Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

December 20, 2012

പൊടിക്കാറ്റും ബി.കോമും



അതിരാവിലെ മല്‍ബു കട തുറക്കുമ്പോള്‍ ദേ റോഡില്‍ ഒരാള്‍ തെക്കുവടക്കു നടക്കുന്നു. പരിചയമുള്ള കക്ഷിയാണ്. രണ്ടു മൂന്ന് ബില്‍ഡിംഗ് അപ്പുറത്ത് താമസിക്കുന്ന ഫുട്‌ബോള്‍ കളിക്കാരന്‍. എവിടെ കളിയുണ്ടോ അവിടെ ഇയാളെ കാണും. എന്നാലും ഇത്ര പുലര്‍ച്ചെ ഒരിക്കലും ഇങ്ങനെ പുറത്തിറങ്ങാറില്ല. വലിയ ജോലി കിട്ടാന്‍ പോകുന്നു എന്നൊക്കെ ആരോ പറഞ്ഞു കേട്ടിരുന്നു. പത്താം ക്ലാസും ഗുസ്തിയുമായാണ് നാട്ടില്‍നിന്ന് വന്നതെങ്കിലും സ്വന്തമായി പഠിച്ച് ബിരുദം നേടി. ഇപ്പോള്‍ ഇതാ അതിനനുസരിച്ചുള്ള ജോലിയിലേക്ക് മാറാന്‍ ഒരുങ്ങുന്നു.
ആര്‍ക്കെങ്കിലും പുതിയ ജോലിയോ ശമ്പളക്കയറ്റമോ ഉണ്ടായീന്നു കേട്ടാല്‍ മല്‍ബുവിന് ചെറിയൊരു അസ്വസ്ഥത തോന്നാറുണ്ട്. അസൂയ എന്നൊന്നും അതിനെ പറയാന്‍ പറ്റില്ല. എന്നാലും മനസ്സിലൊരു ചൊറിച്ചില്‍. പക്ഷേ അടുത്ത നിമിഷം മല്‍ബു തിരുത്തും.
എന്തു ജോലിയായിട്ടെന്താ. ബിസിനസിന് ഒക്കൂല. സ്വന്തം പരിപാടിയാകുമ്പോള്‍ ആരുടെ മുഖവും കാണേണ്ട. ഓഫീസ് ജോലിയൊക്കെ ആകുമ്പോള്‍ ആരുടെയൊക്കെ ആട്ടും തുപ്പും സഹിക്കണം. ചത്തു പണിയെടുത്താലും രണ്ടു നല്ല വാക്കു പോലുമുണ്ടാകില്ല.
കൈ ഉയര്‍ത്തി അഭിവാദ്യം ചെയ്ത ശേഷം അയാള്‍ തിരിഞ്ഞു നടക്കുകയാണ്. റോഡിന്റെ രണ്ട് സൈഡിലേക്ക് നീങ്ങിയും എന്തോ തിരയുന്നതുപോലെയുമാണ് നടത്തം.
ഇങ്ങനെയാണോ വ്യായാമം. ഒന്നൂടി ഉഷാറായി നടക്കണം. തടി അറിയട്ടെ.
കടയില്‍നിന്ന് മല്‍ബു വിളിച്ചു പറഞ്ഞപ്പോള്‍ അയാള്‍ അടുത്തേക്കു വന്നു.
ഇതെന്താ ഇങ്ങനെ അനങ്ങിയുള്ള നടത്തം. ഇതിനെക്കാളും നല്ലത് നിങ്ങള്‍ക്ക് ഹൈപ്പറില്‍ നടക്കാന്‍ പോകുന്നതാ. അവിടെയാകുമ്പോള്‍ എ.സിയുടെ തണുപ്പില്‍ ഇങ്ങനെ ഉലത്തിയാല്‍ മതിയല്ലോ? നടത്തത്തിനായി ഹൈപ്പറില്‍ പോകുന്ന എത്രയോ പേരുണ്ട്.
നടക്കുകയൊന്നുമല്ല, ഒരു കടലാസ് കളഞ്ഞു പോയി. അത് തെരയുകയായിരുന്നു. കുറേ നേരായി നോക്കുന്നു.
റോഡില്‍ കളഞ്ഞു പോയാതണെങ്കില്‍ ഇന്നലെ രാത്രി വീശിയടിച്ച പൊടിക്കാറ്റു കൊണ്ടുപോയിക്കാണും. നോക്കിക്കേ എന്തൊരു നീറ്റാണ് റോഡ്. പൊടിയും കച്ചറയും ഒന്നുമില്ല.
എന്തു കടലസാണ് പോയത്. അത്യാവശ്യമുള്ളതാണോ? -മല്‍ബു ചോദിച്ചു
അത്യാവശ്യമുള്ളതു തന്നെയാണ്. എന്റെ ബി.കോം സര്‍ട്ടിഫിക്കറ്റാരുന്നു.
അതെങ്ങനെ ബി.കോം സര്‍ട്ടിഫിക്കറ്റ് റോഡില്‍ പോയി. വേറെ എന്തേലും പോയോ?
ഇല്ല. സര്‍ട്ടിഫിക്കറ്റ് മാത്രാണ് കളഞ്ഞുപോയത്.
പുതിയ ജോലിക്ക് കയറുമ്പോള്‍ കൊടുക്കാനുള്ളതാണ്.
അതുകേട്ടപ്പോള്‍ മല്‍ബുവിന് വിഷമമായി.
