Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

February 27, 2011

വോട്ടും വേണ്ട കോപ്പും വേണ്ട

മല്‍ബു കാര്യഗൗരവത്തെടെ ആലോചിക്കുകയായിരുന്നു. നാട്ടില്‍ എന്തൊക്കെ പുകിലുകളാണ്.
ഓരോ പ്രഭാതവും പൊട്ടിവിടരുന്നത് പുതിയ പുതിയ വെളിപ്പെടുത്തലുകളുമായി. നൂറുകൂട്ടം കേസുകള്‍. ഇങ്ങനെ പോയാല്‍ വോട്ടെടുപ്പ് തീയതി ആകുമ്പോഴേക്കും കേസില്‍ കുടുങ്ങാത്ത ഒറ്റ നേതാവും അവശേഷിക്കില്ല.
വിസ തട്ടിപ്പുകാരേക്കാളും കഷ്ടമായിരിക്കുന്നു കോടതികളുടേയും ജഡ്ജിമാരുടേയും അവസ്ഥ. വിചാരണക്കോടതിയില്‍ വേണമെങ്കില്‍ ജഡ്ജിയുടെ മുഖത്തുനോക്കി പ്രതിക്ക് ചോദിക്കാം- താങ്കള്‍ വിശ്വസ്തന്‍ തന്നെയല്ലേ?
ഒരു മല്‍ബു രവിയേട്ടനെഴുതിയ കത്ത് പ്രസക്തമാണ്. വെളിപ്പെടുത്തല്‍ മാനിയയുടെ ഭാഗമാണോ എന്നു വ്യക്തമല്ല. പക്ഷേ തികച്ചും സോദ്ദേശ്യപരം.
പ്രിയപ്പെട്ട രവിയേട്ടാ,
അങ്ങ് നേടിത്തന്ന അവകാശം ഞാനിതാ തിരികെ ഏല്‍പിക്കുന്നു. ജീവിതത്തില്‍ ഇതുവരെ ഞാന്‍ ഈ പാതകത്തില്‍ പങ്കു വഹിച്ചിട്ടില്ല. വിധിയായിരിക്കാം എന്നെ ഒരു പ്രവാസിയാക്കി രക്ഷപ്പെടുത്തിയത്. കള്ളന്മാര്‍ക്കും കൊള്ളക്കാര്‍ക്കുമായി കൈയൊപ്പ് ചാര്‍ത്താന്‍ മേലിലും ഞാനില്ല. അഭിമാനമുണ്ട് രവിയേട്ടാ. നാലാളുടെ മുമ്പില്‍ തല ഉയര്‍ത്തി പറയാം. മാസാമാസം വിദേശ നാണ്യം അയച്ച് ഞാന്‍ എന്റെ രാജ്യത്തെ ശക്തിപ്പെടുത്തിയിട്ടേ ഉള്ളൂ. ഖജനാവില്‍നിന്ന് കട്ടുമുടിച്ച് സ്വിസ് ബാങ്ക് നിറയ്ക്കുന്നവരെ വോട്ട് കുത്തി സഹായിച്ചിട്ടില്ല. പോസ്റ്റര്‍ തയാറാക്കുന്നതിനും അത് ഒട്ടിക്കാന്‍ മൈദ വാങ്ങുന്നതിനും ചില്ലറ അയച്ചു കൊടുത്തിരുന്നു. അതിലെ പകുതി ഏതാനും പോക്കറ്റുകളിലാണ് എത്തിപ്പെട്ടതെന്ന് തെളിവുകളോടെ എനിക്ക് പറയാം. ഒരിക്കല്‍ പോലും വോട്ട് ചെയ്യാത്ത ഈ പാവം മല്‍ബുവിന്റെ ധര്‍മസങ്കടം അങ്ങ് ഉള്‍ക്കൊള്ളുമല്ലോ?
ആദരവോടെ സ്വന്തം മല്‍ബു.

