ഹാപ്പി ന്യൂസുണ്ടെന്നു പറഞ്ഞ് മല്‍ബു കയറി വന്നപ്പോള്‍ നല്ലപാതി നാട്ടിലേക്കുള്ള ഫോണിലായിരുന്നു.
ഒറ്റക്കിതൊന്നും വയ്യേ വയ്യ.
അടുക്കളയിലെ പണിയും മക്കളെ പഠിപ്പിക്കലും ഒക്കെ ചേര്‍ത്ത് പയ്യാരം പറച്ചില്‍ തന്നെ.
അതു കേട്ടപ്പോള്‍ സര്‍പ്രൈസും കൊണ്ടുവന്ന മല്‍ബു ബോണസ് പ്രതീക്ഷിച്ച് കടം വാങ്ങിയ അയമുവിനെപ്പോലെയായി. എല്ലാ വര്‍ഷവും ബോണസ് ലഭിച്ചാല്‍ സ്വര്‍ണം വാങ്ങാറുള്ള അയമു സ്വര്‍ണ വില കുറഞ്ഞതു കണ്ടപ്പോള്‍ കൂട്ടുകാരില്‍നിന്ന് വായ്പ ഒപ്പിച്ചതായിരുന്നു. പക്ഷേ, കമ്പനി ചതിച്ചുകളഞ്ഞു. ബോണസുമില്ല, ഇന്‍ക്രിമെന്റുമില്ല.
ഹാപ്പി ന്യൂസ് എന്താ.. ശമ്പളം കൂടിയോ
ഫോണ്‍ നിറുത്തി വന്ന മല്‍ബി ചോദിച്ചു.
ശമ്പളം കൂടിയിട്ടെന്താ വീട്ടില്‍ സമാധാനമില്ലല്ലോ? അതു കൊണ്ട് നിന്റെ പരാതി തീര്‍ത്തിട്ടു മതി ഇനി വേറെ കാര്യമെന്ന് തീരുമാനിച്ചു. ഇനിയിപ്പോ നാട്ടില്‍ വിളിച്ച് ഞാന്‍ കുട്ടികളുടെ പഠിത്തം നോക്കുന്നില്ല, കിച്ചണില്‍ കയറുന്നില്ല എന്നൊന്നും പരാതി പറയണ്ട.
എല്ലാറ്റിനും നിനക്കൊരു സഹായി വരുന്നു.
ഉമ്മാക്ക് വിസിറ്റ് വിസ കിട്ടി.
ഓ, ഇനിയിപ്പോ അതിന്റെ കുറവേയുള്ളൂ.
മല്‍ബി ഒരു പുച്ഛം സമ്മാനിച്ചു.
നൂറുകൂട്ടം പണിയുടെ കൂടെ ഇനി നിങ്ങടെ ഉമ്മാനേം കൂടി നോക്കാം. അതിനൊന്നും എനിക്ക് പറ്റൂല്ല. നിങ്ങളെപ്പോലെ തന്നെയാ നിങ്ങടെ ഉമ്മയും. അന്നു വന്നപ്പോള്‍ കണ്ടതാ. ഞാനിവിടെ ചക്രശ്വാസം വലിച്ചാല്‍ പോലും കിച്ചണില്‍ ഒന്ന് കയറിനോക്കൂല്ല. ടി.വിയും നോക്കിയിരിക്കും. അതങ്ങ് നാട്ടില്‍ തന്നെ നോക്കിയിരുന്നാല്‍ മതി. ഇങ്ങോട്ടൊന്നും കൊണ്ടുവരേണ്ട.
വിസിറ്റ് വിസ ചുമ്മാ കിട്ടിയതല്ല, കാശ് കൊടുത്തു വാങ്ങിയതാ. കിട്ടിയ സ്ഥിതിക്ക് വേണ്ടാന്നു വെക്കണോ?
