Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

February 4, 2013

ടോര്‍ച്ചില്ലാത്ത ബാച്ചി




കടയിലെ ജോലി കഴിഞ്ഞപാടെ മുറിയിലേക്ക് തിരിച്ചതായിരുന്നു മല്‍ബു. അലക്കാനും തേക്കാനുമുണ്ട്. അതുകൊണ്ട് നടത്തം ഇത്തിരി വേഗത്തിലാക്കി. സമയം അര്‍ധരാത്രി കഴിഞ്ഞിട്ടുണ്ട്. ഇനിയിപ്പോ അലക്കും തേക്കലും കുളിയുമൊക്കെ കഴിയുമ്പോഴേക്കും നേരം വെളുത്തതു തന്നെ. ഓരോന്നാലോചിച്ച് ഫഌറ്റ് എത്തിയതറിഞ്ഞില്ല. പതിവിനു വിപരീതമായി അകത്തു വെളിച്ചം കണ്ട് മല്‍ബു ഒന്നുഞെട്ടി.
ആരെങ്കിലും നാട്ടില്‍ പോകുന്നുണ്ടോ? ഓര്‍ത്തു നോക്കി. ഇല്ല, പോകുന്ന കാര്യം ആരും പറഞ്ഞതായി ഓര്‍ക്കുന്നില്ല.
രാത്രിയും പകലും പല സമയങ്ങളില്‍ ജോലി കഴിഞ്ഞെത്തുന്നവര്‍ താമസിക്കുന്ന ഫഌറ്റാണ്. രാത്രി ഒരിക്കലും വെളിച്ചമുണ്ടാകാറില്ല.  നേരത്തെ വന്നു കിടന്നുറങ്ങി പുലരുംമുമ്പേ പോകേണ്ടവര്‍ക്ക് അസമയത്തുള്ള വെളിച്ചം ശല്യമാകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കുന്നു. വിപരീതമായി സംഭവിക്കാറുള്ളത് ആരെങ്കിലും നാട്ടില്‍ പോകുമ്പോഴാണ്. അന്ന് വെളിച്ചമുണ്ടാകും. അഞ്ചും ആറും മാസത്തിനുശേഷം അന്തേവാസികള്‍ മനസ്സറിഞ്ഞ് കാണുന്നതും അന്നായിരിക്കും. എല്ലാവരും  ബക്കാല പണിക്കാരായതിനാല്‍ വാരാന്ത്യം പോലും ആഘോഷിക്കാനില്ലാത്തവരാണ്.
മെയിന്‍ ഡോര്‍ തുറന്ന് അകത്തു കയറിയപ്പോള്‍ ഹാളില്‍ രണ്ടു പേര്‍ മാത്രമേയുള്ളൂ.
അല്ല, ഇതാരാ എന്നോട് പറയാതെ നാട്ടില്‍ പോകുന്നത്?
രണ്ടു പേരും മിണ്ടുന്നില്ല. ഡൈനിംഗ് ടേബിളിന്റെ രണ്ടറ്റത്തായി ഇരിക്കുകയാണ്. ഒരാള്‍ പുതിയതാണ്. വന്നിട്ട് രണ്ടു മാസമേ ആയിട്ടുള്ളൂ. രണ്ടു പേരും ഒരേ ബക്കാലയില്‍ പണിയെടുക്കുന്നവര്‍.
മിണ്ടാട്ടമില്ലാത്തതു കണ്ടപ്പോള്‍ മല്‍ബു സംശയിച്ചു.
രണ്ടു പേരും അടിച്ചു പിരിഞ്ഞോ ആവോ?  ഒരുമിച്ചു താമസിക്കുന്നവരും ഒരുമിച്ചു ജോലി ചെയ്യുന്നവരുമൊക്കെ ആണെങ്കിലും അടിച്ചുപിരിയാനും അധികം താമസമൊന്നും വേണ്ട.
കഴിഞ്ഞയാഴ്ചയാണ് നാണിയും മാനുവും തല്ലിപ്പിരിഞ്ഞത്. മാനു നാട്ടീന്നു വരുമ്പോള്‍ പോത്തിറിച്ചി കൊണ്ടുവരാത്തതിന് നാണി കളിയാക്കി. അതായിരുന്നു കാരണം.
ബാക്കിയുള്ളവര്‍ കൊണ്ടുവരുമ്പോള്‍ വാരിവലിച്ചു തിന്നുമല്ലോ എന്നു നാണി പറഞ്ഞത് അഭിമാനിയായ മാനുവിന് ഒട്ടും സഹിച്ചില്ല. പിന്നീട് ആരൊക്കെ എന്തൊക്കെ പറഞ്ഞിട്ടും ഒരു രക്ഷയുമുണ്ടായിരുന്നില്ല.
മാനു മുറി മാറിപ്പോയി.
എന്താ രണ്ടുപേരും ഇങ്ങനെ തെക്കും വടക്കും നോക്കിയിരിക്കുന്നത്? ഇരിപ്പു കണ്ടാല്‍ എന്തോ കുഴപ്പം മണക്കുന്നുണ്ടല്ലോ?
