Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

April 17, 2011

മല്‍ബു പോയി, കഞ്ഞിത്തരം മാറി


പറയാതെ വയ്യ, മല്‍ബു എത്തിയതില്‍ പിന്നെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ  കഞ്ഞിത്തരമൊക്കെ ഒന്നു മാറി. ഇരുനില വീട്ടിന്റെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറുകള്‍ തലങ്ങും വിലങ്ങും പാഞ്ഞു. മല്‍ബു വോട്ട് ചോദിച്ചെത്തിയ അങ്ങാടിയിലും വീടുകളിലും മണിക്കൂറുകളോളം സുഗന്ധം പരന്നു.
ഹോ എന്തൊരു മണമെന്ന് വോട്ടര്‍മാരും വോട്ടര്‍മാരല്ലാത്തവരും ഒരുപോലെ പറഞ്ഞു. മുല്ലപ്പൂവിന്റെ നറുമണം.
ഖദറിനെ വെല്ലുന്ന തൂവെള്ള നിറമുള്ള മുണ്ടും ഷര്‍ട്ടും ധരിച്ച മല്‍ബുവിന്റെ ചടുലതയില്‍ തഴക്കം ചെന്ന പാര്‍ട്ടിക്കാര്‍ പോലും മൂക്കത്തുവിരല്‍വെച്ചു.
കറുത്ത മേനിയില്‍ വെള്ളവസ്ത്രം മാത്രമല്ല, സ്വര്‍ണനിറമുള്ള റാഡോ വാച്ചും എടുത്തു കാണിച്ചു. പോക്കറ്റിലും തിളങ്ങുന്ന സ്വര്‍ണ നിറമുള്ള പേന. മുന്‍നിരയില്‍ രണ്ട് സ്വര്‍ണപ്പല്ലും.
ഇത്രയൊക്കെ വിശദീകരിച്ചപ്പോള്‍ ആളെ ആര്‍ക്കെങ്കിലും മനസ്സിലായെങ്കില്‍ ഇത് അദ്ദേഹത്തെ കുറിച്ചുതന്നെ എന്നു വിചാരിക്കുകയേ നിര്‍വാഹമുള്ളൂ.
പ്രതീക്ഷയോടെ കാത്തുനിന്ന അമ്മമാരോടും പെങ്ങന്മരോടും മല്‍ബു പറഞ്ഞു. വോട്ടു കഴിയട്ടെ, ഞാന്‍ ഒന്നു കൂടി ഈ വഴിയൊക്കെ വരുന്നുണ്ട്. എല്ലാവരും അതു വിശ്വസിച്ചു. കൂട്ടത്തില്‍ ഒരു ഉമ്മച്ചി ചോദിച്ചു. അല്ലാ ഈ പറയുന്നത് പാര്‍ട്ടിക്കാര്‍ നല്‍കുന്ന വാക്ക് പോലെ തന്നെയാകുമോ. നിന്നെ അവരുടെ കൂട്ടത്തില്‍ കൂട്ടുന്നില്ല. വരൂന്നു പറഞ്ഞാ വരണം.
വോട്ടു പിടിക്കാനെത്തിയ മല്‍ബു സമ്മാനങ്ങളും വാരിവിതറുന്നുണ്ടെന്ന വാര്‍ത്ത പരന്നു. എതിരാളികളുടെ നുണബോംബായിരുന്നു അത്. മല്‍ബു അങ്ങനെയൊന്നും ചെയ്തില്ല.
വോട്ടിനുവേണ്ടി സമ്മാനം കൊടുത്താല്‍ അതു പുലിവാലാകുമെന്ന് അറിയാത്തവരല്ല മല്‍ബുവിന്റെ പാര്‍ട്ടിക്കാര്‍.
പത്രാസോടെ മല്‍ബു രണ്ടു മുന്നു പോരോടപ്പം വോട്ടുപിടിത്തത്തിനിറങ്ങിയതായിരുന്നു. പെട്ടെന്ന് വിശന്നൊട്ടിയ വയറുമായി ഒരു വൃദ്ധ സ്ത്രീ മുന്നില്‍. കൈയില്‍ കുറേ മരുന്നുശീട്ടുകള്‍.
അമ്മച്ചിയോട് കുശലാന്വേഷണം നടത്തിയ മല്‍ബു വോട്ടുണ്ടോ അമ്മച്ചീ എന്നു ചോദിച്ചു.
വോട്ടൊക്കെയുണ്ട് മോനേ.. പക്ഷെ മരുന്നു വാങ്ങിയില്ലെങ്കില്‍ വോട്ടിനു പോണ്ട ദിവസം ഞാനുണ്ടാകൂന്നു തോന്നില്ല. അത്രക്കുണ്ട് വലിവ്. മോനൊരു 500 ഇങ്ങു താ. ഞാന്‍ പോയി മരുന്നു വാങ്ങട്ടെ.
അലിവു തോന്നിയ മല്‍ബു പോക്കറ്റില്‍ കൈയിട്ടു. പഴ്‌സ് പുറത്തേക്കെടുക്കാന്‍ നോക്കിയപ്പോള്‍ കൂടെ ഉണ്ടായിരുന്ന നാടന്‍ മല്‍ബു കൈയില്‍ കയറി ഒറ്റപ്പിടിത്തം. സാര്‍ എന്താ ഇതു ചെയ്യുന്നേ? ചോദിക്കുമ്പോഴേക്കും അങ്ങെടുത്തു കൊടുക്കുകയോ?
പാവപ്പെട്ട ഒരു സ്ത്രീക്ക് മരുന്നു വാങ്ങാന്‍ കാശ് കൊടുക്കാന്‍ പോലും സമ്മതിക്കാത്ത ഇവനൊക്കെ എങ്ങനെ വോട്ടുകിട്ടുമെന്ന്  മല്‍ബു ആലോചിച്ചു.
അയ്യോ ചതിക്കല്ലേ മല്‍ബു. ഇതു മറ്റവരുടെ പണിയാ.. ഇവര്‍ക്ക് 500 രൂപ കൊടുക്കുമ്പോള്‍ അതു ക്യാമറയില്‍ പകര്‍ത്തി തെരഞ്ഞെടുപ്പ് കമ്മീഷനു കൊടുക്കാനാ അവരുടെ പരിപാടി. ദൂരേക്ക് കൈ ചൂണ്ടി. അതെ, ഒരു കെട്ടിടത്തിന്റെ വാര്‍പ്പിന്റെ മുകളില്‍ രണ്ടു പേര്‍ ക്യാമറയുമായി നില്‍ക്കുന്നു.
