Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

July 25, 2010

അരി, പപ്പടം, അബായ


പപ്പടം ഉണ്ടാക്കുന്നത് നേരിട്ടു കണ്ടിരുന്നെങ്കില്‍ ഇയാള്‍ ഇത്ര വാശി പിടിക്കുമായിരുന്നില്ല.
ആരെങ്കിലും കണ്ടാല്‍ എന്തൊരു മോശായിത്. ഒരു പപ്പടത്തിനുവേണ്ടി ഇങ്ങനെയുമുണ്ടോ ദുര്‍വാശി?
ഹോട്ടല്‍ കൗണ്ടറിനു മുന്നില്‍ കശപിശ തുടര്‍ന്നപ്പോള്‍ മല്‍ബുവിന്റെ കമന്റ്.
കേട്ടിരുന്നയാള്‍ പപ്പടപ്രേമിയായിരുന്നതിനാല്‍ അപ്പോള്‍ തന്നെ കിട്ടി വായടപ്പന്‍ മറുപടി.
തീന്‍ മേശയില്‍ പപ്പടം ഇല്ലാത്തതിനാല്‍ ഈ വാദപ്രതിവാദം അപ്പോള്‍ തന്നെ ശമിച്ചുവെങ്കിലും കൗണ്ടറിനു മുന്നിലെ തര്‍ക്കം ടെലിവിഷന്‍ ചാനലുകളിലെ ഉത്തരംമുട്ടിച്ചുകൊണ്ടുള്ള ചര്‍ച്ച പോലെ നീണ്ടു.
പപ്പടം തീര്‍ന്നുപോയി മാഷേ. നാളെ രണ്ടെണ്ണം അധികം എടുക്കാം, ഇന്നൊന്ന് സബൂറാക്ക്.
ഇല്ല, പപ്പടം ഇല്ലാതെ എനിക്കിത് കഴിക്കാന്‍ കഴിയില്ല. ശീലിച്ചുപോയി, അതുകൊണ്ടാ.
മാസത്തില്‍ ഇടപാട് തീര്‍ക്കുന്ന കസ്റ്റമറായതിനാല്‍ ഹോട്ടലുടമ ഒന്നുകൂടി വിനയാന്വിതനായി.
നെയ്‌ച്ചോറല്ലേ സഖാവേ, ഇത് പപ്പടം ഇല്ലാതെയും കഴിക്കാമല്ലോ? വേണമെങ്കില്‍ കുറച്ചുകൂടി അച്ചാറു തരാം.
ആദ്യം മാഷ്, ഇപ്പോള്‍ സഖാവ്. ഞാനിതു രണ്ടുമല്ല. ഞാന്‍ എങ്ങനെ കഴിക്കണമെന്ന് നിങ്ങള്‍ തീരുമാനിക്കേണ്ട. പപ്പടം തന്നേ തീരൂ.
ചോറിനുകൂടെ പപ്പടം എന്റെ അവകാശമാണ്. പപ്പടം കാച്ചാന്‍ അത്രയൊന്നും സമയം വേണ്ടല്ലോ.
ഞാന്‍ എത്രവേണമെങ്കിലും കാത്തുനിന്നോളാം.
ഹോട്ടലുടമ പിന്നെയും അനുനയത്തിനു ശ്രമിച്ചെങ്കിലും പപ്പടമില്ലാതെ എന്തു നെയ്‌ച്ചോറ് എന്ന മല്‍ബുവിന്റെ വാശിക്കു മുന്നില്‍ തോറ്റു.
ജോലിക്കാരനെ വിളിച്ച് കൃത്യം രണ്ട് പപ്പടം കാച്ചി നല്‍കാന്‍ നിര്‍ദേശം നല്‍കി.
ഇത്രയുംനേരം കാത്തുനിന്ന സ്ഥിതിക്ക് പത്ത് പപ്പടമെങ്കിലും തരേണ്ടതായിരുന്നുവെന്നുപറഞ്ഞ്, ഇന്ത്യ-പാക് ചര്‍ച്ച പോലെ വഷളായ രംഗവേദിക്ക് അല്‍പം അയവു വരുത്താന്‍ കസ്റ്റമറായ മല്‍ബു ശ്രമിച്ചെങ്കിലും ഹോട്ടലുടമയായ മല്‍ബു വിട്ടുകൊടുത്തില്ല.
