞെട്ടിച്ചിരുന്നു. ഫ്‌ളാറ്റിലെ ഫര്‍ണിച്ചറും പാത്രങ്ങളും കണ്ട ബംഗാളി മൂക്കത്തു വിരല്‍ വെച്ചു.
ഇത്രയും സാധനങ്ങളോ?
എനിക്കുള്ളത് ഇതു പോലെ ഒരു ജോടി വസ്ത്രവും പിന്നെ ഒരു പ്‌ളേറ്റും ഗ്ലാസും. ധരിച്ച വസ്ത്രത്തില്‍ പിടിച്ചുകൊണ്ട് അയാള്‍ പറഞ്ഞു.
നമ്മള്‍ എപ്പോഴും മടങ്ങിപ്പോകേണ്ടവരല്ലേ? പിന്നെ എന്തിനാ സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നത്.
പതിനാറായിരം റിയാല്‍ കൊടുത്താണ് ഫാമിലി വിസ ശരിയാക്കിയതെന്നു കൂടി പറഞ്ഞപ്പോള്‍ അയാളുടെ കണ്ണു തള്ളിപ്പോയി.
ആ ബംഗാളിയാണോ ഇപ്പോള്‍ ട്രോളി തള്ളി മുന്നില്‍ നില്‍ക്കുന്നതെന്ന് മല്‍ബു ഒന്നു കൂടി തറപ്പിച്ചു നോക്കി.
ഏയ് അല്ല.
ഞാന്‍ വിസക്ക് പതിനാറായിരം കൊടുത്തു എന്നു തന്നോട് ആരു പറഞ്ഞു.
ആരു പറയാന്‍. മല്‍ബു അല്ലേ അതൊക്കെ ചെയ്യൂ- ബംഗാളി കൂളായിപ്പറഞ്ഞു.
ഇതൊക്കെ കണ്ടുനിന്ന ഹൈദ്രോസ് മല്‍ബു ഇടപെട്ടതോടെയാണ് കഥാനായകനെ മോചിപ്പിക്കാന്‍ ബംഗാളി പോകാന്‍ തയാറായത്.
കൂട്ടുകാരനെ യാത്രയാക്കാന്‍ എത്തിയ ഹൈദ്രോസ് ട്രോളി ഒഴിവായിക്കിട്ടാനാണ് മല്‍ബു ഫാമിലിയുടെ അടുത്തു കൂടിയത്. നേരത്തെ എയര്‍പോര്‍ട്ടില്‍ ഇഷ്ടം പോലെ കിട്ടിയിരുന്ന ട്രോളി ഇപ്പോള്‍ ഏജന്‍സിയുടെ കസ്റ്റഡിയിലായതിനാല്‍ ഒരെണ്ണം കിട്ടാന്‍ പരതി നടക്കണം.
സൂപ്പര്‍വൈസറെ വിളിക്കൂ. അമ്പത് റിയാല്‍ തരാം എന്നു ബംഗാളിയോട് പറഞ്ഞുകൊണ്ടായിരുന്നു ഹൈദ്രോസിന്റെ ഇടപെടല്‍.
അതു കേട്ടപ്പോള്‍ ഒരു ഇരുപതെങ്കിലും താ എന്നു പറഞ്ഞുകൊണ്ട് അതും വാങ്ങി ബംഗാളി മടങ്ങി.
സാധനങ്ങള്‍ വണ്ടിയില്‍ കയറ്റി ട്രോളി കാലിയായപ്പോഴേക്കും ഹൈദ്രോസിന്റെ കൂട്ടുകാരന്‍ വേറെ ഒരു ട്രോളി സംഘടിപ്പിച്ചിരുന്നു. ഏതായാലും കിട്ടിയ ട്രോളി ആര്‍ക്കെങ്കിലും നല്‍കാമെന്ന് വെച്ച് അതും തള്ളിപ്പോയ ഹൈദ്രോസിനെ വേണ്ട വേണ്ടെ എന്നു പറഞ്ഞ് ആട്ടിപ്പായിച്ചു കളഞ്ഞു യാത്രക്കാരന്‍.
മല്‍ബു പോര്‍ട്ടര്‍ എന്നു കൂട്ടുകാരന്‍ വിളിച്ചപ്പോഴാണ് താനും ഒരു പോര്‍ട്ടറായെന്ന തിരിച്ചറിവിലേക്ക് ഹൈദ്രോസ് മടങ്ങിയത്.

