Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

January 11, 2010

കയ്യക്ഷരവും കൈവേലയും



സമ്പാദ്യമൊന്നും ബാക്കിയില്ലെങ്കിലെന്താ കുടുംബത്തോടൊപ്പം സസന്തോഷം അഞ്ചുപത്ത് കൊല്ലം ജീവിച്ചില്ലേ?
പ്രവാസത്തിന്റെ നീണ്ട 25 വര്‍ഷങ്ങളില്‍ ഞാന്‍ ജീവിച്ചത് എത്ര വര്‍ഷമാണെന്നറിയാമോ?
വെറും ഒരു വര്‍ഷം.
രണ്ടുവര്‍ഷം കൂടുമ്പോള്‍ എണ്ണിച്ചുട്ട ഒരുമാസം വെക്കേഷന്‍.
കാല്‍ നൂറ്റാണ്ടിനിടെ 12 തവണയാ നാട്ടില്‍ പോയത്. അതും നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും എപ്പൊഴാ തിരിച്ചുപോകുന്നതെന്ന് ചോദിക്കാന്‍ ഒരു അവസരം മാത്രമേ നല്‍കാറുള്ളൂ.
രണ്ടാമതൊരു തവണ എന്താ ഇനിയും പോയില്ലേ എന്നു ചോദിക്കാനുള്ള അവസരം ഉണ്ടാകാറില്ല.
ഓരോ മാസവും അത്രയും വേഗത്തിലാണ് കടന്നു പോയിരുന്നത്.
അപ്പോള്‍ നിങ്ങള്‍ കുടുംബത്തോടൊപ്പം പ്രവാസ ജീവിതം നയിക്കുന്നവര്‍ ശരിക്കും സ്വര്‍ഗ ജീവിതമല്ലേ നയിക്കുന്നത്? പറ, ഞാന്‍ പറഞ്ഞതില്‍ എന്തെങ്കിലും തെറ്റുണ്ടോ?
അസൂയ കൊണ്ടൊന്നുമല്ല ബാച്ചിലര്‍ മല്‍ബു ഫാമിലി മല്‍ബുവിനോട് ഇത്രയും പറഞ്ഞത്.
ഒരു വസ്തുത പറഞ്ഞു എന്നുമാത്രം.
വസ്തുത ആര് പറഞ്ഞാലും വസ്തുത തന്നെയാണല്ലോ.
അതുകൊണ്ടുതന്നെ ഫാമിലി മല്‍ബുവിന് എതിര്‍ക്കാന്‍ പോയിന്റുകളുമില്ല.
കലഹവും തൊന്തരവുമില്ലാതെ കുടുംബിനിയോടൊപ്പം ജീവിച്ചു തീര്‍ക്കാനുള്ള കൊതി തന്നെയാണ് ഫ്‌ളാറ്റു വാടകയും മറ്റു ചെലവുകളും ഒത്തുപോകാനുള്ള വരവില്ലാതിരുന്നിട്ടും കടുംകൈക്ക് മുതിര്‍ന്നത്.
എന്താഹേ...… ഫാമിലിയോടൊപ്പം കഴിയുന്നത് കടുംകയ്യാണെന്നോ?
അതെ, പലര്‍ക്കും കടുംകൈ തന്നെ.
ഓരോ മാസവും ബാക്കിയാകുന്ന കടം വെച്ചുനോക്കുമ്പോള്‍ വേണമെങ്കില്‍ കടം കൈ എന്നും പറയാം.
പിന്നെ തൊന്തരവില്ലാത്ത സ്വകാര്യതയും സന്തോഷവുമെന്നൊക്കെ വേണമെങ്കില്‍ ആരെങ്കിലും ചോദിച്ചാല്‍ സമ്മതിച്ചു കൊടുക്കാം; വാസ്തവമല്ലെങ്കിലും. അല്ലെങ്കിലും പ്രവാസി എല്ലാം സമ്മതിച്ചുകൊടുക്കേണ്ടവനല്ലേ?
മറകെട്ടി പകുക്കാന്‍ പോലും സാധിക്കാത്ത ഫഌറ്റ് തുല്യ ദുഃഖിതരായ മറ്റൊരു ദമ്പതികളോടൊപ്പം ഷെയര്‍ ചെയ്തു കഴിയുമ്പോള്‍ എന്തു സ്വകാര്യത?
