Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

July 2, 2013

കാര്യസ്ഥന്റെ ചിരി



അപ്രതീക്ഷിതമായി കിട്ടിയ ഒഴിവുദിനം ആഘോഷിക്കുകയാണ് മല്‍ബു ഹൗസിലെ രണ്ട് അന്തേവാസികള്‍. നാട്ടിലെ ബന്ദ് പോലെ തന്നെ.
ഫ്‌ളൈയിംഗ് കുക്കിന് തിരക്കുണ്ടായിരുന്നെങ്കിലും സാദാ ചോറ് മാറ്റി ബിരിയാണി വെപ്പിക്കുന്നുണ്ട്. വില നല്ലോണം കൂടിയിട്ടുണ്ടെങ്കിലും അയക്കൂറ തന്നെ വാങ്ങി. പായസം ഉണ്ടാക്കാനൊന്നും നേരമില്ലെന്ന് കുക്ക് വാശി പിടിച്ചെങ്കിലും അതും ഒരു പാക്കറ്റ് മാള്‍ബോറോ കൊണ്ട് സമ്മതിപ്പിച്ചു.

പല മെസ്സുകളില്‍ വെക്കാനുള്ളതുകൊണ്ടാണ് ഫ്‌ളൈയിംഗ് കുക്കെന്ന പേരുവീണത്. ഒരിടത്തെ വെപ്പ് തീര്‍ത്ത് അടുത്ത ഫഌറ്റിലേക്ക് സിഗരറ്റും കത്തിച്ച് നടക്കാറാണ് പതിവെങ്കിലും ഫ്‌ളൈ ചെയ്യുന്നു എന്നു പറയാനാണ്  ആളുകള്‍ക്കിഷ്ടം. പറക്കാനാണല്ലോ മല്‍ബുവിന് എപ്പോഴും കൊതി.

കടത്തുവള്ളം യാത്രയായി, കരയില്‍ നീ മാത്രമായി എന്ന പാട്ട് കേള്‍ക്കുമ്പോള്‍ എയര്‍ഇന്ത്യ യാത്രയായി എന്നു തിരുത്തിപ്പാടുന്നവന്‍ മല്‍ബു.
ചെക്കിംഗുണ്ടാകും ഇന്ന് രണ്ട് പേരും ലീവെടുത്തോളൂ എന്നാണ് മൊബൈല്‍ കടയുടെ മുതലാളി പറഞ്ഞിരുന്നതെങ്കിലും അതായിരുന്നില്ല കാരണം. നിനക്കാതെ ലഭിച്ച ഈ ഓഫിനു പിന്നില്‍ കടയിലേക്കുള്ള കഫീലിന്റെ വരവാണെന്ന് ഇരു മല്‍ബുകളും ചുഴിഞ്ഞന്വേഷിച്ച് കണ്ടെത്തിയിരുന്നു.

കാരണം എന്തായാലും ചുമ്മാ ഒരു ദിവസം ലീവ് കിട്ടുകയെന്നു പറഞ്ഞാല്‍ അത് ആഘോഷിക്കേണ്ടതു തന്നെയാണ്. കഫീലെങ്കില്‍ കഫീല്‍, നിതാഖാത്തുകാരെങ്കില്‍ അവര്‍
കഫീലിന്റെ വരവ് മുതലാളി മല്‍ബുവിനെ ശരിക്കും തത്രപ്പാടിലാക്കിയിരുന്നു. കട തുടങ്ങി കൊല്ലം അഞ്ചായെങ്കിലും ആദ്യമായാണ് കഫീല്‍ കടയിലേക്ക് വരുന്നത്. മള്‍ട്ടി കഫീലിന് കടകളും തൊഴിലാളികളും നിരവധിയാണ്. ഓരോ കടയും സന്ദര്‍ശിക്കാന്‍ പിന്നെ എവിടെ നേരം. കാര്യങ്ങളെല്ലാം നടത്തിയിരുന്നത് കാര്യസ്ഥനായിരുന്നു. കഫീലു വരുമെന്ന് കഴിഞ്ഞ ദിവസമാണ് അയാള്‍ വന്നു പറഞ്ഞിട്ടു പോയത്.

