Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

October 8, 2012

ലീലേച്ചിയുടെ മത്തിയേറ്


മല്‍ബുവിന്റെ നാടായ തൊക്കിലങ്ങാടിയുടെ പ്രിയങ്കരി ആയിരുന്നു മീന്‍കാരി ലീലേച്ചി. അവരുടെ തലച്ചുമട് ഇറക്കിവെക്കാനും ഫ്രഷ് മീന്‍ വാങ്ങാനും ഗ്രാമത്തിലെ എല്ലാവരും മത്സരിച്ചു. ആ ലീലേച്ചിയുടെ മത്തിയേറ് കൊണ്ടവനാണ് ഗള്‍ഫുകാരനായി മാറിയ മല്‍ബു.
ബക്കാലയിലെ സീനിയര്‍മാരുടെ ഇടയിലെ പോക്കിന്റെ ഗുട്ടന്‍സ് കണ്ടെത്തി മുതലാളിയുടെ ശങ്ക ദൂരീകരിച്ചതു പോലെ മത്തിയേറിനു പിന്നിലും സാഹസികം എന്നൊന്നും പറയാന്‍ പറ്റാത്ത ഒരു കണ്ടുപിടിത്തമുണ്ട്.
 

ലീലേച്ചിയുടെ മത്തിക്കുട്ടയില്‍നിന്ന് പുറത്തെടുത്ത ഒരു രഹസ്യം. അതാകട്ടെ പിന്നീട് ജീവിതത്തില്‍  വിജയം കൈവരിക്കാനുള്ള ഒരു ടിപ്പായി മാറുകയും ചെയ്തു. എങ്ങനെ ആളുകളുടെ ഇഷ്ടം നേടാം എന്ന പേരില്‍  പുസ്തകം എഴുതുകയാണെങ്കില്‍ തീര്‍ച്ചയായും  ഉള്‍പ്പെടുത്താം.
എ ടിപ്പ് ഫ്രം ലീലേച്ചി.
 

