Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

January 15, 2013

പിഴമേല്‍പിഴ



കൗണ്ടറിനകത്ത് ടൈ ശരിയാക്കുകയായിരുന്ന മല്‍ബുവിന്റെ മുഖത്തേക്ക് കസ്റ്റമര്‍ അയാളുടെ അവസാനത്തെ ആയുധം പ്രയോഗിച്ചു. അതു കൃത്യമായി മൂക്കിന്റെ വലതു ഭാഗത്തു കണ്ണിനു താഴെയായി ചെന്നു പതിച്ച് ചിതറി.
ടൈയില്‍ പിടിച്ചു വലിക്കാവുന്ന ദൂരത്തിലല്ലാത്തതിനാല്‍ ക്ഷുഭിതനായ കസ്റ്റമര്‍ക്ക് വേറേ വഴി ഇല്ലായിരുന്നു. അറ്റകൈക്കുള്ള ഈ വായ്പ്രയോഗം സാധരണ കാണാറുള്ളത് റോഡുകളിലാണ്.
ആഞ്ഞുള്ള തുപ്പല്‍.
ഡ്രൈവിംഗിലെ പിശകുകകളും തര്‍ക്കങ്ങളും പലപ്പോഴും ഇങ്ങനെയാണ് പര്യവസാനിക്കാറുള്ളത്. സിഗ്നലുകളില്‍ കാര്‍ നിര്‍ത്തി ചാടി ഇറങ്ങി മറ്റേ വാഹനത്തിലെ ഡ്രൈവറുടെ മുഖത്തേക്ക് കൃത്യമായി ബോള്‍ ബാസ്‌കറ്റിലിടുന്നതുപോലെ തുപ്പല്‍ എത്തിക്കുന്ന വിരുതന്മാരുണ്ട്. നിത്യാഭ്യാസമായതു കൊണ്ടായിരിക്കാം അവര്‍ക്ക് ഇത് ഇത്ര കിറുകൃത്യമായി  നിര്‍വഹിക്കാന്‍ സാധിക്കുന്നത്. തര്‍ക്കിക്കാന്‍ വരുന്നവരെ കൈകാര്യം ചെയ്യാന്‍ വണ്ടിയില്‍ മുട്ടന്‍ വടി സൂക്ഷിക്കുന്ന ഡ്രൈവര്‍മാര്‍ക്കുപോലും വജ്രായുധം പ്രയോഗിക്കുന്ന ഇത്തരക്കാരോട് തോറ്റു പിന്മാറുകയേ നിര്‍വാഹമുള്ളൂ.
മുഖത്തേറ്റ തുപ്പല്‍ പനിനീരാണെന്നു കരുതി അധികനേരം നില്‍ക്കാനാവില്ല. കൗണ്ടറില്‍നിന്ന് പുറത്തുകടന്ന് കഴുകണമെന്നുണ്ട് മല്‍ബുവിന്. പക്ഷേ, പുറത്തിറങ്ങാന്‍ ഭയം. നെഞ്ച്‌വിരിച്ചുകൊണ്ടുനില്‍ക്കുകയാണ് മുന്നില്‍ കസ്റ്റമര്‍. കാര്യം മനസ്സിലാക്കിയ മറ്റൊരു മല്‍ബു സഹപ്രവര്‍ത്തകന്‍ ഒരു ടിഷ്യൂ നല്‍കിക്കൊണ്ട് ഉപദേശിച്ചു.
തല്‍ക്കാലം ഇതുകൊണ്ടു തുടച്ചുകള. ഇനിയൊന്നും അയാളോട് പറയാന്‍ നില്‍ക്കണ്ട. എന്തും ചെയ്തു കളയും. കുറച്ചുനേരംനിന്ന് പകയങ്ങടങ്ങിയാല്‍ താനേ പൊയ്‌ക്കോളും.
പക്ഷേ, പോകുന്ന മട്ടില്ല. ഓണറെ വിളിക്കാതെ പോകുന്ന പ്രശ്‌നമില്ലെന്ന പിടിവാശിയിലാണ് അയാള്‍. ഓറ് കുറേ ദൂരെ പോയതാണെന്ന് പറഞ്ഞിട്ടൊന്നും കേള്‍ക്കുന്നില്ല. എത്ര നേരായാലും കണ്ടിട്ടേ പോകുന്നുള്ളൂ. ഇവനെയൊക്കെ ഇനിയും കടയില്‍ നിര്‍ത്തുമോ എെ
