Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

January 17, 2009

ഫ്രീ വിസക്കാര്‍ പൂച്ചേനെ മ്‌ണുങ്ങൂല

ആരെന്തൊക്കെ പറഞ്ഞാലും ഫിലിബിയോട്‌ മല്‍ബൂന്‌ അത്രയൊന്നും മമതയില്ല. കാരണങ്ങള്‍ പലതുണ്ടെങ്കിലും പൂച്ചേനെ തിന്നാളുന്നത്‌ അവയിലൊന്നാണ്‌. റോഡില്‍നിന്ന്‌ പിടിച്ചുകൊണ്ടു പോയി പൂച്ചേനെ ശരിയാക്കി മിണുങ്ങുന്നത്‌ നേരിട്ട്‌ കണ്ടിട്ടില്ലെങ്കിലും അങ്ങനെ വിശ്വസിക്കാനാണ്‌ മല്‍ബൂനിഷ്‌ടം. ഖുമാം പെട്ടിക്കരികില്‍നിന്ന്‌ പിടിച്ചുകൊണ്ടുപോകുന്ന പൂച്ചയെ അവര്‍ അരുമയായി വളര്‍ത്തുകയാണോ എന്നൊന്നും ആരും നോക്കാന്‍ പോയിട്ടില്ല. സാധാരണ കാണുന്ന പൂച്ചകളെ കാണുന്നില്ലെങ്കില്‍ അവയെയൊക്കെ മിണുങ്ങിക്കളഞ്ഞു എന്നാണ്‌ വിചാരം. മുല്‍ബൂന്റെ ഓരോ കാര്യം.
ഫില്‍ബികളേക്കാളും അറബികള്‍ മല്‍ബൂനെ ഇഷ്‌ടപ്പെടുന്നൂന്ന്‌ പറഞ്ഞാലും ശരിയാകില്ല. ജോലിക്കാരായി ഫില്‍ബികളെ തന്നെ വേണമെന്ന്‌ ശഠിക്കുന്ന അറബികളും ധാരാളം. ഫില്‍ബികളെ കുറിച്ചുള്ള ദുഷ്‌ചിന്തകള്‍ക്ക്‌ ഇതും ഒരു കാരണമാണ്‌. പല സ്ഥലങ്ങളിലും ഫിലിബൈസേഷന്‍ എന്ന ഫിലിബിവല്‍കരണം നടക്കുന്നതില്‍ മല്‍ബു ഖിന്നനാണ്‌.
മല്‍ബുവിനെ ഏറ്റവും കൂടുതല്‍ ഇഷ്‌ടപ്പെടുന്ന ഒരു കൂട്ടരുണ്ട്‌. ഫ്‌ളാറ്റുടമകള്‍. ഹിന്ദികളില്‍തന്നെ മല്‍ബുവിനെ തേടിപ്പിടിച്ച്‌ ഫ്‌ളാറ്റ്‌ വാടകക്ക്‌ നല്‍കാന്‍ അവര്‍ ഉത്സാഹിക്കുന്നു. വെള്ളം അല്‍പം ഉപയോഗിച്ചാലും തീയതിക്കു മുമ്പേ വാടക എത്തിക്കുന്നവരാണവര്‍. വെള്ളം അധികം ഉപയോഗിച്ചാലെന്താ. കൂടുതല്‍ വേണ്ടി വരുന്ന വെള്ളത്തിന്‌ അവരോട്‌ തന്നെ പണം വാങ്ങണം.
ഫലിബികളാണെങ്കില്‍ ഒരാള്‍ക്ക്‌ മുറി കൊടുത്താല്‍, പിന്നെ കൂട്ടമായി, പാട്ടായി, ബഹളമായി. തലവേദന ഒഴിയൂല്ല.
പണിയെടുക്കാന്‍ ഫിലിബികളെ തന്നെ വേണൊന്ന്‌ ശഠിക്കുന്നതിന്റെ ഗുട്ടന്‍സെന്താ. മല്‍ബുവിനെ പോലെ ഒന്നും ഒന്നരയും കൊടുത്ത്‌ ഫ്രീ വിസയെന്ന്‌ നമ്മളും അങ്ങനയൊന്ന്‌ ഇല്ലെന്ന്‌ മറ്റുള്ളവരും പറയുന്ന സ്വതന്ത്ര വിസയിലെത്തുന്ന ഫിലബികള്‍ വളരെ കുറവാണ്‌. ജോലിയും കൂലിയും ആനുകൂല്യങ്ങളുമൊക്കെ പറഞ്ഞുറപ്പിച്ചേ അവരിങ്ങെത്തു. അവരുടെ എംബസി അങ്ങനെ മാത്രമേ സമ്മതിക്കൂ എന്നും പറയണം. അതേക്കാളും വലിയ നൂറുകൂട്ടം കാര്യങ്ങളുള്ളതിനാല്‍ മല്‍ബൂന്റെ എംബിസക്ക്‌ അതിനൊക്കെ നേരം കുറവാ.
