Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

September 10, 2008

അപൂര്‍വ കൂട്ടായ്‌മ


മലയാളം ന്യൂസ്‌ സണ്‍ഡേ പ്ലസില്‍ 2008 സെപ്‌റ്റംബര്‍ ഏഴിന്‌ പ്രസിദ്ധീകരിച്ച ഫീച്ചര്‍

അപൂര്‍വ കൂട്ടായ്‌മ
വിദ്യാര്‍ഥികളെ
സിജി വിളിക്കുന്നു
എം. അഷ്‌റഫ്‌

ഉന്നത വിദ്യാഭ്യാസം സാമ്പത്തിക ഭദ്രതയുള്ളവര്‍ക്ക്‌ മാത്രമായി പരിമിതപ്പെടുകയാണെന്ന ആശങ്കകള്‍ക്കിടയിലും നടപ്പുരീതികള്‍ അവസാനിപ്പിച്ച്‌ വൈവിധ്യമാര്‍ന്ന തൊഴില്‍ മേഖലകളിലേക്ക്‌ കയറിപ്പോകാനുള്ള പ്രവണത കേരളീയ സമൂഹത്തില്‍ ശക്തമായി വരുന്നു. ഏതു കോളേജില്‍ എന്തിനു പഠിക്കുന്നുവെന്ന ചോദ്യങ്ങള്‍ക്ക്‌ കേട്ടുകേള്‍വിയില്ലാത്ത കോഴ്‌സുകളെ കുറിച്ചായിരിക്കും ലഭിക്കുന്ന മറുപടി. പുതിയ പ്രവണതക്കനുസരിച്ചുള്ള കോഴ്‌സുകള്‍ തേടി വിദ്യാര്‍ഥികളെ സംസ്ഥാനത്തിനും രാജ്യത്തിനുമപ്പുറത്തേക്കുമയക്കാന്‍ രക്ഷിതാക്കള്‍ മടി കാണിക്കുന്നില്ല. പത്രങ്ങളിലെ അപൂര്‍വം കരിയര്‍ കോളങ്ങളില്‍നിന്ന്‌ കേരളത്തെ ഇങ്ങനെ മാറ്റിയെടുക്കുന്നതില്‍ കോഴിക്കോട്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, സിജി എന്ന ചുരുക്കപ്പേരില്‍ നാട്ടിലും മറുനാട്ടിലും ഒരുപോലെ അറിയപ്പെടുന്ന സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ്‌ ഗൈഡന്‍സ്‌ ഇന്ത്യ എന്ന സ്ഥാപനം വഹിച്ച പങ്ക്‌ വളരെ വലുതാണ്‌. ബോധവല്‍ക്കരണത്തില്‍ തുടങ്ങി പതിനൊന്ന്‌ വര്‍ഷം പിന്നിടുന്ന സിജി രക്ഷിതാക്കള്‍ക്കിടയിലും വിദ്യാര്‍ഥികള്‍ക്കിടയിലും ഇന്നൊരു വികാരമാണ്‌. ജനകീയ പ്രസ്ഥാനമാണ്‌. സംഘടനകള്‍ക്കതീതമായുള്ള ഒരു അപൂര്‍വ കൂട്ടായ്‌മയായി സിജിയെ വിശേഷിപ്പിക്കാം.


