Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

September 20, 2009

കൂട്ടം തെറ്റിയ കുഞ്ഞ്

അത്വിയ്യയിട്ട മൈലാഞ്ചി കഴുകാനുള്ള അഫ്രയുടെ കാത്തിരിപ്പ്

എല്ലാവര്‍ക്കും പെരുന്നാള്‍ ആശംസകള്‍.
രാവിലെ കുടുംബത്തോടൊപ്പം പെരുന്നാള്‍ നമസ്കാരത്തിനായി ഈദ് ഗാഹില്‍ ചെന്നപ്പോള്‍
കൂട്ടം തെറ്റിയ ഒരു കുഞ്ഞിന്റെ മുഖഭാവങ്ങള്‍ എനിക്ക് കൗതുകമായി.
അണിയായി ഇരുന്ന ആള്‍ക്കൂട്ടത്തിനിടയിലൂടെ അവന്റെ പിതാവ് തേടിയെത്തുമെന്ന് ഉറപ്പായിരുന്നതുകൊണ്ടു തന്നെ അവന്റെ മുഖത്ത് മാറി മാറി പ്രകടമായ ഭാവങ്ങളില്‍ തന്നെയായി എന്റെ ശ്രദ്ധ.
പെരുന്നാള്‍ നമസ്കാരം കഴിഞ്ഞ് ഇമാം പ്രസംഗം തുടങ്ങിയപ്പോഴാണ് കരഞ്ഞു കരഞ്ഞില്ല എന്ന മട്ടിലൂള്ള അവന്റെ മുഖം ശ്രദ്ധയില്‍ പെട്ടത്.
അവനെ ഉയര്‍ത്തിപ്പിടിച്ചാല്‍ ദൂരെ എവിടെ നിന്നെങ്കിലും ബന്ധുക്കള്‍ എത്തുമല്ലോ എന്നു കരുതി കൈ ആഞ്ഞപ്പോഴേക്കും തൊട്ടുമുമ്പത്തെ നിരയിലെ ഒരു ആജാനുബാഹു ആ ദൗത്യം ഏറ്റെടുത്തു.
ഒക്കത്തെടുത്ത ഉടന്‍ ആ സുന്ദരമുഖത്ത് അദ്ദേഹം സമ്മാനിച്ച ചുംബനം അവന്റെ ചകിതമായ മനസ്സിനെ പാതി തണുപ്പിച്ചുവെന്നു തോന്നി. കളഞ്ഞുപോയ കുഞ്ഞിനെ തിരികെ കിട്ടിയെന്ന നിലയിലായിരുന്നു അദ്ദേഹത്തിന്റെ സ്‌നേഹപ്രകടനമെന്നതിനാല്‍ ചുറ്റുമുള്ളവര്‍ക്ക് അത് അയാളുടെ കുട്ടിതെന്ന എന്നു തോന്നിയിരിക്കാം.
റമദാന്‍ വ്രതത്തിലൂടെ നേടിയെടുത്ത അച്ചടക്കവും കരുത്തും തുടര്‍ ജീവിതത്തിലും നിലനിര്‍ത്തണമെന്ന ആഹ്വാനത്തോടെ ഇമാം പ്രസംഗം തുടര്‍ന്നപ്പോഴും എന്റെ കണ്ണുകള്‍ അവന്റെ കുഞ്ഞിക്കണ്ണുകളിലേക്കായിരുന്നു. നിമിഷങ്ങളുടെ വ്യത്യാസത്തില്‍ ഒട്ടേറെ ഭാവങ്ങള്‍ പ്രകടമായെങ്കിലും അവന്‍ കരഞ്ഞില്ല.
അല്‍പ സമയത്തിനകം മറ്റൊരു ദിശയില്‍നിന്ന് വന്ന പിതാവിനെ കണ്ടപ്പോള്‍ കുഞ്ഞുമോന്റെ മുഖത്ത് പ്രകടമായ പുഞ്ചിരി ഇപ്പോഴും എന്റെ മനസ്സില്‍ തങ്ങി നില്‍ക്കുന്നു.
പെരുന്നാള്‍ സന്തോഷങ്ങളൊക്കെ പങ്കിട്ട് മെയില്‍ തുറന്ന് നോക്കിയപ്പോഴാണ് സുഹൃത്ത് അത്വിയ്യ അയച്ച ഫോട്ടോ കണ്ടത്.
പെരുന്നാള്‍ തലേന്ന് മകള്‍ അഫ്രാഹ് ഫാത്തിമക്ക് അത്വിയ്യ മൈലാഞ്ചി ചോപ്പണിയിച്ച ചിത്രമായിരുന്നു അത്. ദല്‍ഹിക്കാരി അത്വിയ്യ പത്രങ്ങളിലെഴുതുന്ന കോളങ്ങള്‍ പോലെ മനോഹരം തന്നെ ഈ മൈലാഞ്ചി സൗന്ദര്യവും.