എനിക്ക് പറ്റൂല്ലാന്ന് ഞാന്‍ പറഞ്ഞു. എല്ലാ ദിവസവും ഭക്ഷണം പുറത്തുനിന്ന് വാങ്ങേണ്ടിവരും. പിന്നെ കഴിഞ്ഞ തവണ വന്നപ്പോള്‍ ഞാന്‍ ടി.വിയുടെ റിമോട്ട് എടുത്തുവെച്ചൂന്നും പറഞ്ഞ് ഉണ്ടാക്കിയ ബഹളമൊക്കെ ഓര്‍മ വേണം.
ഇതൊക്കെ കേട്ടപ്പോള്‍ തക്ക മറുപടി മനസ്സില്‍ വന്നെങ്കിലും മല്‍ബു അതു പുറത്തു കേള്‍പ്പിക്കാതെ ഒതുക്കി.
നിനക്കിവിടെ ഭയങ്കര പണിയാണല്ലോ? ഫേസ് ബുക്കും വാട്ട്‌സപ്പും നോക്കിയിരിക്കുന്ന സമയം വേണ്ട വീട്ടിലെ കാര്യങ്ങള്‍ നേരെയാക്കാന്‍.
വിസിറ്റ് വിസ തരപ്പെടുത്തിയതിന്റെ ബുദ്ധിമുട്ട് മല്‍ബുവിനേ അറിയൂ. ഓഫീസില്‍ ഫയലുമായി പോയി പലതവണ മടങ്ങിയതായിരുന്നു.
ഒടുവില്‍ ബ്രോസ്റ്റ് വാങ്ങാന്‍ നില്‍ക്കാറുള്ള ക്യൂ പോലും നില്‍ക്കാതെ സംഗതി തരായി.
ഒക്കെ വാസ്തയുടെ ഗുണം.
പ്രൊഫഷനും വേണ്ട, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും വേണ്ട ഒരു കുന്തവും വേണ്ട. കാശ് കൊടുക്കാന്‍ തയാറുണ്ടെങ്കില്‍ ആര്‍ക്കും കിട്ടും വിസ.
അതാണ് വാസ്തയുടെ അവസ്ഥ.
ഇങ്ങനെ പലതരം വിസ തരാക്കിക്കൊടുത്ത് കിട്ടുന്ന കമ്മീഷന്‍ കൊണ്ട് ജീവിതം മുന്നോട്ടു നയിക്കുന്നവരും മല്‍ബുകള്‍ തന്നെ.
ഫാമിലി വിസ ശരിയാകുന്നില്ലെങ്കില്‍ ഒരു വിസിറ്റെങ്കിലും ഒപ്പിച്ച് കെട്ടിയോളേം മക്കളേം ഗള്‍ഫ് കാണിക്കണമെന്ന് കൊതിച്ചു നടക്കുന്നവര്‍ ഒന്നോ രണ്ടോ വര്‍ഷം മിച്ചംവെച്ച പണം ചെലവാക്കി അതിനു മുതിരുന്നു.
എന്താണ് നമ്മുടെ ജീവിതമെന്നറിയാന്‍ എല്ലാ കെട്ട്യോളുമാരും ഒരിക്കലെങ്കിലും ഗള്‍ഫ് കാണണമെന്നത് മീത്തെല നാസര്‍ പറയാറുള്ള ആപ്തവാക്യം.
നീ ഒന്നുകൂടി ആലോചിച്ചു പറ. അത്യാവശ്യമുള്ള പലര്‍ക്കും വിസിറ്റ് വിസ കിട്ടുന്നില്ല. കിട്ടിയ സ്ഥിതിക്ക് ഉമ്മ ഒരു മാസം വന്നു നിന്നിട്ടു പോയ്‌ക്കോട്ടെ.