കറണ്ട് ബില്ലിനെ ചൊല്ലിയും ക്ലീനിംഗിനെ ചൊല്ലിയും എന്തിന് മൂട്ടയെ കൊണ്ടുവന്നതാരെന്ന ചോദ്യത്തില്‍ പോലും കലഹത്തിനുള്ള ഒന്നാന്തരം സാധ്യതകള്‍ ഫലപ്രദമാകാതെ, പ്രവാസികളുടെ വോട്ടവകാശം പോലെ നീണ്ടു നീണ്ടു പോകുന്നത് പടച്ചവന്റെ കൃപ.
കടലിനിക്കരെ ഒരുമിച്ചു കഴിയുന്ന മല്‍ബു കുടുംബാംഗങ്ങളില്‍ കലഹങ്ങള്‍ ഉണ്ടാകാറുണ്ടോ?
മല്‍ബി കരയുമോ?
പിന്നെ, കുടുംബ കലഹം ഇല്ലെങ്കില്‍ പിന്നെ എന്തു മല്‍ബു.
വേണമെങ്കില്‍ സൗന്ദര്യപ്പിണക്കമെന്ന് ഓമനപ്പേരിട്ടു വിളിക്കാം.
ഇത് ഒഴിച്ചുനിര്‍ത്തിയാല്‍ പിന്നെ മല്‍ബു, മല്‍ബു അല്ലാതായിപ്പോകും. അതുകൊണ്ട് പൂര്‍ണമായി നിഷേധിക്കാന്‍ വരട്ടെ.
മക്കളുടെ റിസള്‍ട്ട് വാങ്ങാന്‍ ആര് സ്കൂളില്‍ പോകുമെന്നതിനെ ചൊല്ലിയായിരുന്നു മല്‍ബിയും മല്‍ബുവും തമ്മില്‍ തര്‍ക്കം.
ങാ ഇതൊരു ചടങ്ങ് തീര്‍ക്കലാണെന്ന് മല്‍ബു.
പോയാല്‍ സാറ് കുട്ടിയുടെ മാര്‍ക്ക്‌ലിസ്റ്റ് ഇങ്ങെടുത്തുതരും. അതും വാങ്ങി ഇങ്ങുപോരാം. അധ്യാപക-രക്ഷാകര്‍തൃ കൂടിക്കാഴ്ച എന്നൊക്കെയാണ് വെപ്പെങ്കിലും അതിനൊന്നും നേരമില്ല.
സാറിന് എല്ലാവരുടേയും മാര്‍ക്ക് ലിസ്റ്റ് കൊടുത്തുതീര്‍ത്ത് വേഗം വീട്ടിലേക്ക് മടങ്ങണം. കാരണം മുടങ്ങാന്‍ പാടില്ലാത്ത ട്യൂഷനുണ്ട്.
രക്ഷിതാക്കള്‍ക്കാണെങ്കില്‍ ട്രാഫിക് ബ്ലോക്കും സഹിച്ച് അവിടെ എത്തിയതിന്റെ അലമ്പ് മനസ്സില്‍നിന്ന് നീങ്ങിയിട്ടില്ല.
രണ്ടുമൂന്ന് രക്ഷിതാക്കള്‍ ക്യൂവിലുണ്ടെങ്കിലും എങ്ങനെ ആദ്യം വാങ്ങാമെന്ന ചിന്തയിലായിരിക്കും അവര്‍.
ഇതൊന്നു വാങ്ങിയിട്ടുവേണം പുറത്തെവിടെയെങ്കിലും ഒന്നു പോകാന്‍.
മാര്‍ക്ക് ലിസ്റ്റ് കിട്ടിയപ്പോള്‍ മല്‍ബുവും മല്‍ബിയും ശരിക്കും അന്തംവിട്ടു. മോന്‍ എല്ലാ വിഷയത്തിലും തോറ്റിരിക്കുന്നു.
ഇതെന്താ സാറേ എല്ലാ വിഷയത്തിലും ഇങ്ങനെ...