ചിത്രത്തിലെ അഫ്രയുടെ മുഖത്ത് നോക്കിയപ്പോള്‍
ഈദ് ഗാഹില്‍ കൂട്ടം തെറ്റിയ കുഞ്ഞിന്റെ മുഖം തന്നെ വീണ്ടും മനസ്സിലേക്ക്.
ഇത്തവണ റമദാനില്‍ കുടുംബത്തോടൊപ്പം വിശുദ്ധ ഹറമില്‍ ഉംറ നിര്‍വഹിക്കാന്‍ ചെന്നപ്പോള്‍ ഞങ്ങളെ കണ്ണീരിന്റെ വക്കോളമെത്തിച്ച് അഫ്ര മോളും അല്‍പനേരം അപ്രത്യക്ഷയായിരുന്നു. കൂട്ടം തെറ്റി ജനക്കൂട്ടത്തില്‍ അലിഞ്ഞുചേര്‍ന്ന അഫ്രയെ കണ്ടെത്താനെടുത്ത അരമണിക്കൂര്‍.
ചിന്തിക്കാന്‍ കൂടി വയ്യ.
അഫ്രയും കരഞ്ഞിരുന്നില്ല. കരച്ചിലിന്റെ വക്കോളമെത്തിയതേയുള്ളൂ.
ഒന്നാം ക്ലാസുകാരി അഫ്ര എന്റെ മൊബൈല്‍ നമ്പര്‍ കാണാതെ പഠിച്ചപ്പോള്‍ വലിയ സന്തോഷത്തിലായിരുന്നു. ഹറമില്‍വെച്ച് ഞാന്‍ ഒരിക്കല്‍ കൂടി ചോദിച്ചു. മൊബൈല്‍ നമ്പര്‍ ഓര്‍മയില്ലേ..
എന്നാ പറഞ്ഞേ…
സീറോ ഫൈവ് സീറോ.. അവള്‍ പറഞ്ഞു തുടങ്ങി.
കരഞ്ഞു കലങ്ങിയ അവളുടെ കണ്ണുകളിലേക്ക് നോക്കി ഏതോ ഒരു സഹോദരന്‍ മോളേ വീട്ടിലെ ഫോണ്‍ നമ്പര്‍ അറിയുമോ എന്നു ചോദിക്കുന്ന ദൃശ്യമായിരുന്നു എന്റെ മനസ്സില്‍.
മൂത്ത മകന്‍ അമീനും രണ്ടു തവണ കൂട്ടം തെറ്റി ഞങ്ങള്‍ക്ക് കണ്ണീരു സമ്മാനിച്ചിട്ടുണ്ട്. പക്ഷേ, മണിക്കൂറുകള്‍ക്കകം ആ പരീക്ഷണങ്ങളില്‍നിന്ന് ഞങ്ങള്‍ മോചിതരായി.
മക്കയിലെ ചരിത്രപധാന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമ്പോഴായിരുന്നു അത്. ഹിറാ ഗുഹ കയറി തളര്‍ന്ന്, ഛര്‍ദിച്ച് അവശനായ അവനെ ബസില്‍ ഇരുത്തി ഞങ്ങള്‍ ഹറമില്‍ ജുമുഅ നമസ്കാരത്തിനു പോയതായിരുന്നു. ബസ് അവിടെ തന്നെ ഉണ്ടാകുമെന്ന് ഡ്രൈവര്‍ നല്‍കിയ വാക്കുകള്‍ വിശ്വസിച്ച ഞങ്ങള്‍ക്ക് പിന്നെ കരയാനായിരുന്നു വിധി. ബസ് അവിടെനിന്ന് നീക്കിയപ്പോള്‍ ബസില്‍ ഉണ്ടായിരുന്ന മറ്റുള്ളവരോടൊപ്പം ഇറക്കി വിട്ട അമീന്‍ കൂട്ടം തെറ്റി.
മൂന്ന് തവണ ഞാന്‍ ഹറമിലേക്കും തിരിച്ചും നടന്ന് നിരാശനായി മടങ്ങി ബസിനു സമീപമെത്തിയപ്പോഴേക്കും അതാ നില്‍ക്കുന്നു അമീന്‍.
ബസ് നിര്‍ത്തിയിരുന്ന സ്ഥലം ഏകദേശം പറഞ്ഞു കൊടുത്ത് ഒരു മലപ്പുറം സ്വദേശിയുടെ സഹായത്തോടെയാണ് അവന്‍ തിരികെ എത്തിയത്.
മദീന സന്ദര്‍ശനത്തിലായിരുന്നു രണ്ടാമത്തെ കൂട്ടം തെറ്റല്‍. പലതവണച്ചുറ്റിത്തിരഞ്ഞ് തെരഞ്ഞ ഞങ്ങളുടെ കണ്‍മമ്പില്‍ തന്നെ അവന്‍ എത്തിപ്പെട്ടു.
പെരുന്നാള്‍ നമസ്കാരം കഴിഞ്ഞ് അമീന്‍ ഈദ് ഗാഹില്‍.

