Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

January 1, 2013

പുറംകരാര്‍



ഒരു മോനേയുളളൂ സാര്‍. ഒരു ഡോക്ടറാക്കാനാ മോഹം.
അപ്പോള്‍ മോളില്ലേ?
കണക്കു മാഷിന്റെ നിര്‍ബന്ധം കാരണം മോനേയും കൊണ്ട് ഉപദേശിയെ കാണാനെത്തിയതായിരുന്നു മല്‍ബു.
ഇല്ല സാര്‍, ആകെ ഇവന്‍ മാത്രം. ആണായിട്ടും പെണ്ണായിട്ടും എല്ലാം.
ആരാ ഇങ്ങോട്ടു പറഞ്ഞുവിട്ടത്?
സ്‌കൂളിലെ കണക്കു മാഷാണെന്ന് പറഞ്ഞപ്പോള്‍  കൗണ്‍സലര്‍ ഡയറിയെടുത്ത് കുറിച്ചിട്ടുകൊണ്ട് പറഞ്ഞു.
നല്ല മാഷാണ്. കുട്ടികളുടെ പഠിത്തം മാത്രമല്ല. ഓവറോള്‍ നോക്കിക്കോളും.
അഭിപ്രായം പൂര്‍ണമായും ശരിയല്ല സാര്‍. ക്ലാസില്‍ പഠിപ്പിക്കൂലാന്നാ ഇവന്‍ പറയുന്നത്.
അതു നിങ്ങളുടെ തെറ്റിദ്ധാരണയാണ്. നല്ലവണ്ണം പഠിപ്പിക്കാന്‍ അറിയാവുന്ന സാറു തന്നെയാണ്. അദ്ദേഹത്തിന്റെടുത്ത് ട്യൂഷനു ചേരാന്‍ പോയി നോക്കണം. എപ്പോഴും ഫുള്ളാണ്.
ചീനച്ചട്ടിയുണ്ടോ വീട്ടില്‍?
ഇല്ല സാര്‍. നാട്ടിലുണ്ട്. അഞ്ചാറു വര്‍ഷം മുമ്പ് ഒരെണ്ണം ഇങ്ങോട്ടു കൊണ്ടുവരാന്‍ നോക്കിയതായിരുന്നു. പക്ഷേ കസ്റ്റംസില്‍ പിടിച്ചു പോയി.
ചീനച്ചട്ടി കസ്റ്റംസ് പിടിക്കുമോ?
അതുപിന്നെ, അതിന്റെ കൂടെ ഇങ്ങോട്ടു കൊണ്ടുവരാന്‍ പാടില്ലാത്ത ഒരു സാധനം കൂടി ഉണ്ടായിരുന്നു. അതുകൊണ്ട് ആ പെട്ടി അങ്ങനെ തന്നെ എയര്‍പോര്‍ട്ടില്‍ ഉപേക്ഷിച്ചു.
കസ്റ്റംസ് പിടിച്ചാല്‍ പെട്ടി ഉപേക്ഷിച്ച് ഊരിപ്പോരാന്‍ പറ്റുമോ?
ഇല്ല. ഞാന്‍ ആ പെട്ടി എയര്‍പോര്‍ട്ടില്‍നിന്ന് എടുക്കാന്‍ നിന്നില്ല. വേറേം കുറേ അപ്പത്തരങ്ങളും ഫുഡ് ഐറ്റംസും അതിലുണ്ടായിരുന്നു. വെറുതെ പുലിവാല് വേണ്ടാന്ന് വെച്ചു.
പിടിക്കൂന്ന് അറിഞ്ഞിട്ടും പിന്നെ എന്താണ് കൊണ്ടുവന്നത്?
അതുപിന്നെ വിമാനത്തില്‍ കയറിയപ്പോഴാണ് അടുത്തിരുന്നയാള്‍ കസ്‌കസ് ഇങ്ങോട്ടു കൊണ്ടുവരാന്‍ പാടില്ലാന്ന് പറഞ്ഞത്. പിന്നെ പെട്ടി ഉപേക്ഷിക്കുകയല്ലാതെ വേറെ വഴി ഇല്ലായിരുന്നു.
പെട്ടിക്ക് പക്ഷേ, യാത്രക്കാരന്റെ പേരെഴുതിയ ടാഗ് കാണില്ലേ?
അതു പൊട്ടിച്ചു കളഞ്ഞിരുന്നു.
ആഹാ, കൊള്ളാലോ. ഇത്രയും വിളവുണ്ടായിട്ടാണോ ഇവന്‍ ഇങ്ങനെ ആയിപ്പോയത്. ആട്ടേ എന്താ ഇവന്റെ കുഴപ്പം?
അതു പിന്നെ എന്തു ചെയ്യാനാ സാറേ. ആകെയുള്ള ഒരുത്തനല്ലേ എന്നു കരുതി ഒന്നിനും ഒരു കുറവും വരുത്തിയിട്ടില്ല. അതിന്റെ ഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്.
അപ്പോള്‍ ചീനച്ചട്ടി ഇല്ല അല്ലേ?
അതെന്തിനാണ് ചീനച്ചട്ടി. ഇവനെയിട്ടു വറുക്കാനോ?