കത്ത് ലഭിച്ച പ്രൈവറ്റ് സെക്രട്ടറി അതു രവിയേട്ടന് കാണിക്കുമെന്ന് വലിയ ഉറപ്പൊന്നുമില്ല. പ്രസക്തമല്ലാത്ത കത്തുകളും ഇ-മെയിലുകളും മന്ത്രിക്ക് വായിക്കാന്‍ കൊടുക്കുന്നതില്‍ എന്തുണ്ട് ന്യായം? വേസ്റ്റ് ഓഫ് ടൈം.
ഇക്കാര്യത്തെക്കുറിച്ച് അറിവുള്ളതുകൊണ്ടാകണം റിയാദില്‍നിന്ന് പേരുകേട്ട ഒരു മല്‍ബി രവിയേട്ടനെ നേരില്‍ കണ്ട് സംസാരിച്ചതിനു പുറമെ ഇന്റര്‍നെറ്റില്‍ ഒരു നോട്ടീസ് അടിച്ചുവെച്ചിരിക്കുന്നത്. അസമില്‍ പത്രക്കാര്‍ക്ക് ലാപ്‌ടോപ്പ് നല്‍കുന്നതു പോലെ വോട്ടു സീസണില്‍ സര്‍ക്കാരുകള്‍ പലവിധ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനിടെയാണ് മല്‍ബിയുടെ അഭ്യര്‍ഥന.
ലാപ്‌ടോപ്പ് സ്ക്രീനില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു.
we want online voting right-by pravasi.
രവിയേട്ടനും മറ്റുള്ളവരും അതു വായിക്കുമെന്ന് പ്രതീക്ഷിക്കാം.
പക്ഷെ, പ്രായോഗികമായി ചിന്തിക്കണമല്ലോ.
ഓണ്‍ലൈന്‍ വോട്ട് ഏര്‍പ്പെടുത്തുന്നതിന് രവിയേട്ടന്‍ ശ്രമിക്കാനിടയില്ല. കാരണങ്ങള്‍ പലതാണ്.
പ്രവാസികളുടെ വോട്ട് നിര്‍ണായകമാകാന്‍ ഇന്ത്യ ഒരു കൊച്ചു രാജ്യമൊന്നുമല്ല. പത്ത് വര്‍ഷം മുമ്പ് തന്നെ ഇന്ത്യയിലെ ജനസംഖ്യ 100 കോടി കവിഞ്ഞിരുന്നു. പുതിയ കണക്കെടുപ്പ് തുടങ്ങിക്കഴിഞ്ഞു. 25 ശതമാനമെങ്കിലും വര്‍ധനയില്ലെങ്കില്‍ പിന്നെ ഇന്ത്യയെ എന്തിനുകൊള്ളും?

ഏതു തെരഞ്ഞെടുപ്പ് എടുത്തു നോക്കിയാലും അതില്‍ പങ്കെടുക്കാത്ത വോട്ടര്‍മാര്‍ പ്രവാസികളുടെ എണ്ണത്തേക്കാളും എത്രയോ ഇരട്ടി വരും. ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിനോ തുടര്‍ന്ന് മന്ത്രിസഭ ഉണ്ടാക്കുന്നതിനോ ഇക്കാരണംകൊണ്ട് ഒരു ഭംഗവും വന്നിട്ടില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സര്‍ക്കാര്‍ മെഷിനറി മൊത്തത്തിലും വിചാരിച്ചാലും എല്ലാ വോട്ടര്‍മാരെയും ബൂത്തിലെത്തിക്കുക സാധ്യവുമല്ല. അക്കൂട്ടത്തില്‍ എണ്ണിയാല്‍ പോരേ പ്രവാസികളുടെ വോട്ടും?
എതിരാളികള്‍ സമ്മതിക്കില്ലെങ്കിലും രവിയേട്ടന്റെ കഠിന പ്രയത്‌നത്തിന്റെ ഫലമായി പ്രവാസികള്‍ക്ക് മൗലികാവകാശം സ്ഥാപിച്ചു കിട്ടിയല്ലോ. ഇനിയിപ്പോ ഓണ്‍ലൈന്‍ വോട്ട് എന്നു പറഞ്ഞ് ബുദ്ധിമുട്ടിക്കണോ? അതിനായുള്ള വാദം സാമ്പത്തിക, രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കുന്നതുമാണ്.
വോട്ടര്‍ പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നതിന് കടമ്പകള്‍ പലതുണ്ട്. നാട്ടില്‍ നേരിട്ടുപോയി രജിസ്റ്റര്‍ ചെയ്യാം. പട്ടികയില്‍ പേരു ചേര്‍ക്കുന്ന സമയത്ത് ഓരോ രാഷ്ട്രീയ പാര്‍ട്ടിയും വിമാനം ചാര്‍ട്ടര്‍ ചെയ്ത് പ്രവാസികളെ കൊണ്ടുപോയി കര്‍മം നിര്‍വഹിപ്പിച്ച് തിരികെ എത്തിക്കുന്ന ഒരു രീതി സ്വീകരിച്ചാല്‍ ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യക്ക് വലിയ നേട്ടമായിരിക്കും. നഷ്ടത്തിലോടുന്ന എയര്‍ ഇന്ത്യക്കും യാത്ര തരപ്പെടുത്തുന്ന പാര്‍ട്ടി നേതാക്കള്‍ക്കും സാമ്പത്തിക നേട്ടം. പാസ്‌പോര്‍ട്ടിന്റെയും ഇഖാമയുയെയും പകര്‍പ്പ് എംബസിയില്‍നിന്ന് അറ്റസ്റ്റ് ചെയ്ത് അയക്കുകയാണ് മറ്റൊരു രീതി. അപ്പോള്‍ ഒരു വോട്ടര്‍ക്ക് 48 റിയാലിന്റെ ചെലവ് വരും. ഇതു വോട്ടുവേണ്ടവര്‍ നല്‍കട്ടെ എന്ന് തീരുമാനിക്കുന്ന പ്രവാസികളായിരിക്കും കൂടുതല്‍.
വോട്ടെടുപ്പ് ദിനത്തില്‍ പ്രവാസി സമ്മതിദായകരുമായി പ്രത്യേക വിമാനങ്ങള്‍ പറന്നേ മതിയാകൂ. എയര്‍ഇന്ത്യക്കും പാര്‍ട്ടി നേതാക്കള്‍ക്കും സാമ്പത്തിക നേട്ടമുണ്ടാകുമെങ്കിലും ഇവിടെ പരിഗണിക്കേണ്ടത് രാഷ്ട്രീയ നേട്ടമാണ്.
വോട്ട് ഞെക്കാനായി പ്രവാസികളെ കൊണ്ടുപോകാതിരിക്കുന്നതാണ് ബുദ്ധി. പട്ടികയില്‍ പേരുള്ള പ്രവാസികളുടെ വോട്ട് രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വളരെ ഈസിയായി രേഖപ്പെടുത്താവുന്നതാണ്. കൈ വിരലിലെ മഷി മായ്ക്കുന്നതിനുള്ള കെമിക്കലിന് ഒട്ടും ക്ഷാമമില്ലല്ലോ.
വോട്ടിനുള്ള കടമ്പകള്‍ വായിച്ച ഒരു മല്‍ബു പറയുന്നതിങ്ങനെ: "വോട്ടും വേണ്ട കോപ്പും വേണ്ട.' നാട്ടില്‍ പോകാനാവാതെ ഇവിടെ കുടുങ്ങിക്കഴിയുന്ന ആയിരക്കണക്കിന് ഹുറൂബുകാരെ രക്ഷിക്കാന്‍ വല്ല വഴിയുമുണ്ടോ രവിയേട്ടാ? 