നാളുകള്‍ കഴിയുന്തോറും പുറത്ത് പ്രിയങ്കരനും അകത്ത് ദുഷ്ടനുമായി മാറിക്കൊണ്ടിരുന്നു മല്‍ബു. ലീലേച്ചിയുടെ രഹസ്യത്തില്‍നിന്ന് വികസിപ്പിച്ച ടെക്‌നിക്കും അതില്‍ ചെറുതല്ലാത്ത പങ്കുവഹിച്ചു.
അറിഞ്ഞു കൊണ്ടൊരു ദ്രോഹവും ചെയ്തിട്ടില്ലെങ്കിലും സീനിയര്‍മാരുടെ മനസ്സ് അകന്നുപോയി. മുതലാളിയുടെ സ്വന്തക്കാരനെന്ന പട്ടം ചാര്‍ത്തപ്പെട്ടു. പക്ഷേ അതേക്കാളും മല്‍ബുവിന് ഇഷ്ടം സീനിയര്‍മാരോടൊപ്പം നില്‍ക്കാനായിരുന്നു.
പുകക്കാനായി നിങ്ങള്‍ ഇടക്കിടെ പുറത്തു പോകുന്നത് മുതലാളിയെ ഒരു സംശയരോഗിയാക്കുന്നുണ്ടെന്ന് അവര്‍ക്ക് ഒരു ക്ലൂ നല്‍കിയത് അതുകൊണ്ടാണ്.
പക്ഷേ, അവര്‍ അത് പോസിറ്റീവായി എടുത്തില്ല.
മുതലാളി പറയിപ്പിച്ചതാണെന്നു വിശ്വസിച്ചു. 
നേര്‍ക്കുനേരെ പറയാന്‍ പറയെടോ..
ഇതായിരുന്നു രണ്ടു പേരുടേയും  പ്രതികരണം. മുഖത്തു നോക്കി പറയാന്‍ ത്രാണിയില്ലാത്ത ഹമുക്ക് എന്ന് പിറുപിറുക്കുകയും ചെയ്തു.
മല്‍ബു പിന്നെ ഒന്നും പറയാന്‍ പോയില്ല.
കണ്ടു പഠിച്ചില്ലെങ്കില്‍ കൊണ്ടുപഠിച്ചോളും. ഇതായി സീനിയേഴ്‌സിനും പിന്നീട് മല്‍ബുവിനോടുള്ള നിലപാട്. മുതലാളിയുടെ സപ്പോര്‍ട്ടുണ്ടെന്ന് കരുതുന്നതിനാല്‍ മറിച്ചൊരു നില സാധ്യമല്ലായിരുന്നു.
ബക്കാലയില്‍ മാത്രമല്ല, എല്ലായിടത്തും മുതലാളിമാര്‍ തീര്‍ക്കുന്ന ഒരു സാഹചര്യമാണിത്. ചിലരോട് മമതയുണ്ടെന്ന് വരുത്തിത്തീര്‍ത്ത് കാര്യം കാണും. അതുകഴിയുമ്പോള്‍ മമത ഏറ്റുവാങ്ങിയവര്‍ വെറും കറിവേപ്പില.
മല്‍ബു പുറത്തെടുത്ത പുതിയ വിദ്യ മുതലാളിക്കും കസ്റ്റമേഴ്‌സിനും മുഹബ്ബത്ത് കൂട്ടുകയും സീനിയേഴ്‌സിന്റെ വിദ്വേഷം ഇരട്ടിപ്പിക്കുകയും ചെയ്തു.
സംഗതി നിസ്സാരമാണെങ്കിലും അതിന്റെ ഇഫക്ട് അപാരമായിരുന്നു.
