Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

March 28, 2010

കോട്ടും ടൈയും വെറുതെയല്ലടൈ കെട്ടിയുള്ള ഒരു ഫോട്ടോ മല്‍ബുവിന്റെ സ്വപ്നമായിരുന്നു. നാട്ടിലായിരുന്നപ്പോള്‍ അതിനായി സ്റ്റുഡിയോകള്‍ തെണ്ടിനടന്നിട്ടുണ്ട്. ചില സ്റ്റുഡിയോകളില്‍ കോട്ടും ടൈയുമൊക്കെ ഉണ്ടായിരുന്നുവെങ്കിലും മെലിഞ്ഞുണങ്ങിയ മല്‍ബുവിന് ചേരുന്നതായിരുന്നില്ല. ആരപ്പായിത്, സായിപ്പോ എന്നു ചോദിച്ച സ്റ്റുഡിയോക്കാരുമുണ്ടായിരുന്നു.
അവര്‍ക്കറിയില്ലല്ലോ ജീവിത വിജയത്തിലേക്കുള്ള ആദ്യ ചവിട്ടുപടിയുടെ അന്വേഷണമാണ് മല്‍ബു നടത്തിക്കൊണ്ടിരിക്കുന്നതെന്ന്. ജോലിക്ക് വേണ്ടിയുള്ള അപേക്ഷയില്‍ കോട്ടും ടൈയും കെട്ടിയ ഫോട്ടോ തന്നെ വേണമെന്ന നിബന്ധനയൊന്നുമില്ല. എന്നാല്‍ അതൊക്കെ വെച്ചുള്ള ഫോട്ടോയാകുമ്പോള്‍ അപേക്ഷക്ക് ഇത്തിരി വെയ്റ്റ് കൂടുമെന്നും ആരെങ്കിലുമൊക്കെ ഒന്നു വായിച്ചുനോക്കാനെങ്കിലും മെനക്കെടുമെന്നും നാട്ടുകാരനായ ഒരു മുന്‍ പ്രവാസിയാണ് ഉപദേശിച്ചത്.
തെറ്റിദ്ധരിക്കേണ്ട, നാടുവിടാനൊരുങ്ങുന്നുവെന്ന് പറഞ്ഞപ്പോള്‍ എല്ലാവരേയും പോലെ ആദ്യം ആ മുന്‍ പ്രവാസിയും പറഞ്ഞത് വേണ്ട മോനേ എന്നു തന്നെയായിരുന്നു. എന്തെങ്കിലും ഇവിടെ ഒക്കുമെങ്കില്‍ പരമാവധി കടല്‍ കടക്കാതെ നോക്കണമെന്നായിരുന്നു കുടവയര്‍ തടവിക്കൊണ്ട് അവശ സ്വരത്തിലുള്ള ഉപദേശം. കണ്ടില്ലേ, 25 വര്‍ഷത്തെ സമ്പാദ്യാ ഇത്. അഞ്ച് വര്‍ഷംകൊണ്ട് മടങ്ങണമെന്ന് കരുതി പുറപ്പെട്ടതായിരുന്നു. പക്ഷേ, പോരാനൊത്തില്ല. മരുഭൂമി എന്നെ അവിടെ പിടിച്ചുകെട്ടി.
ഇല്ല കാക്കാ, എന്തായാലും പോയേ പറ്റൂ. മരുഭൂമി എത്രയെത്ര പേരെ സ്വീകരിച്ചിരിക്കുന്നു. എനിക്കുമുണ്ടാകും ഒരിടം. എത്തേണ്ടിടത്ത് എത്തിപ്പെട്ടാല്‍ മതി. ബാക്കി സംഭവിച്ചുകൊള്ളും. ഇതുപോലുള്ള ഒരു വീട് എന്റെയും സ്വപ്നമാണ്. സമീപത്ത് തലയുയര്‍ത്തി നില്‍ക്കുന്ന ഗള്‍ഫുകാരന്റെ മാളിക ചൂണ്ടിക്കാട്ടി മല്‍ബു പറഞ്ഞപ്പോള്‍,