March 16, 2013

നേതാവിന്റെ തിരോധാനം



രണ്ടു മണിക്കൂറായി കാത്തുനില്‍ക്കുന്നു. വിമാനത്തില്‍ ബോര്‍ഡിംഗ് തുടങ്ങേണ്ട സമയമായി. ഹൈദ്രോസ് ഇനിയും എയര്‍പോര്‍ട്ടില്‍ എത്തിയിട്ടില്ല. ഫോണ്‍ ഓഫ് ചെയ്തിരിക്കുന്നു. പലരേയും വിളിച്ചു നോക്കി. ആര്‍ക്കും ഒരു പിടിത്തവുമില്ല. പുലര്‍ച്ചെയുള്ള സൗദിയക്കാണ് യാത്രയെന്നു മാത്രമേ എല്ലാവര്‍ക്കും അറിയൂ. ഒന്നു രണ്ടു പരിപാടികളില്‍ പങ്കെടുക്കേണ്ടതുകൊണ്ട് നേരത്തെ തന്നെ റൂമീന്ന് ഇറങ്ങുമെന്നും പ്രോഗ്രാമുകളൊക്കെ കഴിഞ്ഞ് നേരെ എയര്‍പോര്‍ട്ടിലെത്തുമെന്നുമാണ് എല്ലാവരോടും പറഞ്ഞിരുന്നത്. സൗദിയക്കായതു കൊണ്ട് ലഗേജ് അയച്ച് ബോര്‍ഡിംഗ് പാസൊക്കെ എടുത്ത് വിമാനം പുറപ്പെടാന്‍ നേരം എത്തിയാല്‍ മതിയല്ലോ എന്നു ചോദിച്ചവരോട് അതെ എന്നും പറഞ്ഞു.
കാര്യമായി ഉണ്ടായിരുന്ന ഒരു പ്രോഗ്രാം ഗാനമേള ആയിരുന്നു. അവിടെ പങ്കെടുത്തിരുന്നവരോട് വിളിച്ചു ചോദിച്ചു. അവിടെയും ഹൈദ്രോസിനെ കണ്ടവരായി ആരുമില്ല. പാട്ടെന്നുവെച്ചാല്‍ ഹൈദ്രോസിനു ജീവനാണ്. നാട്ടില്‍നിന്ന് പാട്ടുകാരെത്തിയാല്‍ തിരിച്ചുപോകുന്നതുവരെ ഹൈദ്രോസിനും വിശ്രമമുണ്ടാകില്ല. ഗാനമേള അടിപിടിയില്‍ കലാശിച്ചതുകൊണ്ട് എന്തായാലും ഹൈദ്രോസിനെ കാണേണ്ടതായിരുന്നുവെന്ന് ചിലര്‍ പറഞ്ഞു. അടിനടക്കുന്നിടത്തും ഹൈദ്രോസിനെ പോലുള്ള നേതാക്കള്‍ക്ക് റോളുണ്ട്.
റോഡിലെ തിരക്കില്‍ കുടുങ്ങിയാല്‍ പോലും ഇത്രയേറെ വൈകാനിടയില്ല. യാത്ര പോകുന്ന ദിവസം പരിപാടികള്‍ ഒഴിവാക്കിക്കൂടെ എന്നു ചോദിച്ചവരുണ്ട്. നേതാവായാല്‍ രാത്രിയെന്നോ പകലെന്നോ ഇല്ല. എല്ലായിടത്തും മുഖം കാണിച്ചേ പറ്റൂ. അതാണ് ഹൈദ്രോസ് നേതാവിന്റെ ഗുണം. ഏതു പാതിരാവിലായാലും എവിടേയും എത്തും. ചിലരൊക്കെ പാരവെക്കാന്‍ ശ്രമിച്ചിട്ടും അതിജീവിക്കാനായത് അണികളുടെ മനസ്സിലെ സ്ഥാനമാണ്. മറ്റു നേതാക്കളൊക്കെ വെളുക്കെ ചിരിച്ച് അഭിനയിക്കുമ്പോള്‍ ആത്മാര്‍ഥതയാണ് ഹൈദ്രോസിന്റെ കൈമുതല്‍.
