Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

August 4, 2012

രക്തവര്‍ണമുള്ള കോഴിമുട്ട




അര്‍ധരാത്രിയായിട്ടും തലവേദനക്ക് ഒട്ടും ശമനമില്ല. ഡോക്ടര്‍ പറഞ്ഞതിനേക്കാളും ഒരു ഗുളിക അധികം കഴിച്ചിട്ടും കൂടുന്നതല്ലാതെ കുറയുന്നില്ല. മല്‍ബു തിരിഞ്ഞും മറിഞ്ഞും കിടന്നു. ഗുളികകളൊക്കെ ഡ്യൂപ്ലിക്കേറ്റാണെന്ന് കഴിഞ്ഞ ദിവസം ആരോ പറഞ്ഞിരുന്നു. നല്ല ക്ഷീണവുമുണ്ട്. ഇങ്ങനെ ഉറങ്ങാതിരുന്നാല്‍ നാളെ രാവിലെ എങ്ങനെ ഓഫീസില്‍ പോകുമെന്ന ചിന്ത കൂടിയായി. ആകെ കട്ടപ്പൊക. 


അഭിമുഖമുള്ള കട്ടിലില്‍ ആരുമില്ല. ഇന്നലെയാണ് അതിലെ അന്തേവാസി മുറി മാറിപ്പോയത്. ഒരാള്‍ ഇല്ലാത്തതിന്റെ വിഷമം കൂടി അറിയുകയായിരുന്നു മല്‍ബു. എന്തൊക്കെ പറഞ്ഞാലും ഒരാള്‍ മിണ്ടാനും പറയാനും ഉണ്ടാവുകയെന്നു പറഞ്ഞാല്‍ അതിനൊരു സുഖം വേറെ തന്നെയാണ്. 


തനിച്ച് താമസിക്കരുതെന്ന് നാട്ടില്‍ വിളിക്കുമ്പോഴൊക്കെ മല്‍ബി പറയും. തലവേദനയെന്നു പറഞ്ഞതില്‍ പിന്നെ മിസ്ഡ് കോള്‍ നിലച്ചിട്ടില്ല. 


മല്‍ബിയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഡോക്ടറെ കാണാന്‍ പോയതുതന്നെ. പ്രവാസ ജീവിതത്തില്‍ തലവേദന സാധാരണമാണെന്ന പക്ഷക്കാരനായിരുന്നു മല്‍ബു. തലവേദന വരും പോകും. പ്രവാസം മുന്നോട്ടു പോകാതെ നിവൃത്തിയില്ലല്ലോ. 
മുറി പങ്കിടുന്നയാളെ പറഞ്ഞുവിട്ടത് മല്‍ബിക്ക് ഒട്ടു ഇഷ്ടപ്പെട്ടിട്ടില്ല. മുഷിഞ്ഞാണ് അയാള്‍ പോയതെങ്കിലും പറഞ്ഞുവിടാതെ നിവൃത്തി ഇല്ലായിരുന്നു. ആരെയെങ്കിലും ഒരാളെ കൂട്ടിനു കണ്ടുപിടിക്കുമെന്ന് ഉറപ്പു നല്‍കിയ ശേഷമാണ് അവസാനം മല്‍ബി ഫോണ്‍ വെച്ചത്. 


