Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

February 20, 2011

മിസ്‌രിപ്പണം ഫിഫ്റ്റി ഫിഫ്റ്റി

ഈജിപ്തിലെ പുതുയുഗപ്പിറവിയെ കുറിച്ചുള്ള വിശകലനം വായിച്ചു തീര്‍ന്നപ്പോഴാണ് അവിടെ കുടുങ്ങിപ്പോയ ഒരു മല്‍ബുവിന്റെ ഇ-മെയില്‍ ലഭിച്ചത്. കഴിഞ്ഞ മാസംവരെ മുടങ്ങാതെ ഇ-മെയില്‍ ഫോര്‍വേഡ് ചെയ്തിരുന്ന ഇയാള്‍ ഈജിപ്തില്‍ പോയ കാര്യം അറിഞ്ഞിരുന്നില്ല.
എങ്ങനെ അറിയാനാണ്?
വ്യക്തിപരമായ വിശേഷങ്ങള്‍ ഒരിക്കല്‍ പോലും ഇയാള്‍ എഴുതിയിരുന്നില്ലല്ലോ? എല്ലാ മെയിലുകളും ഒന്നുകില്‍ അന്താരാഷ്ട്രീയം അല്ലെങ്കില്‍ കേരളത്തിലെ പാര്‍ട്ടിക്കാരുടെ തമ്മിലടി ചിത്രീകരിക്കുന്ന കാര്‍ട്ടൂണുകളും അപഗ്രഥനങ്ങളും.
ദിവസം 10 മുതല്‍ 50 വരെ ഇ-മെയിലുകള്‍ ഫോര്‍വേഡ് ചെയ്തിരുന്ന മല്‍ബുവിന് അവസാനമായി അങ്ങോട്ടയച്ച ഇ-മെയില്‍ ഓര്‍മയുണ്ട്. വായന ഇത്തിരി സെലക്ടീവ് ആക്കിയിരിക്കുന്നുവെന്നും ദയവായി ഇനി ഇത്തരം മെയിലുകള്‍ ഫോര്‍വേഡ് ചെയ്യരുതെന്നുമായിരുന്നു അതിലെ അഭ്യര്‍ഥന. അതിനു മറുപടി ഒന്നും വന്നില്ലെങ്കിലും ഇ-മെയിലുകളുടെ ഒഴുക്ക് പൊടുന്നനെ നിലച്ചു. അതുകൊണ്ട് രണ്ട് മെച്ചങ്ങളാണുണ്ടായത്. രണ്ടോ മൂന്നോ ദിവസം കൂടുമ്പോള്‍ നിങ്ങളുടെ മെയില്‍ ബോക്‌സ് നിറഞ്ഞിരിക്കുന്നു, ഇതാ ഇനി ഒട്ടും സ്ഥലമില്ലെന്ന് അറിയിച്ചുകൊണ്ടുള്ള ജി മെയില്‍ അറിയിപ്പുകള്‍ നിലച്ചു. കണ്ണു ചിമ്മി മെയിലുകള്‍ ഡിലീറ്റ് ചെയ്യുന്ന ജോലിയും കുറഞ്ഞു കിട്ടി.
മാസങ്ങളായി അഭിമുഖീകരിച്ചുകൊണ്ടിരുന്ന വിപത്തില്‍നിന്നാണ് രക്ഷപ്പെട്ടത്. മല്‍ബു ഈജിപ്തിലേക്ക് ചേക്കേറിയതിനാലാണ്,  അല്ലാതെ ദയാവായ്്പ് കൊണ്ടല്ല ഈ വിമോചനം സംഭവിച്ചതെന്ന് ഇപ്പോഴല്ലേ മനസ്സിലായത്.
കഥാപുരുഷന് അവിടെ ഇ-മെയിലുകള്‍ അയക്കാന്‍ പറ്റാത്ത ഏതെങ്കിലും ഓഫീസിലായിരിക്കും ജോലി ലഭിച്ചിട്ടുണ്ടാവുക. അല്ലാതെ, മിസ്‌റെന്ന രാജ്യത്ത് ഇന്റര്‍നെറ്റ് അപൂര്‍വ സംഭവമൊന്നുമല്ലല്ലോ? അവിടെ അരങ്ങേറിയ വിപ്ലവത്തിന്റെ ഉത്തരവാദിത്തം പോലും ഇന്റര്‍നെറ്റിലെ സൗഹൃദ കൂട്ടായ്മകളായ ഫേസ്ബുക്കിനും ട്വിറ്ററിനും മേല്‍ കെട്ടിവെക്കാന്‍ ആളുകളുണ്ട്. ഏകാധിപത്യവാഴ്ചക്കെതിരെ പതിറ്റാണ്ടുകളായി, ക്ഷമയോടെ ചിട്ടയൊത്ത പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടവരെയൊക്കെ ഫേസ് ബുക്ക് വിഴുങ്ങിക്കളഞ്ഞു. ഗൂഗിളിന്റെ അമരക്കാരിലൊരാള്‍ വന്നപ്പോള്‍ പ്രക്ഷോഭകര്‍ക്കിടയില്‍ ലഭിച്ച സ്വീകരണവും വലിയ വാര്‍ത്ത ആയിരുന്നുവല്ലോ? അപ്പോള്‍ ഇന്റര്‍നെറ്റിന്റെ അപര്യാപ്തതയല്ല, മല്‍ബുവിന്റെ സൗകര്യക്കുറവായിരുന്നിരിക്കണം മെയില്‍ ഫോര്‍വേഡിംഗ് ജോലി ഉപേക്ഷിക്കാന്‍ കാരണം.
അവധി ദിവസമായതിനാലാണ് ഈജിപ്തില്‍ കുടുങ്ങിയിരിക്കുന്നുവെന്ന മല്‍ബുവിന്റെ മെയില്‍ ശ്രദ്ധയില്‍പെടാന്‍ കാരണം. പ്രവൃത്തി ദിവസങ്ങളിലാണല്ലോ ഏറ്റവും കൂടുതല്‍ മെയിലുകളുടെ പ്രവാഹമുണ്ടാകുക. നൂറായിരം ഗ്രൂപ്പുകളില്‍നിന്നുള്ളവക്കു പുറമെ, ഗ്രൂപ്പുകളില്‍നിന്നു ലഭിക്കുന്ന അതേ മെയിലുകള്‍ തന്നെ ഫോര്‍വേഡ് കൂടി ചെയ്യപ്പെടുന്നത് ഓഫീസുകളിലെ പ്രവൃത്തി സമയങ്ങളിലാണ്. അവധി ദിവസങ്ങളില്‍ ഒറ്റ മെയില്‍ പോലും അയക്കപ്പെടുന്നില്ല.
എന്തുകൊണ്ടാണ് സര്‍ ഇങ്ങനെ?
അതേയ്, വീട്ടില്‍ വെച്ച് കംപ്യൂട്ടറും തുറന്ന് മെയില്‍ അയക്കാനിരുന്നാലുണ്ടല്ലോ, മല്‍ബി കൊല്ലും.
ഇത്തിരി നേരംപോക്ക് പറയാനും സൂപ്പര്‍ മാര്‍ക്കറ്റില്‍ പോകാനുമുള്ളതാണ് അവധി ദിവസങ്ങള്‍.
കണക്കില്ലാത്ത മെയിലുകള്‍ അയച്ചു ബുദ്ധിമുട്ടിച്ചു എന്ന ഒറ്റക്കാര്യത്തിലേ മല്‍ബുവിനെ കുറിച്ചു പരാതിയുള്ളൂ. തങ്കപ്പെട്ട മനുഷ്യനാണെന്നാണ് കേള്‍വി. ആളുകളുടെ വേദനയെ കുറിച്ച് പത്രങ്ങളില്‍ വരുന്ന കഥകള്‍ വായിച്ചുപോലും സങ്കടപ്പെടുന്നയാള്‍. സങ്കടപ്പെടുക മാത്രമല്ല, അത്തരം ആളുകള്‍ക്ക് എന്തെങ്കിലുമൊക്കെ അയച്ചു കൊടുക്കണമെന്ന് ചിന്തിക്കുന്ന മഹദ് വ്യക്തി.
അങ്ങനെയുള്ള മല്‍ബുവിനാണല്ലോ ഈ ഗതി വന്നിരിക്കുന്നത്. പത്ത് ചക്രം അധികം കിട്ടുമെന്ന് കരുതിയായിരിക്കുമല്ലോ, ഈജിപ്തിലേക്ക് പോയതെന്ന ചിന്തയൊന്നും വന്നില്ല. അയാള്‍ക്ക് പത്ത് ചക്രം അധികം കിട്ടിയാല്‍ അതിന്റെ ഗുണം സമൂഹത്തിനു കൂടിയാണെന്ന് ഉറപ്പിച്ചു പറയുകയും ചെയ്യാം.
അഫ്ഗാനില്‍ സഖ്യസേനയുടെ ഓഫീസില്‍ ജോലി നോക്കുന്ന ഒരു മല്‍ബു ഈയിടെ പറഞ്ഞു. നിരപരാധികളായ സ്ത്രീകളേയും കുട്ടികളെയും കൊല്ലുന്നവര്‍ക്ക് കൂട്ടുനിന്ന് കിട്ടുന്ന ശമ്പളത്തിന്റെ നല്ലൊരു വിഹിതം ഞാന്‍ പാവങ്ങള്‍ക്കുവേണ്ടി ചെലവഴിക്കുന്നുണ്ട്.