അങ്ങനെയുളള ഹൈദ്രോസിനെ കാണാനില്ലെന്ന വാര്‍ത്ത അധികനേരം പിടിച്ചുവെക്കാന്‍ എയര്‍പോര്‍ട്ടില്‍ യാത്ര അയക്കാന്‍ എത്തിയവര്‍ക്കായില്ല. വിമാനം പുറപ്പെടാന്‍ അരമണിക്കൂര്‍ മാത്രമേയുള്ളൂ. കൗണ്ടറില്‍ പോയി ബോര്‍ഡിംഗ് എടുത്തിട്ടില്ലെന്ന് ഒന്നുകൂടി ഉറപ്പുവരുത്തി.  ഇനി എത്തിയാലും പോകാന്‍ കഴിഞ്ഞു കൊള്ളണമെന്നില്ല. ഹൈദ്രോസിന്റെ മൂന്ന് ഫോണും സ്വിച്ചിഡ് ഓഫ് ആയിരുന്നു. ആളുകളൊക്കെ മാറിമാറി ട്രൈ ചെയ്തിട്ടും ഒന്നില്‍ പോലും ഹൈദ്രോസിന്റെ ഇഷ്ടഗാനം ഒഴുകിയില്ല.  നേരം പുലരുന്നതിനുമുമ്പുതന്നെ വാര്‍ത്ത പരന്നു.
കൂട്ടത്തിലൊരു മല്‍ബു അഭിപ്രായപ്പെട്ടു. നാട്ടിലൊന്നു വിളിച്ചു നോക്കിയാലോ? ചിലപ്പോള്‍ അവിടെ വല്ല വിവരവും ലഭിച്ചുകാണും.
നാട്ടിലും വീട്ടിലും വിളിച്ചറിയിച്ച് കുളമാക്കേണ്ടെന്ന അഭിപ്രായക്കാരുമുണ്ടായി. സമയം പിന്നിടുംതോറും ആധി വര്‍ധിച്ചു. പ്രിയ നേതാവിന്റെ തിരോധാനം അണികളെ ഈറനണിയിച്ചു തുടങ്ങി. നേതാവ് ഏതു വണ്ടിയിലാണ് എയര്‍പോര്‍ട്ടിലേക്ക് പോയതെന്നും കണ്ടെത്താനായില്ല. നേതാവിനു രണ്ടാം പാസ്‌പോര്‍ട്ടായിരിക്കുമെന്നും ആ പേരില്‍ വിമാനത്തില്‍ കയറിക്കാണുമെന്നും മറ്റൊരു മല്‍ബുവിനു ബുദ്ധിയുദിച്ചു. ലഗേജില്‍ നേതാവിന്റെ പേരുതന്നെയാണ് ഒട്ടിച്ചിരുന്നതെന്ന് അതിന്റെ പ്രിന്റ് എടുത്തു നല്‍കിയ വേറെ ഒരു മല്‍ബു പറഞ്ഞതോടെ ആ സംശയവും നീങ്ങി. ഫഌറ്റില്‍നിന്ന് എയര്‍പോര്‍ട്ടിലേക്കുള്ള വഴിയില്‍ കാറുകള്‍ ചീറിപ്പാഞ്ഞു. ബുദ്ധിമാന്മാരായ ചിലര്‍ ആശുപത്രികളിലെ സോഴ്‌സുകള്‍ ഉപയോഗപ്പെടുത്തി ആക്‌സിഡന്റ് കേസുകള്‍ അന്വേഷിച്ചു. എയര്‍പോര്‍ട്ട് റോഡില്‍ അപകടമുണ്ടായിരുന്നുവെന്ന വിവരം ആധി കൂട്ടിയെങ്കിലും മറ്റേതോ രാജ്യക്കാരാണെന്ന വിവരം ആശ്വാസം നല്‍കി. അന്വേഷണം പുരോഗമിച്ചതല്ലാതെ, ഒരു തുമ്പും കിട്ടിയില്ല.
