Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

May 9, 2010

കുന്‍ഹി ഫ്രം ജയില്‍




കുറേ കാലമായല്ലോ വിളി കേട്ടിട്ട്. നമ്പറും മാറിയിരിക്കുന്നു. എന്തിനാ ഇങ്ങനെ ഇടക്കിടെ നമ്പര്‍ മാറ്റുന്നത്? വല്ല ഗുലുമാലും ഒപ്പിച്ചു മുങ്ങി നടക്കുവാണോ ഇയാള്‍?
മാസങ്ങളായി അപ്രത്യക്ഷനായ കുന്‍ഹിയാണ് വിളിച്ചത്. ഇയാള്‍ എവിടാണെന്ന് ആര്‍ക്കും ഒരു ഐഡിയയും ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ പല കഥകളും പ്രചരിച്ചു.
തിരോധാന കഥയൊന്നും അറിയാത്ത പോലെ കുന്‍ഹിയോട് വിവരങ്ങള്‍ തിരക്കി.
നമ്പറൊക്കെ പോയി. പത്രങ്ങളൊന്നും കിട്ടാത്തിടത്താ ഇപ്പോള്‍. എന്താ നാട്ടിലൊക്കെ വിശേഷങ്ങള്‍...? പൊതുമാപ്പിനെ കുറിച്ച് വല്ല വിവരവും ഉണ്ടോ? - അങ്ങേ തലയ്ക്കല്‍നിന്ന് കുന്‍ഹിയുടെ മറുപടി.
കുന്‍ഹിയെന്നൊക്കെ കേട്ടിട്ട് ചൈനക്കാരനാണെന്നൊന്നും തെറ്റദ്ധരിക്കേണ്ട. സക്ഷാല്‍ മല്‍ബു തന്നെയാണ്. പ്രവാസ ലോകത്തെത്തിയാല്‍ പലര്‍ക്കും നഷ്ടപ്പെടുന്ന ഒന്നാണല്ലോ സ്വന്തം പേര്. അച്ഛനമ്മമാരിട്ട പേര് തിരിച്ചുകിട്ടാന്‍ ചിലപ്പോള്‍ തിരികെ നാട്ടില്‍ എത്തേണ്ടിവരും.
വടക്കന്മാര്‍ക്ക് സ്വന്തം കുഞ്ഞിയും തെക്കന്മാര്‍ക്ക് കുഞ്ഞുമായ മുഹമ്മദ് കുഞ്ഞിയാണ് പിന്നീട് മുഹമ്മദ് കുന്‍ഹി (KUNHI) ആയത്.
മുഹമ്മദ് ആരും ചേര്‍ക്കാതായി. വിളി കുന്‍ഹിയിലൊതുങ്ങി. മലയാളി പേരുകള്‍ ഇഖാമയില്‍ അറബിയിലെഴുതുമ്പോഴാണ് പലര്‍ക്കും പുതിയ പേരുകള്‍ ലഭിക്കാറുള്ളതെങ്കിലും കഥാനായനായ കുഞ്ഞിയെ കുന്‍ഹിയാക്കിയത് ഇടബോസായ ഇംഗ്ലീഷുകാരനാണ്. ഏമാന്‍ കുന്‍ഹിയെന്നു വിളിച്ചതോടെ ഇയാള്‍ കുഞ്ഞിയാണെന്ന് അറിയുന്നവരും വിളി അങ്ങനെയാക്കി. നമ്മുടെ കുന്‍ഹി കുറച്ച് പണമൊക്കെ ചെലവഴിച്ച് മുഹമ്മദ് കുഞ്ഞിയുടെ സാക്ഷാല്‍ അറബിയായ മുഹമ്മദ് സഗീര്‍ എന്നാക്കി പേരു മാറ്റിയിരുന്നുവെങ്കിലും ആളുകള്‍ അതു വിളിക്കാന്‍ കൂട്ടാക്കിയില്ല. അവര്‍ക്ക് കുന്‍ഹിയെന്നു വിളിക്കാന്‍ തന്നെയായിരുന്നു ഇഷ്ടം.
അറബിയില്‍ മാത്രമല്ല, ഇംഗ്ലീഷില്‍ എഴുതിയാലും നമ്മള്‍ ആഗ്രഹിക്കുന്ന നിലയില്‍ പേര് വിളിച്ചു കിട്ടണമെങ്കില്‍ ഭാഗ്യം ഇത്തിരിയൊന്നും പോരാ.
പ്രൊഫ. കുഞ്ഞമ്പു തന്റെ ഏറ്റവും അടുത്ത സുഹൃത്തായ ഒരു ഉത്തരേന്ത്യന്‍ പ്രൊഫസറെ കോളേജിലെ കുട്ടികളുടെ മുന്നില്‍ ഗസ്റ്റ് ലക്ചററായി കൊണ്ടുവന്നു. ദീര്‍ഘമായ സുഹൃദ്ബന്ധത്തെ കുറിച്ചുള്ള കുഞ്ഞമ്പു സാറിന്റെ വിവരണത്തിനുശേഷമായിരുന്നു അതിഥിക്കുള്ള അവസരം.
അദ്ദേഹം തുടങ്ങിയതുതന്നെ പ്രൊഫ. കുന്‍ഹാമ്പുവിന് താങ്ക്‌സ് പറഞ്ഞുകൊണ്ടായിരുന്നു.
കുന്‍ഹിയിലേക്ക് വരാം. പത്രങ്ങളിലും ടെലിവിഷനിലും ചൂടുള്ള വാര്‍ത്തകള്‍ കണ്ടാല്‍ അപ്പോള്‍ തന്നെ പ്രതികരിക്കുന്ന സ്വഭാവമുള്ളയാളാണ് മുഹമ്മദ് സഗീര്‍ എന്ന കുന്‍ഹി.
പത്രങ്ങളൊന്നും കിട്ടാത്ത ഏതു ഭൂലോകത്താ ഇയാള്‍ കൂടിയിരിക്കുന്നേ? പത്രങ്ങള്‍ കിട്ടാത്ത പഴയ കാലമൊക്കെ മാറിയില്ലേ. ഇപ്പോള്‍ എവിടാ രാവിലെ തന്നെ പത്രം എത്താത്ത സ്ഥലം?
