Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

November 23, 2008

സംസാരിക്കൂ മല്‍ബു, സംസാരിക്കൂ

പാതിരാത്രി വിളിച്ചുണര്‍ത്തി മല്‍ബു പ്രിയതമയോടു ചോദിച്ചു. ഒബാമയെ ഇഷ്‌ടമാണോ? രണ്ട്‌ ടിന്‍ മാത്രം മതിയെന്ന്‌ ഉറക്കച്ചടവിലായിരുന്ന പ്രിയതമയുടെ കിളിമൊഴി. പൊട്ടിച്ചിരി നീണ്ടുപോയപ്പോള്‍ അഞ്ച്‌ മിനിറ്റ്‌ കടന്നുകിട്ടി. ഓരോ മല്‍ബുവിനും ഇപ്പോള്‍ അഞ്ച്‌ മിനിറ്റ്‌ സുപ്രധാനമാണ്‌. മിനിറ്റും സെക്കന്റും പള്‍സും തുടങ്ങി മനുഷ്യനിര്‍മിതമായ എല്ലാ കാലഘടനകളേയും കടന്ന്‌, ആകാശത്തെ പറവകളെ പോലെ സ്വാതന്ത്ര്യം നേടാന്‍ വെറും അഞ്ച്‌ മിനിറ്റ്‌ മതി.
ഉറക്കം കണ്‍പോളകളെ പിടിച്ചമര്‍ത്തിയിരുന്നുവെങ്കിലും രണ്ടു ടിന്‍ മതിയെന്ന പ്രിയതമയുടെ മറുപടി ബോധത്തോടെ തന്നെയായിരുന്നു. കാരണം കഴിഞ്ഞ തവണ കാര്‍ഗോയില്‍ അയച്ചുകിട്ടിയ ചോക്ലേറ്റും പാല്‍പ്പൊടിയും തന്നെ ഇതുവരെ തീര്‍ന്നിട്ടില്ല. ഇനിയിപ്പോള്‍ ഒബാമയും കടിച്ചാല്‍ പൊട്ടാത്ത വല്ല സാധനവുമാണെങ്കില്‍ ബാപ്പയുടെ കെറുവും കാണണം.
ന്റെ പടച്ചോനേ, ഓനിതെന്തിന്റെ സൂക്കേടാ. ബ്‌ട കിട്ടാത്ത സാധാനങ്ങളാണോ ഇങ്ങനെ വാരിക്കെട്ടി കാശും കൊടുത്ത്‌ അയക്കുന്നത്‌. ഒന്നാന്തരം ചോക്ലേറ്റും പാല്‍പ്പൊടിയുമല്ലേ അയമൂന്റെ പീട്യേലുള്ളത്‌. എല്ലാം ഫോറിന്‍ തന്നെ. പറഞ്ഞാ തിര്യണ്ടെ. പിന്നെന്താ ചെയ്യാ..
ആരെന്തു പറഞ്ഞാലും രണ്ടോ മൂന്നോ മാസം കൂടുമ്പോള്‍ മല്‍ബു പാല്‍പ്പൊടിയും മിഠായിയും സോപ്പ്‌ പൊടിയുമൊക്കെയായി കാര്‍ഗോ അയക്കും. അതൊരു ശീലമായിപ്പോയി. താനല്ലാതെ മക്കള്‍ക്ക്‌ പിന്നാരാ ചോക്ലേറ്റ്‌ അയച്ചുകൊടുക്കുക.
പാതിവിലയ്‌ക്ക്‌ ലഭിച്ച ഗുഡ്‌നൈറ്റിന്റെ സുഗന്ധത്തിലൂടെ കൊതുകുകളെ മയക്കിക്കിടത്തി ഉറക്കത്തിലേക്ക്‌ വീണതായിരുന്നു പ്രിയതമ. അക്കാര്യം അറിയാതെയാണല്ലോ, തലയണക്കരികിലെ യന്ത്രം തട്ടം പിടിച്ചു വലിക്കല്ലേയെന്ന മധുരഗീതം പൊഴിച്ചതും അങ്ങേത്തലയ്‌ക്കല്‍ മല്‍ബു സംസാരസുഖം അനുഭവിച്ചു തുടങ്ങിയതും.
കല്യാണം കഴിഞ്ഞ്‌ പത്ത്‌ വര്‍ഷം പിന്നിടുകയും പിള്ളേര്‌ മൂന്ന്‌ പിറക്കുകയും ചെയ്‌തശേഷമാണ്‌ മല്‍ബൂന്‌ പ്രണയം മൂത്തിരിക്കുന്നത്‌. സംസാരത്തോട്‌ സംസാരം. തുടങ്ങിയാല്‍ നിര്‍ത്തുന്നേയില്ല.
മോനും മരുമോളും തമ്മില്‍ എന്തോ പ്രശ്‌നമുണ്ടെന്ന സംശയത്തിലായി ബാപ്പയും ഉമ്മയും.
നാളെ പുലര്‍ന്നാല്‌ നീ ഓളോട്‌ ഒന്ന്‌ ചോയിക്ക്‌. എന്തേലും ഇല്ലാതെ ഓറ്‌ ങ്ങനെ സംസാരിക്കൂല. ന്താ കഥ, മിനിഞ്ഞാന്ന്‌ രണ്ട്‌ മണിക്കൂറ്‌ സംസാരിച്ചു. ദ ഇന്നലെ ഞാന്‍ നോക്കീപ്പം അര മണിക്കൂറായപ്പം നിര്‍ത്തി. നീ ഞ്ഞി എന്തേലും ഓളോട്‌ പറഞ്ഞോ? ഓള്‍ക്കീടെ വല്ല വെഷമോം ഉണ്ടായോ?