ഓഫീസിലായിട്ടുതന്നെ ഇങ്ങനെ, ഇനി അങ്ങേര് സാക്ഷാല്‍ പട്ടാളക്കാരന്‍ തന്നെ ആയാല്‍ എന്തായിരിക്കും അവസ്ഥ. മുഴുവന്‍ ശമ്പളവും പാവങ്ങള്‍ക്ക് കൊടുക്കുകയോ?
കൈയിലുണ്ടായിരുന്ന കാശ് മുഴുവന്‍ തീര്‍ന്നു പോയെന്നും എങ്ങനെയെങ്കിലും നാട്ടിലെത്തുന്നതിനുള്ള തുക അയച്ചുതരണമെന്നുമാണ് മെയിലില്‍ മല്‍ബുവിന്റെ അഭ്യര്‍ഥന. ഒരു പ്രവാസിയുടെ സങ്കടമായതുകൊണ്ടു മാത്രമല്ല, ആദ്യമായാണ് മല്‍ബു ഇങ്ങനെ വ്യക്തിപരമായ മെയില്‍ അയക്കുന്നത് എന്നതു കൂടിയാകുമ്പോള്‍ ഗൗരവം വര്‍ധിക്കുന്നു.
അനധികൃത താമസക്കാര്‍ക്ക് നാട്ടിലേക്ക് മടങ്ങണമെങ്കില്‍ ജിദ്ദയില്‍ ഒരു പാലമെങ്കിലുമുണ്ട്. ഈജിപ്തില്‍ അതൊന്നും കാണില്ലായിരിക്കും. എംബസിക്കാര്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന് ഒരു വാര്‍ത്ത വായിച്ചതോര്‍ക്കുന്നു. നാട്ടിലേക്ക് മടങ്ങാന്‍ ഉദ്ദേശിച്ച് ജിദ്ദയിലെ പാലത്തിനടിയില്‍ തമ്പടിക്കുന്നവരെ സാവകാശമാണെങ്കിലും പിടിച്ചുകൊണ്ടുപോയി വിമാനം കയറ്റി വിടുന്നുണ്ട്.
കയ്‌റോയില്‍നിന്ന് മല്‍ബുവിനെ നാട്ടിലെത്തിക്കാന്‍ എങ്ങനെയെങ്കിലും സഹായിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് സുഹൃത്തിനെ വിളിച്ചത്.
നമ്മുടെ സഹായി മല്‍ബു ഈജിപ്തില്‍ കുടുങ്ങി അല്ലേ എന്നു പറഞ്ഞപ്പോള്‍ ഫോണില്‍ അങ്ങേത്തലയ്ക്കല്‍ പൊട്ടിച്ചിരി. നിനക്കും കിട്ടി അല്ലേ അവന്റെ മെയില്‍. ഞാന്‍ ഇപ്പോള്‍ സഹായിയെ ഫോണ്‍ ചെയ്തു വെച്ചതേയുള്ളൂ. അവന്‍ ഈജിപ്തിലൊന്നും പോയിട്ടില്ല.
പാലത്തിനു ചോട്ടിലെത്തുന്നവര്‍ക്ക് ചില്ലറ സേവനമൊക്കെ ചെയ്തു കൊണ്ട് ഇവിടെ ജിദ്ദയില്‍ തന്നെയുണ്ട്.
വീണ്ടും മെയില്‍ ബോക്‌സ് നോക്കിയപ്പോള്‍ ദേ വന്നിരിക്കുന്നു ഈജിപ്തില്‍നിന്ന് വേറൊരു മെയില്‍. സാധാരണക്കാരനല്ല, സ്ഥാനഭ്രഷ്ടനായ ഹുസ്്‌നി മുബാറക്കിന്റെ ഭരണകൂടത്തിലുണ്ടായിരുന്ന വലിയ ഉദ്യോഗസ്ഥനാണ് അയച്ചിരിക്കുന്നത്. അക്കൗണ്ടിലുള്ള പണം ഈജിപ്തിനു പുറത്തെത്തിക്കാനുള്ള സഹായം തേടിക്കൊണ്ടുള്ളതാണ് സന്ദേശം. വെറുതെയല്ല, ഫിഫ്റ്റി ഫിഫ്റ്റി. താല്‍പര്യമുണ്ടെങ്കില്‍ അക്കൗണ്ട് നമ്പറും വിശദവിവരങ്ങളും നല്‍കാം.
നൈജീരിയയിലേക്ക് ഇതുപോലെ അക്കൗണ്ട് നമ്പര്‍ അയച്ച് ഉള്ളതും നഷ്ടപ്പെട്ട ഒരു മല്‍ബു ചുറ്റുവട്ടത്തുണ്ടോ എന്നു നോക്കിയിട്ടു മതി കേട്ടോ മിസ്‌രിപ്പണം കൊതിക്കാന്‍. 