കുന്‍ഹിയുടെ മറുപടി. ഞാന്‍ കുറച്ചുകാലമായി അകത്താ. വിവരങ്ങളൊക്കെ അറിയാമല്ലോ എന്നു കരുതി വിളിച്ചതാണ്. പൊതുമാപ്പ് എന്നു കേള്‍ക്കുന്നുണ്ടല്ലോ? ഉടനെ എന്തെങ്കിലും ഉണ്ടാകുമോ? വല്ല സാധ്യതയുമുണ്ടോ?
ജയിലിനകത്താണെന്ന സൂചനയൊന്നും കുന്‍ഹിയുടെ ശബ്ദത്തിലില്ല. പണ്ടുമുതലേ വിളിക്കാറുള്ള അതേ ഗാംഭീര്യമാര്‍ന്ന ശബ്ദം. വാര്‍ത്തകളെ കുറിച്ച് പ്രതികരിക്കുമ്പോള്‍ എപ്പോഴും ആ ശബ്ദത്തിനിത്തിരി കനം കൂടാറുണ്ട്. അതു കേട്ടിരിക്കാനും രസമായിരുന്നു. ഉച്ചഭാഷിണിയിലൂടെയുള്ള ഘോരപ്രസംഗം പോലെ തോന്നും. അക്ഷര സ്ഫുടതയോടെ, പറയുന്ന കാര്യത്തില്‍ ഒട്ടും ചാഞ്ചല്യമില്ലാതെ...
സത്യം തന്നെയാണോ പറയുന്നത്. ജയിലിലാണോ?
ചിരിച്ചുകൊണ്ടായിരുന്നു കുന്‍ഹിയുടെ മറുപടി. അതേ മാഷേ, ജയിലില്‍ തന്നെയാ. അഞ്ചാറ് മാസായി.
എന്നാലും അഞ്ചാറ് മാസമായി ജയിലില്‍ കഴിയുന്ന ഒരാളുടെ ശബ്ദം ഇങ്ങനെ. അതും ഒട്ടും പതറാതെ പൊട്ടിച്ചിരിക്കാന്‍ കഴിയുക.
അല്ലാ, എന്താ കേസ്. ഉടനെങ്ങാനും ഇറങ്ങുന്നുണ്ടോ?
കേസൊക്കെ വലുതുതന്നെയാ. ആരോ ഇഖാമ പ്രസ് തുടങ്ങിയതാ. കുടുങ്ങിയതു ഞാനും. ഇന്നോ നാളെയോ എന്നു വിചാരിച്ചിരിക്കാ... പിന്നെ, നടന്നാല്‍ പറയാം നടന്നൂന്ന്.
അപ്പോ ഇറങ്ങുന്നതിലുള്ള സന്തോഷാ അല്ലേ?
ഏയ്, അങ്ങനെയൊന്നുമില്ല. ഇറങ്ങിയാല്‍ പറയാം ഇറങ്ങീന്ന്. ചിലപ്പോള്‍ ഒന്നു രണ്ടു കൊല്ലം കൂടി ഇവിടെ കഴിയേണ്ടിയും വരാം. വീണ്ടും ശബ്ദത്തില്‍ നിശ്ചയദാര്‍ഢ്യം.
പൊതുമാപ്പ് വരുമെന്ന് ഇതിനകത്ത് പലരും പറഞ്ഞുകേട്ടു. അതൊന്ന് ഉറപ്പുവരുത്താന്‍ വിളിച്ചതാ ഞാന്‍.
പിന്നെ പാലത്തിനടിയില്‍ പിടികൊടുക്കാനായി കാത്തിരിക്കുന്ന ആള്‍ക്കാര്‍ ഇപ്പോഴുമുണ്ടല്ലോ അല്ലേ?
പിന്നെ, ഇഷ്ടം പോലെ. അതിന് ഒരു കുറവുമുണ്ടായിട്ടില്ല.
ഞാന്‍ ഇങ്ങനെ ആലോചിക്കാരുന്നു.
ആലോചിക്കാലോ? അവിടെ വേറെ പണിയൊന്നും ഇല്ലല്ലോ?
അതല്ല, നമ്മുടെ നാടുപോലെ ആയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു എന്ന് ആലോചിച്ചുപോയതാ. അവിടെയാണെങ്കില്‍ ഏതു കേസിലായാലും പോലീസ് പ്രതികളെ പിടിച്ചാല്‍ അവരെ എക്‌സ്‌ചേഞ്ച് ചെയ്യാമല്ലോ? പോലീസുകാര്‍ പിടികൂടുന്ന യഥാര്‍ഥ പ്രതികള്‍ക്ക് പകരം രാഷ്ട്രയ പാര്‍ട്ടിക്കാര്‍ കൊടുക്കുന്ന പ്രതികളെയല്ലേ എഫ്.ഐ.ആറില്‍ ചേര്‍ക്കുന്നത്. അങ്ങനെ ജയിലില്‍ പോകാനായി മാത്രം എല്ലാ പാര്‍ട്ടിക്കാര്‍ക്കും സ്വന്തം ആള്‍ക്കാരുണ്ട്. ഇവിടെയും അതു പോലായാല്‍ എന്തു സുഖായിരുന്നു.
പിടികൊടുക്കാന്‍ കാത്തിരിക്കുന്നവര്‍ക്കും അപ്രതീക്ഷിതമായി അകത്തായതിനാല്‍ പുറത്തിറങ്ങാന്‍ വഴി അന്വേഷിക്കുന്നവര്‍ക്കും എന്തൊരു സന്തോഷായിരിക്കും.
പിടിയിലായ പത്തുപേരെ വിട്ടയക്കുന്നതിനു പകരം പിടികൊടുക്കാനായി പാലത്തിനു ചോട്ടില്‍ അന്തിയുറങ്ങുന്ന പത്തുപേരുടെ എക്‌സ്‌ചേഞ്ച്.
വാട്ടെനൈഡിയാ കുന്‍ഹിജീ, തല വെളിയില്‍ കാണിക്കരുത്.....