ചോദിച്ചുവാങ്ങിയ അവകാശമല്ലേ, രണ്ടെണ്ണം കഴിച്ചാല്‍ മതി.
കണ്‍സ്യൂമര്‍ ഈസ് ദ കിംഗ്.
ഉപഭോക്തൃ ബോധവല്‍ക്കരണത്തിനുവേണ്ടി നാട്ടില്‍ എന്തെല്ലാം പരിപാടി നടക്കുന്നു. എത്രയെത്ര സൊസൈറ്റികള്‍, സംഘടനകള്‍. പക്ഷേ, പ്രവാസികളെ പോലെ ഉപഭോക്തൃ അവകാശങ്ങളെ കുറിച്ച് ബോധമുള്ളവര്‍ എവിടെയുമുണ്ടാകില്ല. ഉപഭോക്താവ് ശരിക്കും ചക്രവര്‍ത്തി ആകുന്നത് ഇവിടെ തന്നെയാണ്. നാട്ടിലാകുമ്പോള്‍ അതിന്റെ അര്‍ഥം വേറെ. കിംഗിനെ പോലെ സാധനങ്ങള്‍ വാങ്ങി പോകുകയെന്നതാണ് അവിടെ അര്‍ഥം. വിലപേശാന്‍ നിന്നാല്‍ അവിടെ മാനം പോയതുതന്നെ.
പ്രവാസികളാണ് മീന്‍വിലയും കെട്ടിട നിര്‍മാണ തൊഴിലാളികളുടെ കൂലിയും കൂട്ടിയതെന്ന ഒരു ചൊല്ല് നാട്ടില്‍ പാട്ടാണെങ്കിലും ഈയിടെ മീന്‍ വാങ്ങാന്‍ പോയ മല്‍ബു നാണം കെട്ടു മടങ്ങി.
മീന്‍വില കേട്ടപ്പോള്‍ അത് നേര്‍ പകുതിയാക്കിയൊന്നു പറഞ്ഞുനോക്കിയതാ.
മീന്‍കാരി കാര്‍ക്കിച്ചു തുപ്പി.
ഇതെവിടന്നു വരികാ. ഗള്‍ഫിലെന്നും പറഞ്ഞ് ബോംബേലോ മറ്റോ ആയിരുന്നോ. ഈ വിലക്കേ… ഇതില്‍നിന്ന് ഒരു മീന്‍പോലും കിട്ടില്ല. പച്ചക്കറിയും കിട്ടില്ല. പരിപ്പ് വാങ്ങി കഴിച്ചോളൂ.
സുഗന്ധം വിതറി ഗള്‍ഫുകാരന്‍ മീന്‍ വാങ്ങാന്‍ വന്നതോടെ ചുറ്റുമുണ്ടായിരുന്നവര്‍ സ്ഥലം കാലിയാക്കിയതിനാല്‍ മീന്‍കാരിയുടെ ആട്ട് കേള്‍ക്കാന്‍ വേറെ ആരുമില്ലാതിരുന്നത് സമാധാനം.
ബംഗാളികളോടും യെമനികളോടും എത്രകാലം വില പേശിയതാ.
ഒരിക്കലും കേട്ടിട്ടില്ല ഇതുപോലെ ഒരാട്ടെന്നത് സത്യം.
ഏതു സാധനത്തിനായാലും ഒരിക്കലും പറയുന്ന വില കൊടുക്കരുതെന്ന് വിമാനമിറങ്ങി അധിക നാളു കഴിയുന്നതിനു മുമ്പുതന്നെ കൂട്ടുകാരന്‍ ഉപദേശിച്ചിരുന്നുവെങ്കിലും അനുഭവത്തിലൂടെയാണ് ആ പാഠം ശരിക്കും ഉള്‍ക്കൊണ്ടത്.
ഒരിക്കല്‍ മല്‍ബിയോടൊപ്പം അബായ വാങ്ങാന്‍ പോയതായിരുന്നു. പര്‍ദ എന്നു കേള്‍ക്കുമ്പോള്‍ ഹമീദ് ചേന്ദമംഗലൂരും എം.എന്‍. കാരശ്ശേരിയും ചാടി വീഴുന്നതിനാല്‍ മല്‍ബു ഇപ്പോള്‍ അബായ എന്നേ പറയാറുള്ളൂ.