അതേ, അവന്‍ പഠിക്കാനൊക്കെ മിടുക്കനാ. പിന്നെ കയ്യക്ഷരം കൊള്ളൂലാ.
ഉത്തരമൊക്കെ ശരി എഴുതിയാലും അതു വായിച്ചു നോക്കാന്‍ പറ്റിയാലല്ലേ മാര്‍ക്കിടാന്‍ പറ്റൂ. അതോണ്ട് സാറന്മാരേം കുറ്റപ്പെടുത്തേണ്ട, കുട്ടീനേം കുറ്റപ്പെടുത്തേണ്ട.
കയ്യക്ഷരം നന്നാക്കാനല്ലേ സാറേ അവനെ ഇങ്ങോട്ടു വിടുന്നത്? മല്‍ബിക്ക് സംശയം.
പിന്നെ, അവന്‍ മറ്റെല്ലാ കാര്യങ്ങളിലും ഉഷാറാട്ടോ.
സാര്‍ വീണ്ടും പറഞ്ഞുതുടങ്ങി.
ദേ, ധനശേഖരണത്തിനായുള്ള നാല് ലോട്ടറി ബുക്കാ അവന്‍ തീര്‍ത്തുകൊണ്ടുവന്നത്. ചുരുങ്ങിയത് 40 പേരെയങ്കിലും അവന്‍ കണ്ട് കാര്യങ്ങള്‍ അവതരിപ്പിച്ച് അവരുടെ പോക്കറ്റിലെ കാശ് അവന്റെ പോക്കറ്റിലേക്ക് മാറ്റിയിട്ടുണ്ട്.
നല്ല പ്രോഗസാ ഇത്. ചീസും ബര്‍ഗറും മൂക്കറ്റം കഴിച്ച് തടിമാടന്മാരായി ക്ലാസില്‍ ഉറക്കം തൂങ്ങുന്നവരേക്കാള്‍ എത്രയോ ഭേദം.
കയ്യക്ഷരം നന്നാക്കാനും മാര്‍ക്ക് വാങ്ങാനുമൊക്കെ ഇനിയും നേരമുണ്ടെന്നേ... അവന്റെ ഈ സ്മാര്‍ട്‌നസ്സ്, അതാ പ്രധാനം.
സാറ് പറഞ്ഞു നിര്‍ത്തിയെങ്കിലും മനസ്സിന് ആശ്വാസം പോരാതെ മല്‍ബു മല്‍ബിയുടെ നേരെ നോക്കി.
കയ്യക്ഷരം നന്നായില്ലെങ്കിലെന്താ, കൈവേല പഠിച്ചിട്ടുണ്ടല്ലോ.
ദേ നാളെ, നാളെ, നാളെയാണ് നറുക്കെടുപ്പ് എന്ന് പറയാനയക്കാം. പട്ടിണി കിടക്കേണ്ടിവരില്ല.
മല്‍ബി കാതില്‍ മന്ത്രിച്ചു.




January 3, 2010

ഒരു പൈലറ്റിന്റെ ആത്മകഥ



ഗുഡ് ഈവനിംഗ് ലേഡീസ് ആന്റ് ജന്റില്‍മെന്‍,
ഇതു നിങ്ങളുടെ ക്യാപ്റ്റന്‍ അലക്‌സാണ്ടര്‍ മല്‍ബു. തെറ്റിദ്ധരിക്കേണ്ട, ഞാന്‍ മലബാറുകാരനോ മലയാളിയോ അല്ല. കസഖിസ്ഥാന്‍കാരനായ എന്റെ പിതാവിന് ഏതെങ്കിലും തരത്തിലുള്ള മല്‍ബു കണക്ഷന്‍ ഉണ്ടോ എന്നു കണ്ടെത്തണമെങ്കില്‍ നിങ്ങള്‍ ഇപ്പോള്‍ വലിയ കേമമായി കൊണ്ടു നടക്കുന്ന ദേശീയ അന്വേഷണ ഏജന്‍സി കൊണ്ടൊന്നും നടപ്പുള്ള കാര്യമല്ല. സാക്ഷാല്‍ എഫ്.ബി.ഐയെ തന്നെ എല്‍പിച്ചാല്‍ പോലും കണ്ടെത്താനാകുമെന്ന് ഒരുറപ്പുമില്ല. കാരണം, എഫ്.ബി.ഐ കസ്റ്റഡിയിലുള്ള ഹെഡ്‌ലിയെ പോലെ എന്റെ പിതാവിനും അമേരിക്കന്‍ പൗരത്വമുണ്ട്.