ന്നാന്നറിയണം.
പരാതി പറയാന്‍ വന്നപ്പോള്‍ മല്‍ബു അവഗണിച്ചതാണ് കസ്റ്റമറെ ഇത്രമേല്‍ ക്ഷുഭിതനാക്കിയത്. വില കൂടുതല്‍ ഈടാക്കിയെന്നു ആവലാതി പറഞ്ഞപ്പോള്‍ അതാണ് ഞങ്ങളുടെ വില, വേണമെങ്കില്‍ വാങ്ങിയാല്‍ മതിയെന്നായിരുന്നു മല്‍ബുവിന്റെ നിലപാട്. കുറച്ചുനേരം നാക്കിട്ടടിച്ച് അയാളങ്ങ് പോയ്‌ക്കൊളും എന്നു കരുതിയ മല്‍ബു സ്മാര്‍ട്ട് ഫോണില്‍ ചാറ്റ് തുടങ്ങുകയും ചെയ്തു. ചാറ്റിനിടയില്‍ പുഞ്ചിരി വിടര്‍ന്ന മുഖത്തേക്കാണ് വാണം പോലെ തുപ്പല്‍ വന്നുപതിച്ചത്.
കടയില്‍ തന്നെ ഉണ്ടായിരുന്നു മറ്റു മല്‍ബുകളും രണ്ടു ചേരിയായി. ചിരിച്ചു കാണിക്കുമെങ്കിലും അവസരം കിട്ടിയാല്‍ പാരയ്ക്കാണല്ലോ അവര്‍ക്കും മുഖ്യസ്ഥാനം. കസ്റ്റമറെ മൈന്റ് ചെയ്യാതെ മല്‍ബു ഫോണില്‍ കളിച്ചത് തെറ്റാണെന്ന് ഒരു കൂട്ടര്‍ വിധിയെഴുതി.
എന്തായാലും ഓണറെ വിളിക്കാതെ പോംവഴിയില്ല. ഇയാള്‍ പോകില്ല. സ്റ്റാഫിന് ഓണറെ വിളിക്കാന്‍ മടിയാണ്. കാരണം, കടയില്‍ എന്തു പ്രോബ്ലം ഉണ്ടായാലും തന്നെ വിളിച്ച് എടങ്ങേറാക്കരുതെന്നും സ്വയം തന്നെ പരിഹാരം കാണണമെന്നുമാണ് ഓണറുടെ കല്‍പന. നൂറു മാലിഷ് പറഞ്ഞാലും മുസീബത്ത് നീങ്ങില്ലാന്ന് ബോധ്യപ്പെട്ട മറ്റു മല്‍ബുകള്‍ ഒടുവില്‍ ഓണറെ വിളിച്ചു.
പ്രോബ്ലം കേട്ട ഓണര്‍ അഞ്ച് മിനിറ്റു കൊണ്ട് കടയിലെത്തി. കയറിയ ഉടന്‍ കസ്റ്റമറെ കെട്ടിപ്പിടിച്ച് മുത്തിമണത്തു. ചിരപരിചിതനെ പോലെ പെരുമാറാന്‍ കഴിയുക എന്നത് ഓണറുടെ ഒരു കഴിവാണ്. ഓണറില്‍ ആകൃഷ്ടനായ കസ്റ്റമര്‍ അടുത്ത പ്രയോഗത്തിനായി കരുതിവെച്ചിരുന്ന തുപ്പല്‍ ഇറക്കിക്കൊണ്ട് പ്രോബ്ലം വിശദീകരിച്ചു.
