Pages
About Me
പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..
January 1, 2013
പുറംകരാര്‍
ഒരു മോനേയുളളൂ സാര്‍. ഒരു ഡോക്ടറാക്കാനാ മോഹം.
അപ്പോള്‍ മോളില്ലേ?
കണക്കു മാഷിന്റെ നിര്‍ബന്ധം കാരണം മോനേയും കൊണ്ട് ഉപദേശിയെ കാണാനെത്തിയതായിരുന്നു മല്‍ബു.
ഇല്ല സാര്‍, ആകെ ഇവന്‍ മാത്രം. ആണായിട്ടും പെണ്ണായിട്ടും എല്ലാം.
ആരാ ഇങ്ങോട്ടു പറഞ്ഞുവിട്ടത്?
സ്‌കൂളിലെ കണക്കു മാഷാണെന്ന് പറഞ്ഞപ്പോള്‍ കൗണ്‍സലര്‍ ഡയറിയെടുത്ത് കുറിച്ചിട്ടുകൊണ്ട് പറഞ്ഞു.
നല്ല മാഷാണ്. കുട്ടികളുടെ പഠിത്തം മാത്രമല്ല. ഓവറോള്‍ നോക്കിക്കോളും.
അഭിപ്രായം പൂര്‍ണമായും ശരിയല്ല സാര്‍. ക്ലാസില്‍ പഠിപ്പിക്കൂലാന്നാ ഇവന്‍ പറയുന്നത്.
അതു നിങ്ങളുടെ തെറ്റിദ്ധാരണയാണ്. നല്ലവണ്ണം പഠിപ്പിക്കാന്‍ അറിയാവുന്ന സാറു തന്നെയാണ്. അദ്ദേഹത്തിന്റെടുത്ത് ട്യൂഷനു ചേരാന്‍ പോയി നോക്കണം. എപ്പോഴും ഫുള്ളാണ്.
ചീനച്ചട്ടിയുണ്ടോ വീട്ടില്‍?
ഇല്ല സാര്‍. നാട്ടിലുണ്ട്. അഞ്ചാറു വര്‍ഷം മുമ്പ് ഒരെണ്ണം ഇങ്ങോട്ടു കൊണ്ടുവരാന്‍ നോക്കിയതായിരുന്നു. പക്ഷേ കസ്റ്റംസില്‍ പിടിച്ചു പോയി.
ചീനച്ചട്ടി കസ്റ്റംസ് പിടിക്കുമോ?
അതുപിന്നെ, അതിന്റെ കൂടെ ഇങ്ങോട്ടു കൊണ്ടുവരാന്‍ പാടില്ലാത്ത ഒരു സാധനം കൂടി ഉണ്ടായിരുന്നു. അതുകൊണ്ട് ആ പെട്ടി അങ്ങനെ തന്നെ എയര്‍പോര്‍ട്ടില്‍ ഉപേക്ഷിച്ചു.
കസ്റ്റംസ് പിടിച്ചാല്‍ പെട്ടി ഉപേക്ഷിച്ച് ഊരിപ്പോരാന്‍ പറ്റുമോ?
ഇല്ല. ഞാന്‍ ആ പെട്ടി എയര്‍പോര്‍ട്ടില്‍നിന്ന് എടുക്കാന്‍ നിന്നില്ല. വേറേം കുറേ അപ്പത്തരങ്ങളും ഫുഡ് ഐറ്റംസും അതിലുണ്ടായിരുന്നു. വെറുതെ പുലിവാല് വേണ്ടാന്ന് വെച്ചു.
പിടിക്കൂന്ന് അറിഞ്ഞിട്ടും പിന്നെ എന്താണ് കൊണ്ടുവന്നത്?
അതുപിന്നെ വിമാനത്തില്‍ കയറിയപ്പോഴാണ് അടുത്തിരുന്നയാള്‍ കസ്‌കസ് ഇങ്ങോട്ടു കൊണ്ടുവരാന്‍ പാടില്ലാന്ന് പറഞ്ഞത്. പിന്നെ പെട്ടി ഉപേക്ഷിക്കുകയല്ലാതെ വേറെ വഴി ഇല്ലായിരുന്നു.