ഹെഡ്‌ലിയെ കുറിച്ചോര്‍ത്തപ്പോഴാണ് ഇഡ്ഡലിയുടെ കാര്യം ഓര്‍മ വന്നത്. ഇന്ന് രാവിലെ ഞാന്‍ നിങ്ങളുടെ പേരുകേട്ട ഹോട്ടലില്‍ ഇഡ്ഡലിക്കായി കാത്തിരുന്നപ്പോള്‍ എനിക്കുമുമ്പിലേക്ക് വലിച്ചെറിഞ്ഞതെന്താണെന്നറിയാമോ? ബര്‍ഗര്‍. നിങ്ങളുടെ നാട്ടില്‍ ഇഡ്ഡലിക്ക് വംശനാശം വന്നുവെന്ന കാര്യം ദേ എയര്‍ഹോസ്റ്റസ് കത്രീന പറഞ്ഞപ്പോഴാണ് അറിഞ്ഞത്. കഷ്ടായിപ്പോയിട്ടോ.
എന്റെ പ്രസംഗം ബോറടിക്കില്ലെന്നറിയാം. കാരണം വിമാനം പൊങ്ങാന്‍ ഇനിയും സമയമുണ്ട്.
കരിപ്പൂരില്‍നിന്ന് ഗള്‍ഫിലേക്ക് യാത്ര ചെയ്യാന്‍ എയര്‍ ഇന്ത്യാ എക്‌സ്പ്രസ് തെരഞ്ഞെടുത്തുതില്‍ ആദ്യം തന്നെ നന്ദി അറിയിക്കട്ടെ. എയര്‍ ഇന്ത്യ വിമാനങ്ങള്‍ ബഹിഷ്കരിക്കണം എന്നു പറഞ്ഞു നടക്കുന്ന മല്‍ബുകള്‍ ഈ കൂട്ടത്തിലുണ്ടെങ്കില്‍ അവര്‍ക്കും ഈ നന്ദി ബാധകമാണ്. വിമാന കമ്പനിയോട് ഈറ കൊണ്ടുനടക്കുന്ന അത്തരം മല്‍ബുകള്‍ ചെവിയില്‍ തിരുകാന്‍ എയര്‍ ഹോസ്റ്റസുമാരോട് ദയവായി പഞ്ഞി ചോദിക്കരുത്.
കുറഞ്ഞ ചെലവില്‍ യാത്ര സൗകര്യം ഒരുക്കുന്ന എക്‌സ്പ്രസായതിനാല്‍ കോട്ടണ്‍ അഥവാ പഞ്ഞി ലഭ്യമല്ലെന്ന് ആര്‍ക്കും ഊഹിക്കാം. പഞ്ഞി പോലുമില്ലെന്ന് പറഞ്ഞ് ഇനിയും ആരും ബഹളം വെക്കേണ്ട.
സുരക്ഷാ ക്ലിയറന്‍സ് കിട്ടാത്തതിനാലാണ് വിമാനം പൊങ്ങാന്‍ സമയമെടുക്കുന്നത്. അല്ലാതെ നിങ്ങള്‍ കരുതുന്നതു പോലെ ഇനിയും പുറത്തിറങ്ങി ലോഡ്ജുകളിലേക്ക് പോകേണ്ടി വരില്ല. കൃത്യസമയം തെറ്റിയാലും നമ്മള്‍ എത്തേണ്ടിടത്ത് എത്തുമെന്ന കാര്യത്തില്‍ ശുഭാപ്തിയോടെ ഇരിക്കുക.
മറ്റൊരു ദുഃഖ സത്യം കൂടി നിങ്ങളെ അറിയാക്കാന്‍ ഈ അവസരം ഉപയോഗപ്പെടുത്തുകയാണ്.