മണിക്കൂറുകള്‍ കഴിഞ്ഞു. നാട്ടില്‍ വിളിച്ചു ചോദിക്കാത്തതിനെ ചൊല്ലി രണ്ട് മല്‍ബുകള്‍ തമ്മില്‍ വാക്കുതര്‍ക്കമായി. വീട്ടുകാരില്‍നിന്ന് മറച്ചുവെച്ചാലും കറച്ചുകൂടി കഴിയുമ്പോള്‍ ന്യൂസ് ഫഌഷ് ആകുമെന്നായിരുന്നു ഒരാളുടെ വാദം. ആ വാദക്കാരന്‍ ജയിച്ചതിനെ തുടര്‍ന്ന് വീട്ടിലെ നമ്പറില്‍ വിളിച്ചു. തന്ത്രപരമായി ചോദിക്കണം എന്നതുകൊണ്ട് എപ്പോഴാണ് ഹൈദ്രോസ് എത്തുന്നത് എന്നായിരുന്നു ചോദ്യം.
ദേ ഹൈദ്രോസ് കരിപ്പൂരിലിറങ്ങി ഇങ്ങോട്ട് പുറപ്പെട്ടു എന്നായിരുന്നു മറുപടി.
ആശ്വാസമായെങ്കിലും നെടുവീര്‍പ്പുകളോടൊപ്പം പിറുപിറപ്പായിരുന്നു ഫലം. മല്‍ബുകളുടെ പിറു പിറുപ്പുകള്‍ പലതരത്തിലുള്ള പാട്ടുകളായി. അവസാനം ചെറുപ്പക്കാരനായ ഒരു മല്‍ബു പറഞ്ഞു.
കള്ളന്‍ നേതാവ് എല്ലാവരോടും ബഹിഷ്‌കരിക്കാന്‍ പറഞ്ഞിട്ട് ഒടുവില്‍ എയര്‍ ഇന്ത്യയില്‍ തന്നെ കയറിപ്പോയി. ഫ്രീ ടിക്കറ്റ് കിട്ടിക്കാണും.
ഋലോകത്തെ അറുപത് വിമാനങ്ങളുടെ പട്ടികയില്‍ പിറകില്‍നിന്ന് രണ്ടാം സ്ഥാനം ലഭിച്ച എയര്‍ ഇന്ത്യ ബഹിഷ്‌കരിക്കുന്നതിന് നൂറു ന്യായങ്ങള്‍ നിരത്തിയ നേതാവിന്റെ ശബ്ദം അപ്പോഴും അന്തരീക്ഷത്തില്‍ അലയടിക്കുന്നുണ്ടായിരുന്നു.

February 4, 2013

ടോര്‍ച്ചില്ലാത്ത ബാച്ചി




കടയിലെ ജോലി കഴിഞ്ഞപാടെ മുറിയിലേക്ക് തിരിച്ചതായിരുന്നു മല്‍ബു. അലക്കാനും തേക്കാനുമുണ്ട്. അതുകൊണ്ട് നടത്തം ഇത്തിരി വേഗത്തിലാക്കി. സമയം അര്‍ധരാത്രി കഴിഞ്ഞിട്ടുണ്ട്. ഇനിയിപ്പോ അലക്കും തേക്കലും കുളിയുമൊക്കെ കഴിയുമ്പോഴേക്കും നേരം വെളുത്തതു തന്നെ. ഓരോന്നാലോചിച്ച് ഫഌറ്റ് എത്തിയതറിഞ്ഞില്ല. പതിവിനു വിപരീതമായി അകത്തു വെളിച്ചം കണ്ട് മല്‍ബു ഒന്നുഞെട്ടി.
ആരെങ്കിലും നാട്ടില്‍ പോകുന്നുണ്ടോ? ഓര്‍ത്തു നോക്കി. ഇല്ല, പോകുന്ന കാര്യം ആരും പറഞ്ഞതായി ഓര്‍ക്കുന്നില്ല.
രാത്രിയും പകലും പല സമയങ്ങളില്‍ ജോലി കഴിഞ്ഞെത്തുന്നവര്‍ താമസിക്കുന്ന ഫഌറ്റാണ്. രാത്രി ഒരിക്കലും വെളിച്ചമുണ്ടാകാറില്ല.  നേരത്തെ വന്നു കിടന്നുറങ്ങി പുലരുംമുമ്പേ പോകേണ്ടവര്‍ക്ക് അസമയത്തുള്ള വെളിച്ചം ശല്യമാകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കുന്നു. വിപരീതമായി സംഭവിക്കാറുള്ളത് ആരെങ്കിലും നാട്ടില്‍ പോകുമ്പോഴാണ്. അന്ന് വെളിച്ചമുണ്ടാകും. അഞ്ചും ആറും മാസത്തിനുശേഷം അന്തേവാസികള്‍ മനസ്സറിഞ്ഞ് കാണുന്നതും അന്നായിരിക്കും. എല്ലാവരും  ബക്കാല പണിക്കാരായതിനാല്‍ വാരാന്ത്യം പോലും ആഘോഷിക്കാനില്ലാത്തവരാണ്.