ആദ്യത്തെ കടയില്‍ കയറിയ മല്‍ബി വില കേട്ടു ഞെട്ടി. 190 റിയാല്‍.
ഇതൊരു 80-നു കിട്ടണം.
പിന്നെ, പകുതിയിലേറെ കുറച്ചിട്ടോ?
അതൊക്കെ കിട്ടും. രണ്ടു മൂന്ന് കടകളില്‍ കയറണം. നിങ്ങള് തിരക്ക് കൂട്ടാതിരുന്നാ മാത്രം മതി. ഇത് 80-നു വാങ്ങിയിട്ടേ ഇവിടെനിന്ന് പോകുന്നൂള്ളൂ.
അധികം മെനക്കെടേണ്ട. ഒരു 150-നു കിട്ടുമോന്ന് നോക്കിക്കോ. അതിലധികമൊന്നും കുറയില്ല.
നിങ്ങള് നോക്കിക്കോ. ഇതു 80-നുതന്നെ വാങ്ങും.
കടയില്‍നിന്ന് ഇറങ്ങുമ്പോള്‍ ബംഗാളി തിരിച്ചുവിളിക്കുന്നു.
നൂറ് റിയാല്‍. വേണോ... ബംഗാളി മുറി മലയാളത്തില്‍ മൊഴിഞ്ഞു.
ങും... മല്‍ബി വിടുന്നില്ല. 80 റിയാല്‍.
വേണ്ടെന്നുപറഞ്ഞ് വീണ്ടും ഇറങ്ങാന്‍ തുടങ്ങുന്നതിനുമുമ്പ് ബംഗാളി അബായ കീസിലാക്കി കഴിഞ്ഞിരുന്നു.
കണ്‍സ്യൂമര്‍ ഈസ് ദ കിംഗ് എന്നു പറയുമ്പോള്‍ ഒന്നര റിയാലിന്റെ അരി തിരികെ നല്‍കാന്‍ നാല് റിയാല്‍ ചെലവാക്കിയ മല്‍ബുവിനെ കുറിച്ച് പറയാതെ വയ്യ.
ഒട്ടും വേവുന്നില്ല മാഷേ. ഇത് കണ്ണൂരില്‍ കൊണ്ടുപോയാല്‍ വിവാഹത്തോടൊപ്പമുള്ള ആഭാസത്തിന് ഉപയോഗിക്കാം.
അരികൊണ്ടെന്താ അവിടെ പരിപാടി.
ചക്ക ചുമന്ന്് വിവാഹവേദിയിലെത്തിയ വരന്‍ വധുവിന് വരന്‍ പഴം നല്‍കുന്ന ഏര്‍പ്പാടുണ്ട്. പഴം അരിയില്‍ മുക്കി കൊടുക്കാനാണ് വരന്റെ ചങ്ങാതിമാര്‍ കല്‍പിക്കുക. ഈ അരിയാകുമ്പോള്‍ അതിനു പറ്റിയതാണ്.
ഇതെന്തു മട്ടയാണെന്നാ പറഞ്ഞത്. പാലക്കാടന്‍ മട്ടയെന്നോ? ഇതതൊന്നമല്ല, ഉഗാണ്ടന്‍ മട്ടയോ മറ്റോ ആണ്.
ഇതാ, അരക്കിലോ കാണും. ബാക്കി തിളപ്പിച്ചുപോയി. അതുകൊണ്ട് ഇങ്ങോട്ടെടുത്തില്ല. റിയാലിങ്ങെടുക്ക്.
അല്ല, നിങ്ങളിത് മടക്കിത്തരാനായിട്ടാണോ ഇങ്ങോട്ട് പോന്നത്. കടക്കാരന് അദ്ഭുതം.
അതേ, ബസ് കയറിയിങ്ങ് പോന്നു. നാല് റിയാല്‍ പോയാലെന്താ.
ആളുകളെ ഇങ്ങനെ പറ്റിക്കാന്‍ പാടില്ലല്ലോ?
കണ്‍സ്യൂമര്‍ ഈസ് ദ കിംഗ്.