തൊക്കിലങ്ങാടിയില്‍നിന്ന് കൊണ്ടുവന്ന ഈ ടെക്‌നിക്ക് മുംബൈയിലെ തിരക്കേറിയ ഗലിയില്‍ പരീക്ഷിച്ചപ്പോള്‍ പാതിയാണ് വിജയിച്ചതെങ്കില്‍ കടല്‍കടന്ന് ഗള്‍ഫിലെത്തിയപ്പോള്‍ വിജയം നൂറുശതമാനം.
കടയിലെത്തുന്ന ഓരോരുത്തരും എവിടെ മല്‍ബു എന്നു ചോദിക്കുന്ന സാഹചര്യമാണ് ഇതു സൃഷ്ടിച്ചത്. സാധനങ്ങള്‍ വാങ്ങാനെത്തിയ അറബികളുടെ മുഖം മല്‍ബു ഇല്ലെങ്കില്‍ വാടും.
മല്‍ബു പയറ്റിയ വിദ്യയുടെ സ്ലോഗന്‍ ഇതായിരുന്നു.
'അത് ഇങ്ങളെടുക്കണ്ട'
മീന്‍കാരി ലീലേച്ചിക്ക് പേറ്റന്റുള്ള ഈ വിദ്യയെക്കുറിച്ച് പറയുമ്പോള്‍ നടപ്പുറത്ത് കൊണ്ട മത്തിയേറ് ഓര്‍ക്കാതെ വയ്യ.
തൊക്കിലങ്ങാടി മുഴുവന്‍ നടന്നു തീര്‍ക്കുന്ന ലീലേച്ചിയുടെ കുട്ടയില്‍ എന്തു മീനായാലും രണ്ടായി വേര്‍തിരിച്ചിട്ടുണ്ടാകും. നടുക്ക് മീന്‍ കെട്ടിക്കൊടുക്കാനുള്ള ഇലയും കടലാസും.
ദാ അഞ്ചുറുപ്യക്ക് ഇതു തന്നേ എന്നു കസ്റ്റമര്‍ പറയുമ്പോള്‍ ലീലേച്ചി പറയും, സ്വകാര്യായിട്ട്.
അതെടുക്കണ്ട. കുറച്ചു മോശാണ്.
എന്നിട്ടവര്‍ കുട്ടയിലെ മറ്റേ പാതി ചൂണ്ടിപ്പറയും.
ഇതെടുത്തോളൂ, പളുങ്കാണ്.
ഒരു ദിവസം മല്‍ബു അതു കണ്ടുപിടിച്ചു.
ഒരേ ദിവസം വാങ്ങിയ ഒരേ മത്തിയാണ് കുട്ടയിലുള്ളതെന്ന് ആലോചിക്കാതെ ഫ്രഷ് മത്തി കിട്ടിയ സന്തോഷത്തോടെ ആളുകള്‍ മടങ്ങിയപ്പോള്‍ ലീലേച്ചി കുട്ടയിലെ മീന്‍ വീണ്ടും നേര്‍ പകുതിയാക്കുന്നു.
ഇതാണല്ലേ തട്ടിപ്പെന്ന് പറഞ്ഞതും പോയ്‌ക്കോ ആട്ന്നൂന്നും പറഞ്ഞ് ലീലേച്ചി മത്തിയെടുത്ത് എറിഞ്ഞതും ഒരേ നിമിഷത്തിലായിരുന്നു.
തിരിഞ്ഞുനിന്നതു കൊണ്ട് ഏറ് നടപ്പുറത്ത്.
ബക്കാലയിലെ ഒരേ പച്ചക്കറി രണ്ട് പെട്ടിയിലാക്കി അതെടുക്കേണ്ട, ഇതെടുത്തോളൂ എന്നു പറയുമ്പോള്‍ കസ്റ്റമേഴ്‌സിന്റെ മുഖത്തു വിരിയുന്ന സന്തോഷത്തിന്റേയും വിശ്വാസത്തിന്റേയും ക്രെഡിറ്റ് ലീലേച്ചിക്കല്ലാതെ വേറെ ആര്‍ക്കു കൊടുക്കും.

