Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

May 29, 2011

അവസാനത്തെ ന്യായം

ഫീസ് കുറക്കണമെന്ന് ആവശ്യപ്പെടുന്നവരെ വേണമെങ്കില്‍ സ്കൂളില്‍നിന്ന് പുറത്താക്കാം. നടപ്പുവര്‍ഷം തുടരാന്‍ അനുവദിച്ച് അടുത്ത അധ്യയന വര്‍ഷത്തില്‍ പ്രവേശനം നിഷേധിക്കാം. അന്യായമായ ഫീസ് വര്‍ധന പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ക്ക് നേതൃത്വം നല്‍കുന്നവരുടെ മക്കളെ വേണമെങ്കില്‍ നോട്ടപ്പുള്ളികളാക്കി പീഡിപ്പിക്കാം.
അങ്ങനെയങ്ങനെ മല്‍ബുവിന്റെ സംശയങ്ങള്‍ നിരവധിയായിരുന്നു.
ഇതൊന്നും വെറും സംശയങ്ങളല്ല. പല സ്കൂളുകളിലുമുണ്ടായ തിക്താനുഭവങ്ങള്‍.
അതുകൊണ്ട് തന്നെ ഒരു മാസത്തെ ഫീസ് അടക്കരുതെന്നും ഭൂരിഭാഗം രക്ഷിതാക്കളും ഫീസടക്കാതെ പിന്‍വലിഞ്ഞാല്‍ സ്കൂള്‍ അധികൃതര്‍ കീഴടങ്ങുമെന്നും വര്‍ധിപ്പിച്ച ഫീസ് അല്‍പമെങ്കിലും കുറക്കുമെന്നുമുള്ള വാദവും മല്‍ബുവിനു ദഹിച്ചില്ല.
മാസം അവസാനിക്കുന്നതിനുമുമ്പ് ഫീസടച്ചില്ലെങ്കില്‍ ഒരു ദിവസം ഒരു റിയാല്‍ വീതമാണ് പിഴ. ഈ തുക കൂടിക്കൂടി വന്നാല്‍  താരതമ്യേന കുഴപ്പമില്ലാത്ത ഈ സമരമാര്‍ഗം കണ്ടുപിടിച്ചവര്‍ അതു നല്‍കുമോ എന്നായി മല്‍ബുവിന്റെ ചോദ്യം.
ഭൂരിഭാഗം രക്ഷിതാക്കളും ഫീസില്ലാ സമരത്തില്‍ അണിചേര്‍ന്നാല്‍ സ്കൂള്‍ അധികൃതര്‍ക്ക് ഒരു ചുക്കും ചെയ്യാന്‍ കഴിയില്ലെന്ന് സംഘാടകര്‍ പറഞ്ഞപ്പോള്‍ മല്‍ബുവിന് പിന്നെയുമുണ്ടായി സംശയം.
പിഴയൊന്നുമില്ലാതെ ഫീസ് അടക്കാന്‍ അവസരം ലഭിച്ചാലും സമരത്തിന്റെ ഭാഗമായി കാലതാമസം വരുത്തിയതിന് കുട്ടിയെ ആ കണ്ണിലൂടെ കണ്ടാലോ? ഏപ്രില്‍ മാസത്തെ ഫീസടക്കാത്ത കുട്ടികളുടെ പേരുവെട്ടുമെന്ന് അധ്യാപകര്‍ ഭീഷണിപ്പെടുത്തിത്തുടങ്ങിയെന്നാണ് കേള്‍വി.
കുട്ടികളെ മാത്രമല്ല, കുഴപ്പക്കാരായ രക്ഷിതാക്കളേയും ആ കണ്ണിലൂടെ കാണുമെന്ന ഭീഷണിയാണ് പിന്നീട് മല്‍ബുവിനു വായിക്കേണ്ടിവന്നത്. സ്കൂള്‍ മാനേജ്്‌മെന്റിനെ ഭീഷണിപ്പെടുത്തുന്നതിന് രക്ഷിതാക്കള്‍ക്ക് ഇങ്ങനെ സംഘടിക്കാന്‍ അവകാശമില്ലെന്നും അങ്ങനെ കൂട്ടായ്മയുടെ ബലത്തില്‍ വിലപേശാനും കുഴപ്പങ്ങളുണ്ടാക്കാനും തുനിഞ്ഞാല്‍ തടി കേടാവുമെന്നുമായി മറുഭീഷണി.
ന്യായം ഇത്തിരി കടുപ്പത്തില്‍ തന്നെയാണ്. പണിയെടുക്കാന്‍ വന്ന ഇവിടെ സംഘം ചേരാന്‍ അവകാശമില്ല എന്ന യാഥാര്‍ഥ്യവും ഓര്‍മിപ്പിച്ചു. കൂട്ടായ്മയുടെ ലക്ഷ്യവും മാര്‍ഗവും വിശദീകരിക്കാന്‍ നിര്‍ബന്ധിതരായ സംഘാടകര്‍ പക്ഷെ, സ്കൂള്‍ നടത്തിക്കൊണ്ടുപോകാന്‍ കുറച്ചു പേരടങ്ങുന്ന കമ്മിറ്റി രൂപീകരിക്കാമോ, അധ്യാപക-രക്ഷാകര്‍തൃ കൂട്ടായ്മ ഉണ്ടാക്കുന്നതു നിയമവിരുദ്ധമല്ലേ എന്നൊന്നും ചോദിച്ചു കണ്ടില്ല.