പ്രവാസി വിദ്യാര്‍ഥികള്‍ക്കായി ഓഗസ്‌റ്റ്‌ 13 മുതല്‍ 17 വരെ സിജിയുടെ ചേവായൂരിലുള്ള കാമ്പസില്‍ സംഘടിപ്പിച്ച എക്‌്‌സ്‌പാ സ്‌കാനുമായി ബന്ധപ്പെട്ട്‌ അവിടെ ചെന്നപ്പോള്‍ സിജിയുടെ വളര്‍ച്ച നേരിട്ട്‌ അനുഭവിക്കാനായി. സിജിയുടെ തുടക്കത്തില്‍ വിദ്യാഭ്യാസ, തൊഴില്‍ അവസരങ്ങളെ കുറിച്ചുള്ള കുറിപ്പുകള്‍ കൈമാറി സഹകരിക്കാന്‍ മാത്രമാണ്‌ ഈ ലേഖകനെ പോലുള്ളവര്‍ക്ക്‌ സാധിച്ചിരുന്നതെങ്കില്‍ ഇന്ന്‌ നാട്ടിലും മറുനാട്ടിലുമായി സിജിയുടെ പ്രവര്‍ത്തനങ്ങളോട്‌ സഹകരിക്കാന്‍ വിദ്യാഭ്യാസത്തിലും സാമൂഹിക മുന്നേറ്റത്തിലും താല്‍പര്യമുള്ള ധാരാളം സന്നദ്ധ സേവകരുണ്ട്‌. അവരിലൂടെയാണ്‌ ഒട്ടേറെ സേവനങ്ങള്‍ സൗജന്യമായി നല്‍കിവരുന്ന സിജി വളരുന്നത്‌.
പതിനൊന്ന്‌ വര്‍ഷം കൊണ്ട്‌ സിജി എന്തുനേടിയെന്ന ചോദ്യത്തിന്‌ കരിയര്‍ ഗൈഡന്‍സിന്‌ ദിശാബോധം നല്‍കിയെന്നാണ്‌ സിജിയുടെ ദൗത്യം തപസ്യയാക്കി മാറ്റിയ അതിന്റെ പ്രസിഡന്റും ഡയറക്‌ടറുമായ ഡോ. കെ.എം. അബൂബക്കറിന്റെ മറുപടി.

കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക്‌, പ്രത്യേകിച്ച്‌ പിന്നോക്ക വിഭാഗങ്ങള്‍ക്ക്‌ മികച്ച വിദ്യാഭ്യാസം ലഭിക്കാനും അതുമുഖേന മികച്ച കരിയറില്‍ എത്തിച്ചേരാനും സഹായിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച സിജി ഇന്ന്‌ വിദ്യാര്‍ഥികള്‍ക്കിടയില്‍ പരിചിതമാണ്‌. സമൂഹത്തിലെ എല്ലാ വിഭാഗം വിദ്യാര്‍ഥികളും സിജിയുടെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിലും അത്‌ പ്രയോഗവല്‍ക്കരിച്ച്‌ നേട്ടമുണ്ടാക്കുന്നതില്‍ മുന്നോക്ക വിഭാഗം വിദ്യാര്‍ഥികള്‍ തന്നെയാണ്‌ മുന്നിട്ടുനില്‍ക്കുന്നതെന്ന്‌ പഠനം വ്യക്തമാക്കുന്നു. ഗൈഡന്‍സ്‌ ലഭിക്കുന്നുണ്ടെങ്കിലും പിന്നോക്ക വിഭാഗം വിദ്യാര്‍ഥികളും ഇടത്തരക്കാരും അത്‌ പ്രയോജനപ്പെടുത്തി വിജയം വരിക്കുന്നതില്‍ പിന്നിലാണെന്നത്‌ കൂടുതല്‍ പഠനങ്ങള്‍ക്ക്‌ വിധേയമാക്കേണ്ടതാണ്‌.
സമൂഹത്തിന്റെ ബഹുമുഖ പുരോഗതി ലക്ഷ്യമാക്കിയുള്ള പരിപാടികളാണ്‌ സിജി സംഘടിപ്പിച്ചു വരുന്നത്‌. വിദ്യാര്‍ഥികള്‍ക്കു പുറമേ, രക്ഷിതാക്കള്‍, അധ്യാപകര്‍, സ്ഥാപന മേധാവികള്‍, യുവാക്കള്‍, തൊഴിലന്വേഷകര്‍, സാമൂഹിക നേതാക്കള്‍, ബിസിനസ്‌ എക്‌സിക്യൂട്ടീവുകള്‍ തുടങ്ങിയവരും സേവനം ഉപയോഗപ്പെടുത്തുന്നു.
അഭിരുചിയും കഴിവുകളും കണക്കിലെടുത്തുകൊണ്ടുള്ള കോഴ്‌സുകളാണ്‌ വിദ്യാര്‍ഥികള്‍ക്ക്‌ സിജി കൗണ്‍സിലര്‍മാര്‍ നിര്‍ദേശിക്കുന്നത്‌. ശാസ്‌ത്രീയ വിശകലനം അടിസ്ഥാനമാക്കുന്നതിനാല്‍ ഇതില്‍ പാളിച്ചകള്‍ വിരളമാണ്‌. കോഴ്‌സുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ മാത്രമല്ല, രക്ഷിതാക്കളും ഇന്ന്‌ ഏറെ ജാഗ്രത പുലര്‍ത്തുന്നു. ലോകത്ത്‌ ഇന്ന്‌ മൂവായിരത്തോളം കരിയര്‍ മേഖലകളുണ്ടെന്നാണ്‌ കണക്ക്‌. ആഗോളീകരണത്തിന്റേയും ഉദാരവല്‍ക്കരണത്തിന്റേയും ഫലമായി ഇവയില്‍ നല്ലൊരു പങ്കും ഇന്ത്യയില്‍ എത്തിക്കഴിഞ്ഞു. പുതിയ പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിന്‌ നമ്മുടെ നാട്ടിലും ഇപ്പോള്‍ മത്സരം പ്രകടമാണ്‌. കാലഘട്ടം ആവശ്യപ്പെടുന്ന തൊഴില്‍ മേഖലകളില്‍ പ്രാവീണ്യം തെളിയിക്കാനും അവ ഏറ്റെടുക്കാനുമുള്ള ശേഷിയുണ്ടാക്കിയെടുക്കുകയാണ്‌ ഇന്ന്‌ തൊഴിലന്വേഷകര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. പ്ലസ്‌ ടു വിദ്യാര്‍ഥികള്‍ക്കുമുമ്പില്‍ പുതിയ മേഖലകളുടെ അനന്ത സാധ്യതകള്‍ തുറന്നുകൊണ്ട്‌ അതിനു അനിവാര്യമായ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി വരികയാണ്‌. സി.ബി.എസ്‌.ഇ കരിയര്‍ തെരഞ്ഞെടുക്കുന്നവര്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളായാലും പ്ലസ്‌ ടു വിദ്യാര്‍ഥികളായാലും അതതു സമയത്തെ പ്രവണതകള്‍ അറിഞ്ഞേ പറ്റൂ.
സംതൃപ്‌തമായ ഭാവിയും ജോലിയും പുതുതലമുറയുടെ സ്വപ്‌നമായി മാറിയിരിക്കെ, അതു സാക്ഷാത്‌കരിക്കാനുള്ള കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളാണ്‌ സിജി നല്‍കുന്നത്‌. അഭിരുചികള്‍ തിരിച്ചറിയാനും ബുദ്ധിശക്തിയും പഠനതാല്‍പര്യവും മനസ്സിലാക്കാനുമുതകുന്ന വിവിധ സൈക്കോ മെട്രിക്‌ ടെസ്റ്റുകളെ കൗണ്‍സലര്‍മാര്‍ ആശ്രയിക്കുന്നു.