ഇന്നലെ രാത്രി കൂടി ഇയാളുടെ ഭാഗ്യത്തെ കുറിച്ചും പുതിയ ജോലിയെ കുറിച്ചും ശമ്പളത്തെക്കുറിച്ചുമൊക്കെ പറയുന്നതു കേട്ടിരുന്നു. ഫാമിലി സ്റ്റാറ്റസ് മാത്രമല്ല. മക്കളെ പഠിപ്പിക്കാനായി വേറേം തുക കിട്ടുമെന്ന കാര്യം പോലും പാട്ടായിരുന്നു.
സര്‍ട്ടിഫിക്കറ്റൊക്കെ സൂക്ഷിച്ചു വെക്കേണ്ടേ. ഇനിയിപ്പോ തെരഞ്ഞിട്ടൊന്നും വലിയ കാര്യമില്ല. അമ്മാതിരി കാറ്റായിരുന്നു ഇന്നലെ. മനുഷ്യന്മാരെ പോലും ഈ കാറ്റു കൊണ്ടു പോകുമെന്നാ തോന്നിയത്. പുതിയ ജോലിക്ക് കയറുമ്പോള്‍ സര്‍ട്ടിഫിക്കറ്റ് വേണം അല്ലേ.
ജോലി ഉറപ്പായിട്ടൊന്നുമില്ല. നാളെയാണ് ഇന്റര്‍വ്യൂ. കിട്ടാന്‍ തന്നെയാണ് 90 ശതമാനം ചാന്‍സും. നാളെ പോകുമ്പോള്‍ കൊണ്ടു പോകാനുള്ള സര്‍ട്ടിഫിക്കറ്റാണ് കളഞ്ഞു പോയത്-അയാളുടെ മുഖത്ത് ഇത്തിരി വിഷാദഭാവം.
കാര്യമാക്കണ്ട. ഒരു സര്‍ട്ടിഫിക്കറ്റാണോ ഇപ്പോള്‍ വലിയ കാര്യം. ഇവിടെ മല്‍ബുകള്‍ ഒപ്പിച്ചു തരാത്ത എന്തെങ്കിലും സര്‍ട്ടിഫിക്കറ്റുണ്ടോ?
ഞാനൊരു നമ്പര്‍ തരാം. ഇപ്പോ തന്നെ വിളിച്ചു പറഞ്ഞാല്‍ വൈകുന്നേരം സര്‍ട്ടിഫിക്കറ്റ് കിട്ടും. കോപ്പിയുണ്ടല്ലോ കൈയില്‍. അതും കൊണ്ടു ചെന്നാ മതി.
ഇതാണ് വി.സിയുടെ നമ്പര്‍.
ഓ. ഇത് എന്റെ പക്കലുണ്ട്-അയാള്‍ പറഞ്ഞു.
ഏതു സര്‍ട്ടിഫിക്കറ്റിന്റെയും ഒറിജിനലിനെ വെല്ലുന്ന വ്യാജനെ നിര്‍മിച്ചു നല്‍കുന്ന ടിയാന്
മല്‍ബുകള്‍ അറിഞ്ഞിട്ട പേരാണ് വി.സി അഥവാ വൈസ് ചാന്‍സലര്‍. ഏത് കുഴഞ്ഞുമറിഞ്ഞ ഒപ്പും അതേപടി പകര്‍ത്താന്‍ കഴിയുന്നു എന്നത് വി.സിയുടെ സവിശേഷത.
വി.സിയെ വിളിക്കുകയല്ലേ എന്നു ചോദിച്ചിട്ടും  ഫുട്‌ബോള്‍ കളിക്കാരന്റെ മുഖം തെളിഞ്ഞില്ല. ഗോള്‍ മുഖത്തെത്തിയപ്പോള്‍ എതിരാളിയുടെ ചവിട്ടേറ്റതു പോലെ.
എന്താ ഇന്റര്‍വ്യൂവിന് പോകുമ്പോള്‍ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി കൊണ്ടുപോയാല്‍ മതിയോ-മല്‍ബു ചോദിച്ചു.
അതു പോരാ. ഒറിജിനല്‍ തന്നെ വേണം. പിന്നെ നിങ്ങള്‍ ആരോടും പറയരുത്. വി.സി. ഉണ്ടാക്കിയ സര്‍ട്ടിഫിക്കറ്റ് തന്നെയാ ഇപ്പോള്‍ കളഞ്ഞു പോയത്. ഞാനത് ടെറസിനു മുകളില്‍ വെയിലു കൊള്ളാന്‍ വെച്ചതായിരുന്നു. കുറച്ചു പഴക്കം തോന്നിക്കുന്നത് നല്ലതാണെന്ന് വി.സി തന്നെയാണ് പറഞ്ഞത്. മൂന്ന് ദിവസായി വെച്ചിട്ട്. ഇന്നലെ എടുക്കാമെന്നു വിചാരിച്ചു വന്നതാ. അപ്പോഴേക്കും ടെറസും പൂട്ടി ആ ഹാരിസ് എവിടെയോ സര്‍ക്കീട്ട് പോയിരുന്നു. രാത്രി ഇങ്ങനെ പൊടിക്കാറ്റ് വീശൂന്ന് ആരു കണ്ടു.
ഇതും പറഞ്ഞ് ഗോളടിക്കാനുള്ള അവസരം പാഴാക്കിയ കളിക്കാരനെ പോലെ അയാള്‍ തിരിഞ്ഞു നടന്നപ്പോള്‍ മല്‍ബു മനസ്സില്‍ പറഞ്ഞു.
സ്വന്തം പ്രയത്‌നം കൊണ്ടു നേടിയ ബി.കോം പൊടിക്കാറ്റു കൊണ്ടുപോയി. വി.സിക്കു വീണ്ടും പണിയായി.



