Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

December 5, 2015

അറബിയും പപ്പടവും


ഓഫീസില്‍നിന്നെത്തിയ മല്‍ബു കോളിംഗ് ബെല്‍ അടിച്ചുകൊണ്ടേയിരുന്നു. അകത്ത് ആളും അനക്കവുമില്ല.
അവസാനം മൊബൈല്‍ എടുത്തു വിളിച്ചപ്പോള്‍ മല്‍ബിയെ കിട്ടി.
എന്താ ബെല്ലടിക്കുന്നത് കേള്‍ക്കുന്നില്ലേ? ഡോര്‍ തുറക്കൂ.

ഇപ്പോ തുറക്കാമെന്ന് പറഞ്ഞിട്ടും കുറേനേരം ഡോര്‍ അടഞ്ഞുതന്നെ.
മുഷിഞ്ഞു തുടങ്ങിയ മല്‍ബു വീണ്ടും വിളിച്ചു ചോദിച്ചു. ഡോര്‍ തുറക്കാന്‍ എന്തേ താമസം?
ഇപ്പോ തുറക്കാം, ഈ മേശയൊന്നു നീക്കിക്കോട്ടെ.
ഡോറിനടുത്ത് ഏതു മേശ?
ഡൈനിംഗ് ഹാളിലെ മേശ.
അതെങ്ങനെ അവിടെ എത്തി.?
ഞാന്‍ തള്ളിക്കൊണ്ടുവന്നുവെച്ചതാ.
അന്തംവിട്ട മല്‍ബുവിന് ബി.പി കയറി തുടങ്ങിയപ്പോള്‍ ഡോര്‍ തുറക്കപ്പെട്ടു.
ഒരാളും രണ്ടാളും വിചാരിച്ചാല്‍ തള്ളിക്കൊണ്ടുവരാന്‍ പറ്റാത്ത ടേബിളാണ് മല്‍ബി തനിച്ച് തള്ളി ഡോറിനടുത്ത് എത്തിച്ചത്.
ഖലാസിയുടെ മോളന്നെ. അതാണ് മല്‍ബുവിന് മനസ്സില്‍ തോന്നിയത്.
പേടിച്ചരണ്ടതുപോലെ നില്‍ക്കുകയായിരുന്നു മല്‍ബി.
എന്താ എന്തു പറ്റി?
അറബി എന്നെ ഓടിച്ചപ്പോ ചാടി വന്ന് ഡോര്‍ അടച്ചശേഷം മേശ തള്ളിക്കൊണ്ടുവന്നു വെച്ചതാ. ഈ ഡോറിന് ഒരു ബലം പോരാ. ആഞ്ഞു തള്ളിയാല്‍ തുറന്നിങ്ങ് പോരും. ഈ ഡോര്‍ മാറ്റണം.
ഏത് അറബി ഓടിച്ചൂന്ന്. നീ എന്തിനാ പുറത്തു പോയത്: അമ്പരന്ന മല്‍ബു ചോദിച്ചു.
താഴെ ബഖാലയില്‍ പപ്പടം വാങ്ങാന്‍ പോയതായിരുന്നു. തിരിച്ചു പോരുമ്പോള്‍ രണ്ടാമത്തെ നിലയിലാ എത്തിയത്. ഇതിന്റെ നേരെ താഴെ. ഞാന്‍ താക്കോല്‍ ഇട്ട് തിരിച്ചിട്ടൊന്നും തുറക്കുന്നില്ല.
നിങ്ങളെ വിളിക്കാന്നു വിചാരിച്ചാല്‍ ഫോണ്‍ എടുത്തിട്ടുമില്ല.
അപ്പോഴാണ് അയാളെത്തിയത്. തൊപ്പിയിട്ട അറബി. കൂടെ ഒരു കൊച്ചുമുണ്ടായിരുന്നു.
എന്നിട്ട്?
അയാള്‍ എന്റെ പിന്നില്‍ വന്നുനിന്നു. ഞാന്‍ പേടിച്ചു മാറിയപ്പോള്‍ അയാള്‍ പറഞ്ഞു:
ഫ്‌ളാറ്റ്‌ മാറിപ്പോയി.
അപ്പോഴാണ് ഞാന്‍ ഡോര്‍ നോക്കിയത്. നമ്മുടെ ഡോറിനു മുകളിലെ ചുവന്ന സ്റ്റിക്കര്‍ കാണാനില്ല.
റൂം മാറീന്ന് മനസ്സിലായതും ഞാനൊരു ഓട്ടംവെച്ചു കൊടുത്തു. അന്നേരം പപ്പട പായ്ക്കറ്റ് എന്റെ കൈയീന്ന് തെറിച്ചു പോയി. അയാള്‍ എന്നെ പിറകില്‍നിന്ന് ഏയ്, ഏയ് എന്നു വിളിച്ചിരുന്നു.
എങ്ങനെയാ ഈ സ്‌റ്റെപ്പുകള്‍ കയറിയതെന്നറിയില്ല. ഞാന്‍ വേഗം വാതില്‍ തുറന്നു അകത്തു കയറി.
കുറച്ചു കഴിഞ്ഞപ്പോ അയാളും കൊച്ചും വന്ന് ബെല്ലടിച്ചൂന്നേ. ലെന്‍സിലൂടെ നോക്കിയപ്പോള്‍ ശരിക്കും കണ്ടു. കളഞ്ഞുപോയെ പപ്പടം കുട്ടിയുടെ കൈയിലുണ്ട്. പിന്നെ ഞാനീ മേശ തള്ളിക്കൊണ്ടുവന്ന് ഡോറിലേക്ക് തള്ളിപ്പിടിച്ച് അയാള് പോകുന്നതുവരെ ഒരേ നില്‍പ് നിന്നു.