ഒന്നും പറയണ്ട. ഇവനെക്കൊണ്ടു തോറ്റു. വന്ന അന്നുമുതല്‍ ഇവനോട് പറയുന്നതാ. ഒന്നുകില്‍ നീ ഒരു ടോര്‍ച്ച് വാങ്ങണം. അല്ലെങ്കില്‍ മൊബൈല്‍ ലൈറ്റ് ഉപയോഗിക്കണം. ദേ കണ്ടോ? അഞ്ച് റിയാലിനു വാങ്ങിയ ടോര്‍ച്ചാണ്. അഞ്ച് കൊല്ലമായി ഉപയോഗിക്കുന്നു. ഒരു കുഴപ്പവുമില്ല- ടോര്‍ച്ച് നീട്ടിക്കൊണ്ട് അയമൂട്ടി പറഞ്ഞു.
ഇവന്റെടുത്ത് വില കൂടിയ മൊബൈല്‍ അല്ലേ. ഗാലക്‌സിയോ നോട്ടോ എന്തോ അല്ലേ?  അതില്‍ ടോര്‍ച്ച് ഇന്‍സ്റ്റാള്‍ ചെയ്‌തെന്നും അതുകൊണ്ടിനി ടോര്‍ച്ച് വേണ്ട എന്നുമൊക്കെ പറയുന്നത് കേട്ടിരുന്നല്ലോ?
വലിയ ഫോണ്‍ ഒക്കെ തന്നെ, എല്ലാം ഉണ്ടുതാനും. എന്നാലും ഉപയോഗിച്ചാലല്ലേ ഗുണമുള്ളൂ. ഈ അഞ്ചു റിയാല്‍ ടോര്‍ച്ചിന്റെ ഉപയോഗം പോലും ഉണ്ടായീന്നു വരില്ല-ഇത്തിരി കനപ്പിച്ചാണ് അയമൂട്ടിയുടെ പറച്ചില്‍.
അതിനൊക്കെ ഇവിടെ എന്താ ഉണ്ടായത്. അവന്‍ ഒന്നു ലൈറ്റിട്ടു കാണും. അതൊന്നു ക്ഷമിച്ചൂടെ അയമൂട്ടി നിനക്ക്.
ലൈറ്റിട്ടതൊന്നുമല്ല കാര്യം. അവനോടു തന്നെ ചോദിച്ചു നോക്ക് എന്താ സംഭവിച്ചതെന്ന്.
തല കുമ്പിട്ടിരുന്നതല്ലാതെ പുള്ളിക്കാരന്‍ ഒന്നും മിണ്ടിയില്ല.
എന്താ ഇവനിങ്ങനെ വിഷമിച്ചിരിക്കുന്നത്. നീ അവനെ നന്നായി കുടഞ്ഞൂന്നു തോന്നുന്നല്ലോ? അയമൂട്ടി തന്നെ പറ.  എന്താ ഉണ്ടായത്
പണ്ട് ഫഌറ്റ് മാറിപ്പോയ കുഞ്ഞാലനെ ഓര്‍മയുണ്ടോ?  അയാള്‍ ബ്രഷ് മാറി പല്ല് തേച്ചപ്പോള്‍  എന്തായിരുന്നു പുകില്. കുഞ്ഞാലന്‍ തേച്ചത് വേറെ ആരെങ്കിലും പല്ല് തേക്കുന്ന ബ്രഷ് കൊണ്ടുപോലുമല്ല. കോയാമു കാല് ഉരക്കാന്‍ മാറ്റി വെച്ച ബ്രഷായിരുന്നു അത്.
അതു പോട്ടെ, പഴയ കഥ. ഇവിടെ എന്താണ് സംഭവിച്ചത്. അര്‍ധ രാത്രി നിങ്ങള്‍ രണ്ടുപേരും ഇങ്ങനെ ലൈറ്റും ഇട്ട് കെറുവിച്ചിരിക്കാന്‍.
ഞാന്‍ ഇവന്‍ ജോലി കഴിഞ്ഞു വരുന്നതും കാത്തിരിക്കാരുന്നു. രണ്ട് പറഞ്ഞിട്ടു കിടക്കാന്‍.
ബാക്കി പറഞ്ഞത് മല്‍ബുവിന്റെ കാതിലായിരുന്നു.
പുലര്‍ച്ചെ ഇവന്‍ ജോലിക്കു പോകുമ്പോള്‍ ഇരുട്ടത്ത് തപ്പിത്തടഞ്ഞ് ഇട്ടോണ്ടു പോയത് ഞാന്‍ ഊരിവെച്ച ഉളളുടുപ്പായിരുന്നു.
എന്ത് ബനിയനോ?
അല്ലാന്നേ. ഞാന്‍ പാന്റ്‌സിനോടൊപ്പം അഴിച്ചുവെച്ചതാരുന്നു. അതെങ്ങനെ ഇവനു കിട്ടിയെന്നാ ഇപ്പോഴും മനസ്സിലാകാത്തത്. അതുമാത്രമല്ല, ഞാനിപ്പോ പറയുന്നതുവരെ ഇവന്‍ അക്കാര്യം അറിഞ്ഞിട്ടുപോലുമില്ല.
ഓനും ഓന്റെ ഒരു മൊബൈല്‍ ടോര്‍ച്ചും. അഞ്ച് റിയാലിന്റെ ഈ ടോര്‍ച്ചിന് ഒക്കൂല ഒന്നും. ട്യൂബ് ലൈറ്റിന്റെ വെളിച്ചത്തിലും ചുമരില്‍ അയമൂട്ടിയുടെ ഞെക്കുവിളക്കിന്റെ വെളിച്ചം വട്ടം വരച്ചു.