പെട്ടിക്ക് പക്ഷേ, യാത്രക്കാരന്റെ പേരെഴുതിയ ടാഗ് കാണില്ലേ?
അതു പൊട്ടിച്ചു കളഞ്ഞിരുന്നു.
ആഹാ, കൊള്ളാലോ. ഇത്രയും വിളവുണ്ടായിട്ടാണോ ഇവന്‍ ഇങ്ങനെ ആയിപ്പോയത്. ആട്ടേ എന്താ ഇവന്റെ കുഴപ്പം?
അതു പിന്നെ എന്തു ചെയ്യാനാ സാറേ. ആകെയുള്ള ഒരുത്തനല്ലേ എന്നു കരുതി ഒന്നിനും ഒരു കുറവും വരുത്തിയിട്ടില്ല. അതിന്റെ ഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്.
അപ്പോള്‍ ചീനച്ചട്ടി ഇല്ല അല്ലേ?
അതെന്തിനാണ് ചീനച്ചട്ടി. ഇവനെയിട്ടു വറുക്കാനോ?
വീട്ടില്‍ ചീനച്ചട്ടി പോലുമില്ലാതെ പിന്നെ എങ്ങനെ ചീനരുടെ സംസ്‌കാരം വന്നു എന്ന് ആലോചിക്കാരുന്നു ഞാന്‍. ഒറ്റക്കുട്ടി കള്‍ചര്‍ ചീനരുടേതല്ലേ? നിങ്ങളെന്താ പിന്നെ കുട്ടികള്‍ വേണ്ടാന്നുവെച്ചത്?
എല്ലാ ചെലവും ചുരുക്കിയിട്ടും കിട്ടുന്ന വരുമാനം തികയുന്നില്ല. അപ്പോള്‍ പിന്നെ കുട്ടികളുടെ ചെലവ് ചുരുക്കി. രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്‍പിച്ചതും പാല്‍ എന്ന പോലായി പിന്നീട് കാര്യങ്ങള്‍.
ആട്ടെ, ഇവന്റെ പ്രോബ്ലം പറഞ്ഞില്ല.
കണക്ക് സാര്‍ പഠിപ്പിക്കുന്നില്ലാന്ന് ഇവന്‍ കംപ്ലയിന്റ് ചെയ്തു. പഠിപ്പിച്ചില്ലെങ്കില്‍തന്നെ ഇവന്‍ പരാതി നല്‍കാമോ എന്നു മാഷ്. അങ്ങനെയാണ് നിങ്ങളുടെ അടുത്ത് കൊണ്ടു വന്ന് ഇവനെയൊന്ന് ശരിയാക്കിയെടുക്കാന്‍ കണക്കുമാഷ് തന്നെ നിര്‍ദേശിച്ചത്.
ശരിയാണ്. ക്ലാസില്‍ ശ്രദ്ധിക്കാതിരുന്നാല്‍ മാഷ് പഠിപ്പിക്കുന്നില്ലാന്ന് തോന്നും. ശരിക്കും ക്ലാസില്‍ ശ്രദ്ധിച്ചുതുടങ്ങിയാല്‍ ഇവന്‍ തന്നെ മാഷ്‌ക്ക് നല്ല സര്‍ട്ടിഫിക്കറ്റ് നല്‍കും. പിന്നെ കുട്ടികള്‍ നന്നാവാന്‍ സ്‌കൂളും മാഷമ്മാരും മാത്രം വിചാരിച്ചാല്‍ പോരാ. വീട്ടില്‍ പാരന്റ്‌സും ശ്രദ്ധിക്കണം. കാര്യമറിയാതെ മാഷന്മാരെ കുറ്റം പറയുക എളുപ്പമാണ്.
സര്‍, അതുപിന്നെ ഞങ്ങള്‍ പാരന്റ്‌സ് ജോലിക്കു പോയി കിട്ടുന്ന ശമ്പളത്തില്‍നിന്നാണല്ലോ സ്‌കൂളിലെ മാഷന്മാര്‍ക്ക് ശമ്പളം കൊടുക്കുന്നത്. പാരന്റസ് കുട്ടികളെയും നോക്കി വീട്ടിലിരുന്നാല്‍ മാഷന്മാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പറ്റ്വോ?