എനിക്ക് വയ്യാട്ടോ. വീട് അലങ്കോലമായി കിടക്കുന്നതു കണ്ടില്ലേ. നിങ്ങള്‍ ഓഫീസില്‍നിന്ന് വന്നാലും കംപ്യൂട്ടറിന്റെ മുന്നില്‍ കുത്തിയിരിക്കും. കുട്ടികളുടെ പഠിത്തം നോക്കാന്‍ പോലും നിങ്ങള്‍ക്കു നേരമില്ല. ഉമ്മ വന്നാല്‍ പിന്നെ നമ്മുടെ ഈ മന്തിയും ഖുബ്‌സും അഡ്ജസറ്റ്‌മെന്റൊന്നും നടക്കില്ല. പുരയില്‍നിന്ന് ഉണ്ടാക്കിയ ഭക്ഷണമേ ഉമ്മ കഴിക്കൂ. അതു വലിയ വലിയ മീനും വേണം. അതുകൊണ്ട് ഇപ്പോ കൊണ്ടുവരികയേ വേണ്ട. മക്കളെ എക്‌സാമൊക്കെ കഴിഞ്ഞിട്ട് ആലോചിക്കാം.
ശരിക്കും ആലോചിച്ചല്ലോ അല്ലേ? നീ പിന്നെ ഖേദിക്കേണ്ടിവരും.
ഇതിലിപ്പോ എന്താ ഇത്ര ആലോചിക്കാന്‍. എന്തു ഖേദിക്കാന്‍.
ഒന്നോ രണ്ടോ മാസത്തേക്ക് ഉമ്മാനെ കൊണ്ടുവന്നെങ്കില്‍ ആശ്വാസമായേനെ എന്നു നീ തന്നെ അല്ലേ പറഞ്ഞത്. അതുകൊണ്ടാണ് ഞാന്‍ വിസിറ്റ് വിസ ഒപ്പിച്ചത്.
അത് എന്റെ ഉമ്മാനെ കൊണ്ടുവരുന്ന കാര്യല്ലേ? നിങ്ങളെ ഉമ്മാനെ കൊണ്ടുവന്നാല്‍ എന്റെ പണി ഡബ്‌ളാകുകയേ ഉളളൂ.
അതിന് എന്റെ ഉമ്മാക്കാണെന്ന് ആരു പറഞ്ഞു.
നിന്റെ ഉമ്മാക്ക് തന്നെയാണ് വിസ കിട്ടിയത്.
ഇതെന്നാ ആദ്യേ പറഞ്ഞൂടായിരുന്നോ, സോറീട്ടോ എന്നു പറഞ്ഞു കൊണ്ട് മല്‍ബി തുള്ളിച്ചാടി.
തിരിച്ചൊരു പുച്ഛം പോലും സമ്മാനിക്കാനാകാതെ മല്‍ബു മനസ്സില്‍ പറഞ്ഞു.
വല്ലാത്ത തൊലിക്കട്ടി തന്നെ.
വാട്ട്‌സപ്പെടുത്ത് നാട്ടിലേക്കു ഉടന്‍ വിവരം കൈമാറിക്കൊണ്ട് മല്‍ബി പറഞ്ഞു.
ഇനിയൊന്നും ആലോചിക്കാനില്ല. വേഗം വിസ അയച്ചോളൂ. ഉമ്മ ഇവിടെ എത്തിയാല്‍ എനിക്ക് പിന്നെ കുട്ടികളെ മാത്രം നോക്കിയാല്‍ മതി.
നിങ്ങളു കണ്ടോ ഇനി ഈ വീട് സ്വര്‍ഗാകും സ്വര്‍ഗം.
Pages
About Me
പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..
June 18, 2014
May 30, 2014
ഉസ്താദിന്റെ കത്തലടക്കല്‍
കത്തലടക്കാന്‍ വന്ന ഉസ്താദ് കടുംകൈ ചെയ്തുവെന്നാണ് മല്‍ബു പറയുന്നതെങ്കിലും അത് അത്ര വലിയ കടുംകൈയായി കേട്ടവര്‍ക്കൊന്നും തോന്നിയില്ല.
