Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

December 20, 2012

പൊടിക്കാറ്റും ബി.കോമും



അതിരാവിലെ മല്‍ബു കട തുറക്കുമ്പോള്‍ ദേ റോഡില്‍ ഒരാള്‍ തെക്കുവടക്കു നടക്കുന്നു. പരിചയമുള്ള കക്ഷിയാണ്. രണ്ടു മൂന്ന് ബില്‍ഡിംഗ് അപ്പുറത്ത് താമസിക്കുന്ന ഫുട്‌ബോള്‍ കളിക്കാരന്‍. എവിടെ കളിയുണ്ടോ അവിടെ ഇയാളെ കാണും. എന്നാലും ഇത്ര പുലര്‍ച്ചെ ഒരിക്കലും ഇങ്ങനെ പുറത്തിറങ്ങാറില്ല. വലിയ ജോലി കിട്ടാന്‍ പോകുന്നു എന്നൊക്കെ ആരോ പറഞ്ഞു കേട്ടിരുന്നു. പത്താം ക്ലാസും ഗുസ്തിയുമായാണ് നാട്ടില്‍നിന്ന് വന്നതെങ്കിലും സ്വന്തമായി പഠിച്ച് ബിരുദം നേടി. ഇപ്പോള്‍ ഇതാ അതിനനുസരിച്ചുള്ള ജോലിയിലേക്ക് മാറാന്‍ ഒരുങ്ങുന്നു.
ആര്‍ക്കെങ്കിലും പുതിയ ജോലിയോ ശമ്പളക്കയറ്റമോ ഉണ്ടായീന്നു കേട്ടാല്‍ മല്‍ബുവിന് ചെറിയൊരു അസ്വസ്ഥത തോന്നാറുണ്ട്. അസൂയ എന്നൊന്നും അതിനെ പറയാന്‍ പറ്റില്ല. എന്നാലും മനസ്സിലൊരു ചൊറിച്ചില്‍. പക്ഷേ അടുത്ത നിമിഷം മല്‍ബു തിരുത്തും.
എന്തു ജോലിയായിട്ടെന്താ. ബിസിനസിന് ഒക്കൂല. സ്വന്തം പരിപാടിയാകുമ്പോള്‍ ആരുടെ മുഖവും കാണേണ്ട. ഓഫീസ് ജോലിയൊക്കെ ആകുമ്പോള്‍ ആരുടെയൊക്കെ ആട്ടും തുപ്പും സഹിക്കണം. ചത്തു പണിയെടുത്താലും രണ്ടു നല്ല വാക്കു പോലുമുണ്ടാകില്ല.
കൈ ഉയര്‍ത്തി അഭിവാദ്യം ചെയ്ത ശേഷം അയാള്‍ തിരിഞ്ഞു നടക്കുകയാണ്. റോഡിന്റെ രണ്ട് സൈഡിലേക്ക് നീങ്ങിയും എന്തോ തിരയുന്നതുപോലെയുമാണ് നടത്തം.
ഇങ്ങനെയാണോ വ്യായാമം. ഒന്നൂടി ഉഷാറായി നടക്കണം. തടി അറിയട്ടെ.
കടയില്‍നിന്ന് മല്‍ബു വിളിച്ചു പറഞ്ഞപ്പോള്‍ അയാള്‍ അടുത്തേക്കു വന്നു.
ഇതെന്താ ഇങ്ങനെ അനങ്ങിയുള്ള നടത്തം. ഇതിനെക്കാളും നല്ലത് നിങ്ങള്‍ക്ക് ഹൈപ്പറില്‍ നടക്കാന്‍ പോകുന്നതാ. അവിടെയാകുമ്പോള്‍ എ.സിയുടെ തണുപ്പില്‍ ഇങ്ങനെ ഉലത്തിയാല്‍ മതിയല്ലോ? നടത്തത്തിനായി ഹൈപ്പറില്‍ പോകുന്ന എത്രയോ പേരുണ്ട്.
നടക്കുകയൊന്നുമല്ല, ഒരു കടലാസ് കളഞ്ഞു പോയി. അത് തെരയുകയായിരുന്നു. കുറേ നേരായി നോക്കുന്നു.
റോഡില്‍ കളഞ്ഞു പോയാതണെങ്കില്‍ ഇന്നലെ രാത്രി വീശിയടിച്ച പൊടിക്കാറ്റു കൊണ്ടുപോയിക്കാണും. നോക്കിക്കേ എന്തൊരു നീറ്റാണ് റോഡ്. പൊടിയും കച്ചറയും ഒന്നുമില്ല.
എന്തു കടലസാണ് പോയത്. അത്യാവശ്യമുള്ളതാണോ? -മല്‍ബു ചോദിച്ചു
അത്യാവശ്യമുള്ളതു തന്നെയാണ്. എന്റെ ബി.കോം സര്‍ട്ടിഫിക്കറ്റാരുന്നു.
അതെങ്ങനെ ബി.കോം സര്‍ട്ടിഫിക്കറ്റ് റോഡില്‍ പോയി. വേറെ എന്തേലും പോയോ?
ഇല്ല. സര്‍ട്ടിഫിക്കറ്റ് മാത്രാണ് കളഞ്ഞുപോയത്.
പുതിയ ജോലിക്ക് കയറുമ്പോള്‍ കൊടുക്കാനുള്ളതാണ്.
അതുകേട്ടപ്പോള്‍ മല്‍ബുവിന് വിഷമമായി.