സംഗതി ഇത്തിരി കടന്ന കൈയായിരുന്നു. ഒരു കടയിലും ഇല്ലാത്തത്രയും വിലയ്ക്ക് ഒരു സാധനം വിറ്റിരിക്കുന്നു. അതും എല്ലാ കടയിലും ഇഷ്ടം പോലെ ലഭിക്കുന്ന സാധനം. ബില്ലും എഴുതിക്കൊടുത്തിട്ടുണ്ട്. പക്ഷേ ബില്ലിലെ തുക 60 എന്നും 80 എന്നും വായിക്കാം. പരമാവധി വില്‍പന വില 60 ആയി തീരുമാനിച്ച സാധനമാണ്. 40 ആണ് മല്‍ബു വില. അതായത് 60 മുതല്‍ താഴോട്ട് 40 വരെ എത്ര കിട്ടിയാലും വില്‍ക്കാം. അതാണ് 80 റിയാലിനു വില്‍പന നടത്തി മനസ്സിലാകാത്ത തരത്തില്‍ ബില്ലെഴുതിയിരിക്കുന്നത്.
അല്ല ചങ്ങാതീ, ഇതെന്തിനാ 80 നു വിറ്റത്. 20 പോക്കറ്റിലാക്കാനായിരിക്കും അല്ലേ എന്ന് പറഞ്ഞു കൊണ്ട് ഓണര്‍ മല്‍ബു അല്‍പം മലയാളത്തില്‍ കയര്‍ത്തു. 20 റിയാലെടുത്ത് നല്‍കിയതോടെ കസ്റ്റമര്‍ സന്തോഷത്തോടെ യാത്രയായി.
60 റിയാലിനു വില്‍ക്കാന്‍ ഏല്‍പിച്ച സാധാനം എന്തിനു 80 റിയാലിനു വിറ്റു എന്ന കാര്യത്തില്‍ ഒരു വിശദീകരണം കിട്ടിയേ മതിയകൂ. വാക്കാല്‍ ഷോക്കോസ് നല്‍കി ഓണര്‍ കാത്തുനിന്നു. ഇനി അങ്ങനെ എടുത്താല്‍ തന്നെ കസ്റ്റമറോട് ഇങ്ങനെയാണോ പെരുമാറേണ്ടത്. തുപ്പുകയല്ല അയാള്‍ മോന്തക്കിട്ട് രണ്ട് തരികയാണ് ചെയ്യേണ്ടിയിരുന്നത്.
കോട്ടും ടൈയുമിട്ട മല്‍ബുവിന്റെ തൊലി ഉരിഞ്ഞുപോയെങ്കിലും അതു പുറമെ കാണിക്കാതരിക്കാനുള്ള മിടുക്ക് മുഖത്തെ നിറഞ്ഞ വിഡ്ഢിച്ചിരിയിലൂടെ പ്രകടമായി.
എന്തിന് 20 റിയാല്‍ അധികം വാങ്ങി? ഓണര്‍ ചോദ്യം വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ മല്‍ബു തിരിച്ചങ്ങോട്ട് ഒരു ചോദ്യം കാച്ചി.
ഇഖാമ പുതുക്കുന്നതിന് ലെവി അടക്കാനെന്നും പറഞ്ഞ് എന്നോട് 2500 റിയാല്‍ അധികം വാങ്ങിയോ?
സ്വദേശികളെ നിയമിക്കാത്തതിനുള്ള ശിക്ഷയാണല്ലോ ലെവിത്തുക. അതു പിന്നെ ഇവരോടല്ലാതെ ഞാന്‍ ആരോടു വാങ്ങും. പത്രത്തില്‍ വായിച്ചില്ലേ, ലെവി കാരണം റൊട്ടിയുടെ വണ്ണം പോലും കുറച്ചിരിക്കുന്നു. ഏതായാലും എന്റെ ലെവി നിങ്ങള്‍ കൊടുക്കുന്നില്ല. അപ്പോള്‍ പിന്നെ അതു സ്വന്തമായി കണ്ടെത്താനെങ്കിലും അനുവദിച്ചേ മതിയാകൂ. അല്ലെങ്കില്‍ പിരിച്ചുവിട്ടോളൂ.
ഇതും പറഞ്ഞ് പുറത്തിറങ്ങിയ മല്‍ബുവിന് മുഖം കഴുകിയിട്ടും കഴുകിയിട്ടും വൃത്തിയാകാത്തതുപോലെ.