September 30, 2012

പത്തരമാറ്റ്


സുമുഖനും സുന്ദരനും സല്‍സ്വഭാവിയുമായ മല്‍ബു വളരെ വേഗം എല്ലാവരുടേയും കണ്ണിലുണ്ണിയായി. ബക്കാലയില്‍ വരുന്ന വിവിധ ദേശക്കാരും ഭാഷക്കാരും ഒരുപോലെ ഇഷ്ടപ്പെട്ടു. 

വലദ് കോയിസെന്ന് അറബികളും അഛാ ആദ്മിയെന്ന് പാക്കിസ്ഥാനികളും നല്ലോനെന്ന് മല്‍ബുകളും പറഞ്ഞു. 


ഒത്ത ഉയരം, എപ്പോഴും പുഞ്ചിരി തൂകുന്ന മുഖം, ആര്‍ക്കും വീണ്ടുമൊന്ന് കാണാന്‍ തോന്നുന്ന പ്രകൃതം, സ്‌മോക്കിംഗില്ല, ഉറക്കം തൂങ്ങില്ല.
ആള്‍വേയ്‌സ് സ്മാര്‍ട്ട്.


ഒരു സെയില്‍സ്മാന് വേണ്ട എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയ പത്തരമാറ്റു തികഞ്ഞവന്‍ എന്നാണ് മുതലാളി സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.
ഒരു രഹസ്യത്തിന്റെ കെട്ടഴിച്ചു നല്‍കിയതും മുതലാളിയുടെ കണ്ണില്‍ പ്ലസ് പോയന്റായി. 


സര്‍ട്ടിഫിക്കറ്റൊക്കെ നല്‍കും. പത്ത് കായ് കൂട്ടിനല്‍കൂല്ല എന്ന് കടയിലെ മറ്റു രണ്ടു ഓള്‍ഡ് ജീവനക്കാര്‍ അസൂയ പങ്കുവെച്ചു. 