നല്ല ഒന്നാന്തരം ചോദ്യം തന്നെ. റിയാലിറ്റി ഷോയിലാണെങ്കില്‍ ഫുള്‍ മാര്‍ക്ക് കിട്ടും.
കുട്ടികളെ എങ്ങനെ ശാസിച്ചു വളര്‍ത്തും സാര്‍ ഇക്കാലത്ത്. പാന്റ്‌സില്‍ മൂത്രമൊഴിച്ചതിന് മകനെ ശകാരിച്ച മാതാപിതാക്കള്‍ ഇപ്പോള്‍ ജയിലിലാണ്. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍ മക്കളെ പോറ്റുന്ന ചുമതലയും ഏതെങ്കിലും പുറംകരാര്‍ കമ്പനിയെ ഏല്‍പിക്കേണ്ടിവരും.
ബെസ്റ്റ് ഐഡിയ. പാസ്‌പോര്‍ട്ട് നല്‍കാന്‍ പുറംകരാര്‍. കുട്ടികളെ ബസില്‍ സ്‌കൂളിലെത്തിക്കാന്‍ സ്‌കൂളിനു പുറംകരാര്‍. സര്‍വത്ര പുറം കരാറാകുമ്പോള്‍ മക്കളെ വളര്‍ത്തി വലുതാക്കി നല്‍കാനും പുറംകരാര്‍ കമ്പനികളാകാം. ഇപ്പോഴുള്ള ഡേ കെയര്‍ സെന്റര്‍ കുറച്ചുകൂടി വികസിപ്പിച്ചാല്‍ മതിയല്ലോ? മാതാപിതാക്കള്‍ ജോലിക്കു പോയി ശമ്പളം പുറംകരാര്‍ കമ്പനിയെ ഏല്‍പിച്ചാല്‍ മതി. ഏതെങ്കിലും മല്‍ബു തുടങ്ങാതിരിക്കില്ല ഒരു പോറ്റുകേന്ദ്രം.
December 20, 2012
പൊടിക്കാറ്റും ബി.കോമും
അതിരാവിലെ മല്‍ബു കട തുറക്കുമ്പോള്‍ ദേ റോഡില്‍ ഒരാള്‍ തെക്കുവടക്കു നടക്കുന്നു. പരിചയമുള്ള കക്ഷിയാണ്. രണ്ടു മൂന്ന് ബില്‍ഡിംഗ് അപ്പുറത്ത് താമസിക്കുന്ന ഫുട്‌ബോള്‍ കളിക്കാരന്‍. എവിടെ കളിയുണ്ടോ അവിടെ ഇയാളെ കാണും. എന്നാലും ഇത്ര പുലര്‍ച്ചെ ഒരിക്കലും ഇങ്ങനെ പുറത്തിറങ്ങാറില്ല. വലിയ ജോലി കിട്ടാന്‍ പോകുന്നു എന്നൊക്കെ ആരോ പറഞ്ഞു കേട്ടിരുന്നു. പത്താം ക്ലാസും ഗുസ്തിയുമായാണ് നാട്ടില്‍നിന്ന് വന്നതെങ്കിലും സ്വന്തമായി പഠിച്ച് ബിരുദം നേടി. ഇപ്പോള്‍ ഇതാ അതിനനുസരിച്ചുള്ള ജോലിയിലേക്ക് മാറാന്‍ ഒരുങ്ങുന്നു.
ആര്‍ക്കെങ്കിലും പുതിയ ജോലിയോ ശമ്പളക്കയറ്റമോ ഉണ്ടായീന്നു കേട്ടാല്‍ മല്‍ബുവിന് ചെറിയൊരു അസ്വസ്ഥത തോന്നാറുണ്ട്. അസൂയ എന്നൊന്നും അതിനെ പറയാന്‍ പറ്റില്ല. എന്നാലും മനസ്സിലൊരു ചൊറിച്ചില്‍. പക്ഷേ അടുത്ത നിമിഷം മല്‍ബു തിരുത്തും.