നിങ്ങള്‍ക്കൊക്കെ ചിരിച്ചാല്‍ മതീന്ന് മല്‍ബുവും.
കത്തലടക്കാന്‍ വന്നാല്‍ അടക്കീട്ട് പോയാ പോരേ, എന്തിനാ ഇമ്മാതിരി ഏര്‍പ്പാടുകളൊക്കെ എന്ന മല്‍ബുവിന്റെ ചോദ്യം ന്യായമാണ്. ഉസ്താദിന്റെ ഭാഗം വെച്ചുനോക്കിയാല്‍ അയാള്‍ക്ക് അയാളുടേതായ ന്യായങ്ങളുമുണ്ട്.
കത്തലടക്കുക എന്നാല്‍ മല്‍ബൂന്റെ നാട്ടിലെ പ്രാതലാണ്. വയറില്‍നിന്ന് എരിഞ്ഞുയരുന്ന അഗ്നിയെ പത്തിരിയും ഇറച്ചിയും കുത്തിനിറച്ച് അടക്കുകയാണ് കത്തലടക്കല്‍. അതിരാവിലെ വായ തുറന്നുപിടിച്ച് മുന്നോട്ട് ഊതിയാല്‍ കാണുന്ന പുക വയറു കത്തി ഉണ്ടാകുന്നതാണ്.
ഉസ്താദിനെ പോലുള്ളവരുടെ കത്തലടക്കല്‍ പുതിയ കാര്യമൊന്നുമല്ല. എല്ലാ ഗ്രാമങ്ങളിലും ഊഴംവെച്ച് ഓരോ വീടുകളില്‍ ഇങ്ങനെ കത്തലടക്കാന്‍ ചെല്ലുന്നവരുണ്ട്. നാടുകളില്‍നിന്ന് മാറി നിസ്സാര ശമ്പളത്തിനു മദ്രസാ ജോലിക്കെത്തുന്ന ഉസ്താദുമാര്‍ക്ക് ഇങ്ങനെ ഭക്ഷണം കിട്ടുന്നത് ആശ്വാസം തന്നെ.
പ്രാതലിനും ഉച്ചയൂണിനും അത്താഴത്തിനുമൊക്കെ വീടുകള്‍ മാറി മാറി കയറുന്നതിനോട് അതിന്റെ ഉപഭോക്താക്കളായ ഉസ്താദുമാരില്‍ രണ്ടഭിപ്രായമുണ്ട്. വീടുകളില്‍ പോയി ഭക്ഷിക്കാന്‍ തയാറില്ലാത്തവരെ തേടി ഭക്ഷണം അവര്‍ താമസിക്കുന്നിടങ്ങളില്‍ എത്തും.
കുറേ തട്ടുകളുള്ള വലിയ ചോറ്റുപാത്രം കണ്ടുപിടിച്ചതു തന്നെ ഇങ്ങനെ വീടുകളില്‍ പോകാന്‍ മടിയുള്ളവര്‍ക്കുവേണ്ടിയാണെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. ചോറും കറികളും ഉപ്പേരിയും പപ്പടവും ഏറ്റവും മുകളിലെ തട്ടില്‍ മീന്‍പൊരിച്ചതും വെച്ച് ഭദ്രമായടച്ച് തൂക്കിപ്പിടിച്ച് വിദ്യാര്‍ഥികള്‍ അധ്യാപകര്‍ അന്തിയുറങ്ങുന്ന പള്ളികളിലേക്കും മദ്രസകളിലേക്കും നീങ്ങുന്ന കാഴ്ച സാധാരണം. ഇങ്ങനെ കൊണ്ടുപോയ ചോറ്റുപാത്രത്തില്‍നിന്ന് മീന്‍ പൊരിച്ചത് അടിച്ചുമാറ്റിയതിന് മല്‍ബുവിനും കൂട്ടുകാര്‍ക്കും ഉസ്താദിന്റെ കൈയില്‍നിന്ന് അടി കിട്ടിയത് മറക്കാത്ത അനുഭവം.