ഈ രണ്ട് സീനിയര്‍മാരാണ് മുതലാളിയുടെ മനസ്സ് കേടുവരുത്തിക്കൊണ്ട് രഹസ്യത്തിന്റെ പുകമറ തീര്‍ത്തത്. ഇവര്‍ക്ക് പലവിധ ദോഷങ്ങളുണ്ടെങ്കിലും വേറെ വഴിയില്ലാതെ നിലനിര്‍ത്തിപ്പോരുകയാണ്.
പുതിയ മുതലിനെ വെച്ച് അറുപിശുക്കന്‍ മുതലാളി ഒരു കളി കളിക്കുമെന്ന് സീനിയര്‍മാര്‍ക്ക് സംശയമുണ്ട്. എങ്കിലും സാവകാശം പുതുമുഖത്തെ തങ്ങളുടെ പാതയില്‍ കൊണ്ടുവരാമെന്ന് ശുഭപ്രതീക്ഷയും വെച്ചുപുലര്‍ത്തുന്നു. 


കടയിലെത്തിയാല്‍ ഒരു മണിക്കൂര്‍ കൂടുമ്പോഴെങ്കിലും മൂത്രശങ്ക തോന്നുന്നവരാണ് ഇരുവരും. അതാണ് മുതലാളിയുടെ കണ്ണില്‍ സീനിയര്‍മാര്‍ക്കുള്ള ദോഷങ്ങളിലൊന്ന്.
മൂത്രശങ്ക തീര്‍ക്കാന്‍ ബക്കാലയില്‍നിന്ന് രണ്ട് ബില്‍ഡിംഗ് അപ്പുറത്തുള്ള ഫഌറ്റില്‍ പോകാതെ രക്ഷയില്ല.
മുതലാളി ഇല്ലാത്ത നേരത്ത് കൂള്‍ ഡ്രിങ്ക്‌സും പാലും അടിച്ചുമാറുന്നതു കൊണ്ടാവാം അവര്‍ക്ക് പ്രകൃതിയുടെ ഈ അവര്‍ലി വിളിയെന്ന് സംശയിക്കാന്‍ നിവൃത്തിയില്ല. 
മുതലാളിയുടെ ശങ്ക വേറെയാണ്.
കടയില്‍നിന്ന് വലിക്കുന്ന കായ് കൊണ്ടുവെക്കാനാണ് ഇവരുടെ പോക്കെന്നും മൂത്രമൊഴിക്കാനല്ലെന്നും ടിയാന്‍  നൂറുവട്ടം വിശ്വസിക്കുന്നു.
വെറുതെയല്ല, കാര്യകാരണ സഹിതം. 