എന്തു ജോലിയായിട്ടെന്താ. ബിസിനസിന് ഒക്കൂല. സ്വന്തം പരിപാടിയാകുമ്പോള്‍ ആരുടെ മുഖവും കാണേണ്ട. ഓഫീസ് ജോലിയൊക്കെ ആകുമ്പോള്‍ ആരുടെയൊക്കെ ആട്ടും തുപ്പും സഹിക്കണം. ചത്തു പണിയെടുത്താലും രണ്ടു നല്ല വാക്കു പോലുമുണ്ടാകില്ല.
കൈ ഉയര്‍ത്തി അഭിവാദ്യം ചെയ്ത ശേഷം അയാള്‍ തിരിഞ്ഞു നടക്കുകയാണ്. റോഡിന്റെ രണ്ട് സൈഡിലേക്ക് നീങ്ങിയും എന്തോ തിരയുന്നതുപോലെയുമാണ് നടത്തം.
ഇങ്ങനെയാണോ വ്യായാമം. ഒന്നൂടി ഉഷാറായി നടക്കണം. തടി അറിയട്ടെ.
കടയില്‍നിന്ന് മല്‍ബു വിളിച്ചു പറഞ്ഞപ്പോള്‍ അയാള്‍ അടുത്തേക്കു വന്നു.
ഇതെന്താ ഇങ്ങനെ അനങ്ങിയുള്ള നടത്തം. ഇതിനെക്കാളും നല്ലത് നിങ്ങള്‍ക്ക് ഹൈപ്പറില്‍ നടക്കാന്‍ പോകുന്നതാ. അവിടെയാകുമ്പോള്‍ എ.സിയുടെ തണുപ്പില്‍ ഇങ്ങനെ ഉലത്തിയാല്‍ മതിയല്ലോ? നടത്തത്തിനായി ഹൈപ്പറില്‍ പോകുന്ന എത്രയോ പേരുണ്ട്.
നടക്കുകയൊന്നുമല്ല, ഒരു കടലാസ് കളഞ്ഞു പോയി. അത് തെരയുകയായിരുന്നു. കുറേ നേരായി നോക്കുന്നു.
റോഡില്‍ കളഞ്ഞു പോയാതണെങ്കില്‍ ഇന്നലെ രാത്രി വീശിയടിച്ച പൊടിക്കാറ്റു കൊണ്ടുപോയിക്കാണും. നോക്കിക്കേ എന്തൊരു നീറ്റാണ് റോഡ്. പൊടിയും കച്ചറയും ഒന്നുമില്ല.
എന്തു കടലസാണ് പോയത്. അത്യാവശ്യമുള്ളതാണോ? -മല്‍ബു ചോദിച്ചു
അത്യാവശ്യമുള്ളതു തന്നെയാണ്. എന്റെ ബി.കോം സര്‍ട്ടിഫിക്കറ്റാരുന്നു.
അതെങ്ങനെ ബി.കോം സര്‍ട്ടിഫിക്കറ്റ് റോഡില്‍ പോയി. വേറെ എന്തേലും പോയോ?
ഇല്ല. സര്‍ട്ടിഫിക്കറ്റ് മാത്രാണ് കളഞ്ഞുപോയത്.
പുതിയ ജോലിക്ക് കയറുമ്പോള്‍ കൊടുക്കാനുള്ളതാണ്.
അതുകേട്ടപ്പോള്‍ മല്‍ബുവിന് വിഷമമായി.
ഇന്നലെ രാത്രി കൂടി ഇയാളുടെ ഭാഗ്യത്തെ കുറിച്ചും പുതിയ ജോലിയെ കുറിച്ചും ശമ്പളത്തെക്കുറിച്ചുമൊക്കെ പറയുന്നതു കേട്ടിരുന്നു. ഫാമിലി സ്റ്റാറ്റസ് മാത്രമല്ല. മക്കളെ പഠിപ്പിക്കാനായി വേറേം തുക കിട്ടുമെന്ന കാര്യം പോലും പാട്ടായിരുന്നു.
സര്‍ട്ടിഫിക്കറ്റൊക്കെ സൂക്ഷിച്ചു വെക്കേണ്ടേ. ഇനിയിപ്പോ തെരഞ്ഞിട്ടൊന്നും വലിയ കാര്യമില്ല. അമ്മാതിരി കാറ്റായിരുന്നു ഇന്നലെ. മനുഷ്യന്മാരെ പോലും ഈ കാറ്റു കൊണ്ടു പോകുമെന്നാ തോന്നിയത്. പുതിയ ജോലിക്ക് കയറുമ്പോള്‍ സര്‍ട്ടിഫിക്കറ്റ് വേണം അല്ലേ.