11 comments:

Unknown said...

വീ.സി യുടെ നമ്പർ ഒന്ന് തരാമോ? ഒരു "പണി" കൊടുക്കാനാ!

Echmukutty said...

കഷ്ടമായിപ്പോയി.....

മുകിൽ said...

VC kku pinneyum paniyaayi alle..

ഇലഞ്ഞിപൂക്കള്‍ said...

പാവം. ഇനിയും വിസിയെ തേടിപോവണം..

ആമി അലവി said...

ഹഹ്ഹ് . കാറ്റിനറിയാം ഒറിജിനലും ടൂപ്ലിയും :)

Mohamedkutty മുഹമ്മദുകുട്ടി said...

അപ്പൊ ഇനി വെയിലു കൊള്ളിക്കാനെന്തു ചെയ്യും?.....

a.rahim said...

ഇതില്‍ അത്ര വിശമിക്കേണ്ടതില്ല... ആദ്യത്തേത് പണം കൊടുത്ത് എടുത്തതല്ലേ.. ഒന്നെടുത്താല്‍ ഒന്ന് ഫ്രീ എന്നൊക്കെ പറയുന്നതു പോലെ അപ്പോള്‍ എന്തായാലും വി.സി ഇതിന് തുച്ഛമായ ഫീ മാത്രമേ വാങ്ങൂ എന്ന് പ്രതീക്ഷിക്കാം.........പിന്നെ ഈ സര്‍ട്ടിഫിക്കറ്റു തന്നെ മുമ്പ് ഒന്ന് ഉണ്ടാക്കിയതു കൊണ്ട് മുന്‍ പരിചയവും ഉണ്ട്.. പുതിയതിന് സമയം ഒരുപാടാവും എന്ന വേവലാതിയും വേണ്ട....................

വി.സി വിദ്യ നല്‍കാതെ മല്‍ബുവിനെ സമ്പന്നനാക്കുന്നു....

Akbar said...

സ്വന്തം പ്രയത്‌നം കൊണ്ടു നേടിയ ബി.കോം പൊടിക്കാറ്റു കൊണ്ടുപോയി. വി.സിക്കു വീണ്ടും പണിയായി.

ഹ ഹ ഹ മല്‍ബുവിന്റെ ഓരോ കാര്യങ്ങള്‍. കലക്കി അഷ്‌റഫ്‌ ഭായി.

Akbar said...
This comment has been removed by the author.
ഫൈസല്‍ ബാബു said...

വി സി മാത്രമല്ല ,പ്രധാനമന്ത്രി വരെ ഇവ്ടെയുണ്ട് ,,സൂപ്പര്‍ ആയി എഴുതി .

Muralee Mukundan , ബിലാത്തിപട്ടണം said...

നന്നായ് എഴുതിയിരിക്കുന്നൂ‍ൂ...

Related Posts Plugin for WordPress, Blogger...