ഞങ്ങളുടെ അഥവാ വിദേശ പൈലറ്റുമാരുടെ നാളുകള്‍ എണ്ണപ്പെട്ടു എന്ന വാര്‍ത്ത നിങ്ങളൊക്കെ വായിച്ചിരിക്കും. ഞങ്ങള്‍ ക്രിസ്മസ് ആഘോഷിക്കാന്‍ പോയതിനാലാണത്രെ കരിപ്പൂരില്‍നിന്നുള്ള നിങ്ങളുടെ യാത്രകള്‍ താളം തെറ്റിയത്.
പറഞ്ഞതു ഞങ്ങളുടെ ഡയരക്ടര്‍ ഉണ്ണിയാണെങ്കിലും ഇത് ഒരുമാതിരി ഉണ്ണിത്താന്റെ വര്‍ത്താനം പോലെയായിപ്പോയി. സാര്‍വദേശിയമായി അംഗീകരിച്ച തൊഴിലാളികളുടെ അവകാശങ്ങള്‍ മുതല്‍ നൂറ്റാണ്ടുകളായി മതപരമായി അനുഭവിച്ചുപോരുന്ന അവകാശങ്ങളുടെ നിഷേധം വരെയുണ്ട് ഇതില്‍.
ഇതൊക്കെ യാത്രക്കാരായ നിങ്ങളോടല്ലാതെ ഞങ്ങള്‍ പൈലറ്റുമാര്‍ ആരോടു പങ്കുവെക്കും. എങ്ങനെ ധൈര്യം വന്നുവെന്നാണെങ്കില്‍ സംശയിക്കേണ്ട എനിക്കിനി റിട്ടയര്‍മെന്റിന് അധിക നാളുകളില്ല. ഒരു വര്‍ഷത്തിനകം എല്ലാ വിദേശ പൈലറ്റുമാരേയും ഒഴിവാക്കും എന്നു കൂടി ആ ഉണ്ണി പറഞ്ഞതു കണ്ടു. എയര്‍ ഇന്ത്യ വിമാനങ്ങള്‍ സമയത്തു പറപ്പിക്കും, പ്രവാസികള്‍ക്ക് വോട്ടവകാശം ലഭ്യമാക്കും എന്നൊക്കെ മന്ത്രിമാരും നേതാക്കളും പറയാറില്ലേ. അതുപോലെ കണക്കാക്കിയാല്‍ മതി.
തീര്‍ച്ചയായും ഞാന്‍ മദ്യപിച്ചിട്ടില്ല. ആത്മാര്‍ഥത കൊണ്ടാണ് ഇങ്ങനെ മനസ്സു തുറന്നത്. എത്രയോ വര്‍ഷങ്ങളായി ഞാന്‍ നിങ്ങളെ മാന്യരെ എന്ന് അഭിസംബോധന ചെയ്യുന്നു. എന്റെ ഈ തെളിമയാര്‍ന്ന ശബ്ദം നിങ്ങള്‍ക്ക് ഉറക്കത്തില്‍ പോലും കേള്‍ക്കാമെന്നറിയാം. അത്രമേലുണ്ട് നമ്മള്‍ തമ്മിലുള്ള അടുപ്പം.
എനിക്ക് കമ്പനി എന്തു ശിക്ഷ വിധിച്ചാലും നിങ്ങള്‍ ഇതുവരെ അനുഭവിച്ച ശിക്ഷയുടെ ഒരു ശതമാനം പോലുമാകില്ല. എന്റെ ഹൃദയമിതാ ഞാന്‍ തുറന്നു കാണിക്കുന്നു. വിമാനം ഏതായാലും ഹാവ് എ ഗുഡ് ജേണി, താങ്ക് യു.

December 30, 2009

ഫാമിലി വിസ




വാര്‍ത്തകള്‍ സുഖദായകവും അസ്വസ്ഥത സൃഷ്ടിക്കുന്നവയുമുണ്ട്.
അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമക്ക് അസ്വസ്ഥത പകര്‍ന്ന വാര്‍ത്ത ഏതായിരിക്കും?
സംശയമില്ല, സ്വന്തം നാട്ടിലേക്കുള്ള വിമാനത്തില്‍ ബോംബ് പൊട്ടിക്കാന്‍ ശ്രമം നടന്നതും അക്രമി അഫ്ഗാനിസ്ഥാനെ കുറിച്ചു പറഞ്ഞതുമായിരിക്കും.