മെയിന്‍ ഡോര്‍ തുറന്ന് അകത്തു കയറിയപ്പോള്‍ ഹാളില്‍ രണ്ടു പേര്‍ മാത്രമേയുള്ളൂ.
അല്ല, ഇതാരാ എന്നോട് പറയാതെ നാട്ടില്‍ പോകുന്നത്?
രണ്ടു പേരും മിണ്ടുന്നില്ല. ഡൈനിംഗ് ടേബിളിന്റെ രണ്ടറ്റത്തായി ഇരിക്കുകയാണ്. ഒരാള്‍ പുതിയതാണ്. വന്നിട്ട് രണ്ടു മാസമേ ആയിട്ടുള്ളൂ. രണ്ടു പേരും ഒരേ ബക്കാലയില്‍ പണിയെടുക്കുന്നവര്‍.
മിണ്ടാട്ടമില്ലാത്തതു കണ്ടപ്പോള്‍ മല്‍ബു സംശയിച്ചു.
രണ്ടു പേരും അടിച്ചു പിരിഞ്ഞോ ആവോ?  ഒരുമിച്ചു താമസിക്കുന്നവരും ഒരുമിച്ചു ജോലി ചെയ്യുന്നവരുമൊക്കെ ആണെങ്കിലും അടിച്ചുപിരിയാനും അധികം താമസമൊന്നും വേണ്ട.
കഴിഞ്ഞയാഴ്ചയാണ് നാണിയും മാനുവും തല്ലിപ്പിരിഞ്ഞത്. മാനു നാട്ടീന്നു വരുമ്പോള്‍ പോത്തിറിച്ചി കൊണ്ടുവരാത്തതിന് നാണി കളിയാക്കി. അതായിരുന്നു കാരണം.
ബാക്കിയുള്ളവര്‍ കൊണ്ടുവരുമ്പോള്‍ വാരിവലിച്ചു തിന്നുമല്ലോ എന്നു നാണി പറഞ്ഞത് അഭിമാനിയായ മാനുവിന് ഒട്ടും സഹിച്ചില്ല. പിന്നീട് ആരൊക്കെ എന്തൊക്കെ പറഞ്ഞിട്ടും ഒരു രക്ഷയുമുണ്ടായിരുന്നില്ല.
മാനു മുറി മാറിപ്പോയി.
എന്താ രണ്ടുപേരും ഇങ്ങനെ തെക്കും വടക്കും നോക്കിയിരിക്കുന്നത്? ഇരിപ്പു കണ്ടാല്‍ എന്തോ കുഴപ്പം മണക്കുന്നുണ്ടല്ലോ?
ഒന്നും പറയണ്ട. ഇവനെക്കൊണ്ടു തോറ്റു. വന്ന അന്നുമുതല്‍ ഇവനോട് പറയുന്നതാ. ഒന്നുകില്‍ നീ ഒരു ടോര്‍ച്ച് വാങ്ങണം. അല്ലെങ്കില്‍ മൊബൈല്‍ ലൈറ്റ് ഉപയോഗിക്കണം. ദേ കണ്ടോ? അഞ്ച് റിയാലിനു വാങ്ങിയ ടോര്‍ച്ചാണ്. അഞ്ച് കൊല്ലമായി ഉപയോഗിക്കുന്നു. ഒരു കുഴപ്പവുമില്ല- ടോര്‍ച്ച് നീട്ടിക്കൊണ്ട് അയമൂട്ടി പറഞ്ഞു.
ഇവന്റെടുത്ത് വില കൂടിയ മൊബൈല്‍ അല്ലേ. ഗാലക്‌സിയോ നോട്ടോ എന്തോ അല്ലേ?  അതില്‍ ടോര്‍ച്ച് ഇന്‍സ്റ്റാള്‍ ചെയ്‌തെന്നും അതുകൊണ്ടിനി ടോര്‍ച്ച് വേണ്ട എന്നുമൊക്കെ പറയുന്നത് കേട്ടിരുന്നല്ലോ?