രാവിലെ ഫഌറ്റില്‍നിന്നിറങ്ങിയാല്‍ ഉച്ചവരെ തനിക്ക് മൂത്രശങ്ക ഇല്ല എന്നതാണ് മെയിന്‍ ന്യായം. ഇവരെ പോലെ ചായയും വെള്ളവും താനും കുടിക്കുന്നുണ്ടല്ലോ?
ഒത്തുപോകാനുള്ള ശമ്പളം കിട്ടുന്നില്ലെങ്കില്‍  കടയിലെ പണിക്കാരെ സാധാരണ ബാധിക്കാറുള്ള അസുഖമായ വലിവ് അഥവാ ആസ്്ത്മ കണ്ടെത്താനുളള ഉപകരണം ഇന്നത്തെ പോലെ സാര്‍വത്രികമായിരുന്നില്ല അന്ന്.
അതുകൊണ്ടുതന്നെ ക്യാമറക്കണ്ണുകള്‍ക്കു പകരം സ്വന്തം കണ്ണുകള്‍ തുറന്നു പിടിക്കുകയേ മുതലാളിമാര്‍ക്ക് നിര്‍വാഹമുണ്ടായിരുന്നുള്ളൂ. ഇന്നിപ്പോള്‍ ഇത്തിരി കാശ് ചെലവാക്കിയാല്‍ മുതലാളിക്ക് സ്വന്തം മുറിയിലിരുന്ന് മോണിറ്ററോ മൊബൈല്‍ ഫോണോ നോക്കിയാല്‍ മതി. കടയില്‍ സൂചി അനങ്ങുന്നതുപോലും കാണാം.
ഉറക്കം കെടുത്തുന്ന കൂടംകുളം മാത്രമല്ല, നല്ല ഉറക്കം സമ്മാനിക്കുന്ന കൂടോത്രം കൂടിയാണിന്ന് ടെക്‌നോളജി. നാടുവിട്ട മല്‍ബു മുതലാളിമാര്‍ക്ക് സുഖനിദ്ര സമ്മാനിക്കുന്ന സാങ്കേതിക വിദ്യ.
ചൊറിയുന്നതു പോലും ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുക്കുമല്ലോ എന്ന ഭയത്തോടെയാണ് ബക്കാല പണിക്കാര്‍, പാവങ്ങള്‍. വസ്ത്രമൊക്കെ ഇടക്കിടെ പിടിച്ചു നേരെയാക്കണം, ക്യാമറയില്‍ പതിയാനുള്ളതാണ്.  ഒരുതരത്തില്‍ പറഞ്ഞാല്‍ മുതലാളിമാര്‍ക്ക് കാണാന്‍ വേണ്ടിയാണല്ലോ പണിക്കാരുടെ അഭിനയം. ഏതെങ്കിലും ഭാഗത്ത് ഒടിഞ്ഞുകുത്തി ഇരിക്കാന്‍ പാടില്ല.
സീനിയര്‍മാര്‍ രണ്ടു പേരുമില്ലാത്ത ഒരു ദിവസം മുതലാളിയും മല്‍ബുവും തമ്മില്‍ ഒരു ഡയലോഗിന് അവസരമുണ്ടായി.
സമയം രാവിലെ പത്തു മണിയായിക്കാണും.
നീ അവസാനമായി എന്താണ് കുടിച്ചത്?
കടയില്‍നിന്ന് വല്ലതും കട്ടു കുടിച്ചതാണോ ചോദ്യത്തിനു കാരണമെന്ന് ആലോചിച്ച് മല്‍ബു ഒന്നു ഞെട്ടി.
കടയിലെത്തിയതിനുശേഷം പാലോ ജ്യൂസോ കുടിച്ചിട്ടില്ലാത്തതിനാല്‍ ധൈര്യസമേതം പറഞ്ഞു.
രാവിലെ റൂമീന്ന് ഇറങ്ങാന്‍ നേരത്ത് ഒരു ഗ്ലാസ് വെള്ളം കുടിച്ചതേയുള്ളൂ.
എന്നാലും എത്ര മണിയായിക്കാണും?
ഒരാറുമണി.
ഞാനും അപ്പോഴാണ് ഒരു ഗ്ലാസ് ചായ കുടിച്ചത്. നിനക്കിപ്പോള്‍ മൂത്രശങ്കയുണ്ടോ?
ഏയ്... ഇല്ല.
പിന്നെ ഇവന്മാര്‍ക്കിതെവിടെനിന്നു വരുന്നു ഈ മൂത്രം?  ഈ പോക്കു മൂത്രമൊഴിക്കാനൊന്നുമല്ല, വേറേ എന്തിനോ ആണ്. നിനക്കറിയോ ഈ പഹയന്മാരുടെ പരിപാടി?
ചിരിവന്ന മല്‍ബു രണ്ടു വിരലുകള്‍ അല്‍പം അകറ്റി ചുണ്ടില്‍വെച്ച് ആഞ്ഞുവലിച്ച ശേഷം വിട്ടു.
സിഗരറ്റോ? നിനക്കെങ്ങനെ അറിയാം?
ഇതിലൊക്കെ എന്തു രഹസ്യം? ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ എന്ന് പരസ്യമായും നീയൊക്കെ ഒരു പൊട്ടന്‍ മുതലാളിയെന്ന് മനസ്സിലും പറഞ്ഞു മല്‍ബു.
എന്നാലും അവരെ സിഗരറ്റ് മണമൊന്നുമില്ലല്ലോ?
ഓല് രണ്ടാളും അത്തറു പുരട്ടുന്ന സിഗരറ്റാണ് വലിക്ക്യ.
അത്തര്‍ സിഗരറ്റോ?
നോക്കിക്കോ, രണ്ടാളേം എപ്പോഴും അത്തറു മണക്കും.
മുതലാളി വിശ്വസിച്ചാലും ഇല്ലെങ്കിലും വന്ന് ഒരാഴ്ച കഴിയുന്നതിനുമുമ്പുതന്നെ വലിയ ഒരു രഹസ്യത്തിന്റെ കെട്ടഴിച്ചു കൊടുത്തു മല്‍ബു.
വലിക്കാരല്ലെന്ന് തെളിയിക്കാന്‍ പച്ചില മുതല്‍ അത്തറുവരെ പലവിധ ടെക്‌നിക്കുകള്‍ സ്വായത്തമാക്കിയവരായിരുന്നു സീനിയര്‍മാര്‍. 