ഇന്നലെ രാത്രി കൂടി ഇയാളുടെ ഭാഗ്യത്തെ കുറിച്ചും പുതിയ ജോലിയെ കുറിച്ചും ശമ്പളത്തെക്കുറിച്ചുമൊക്കെ പറയുന്നതു കേട്ടിരുന്നു. ഫാമിലി സ്റ്റാറ്റസ് മാത്രമല്ല. മക്കളെ പഠിപ്പിക്കാനായി വേറേം തുക കിട്ടുമെന്ന കാര്യം പോലും പാട്ടായിരുന്നു.
സര്‍ട്ടിഫിക്കറ്റൊക്കെ സൂക്ഷിച്ചു വെക്കേണ്ടേ. ഇനിയിപ്പോ തെരഞ്ഞിട്ടൊന്നും വലിയ കാര്യമില്ല. അമ്മാതിരി കാറ്റായിരുന്നു ഇന്നലെ. മനുഷ്യന്മാരെ പോലും ഈ കാറ്റു കൊണ്ടു പോകുമെന്നാ തോന്നിയത്. പുതിയ ജോലിക്ക് കയറുമ്പോള്‍ സര്‍ട്ടിഫിക്കറ്റ് വേണം അല്ലേ.
ജോലി ഉറപ്പായിട്ടൊന്നുമില്ല. നാളെയാണ് ഇന്റര്‍വ്യൂ. കിട്ടാന്‍ തന്നെയാണ് 90 ശതമാനം ചാന്‍സും. നാളെ പോകുമ്പോള്‍ കൊണ്ടു പോകാനുള്ള സര്‍ട്ടിഫിക്കറ്റാണ് കളഞ്ഞു പോയത്-അയാളുടെ മുഖത്ത് ഇത്തിരി വിഷാദഭാവം.
കാര്യമാക്കണ്ട. ഒരു സര്‍ട്ടിഫിക്കറ്റാണോ ഇപ്പോള്‍ വലിയ കാര്യം. ഇവിടെ മല്‍ബുകള്‍ ഒപ്പിച്ചു തരാത്ത എന്തെങ്കിലും സര്‍ട്ടിഫിക്കറ്റുണ്ടോ?
ഞാനൊരു നമ്പര്‍ തരാം. ഇപ്പോ തന്നെ വിളിച്ചു പറഞ്ഞാല്‍ വൈകുന്നേരം സര്‍ട്ടിഫിക്കറ്റ് കിട്ടും. കോപ്പിയുണ്ടല്ലോ കൈയില്‍. അതും കൊണ്ടു ചെന്നാ മതി.
ഇതാണ് വി.സിയുടെ നമ്പര്‍.
ഓ. ഇത് എന്റെ പക്കലുണ്ട്-അയാള്‍ പറഞ്ഞു.
ഏതു സര്‍ട്ടിഫിക്കറ്റിന്റെയും ഒറിജിനലിനെ വെല്ലുന്ന വ്യാജനെ നിര്‍മിച്ചു നല്‍കുന്ന ടിയാന്
മല്‍ബുകള്‍ അറിഞ്ഞിട്ട പേരാണ് വി.സി അഥവാ വൈസ് ചാന്‍സലര്‍. ഏത് കുഴഞ്ഞുമറിഞ്ഞ ഒപ്പും അതേപടി പകര്‍ത്താന്‍ കഴിയുന്നു എന്നത് വി.സിയുടെ സവിശേഷത.
വി.സിയെ വിളിക്കുകയല്ലേ എന്നു ചോദിച്ചിട്ടും  ഫുട്‌ബോള്‍ കളിക്കാരന്റെ മുഖം തെളിഞ്ഞില്ല. ഗോള്‍ മുഖത്തെത്തിയപ്പോള്‍ എതിരാളിയുടെ ചവിട്ടേറ്റതു പോലെ.
എന്താ ഇന്റര്‍വ്യൂവിന് പോകുമ്പോള്‍ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി കൊണ്ടുപോയാല്‍ മതിയോ-മല്‍ബു ചോദിച്ചു.
അതു പോരാ. ഒറിജിനല്‍ തന്നെ വേണം. പിന്നെ നിങ്ങള്‍ ആരോടും പറയരുത്. വി.സി. ഉണ്ടാക്കിയ സര്‍ട്ടിഫിക്കറ്റ് തന്നെയാ ഇപ്പോള്‍ കളഞ്ഞു പോയത്. ഞാനത് ടെറസിനു മുകളില്‍ വെയിലു കൊള്ളാന്‍ വെച്ചതായിരുന്നു. കുറച്ചു പഴക്കം തോന്നിക്കുന്നത് നല്ലതാണെന്ന് വി.സി തന്നെയാണ് പറഞ്ഞത്. മൂന്ന് ദിവസായി വെച്ചിട്ട്. ഇന്നലെ എടുക്കാമെന്നു വിചാരിച്ചു വന്നതാ. അപ്പോഴേക്കും ടെറസും പൂട്ടി ആ ഹാരിസ് എവിടെയോ സര്‍ക്കീട്ട് പോയിരുന്നു. രാത്രി ഇങ്ങനെ പൊടിക്കാറ്റ് വീശൂന്ന് ആരു കണ്ടു.
ഇതും പറഞ്ഞ് ഗോളടിക്കാനുള്ള അവസരം പാഴാക്കിയ കളിക്കാരനെ പോലെ അയാള്‍ തിരിഞ്ഞു നടന്നപ്പോള്‍ മല്‍ബു മനസ്സില്‍ പറഞ്ഞു.
സ്വന്തം പ്രയത്‌നം കൊണ്ടു നേടിയ ബി.കോം പൊടിക്കാറ്റു കൊണ്ടുപോയി. വി.സിക്കു വീണ്ടും പണിയായി.