ജോലി ഉറപ്പായിട്ടൊന്നുമില്ല. നാളെയാണ് ഇന്റര്‍വ്യൂ. കിട്ടാന്‍ തന്നെയാണ് 90 ശതമാനം ചാന്‍സും. നാളെ പോകുമ്പോള്‍ കൊണ്ടു പോകാനുള്ള സര്‍ട്ടിഫിക്കറ്റാണ് കളഞ്ഞു പോയത്-അയാളുടെ മുഖത്ത് ഇത്തിരി വിഷാദഭാവം.
കാര്യമാക്കണ്ട. ഒരു സര്‍ട്ടിഫിക്കറ്റാണോ ഇപ്പോള്‍ വലിയ കാര്യം. ഇവിടെ മല്‍ബുകള്‍ ഒപ്പിച്ചു തരാത്ത എന്തെങ്കിലും സര്‍ട്ടിഫിക്കറ്റുണ്ടോ?
ഞാനൊരു നമ്പര്‍ തരാം. ഇപ്പോ തന്നെ വിളിച്ചു പറഞ്ഞാല്‍ വൈകുന്നേരം സര്‍ട്ടിഫിക്കറ്റ് കിട്ടും. കോപ്പിയുണ്ടല്ലോ കൈയില്‍. അതും കൊണ്ടു ചെന്നാ മതി.
ഇതാണ് വി.സിയുടെ നമ്പര്‍.
ഓ. ഇത് എന്റെ പക്കലുണ്ട്-അയാള്‍ പറഞ്ഞു.
ഏതു സര്‍ട്ടിഫിക്കറ്റിന്റെയും ഒറിജിനലിനെ വെല്ലുന്ന വ്യാജനെ നിര്‍മിച്ചു നല്‍കുന്ന ടിയാന്
മല്‍ബുകള്‍ അറിഞ്ഞിട്ട പേരാണ് വി.സി അഥവാ വൈസ് ചാന്‍സലര്‍. ഏത് കുഴഞ്ഞുമറിഞ്ഞ ഒപ്പും അതേപടി പകര്‍ത്താന്‍ കഴിയുന്നു എന്നത് വി.സിയുടെ സവിശേഷത.
വി.സിയെ വിളിക്കുകയല്ലേ എന്നു ചോദിച്ചിട്ടും ഫുട്‌ബോള്‍ കളിക്കാരന്റെ മുഖം തെളിഞ്ഞില്ല. ഗോള്‍ മുഖത്തെത്തിയപ്പോള്‍ എതിരാളിയുടെ ചവിട്ടേറ്റതു പോലെ.
എന്താ ഇന്റര്‍വ്യൂവിന് പോകുമ്പോള്‍ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി കൊണ്ടുപോയാല്‍ മതിയോ-മല്‍ബു ചോദിച്ചു.
അതു പോരാ. ഒറിജിനല്‍ തന്നെ വേണം. പിന്നെ നിങ്ങള്‍ ആരോടും പറയരുത്. വി.സി. ഉണ്ടാക്കിയ സര്‍ട്ടിഫിക്കറ്റ് തന്നെയാ ഇപ്പോള്‍ കളഞ്ഞു പോയത്. ഞാനത് ടെറസിനു മുകളില്‍ വെയിലു കൊള്ളാന്‍ വെച്ചതായിരുന്നു. കുറച്ചു പഴക്കം തോന്നിക്കുന്നത് നല്ലതാണെന്ന് വി.സി തന്നെയാണ് പറഞ്ഞത്. മൂന്ന് ദിവസായി വെച്ചിട്ട്. ഇന്നലെ എടുക്കാമെന്നു വിചാരിച്ചു വന്നതാ. അപ്പോഴേക്കും ടെറസും പൂട്ടി ആ ഹാരിസ് എവിടെയോ സര്‍ക്കീട്ട് പോയിരുന്നു. രാത്രി ഇങ്ങനെ പൊടിക്കാറ്റ് വീശൂന്ന് ആരു കണ്ടു.