പഠന മേഖലയില്‍ മാത്രമല്ല, വ്യക്തിപരവും കുടുംബപരവുമായ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നവര്‍ക്ക്‌ മനഃശാസ്‌ത്രത്തില്‍ കൂടി വൈദഗ്‌ധ്യമുള്ള കൗണ്‍സലര്‍മാരുടെ സേവനം പ്രയോജനപ്പെടുന്നു. അധ്യാപകര്‍ക്ക്‌ മികവ്‌ പ്രദാനം ചെയ്യുന്ന പരിശീലനത്തിനു പുറമേ, പി.എസ്‌.സി, യു.പി.എസ്‌.സി, സിവില്‍ സര്‍വീസ്‌ പരീക്ഷകള്‍, യു.ജി.സി, എല്‍.ഡി.സി തുടങ്ങിയ മത്സര പരീക്ഷകളുടെ പരിശീലനത്തിനും സിജിയില്‍ അവസരമുണ്ട്‌. ലാംഗ്വേജ്‌ കോച്ചിംഗിന്റെ ഭാഗമായി ഇംഗ്ലീഷ്‌ ഭാഷാപരിശീലനവും കോര്‍പറേറ്റ്‌ ട്രെയിനിംഗ്‌ വിഭാഗത്തില്‍ ബിസിനസ്‌ സംരംഭകര്‍ക്ക്‌ മാനേജ്‌മെന്റെ ട്രെയിനിംഗ്‌, സ്റ്റാഫ്‌ ട്രെയിനിംഗ്‌, സെയില്‍സ്‌മാന്‍ ട്രെയിനിംഗ്‌ എന്നിവയുമുണ്ട്‌. സര്‍ക്കാറിന്റെ വിവിധ പദ്ധതികളും സിജി ഏറ്റെടുത്തു നടത്തുന്നു. ആദിവാസി വിദ്യാര്‍ഥികള്‍ക്ക്‌ സമ്പൂര്‍ണ വിദ്യാഭ്യാസ വികസന പരിശീലന പരിപാടി, യുവജനങ്ങള്‍ക്കായുള്ള വികസന പരിശീലന പരിപാടി, കെ.എസ്‌.ആര്‍.ടി.സി ഡ്രൈവര്‍മാര്‍ക്ക്‌ പരിശീലനം, ഉദ്യോഗാര്‍ഥികള്‍ക്ക്‌ പരിശീലനം, പട്ടികവര്‍ഗ ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ക്ക്‌ കൗണ്‍സലിംഗ്‌ പരിശീലന പരിപാടികള്‍, കരിയര്‍ മേള, ഐ.സി.ഡി.എസ്‌ പദ്ധതിയുടെ ഭാഗമായി കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക്‌ കൗണ്‍സലിംഗ്‌ ക്ലാസ്‌ തുടങ്ങിയവ ഇതിന്റെ ഭാഗമാണ്‌.
കേരളത്തിലെ അനാഥശാലകളിലെ മികച്ച വിദ്യാര്‍ഥികളെ കണ്ടെത്തി പരിശീലിപ്പിച്ചെടുക്കുന്ന സവിശേഷ പദ്ധതിയുമുണ്ട്‌ സിജിക്ക്‌. നിങ്ങളുടെ സമര്‍ഥരെ തരൂ ഞങ്ങള്‍ അവരെ ഭാവിയുടെ നേതാക്കളാക്കാം എന്ന മുദ്രാവാക്യവുമായി ഈ
പദ്ധതിയില്‍ (സ്റ്റുഡന്റ്‌സ്‌ ട്രെയ്‌നിംഗ്‌ ഫോര്‍ എക്‌സലന്റ്‌ പെര്‍ഫോമന്‍സ്‌-സ്റ്റെപ്പ്‌) വിവിധ ടെസ്റ്റുകളിലൂടെയാണ്‌ മികവു പുലര്‍ത്തുന്ന വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നത്‌. മഹല്ലുകളില്‍ നടത്തുന്ന ശാക്തീകരണ പരിശീലന പരിപാടിയാണ്‌ എടുത്തുപറയേണ്ട മറ്റൊരു പദ്ധതി.
ഉദാരമതികളുടെ സഹായേത്താടെ കേഴിക്കോട്‌ ചേവായൂരില്‍ പണിത വിശാല കെട്ടിടത്തിലാണ്‌ സിജിയുടെ ആസ്ഥാനം. മിക്ക പരിശീലന പരിപാടികളും ഇപ്പോള്‍ ഇവിടെതന്നെ നടത്തുന്നു. എറണാകുളം, മലപ്പുറം, പയ്യന്നൂര്‍ എന്നിവിടങ്ങളിലും വിവിധ ഗള്‍ഫ്‌ നാടുകളിലും സിജിയുടെ കേന്ദ്രങ്ങളുണ്ട്‌.
ഗള്‍ഫ്‌ നാടുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി ഈ വര്‍ഷം സംഘടിപ്പിച്ച പഠനസഹവാസ ക്യാമ്പില്‍ 50 വിദ്യാര്‍ഥികളാണ്‌ പങ്കെടുത്തത്‌. കുട്ടികളുടെ അഭിരുചിക്കനുസരിച്ച്‌ പഠനത്തെ പരിശീലനമാക്കി മാറ്റിയ ക്യാമ്പിനെ കുറിച്ച്‌ സമാപന ദിവസം അവലോകനം നടത്തിയ വിദ്യാര്‍ഥികള്‍ തങ്ങളൊരു വിസ്‌മയ ലോകത്തെത്തിയെന്ന അനുഭവങ്ങളാണ്‌ പങ്കുവെച്ചത്‌.
പുതിയ മോഹങ്ങളുമായി