അക്കരപ്പച്ച...
ഇതുതന്നെയാ മോനേ എല്ലാവരേയും ജീവിപ്പിക്കുന്നത്.
എന്തായാലും കോട്ടും ടൈയും കെട്ടിയ ഒരു ഫോട്ടോയും കണ്ണീരില്‍ കുതിര്‍ന്നാലും നശിക്കാത്ത ഒരു തലയിണയും കരുതിക്കോളൂ.
അതെന്തിനാ, തലയിണ...? ജോലി കഴിഞ്ഞ് തളര്‍ന്നുവന്ന് കിടന്നുറങ്ങുമ്പോള്‍ മനസ്സിലേക്കീ നാടും ഉറ്റവരും ഉടയവരുമൊക്കെ കടന്നുവരും. അപ്പോള്‍ ഓരോരുത്തരേയും മനസ്സില്‍ വിചാരിച്ച് ഈ തലയിണയില്‍ കെട്ടിപ്പിടിച്ച് കരഞ്ഞുതീര്‍ക്കാം.
അവസാനം തനിക്കൊത്ത കോട്ടും ടൈയും ഒരുക്കിവെച്ച സ്റ്റുഡിയോവില്‍ തന്നെ മല്‍ബു എത്തിപ്പെട്ടു.
കോട്ടിനോടൊപ്പം കെട്ടിവെച്ചിരുന്ന ടൈ വലിച്ചപ്പോള്‍ അതിന്റെ കെട്ടഴിഞ്ഞതും വീണ്ടും കെട്ടാനറിയാതെ സ്റ്റുഡിയോക്കാരനോടൊപ്പം കൈമലര്‍ത്തിയതും ഒടുവില്‍ ആകാശത്തു നിന്നെന്നതുപോലെ ഒരു ഗള്‍ഫുകാരന്‍ അവിടെ പ്രത്യക്ഷപ്പെട്ടതും നിഷ്പ്രയാസം ടൈ കെട്ടി നല്‍കിയതും ഇന്നലെ നടന്നതുപോലെ ഇന്നും മനസ്സില്‍ തങ്ങിനില്‍ക്കുന്നു.
ഫോറിന്‍ സാധനങ്ങള്‍ വില്‍ക്കാനുണ്ടോ, ഫോറിന്‍...? എന്നു വിളിച്ച് ഗള്‍ഫുകാരുടെ വീടുകള്‍ കയറിയിറങ്ങിയ മല്‍ബു അങ്ങനെ ഗള്‍ഫിലെത്തിയെങ്കിലും പിടിച്ചുനില്‍ക്കാന്‍ കോട്ടും ടൈയും ആശ്രയിക്കേണ്ടിവന്നു. വലിയ ഓഫീസിലെ വലിയ കസേരയില്‍ ഇരിക്കാനൊന്നുമല്ല മല്‍ബുവിന് കോട്ടും ടൈയുമണിഞ്ഞുള്ള ഈ വേഷം. സ്ഥിരമായി ഒരു ജോലി കണ്ടെത്താന്‍ കഴിയാത്ത മല്‍ബുവിന് പുറത്തിറങ്ങണമെങ്കില്‍ ഈ വേഷം വേണം. ഇല്ലെങ്കില്‍ മാസാമാസം മല്‍ബു അയക്കുന്ന തുകയില്‍ മാത്രം പ്രതീക്ഷയര്‍പ്പിച്ചു കഴിയുന്ന കുടുംബം പട്ടിണിയിലാകും. കാരണം മല്‍ബുവിന് പുറത്തിറങ്ങാന്‍ മറ്റൊന്നുമില്ല കൈയില്‍. വലിയ തുക കൊടുത്തുതന്നെയാണ് ഫ്രീ വിസ നേടിയതെങ്കിലും ഫ്രീ വിസ എന്ന ഒരേര്‍പ്പാട് ഇല്ലെന്ന് മനസ്സിലാകാന്‍ അധിക സമയം വേണ്ടിവന്നില്ല. അന്വേഷിച്ച്, അന്വേഷിച്ച് ജോലി കണ്ടെത്തിയപ്പോഴേക്കും ഇഖാമ അസാധുവായിരുന്നു. അപ്രതീക്ഷിതമായി പലര്‍ക്കും സംഭവിക്കാറുള്ളതുപോലെ ഹുറൂബ്. അതിനുശേഷം പലപ്പോഴും തുണയായത് ഈ വേഷം തന്നെ. നീണ്ടുനിവര്‍ന്നു നടക്കാം. അറിയാതെ തന്നെ വന്നുചേരുന്നു ഒരു ഗെറ്റപ്പ്.
നടപ്പാസ് ഇല്ലാത്തതിനാല്‍ ഉദ്യോഗസ്ഥര്‍ ആളുകളെ തെളിച്ചുതെളിച്ച് വണ്ടിയില്‍ കയറ്റുമ്പോഴും മല്‍ബു ഈ വേഷബലത്തില്‍ തല ഉയര്‍ത്തി നടന്നിട്ടുണ്ട്. ഇഖാമയില്ലാത്തതിനാല്‍ തൊട്ടടുത്തുനിന്നുപോലും ആളുകളെ പൊക്കിയപ്പോള്‍ മല്‍ബുവിനെ തുണച്ചത് വിയര്‍ത്തു കുളിച്ചാലും ഉലയാതെ കാത്തുസൂക്ഷിക്കുന്ന ഈ കെട്ടുതന്നെ.
ഈ കെട്ട് ഊരിയെറിയാനുള്ള തിടുക്കത്തിലാണ് മല്‍ബു ഓരോ ദിവസവും മുറിയിലേക്കെത്തുക. വലിച്ചെറിഞ്ഞാല്‍ ലഭിക്കുന്ന ആശ്വാസത്തിലും അപ്പോള്‍ ഉണ്ടായിത്തീരുന്ന ദീര്‍ഘനിശ്വാസത്തിലുമാണ് നാട്ടിലെ തോടും അതിലെറിയുന്ന ചൂണ്ടയും മാവില്‍നിന്ന് എറിഞ്ഞുവീഴ്ത്തുന്ന മാങ്ങയും കടത്തുതോണി തുഴയുന്നതുമൊക്കെ ഓര്‍മയിലെത്തുക.
തിങ്ങിനിറഞ്ഞ ഫ്‌ളാറ്റില്‍ പിടികൊടുക്കാനാഗ്രഹിക്കാത്തവരും പിടികൊടുക്കാന്‍ കാത്തുനില്‍ക്കുന്നവരും ഒരുപോലെ മല്‍ബുവിനെ പ്രതീക്ഷിച്ചിരിക്കും.
അല്ല, അവിടെ വല്ലതും നടക്കുന്നുണ്ടോ? പിടിത്തം?
ഒരു മിനിറ്റേ, ഞാനിതാ ഇപ്പോ വരാം ഇതൊന്ന് ഊരിയെറിയട്ടെ. എന്നുപറഞ്ഞ് അകത്തു കയറുന്ന മല്‍ബു തിരിച്ചെത്തി പറയും.
മക്കളേ, സൂക്ഷിച്ചോ എന്റെ മുന്നില്‍നിന്നാ ഇപ്പോ പത്തിരുപതെണ്ണത്തെ കൊണ്ടുപോയത്. പല ഭാഗത്തുനിന്നും വളഞ്ഞുകൊണ്ടാ പരിശോധന.

1 comment:

ഓ...ഞാന്‍ എന്നാ പറയാനാ..! said...

എന്‍റെ കയ്യിലും ഒരു ടൈ ഉണ്ട് കോട്ട്‌ ഇല്ല അതു മതിയോ മല്ബൂ.....നല്ല ഐഡിയ ...നാളെ ഒന്ന് നോക്കാം....

Related Posts Plugin for WordPress, Blogger...