മീന്‍ പോലെ തന്നെ ആ അടിക്കും നല്ല ചൂടുണ്ടായിരുന്നു.
ഉസ്താദ് വീട്ടില്‍ വന്ന് കത്തല്‍ മാത്രമല്ല, ഉച്ചയൂണും രാത്രി ഭക്ഷണവുമൊക്കെ കഴിക്കുന്നതിനോട് മല്‍ബുവിന് എതിരഭിപ്രായമില്ല.
പക്ഷേ, ചെലവിന് ആവശ്യമായത് എടുത്ത് ബാക്കി അവിടെ സൂക്ഷിക്കണം എന്നു പറഞ്ഞുകൊണ്ട് ഒരു ലക്ഷം രൂപ ഒപ്പിച്ച് നാട്ടില്‍ അയക്കുന്നവര്‍ ഉസ്താദിനെപ്പോലുള്ളവരെ കരുതണം എന്നാണ് മല്‍ബുവിന് പറയാനുള്ളത്.
ഒരു ദിവസം രാവിലെ നാട്ടില്‍നിന്ന് ബാപ്പ വിളിച്ച്
മല്‍ബുവിനോട് പറഞ്ഞു.
പതിനഞ്ചിനു പുറപ്പെടുന്ന ഉംറ ഗ്രൂപ്പില്‍ ഞാനും വരാമെന്നു വിചാരിക്കുന്നു.
എന്താ പെട്ടെന്നിങ്ങനെ ഒരു തീരുമാനം?
അത്, ഉസ്താദ് ഇന്നലെ കത്തലടക്കാന്‍ വന്നപ്പോ പറയാണ്, അമ്പതിനായിരം രൂപ കൈയിലുണ്ടെങ്കില്‍ മക്കയും മദീനയും കാണല്‍ നിര്‍ബന്ധായീന്ന്. അതായത്, ഉംറ നിര്‍ബന്ധായീന്ന്.
നീ അവസാനം അയച്ച കാശില്‍തന്നെ എഴുപതിനായിരം രൂപ ബാക്കിയുണ്ട്. പിന്നെ മറ്റൊന്നും ആലോചിച്ചില്ല. ബുക്ക് ചെയ്യാന്‍ പറഞ്ഞു.
എത്രയാ തുക?
അതിപ്പോ അധികോന്നും ഇല്ല. 15 ദിവസത്തിന് 60,000 രൂപ.
ആരുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പാണ്?
അതു വേറെയാരുമല്ല, നമ്മുടെ ഉസ്താദ് തന്നെ.
റേഷന്‍ ഷാപ്പില്‍ പോകുന്നതുപോലെയാണ് ഇപ്പോള്‍ നാട്ടില്‍നിന്ന് ആളുകള്‍ ഉംറക്കു പോകുന്നതെന്ന് തൊക്കിലങ്ങാടിക്കാരന്‍ ഖാദര്‍ പറഞ്ഞത് ഓര്‍ത്തുപോയി മല്‍ബു.
നാട്ടിലെ ഉസ്താദുമാര്‍ ഇതു പോലെ ഉംറ ടൂറു പോലുള്ള ബിസിനസുകളില്‍ ഏര്‍പ്പെടുന്നത് നല്ലതാണെന്ന അഭിപ്രായമുള്ളയാളാണ് ഖാദര്‍. കാരണം, പള്ളിക്കമ്മിറ്റിക്കാര്‍ നല്‍കുന്ന നിസ്സാര ശമ്പളത്തിന് സേവനമനുഷ്ഠിക്കുന്ന അവര്‍ ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാന്‍ മറ്റു വഴികള്‍ തേടുന്നതിനു പകരം ഇതാണത്രെ നല്ലത്.
