Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

July 26, 2007

പണമില്ലേ, പ്രശ്നമില്ല

എം. അഷ്‌റഫ്‌

( 2007 ജൂലൈ 27 -ന്‌ മലയാളം ന്യൂസില്‍
പ്രസിദ്ധീകരിച്ച ലേഖനം)‌


നാട്ടില്‍ പോകുന്ന നാളടുത്താല്‍ നാട്ടില്‍നിന്നുള്ള കത്തുകള്‍ കിട്ടാറില്ലെന്നത്‌ പ്രവാസികളെ കുറിച്ച്‌ പണ്ടേ പറഞ്ഞു പരത്തിയ അപഖ്യാതിയാണ്‌. വലിയ അടിസ്ഥാനമൊന്നുമില്ലെങ്കിലും നാട്ടിലേക്ക്‌ മടങ്ങാനുള്ള അവധിക്കാലമടുത്താല്‍ അവര്‍ക്കു പിന്നെ ബന്ധുക്കള്‍ അയക്കുന്ന കത്തുകള്‍ കിട്ടാറില്ലെന്നതാണ്‌ ഈ പരാതിക്ക്‌ കാരണമായി പറഞ്ഞിരുന്നത്‌. രണ്ടും മൂന്നും വര്‍ഷം കഴിഞ്ഞ്‌ നാട്ടിലേക്ക്‌ തിരിക്കാനൊരുങ്ങുമ്പോഴാണ്‌ ഗള്‍ഫുകാരന്‌ ബന്ധുജനങ്ങളില്‍നിന്ന്‌ ആവശ്യങ്ങളുടെ നീണ്ട പട്ടിക ലഭിക്കാറുള്ളത്‌. സ്നേഹാന്വേഷണങ്ങള്‍ക്കുപരി ഗള്‍ഫ്‌ മണമുള്ള സാധനങ്ങളുടെ ആ കുറിപ്പടി ലഭിച്ചില്ലെങ്കിലെന്ന്‌ ആഗ്രഹിക്കാന്‍ ഇപ്പോള്‍ പ്രവാസികള്‍ക്ക്‌ നിര്‍വാഹമില്ല. മൊബൈലിലെ മിസ്ഡ്‌ കോളുകള്‍ കണ്ടില്ലെന്ന്‌ പറയാന്‍ കഴിയില്ലെന്നു മാത്രമല്ല, ഗള്‍ഫ്‌ സാധനങ്ങള്‍ നാട്ടിലെത്താന്‍ ഇപ്പോള്‍ പ്രവാസി അവയും ചുമന്ന്‌ നേരിട്ടെത്തിക്കൊള്ളണമെന്നില്ല, ആ സൌകര്യം ഏര്‍പ്പെടുത്തിക്കൊണ്ട്‌ ഡോര്‍ ഡു ടോര്‍ കാര്‍ഗോ സര്‍വീസുകള്‍ എമ്പാടുമായി. ഇവിടെനിന്ന്‌ ഡ്രാഫ്റ്റ്‌ അയച്ചുകൊടുത്താല്‍ ഇഷ്ടമുള്ള സാധനങ്ങള്‍ ബന്ധുജനങ്ങള്‍ക്കെത്തിക്കാന്‍ നാട്ടില്‍ തന്നെ ഏജന്‍സികള്‍ ഇഷടം പോലെ വേറെയുമുണ്ട്‌. അവയുടെ പരസ്യങ്ങള്‍ പത്രങ്ങളിലും ടി.വികളിലും നാട്ടുകാരും കാണുന്നുണ്ട്‌. ഈ മാസം ഒന്നും ബാക്കിയായില്ല, അടുത്ത മാസമാവട്ടെയെന്നു പറയാനും നിര്‍വാഹമില്ലാതായിരിക്കുന്നു ഗള്‍ഫുകാരന്‌. നിനക്കെന്താ ക്രെഡിറ്റ്‌ കാര്‍ഡില്ലേ എന്ന ചോദ്യത്തിന്‌ മുന്നില്‍ ഇല്ല എന്നു തറപ്പിച്ചു പറയാന്‍ അവനു സാധിക്കുന്നില്ല. ഒരു ക്രെഡിറ്റ്‌ കാര്‍ഡ്‌ പോലുമില്ലാത്തവന്‍ എന്തു പ്രവാസി. അവനൊരു ദരിദ്രവാസി. ഗള്‍ഫുകാര്‍ക്ക്‌ മാത്രമല്ല, നാട്ടുകാര്‍ക്കും ക്രെഡിറ്റ്‌ കാര്‍ഡ്‌ ഇന്നൊരു സ്റ്റാറ്റസ്‌ പ്രതീകമായി