വീട്ടില്‍ ചീനച്ചട്ടി പോലുമില്ലാതെ പിന്നെ എങ്ങനെ ചീനരുടെ സംസ്‌കാരം വന്നു എന്ന് ആലോചിക്കാരുന്നു ഞാന്‍. ഒറ്റക്കുട്ടി കള്‍ചര്‍ ചീനരുടേതല്ലേ? നിങ്ങളെന്താ പിന്നെ കുട്ടികള്‍ വേണ്ടാന്നുവെച്ചത്?
എല്ലാ ചെലവും ചുരുക്കിയിട്ടും കിട്ടുന്ന വരുമാനം തികയുന്നില്ല. അപ്പോള്‍ പിന്നെ കുട്ടികളുടെ ചെലവ് ചുരുക്കി. രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്‍പിച്ചതും പാല്‍ എന്ന പോലായി പിന്നീട് കാര്യങ്ങള്‍.
ആട്ടെ, ഇവന്റെ പ്രോബ്ലം പറഞ്ഞില്ല.
കണക്ക് സാര്‍ പഠിപ്പിക്കുന്നില്ലാന്ന് ഇവന്‍ കംപ്ലയിന്റ് ചെയ്തു. പഠിപ്പിച്ചില്ലെങ്കില്‍തന്നെ ഇവന്‍ പരാതി നല്‍കാമോ എന്നു മാഷ്. അങ്ങനെയാണ് നിങ്ങളുടെ അടുത്ത് കൊണ്ടു വന്ന് ഇവനെയൊന്ന് ശരിയാക്കിയെടുക്കാന്‍ കണക്കുമാഷ് തന്നെ നിര്‍ദേശിച്ചത്.
ശരിയാണ്. ക്ലാസില്‍ ശ്രദ്ധിക്കാതിരുന്നാല്‍ മാഷ് പഠിപ്പിക്കുന്നില്ലാന്ന് തോന്നും. ശരിക്കും ക്ലാസില്‍ ശ്രദ്ധിച്ചുതുടങ്ങിയാല്‍ ഇവന്‍ തന്നെ മാഷ്‌ക്ക് നല്ല സര്‍ട്ടിഫിക്കറ്റ് നല്‍കും. പിന്നെ  കുട്ടികള്‍ നന്നാവാന്‍ സ്‌കൂളും മാഷമ്മാരും മാത്രം വിചാരിച്ചാല്‍ പോരാ. വീട്ടില്‍ പാരന്റ്‌സും ശ്രദ്ധിക്കണം. കാര്യമറിയാതെ മാഷന്മാരെ കുറ്റം പറയുക എളുപ്പമാണ്.
സര്‍, അതുപിന്നെ ഞങ്ങള്‍ പാരന്റ്‌സ് ജോലിക്കു പോയി കിട്ടുന്ന ശമ്പളത്തില്‍നിന്നാണല്ലോ സ്‌കൂളിലെ മാഷന്മാര്‍ക്ക് ശമ്പളം കൊടുക്കുന്നത്. പാരന്റസ് കുട്ടികളെയും നോക്കി വീട്ടിലിരുന്നാല്‍ മാഷന്മാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പറ്റ്വോ?
നല്ല ഒന്നാന്തരം ചോദ്യം തന്നെ. റിയാലിറ്റി ഷോയിലാണെങ്കില്‍ ഫുള്‍ മാര്‍ക്ക് കിട്ടും.
കുട്ടികളെ എങ്ങനെ ശാസിച്ചു വളര്‍ത്തും സാര്‍ ഇക്കാലത്ത്. പാന്റ്‌സില്‍ മൂത്രമൊഴിച്ചതിന് മകനെ ശകാരിച്ച മാതാപിതാക്കള്‍ ഇപ്പോള്‍ ജയിലിലാണ്. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍ മക്കളെ പോറ്റുന്ന ചുമതലയും ഏതെങ്കിലും പുറംകരാര്‍ കമ്പനിയെ ഏല്‍പിക്കേണ്ടിവരും.
ബെസ്റ്റ് ഐഡിയ. പാസ്‌പോര്‍ട്ട് നല്‍കാന്‍ പുറംകരാര്‍. കുട്ടികളെ ബസില്‍ സ്‌കൂളിലെത്തിക്കാന്‍ സ്‌കൂളിനു പുറംകരാര്‍. സര്‍വത്ര പുറം കരാറാകുമ്പോള്‍ മക്കളെ വളര്‍ത്തി വലുതാക്കി നല്‍കാനും പുറംകരാര്‍ കമ്പനികളാകാം.  ഇപ്പോഴുള്ള ഡേ കെയര്‍ സെന്റര്‍ കുറച്ചുകൂടി വികസിപ്പിച്ചാല്‍ മതിയല്ലോ? മാതാപിതാക്കള്‍ ജോലിക്കു പോയി ശമ്പളം പുറംകരാര്‍ കമ്പനിയെ ഏല്‍പിച്ചാല്‍  മതി. ഏതെങ്കിലും മല്‍ബു തുടങ്ങാതിരിക്കില്ല ഒരു പോറ്റുകേന്ദ്രം.