ബാപ്പ വരുന്നതല്ലേ, ക്ഷമിച്ചുകള എന്നു റൂംമേറ്റുകള്‍ ആശ്വസിപ്പിക്കുമെങ്കിലും കടുംകൈ കാട്ടിയ ഉസ്താദിനെ കാത്തിരിക്കയാണ് മല്‍ബു.
ബാപ്പയേയും കൊണ്ടിങ്ങ് വരട്ടെ.
ഒന്നും ചെയ്യാനല്ല. അമ്പതിനായിരം കൈയില്‍ വന്നാല്‍ ഉംറ നിര്‍ബന്ധമായെന്ന ആ സിദ്ധാന്തത്തെ കുറിച്ചൊന്ന് അറിയാന്‍ മാത്രം.
May 26, 2014
മാങ്ങാക്കൊതി
നടക്കാനിറങ്ങിയ മല്‍ബു എതിര്‍ദിശയില്‍നിന്ന് വരുന്ന രൂപം കണ്ട് ആദ്യം ഒന്നു പകച്ചു.
തൊട്ടടുത്ത് എത്തിയപ്പോള്‍ മാത്രമാണ് കണ്ണ് മാത്രം പുറത്തു കാണുന്ന ജീവി മൊയ്തുവാണെന്ന് മനസ്സിലായത്.
ഫുള്‍ കൈ ബനിയനും തൊപ്പിയും മാസ്‌കും.
ഇതാണ് ശരിക്കും കൊറോണ വൈറസ്.
കളിയാക്കണ്ട -മാസ്‌ക് താഴ്ത്തി മൊയ്തു പറഞ്ഞു.
കളിയാക്കിയതല്ല, വൈറസ് പമ്പ കടക്കാന്‍ ഈ കോലം മാത്രം മതി.
പിന്നെ, പമ്പ കടന്നതു തന്നെ.
അതെന്താ?
അതിന് എയര്‍ ഇന്ത്യ സമയത്തിനു പോയിട്ടു വേണ്ടേ?
കൊറോണപ്പേടി അവിടെ നില്‍ക്കട്ടെ, ഞാന്‍ വായ്പ ചോദിച്ച കാര്യം എന്തായി?
മല്‍ബൂ, നിനക്കിങ്ങനെ കടം ചോദിച്ചു നടക്കുന്ന സമയം കൊണ്ട് ബാങ്കില്‍ പോയി അക്കൗണ്ട് ശരിയാക്കിക്കൂടെ?
ദാനത്തേക്കാള്‍ ഉദാത്തമാണ് വായ്പയെന്ന് പറഞ്ഞു നടക്കുന്നയാളാണ്. കടം ചോദിക്കുന്നവനാണ് യഥാര്‍ഥ മുട്ടുകാരന്‍. ദാനം കിട്ടുന്നവന്‍ ആവശ്യക്കാരനാകണമെന്നില്ല - നൂറുനാക്കോടെ ഇതൊക്കെ പറയുന്നയാള്‍ സ്വന്തം തടിക്ക് വന്നപ്പോള്‍ നേരെ ഉള്‍ട്ട.
ബാങ്കില്‍ പോകാഞ്ഞിട്ടല്ല. അക്കൗണ്ട് ശരിയാകണമെങ്കില്‍ ഇഖാമ അപ്‌ഡേറ്റ് ചെയ്യണം. അതിന് പേര് ഇംഗ്ലീഷിലും അറബിയിലും ഒരുപോലെയാക്കണം.
ഇഷ്ടമുണ്ടായിട്ടല്ല, വായ്പ ചോദിക്കാന്‍ നിര്‍ബന്ധിതനായതാണ്.
പണമയക്കാഞ്ഞിട്ട് മല്‍ബിയുടെ വിളിയോടു വിളി. പണത്തിനുള്ള കണക്ക് നിരത്തുന്നതിനിടയില്‍ ഇവിടെ കൊറോണയാണെന്നു പറഞ്ഞപ്പോള്‍ അവിടെ കേട്ടത് കരയണോന്ന്.