മാറിയിട്ടുണ്ട്‌. താന്‍ വാങ്ങുന്ന കടം കൂട്ടിവെക്കുന്ന ബാധ്യതാ കാര്‍ഡാണ്‌ അതെന്ന വസ്തുത പോലും വിസ്മരിക്കപ്പെട്ട്‌ അഞ്ചും ആറും ക്രെഡിറ്റ്‌ കാര്‍ഡുകള്‍ കൊണ്ടുനടക്കുന്ന പ്രവാസികള്‍ നമുക്ക്‌ ചുറ്റും ധാരാളമുണ്ട്‌. ജിദ്ദയില്‍നിന്ന്‌ കൊണ്ടുപോയ സാധനങ്ങള്‍ക്കുപുറമെ ൪൦,൦൦൦ രൂപയുടെ സാധനങ്ങള്‍ മുംബൈയില്‍നിന്ന്‌ ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗിച്ച്‌ വാങ്ങിയ സുഹൃത്തിനോട്‌ അതേക്കുറിച്ച്‌ ചോദിച്ചപ്പോള്‍ എന്നിട്ടുപോലും എല്ലാവരേയും തൃപ്തിപ്പെടുത്താനായില്ലെന്നായിരുന്നു മറുപടി. പിശുക്കനെന്ന വിളിയും വെറുപ്പും ബാക്കി. കടം വാങ്ങുന്നത്‌ ആരും സന്തോഷത്തോടെയല്ല. നിര്‍ബന്ധിത സാഹചര്യത്തില്‍ വാങ്ങിപ്പോകുന്നതാണ്‌ കടം. കടബാധ്യതകള്‍ നിറവേറ്റാനാവതെ ജീവനൊടുക്കുന്നവരുടെ കഥകള്‍ നാം നിത്യേന വായിക്കുന്നു. നാട്ടുകാരുടെ കടങ്ങളെ കുറിച്ച്‌ ധാരാളം പറയാറുണ്ടെങ്കിലും കടത്തില്‍ മുങ്ങിയ പ്രവാസിയെ കുറിച്ച്‌ ആരും പറയാറില്ല. കെട്ടിപ്പൊക്കിയ മണിമന്ദിരങ്ങള്‍ക്ക്‌ പെയിണ്റ്റടിക്കാന്‍ പോലും പ്രവാസി ആശ്രയിക്കുന്നത്‌ പലിശ കൊടുത്ത്‌ വാങ്ങുന്ന കടത്തെയാണെന്നത്‌ വസ്തുത. ആകര്‍ഷകമായ എത്രയൊക്കെ വശങ്ങള്‍ എണ്ണിപ്പറഞ്ഞാലും ക്രെഡിറ്റ്‌ കാര്‍ഡ്‌ മാനിയയും ഗള്‍ഫുകാരെ കടബാധ്യതകളിലേക്കാണ്‌ നയിക്കുന്നത്‌. പൊങ്ങച്ചപ്പുടവകള്‍ അഴിച്ചുമാറ്റാനാവാത്ത, പ്രവാസിയുടെ ഒട്ടും അച്ചടക്കമില്ലാത്ത ജീവിതം കൂടിയാകുമ്പോള്‍ കഥ പൂര്‍ണമാകുന്നു. അമേരിക്കയിലും മറ്റു പാശ്ചാത്യ നാടുകളിലും ക്രെഡിറ്റ്‌ കാര്‍ഡിനെതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ സിനിമകളും ഡോക്യുമെണ്റ്ററികളും ഇറങ്ങുമ്പോഴാണ്‌ അവരുടെ ഉല്‍പന്നങ്ങള്‍ അടിച്ചേല്‍പിക്കപ്പെടുന്ന പട്ടിണി നാടുകളില്‍ ക്രെഡിറ്റ്‌ കാര്‍ഡ്‌ ജ്വരം പടര്‍ന്നു പിടിക്കുന്നത്‌. ആസ്തിയും വരുമാനവുമുള്ള സ്വദേശികള്‍ക്ക്‌ മാത്രമേ ക്രെഡിറ്റ്‌ കാര്‍ഡുകള്‍ ലഭിക്കുകയുള്ളൂവെന്ന ധാരണ തിരുത്തപ്പെട്ടതോടെ അവ സ്വന്തമാക്കാനുള്ള മത്സരത്തില്‍ പ്രവാസികളും ഏര്‍പ്പെട്ടു തുടങ്ങി. വിവിധ കമ്പനികളുടെ കാര്‍ഡുകളുമായി ബാങ്കുകളുടെ പ്രതിനിധികള്‍ ഓഫീസുകളിലും താമസ സ്ഥലങ്ങളിലും എത്തിത്തുടങ്ങിയതോടെ വേണമെങ്കില്‍ ഉപയോഗിച്ചാല്‍ മതിയല്ലോ, ഇരിക്കട്ടെ ഒന്ന്‌ എന്ന ചിന്തയിലേക്ക്‌ മാറിത്തുടങ്ങി ഓരോരുത്തരും. ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗത്തില്‍ നിരുത്തരവാദിത്തവും അച്ചടക്കമില്ലായ്മയും കാണിച്ച പലര്‍ക്കും അതൊരു കെണിയായി മാറിയിരിക്കയാണ്‌. എങ്ങനെയെങ്കിലും രക്ഷപ്പെട്ടാല്‍ മതിയെന്നായിരിക്കുന്നു പലിശയും കൂട്ടുപലിശയുമായി വലിയ തുകയുടെ ബാധ്യത വന്നവരുടെ ചിന്ത. ക്രെഡിറ്റ്‌ കാര്‍ഡ്‌ ബില്ലിലെ തുക കൃത്യമായി അടച്ചില്ലെങ്കില്‍ അതിണ്റ്റെ പലിശക്ക്‌ കൂടി പലിശ നല്‍കാന്‍ ഉപയോക്താക്കള്‍ നിര്‍ബന്ധിതരാണ്‌. ക്രെഡിറ്റ്‌ കാര്‍ഡ്‌ എടുത്തശേഷം ചെലവ്‌ ഗണ്യമായി വര്‍ധിച്ചുവെന്നു പറയുന്നവര്‍ ധാരാളമാണ്‌. വാര്‍ഷിക ഫീസ്‌ നല്‍കിയാല്‍ ടെലിഫോണ്‍ ബില്ലും ഇലക്ട്രിക്‌ ബില്ലും അടക്കാം, അത്യാവശ്യം വേണമെങ്കില്‍ എയര്‍ ടിക്കറ്റ്‌ വാങ്ങാം തുടങ്ങിയ ചിന്തകളാണ്‌ പലരേയും ക്രെഡിറ്റ്‌ കാര്‍ഡിലേക്ക്‌ ആകര്‍ഷിച്ചത്‌. അക്കൌണ്ട്‌ ഏതെങ്കിലും ബാങ്കിലാകട്ടെ, കാര്‍ഡ്‌ തരാമെന്ന വാഗ്ദാനവുമായുള്ള ബാങ്ക്‌ പ്രതിനിധികളുടെ ഓഫീസുകളിലെ കാത്തിരിപ്പ്‌ അതിന്‌ ആക്കം കൂട്ടുകയും ചെയ്തു. ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത, അല്ലെങ്കില്‍ ദൌര്‍ഭാഗ്യകരമായ ആവശ്യം നേരിട്ടതിനാലാകാം ചിലര്‍ ക്രെഡിറ്റ്‌ കാര്‍ഡ്‌ കടത്തില്‍ മുങ്ങിയത്‌. എന്നാല്‍ തെറ്റായ രീതിയിലുള്ള ഉപയോഗം തന്നെയാണ്‌ ബഹുഭൂരിഭാഗം പേര്‍ക്കും വിനയായി മാറിയിരിക്കുന്നത്‌. കാര്‍ഡ്‌ കടം വീട്ടാന്‍ വഴികള്‍ പലതുമുണ്ടെങ്കിലും അപൂര്‍വം ചിലര്‍ മാത്രമേ അതില്‍ യഥാസമയം വിജയിക്കുന്നുള്ളൂ. ആസൂത്രണവും കര്‍ശനമായ അച്ചടക്കവും നിയന്ത്രണവും പാലിക്കാന്‍ കഴിയുന്നവരെ മാത്രമേ ക്രെഡിറ്റ്‌ കാര്‍ഡുകള്‍ വിഴുങ്ങാതിരിക്കൂ. പണമില്ലേ അതൊരു പ്രശ്നമാക്കേണ്ട എന്ന മുദ്രാവാക്യത്തിനു മുന്നില്‍ രണ്ടു തവണ ആലോചിച്ചാല്‍ ഈ കെണിയില്‍നിന്ന്‌ രക്ഷപ്പെടാം. ഒന്നോ രണ്ടോ മാസത്തെ ശമ്പളത്തിണ്റ്റെ തുക സുഹൃത്തുക്കളില്‍നിന്നോ ബന്ധുക്കളില്‍നിന്നോ വായ്പയായി കിട്ടാനിടയുള്ളവര്‍ ക്രെഡിറ്റ്‌ കാര്‍ഡിനെ കുറിച്ച്‌ ചിന്തിക്കാതിരിക്കുന്നതാണ്‌ ഉത്തമം. അഞ്ചോ പത്തോ പേര്‍ ചേര്‍ന്ന്‌ ചെറിയ കൂട്ടായ്മകളുണ്ടാക്കി മാസം നിശ്ചിത തുക നീക്കിവെച്ചാല്‍ കൂട്ടായ്മയിലെ അംഗങ്ങളുടെ അത്യാവശ്യങ്ങള്‍ നികത്താനാകുമെന്ന്‌ ചില സുഹൃത്തുക്കള്‍ തെളിയിച്ചിട്ടുണ്ട്‌. പത്ത്‌ പേര്‍ ചേര്‍ന്നുള്ള ഒരു സംഘത്തിന്‌ ഏതാനും വര്‍ഷമായി തുടരുന്ന ഈ സംവിധാനത്തിലൂടെ പണം ലാഭകരമായ ഒരു കച്ചവടത്തില്‍ നിക്ഷേപിക്കാന്‍ പോലും സാധിച്ചു. ഒരു ക്രെഡിറ്റ്‌ കാര്‍ഡിലെ വായ്പയും പലിശയും അടച്ചു തീര്‍ത്താലും കാര്‍ഡുകളുടെ മായിക ലോകത്ത്‌ സംഘര്‍ഷമില്ലാത്ത ജീവിതം നയിക്കണമെങ്കില്‍, കടമില്ലാത്ത സ്ഥിതി തുടരുമെന്ന ഉറച്ച തീരുമാനവും ദൃഢനിശ്ചയവുമുണ്ടെങ്കിലേ സാധിക്കൂ. പേഴ്സില്‍ ക്രെഡിറ്റ്‌ കാര്‍ഡുള്ളവര്‍ അത്‌ ഏതൊക്കെ തരത്തില്‍ ഉപയോഗപ്പെട്ടുവെന്നും എന്തു ബാധ്യതകള്‍ വരുത്തിയെന്നും വിലയിരുത്തിയശേഷം അത്‌ നല്‍കുന്ന പാഠങ്ങള്‍ യഥാവിധി ഉള്‍ക്കൊള്ളുന്നില്ലെങ്കില്‍ ഒരിക്കല്‍ രക്ഷപ്പെട്ട കെണി വീണ്ടും മുറുകുമെന്ന്‌ വിസ്മരിക്കേണ്ട. ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗിക്കുകയും അത്‌ വിനയായി മാറുകയും ചെയ്ത പലരുടേയും അനുഭവങ്ങളില്‍നിന്ന്‌ മനസ്സിലാക്കാന്‍ സാധിച്ച ഏതാനും മുന്‍കരുതലുകള്‍: ആകര്‍ഷകമായ ധാരാളം ഓഫറുകളും ഡിസ്കൌണ്ടുകളും എത്തിയാലും അത്യാവശ്യമുള്ള സാധനങ്ങളേ വാങ്ങൂ എന്ന്‌ തീരുമാനിക്കാന്‍ സാധിക്കണം. ആരുടെ സമ്മര്‍ദമുണ്ടായാലും അമിതമായി ചെലവഴിക്കില്ലെന്ന ദൃഢനിശ്ചയത്തില്‍ ഉറച്ചുനില്‍ക്കാന്‍ കഴിയണം. കാര്‍ഡ്‌ അനുവദിക്കുന്ന പരിധിയുടെ ൭൫ ശതമാനം കടക്കുന്നില്ലെന്നും സമയത്ത്‌ ബില്‍ തുക അടക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണം. രണ്ടിലധികം കാര്‍ഡുകള്‍ ഉണ്ടെങ്കില്‍ ബാക്കിയുള്ളവ ഉപേക്ഷിക്കണം. അത്യാവശ്യങ്ങള്‍ നിറവേറ്റാന്‍ ഈ കാര്‍ഡുകള്‍ തന്നെ ധാരാളം.