മാസാമാസം കൊടുക്കാറുള്ള കഫീല്‍ മണി കൂട്ടാനായിരിക്കും എഴുന്നള്ളത്ത് എന്ന് കരുതിയാണ് മല്‍ബുവിന്റെ ഒരുക്കം. ചെറിയ മട്ടത്തില്‍ പോകുന്ന കടയാണെന്ന് തോന്നിപ്പിക്കാനാണ് രണ്ട് പണിക്കാര്‍ക്ക് ലീവ് കൊടുത്തത്. കഫീല്‍ അടിച്ചുമാറ്റുമെന്ന് ഉറപ്പായതിനാല്‍ ഡിസ്‌പ്ലേ വെച്ചിരുന്ന വില കൂടിയ ഫോണുകളൊക്കെ കാര്‍ട്ടണിലാക്കി അകത്തുവെച്ചു.

കഴിഞ്ഞ ദിവസമാണ് കൂട്ടുകാരന്റ കടയില്‍നിന്ന് അയാളുടെ കഫീല്‍ ഒരു മ്യൂസിക് സിസ്റ്റം ചുമ്മാ എടുത്തുകൊണ്ടുപോയത്. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട എന്നാണല്ലോ?
കഫീല്‍ വരവിന്റെ ഉദ്ദേശ്യത്തെ കുറിച്ചൊന്നും കാര്യസ്ഥന്‍ വിട്ടു പറഞ്ഞിരുന്നില്ല. എന്തെങ്കിലും സംസാരിക്കാന്‍ കാണും എന്നു മാത്രമാണ് പറഞ്ഞിരുന്നത്.
പറഞ്ഞ സമയം തെറ്റിക്കാതെ കഫീല്‍ എത്തി.

പുതിയ കുഴപ്പങ്ങള്‍ കാരണം കച്ചവടമൊക്കെ കുറവാണ് എന്നു പറഞ്ഞുകൊണ്ടാണ് മല്‍ബു വരവേറ്റത്. വൈകുന്നേരങ്ങളില്‍ നിന്നു തിരിയാനിടമില്ലാത്ത കടയാണെന്ന് അറിയാവുന്ന കാര്യസ്ഥന്‍ അതുകേട്ട് ഊറിച്ചിരിക്കുന്നുണ്ടായിരുന്നു.

ഐ ഫോണൊന്നും വെക്കാതെ എങ്ങനെ കച്ചവടമുണ്ടാകുമെന്ന് ഡിസ്‌പ്ലേ സ്റ്റാന്റില്‍ കണ്ണോടിച്ചു കൊണ്ട് കഫീല്‍ പറഞ്ഞപ്പോഴും കാര്യസ്ഥന്‍ ചിരിച്ചു. ഒരാഴ്ച മുമ്പ് കണ്ട ഐ ഫോണുകളൊക്കെ എവിടെ പോയെന്ന് ആലോചിക്കുകയായിരുന്നു അയാള്‍.
ഐഫോണ്‍ വാങ്ങുന്ന കസ്റ്റമേഴ്‌സൊന്നും ഇവിടെ വരില്ലാന്നു പറഞ്ഞു മല്‍ബു. ആളുകളൊക്കെ സൂഖിലേക്കാണ് പോകുക.

അടിച്ചുമാറ്റാനുള്ള ഐഫോണ്‍ കാണാത്തതിനാല്‍ നിരാശനായി എന്നു പറയാനൊക്കില്ലെങ്കിലും കഫീല്‍ കാര്യത്തിലേക്ക് കടന്നു.
ഒരാളുടെ സ്‌പോണ്‍സര്‍ഷിപ്പ് ഉടന്‍ മാറ്റണം. അല്ലാതെ കട നടത്തിക്കൊണ്ടു പോകാനാവില്ല. ആരാണ് മാറുന്നതെന്നുവെച്ചാല്‍ പെട്ടെന്ന് കടലാസുകള്‍ ഏല്‍പിക്കണം. ഇതാണ് ഡിമാന്റ്.