ഇതും പറഞ്ഞ് ഗോളടിക്കാനുള്ള അവസരം പാഴാക്കിയ കളിക്കാരനെ പോലെ അയാള്‍ തിരിഞ്ഞു നടന്നപ്പോള്‍ മല്‍ബു മനസ്സില്‍ പറഞ്ഞു.
സ്വന്തം പ്രയത്‌നം കൊണ്ടു നേടിയ ബി.കോം പൊടിക്കാറ്റു കൊണ്ടുപോയി. വി.സിക്കു വീണ്ടും പണിയായി.
December 7, 2012
കരയുന്ന റേഡിയോ
അത്തറിന്റെ മണമുള്ള വലിയ കവര്‍ മല്‍ബുവിനെ ഏല്‍പിക്കുമ്പോള്‍ അയാളൊന്നു വിതുമ്പി. നാവെടുക്കാതെ സംസാരിക്കാറുള്ള അയാള്‍ പൊടുന്നനെ നിശ്ശബ്ദനായതു പോലെ. പ്രായം കൊണ്ടല്ലെങ്കിലും രൂപം കൊണ്ട് അയാള്‍ ഇച്ചയായിരുന്നു. റസാഖിച്ച. രൂപം കൊണ്ട് ഒരാളുടെ പ്രായം അളക്കാന്‍ പറ്റാത്തതാണ് പ്രവാസം. റേഡിയോ എന്നാണ് അയാളെ പലരും വിളിച്ചിരുന്നത്.
റസാഖിച്ചയോടൊപ്പം മൂന്ന് പ്രതികളും ഉണ്ടായിരുന്നു. അവര്‍ക്കിടയില്‍ മധ്യസ്ഥന്റെ റോളിലാണ് മല്‍ബു. പ്രതികളെന്നു പറയുമ്പോള്‍ മറ്റാരുമല്ല. മൂവരും ഇച്ചയുടെ അളിയന്മാര്‍. പുതിയാപ്പിള എന്നാണ് ഇച്ച അവരെ വിളിക്കുക. പെങ്ങന്മാരുടെ ഭര്‍ത്താക്കന്മാര്‍. മരിച്ചുപോയാലും അവര്‍ പുതിയാപ്പിളമാര്‍ അല്ലാതാകുന്നില്ല. പുതിയാപ്പിളയുടെ ഖബര്‍ പിന്നെയും അവശേഷിക്കും.
ഇന്നലെ കടയില്‍ തിരക്കൊഴിഞ്ഞ നേരത്താണ് ഇച്ച ഓടിക്കിതച്ചെത്തിയത്. ആളില്ലാത്ത നേരം നോക്കിയേ അല്ലെങ്കിലും അയാള്‍ വരാറുള്ളൂ. ദൂരെ മാറിനിന്ന് കസ്റ്റമേഴ്‌സൊക്കെ ഇറങ്ങിയെന്ന് ഉറപ്പുവരുത്തും. അതിനുശേഷം നിറഞ്ഞ ചിരിയുമായി കടയിലേക്ക് കയറും. ശല്യായില്ലല്ലോ എന്ന മുഖവുരയോടെയായിരിക്കും കുശലാന്വേഷണം. ശരിക്കും ഒരു റേഡിയോ പോലെ തന്നെ. അങ്ങോട്ട് ഒന്നും പറയേണ്ടതില്ല. എല്ലാം കേള്‍ക്കാനായി നിന്നുകൊടുക്കുന്നതു കൊണ്ട് മല്‍ബുവിനെ വലിയ ഇഷ്ടവുമാണ്. മനസ്സു തുറക്കാന്‍ നീയൊരാളേ ഉള്ളൂ എന്ന് പ്രശംസ ചൊരിയുകയും ചെയ്യും.