കൂലിക്കഫീലുമാരും അവര്‍ വഴി കാശുണ്ടാക്കുന്ന ഏജന്റുമാരുമാണ്‌ മല്‍ബുവിന്‌ സ്വന്തം എംബസി.
കിട്ടിയാലും ഇല്ലെങ്കിലും ഈ വിസ സര്‍വീസിന്‌ ഒരിക്കലും തളര്‍ച്ച നേരിട്ടിട്ടില്ല. നഗരങ്ങളിലില്ലെങ്കില്‍ വിദൂര ഗ്രാമങ്ങളില്‍നിന്നു പോലും വിസ തരപ്പെടുത്തി മല്‍ബുവിന്‌ അനന്ത സാധ്യതകള്‍ തുറക്കാന്‍ അവര്‍ റെഡിയാണ്‌.
വിസ കിട്ടിയില്ലെങ്കിലെന്താ ആറു മാസമോ ഒരു വര്‍ഷമോ കഴിഞ്ഞ്‌ അല്ലെങ്കില്‍ ആയുസ്സ്‌ ബാക്കിയുണ്ടെങ്കില്‍ കാശ്‌ തിരികെ കിട്ടും. വിസക്കച്ചവടത്തിന്റെ മറവില്‍ മല്‍ബുവിനെ പിഴിയാന്‍ അങ്ങനെയുമുണ്ട്‌ വഴികള്‍.
പണത്തിനു മുട്ടുണ്ടെങ്കില്‍ അല്ലെങ്കില്‍ ബഖാല തുടങ്ങാന്‍ ചില വമ്പന്മാര്‍ ആശ്രയിക്കുന്ന മാര്‍ഗമായിട്ടുണ്ട്‌ വിസക്കച്ചവടം. നാട്ടില്‍ വിസക്കുവേണ്ടി കാത്തിരിക്കുന്ന കുടുംബക്കാരുടെ സമ്മര്‍ദം മല്‍ബുവിനെ കെണിയില്‍ ചാടിക്കുന്നു. എജന്റ്‌ പണം വാങ്ങി ബിസിനസ്‌ തുടങ്ങുകയായിരുന്നുവെന്ന്‌ മല്‍ബൂന്‌ കത്തുമ്പോഴേക്കും അഞ്ചോ ആറോ മാസം കഴിഞ്ഞിരിക്കും.
വിസ ശരിയായില്ലട്ടോ.. അയാള്‍ പറ്റിച്ചതാ. ഏതായാലും നിന്റെ കാശ്‌ എവിടെയും പോകില്ല. ആയുസ്സുണ്ടെങ്കില്‍ തിരിച്ചുതരുമെന്ന വാക്കുകളില്‍ വിശ്വസിച്ച്‌ വലയുന്ന എത്രയെത്ര പേര്‍.
ശരിക്കും പറഞ്ഞാല്‍ ഫിലിബിയെ കണ്ടു പഠിക്കേണ്ടവനാണ്‌ മല്‍ബു. എന്‍ജിനീയറാവണമെങ്കില്‍ സിഗരറ്റ്‌ വലിക്കണമെന്ന്‌ കരുതുന്നതു പോലെ തന്നെയാണ്‌ ടെക്‌നിക്കല്‍ ജോലികള്‍ക്ക്‌ ഫിലിബി തന്നെ വേണമെന്ന അറബികളുടെ വിശ്വാസം.
ഫിലിബി ടെക്‌നീഷ്യനുണ്ടെങ്കില്‍ ഉപഭോക്താക്കള്‍ താനേ വന്നുകൊള്ളുമെന്ന്‌ കരുതുമ്പോള്‍ അവിടെ താനേ ഉയരുന്നു വില.
ജോലിക്കെത്തി അടുത്ത മാസം തന്നെ ശമ്പള വര്‍ധന ആവശ്യപ്പെടാന്‍ കഴിയുന്നു ഫില്‍ബിക്ക്‌. ഇല്ലെങ്കില്‍ തിരികെ പോയിക്കൊള്ളാമെന്നു പറയുന്നതിനുമുണ്ടൊരു ഗമ.
ശമ്പളം കൂട്ടാതെ പറഞ്ഞുവിട്ടാല്‍ നഷ്‌ടം ആര്‍ക്കാ. ചോദിച്ചു വാങ്ങാനും തൊഴിലുടമയെ വരച്ചവരയില്‍ നിറുത്താനും കഴിയുന്നു ഫിലിബിക്ക്‌. ഫ്രീ വിസയില്‍ എത്തി തലവിധി കണ്ടെത്തിയ മല്‍ബൂന്‌ പൂച്ചേനെ മിണുങ്ങാന്‍ മാത്രമല്ല, പൂച്ചക്ക്‌ മണി കെട്ടാന്‍ പോലും സമയമില്ല.

2 comments:

വീ കെ said...

“വാസ്തവം....”

എം.അഷ്റഫ്. said...

പണിയെടുക്കാന്‍ ഫിലിബികളെ തന്നെ വേണൊന്ന്‌ ശഠിക്കുന്നതിന്റെ ഗുട്ടന്‍സെന്താ.

Related Posts Plugin for WordPress, Blogger...