September 23, 2012

ബക്കാലയിലെ കനവുകള്‍


ബോംബെയില്‍ രക്ഷകനായി അവതരിച്ചത് ഒരു പോക്കറ്റടിക്കാരന്‍. 
കടലുകടക്കാന്‍ അയാള്‍ വഴി കാണിച്ചു. 
ഇവിടെ ഇതാ ഊരും പേരുമറിയാത്ത ഒരു മല്‍ബു. മടക്കി അയക്കാനൊരുങ്ങിയ അറബിയുടെ കൈയില്‍നിന്ന് രക്ഷിക്കാന്‍ പടച്ചവന്‍ അയച്ചതാണ് ഇയാളെ. ഇല്ലെങ്കില്‍ ഇപ്പോള്‍ നാട്ടിലെത്തിയേനെ. മരുഭൂ ജീവിതത്തിന് ഇനിയും യോഗമുണ്ട്. ചിന്തകള്‍ക്കൊപ്പമെത്താന്‍ കാരണവര്‍ ഓടി.
ഇരുവരുടേയും യാത്ര അവസാനിച്ചത് രണ്ടുമുറിക്കടയില്‍.
ഫാമിലി മിനി മാര്‍ക്കറ്റ്.
ബോര്‍ഡ് അങ്ങനെയാണെങ്കിലും ഒരു സാദാ ബക്കാല. ഇവിടെയാണ് ഇനി താവളം.
അപ്പോള്‍ പറഞ്ഞതുപോലെ എന്നു പറഞ്ഞുകൊണ്ട് രക്ഷകന്‍ യാത്രയായി.
ഒന്നും തന്നോടു പറഞ്ഞിരുന്നില്ലെങ്കിലും മൂളി.
കണ്ണില്‍നിന്നു മറയുന്നതുവരെ നോക്കിനിന്നു.
വെപ്രാളത്തിനിടയില്‍ അയാളെ ശരിക്കൊന്നു പരിചയപ്പെടാന്‍ പോലുമൊത്തിരുന്നില്ല.
അപ്പുറത്ത് ഒരാളുണ്ട്. അങ്ങോട്ടു ചെന്നോളൂ.
ക്യാഷ് കൗണ്ടറിലിരുന്നയാള്‍ വഴി കാണിച്ചു.
പൊട്ടന്‍, പേടിത്തൊണ്ടന്‍..
നല്ല പണി കളഞ്ഞിട്ട് വന്നിരിക്കാ അല്ലേ.
വാ. ഇരുന്നോളൂ.
തോര്‍ത്ത് മുണ്ട് കഴുത്തിലിട്ട് ഇലകള്‍ വേര്‍തിരിക്കുകയായിരുന്ന അയാള്‍ രണ്ട് ചീഞ്ഞ ഇലകള്‍ എടുത്തുമാറ്റിക്കൊണ്ട് ക്ഷണിച്ചു.
രക്തം തിളച്ചു. അഭിസംബോധന ഒട്ടും ഇഷ്ടമായിട്ടില്ല.
ചിലര്‍ അങ്ങനെയാണ്. ആരോട്, എങ്ങനെ, എന്തു പറയണമെന്ന് ഒരു നിശ്ചയവുമുണ്ടാകില്ല.
സാഹചര്യമൊന്നും പരിഗണിക്കാതെ എന്തും വിളിച്ചു പറയും.
ആളു ശുദ്ധനായിരിക്കും. നിഷ്‌കളങ്കന്‍, പച്ച മനുഷ്യന്‍.
അങ്ങനെ സമാധാനിച്ചുകൊണ്ട് തൊട്ടടുത്ത് ചെന്നിരുന്നു. ഇതാ ഇതുപോലെ കെട്ടിവെച്ചോളൂ.
മോശമായത് കളയണം. വേഗം വേഗം കെട്ടിക്കോളൂ.
ഇല കെട്ടാന്‍ അയാള്‍ ട്രെയിനിംഗ് നല്‍കിത്തുടങ്ങി.
ന്നാലും ഡ്രൈവര്‍ പണി കളഞ്ഞത് വലിയ പൊട്ടത്തരായീട്ടോ.
വീണ്ടും അയാള്‍ തുടങ്ങി.
ഞങ്ങളൊക്കെ എത്രയോ കൊതിച്ച  പണിയാ അത്. നാട്ടിലേക്കാളും ഇവിടയല്ലേ ഡ്രൈവിംഗ് സുഖം. എനിക്കൊക്കെ നാട്ടില്‍ വണ്ടിയില്‍ ഇരിക്കാന്‍ തന്നെ പേടിയാ. പേടിപ്പിച്ചോണ്ടല്ലേ എതിരെ വണ്ടി വരിക.
നാളെയാവട്ടെ, ഞാനൊരാളെ കാണിച്ചു തരാം.
ഡ്രൈവറാണ്, പക്ഷേ അയാളുടെ മാസവരവ് കേട്ടാ ഞെട്ടും.
അതങ്ങനെയാണ്.