ഇക്കാര്യം മല്‍ബു ആലോചിക്കാത്തതല്ല.
സ്വയം മാറാന്‍ പറ്റില്ല. കാരണം കമ്പനി ജോലിക്കാരനാണ് മല്‍ബു. നിലവിലെ പണിക്കാര്‍ ആരും മാറാന്‍ തയാറില്ല. നാല് പണിക്കാരില്‍ ഒരാള്‍ ഇരട്ടി ശമ്പളത്തിന് കമ്പനിയിലേക്ക് മാറിയതോടെ മറ്റുള്ളവരും ആ പൂതിയിലാണ്.
പുതുതായി ഒരാളെ കണ്ടെത്താനുള്ള ശ്രമമൊന്നും വിജയിക്കുന്നില്ല.
ആലോചിക്കട്ടെ, ഒരാഴ്ച സമയം വേണം.
മല്‍ബുവിന്റെ മറുപടി കഫീല്‍ അംഗീകരിച്ചില്ല.
ഒരാഴ്ചയൊന്നും പറ്റില്ല. രണ്ട് ദിവസത്തിനുള്ളില്‍ മറുപടി വേണം.
ഇയാള്‍ ഇതും പറഞ്ഞങ്ങുപോകുമെന്ന് കരുതി ഇത്തിരി ഗൗരവത്തിലൊക്കെ നിന്നിരുന്ന മല്‍ബുവിനെ കഫീലിന്റെ അടുത്ത വാക്കുകള്‍ ശരിക്കും ഐസാക്കി കളഞ്ഞു.
കഫാല മാറാന്‍ ആളില്ലെങ്കില്‍ ഭയപ്പെടാനില്ല. കട കൈമാറിക്കോളൂ. വാങ്ങാന്‍ ആളൊക്കെ എന്റെ പക്കലുണ്ട്. അപ്പോഴും കാര്യസ്ഥന്റെ മുഖത്ത് വിടര്‍ന്ന ചിരി.


14 comments:

ajith said...

ഓരോരോ ജീവിതപ്രശ്നങ്ങള്‍..അല്ലേ?

- സോണി - said...

പണി വരുന്ന വഴിയേ..

ഷാജു അത്താണിക്കല്‍ said...

എന്തല്ലാം നോക്കണം അല്ലേ
മൽബു നീ ഞാനാടാ, അല്ലാ നമ്മളാടാ

K@nn(())raan*خلي ولي said...

മല്‍ബു പിന്നേം കലക്കി.
നാമൊക്കെ ഓരോ മല്‍ബു തന്നെ!

വീകെ said...

ഗൾഫ് ജീവിതം....!

പൈമ said...

um...nnalum ..nte kappeelee :)

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

മരുഭൂമിയിലെ മല്‍ബുമാരുടെ ജീവിതം തന്നെയാണ് കാണിച്ചത്..സംഘര്‍ഷഭരിതമായ അവരുടെ മനസ്സും അതിലുണ്ട്..നന്നായി അവതരിപ്പിച്ചു.

Vinodkumar Thallasseri said...

കാര്യസ്ഥചരിതം ഒരു വലിയ നോവലിന്‌ വകയുള്ളതാണ്‌ കേരളചരിത്രത്തില്‍

Echmukutty said...

കഷ്ടകാലം വരുന്ന വഴി...

kochumol(കുങ്കുമം) said...

ഇങ്ങനെ എത്ര മല്‍ബുമാര്‍ ..!

A said...

മല്ബുവിന്‍റെ ഇതിഹാസം അവസാനിക്കുന്നില്ല. ഈ അവതരണം രസകരം

ബഷീർ said...

ഇനിയും ജീവിതം ബാക്കി

ente lokam said...

കാര്യസ്ഥന്റെ (അയാളും മൽബു ആവും അല്ലെ)
ചിരി കണ്ടിട്ട് സങ്കടം വരുന്നു.
പാവം നമ്മുടെ മൽബു...

Muralee Mukundan , ബിലാത്തിപട്ടണം said...

ഈ മൽബു ഓരൊ
പ്രവാസിയായ മല്ലുവിന്റേയും പ്രതിനിധി തന്നെ..!

Related Posts Plugin for WordPress, Blogger...