3 comments:

എം.അഷ്റഫ്. said...

പല കാരണങ്ങള്‍ കൊണ്ട് നിയമവിരുദ്ധരും അനധികൃത താമസക്കാരുമായി മാറിയ നിരവധി പേരുണ്ട് ഇവിടെ ജിദ്ദയില്‍ എനിക്കു ചുറ്റും. എങ്ങനെയെങ്കിലും നാട്ടിലെത്തുന്നതിനായി പോലീസിനു പിടികൊടുക്കാന്‍ അവര്‍ പാലത്തിനു ചുവട്ടിലായി കാത്തിരിക്കുന്നു.
അപ്രതീക്ഷിതമായി പിടിയിലായവര്‍ എങ്ങനെയെങ്കിലും പുറത്തു കടന്ന് വിസക്കായി ചെലവാക്കിയ പണം കണ്ടെത്താന്‍ കഴിയുമോ എന്ന ചിന്തയിലും.
അകത്തും പുറത്തും ആധി തന്നെ

സലാഹ് said...

കന്ത്രപ്പാലത്തിനടുത്ത് കുറേപ്പേരെക്കണ്ടിട്ടുണ്ട്.അവരുടെ വിധി ഇനിയാര്ക്കൊക്കെ വന്നേക്കാമെന്ന ആധിയോടെ.

കൂതറHashimܓ said...

നന്നായി എഴുതിവന്ന് അവസാനം രാഷ്ട്രീയത്തില്‍ എത്തിച്ച് കൊളാക്കി.
തുടക്കം നന്നായിരുന്നു, അവസാനം ഇഷ്ട്ടായില്ലാ

Related Posts Plugin for WordPress, Blogger...