6 comments:

Anonymous said...

We were there in EidhGah, how come we did not see this kid??? May be you have 3rd EYE at your bold head :)

മുഹമ്മദുകുട്ടി എളമ്പിലാക്കോട്‌ said...

കൂട്ടം തെറ്റിയ കുഞ്ഞാടല്ലോ
കൂട്ടം തെറ്റിയ കുഞ്ഞ്‌!
കൂട്ടം തെറ്റിയ കുഞ്ഞിനു കൂട്ടോ
പാട്ടിനു പോടാ കുട്ടപ്പാ??!!

ദ്വിതീയാക്ഷരപ്രാസത്തിലൊരു
പ്രതികരണം കുറിക്കുകൊള്ളുന്നതെങ്ങനെ
എന്നതിന്റെ ഉത്തമ ദൃഷ്‌ടാന്തമാണ്‌ `അരിയെത്ര, പയറഞ്ഞാഴി' എന്ന ഈ പ്രതികരണം. മാറിയ (നാറിയ?) കാലത്തെ മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ മാതൃകാപരം ഈ മനോഹര ശൈലി!
അല്ല മാഷേ, ബ്ലോഗ്‌, കുട്ടികളുടെ കൂട്ടം തെറ്റല്‍, മല്‍ബൂ... എന്നതൊക്കെ വായിച്ചോ?

`തുപ്‌ഫൂ,,, വായിക്കേ?? അതും വല്ലവന്റേം...
അവനവന്റെ തന്നെ വായിക്കാന്‍ മനസ്സില്ല.
പിന്നല്ലെ, മറ്റവന്റെയൊരു മെജ... പോ പോ...'

മാണിക്യം said...

അഫ്രയുടെ ഇരുപ്പ് കാണാന്‍ എന്തു ശേലാ!
പാവം കുട്ടി അതുണങ്ങും വരെ ക്ഷമയോടേ ഇരിക്കണമല്ലൊ.:)
ആ ഡിസൈന്‍ കാണാന്‍ നല്ല ഭംഗീ.
അഷ്റഫ് അത്വിയ്യയ്ക്ക് അഭിനന്ദനം അറിയിക്കണേ.

കുട്ടികളെ കൊണ്‍റ്റു പോകുമ്പോള്‍ ഒരു നെയിം റ്റാഗ് ആത്യാവശ്യമാണു
പേര്....................
പിതാവിന്റെ പേര്............
മൊബൈല്‍ നമ്പര്‍ ....
അട്രസ്സ് ......
ഇവ തയ്യറാക്കി കുട്ടിയുടെ ഉടുപ്പില്‍/അല്ലങ്കില്‍ പോക്കറ്റില്‍ കുത്തിയീടണം.
എത്ര ചെറിയ സമയമാണെങ്കിലും ഒന്നു കൈ വിട്ട് പോയാല്‍ കണ്‍റ്റു കിട്ടും വരെ
അനുഭവിക്കുന്ന റ്റെന്‍‌ഷന്‍ ചില്ലറ അല്ലല്ലോ..
വൈകി എങ്കിലും ഈദാശംസകള്‍ നേരുന്നു ..

Anonymous said...

മിസ്റ്റര്‍ അഷ്‌റഫ്‌ നിങ്ങളുടെ ബ്ലോഗുകള്‍ അറിവും ആസ്വാദനവും എല്ലാം അല്പവായനയില്‍ നിന്നും അറിഞ്ഞു തുടങ്ങുന്നു അഭിനന്തനങ്ങള്‍ ബാകി കൂടി ഞാന്‍ നോക്കട്ടെ

sidheeq perinthalmanna said...

kunjimangalakkarante kunjungalekuricha nombaram assalayi. sugathakumariyude kanathakunna kuttikal enna kavithayanu orma vannathu -sidheeq pmna

kmbavas said...

മിസ്റ്റര്‍ അഷ്‌റഫ്‌ നിങ്ങളുടെ ബ്ലോഗുകള്‍ അറിവും ആസ്വാദനവും എല്ലാം അല്പവായനയില്‍ നിന്നും അറിഞ്ഞു തുടങ്ങുന്നു അഭിനന്തനങ്ങള്‍ ബാകി കൂടി ഞാന്‍ നോക്കട്ടെ

kmbavas

Related Posts Plugin for WordPress, Blogger...