കിച്ചണില്‍ പോയി ഫ്രിഡ്ജ് തുറന്ന് തണുത്ത വെള്ളം കുടിച്ച് മല്‍ബു കിടപ്പുമുറിയില്‍ എത്തിയപ്പോഴേക്കും ട്യൂബ് ലൈറ്റ് അണഞ്ഞു. മുറിക്കു പുറത്ത് ബള്‍ബ് കത്തുന്നുണ്ടെങ്കിലും അകത്ത് വെളിച്ചമെത്തുന്നില്ല. കറന്റ് പോയതാകുമെന്നാണ് ആദ്യം കരുതിയത്. കൊടുംചൂടില്‍ ഇതിപ്പോ കറന്റ് പോക്ക് നാട്ടിലെ പോലെ ഇവിടെയും പതിവായിട്ടുണ്ട്. പോയാല്‍ മൂന്നൂം നാലും മണിക്കൂറാകും ചിലപ്പോള്‍ തിരിച്ചുവരാന്‍. ഇന്നലെ കറന്റിനു കാത്തിരിക്കുമ്പോള്‍ ബില്‍ഡിംഗ് ഉടമ ചോദിച്ചു. ഇന്ത്യയില്‍ കറന്റ് മിയ മിയ ആണല്ലോ എന്ന്. നാട്ടിലെ കഥയൊന്നും വിശദീകരിക്കാന്‍ പോയില്ല. ഹിന്ദിയെന്നു കേള്‍ക്കുമ്പോള്‍ നമ്മെക്കാളും അഭിമാനപൂരിതമാകുന്ന ടിയാന്റെ അന്തരംഗം എന്തിനു കേടുവരുത്തണം. ചാര്‍ജ് വര്‍ധനയും പവര്‍കട്ടുമൊക്കെ നമ്മള്‍ അനുഭവിച്ചാല്‍ മതിയല്ലോ?


മൊബൈല്‍ തപ്പിയെടുത്ത് ഇരുന്നത് അന്തേവാസി ഒഴിഞ്ഞുപോയ കട്ടിലിലായിരുന്നു. മൊബൈലില്‍നിന്നുള്ള അരണ്ട വെളിച്ചം മാത്രമേയുള്ളൂ.
 അപ്പോഴാണ് അതു കണ്ടത്. തന്റെ കട്ടിലിനടിയില്‍ രക്തവര്‍ണമുള്ള ഒരു കോഴിമുട്ട. തൊട്ടടുത്ത് തന്നെ ഒരു ചുകപ്പ് ശീലയും. കട്ടിലിനടിയില്‍ ഈ കോഴിമുട്ട എങ്ങനെ വന്നു? ഒരു മാസമായി ഫ്‌ളാറ്റിലേക്ക് മുട്ട വാങ്ങിയിട്ടില്ല. ആലോചിക്കുംതോറും ഭയം ഇരട്ടിച്ചു.


അതു അതുപോലെ തന്നെ കിടക്കട്ടെ, പ്രതിക്രിയ ചെയ്യാതെ തൊടണ്ട, പറ്റുമെങ്കില്‍ അടുത്ത മുറിയില്‍ പോയി കിടന്നോളൂ-കട്ടിലിനടിയിലെ അത്ഭുതം അറിയിച്ചപ്പോള്‍ കൂട്ടുകാരനും ക്രിയാപ്രതിക്രിയകളില്‍ നല്ലപിടിപാടുമുള്ള ഉസ്താദ് ഉപദേശിച്ചു. 
ഇതേ കാര്യം മല്‍ബിയോട് പറഞ്ഞതാകട്ടെ, തലവേദനയുടെ ഗുട്ടന്‍സ് പിടികിട്ടിയെന്നായിരുന്നു. മുറിയില്‍നിന്ന് പുറത്താക്കിയവന്‍ ചെയ്തിട്ടുപോയി എന്നു പറഞ്ഞപ്പോള്‍ എന്‍ജിനീയറായ മല്‍ബിക്ക് ചിരിയാണ് വന്നത്. കോഴിമുട്ടയും ചെയ്യലുമൊക്കെ നാട്ടിലല്ലേ? അന്ധവിശ്വാസങ്ങളില്ലാത്ത നാട്ടില്‍ അതൊക്കെ നടക്കുമോ? മല്‍ബി അത്ഭുതം കൂറിയപ്പോള്‍ നിന്റെ ഒരു എന്‍ജിനീയറിംഗ് എന്നു പറഞ്ഞാണ് മല്‍ബു ഫോണ്‍ കട്ടാക്കിയത്. 