വിവരണം കേട്ടതും മല്‍ബു ഡോര്‍ തുറന്ന് പുറത്തേക്കിറങ്ങി.
നിങ്ങള്‍ എവിടെ പോകുവാ? ചോദിക്കാനൊന്നും പോകണ്ടാന്നേ. പ്രശ്‌നം ഒന്നും ഉണ്ടായില്ലല്ലോ? ഞാനല്ലേ റൂം മാറി പോയത്.
അതൊന്നും കേള്‍ക്കാന്‍ നില്‍ക്കാതെ മല്‍ബു താഴോട്ടിറങ്ങി.
എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നോര്‍ത്ത് മല്‍ബിക്ക് ആധി കയറിത്തുടങ്ങി. നാട്ടില്‍നിന്ന് വന്നിട്ട് കുറച്ചു ദിവസം ആയെങ്കിലും ആദ്യായിട്ടാ ഒന്നു പുറത്തിറങ്ങിയത്. നാടന്‍ വിഭവം വേണോന്ന് പറഞ്ഞോണ്ടിരുന്ന മല്‍ബുവിന് ഒരു സര്‍പ്രൈസ് ആക്കാനാണ് സദ്യ ഒരുക്കിയത്. പപ്പടം കൂടി ആകട്ടേന്ന് കരുതി തനിച്ച് കടയിലേക്കിറങ്ങി. അതിങ്ങനെ പര്യവസാനിക്കൂന്ന് ആരറിഞ്ഞു.
കുറച്ച് കഴിഞ്ഞപ്പോള്‍ പുറത്ത് കാല്‍പെരുമാറ്റം.
മല്‍ബുവും അറബിയും കുഞ്ഞും പിന്നെ പര്‍ദയിട്ട ഒരു സ്ത്രീയും.
എല്ലാവരും അകത്ത് കയറിയപ്പോള്‍ മല്‍ബു ചോദിച്ചു.
ഇതല്ലേ നിന്നെ ഓടിച്ച അറബി?
ങും. മല്‍ബി മൂളി.
നീളന്‍ കുപ്പായവും തൊപ്പിയുമിട്ട അറബിയെ മല്‍ബി തുറിച്ചു നോക്കി.
അപ്പോഴേക്കും മല്‍ബു ചിരി തുടങ്ങിയിരുന്നു. അറബിയുടെ കൂടെ വന്ന സ്ത്രീയും അതില്‍ പങ്കുചേര്‍ന്നു.
മല്‍ബു പറഞ്ഞു: ഇത് അറബിയൊന്നുമല്ല. ഞാന്‍ പറഞ്ഞില്ലേ, താഴെ ഒരു മല്‍ബു ഫാമിലിയുണ്ടെന്ന്.
ചെര്‍പ്പുളശ്ശേരി ഹുസൈന്‍.
ഇയാള്‍ എപ്പോഴും ഈ വേഷത്തിലായിരിക്കും. സ്വദേശികളുമായി അലിഞ്ഞു ചേരണമെന്നാ മൂപ്പരുടെ അഭിപ്രായം.
ഞാന്‍ കുട്ടിയോട് മലയാളത്തിലല്ലേ പറഞ്ഞത് ഫഌറ്റ് മാറിപ്പോയീന്ന്: മല്‍ബിക്ക് നേരെ തിരിഞ്ഞു അറബി ചോദിച്ചു.
ങും. അറബി മലയാളം പറയൂല്ലേ? പറയൂന്ന് പറഞ്ഞല്ലോ?
ആര്?
ഓറെന്നെ. മല്‍ബുവിനു നേരെ വിരല്‍ ചൂണ്ടി മല്‍ബി പറഞ്ഞു.
ഓറ് തന്നെയാ കാരണക്കാരന്‍. മല്‍ബി വിമാനം ഇറങ്ങിയതു മുതല്‍ തുടങ്ങിയതായിരുന്നു ജാഗ്രതാ നിര്‍ദേശം. ആരു വന്നു ബെല്ലടിച്ചാലും വാതില്‍ തുറക്കരുത്. വാതിലിന്റെ ലെന്‍സിലൂടെ നോക്കി ഉറപ്പുവരുത്തണം. കള്ളന്‍മാര്‍
പല അടവുകളും പയറ്റും. ചിലപ്പോള്‍ മലയാളത്തില്‍ സംസാരിച്ച് വാതില് തുറപ്പിക്കും. മലയാളി ആയിരിക്കൂല. അറബിക്കള്ളന്‍മാര്‍
തന്നെ ആയിരിക്കും.
വീടിനു പുറത്തിറങ്ങുമ്പോള്‍ മല്‍ബു എല്ലാ ദിവസവും ഇത് ഓര്‍മിപ്പിക്കും. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട ഇതായിരിക്കും അവസാന വാചകം.

1 comment:

mini//മിനി said...

അറബിക്കഥ നന്നായി,, മലയാളികൾ അറബി പറയുമ്പോൾ അറബിക്കെന്താ മലയാളം പറഞ്ഞാൽ?

Related Posts Plugin for WordPress, Blogger...