12 comments:

Naushu said...

nalla post

Unknown said...

ഇതുവരെ കിട്ടിയിട്ടില്ല ഇനിയിപ്പോ
വോട്ടും വേണ്ട ഒരു കോപ്പും വേണ്ട !

faisal said...

ഇവിടെ വോട്ട് ഒന്നും അല്ല വേണ്ടത് vaccation സീസണ്‍ ഫ്ലൈറ്റ് ഫെയര്‍ കുറച്ചാല്‍ മതി

Unknown said...

kalakki......Rehim

Unknown said...

vote thannilenkilum jeevikan vitta madhi....

G.MANU said...

Nice pravaasi thought

Anil cheleri kumaran said...

അതെന്നെ, ജീവിക്കാൻ വിട്ടാ മതി.

ബിഗു said...

വേറിട്ട ചിന്ത ഇഷ്ടപ്പെട്ടു. ആശംസകള്‍ :)

Unknown said...

രവിയെട്ടനോട് നമ്മള്‍ക്ക് വോട്ടു ചെയ്യുവാന്‍ കഴിയാഞ്ഞിട്ടു ഉറക്ക് കിട്ടുന്നില്ല എന്ന് പറയുക.........

Ismail Chemmad said...

വേറിട്ട ചിന്ത ഇഷ്ടപ്പെട്ടു. ആശംസകള്‍

sm sadique said...

കലക്കൻ ചിന്തകൾ…..
ആശംസകൾ…………

വെള്ളരി പ്രാവ് said...

(റിയാദില്‍നിന്ന് പേരുകേട്ട ഒരു മല്‍ബി രവിയേട്ടനെ നേരില്‍ കണ്ട് സംസാരിച്ചതിനു പുറമെ ഇന്റര്‍നെറ്റില്‍ ഒരു നോട്ടീസ് അടിച്ചുവെച്ചിരിക്കുന്നത്. അസമില്‍ പത്രക്കാര്‍ക്ക് ലാപ്‌ടോപ്പ് നല്‍കുന്നതു പോലെ വോട്ടു സീസണില്‍ സര്‍ക്കാരുകള്‍ പലവിധ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനിടെയാണ് മല്‍ബിയുടെ അഭ്യര്‍ഥന.
ലാപ്‌ടോപ്പ് സ്ക്രീനില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു.
we want online voting right-by pravasi)
മല്ബൂ..ഹും എനിക്കു മനസിലാകില്ലാന്നു കരുതിയോ...നടക്കട്ടെ....തിരിച്ചു പാര പൂര്‍വാധികം ഭംഗിയായി വെക്കുന്നതാണ് എന്ന് ഉറക്കെ പ്രഖ്യാപിക്യുന്നു..."ഉന്നൈ വിടമാട്ടെ"!!!!(നന്നായിരിക്കുന്നു...നന്മകള്‍.)

Related Posts Plugin for WordPress, Blogger...