4 comments:

ഉറുമ്പ്‌ /ANT said...

ankara neelam

യരലവ said...

Comment moderation has been enabled. All comments must be approved by the blog author.

കമെന്റാന്‍ വന്നതാ; മുകളിലത്തെ വരിയും; കണ്ടപ്പോള്‍ ഒന്നു പകച്ചു പിന്നാമ്പുറം ചാടി; ഞങ്ങളെ നമ്പില്ലെങ്കില്‍ ഞങ്ങളും നമ്പമാട്ടാ.

നൊ കൊമെന്റ്സ്. കേട്ടാ; താങ്ക്സ്;

ഹോ വേര്‍ഡ് വെരിയെ കൊണ്ടു തോറ്റു; റ്റീ വീ ടെ വോള്യം കുറക്കൂ.. കുറക്കൂ എന്നു പറയുന്നപോലെ ഞാനും പറയണോ...

എം.അഷ്റഫ്. said...

എണ്റ്റെ പൊന്നു ബയാനേ,
ഇങ്ങനെ പിണങ്ങിയാലോ?
നമ്പരുതെന്ന ക്ളിക്ക്‌ മാറ്റാന്‍ മറന്നു പോയതാണേ. ഇനിയും എല്ലാം വായിച്ച്‌ നല്ലോണം കമണ്റ്റാന്‍ ഹൃദയപൂര്‍വം ക്ഷണിക്കുന്നു.
ആ ഉറുമ്പ്‌ പറയുന്നത്‌ കേട്ടില്ലേ?നീളം കൂടുതലാണെന്ന്‌. ഉറുമ്പും ആനയും പ്രേമിച്ച്‌ കല്യാണം കഴിച്ച കഥയൊന്നു പറഞ്ഞു കൊടുക്കണേ?നീളത്തെ കുറിച്ച്‌ ഇങ്ങനെ ഞാനൊരാളോട്‌ പരാതിപ്പെട്ടപ്പോ അങ്ങേര്‌ എന്നോട്‌ ചോദിക്കുവാ.. അതിന്‌ നിനക്കന്താടാന്ന്‌. ബാക്കി അങ്ങേര്‌ പറയാഞ്ഞിട്ടല്ല. ഞാന്‍ അത്‌ വിട്ടുകയളുവാ.

കരീം മാഷ്‌ said...

( 2007 ജൂലൈ 27 -ന്‌ മലയാളം ന്യൂസില്‍
പ്രസിദ്ധീകരിച്ച ലേഖനം)‌

Good,
One Doubt,Is there any copyright problem to publish in the blog the same article from a News Paper even though we are the author?

Did Mr, Musafir came ?, covey my regards to him!
I Saw your comment late in my blog regardig Nehru's Love with Lady Mount. Nice.
I was expressig my view in that subject.I am not against the love beyond the region,country, age or religion. But Mr.Jithish diverted the subject that the freedom of India is the result of that Love.
He forgot the sacrifice of thousands who gave their life and wealth for it.
We will meet again.
Nice to communicate you.
Isha allah we can meet KSA.

Related Posts Plugin for WordPress, Blogger...