പിന്നെയും കൊറോണാന്നു പറഞ്ഞപ്പോള്‍ മക്രോണയില്‍ എന്തുണ്ടായീന്ന് മറുചോദ്യം.
മല്‍ബി കുറേക്കാലം താമസിച്ച ജിദ്ദയിലെ ഒരു സ്ഥലമാണ് മക്രോണ.
പണം ഉടന്‍ കിട്ടിയേ തീരൂ. രണ്ട് കല്യാണവും ഒരു പുരപ്പണിയും. എല്ലാം കുടുംബക്കാരുടേത്. അതിനു പുറമേയാണ് അല്‍ഫോന്‍സയുടെ കാര്യം.
പത്ത് കിലോ അല്‍ഫോന്‍സ കൊടുത്തയച്ചു എന്നാണ് കരുതിയത്.
മൊയ്തൂന്റെ മല്‍ബി കഴിഞ്ഞ ദിവസം അല്‍ഫോന്‍സ കൊടുത്തയച്ചതുകൊണ്ട് ഫ്‌ളാറ്റില്‍ ഉത്സവമായിരുന്നു. യൂറോപ്പിലേക്കിപ്പോള്‍ അല്‍ഫോന്‍സയുടെ കയറ്റുമതിയില്ല. അതുകൊണ്ടു തന്നെ വിമാനങ്ങളില്‍ മല്‍ബികളുടെ സ്‌നേഹം ചാലിച്ച മാമ്പഴമാണ് കയറി വരുന്നത്.
മാങ്ങയല്ല, തേങ്ങയാണെന്ന് മല്‍ബി തിരുത്തി. എന്താവശ്യം ഉണ്ടെങ്കിലും ചോദിക്കാന്‍ മടിക്കണ്ടാന്ന് നിങ്ങള്‍ എന്റെ മുമ്പീന്നല്ലേ അവരോട് പറഞ്ഞത്. ഇപ്പോള്‍ മൂത്ത മോളെ കോളേജില്‍ ചേര്‍ക്കുന്നതിന് പതിനായിരം രൂപ വായ്പ ചോദിച്ചാണ് അല്‍ഫോന്‍സ വന്നത്.
അല്‍ഫോന്‍സ ഇങ്ങനെ ചതിക്കുമെന്ന് കരുതിയതല്ല.
ഫേസ് ബുക്ക് കൂട്ടായ്മയിലാണ് വര്‍ഷങ്ങള്‍ക്കു ശേഷം അല്‍ഫോന്‍സയെ കണ്ടത്. കൂടെ ഹൈസ്‌കൂളില്‍ പഠിച്ചതാണ്. അവളുടെ ഭര്‍ത്താവ് ഇട്ടേച്ചു പോയീന്നും വാര്‍പ്പ് പണിക്ക് പോയാണ് കുടുംബം പുലര്‍ത്തുന്നതെന്നും പറഞ്ഞപ്പോള്‍ തട്ടിവിട്ടതായിരുന്നു.
എന്തെങ്കിലും അത്യാവശ്യം വന്നാല്‍ ചോദിക്കാന്‍ മടിക്കണ്ട എന്ന്. മല്‍ബിയെ വിസ്തരിച്ച് പരിചയപ്പെടുത്തുകയും ചെയ്തു. മല്‍ബിയെ ഒരു വര്‍ഷത്തേക്ക് നാട്ടില്‍ വിട്ടത് വലിയ പൊട്ടത്തരമായെന്ന ചിന്തയിലാണിപ്പോള്‍ മല്‍ബു. മാസച്ചെലവ് ഇവിടെയായാലും അവിടെയായാലും ഒരുപോലെ ആയിരിക്കുന്നു. രൂപയായി വലിയ തുക ട്രാന്‍സ്ഫര്‍ ചെയ്യാം. പക്ഷേ, എല്ലാം അപ്പപ്പോള്‍ തീരുന്നു. കല്യാണമായും ഹൗസ് വാമിംഗായും എല്ലാ മാസവും എക്‌സട്രാ ചെലവുണ്ട്.