ഇപ്പോള്‍ വര്‍ത്താനം കേള്‍ക്കാന്‍ ആരും അധികം നിന്നുകൊടുക്കാറില്ല. ആരെയെങ്കിലും കിട്ടിയാല്‍ സംസാരം ഇയാളൊട്ട് നിര്‍ത്തുകയുമില്ല. പേരും നാടും ജോലിയും ഇവിടെ താമസിക്കുന്ന സ്ഥലവും മക്കള്‍ പഠിക്കുന്ന സ്‌കൂളും ക്ലാസും അങ്ങനെ തുടങ്ങി എല്ലാം ഒറ്റ ശ്വാസത്തില്‍ പറഞ്ഞുതീര്‍ക്കും. എല്ലാ ദിവസവും എന്തെങ്കിലും വിശേഷങ്ങള്‍ പറയാനുമുണ്ടാകും.
എന്തിനാ ഇങ്ങനെ ഒറ്റശ്വാസത്തില്‍ വേണ്ടതും വേണ്ടാത്തതുമൊക്കെ പറഞ്ഞു തീര്‍ക്കുന്നത് എന്നു ചോദിച്ചാല്‍ അയാളുടെ പക്കല്‍ മറുപടി റെഡിയാണ്.
രണ്ടു പേര്‍ക്കും സമയമില്ല. അപ്പോള്‍ പിന്നെ നിങ്ങള്‍ ചോദിക്കാനിടയുള്ള കാര്യങ്ങള്‍ക്കുകൂടി ഞാന്‍ ആദ്യമേ തന്നെ ഉത്തരം പറഞ്ഞാല്‍ രണ്ടു പേര്‍ക്കും സമയം ലാഭം. നാടു പറഞ്ഞാല്‍ നിങ്ങള്‍ കുടുംബത്തെ കുറിച്ച് ചോദിക്കും. പിന്നെ കുട്ടികള്‍ ഏതു ക്ലാസിലാണ് പഠിക്കുന്നതെന്നു ചോദിക്കും.
ഈ ന്യായം മല്‍ബുവിന് ഒത്തിരി ഇഷ്ടായി. അങ്ങനെയാണ് ഇരുവരും തമ്മില്‍ അടുപ്പം കൂടിയത്. തനിക്ക് മനസ്സു തുറക്കാനൊരാള്‍ ഉണ്ടെന്ന് അയാളും വെറുതെ തലയാട്ടി കൊടുത്താല്‍ തനിക്കെന്തു നഷ്ടമെന്ന് മല്‍ബുവും വെച്ചു.
പുതിയൊരു കാര്യമുണ്ട്. നിങ്ങള്‍ കേട്ടാ മാത്രം പോരാ. ഇടപെടണം. ഒന്നു മധ്യസ്ഥം പറയണം.
കുശലാന്വേഷണം ചുരുക്കി ഇക്കുറി അയാള്‍ നേരെ വിഷയത്തിലേക്ക് കടന്നു.
പുതിയാപ്പിളമാരെ കൊണ്ടു ഞാന്‍ തോറ്റു.
പിന്നേം തോറ്റോ -മല്‍ബു ചോദിച്ചു
അവരെ കൊണ്ട് തോറ്റ കഥകള്‍ ഇതാദ്യമല്ല. മൂന്ന് പെങ്ങന്മാരുടെ ഭര്‍ത്താക്കന്മാരെയും ഗള്‍ഫിലെത്തിച്ച് അവര്‍ക്ക് നല്ല ജോലിയും ശരിയാക്കിക്കൊടുത്തയാളാണ്. പുതിയാപ്പിളക്ക് നൊന്താല്‍ പെങ്ങളറിയുമെന്ന് നന്നായി അറിയുന്നതിനാല്‍ അവരെ പളുങ്ക് പോലെ കൊണ്ടു നടക്കുന്നയാള്‍. നാട്ടിലായിരുന്നപ്പോള്‍ ബസില്‍ പുതിയാപ്പിളക്ക് സീറ്റ് ഒഴിഞ്ഞു കൊടുത്തില്ലാന്നു പറഞ്ഞ് ഒരിക്കല്‍ അനുഭവിച്ചിട്ടുണ്ട്. പിന്നെയും നിസ്സാര സംഭവങ്ങള്‍ക്ക് പലപല തോല്‍വികള്‍.
ഇപ്പോള്‍ എന്തു സംഭവിച്ചു?