എണ്‍പതാം വയസ്സിലും എണ്ണയിട്ട യന്ത്രം പോലെ കര്‍മനിരതനാണ്‌ ഡോ.കെ.എം. അബൂബക്കറെന്ന സിജിയുടെ ജീവവായു. ഓഫീസ്‌ മുറിയിലിരുന്നുകൊണ്ട്‌ തന്നെ ഒറ്റ പ്ലെയിറ്റില്‍ ചോറും കറിയും കൂട്ടിക്കുഴച്ച്‌ കുറച്ചുമാത്രം കഴിച്ച്‌, എക്‌സ്‌പാ സ്‌കാന്‍ വിദ്യാര്‍ഥികളേയും രക്ഷിതാക്കളേയും ആവേശത്തോടെ അഭിസംബോധന ചെയ്‌തു അദ്ദേഹം.
മുംബൈ ഭാഭ ആറ്റമിക്‌ റിസര്‍ച്ച്‌ സെന്ററിലെ സീനിയര്‍ സയന്റിസ്റ്റായിരുന്ന അദ്ദേഹം അവിടെ പത്ത്‌ വര്‍ഷത്തോളം ഗ്രാജ്വേറ്റ്‌ എന്‍ജിനീയറിംഗ്‌ ട്രെയിനികള്‍ക്ക്‌ ക്ലാസെടുത്തപ്പോള്‍ തുടങ്ങിയതാകാം വിദ്യാര്‍ഥികള്‍ക്ക്‌ നേര്‍വഴി കാട്ടണമെന്ന മോഹം. ഇപ്പോള്‍ മലയാളികള്‍ക്കിടയില്‍ വിജയിച്ച സിജിയെ എങ്ങനെ ഉത്തരേന്ത്യയിലെ ഗല്ലികളില്‍ എത്തിക്കാം എന്ന ചിന്തയാണ്‌ അദ്ദേഹത്തിന്‌.
ഇംഗ്ലീഷിനു പുറമേ, ഉര്‍ദുവും ഹിന്ദിയും കൈകാര്യം ചെയ്യാനറിയുന്ന പരിശീലകരുടെ അഭാവമാണ്‌ ഏറ്റവും വലിയ തടസ്സമെന്ന്‌ അദ്ദേഹം പറഞ്ഞു. ദൈവം സഹായിച്ചാല്‍ മീറത്തിലേയും ഭഗല്‍പൂരിലേയും പട്ടിണിപ്പാവങ്ങളേയും കൈപിടിച്ചുയര്‍ത്താനാകുമെന്ന ശുഭപ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.
നാട്ടിലും മറുനാട്ടിലുമുള്ള ഉദാരമതികളാണ്‌ സിജിയുടെ കരുത്തെന്ന്‌ എം.എസ്‌സി കെമിസ്‌ട്രിയില്‍ ഒന്നാം റാങ്കും ഫിസിക്കല്‍ കെമിസ്‌ട്രിയില്‍ ഡോക്‌ടറേറ്റും കരസ്ഥമാക്കിയ ഡോ. അബൂബക്കര്‍ കൂട്ടിച്ചേര്‍ത്തു.
കൊച്ചിക്കടുത്ത വൈപ്പിന്‍ ദ്വീപിലെ എടവനക്കാട്ടുകാരനായ അബൂബക്കര്‍ എറണാകുളം മഹാരാജാസ്‌ കോളേജില്‍ ഇന്റര്‍മീഡിയറ്റിന്‌ പഠിക്കാന്‍ പ്രയാസം നേരിട്ടപ്പോള്‍ വൈദ്യുതി ബോര്‍ഡില്‍ ക്ലാര്‍ക്ക്‌ ജോലി സമ്പാദിച്ചാണ്‌ അതിനെ മറികടന്നത്‌. പരീക്ഷയില്‍ സര്‍വകാലശാലാ റാങ്ക്‌ നേടിയപ്പോള്‍ ആ ജോലി നഷ്‌ടപ്പെട്ട കഥയും അദ്ദേഹം അനുസ്‌മരിക്കുന്നു. റാങ്കുകാരനെ ഓഫീസില്‍ കെട്ടിയിടാന്‍ കഴിയില്ലെന്നു പറഞ്ഞുകൊണ്ട്‌ വൈദ്യുതി ബോര്‍ഡില്‍ അന്ന്‌ എക്‌സിക്യുട്ടീവ്‌ എന്‍ജിനീയറായിരുന്ന കുമാരന്‍ കുട്ടി മേനോന്‍ ഉപരിപഠനത്തിനുപോകാന്‍ നിര്‍ദേശിക്കുകയായിരുന്നു.
പത്ത്‌ ലക്ഷത്തിലേറെ പേര്‍ക്ക്‌ ഭാവിയെ കുറിച്ച്‌ മാര്‍ഗനിര്‍ദേശം നല്‍കാനും ആത്മവിശ്വാസം വളര്‍ത്താനും പതിനൊന്ന്‌ വര്‍ഷം കൊണ്ട്‌ സിജിക്ക്‌ സാധിച്ചുവെന്ന്‌ അദ്ദേഹം അഭിമാനം കൊള്ളുന്നു.
ഒട്ടേറെ പ്രമുഖര്‍ സന്ദര്‍ശിച്ച്‌, പ്രകീര്‍ത്തിച്ച സിജിയുടെ താങ്ങ്‌ വിദ്യാഭ്യാസത്തില്‍ താല്‍പര്യമുള്ള സന്നദ്ധ സേവകരും ഉദാരമതികളുമാണെന്ന്‌ അദ്ദേഹം പറഞ്ഞു.
അറിവിനോടൊപ്പം എളിമയും കാത്തുസൂക്ഷിക്കുന്ന നിസ്വാര്‍ഥനായ ഒരു കര്‍മനിരതനെയാണ്‌ ഡോ. അബൂബക്കറില്‍ ആര്‍ക്കും ദൃശ്യമാകുക.

4 comments:

എം.അഷ്റഫ്. said...

വിദ്യാര്‍ഥികളെ
സിജി വിളിക്കുന്നു

റെമിസ് രഹനാസ് | Remiz Rahnas said...

Nice ideas.
Enikkum kitumo oru admission ?

kifu said...

pple out there.
days at cigi r always fun.
go there 2 relieve stress
aakifah

tarana said...

a diff face of teamwork.scientific & systematic approach to teens.confidence boosters.fruitful interactive sessions.most awaited PDS.whole-hearted encouragement of mendors.
i surely had the time of 'm lyf

the essence of the camp is truely;
'celebrate learning,experience living'.
-tarana

Related Posts Plugin for WordPress, Blogger...