ഹോ. ആകെ കുളമാകുമായിരുന്നല്ലോ പടച്ചോനേ. എന്നു പറഞ്ഞുകൊണ്ട് മല്‍ബു യാഥാര്‍ഥ്യ ലോകത്തേക്ക് എത്തുമ്പോഴേക്കും വളഞ്ഞൊട്ടി നിന്നിരുന്ന അമ്മച്ചി ദൂരേക്ക് നടന്നകന്നിരുന്നു.
പ്രവാസികള്‍ക്ക് വോട്ടവകാശം സ്ഥാപിച്ചുകിട്ടുക വഴി സമ്മതിദായകരെ മാത്രമല്ല, നല്ല വോട്ടു പിടിത്തക്കാരെ കുടിയാണ് പാര്‍ട്ടികള്‍ക്ക് കിട്ടിയത്. ഒമ്പതിനായിരത്തോളം പ്രവാസികളാണ് വോട്ടിനായി നാട്ടിലെത്തിയത്. ഇവരില്‍ എത്രപേര്‍ വോട്ടു പിടിത്തത്തിനിറങ്ങിയെന്ന് കണക്കാക്കുക സാധ്യമല്ല.
നാടുവിട്ടിട്ടും നാട്ടിലെ സിന്ദാബാദ് വിളികളോര്‍ത്ത് ഉറക്കം ലഭിക്കാത്തവര്‍ തന്നെയായിരിക്കും വോട്ട് വിമാനത്തില്‍ നാട്ടിലെത്തിയവരില്‍ ഭൂരിഭാഗവുമെന്ന് ഊഹിക്കാം. നാട്ടിലുണ്ടെങ്കില്‍ വോട്ട് ചെയ്യാമെന്നല്ലാതെ അതിനായി കഫീലിന്റെ കാലുപിടിച്ച് അവധി തരപ്പെടുത്തി സ്വന്തം ടിക്കറ്റില്‍ പോകാന്‍ സാദാ വോട്ടറൊന്നും തയാറാകില്ല.
ആറ്റുനോറ്റിരുന്ന് കിട്ടിയ വോട്ടവകാശത്തിന്റെ വില അറിയത്തതുകൊണ്ടൊന്നുമല്ല, നാടും വീടും വിട്ട് മരുഭൂമയിലേക്ക് വന്നത് നാലു കാശുണ്ടാക്കാനാണ്. അല്ലാതെ നാട്ടിലെ രാഷ്ട്രീയവും പറഞ്ഞ്, വാഗ്വാദത്തിലേര്‍പ്പെട്ട്, ബാച്ചിലര്‍ മുറികളിലെ സൗഹാര്‍ദം നഷ്ടപ്പെടുത്താനല്ല എന്ന വിശ്വാസത്തോടെ  ടെലിവിഷനിലെ ഐഡിയ സ്റ്റാര്‍ സിംഗറും കോമഡി സ്റ്റാര്‍സും ആസ്വദിച്ച് ജീവിതം നീക്കുന്ന സാദാ മല്‍ബു അതിനു തുനിയുമെന്നു തോന്നുന്നില്ല. നാട്ടില്‍ പോകുന്ന സമയത്ത് തെരഞ്ഞെടുപ്പ് വരികാണെങ്കില്‍ വോട്ടു ചെയ്യാം എന്നതാണ് അവരുടെ നിലപാട്. വോട്ടര്‍ പട്ടികയില്‍ പേരു രജിസ്റ്റര്‍ ചെയ്യാനുള്ള പാര്‍ട്ടിക്കാരുടെ കല്‍പനയോടും നിലപാട് അതു തന്നെയായിരുന്നു. നിസ്സംഗത.
പക്ഷേ മല്‍ബു ചരിത്രമെഴുതി. വോട്ടുപിടിക്കാനെത്തിയ രാജകുമാരനെന്നു പേരെടുത്തു.
വോട്ടെടുപ്പു ദിവസവും മല്‍ബുവിനും മല്‍ബുവിന്റെ വാഹനങ്ങള്‍ക്കും പിടിപ്പതു പണിയായിരുന്നു. വൈകിട്ട് ക്ഷീണിച്ചവശനായി വീട്ടിലെത്തിയപ്പോള്‍ മല്‍ബി.
ജന്മസാഫല്യമായി അല്ലേ. പ്രവാസിയുടെ ആദ്യവോട്ടിന്റെ സാഫല്യം. എന്തു തോന്നുന്നു?
ഹോ, ചാനല്‍ കണ്ടു കണ്ട് നീയും ഒരു വനിതാ റിപ്പോര്‍ട്ടറായോ? അഭിപ്രായം ആരായുന്നു.
വോട്ടര്‍മാരെ ബൂത്തിലെത്തിക്കുന്നതിന് തലങ്ങും വിലങ്ങും പായുന്ന പാര്‍ട്ടിക്കാര്‍ക്ക് ഉച്ചഭക്ഷണം ഒരുക്കേണ്ടതിനാല്‍ രാവിലെ തന്നെ പോയി വോട്ട് ചെയ്തു വന്നതായിരുന്നു മല്‍ബി.
വിരലിലെ മഷി ഉയര്‍ത്തിക്കാട്ടി. അതല്ല നിങ്ങളുടെ വിരലില്‍ മഷി പതിച്ചില്ലേ.. ഒട്ടും കാണാനില്ലല്ലോ. എങ്ങനെ കളഞ്ഞു.
മല്‍ബു ആദ്യം ഒന്നു വിരണ്ടെങ്കിലും പിന്നീട് ആ സത്യം പറഞ്ഞു. സ്വന്തം മല്‍ബിയോടല്ലേ. എന്തിനു മറച്ചുവെക്കണം.
അതേയ്, വോട്ട് ഞാന്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ല.
വോട്ടിനായിട്ടല്ലേ വന്നത്. എന്നിട്ടും എന്തു പറ്റി. വോട്ട് പിടിക്കാനൊക്കെ ഉഷാറായി നടന്നിട്ട്. പാര്‍ട്ടിക്കാര്‍ എന്തു വിചാരിക്കും.
അവരെന്തു വിചാരിക്കാനാ. അവരോട് ടിക്കറ്റൊന്നും വാങ്ങിയിട്ടല്ല ഞാന്‍ വന്നത്. ഞാനാ രണ്ടു പോരെ സ്വന്തം ടിക്കറ്റെടുത്ത് കൊണ്ടുവന്നത്.
എന്നാലും രജിസ്റ്റര്‍ ചെയ്തു വോട്ടു ചെയ്യായിരുന്നു.
പാസ്‌പോര്‍ട്ട് കൊണ്ടു പോയാലല്ലേ രജിസ്റ്റര്‍ ചെയ്യാനും വോട്ടിടാനും പറ്റൂ. പാസ്‌പോര്‍ട്ട് പ്രകാരം ഞാനേ കുന്താപുരത്തു കാരനാ. അതങ്ങ് കര്‍ണാടകയിലാ..
രണ്ടാം പാസ്‌പോര്‍ട്ടാണെന്ന കാര്യം മല്‍ബിയും അപ്പോഴാണ് ഓര്‍ത്തത്.