15 comments:

M. Ashraf said...

പുറം കരാര്‍ അഥവാ ഔട്ട്‌സോഴ്‌സിംഗ് ഇപ്പോള്‍ സാര്‍വത്രികം. ഉപകാരവും ഉപദ്രവും.

sm sadique said...

“ഇവന്‍ മാത്രം. ആണായിട്ടും പെണ്ണായിട്ടും” ലാളിക്കാം. പക്ഷെ,കൊഞ്ചിക്കരുത്.

ഷാജു അത്താണിക്കല്‍ said...

പുതുവത്സരാശംസകൾ

ajith said...

പുറം കരാര്‍ കാലം

(ചീനച്ചട്ടിയെന്ത് കാര്യത്തിനാണെന്ന് ചിന്തിച്ച് കുഴഞ്ഞുപോയി. പിന്നെയല്ലേ മനസ്സിലായത്)

ഐക്കരപ്പടിയന്‍ said...

What an Idea Sirji ?

mini//മിനി said...

എന്റപ്പോ,, ഈയൊരു തമാശ,,, പുതുവത്സരാശംസകൾ

പൈമ said...


നര്‍മ്മപരമായ മല്ബൂവിന്റെ കാലികമായ ഈ വിഷയവും ശൈലിയും
ഇഷ്ടമായി.ബോര്‍ഡിംഗ് സ്കൂളുകള്‍ ഏതാണ്ട് ഇതൊക്കെ തന്നെ ആണ് .തുറന്നു കാട്ടുന്നത്.
പിന്നെ ഇവിടെ അടുത്ത് ഒരു സ്കൂള്‍ ഉണ്ട് .അവിടെ പഠിക്കുന്ന കുട്ടികളുടെ മാതാപിതാക്കള്‍മാര്‍ക്ക് പണം കൊടുത്തു അവരെ ദത്ത് എടുക്കുകയാണ് .എന്നിട്ട് സ്പോര്‍ട്സ് എന്നാ പേരില്‍ കഠിനമായ ശിക്ഷയും നല്‍കി മത്സരങ്ങള്‍ക്ക് കൊണ്ട് പോയി പേരെടുക്കാന്‍ വേണ്ടി ആണ് ഇ പണം നല്‍കല്‍ .ആ കുട്ടികള്‍ പഠനത്തില്‍ മിടുക്കരനെങ്കില്‍ പോലും അറിഞ്ഞു കൊണ്ട് തോല്പിക്കും ജയിച്ചു പോയാല്‍ പിന്നെ അവരെ കിട്ടില്ലല്ലോ .....

ente lokam said...