ഫീസ് കുറക്കാന്‍ സമ്മര്‍ദം ചെലുത്താന്‍ പോയവര്‍ എന്തു നേടിയെന്ന ചോദ്യത്തിനു പാവങ്ങള്‍ക്ക് ഫീസിളവുണ്ടെന്ന വിവരം അറിയാന്‍ കഴിഞ്ഞുവെന്നാണ് മറുപടി. രണ്ടായിരം റിയാല്‍ മാത്രം ശമ്പളമുള്ളവര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് സാക്ഷ്യപ്പെടുത്തിയ ശമ്പള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ഫീസിളവ് ലഭിക്കും. വര്‍ഷങ്ങളായി സ്കൂളില്‍ നിലവിലുള്ള കണ്‍സഷനാണിതെന്നും മറ്റു സംസ്ഥാനക്കാരായ രക്ഷിതാക്കള്‍ പ്രയോജനപ്പെടുത്തുന്നതാണെന്നും അറിയുമ്പോള്‍ ഇതില്‍ പുതുമയില്ല. രണ്ടായിരം റിയാല്‍ ശമ്പളമുള്ളവര്‍ക്ക് ഫാമിലി വിസ കിട്ടുമോ, കിട്ടിയാല്‍ തന്നെ അതുകൊണ്ട് ഫഌറ്റ് വാടകയും ഫീസും നല്‍കാനാകുമോ എന്നതുവേറെ ചോദ്യം.
ശമ്പളം വര്‍ധിപ്പിക്കാതെ നല്ല അധ്യാപകരെ പിടിച്ചുനിര്‍ത്താനാകില്ലെന്നും ശമ്പളം കൂട്ടാന്‍ ഫീസ് വര്‍ധിപ്പിക്കാതെ നിര്‍വാഹമില്ലെന്നും അധികൃതര്‍ പറയുമ്പോള്‍, ശമ്പളം വര്‍ധിപ്പിച്ചതിനുശേഷമല്ലാതെ ഫീസ് കുറക്കണമെന്ന ആവശ്യവുമായി സ്കൂളിന്റെ പടി കയറരുതെന്ന് അധ്യാപകരും അനധ്യാപകരും അപേക്ഷിക്കുമ്പോള്‍ മല്‍ബു ആശയക്കുഴപ്പത്തിലാകുന്നു.
വര്‍ധിപ്പിച്ച ഫീസ് ഒരു തരത്തിലും കുറക്കാനാവില്ലെന്ന് സ്കൂള്‍ അധികൃതര്‍ തറപ്പിച്ചു വ്യക്തമാക്കിയ സ്ഥിതിക്ക്  ഈ ആവശ്യം ഉന്നയിക്കുന്നതിനു രൂപീകരിക്കപ്പെട്ട കൂട്ടായ്മകള്‍ പിരിച്ചുവിടേണ്ടതില്ല. അവര്‍ക്ക് പുതിയ ഒരു ദൗത്യം ഏറ്റെടുക്കാവുന്നതാണ്.
മുദ്രാവാക്യം ഇങ്ങനെയാകാം.
ടീച്ചര്‍മാര്‍ വീട്ടിലെ ട്യൂഷന്‍ ഫീസ് കുറയ്ക്കണം.
അധ്യാപകര്‍ക്ക് വീട്ടിലെ വിശ്രമവേള ആനന്ദകരമാക്കാവുന്ന വിധത്തിലുള്ള ശമ്പളം സ്കൂളില്‍നിന്ന് നല്‍കിയാലേ സ്വകാര്യ ട്യൂഷന്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെടാനൊക്കൂ. തല്‍ക്കാലം മല്‍ബുവിന് ഫീസ് കുറയ്ക്കാന്‍ ആവശ്യപ്പെടുകയേ നിര്‍വാഹമുള്ളൂ.
ചുരുങ്ങിയത് ഒരു കുട്ടിയെങ്കിലും ട്യൂഷനു പോകുന്ന ക്ലാസുകള്‍ മുതല്‍ എല്ലാ കുട്ടികളും സ്വകാര്യ ട്യൂഷനു പോകുന്ന ക്ലാസുകളാണ് ഇന്ത്യന്‍ സ്്കൂളിന്റെ മുഖമുദ്ര.
സ്്കൂളില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ തന്നെയാണ് വീട്ടിലും കുട്ടികളെ പഠിപ്പിക്കുന്നത്. സ്കൂളിലെ ക്ലാസില്‍ വായ തുറക്കാത്ത അധ്യാപകര്‍ വീട്ടില്‍ നന്നായി വായ തുറക്കുമെന്ന് കുട്ടികളുടെ സാക്ഷ്യം.

8 comments:

സര്‍ദാര്‍ said...

ഒരിക്കലും പിരിച്ചുവിടരുത്...എല്ലാ കൂട്ടായ്മക്കും ഒരു വിജയമുണ്ടായിരിക്കും....

gulnaar said...

വിദ്യാഭാസവും ;ആതുര സേവനവും ഏറ്റവും നല്ല കച്ചവട സാദ്യത തുറന്നിട്ട പ്രവാസത്തില്‍ ;സമ്പാധനതിന്റെയ് മുന്തിയ പങ്കും മക്കള്ടെ വിദ്യാഭ്യാസത്തില്‍ ചില വഴിക്കേണ്ടി വരുന്ന പ്രവാസികളുടെ പ്രശ്നങ്ങള്‍ മറ്റേതു പ്രശനവും പോലെ ഒരു വന രോദനം ആയി തുടരുന്നു ....സത്യം ...വിദ്യാലയത്തിലെ ഫീസിന്നെക്കള്‍ എത്രയോ ഭീകരം വിഷയടിസ്ഥാനത്തില്‍ സ്പെഷ്യല്‍ ക്ലാസ്സ്‌ എടുത്തു അധ്യാപകര്‍ മുതലെടുക്കുന്നു ..വിദ്യ സമ്പന്നരായ മാതാപിതാക്കള്‍ പോലും പല കാരണങ്ങള്‍ കൊണ്ടും ഈ അവസ്ഥക്ക് മാറ്റം വരുത്താന്‍ ശ്രമിക്കുന്നില്ല എന്നത് ചിന്തനീയം തന്നെ ................

Abhiyya said...

ഗള്‍ഫിലെത്തുമ്പോള്‍ നമ്മള്‍ മലയാളികള്‍ 'മൂരാച്ചി'കളാകുന്നത്‌കൊണ്ടോ എന്തോ, എത്ര ന്യായമായ വിഷയങ്ങളിലായാലും, വിജയിക്കുന്ന സമരങ്ങള്‍ വളരെ കുറവാണ്. അതുകൊണ്ടാണ് സ്കൂള്‍ ഫീസുകള്‍ പോലും അന്യായമായി വര്‍ധിക്കുന്നതും, അവക്കെതിരായ ഒച്ചപ്പാടുകള്‍ ദിവസങ്ങള്‍കൊണ്ട് കെട്ടടങ്ങുന്നതും.

പിന്ന്നെ ട്യുഷന്‍. ഇത്രയും തുച്ചമായ ശമ്പളത്തിന് അധ്യാപകര്‍ ജോലി ചെയ്യുന്നത് തന്നെ ട്യുഷന്‍ മുന്നില്‍ക്കണ്ടാണ്! 'ഇന്ന സ്കൂളിലെ അദ്ധ്യാപകന്‍' എന്ന ലേബല്‍ മാത്രമാണ് അവര്‍ക്ക് വേണ്ടത്. തുച്ചം ശമ്പളത്തിന് യഥേഷ്ടം അധ്യാപകരെ കിട്ടുന്നതിനാല്‍ മാനെജുമെന്റുകള്‍ക്കും ഇതില്‍ പരാതിയില്ല. ഇരു കൂട്ടര്‍ക്കും ലാഭം!

എം.അഷ്റഫ്. said...

അഭിയ്യ, ഗുല്‍നാര്‍, സര്‍ദാര്‍.. വായിച്ചതിനും അഭിപ്രായം പ്രകടിപ്പിച്ചതിനും നന്ദി. സ്വകാര്യ ട്യൂഷന്‍ ഫീയല്ല, സ്കുളില്‍ ഒന്നും ശ്രദ്ധിക്കാതെ ട്യൂഷനു പോകണം എന്ന് കുട്ടികളെ ഉപദേശിക്കുന്ന ടീച്ചര്‍മാരുടെ അധാര്‍മികതയാണ് പ്രശ്‌നം.

Faisal Nalakath said...

kollaaam.....super....!!!!

കൂതറHashimܓ said...

മല്‍ബൂന്റെ മാഷെന്താ വീട്ടീന്നേ വായ തുറക്കൂ??
ഇതൊരുമതിരി സര്‍ക്കാര്‍ ഡോക്റ്ററുടെ സ്വകാര്യ പ്രാക്റ്റീസ് പോലായല്ലോ

Anonymous said...

kollam ashrafkka!!!!... ee fee oru vallatha talavedana thanne...

Manoraj said...

ആദ്യമായാണ് ഇവിടെ വരുന്നത്. നല്ല ഒരു ലേഖനം. കുറിക്കുകൊള്ളൂന്നുണ്ട്.

Related Posts Plugin for WordPress, Blogger...