മല്‍ബിയേക്കാളും ദൈവത്തേക്കാളും വിശ്വാസമാണ് മല്‍ബുവിന് കൂട്ടുകാരനായ ഉസ്താദിനെ. വേറെ ആര് എന്തു പറഞ്ഞാലും ഉസ്താദിനോളമെത്തില്ല. അപ്പറയുന്നതൊന്നും കേള്‍ക്കാന്‍ പോലും മെനക്കെടാത്ത മല്‍ബു ബെഡ്ഷീറ്റും ബ്ലാങ്കറ്റുമെടുത്ത് അടുത്ത മുറിയിലേക്ക് ചാടിക്കയറി. വെപ്രളത്തോടെ അവിടെയുള്ളവരോട് കാര്യം പറഞ്ഞു. ആരും മുറിയിലേക്ക് പോകരുതെന്നും പ്രതിക്രിയ ആവശ്യമാണെന്നും. 


രക്തനിറമുള്ള മുട്ടയെന്ന് കേട്ടപ്പോള്‍ ധീരനായ അയമു മല്‍ബുവിന് നില്‍പുറച്ചില്ല. പതുങ്ങിപ്പോയി കട്ടിലിനടിയില്‍ നൂണ് മുട്ടയില്‍ തൊട്ടപ്പോള്‍ ഒട്ടും ഞെട്ടിയില്ല അതൊരു വ്യാജമുട്ടയായിരുന്നു. പ്ലാസ്റ്റിക്ക്. ശീലകൊണ്ടുള്ള ഒരു മൊബൈല്‍ കവറായിരുന്നു തൊട്ടടുത്ത്. അതിന്റെ ചുകപ്പ് നിറം പ്രതിഫലിച്ചപ്പോഴാണ് അരണ്ട വെളിച്ചത്തില്‍ രക്തനിറമുള്ള കോഴിമുട്ടയായി മാറിയത്.  


മുറി മാറിപ്പോയ വിദ്വാന്‍ തന്നെയായിരുന്നു മുട്ട വെച്ചത്. അതുപക്ഷേ  താമസം മാറുന്ന തിരക്കില്‍ ഉള്ള സാധനങ്ങളൊക്കെ പെറുക്കിക്കെട്ടുമ്പോള്‍ ഉരുണ്ടു പോയതാണെന്നു മാത്രം. ഒരു ദിവസം അയാള്‍ മണമുള്ള അഞ്ചാറ് പ്ലാസ്റ്റിക്ക് കോഴിമുട്ടകള്‍ കൊണ്ടുവന്നതും മണപ്പിക്കാന്‍ കൊടുത്തതും അയമുവിന് ഓര്‍മവന്നു. 


ഇതൊക്ക ആയപ്പോള്‍ മല്‍ബുവും ചിരിച്ചെങ്കിലും പ്രതിക്രിയാ മനസ്സില്‍നിന്ന് മോചിതനാകാത്ത ഒരുതരം ചിരിയായിരുന്നു അത്.    



20 comments:

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

അതേ..ഈ മുട്ടപ്രയോഗത്തില്‍ ഇപ്പൊഴും ഞെട്ടുന്നവരുണ്ട്..നന്നായി എഴുതി.

സ്വന്തം സുഹൃത്ത് said...

അതെ, ചെറിയ അറിവ് മാത്രമേ ഒരു കാര്യത്തെ പറ്റി നമുക്കുള്ളൂ എങ്കില്‍ നാം തെറ്റിദ്ധരിക്കും എന്തിനെയും !
രസകരമായി അവതരിപ്പിച്ചു !

Mohamedkutty മുഹമ്മദുകുട്ടി said...

പറഞ്ഞു വരുമ്പോള്‍ എനിക്കുമുണ്ടൊരു മുട്ടകഥ പറയാന്‍.ഇനി ഒരു പക്ഷെ ഇത്തരം കഥകളെഴുതിയിട്ടാവും എന്റെ 15 കോഴികളില്‍ 14 ഉം ഈയിടെ വസന്ത രോഗം പിടിച്ചു ചത്തു.ഒരെണ്ണം ബാക്കിയായി.മുട്ടക്കഥ ഇവിടെ വായിക്കാം.

മുകിൽ said...

ഓട്സ് വായിക്കാന്‍ വന്നതാണു. അപ്പോഴാണു കോഴിമുട്ടയും കണ്ടത്.
നന്നായിട്ടുണ്ട്...

Vp Ahmed said...

സിഹ്ര്‍

Jefu Jailaf said...