പുറം കരാര്‍ എന്ന നര്‍മത്തിലൂടെ
കാലിക പ്രസക്തമായ ഒരു ഗൌരവം
ഉള്ള വിഷയം തന്നെ ആണല്ലോ
അവതരിപ്പിച്ചിരിക്കുന്നത്‌ ....

പുതു വത്സര ആശംസകള്‍..

മുകിൽ said...


Outsourcing thanneyaanalle nallathu. aarum kutam parayaan varilla.

Mohamedkutty മുഹമ്മദുകുട്ടി said...

പുറം കരാര്‍ കൊള്ളാമല്ലോ..മല്‍ബു പോസ്റ്റുകള്‍ക്ക് വീണ്ടും പഴയ നിലവാരം വരുന്നുണ്ട്.

aboothi:അബൂതി said...

ഒന്നല്ലേ ഉള്ളോ.. അപ്പോള്‍ ഉലക്ക കൊണ്ട് മണ്ടക്കടിച്ച് വളര്‍ത്തു.. വായു വലിച്ചു കിടക്കുമ്പോള്‍ ഇത്തിരി ചുടു വെള്ളത്തിനും ഖബറില്‍ കിടക്കുമ്പോള്‍ ഒരു പ്രാര്‍ഥനക്കും ഉപകാരപ്പെടട്ടെ..

a.rahim said...

ചീന സമ്പ്രദായം പോലെ ഒരൊറ്റ കുഞ്ഞ്.. അതിനെ തന്നെ പുറം കരാറില്‍ ജനിപ്പിക്കുന്ന കാലം. പിന്നെയെന്തിന് ആ കുട്ടികളെ കരാറില്‍ തന്നെ ജീവിപ്പിക്കുന്നതില്‍ അത്ഭുതപ്പെടണം........

മക്കളെ ഹോസ്റ്റലില്‍ നിര്‍ത്തി പഠിപ്പിച്ച് വളര്‍ന്നു വലുതാവുന്ന കുട്ടികള്‍.. ഈ പത്ത് വര്‍ഷത്തിനുള്ളില്‍ വെക്കേഷനും മറ്റുമായി കുട്ടികള്‍ രണ്ട് വര്‍ഷമോ അതില്‍ കുറവോ മാതാപിതാക്കളോടൊപ്പം വീട്ടില്‍...ഇത്തരം സ്കൂള്‍ കരാര്‍ കമ്പനികള്‍ മലയാളികള്‍ ഇപ്പോള്‍ തന്നെ നടത്തുന്നുണ്ട്....
അതറിയാതെയാണോ നടന്നുകൊണ്ടിരിക്കുന്ന കരാറുകളെ കാത്തിരിക്കുന്നത് മല്‍ബു...............................................



Nena Sidheek said...

കുട്ടികള്‍ നന്നാവാന്‍ സ്‌കൂളും മാഷമ്മാരും മാത്രം വിചാരിച്ചാല്‍ പോരാ. വീട്ടില്‍ പാരന്റ്‌സും ശ്രദ്ധിക്കണം..ഇതും പോരാ പഠിക്കണമെന്ന് സസ്വയം തോന്നല്‍ കൂടി വേണം ഇക്കാ ..
ആശംസകള്‍

Shahida Abdul Jaleel said...

കുട്ടികളെ എങ്ങനെ ശാസിച്ചു വളര്‍ത്തും സാര്‍ ഇക്കാലത്ത്. പാന്റ്‌സില്‍ മൂത്രമൊഴിച്ചതിന് മകനെ ശകാരിച്ച മാതാപിതാക്കള്‍ ഇപ്പോള്‍ ജയിലിലാണ്. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍ മക്കളെ പോറ്റുന്ന ചുമതലയും ഏതെങ്കിലും പുറംകരാര്‍ കമ്പനിയെ ഏല്‍പിക്കേണ്ടിവരും.
നന്നായിരിക്കുന്നു ആശംസകള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

ഇവിടെയൊക്കെ പിള്ളേരെ നോക്കൻ ഇമ്മിണി ഒ പോറ്റുകേന്ദ്രങ്ങളൂണ്ട് കേട്ടൊ ഭായ്

Related Posts Plugin for WordPress, Blogger...