24 comments:

Unknown said...


സൗദിയിലെ തുപ്പൽ പ്രയോഗം ഒരു നിത്യസംഭവമാണോ?
ഹെല്മറ്റിട്ട് കടയിലിരിക്കുന്ന മൽബുവിനെ അടുത്ത കഥയിൽ പ്രതീക്ഷിക്കാം ല്ലേ?

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

കളിയിലും കാര്യമുള്ള പോസ്റ്റ്‌..
ഇത്തരം രംഗങ്ങള്‍ക്ക് ഒരുപാടുതവണ സാക്ഷിയാവേണ്ടി വന്നിട്ടുള്ളതുകൊണ്ട് ശരിക്കും വായിച്ചാസ്വദിച്ചു.

ajith said...

ഏത് ലെവി വന്നാലും ഭാരം കഴുതയ്ക്ക് തന്നെ അല്ലേ?

നല്ല സരസമായ സങ്കടവിവരണം

അശ്രഫ് ഉണ്ണീന്‍ said...

അശ്രഫ് ബായ്... ഇത് ഇവിടത്തെ ഒരു നേര്‍കാഴ്ച തന്നെയാണ്.. എന്റെയൊരു സുഹൃത്തിനു തന്റെ കുടുംബത്തോടൊപ്പം കാറില്‍ ഇരിക്കെ ഒരുത്തന്‍ വന്നു മുഖത്തേക്ക് വളരെ കൃത്യമായി തുപ്പല്‍ പ്രയോഗം നടത്തി.. അവനെ പ്രകോപിപ്പിച്ചത് പെട്ടെന്ന് സൈട് കൊടുക്കാത്തത് ആണത്രേ..
സരസമായി ഒരു പാട് സാരമുള്ള നിങ്ങളുടെ മല്‍ബു വിഭവങ്ങള്‍ക്ക് ഒരു പാട് നന്ദി... അഭിനന്ദനങ്ങള്‍

Mohamedkutty മുഹമ്മദുകുട്ടി said...

മല്‍ബു കഥകള്‍ നന്നായി ആസ്വദിക്കുന്നു. എന്നാലും നിങ്ങള്‍ പ്രവാസികളുടെയത്ര ഏശില്ലയെന്നു മാത്രം....!

ശ്രീ said...

മല്‍ബു പറഞ്ഞതിലും സ്വല്പം കാര്യമില്ലാതില്ല

ente lokam said...

ഓ മല്ബൂ.....നീ ആണ് മല്ബൂ....
അല്ലെങ്കില്‍ പിരിച്ചു വിട്ടോളൂ എന്ന
നിന്റെ ആ ആയുധം പ്രയോഗിക്കാന്‍ ഉള്ള ധൈര്യം
എല്ലാവര്ക്കും ഉണ്ടായിരുന്നെങ്കില്‍ നമ്മള്‍ മല്ബുക്കള്‍
എന്നേ അന്തസ്സോടെ
മറു നാട്ടില്‍ പിടിച്ചു നിന്നേനെ...

Jefu Jailaf said...

തുപ്പലൊന്നു കിട്ടിയാലെന്താ ലെവിപ്പണത്തിന്റെ കാര്യത്തില്‍ ഒരു തീരുമാനമായല്ലോ. :)
തുപ്പലിനെ കുറിച്ചു മുന്‍പും കേട്ടിട്ടുണ്ട് . കഷ്ടം..

ഷാജു അത്താണിക്കല്‍ said...