മല്‍ബുവിന് സുഖം പകര്‍ന്ന വാര്‍ത്തയാണ് സൗദി അറേബ്യയില്‍ ഫാമിലി വിസയുടെ കാര്യത്തില്‍ വരാനിരിക്കുന്ന പരിഷ്കാരം.
ഔദ്യോഗിക അറിയിപ്പൊന്നുമില്ലെങ്കിലും വാര്‍ത്ത പരന്ന് പരന്ന് അതു സംഭവിച്ചതു പോലെയായി.
ഫാമിലി വിസക്ക് ഇനി മുതല്‍ ഇഖാമയിലെ തൊഴില്‍ മാനദണ്ഡമാക്കില്ലെന്ന വാര്‍ത്തയാണ് മല്‍ബുവിന് സുഖദായകമായത്.
സുഖദായകം എന്നൊന്നും പറഞ്ഞാല്‍ പോരാ.
ഇതിലപ്പുറം ഇിനിയൊരു വാര്‍ത്ത വരാനില്ലെന്നാണ് മല്‍ബുവിന്റെ കമന്റ്.
ഒക്കെ മടക്കിവെച്ചതായിരുന്നു. ഇനിയൊന്നു കൂടി പൊടി തട്ടണം.
പൊടി പിടിച്ചു കിടന്ന മനസ്സിലും കുളിര്‍മ. വാര്‍ത്ത വരുന്നതു വരെ മനസ്സ് തികച്ചും അസ്വസ്ഥമായിരുന്നു.
പ്രവാസ ജീവിതം അവസാനിപ്പിക്കണമെന്ന ചിന്തക്കാണ് ഇതോടെ അറുതിയായത്. നാട്ടില്‍ പോയി എന്തെങ്കിലുമൊക്കെ ചെയ്ത് കുടുംബത്തോടൊപ്പം കഴിയാമെന്നു പറഞ്ഞുകൊണ്ടേയിരുന്ന മല്‍ബുവിനെ കൂട്ടുകാരും കൂടെ താമസിക്കുന്നവരും ഒരു വിധം പിടിച്ചുനിര്‍ത്തുകയായിരുന്നു.
പഠിപ്പിനനുസരിച്ചുള്ള ജോലി തന്നെയാണ് ലഭിച്ചതെങ്കിലും ഇഖാമയില്‍ രേഖപ്പെടുത്തിയ തൊഴിലാണ് മല്‍ബുവിന് കീറാമുട്ടിയായത്. അതു മാറ്റിയെടുക്കാനും ശ്രമിക്കാതിരുന്നിട്ടില്ല. പക്ഷേ, നടന്നില്ല.
പിന്നെ പരാതി പ്രളയമായി.
ഇതെന്തൊരു നാട് എന്നു ദിവസം നൂറു തവണയെങ്കിലും പറയും -നല്ല ചൂടുള്ള ദിവസം ശ്ശൊ എന്തൊരു ചൂട് എന്നും നല്ല തണുപ്പുള്ള ദിവസം ശ്ശൊ എന്തൊരു തണുപ്പ് എന്നും പറയുന്ന ലാഘവത്തോടെ.
താന്‍ പറഞ്ഞതുകൊണ്ട് തണുപ്പോ ചൂടോ കുറയില്ലെന്നു അറിയത്താവനല്ല മല്‍ബു.
എന്നാലും അസ്വസ്ഥതയിലേക്ക് ഊര്‍ന്നിറങ്ങാന്‍ മല്‍ബുവിന് അതുമതി. സ്വന്തം അസ്വസ്ഥത മറ്റുള്ളവരിലേക്ക് കൂടി പകര്‍ന്നാലേ സമാധാനത്തോടെ ഉറങ്ങാന്‍ പറ്റൂ.
താന്‍ തന്നെ നിര്‍വഹിക്കേണ്ട ജോലിയാണെന്നും ആരോടു പറഞ്ഞിട്ടും ഫലമുണ്ടാകില്ലെന്നും അറിവുള്ള മല്‍ബു തന്നെ പറയും. എന്തൊരു ജോലി ഭാരമാണിത്.