വീട്ടുകാര്‍ക്ക് ബോധിച്ചാ പിന്നെ വീട്ടുകാരനെ പോലെ തന്നെയാ ഡ്രൈവറും. നാട്ടിലെ കാര്യങ്ങള്‍ പോലും അന്വേഷിച്ച് സഹായം ചെയ്യും. ശമ്പളം പേരിനു മാത്രാന്നാ അയാളു പറയുന്നത്. കൈമടക്കാണ് ശരിക്കുമുള്ള വരുമാനം. പിന്നെ നോമ്പിന് മുതലാളീടെ ഒരു വാരിക്കൊടുക്കലുണ്ട്. പതിനായിരംവരെ കിട്ടീട്ടുണ്ടെന്നാ പറയുന്നേ. നോമ്പിന്റെ അവസാനം വലിയ മുതലാളി വരാനായി പണിക്കാരൊക്കെ കാത്തിരിക്കും. ആര്‍ക്ക് എത്ര എന്നൊന്നും നോട്ടമില്ല. മുന്നില്‍ ഒരാളെ കണ്ടാല്‍ നോട്ടുകള്‍ നിറച്ച സഞ്ചിയില്‍നിന്ന് വാരിയങ്ങു കൊടുക്കും.
നിര്‍ത്തുന്ന മട്ടില്ല.
എല്ലാം കണ്ണു തള്ളിക്കുന്ന വിവരങ്ങള്‍.
വളയം വിട്ടുപോന്നത് വലിയ ബുദ്ധിശൂന്യതയായെന്ന് തോന്നിത്തുടങ്ങി.
ഇവിടെ കൊണ്ടുവന്നാക്കിയ ഹൈദ്രൂനെ നേരത്തെ അറിയ്വോ?
ഇല്ല, നാലു ദിവസം മുമ്പാ ആദ്യായിട്ട് കണ്ടത്..
എന്നാല്‍ കേട്ടോളൂ. അയാളും ഒരു ഹൗസ് ഡ്രൈവറായിരുന്നു.
ഇപ്പോള്‍ വലിയ ബിസിനസുകാരനായി. പത്തു പതിനഞ്ച് പണിക്കാരുണ്ട് കീഴില്‍.
ഇനിയിപ്പോ വലിയ വലിയ കമ്പനികള്‍ നടത്തുന്ന നമ്മുടെ നാട്ടുകാരൊക്കെ ആരായിരുന്നു?
പലരും ഡ്രൈവര്‍ പണിക്കുവന്നവര്‍.
ജീവിതം പറയുമ്പോള്‍ അവരൊന്നും അത് മറച്ചു വെക്കാറില്ല. കൊണ്ടും കൊടുത്തും നേടിയ വിജയഗാഥകള്‍ അയവിറക്കുന്നവര്‍.
ഇനിയിപ്പോ പറഞ്ഞിട്ടെന്താ..
ഇതായിരിക്കും യോഗം. ബക്കാലപ്പണിയത്ര മോശമൊന്നുമല്ല. പക്ഷേ, വേഗം മടുക്കും.
രണ്ടും മൂന്നും നിലകളിലുള്ള ഫ്‌ളാറ്റുകളില്‍ സാധനം എത്തിക്കുന്ന പണിയാ ഏറ്റവും എടങ്ങേറ് പിടിച്ചത്. കയറി ഇറങ്ങുമ്പോഴേക്കും വിയര്‍ത്തു കുളിച്ചിട്ടുണ്ടാകും.
ഉപേക്ഷിച്ച പണിയുടെ പകിട്ടും തുടങ്ങുന്ന പണിയുടെ എടങ്ങേറുകളും അയാള്‍ വിവരിച്ചുകൊണ്ടിരുന്നു.
കാരണവരുടെ മനസ്സില്‍ നിരാശയുടേയും സങ്കടത്തിന്റേയും വേലിയേറ്റം.
വിസക്കു വേണ്ടി കൊതിച്ചു കൊതിച്ചു മരിച്ചുപോയ ബാപ്പയുടെ മകനാണ്.
സങ്കടപ്പെട്ടുകൂടാ. നിരാശ പാടില്ല.
നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അതു വേറൊരു വഴിയില്‍ വന്നുചേരും.
അര്‍ഹമായത് എങ്ങനെ ആയാലും കിട്ടും.
ആരൊക്കെ ചേര്‍ന്നു വിചാരിച്ചാലും തടയാനാവില്ല.
അതാണ് ബാപ്പയെ നയിച്ച പോളിസി.
മോഹങ്ങള്‍ ഉദിച്ചുയരുകയായിരുന്നു. കനവുകള്‍.
സ്വന്തമായി ഒരു കട, പിന്നേയും പിന്നേയും കടകള്‍. അങ്ങനെ മറ്റൊരു ഹൈദ്രു. നിരാശയുടെ കടുപ്പത്തിനനുസരിച്ച് മോഹങ്ങളും കിനാവുകളും വലവിരിക്കുക സ്വാഭാവികം. മഴ കൊണ്ടതുപോലെ ഒലിച്ചിറങ്ങുന്ന വിയര്‍പ്പുകണങ്ങള്‍ കിനാവുകള്‍ കൊണ്ട് തുടച്ചു
Related Posts Plugin for WordPress, Blogger...