മൊട്ട മല്‍ബു .. :) നന്നായി..

തിര said...

എല്ലാ മുട്ടയും കണ്ടു ...ചുവന്ന മുട്ട....ആദ്യമാണ് ...ആശംസകള്‍

kochumol(കുങ്കുമം) said...

ഓട്സ് വായിക്കാന്‍ വന്ന ഞാന്‍ മല്‍ബിന്റെ കോഴി മുട്ടക്കഥ വായിച്ചു ...കല്യാണരാമനിലെ ദിലീപിന്റെ മുട്ടയാ എനിക്കോര്‍മ്മ വന്നത് ...:)

ഷാജു അത്താണിക്കല്‍ said...

ഹഹഹ്ഹാ ഒരു ചെറിയ ക്രിയ ഒക്കെ നാം ചെയ്യാം, പക്ഷെ നല്ല പണം വേണം ഹിഹിഹിഹി

പട്ടേപ്പാടം റാംജി said...

ഒട്സും കിട്ടി കോഴിമുട്ടയും കിട്ടി. ഒരു വെടിക്ക്‌ രണ്ടു പക്ഷി എന്നത് പോലെ.

a.rahim said...

ചെറിയ വളരെ ചെറി മുട്ട സേവയും ഉറുക്കെഴുത്തും വെള്ളം കുടിയും ഏലസ് കെട്ടും മുടിക്കെട്ടുമൊക്കെയായി കഴിഞ്ഞു കൂടുന്ന പാവം മൊയ്‌ലിയാക്കന്മാരെ ഇങ്ങിനെ വേദനിപ്പിക്കുന്നിദാ മല്‍ബൂ............വരൂ സുന്നികളേ.....കൂട്ടം ചേര്‍ന്ന് ഒത്തൊരുമിച്ച്...... മല്‍ബുവിന്റെ തല മൊട്ടയടിക്കാന്‍ ഒന്നിച്ചു വരൂ.................

Akbar said...

തലവേദന വരും പോകും. പ്രവാസം മുന്നോട്ടു പോകാതെ നിവൃത്തിയില്ലല്ലോ. :)

Echmukutty said...

മല്‍ബു എന്തോ വലിയ കക്ഷിയാന്ന് വിചാരിച്ചിരുന്ന എനിക്ക് .....ഞാനിനി എന്തു പറയാന്‍.....കഷ്ടം!!!!!!

Unknown said...

paavam malbu ..ithu poole oru onnu pattiyo?

majeed alloor said...

ബംഗാളികള്‍ കലഹിക്കുമ്പോള്‍ പറയുന്നത് കേട്ടിട്ടുണ്ട്,
"അണ്ടാമേം കരേഗാ" എന്ന്..
മല്‍ബുവിനുമുണ്ടൊരു കഥ പറയാന്‍ .. അണ്ട(മുട്ട)യുടെ കഥ..!!

ajith said...

രണ്ടു ദിവസം മുമ്പ് ഈ കോഴിമുട്ടയില്‍ ക്ലിക്കിയപ്പൊ തുറക്കുന്നില്ലായിരുന്നു. ഇന്നാണ് പൊട്ടിയത്.

pravaahiny said...

നല്ല കഥ. നന്നായി അവതരിപ്പിച്ചു . ആശംസകള്‍. സ്നേഹത്തോടെ
PRAVAAHINY

Unknown said...

ഹിഹി... സാധാരണ മൽബികളാണു മുട്ടപ്രയോഗത്തിൽ ഒക്കെ വിശ്വസിക്കുക...

ചിരിപ്പിച്ചു

A said...


കാര്യമറിയാതെ പലരും പല പ്രതിക്രിയകള്‍ ചെയ്തു
എത്ര തെറ്റിദ്ധാരണകളും കുഴപ്പങ്ങളും നടന്നിട്ടുണ്ട്.
ചിന്തിപ്പിക്കുന്ന സംഭവ വിവരണം

Unknown said...

നിങ്ങളുടെയൊക്കെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗു തുടങ്ങി.കഥപ്പച്ച...കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌.അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു

Related Posts Plugin for WordPress, Blogger...