ഗള്‍ഫുകാരന്റെ വീട്ടുകാരിയാണ്. മാമൂല്‍ നോക്കാതെ ചുമ്മാ അങ്ങനെ പോകാന്‍ കഴിയില്ലെന്നാണ് മല്‍ബിയുടെ തീരുമാനം. ഓരോ ചടങ്ങിനും ഉടുത്തൊരുങ്ങാന്‍ വെവ്വേറെ സാരിയൊന്നും വേണ്ട.
നാലാള് നിങ്ങളെ കുറ്റം പറയരുത്. അവിടെ ഓനെന്തെടുക്കാണെന്ന് ചോദിക്കാന്‍ ഇടവരരുത് -ഇതാണ് മല്‍ബിയുടെ നയപ്രഖ്യാപനം.
മോണിറ്ററി ഏജന്‍സിയുടെ പുതിയ ചട്ടം വന്നപ്പോള്‍ പേരിലെ കുഴപ്പം കാരണം അക്കൗണ്ട് ബ്ലോക്കായത് മല്‍ബുവിന് മാത്രമല്ല. ഒന്നും രണ്ടും മാസം ശമ്പളം മുടങ്ങിയവര്‍ ധാരാളം.
ബാങ്കില്‍ പോയപ്പോള്‍ ഒരാളെ കണ്ടു. അയാളുടെ ശമ്പളം മാത്രമല്ല, മകന്‍ ദുബായീന്ന് അയച്ച പതിനായിരം റിയാലും ബ്ലോക്കായി. അത് ഉഗ്രനായിട്ടുണ്ട്. ബ്ലോക്കായ അക്കൗണ്ടിലേക്ക് മകനെ കൊണ്ട് എന്തിന് പണം അയപ്പിച്ചു?
അതൊരു കഥയാണ്.
ജിദ്ദയില്‍ വന്നു തിരിച്ചുപോയ കൂട്ടുകാരാണ് പണത്തിനുള്ള അയാളുടെ പ്രതിസന്ധി മകനെ അറിയിച്ചത്. ഇഖാമയുടെ കുഴപ്പവും അക്കൗണ്ട് മുടങ്ങിയതുമൊക്കെ അയാള്‍ അവരോട് സൂചിപ്പിച്ചിരുന്നു. സര്‍പ്രൈസായിക്കോട്ടെ എന്നു കരുതി പണം അയച്ച ശേഷമാണ് മകന്‍ ബാപ്പയെ വിളിച്ചത്. പണത്തിന്റെ ആവശ്യത്തെക്കുറിച്ച് തന്നൊടൊരു വാക്കു പറയാതെ, കൂട്ടുകാരോട് പറഞ്ഞുവെന്ന പരിഭവവും പങ്കുവെച്ചു. മല്‍ബുവിന്റെ ഇഖാമയില്‍ ബാപ്പയാണ് പ്രശ്‌നം.
അറബിയില്‍ പേരിന്റെ കൂടെ ബാപ്പയുടെ പേരുണ്ട്. ഇംഗ്ലീഷിലില്ല. ഇംഗ്ലീഷില്‍ ബാപ്പയെ ചേര്‍ക്കുകയോ അറബിയില്‍നിന്ന് ഒഴിവാക്കുകയോ ചെയ്യാതെ നിര്‍വാഹമില്ല. അതുവരെ മല്‍ബുവിന് കടം ചോദിക്കാതിരിക്കാന്‍ വയ്യ.
Labels:
corona,
m.Ashraf,
malayalam news,
malbi,
malbu,
നര്‍മം,
മല്‍ബി,
മല്‍ബു,
ഹാസ്യം expatriates
Subscribe to:
Posts (Atom)