15 comments:

രമേശ്‌ അരൂര്‍ said...

കാര്യ ഗൌരവത്തോടെ ചിലത് പറഞ്ഞു ..:)

Naushu said...

കൊള്ളാം മാഷെ.... നന്നായിട്ടുണ്ട്....

ANSAR NILMBUR said...

മെയില്‍ ഫോര്‍വേഡിംഗ് പ്രവാസികളുടെ കാര്യമായ ഒരു ഓഫീസ് ജോലിയാണ് .അതിനെയിങ്ങനെ കൊച്ചാക്കാതെ മനുഷേനെ. ആശയറ്റ പ്രവാസി എന്തിന്‍ മേലെങ്കിലും ഒന്ന് അള്ളിപ്പിടിചോട്ടെ.....നന്നായി ....ആശംസകള്‍

M. Ashraf said...

ഹാഷിം, രമേശ്, നൗഷു, അന്‍സാര്‍, തെച്ചിക്കോടന്‍ അങ്ങനെ വായിച്ച് സ്‌നേഹം പ്രകടിപ്പിച്ചവര്‍ക്കും പ്രകടിപ്പിക്കാത്തവര്‍ക്കും നന്ദി.
അന്‍സാര്‍ജീ ഞങ്ങളെ ആശയറ്റവരെന്നു വിളിക്കരുത്. ഞങ്ങള്‍ക്ക് ഡിമാന്റ് കൂടി വരികയാണ്. വോട്ടറായി കേട്ടോ. അടുത്ത തവണ നാട്ടില്‍ വരുമ്പോള്‍ അറിയാം. വോട്ടര്‍ പത്രാസിന്റെ വില..

Anil cheleri kumaran said...

മൽബു ഒരു സകലഗുലാബി ആണല്ലോ

സാബിബാവ said...

കൊള്ളാം നന്നായിട്ടുണ്ട്

Unknown said...

athe soudhiyilayittu njan kandathe illalloo .. bijuekottila@gmail.com

vimala johny said...

misri panam...? a new word to my vocabulary...thanx

M. Ashraf said...

കുമാരന്‍, സാബി, ബൈജു, വിമലേച്ചി എല്ലാവര്‍ക്കും നന്ദി.
വിമലേച്ചി ഈജിപ്തിന്റെ അറബി നാമമാണ് മിസ്ര്‍. മസ്ര്‍ എന്നും പറയാറുണ്ട്. മിസ്‌രികളുടെ പണം. പണ്ട് നമ്മുടെ നാട്ടില്‍ മിസ്്‌രി തട്ടം എന്ന തട്ടം ഗള്‍ഫുകാര്‍ പ്രചരിപ്പിരുന്നു. അക്കാലത്ത് ഒളിയുന്ന മിസ്് രി തട്ടം കൊതിക്കാത്ത പെണ്ണുങ്ങളില്ലായിരുന്നു. ഈജിപ്തുകാര്‍ ജ പറയില്ല. അവര്‍ക്ക എല്ലാ ജ യും ഗയാണ്. നമ്മള്‍ ജമാല്‍ എന്നു വിളിച്ചാല്‍ അവര്‍ ഗമാല്‍ എന്നു വിളിക്കും.
ഏതായാലും മിസ്്‌റിലെ യുവശക്തി ശരിക്കും തിളങ്ങി അല്ലേ.. അതിന്റെ ഒരു ത്രില്ല് വിട്ടുമാറുന്നില്ല.
നാടകക്കാരന്‍ ബൈജൂ..... സൗകര്യായിട്ട് ഒന്നു കാണാം. ഞാന്‍ ബ്ലോഗൊക്കെ ഒന്നു വായി്ച്ചു നോക്കെട്ട. എന്നിട്ട് താങ്കളുടെ സര്‍ഗ വസന്തത്തിനായി കാത്തിരിക്കാം....
സ്‌നേഹത്തോടെ അഷ്‌റഫ്.