വലിയ ഫോണ്‍ ഒക്കെ തന്നെ, എല്ലാം ഉണ്ടുതാനും. എന്നാലും ഉപയോഗിച്ചാലല്ലേ ഗുണമുള്ളൂ. ഈ അഞ്ചു റിയാല്‍ ടോര്‍ച്ചിന്റെ ഉപയോഗം പോലും ഉണ്ടായീന്നു വരില്ല-ഇത്തിരി കനപ്പിച്ചാണ് അയമൂട്ടിയുടെ പറച്ചില്‍.
അതിനൊക്കെ ഇവിടെ എന്താ ഉണ്ടായത്. അവന്‍ ഒന്നു ലൈറ്റിട്ടു കാണും. അതൊന്നു ക്ഷമിച്ചൂടെ അയമൂട്ടി നിനക്ക്.
ലൈറ്റിട്ടതൊന്നുമല്ല കാര്യം. അവനോടു തന്നെ ചോദിച്ചു നോക്ക് എന്താ സംഭവിച്ചതെന്ന്.
തല കുമ്പിട്ടിരുന്നതല്ലാതെ പുള്ളിക്കാരന്‍ ഒന്നും മിണ്ടിയില്ല.
എന്താ ഇവനിങ്ങനെ വിഷമിച്ചിരിക്കുന്നത്. നീ അവനെ നന്നായി കുടഞ്ഞൂന്നു തോന്നുന്നല്ലോ? അയമൂട്ടി തന്നെ പറ.  എന്താ ഉണ്ടായത്
പണ്ട് ഫഌറ്റ് മാറിപ്പോയ കുഞ്ഞാലനെ ഓര്‍മയുണ്ടോ?  അയാള്‍ ബ്രഷ് മാറി പല്ല് തേച്ചപ്പോള്‍  എന്തായിരുന്നു പുകില്. കുഞ്ഞാലന്‍ തേച്ചത് വേറെ ആരെങ്കിലും പല്ല് തേക്കുന്ന ബ്രഷ് കൊണ്ടുപോലുമല്ല. കോയാമു കാല് ഉരക്കാന്‍ മാറ്റി വെച്ച ബ്രഷായിരുന്നു അത്.
അതു പോട്ടെ, പഴയ കഥ. ഇവിടെ എന്താണ് സംഭവിച്ചത്. അര്‍ധ രാത്രി നിങ്ങള്‍ രണ്ടുപേരും ഇങ്ങനെ ലൈറ്റും ഇട്ട് കെറുവിച്ചിരിക്കാന്‍.
ഞാന്‍ ഇവന്‍ ജോലി കഴിഞ്ഞു വരുന്നതും കാത്തിരിക്കാരുന്നു. രണ്ട് പറഞ്ഞിട്ടു കിടക്കാന്‍.
ബാക്കി പറഞ്ഞത് മല്‍ബുവിന്റെ കാതിലായിരുന്നു.
പുലര്‍ച്ചെ ഇവന്‍ ജോലിക്കു പോകുമ്പോള്‍ ഇരുട്ടത്ത് തപ്പിത്തടഞ്ഞ് ഇട്ടോണ്ടു പോയത് ഞാന്‍ ഊരിവെച്ച ഉളളുടുപ്പായിരുന്നു.
എന്ത് ബനിയനോ?
അല്ലാന്നേ. ഞാന്‍ പാന്റ്‌സിനോടൊപ്പം അഴിച്ചുവെച്ചതാരുന്നു. അതെങ്ങനെ ഇവനു കിട്ടിയെന്നാ ഇപ്പോഴും മനസ്സിലാകാത്തത്. അതുമാത്രമല്ല, ഞാനിപ്പോ പറയുന്നതുവരെ ഇവന്‍ അക്കാര്യം അറിഞ്ഞിട്ടുപോലുമില്ല.
ഓനും ഓന്റെ ഒരു മൊബൈല്‍ ടോര്‍ച്ചും. അഞ്ച് റിയാലിന്റെ ഈ ടോര്‍ച്ചിന് ഒക്കൂല ഒന്നും. ട്യൂബ് ലൈറ്റിന്റെ വെളിച്ചത്തിലും ചുമരില്‍ അയമൂട്ടിയുടെ ഞെക്കുവിളക്കിന്റെ വെളിച്ചം വട്ടം വരച്ചു.



Related Posts Plugin for WordPress, Blogger...