പുതിയാപ്പിളമാരുടെ ശമ്പളം കൊണ്ടാണ് ഞാന്‍ നാട്ടില്‍ സ്ഥലം വാങ്ങുന്നതെന്ന് ഒരു മുറുമുറുപ്പ്. നേരിട്ട് പറഞ്ഞിട്ടില്ലെങ്കിലും അതു പുലിവാലായി മാറുന്നതിനുമുമ്പ് പരിഹരിക്കണം.
അല്ലെങ്കിലും നിങ്ങള്‍ എന്തിനാ അവരുടെ ശമ്പളം സൂക്ഷിക്കുന്നത്. അവരോട് ബാങ്കിലേക്ക് അയക്കാന്‍ പറയണം.
ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ അവരോട് എത്രയായി പറയുന്നു. മടിയന്മാര്‍ക്ക് ഞാന്‍ തന്നെ അക്കൗണ്ടും തുടങ്ങിക്കൊടുക്കണം.
ശമ്പളം കിട്ടിയാല്‍ എന്നെ ഏല്‍പിക്കുന്നു. അവര്‍ ചോദിക്കുമ്പോള്‍ കൊടുക്കുന്നു. നാട്ടില്‍ അയക്കാന്‍ പറയുമ്പോള്‍ അയക്കുന്നു. ഇതുവരെ ഒരു വീഴ്ചയും വരുത്തിയിട്ടില്ല.
ഇതെന്താ ഇപ്പോ പിന്നെ ഈ സംശയം.
അത് നാട്ടില്‍ ഞാന്‍ സ്വത്ത് കച്ചോടം ചെയ്യുന്നത് ഇവരുടെ കൂടി പണം കൊണ്ടാണെന്ന് അവര്‍ക്കൊരു തോന്നല്‍. അതൊന്നു തീര്‍ത്തു കൊടുക്കണം. നാളെ രാത്രി മൂന്ന് പേരെയും വിളിച്ചിട്ടുണ്ട്. തട്ടാണ്ട് മുട്ടാണ്ട് ഒഴിവാക്കാന്‍ നിങ്ങള്‍ വരണം.
അങ്ങനെയാണ് മല്‍ബു മധ്യസ്ഥന്റെ റോളിലായത്.
നിങ്ങളുടെ കാശ് കൊണ്ടാണ് അളിയന്‍ നാട്ടില്‍ സ്വത്ത് കച്ചോടം നടത്തുന്നതെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ?
നാട്ടുകാര്‍ അങ്ങനെ പറയുന്നുണ്ടെന്ന് മൂവരും ഒരുമിച്ച് മറുപടി നല്‍കി.
ബാങ്ക് അക്കൗണ്ട് തുടങ്ങി നാട്ടിലേക്ക് നേരിട്ട് പണം അയച്ചു കൂടേ എന്ന ചോദ്യത്തിന് അതുപിന്നെ അളിയനെ വിശ്വാസമില്ലാത്ത പ്രശ്‌നമില്ല എന്നൊക്കെ മൂന്ന് പേരും ചേര്‍ന്ന് വിശദീകരിക്കുമ്പോഴേക്കും ഇച്ച അകത്തുപോയി ആ കവര്‍ കൊണ്ടുവന്നിരുന്നു.
ഓരോ മാസവും ഇവര്‍ ഏല്‍പിക്കുന്ന ശമ്പളം കൃത്യമായി ഇതില്‍ എഴുതി വെക്കാറുണ്ട്. ഇവര്‍ തിരികെ വാങ്ങിയ കാശും കഴിച്ച് ബാക്കി മുഴുവന്‍ തുകയും ഇതിലുണ്ട്.
ശരിയാണ്. കണക്കും പണവും കിറുകൃത്യം. ഇവരുടെ സൂക്ഷിപ്പില്‍ ഇച്ച ഒരിക്കല്‍പോലും തിരിമറി നടത്തിയിട്ടില്ല.
വേര്‍തിരിച്ച തുകകള്‍ ഏറ്റുവാങ്ങാതിരിക്കാന്‍ ഓരോ പുതിയാപ്പിളയും ശ്രമിച്ചെങ്കിലും മധ്യസ്ഥനായ മല്‍ബു ഉറച്ച നിലപാടിലായിരുന്നു. അവര്‍ ദയ അര്‍ഹിക്കുന്നില്ല.
Subscribe to:
Posts (Atom)