രാവിലെ ഓഫീസിലെത്തിയാല്‍ മല്‍ബു തുടങ്ങും.
നോക്കിഷ്ടാ, എടുത്താല്‍ തീരാത്തതത്രയും പണിയുണ്ട്. ശമ്പളം മാത്രം കൂടുന്നില്ല.
ഇതൊന്നുമില്ലെങ്കില്‍ റോഡിലെ തിരക്കിനെ കുറിച്ചെങ്കിലും പരാതി പറയാതെ മല്‍ബുവിന് സമാധാനമാവില്ല.
അതല്ല മാഷേ, ഫാമിലി വിസ കിട്ട്വോ. ഒന്നും പറയാറായിട്ടില്ല അല്ലേ.
ഓ, സമാധാനമായി. ചോദ്യവും ഉത്തരവും മല്‍ബു തന്നെ പറഞ്ഞു.
കുറച്ചുകൂടി ക്ഷമിച്ചേ പറ്റൂ. അറിയിപ്പ് വല്ലതും വരട്ടെ.
അതല്ല കാര്യം, അടുത്ത മാസം നാട്ടില്‍ പോകാനിരുന്നതാ. ഞാനതങ്ങ് കാന്‍സല്‍ ചെയ്തു. ഫാമിലി വിസ കിട്ടുകയാണെങ്കില്‍ മല്‍ബിയെ ഇങ്ങോട്ടു കൊണ്ടുവന്നാല്‍ മതിയല്ലോ?
വന്നിട്ട് ഒരു വര്‍ഷമേ ആയുള്ളൂവെങ്കിലും സ്വന്തം ടിക്കറ്റില്‍ പോകാന്‍ മാനേജറുടെ കാലു പിടിച്ചിട്ടാ ഒരു മാസത്തെ വെക്കേഷന്‍ നേടിയത്.
ഫാമിലി വിസ കിട്ടിയില്ലെങ്കില്‍ കടിച്ചതുമില്ല, പിടിച്ചതുമില്ല എന്നതു പോലെയാകും.
ആട്ടെ, മല്‍ബിയോടു പറഞ്ഞോ?
ഞാനായിട്ട് പറഞ്ഞില്ല. അവിടെ പത്രത്തിലും ടി.വിയിലും വന്നൂത്രെ.
ഏതായാലും മല്‍ബി നല്ല പ്രതീക്ഷയിലാണ്. അവള്‍ ഒരുക്കം തുടങ്ങി. വെക്കേഷനില്‍ വരുന്നില്ലാന്നു കൂടി പറഞ്ഞപ്പോള്‍ വിശ്വാസം ഇരട്ടിച്ചു. ഇക്കുറി എന്തായാലും നടക്കും.
ഹലോ. ഹലോ..
ഫാമിലി വിസക്ക് അപ്ലിക്കേഷന്‍ കൊടുക്കാറായോ?
അയ്യോ .. ഇതു ഇസ്തിഖ്ദാമല്ല, പത്രം ഓഫീസാണ്.
പത്രം ഓഫീസിലേക്കു തന്നെയാ വിളിച്ചത്. എപ്പൊഴാ കൊടുക്കാന്‍ പറ്റ്വാ.
കുറച്ചൂടി ക്ഷമിക്കേണ്ടി വരും. ഒന്നും വ്യക്തത കൈവന്നിട്ടില്ല.
എന്നാലും ഒരാഴ്ച കൊണ്ട് കിട്ടുമോ. നാട്ടില്‍ പോകാനിരുന്നതാ. ഇനിയിപ്പോ ഫാമിലിയെ ഇങ്ങോട്ടു കൊണ്ടുവരാനാ തീരുമാനം.
നല്ലതു തന്നെ. എന്നാലും ക്ഷമിക്കേണ്ടിവരും.
ക്ഷമ മല്‍ബുവിന് പുത്തരിയല്ലല്ലോ. എയര്‍ ഇന്ത്യ വിമാനത്തില്‍ തന്നെ പോകാന്‍ എത്ര നേരം കാത്തിരിക്കുന്നു.
Related Posts Plugin for WordPress, Blogger...