മൽബൂ കാര്യമേ പറയൂ
ആശംസക്ല്

Unknown said...

പിരിച്ചു വിടല്‍ ഭീക്ഷണി

Vinodkumar Thallasseri said...

Good.

a.rahim said...

ഏതായാലും ലെവി പ്രാബല്യത്തില്‍ വന്നതോടെ തുപ്പലത്തിലെ ഔഷധ ഗുണം കൂടി മല്‍ബുവിന് കിട്ടുന്നുണ്ട് എന്നത് ഒരു തരത്തില്‍ ആശ്വാസമാണ്.

ഫൈസല്‍ ബാബു said...

haah അത് കലക്കി .ലേവി പണം ഇങ്ങനെയും മുതലാക്കാം അല്ലെ ...:)

navodila said...

ഹഹ സംഭവം കലക്കി..
ഇപ്പോള്‍ ഞാന്‍ മല്ബുവിന്റെ പക്ഷത്താണ്..

Muralee Mukundan , ബിലാത്തിപട്ടണം said...

തുപ്പലിന്റെ ഒരോരൊ മഹാത്മ്യങ്ങളേ...
അസ്സലായിട്ടുണ്ട് കേട്ടോ ഭായ്

aboothi:അബൂതി said...

തുപ്പല്‍ മുഖത്തു കിട്ടിയിട്ടില്ല എന്നെ ഉള്ളൂ.. ഒരിക്കല്‍ പിന്നിലെ ബെന്സുകാരന് സൈഡ് കൊടുക്കാന്‍ രണ്ടു നിമിഷം താമസിച്ചതിനു ലവന്‍ വണ്ടിയെ തുപ്പിയാണ് പോയത്.. അതിവരുടെ ഒരു സുന്നത്താന്നു.. വിട്ടുകള..

ഈ ലെവി സ്വന്തം പോക്കറ്റില്‍ നിന്നും കൊടുക്കുന്ന കമ്പനികളും ഉണ്ട് കേട്ടോ..

Backer said...

ലെവി ...ഏത് ..ലെവിയെയ്

അടുത്ത ചുവപ്പിനു നാട്ടില്‍ എത്തുന്നതിനു മുന്പ് മാക്സിമം ബ്ലോഗിക്കോ

കൊമ്പന്‍ said...

ലെവി കുടുങ്ങിയ മല്ലു കണ്ടെത്തിയ വഴി കൊള്ളാം

Echmukutty said...

എഴുത്ത് നന്നായി... എന്നാലും പാവം മല്‍ബു..

Shahida Abdul Jaleel said...

ഏതായാലും ലെവി പ്രാബല്യത്തില്‍ വന്നതോടെ തുപ്പലത്തിലെ ഔഷധ ഗുണം കൂടി മല്‍ബുവിന് കിട്ടുന്നുണ്ട് എന്നത് ഒരു തരത്തില്‍ ആശ്വാസമാണ്.

നിസാരന്‍ .. said...
This comment has been removed by the author.
നിസാരന്‍ .. said...

വളരെ നന്നായി എഴുതി
എങ്കിലും ആ തുപ്പല്‍
സഹിക്കാന്‍ പറ്റുന്നില്ല
ഇതും ഒരു സംസ്ക്കാരം അല്ലെ

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

പാവം മല്‍ബു ....തിരിച്ചു(കാറി)തുപ്പാന്‍ കെല്‍പ്പുള്ള കുറച്ചു പേരെ ഇറക്കുമതി ചെയ്യുകയേ നിവൃത്തിയുള്ളൂ
നാട്ടില്‍ ക്വട്ടേഷന്‍ ടീമുകള്‍ക്ക് ഇപ്പോള്‍ പണി കുറവാണ് എന്ന് കേള്‍ക്കുന്നു.ആലോചിക്കാവുന്നതാണ് .

kochumol(കുങ്കുമം) said...

മല്‍ബു കഥകള്‍ കൊള്ളാം ..

Related Posts Plugin for WordPress, Blogger...