15 comments:

ശ്രീ said...

ഹഹ. അപ്പോ ടോര്‍ച്ച് അത്യാവശ്യം തന്നെ!

ente lokam said...

ഇഷ്ടപ്പെട്ടു.....ഇതിന്റെ കൂടെ വായിച്ചു വന്നപ്പോള്‍
ഉപ കഥകള്‍ അതിനേക്കാള്‍ രസം...

M. Ashraf said...

വരവിനും വായനക്കും കമന്റിനും ശ്രീക്കും എന്റെ ലോകത്തിനും നന്ദി.

Jefu Jailaf said...

:) :) ഒന്നുകില്‍ ടോര്ച്ച്ചു വാങ്ങുക, അല്ലെങ്കില്‍ ഉള്ളുടുപ്പ് ഒഴിവാക്കുക..
രസായിട്ടുണ്ട്..

ഷാജു അത്താണിക്കല്‍ said...

താങ്കളുടെ ഈ ശൈലി തന്നെ നല്ല രസമാണ് വായന്നക്ക്

ആശംസകൾ

കൊമ്പന്‍ said...

ന്‍റെ അമ്മോ നല്ലൊരു നല്ലൊരു നര്‍മം ഇതാ പറയുന്നത് അവനാന്റെ മൊതല്‍ ഇടണം എന്ന്

Unknown said...

:) good

Anonymous said...

വളെരെ നന്നായിട്ടുണ്ട് ചിരിക്കാനും ചിന്തിക്കാനും

Muralee Mukundan , ബിലാത്തിപട്ടണം said...

ഭായിയുടെ ആ സ്വതസിദ്ധമായ നർമ്മ ശൈലിയിലേക്ക് ഈ ടോർച്ച് പുരാണം എത്തിയില്ല കേട്ടൊ

ajith said...

ഹഹഹ
ഇതല്ലേ സഹകരണം എന്ന് പറയുന്നത്

Mohamedkutty മുഹമ്മദുകുട്ടി said...

ന്നാലും ഇച്ചിരി കടന്നു പോയി.അതെങ്ങനെ മൂപ്പര്‍ക്കു കിട്ടി? ..ആ സസ്പെന്‍സ് പറഞ്ഞില്ല.

Akbar said...

അപ്പൊ ടോര്‍ച് അത്യാവശ്യം. ഈ ബാചീസിന്റെ ഒരു കാര്യം.

Echmukutty said...

അയ്യേ!

എന്നാലും പാവം ഒരബദ്ധം പറ്റീതല്ലേ?

kochumol(കുങ്കുമം) said...

:)
:)

Unknown said...

മൽബു റോക്സ്....

Related Posts Plugin for WordPress, Blogger...