5 comments:

*സൂര്യകണം..|രവി said...

..
നന്നായിട്ടുണ്ടെന്ന് പറയാതെന്താ പറയുക :)
..
കണ്‍സ്യൂമര്‍ ഈസ് ദ കിംഗ്.
...
...

ഉപഭോക്താവ് ശരിക്കും ചക്രവര്‍ത്തി ആകുന്നത് ഇവിടെ തന്നെയാണ്. നാട്ടിലാകുമ്പോള്‍ അതിന്റെ അര്‍ഥം വേറെ. കിംഗിനെ പോലെ സാധനങ്ങള്‍ വാങ്ങി പോകുകയെന്നതാണ് അവിടെ അര്‍ഥം.
..
സത്യം :):)
..

Naushu said...

കൊള്ളാം...
നന്നായിട്ടുണ്ട്....

Shanavas said...

മല്ബൂ വീണ്ടും സൂപ്പര്‍ ആയിട്ടുണ്ട്‌ അശ്രഫിക്കാ....
നെയ്ച്ചോര്‍ ആവുമ്പോള്‍ പപ്പടം നിര്‍ബന്തം തന്നെ....
പപ്പടമാണെങ്കിലും അവകാശമാവുമ്പോള്‍ ചോദിച്ചു
മേടിക്കുക തന്നെ വേണം....മല്ബുവിനും അഷ്‌റഫ്‌ ഇക്കാക്കും എല്ലാ ഭാവുകങ്ങളും നേരുന്നു....

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

മൽബുവിന്റെ അവകാശ വാദങ്ങൾ നന്നായി.

കൺസ്യൂമർ ഈസ് ദ കിംഗ് (നടക്കുമോ :)

ഞാന്‍:ഗന്ധര്‍വന്‍ said...

ചിലപ്പോഴെങ്കിലും നമ്മള്‍ പ്രതികരിച്ചില്ലെങ്കില്‍ അതൊരു തെറ്റായി പോകും, അതിനി കയ്യില്‍ നിന്ന് കാശ് പോയാലും ശെരി. കഴിഞ്ഞ വേനല്‍കാലത്ത്‌ നാട്ടില്‍ പോയപ്പോള്‍ ഒരു എ സി വാങ്ങാന്‍ വേണ്ടി LG കടയില്‍ കയറി. 2-3 കടകളില്‍ കയറിയിട്ടേ വാങ്ങൂ എന്ന് തീരുമാനിച്ചത് കൊണ്ട് കയറിയതാ, പിന്നെ നമ്മള്‍ പച്ചരി തിന്നുന്നത് അവരുടെ നാട്ടില്‍ പണി എടുത്തിട്ടാണല്ലോ എന്ന ഒരു ചിന്തയും. എന്തായാലും salesman നമ്മള്‍ ചോദിച്ചതിനൊന്നും പറയില്ല, പെട്ടെന്ന് കാണാതെ പോയി, അപ്പുറത്തെ ചേച്ചിയെ പഞ്ചാര അടിക്കാന്‍ പോയതാ.. ഇതാണോ നിങ്ങളുടെ customer care എന്ന് ചോദിച്ചു ഒന്ന് ചൂടായപ്പോ ചേട്ടന്‍ എല്ലാം വിശദമാക്കാന്‍ ഉത്സാഹിച്ചു. അപ്പൊ നമ്മുടെ ആള്‍ക്കാര്‍ക്ക് ഇടക്കൊക്കെ കിട്ടേണ്ടത് കിട്ടിയാലേ ശെരി ആവൂ.. പിന്നെ അവിടെ നിന്ന് എ സി വാങ്ങിയില്ല, നമ്മുടെ സ്വന്തം onida വാങ്ങി!!

Related Posts Plugin for WordPress, Blogger...