mini//മിനി said...

പണമെന്ന് കേട്ടാൽ മുന്നും പിന്നും നോക്കാതെ പായുന്നവരാണല്ലോ മനുഷ്യൻ,,,

ശ്രീ said...

കാര്യത്തിന്റെ സത്യാവസ്ഥ മുഴുവനും മനസ്സിലാക്കാന്‍ ശ്രമിയ്ക്കാതെ എത്രയെത്ര ഫോര്‍വേഡ് മെയിലുകളാണ് ദിവാസവും കിട്ടാറുള്ളത്. ചിലത് വര്‍ഷങ്ങള്‍ പഴക്കമുള്ള ഏതെങ്കിലും വാര്‍ത്തയായിരിയ്ക്കും.

Sapna Anu B.George said...

കൊള്ളാം അഷ്രഫേ.............ഇതുപോലെ ഉള്ള മെയുലുകളുടെയും എസ്സ്, എം, എസ്സുകളുടെയും പുറകെ പോയ പലരും നമ്മുടെ നാട്ടില്‍ ഉണ്ട്.എന്തായാലും നര്‍മ്മത്തില്‍ കലര്‍ത്തിയ ഈ വിവരണം നന്നായിട്ടുണ്ട്.മെയില്‍ ഫോര്‍വേഡിംഗ് ഒരു മഹാസംഭവമായി കരുതുന്ന പ്രവാസികള്‍ ഇതൊന്നു വായിച്ചിരുന്നെങ്കില്‍ !!!! ആവശ്യത്തിനും അനാവശ്യത്തിനും എടുത്തു ചാടി ലോകം മുഴുവന്‍ അയക്കും എല്ലാവര്‍ക്കും, വേണൊ വേണ്ടയോ എന്നു കൂടി ആലോചിക്കില്ല!!!

കൊമ്പന്‍ said...

മല്‍ ബു സംഗതി വീണ്ടും ഒരു മല്‍ ബു കഥ

നന്നായി എഴുതി

അബ്ദുല്ല മുക്കണ്ണി said...

മിസ്സരി പെണ്ണിന്‍റെ മൊഞ്ചും മിസ്രിപ്പൊന്നു വിളയുന്ന നാടും മാപ്പിളപ്പാട്ടുകളിലൂടെ വഴ്ത്തിപ്പാടുന്നതാണല്ലോ? പണ്ടുകാലത്ത് മലബാറിലെ നികാഹിന്‍റെ സമയത്ത് "മഹര്‍" പറയുന്നത് മിസ്കാല്‍ പൊന്നിന് പകരം എന്നായിരുന്നു, ഇന്നത്‌ മാറി!!!
മിസ്സിരി പെണ്ണും പൊന്നും രണ്ടും നമുക്ക് മോഹിക്കാനെ പറ്റൂ!!
ഈ മധുര മനോഹര നടക്കാത്ത ഫിഫ്ടി ഫിഫ്ടി വാക്ദാനങ്ങള്‍ക് ചാന്‍സും ഫിഫ്ടി ഫിഫ്ടി അല്ല സീറോ മാത്രമാണെന്ന് നൈജീരിയന്‍ മെയിലുകള്‍ നമ്മെ പഠിപ്പിക്കുന്നുമുണ്ട് !!
ഒപ്പം മല്ബുവും വീണ്ടും ഓര്‍മിപ്പിച്ചതിനു നന്ദി!!
അബ്ദുല്ല മുക്കണ്ണി

Anees Hassan said...

fabulous priz awiting!!!!!!!!!!!!1

grab this opportunity!!!!!!!!1

hurry!!!!!!!!!!!!!!!!!!!

Related Posts Plugin for WordPress, Blogger...