7 comments:

വെള്ളരി പ്രാവ് said...

"പാസ്‌പോര്‍ട്ട് കൊണ്ടു പോയാലല്ലേ രജിസ്റ്റര്‍ ചെയ്യാനും വോട്ടിടാനും പറ്റൂ...."
A vivid picture of Expatriate life!!!
Keep up d good work.

മൻസൂർ അബ്ദു ചെറുവാടി said...

ഒരു രസികന്‍ പോസ്റ്റ്‌.
പ്രവാസികളുടെ ആവേശം
ഇലക്ഷന്‍ ചൂട് എല്ലാമുണ്ട്.
നന്നായി

സാലീ കാത്തു said...

ആഹ ,ഈ മല്‍ ബു പണി പറ്റിച്ചു ,,,ഒന്ന് വിലസിയത മല്‍ ബു അല്ലേ നന്നായിരിക്കുന്നു

Naushu said...

നല്ല പോസ്റ്റ്‌ ...
കലക്കന്‍ ...

Unknown said...

ക്ലൈമാക്സ് കലക്കി, ഇങ്ങനെയും കുറെ മല്‍ബുകള്‍!

faizal said...

രസികന്‍ പൊസ്റ്റു കെട്ടൊ നന്നയി...........

Anonymous said...

അഷ്‌റഫിന്റെ മല്‍ബു കഥകള്‍ എല്ലാം നന്നാവാറുണ്ട്‌.......


rahim

Related Posts Plugin for WordPress, Blogger...