ബാപ്പയും ഉമ്മയും കഥയറിയാതുഴലുമ്പോള്‍ അങ്ങേ മുറിയില്‍ രാഷ്‌ട്രീയ വിദ്യാഭ്യാസം നടത്തുകയായിരുന്നു മല്‍ബു.
ഒബാമയുടെ ചുറുചുറുക്കിനെ കുറിച്ചും സാറാപെയലിന്റെ ഭംഗിയെ കുറിച്ചുമൊക്കെ പറഞ്ഞുകൊണ്ട്‌ പഠനം സവിസ്‌തരം. എന്തുവന്നാലും ഫോണ്‍ വെക്കരുതെന്ന കല്‍പനയുള്ളതിനാല്‍ പാതി ഉറങ്ങിക്കൊണ്ട്‌ കേട്ടിരിക്കുക തന്നെയാണ്‌ പ്രിയതമ.
മല്‍ബൂന്റെ പിശുക്കിനെ കളിയാക്കിയ നിമിഷത്തെ പഴിക്കുകയാണവര്‍. കഴിഞ്ഞയാഴ്‌ച വിളിച്ചപ്പോള്‍ ഹുണ്ടിക്ക്‌ കാശയച്ച കാര്യം മാത്രം പറഞ്ഞ്‌ ഫോണ്‍ വെക്കാന്‍ തുനിഞ്ഞപ്പോഴാണ്‌ മക്കളോടൊക്കെ ഒന്നു സംസാരിച്ചൂടേ പിശുക്കാ എന്നു ചോദിച്ചത്‌.
നീ എന്നെ അങ്ങനെയും വിളിക്കണം എന്നു മാത്രമായിരുന്നു മറുപടിയെങ്കിലും പിശുക്കന്‍ വിളി ഇങ്ങനെ തറച്ചുകയറുമെന്ന്‌ സ്വപ്‌നത്തില്‍ പോലും വിചാരിച്ചതല്ല.
അതിനുശേഷമാണ്‌, ഞാന്‍ ഫോണ്‍ വെക്കുന്നതുവരെ നീ ഫോണ്‍ വെക്കരുതെന്ന കല്‍പനയോടെ ഇങ്ങനെ സംസാരം തുടങ്ങിയത്‌. മുമ്പൊരിക്കലും ഇതുപോലെ ആയിരുന്നില്ല. ഒരിക്കല്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍നിന്ന്‌ യാത്രയാക്കി മടങ്ങിയപ്പോള്‍ ഇതുപോലൊന്ന്‌ സംഭവിച്ചിരുന്നു. മൊബൈലില്‍ കയറ്റിയ കാര്‍ഡ്‌ തീരുന്നതുവരെ അന്ന്‌ വിമാനത്തിലിരുന്നു കൊണ്ട്‌ സംസാരിച്ചിരുന്നു. വിമാനം റണ്‍വേ വിട്ടപ്പോഴാണ്‌ ആ ശബ്‌ദം നേര്‍ത്ത്‌ ഇല്ലാതായത്‌.
ഇതിപ്പോള്‍ അങ്ങനെയല്ല. വീട്ടു പണികളും തീര്‍ത്ത്‌ മക്കളേയും ഉറക്കിയശേഷം ഉറക്കം പിടിച്ചുവരുമ്പോഴായിരിക്കും ഫോണ്‍ ശബ്‌ദിക്കുക. എടുത്തു കഴിഞ്ഞാല്‍ ആദ്യത്തെ നിര്‍ദേശം. ഒരിക്കലും ഫോണ്‍ കട്ടാക്കരുത്‌.
അഞ്ച്‌ മിനിറ്റിനു ശേഷമുള്ള കോളുകള്‍ സൗദി ടെലികോം സൗജന്യമാക്കിയ ഗുട്ടന്‍സ്‌ മാത്രം മല്‍ബു വിട്ടുപറഞ്ഞില്ല. കട്ടാക്കാത്തതിന്റെ ഗുട്ടന്‍സറിയാതെ, പാതി ഉറങ്ങിക്കൊണ്ട്‌ ഫോണും പിടിച്ചിരിക്കുമ്പോള്‍ മല്‍ബു കടന്നു ചെല്ലാത്ത വിഷയങ്ങളില്ല. ഒബാമയുടെ നിറവും മുടിച്ചന്തവും ചുറുചുറുക്കും അങ്ങനെയങ്ങനെ. മല്‍ബുവിനെ കുറ്റം പറയണോ അതോ അഞ്ച്‌ മിനിറ്റിനപ്പുറം സംസാരസുഖം അനന്തമാക്കി ജീവിതത്തെ കൂടുതല്‍ എളുപ്പമാക്കിയ ടെലിഫോണിനെ പഴിക്കണോ? സംസാരിക്കൂ മല്‍ബു. വീണ്ടും വീണ്ടും സംസാരിക്കൂ.

1 comment:

തറവാടി said...

>>ഓനിതെന്തിന്റെ സൂക്കേടാ. ബ്‌ട കിട്ടാത്ത സാധാനങ്ങളാണോ ഇങ്ങനെ വാരിക്കെട്ടി കാശും കൊടുത്ത്‌ അയക്കുന്നത്‌<<

എന്‍‌റ്റുപ്പാനെ ഓര്‍ത്തു.

Related Posts Plugin for WordPress, Blogger...