December 7, 2012

കരയുന്ന റേഡിയോ



അത്തറിന്റെ മണമുള്ള വലിയ കവര്‍ മല്‍ബുവിനെ ഏല്‍പിക്കുമ്പോള്‍ അയാളൊന്നു വിതുമ്പി. നാവെടുക്കാതെ സംസാരിക്കാറുള്ള അയാള്‍ പൊടുന്നനെ നിശ്ശബ്ദനായതു പോലെ. പ്രായം കൊണ്ടല്ലെങ്കിലും രൂപം കൊണ്ട് അയാള്‍ ഇച്ചയായിരുന്നു. റസാഖിച്ച. രൂപം കൊണ്ട് ഒരാളുടെ പ്രായം അളക്കാന്‍ പറ്റാത്തതാണ് പ്രവാസം. റേഡിയോ എന്നാണ് അയാളെ പലരും വിളിച്ചിരുന്നത്. 
റസാഖിച്ചയോടൊപ്പം മൂന്ന് പ്രതികളും ഉണ്ടായിരുന്നു. അവര്‍ക്കിടയില്‍ മധ്യസ്ഥന്റെ റോളിലാണ് മല്‍ബു. പ്രതികളെന്നു പറയുമ്പോള്‍ മറ്റാരുമല്ല. മൂവരും ഇച്ചയുടെ അളിയന്മാര്‍. പുതിയാപ്പിള എന്നാണ് ഇച്ച അവരെ വിളിക്കുക. പെങ്ങന്മാരുടെ ഭര്‍ത്താക്കന്മാര്‍. മരിച്ചുപോയാലും അവര്‍ പുതിയാപ്പിളമാര്‍ അല്ലാതാകുന്നില്ല. പുതിയാപ്പിളയുടെ ഖബര്‍ പിന്നെയും അവശേഷിക്കും.
ഇന്നലെ കടയില്‍ തിരക്കൊഴിഞ്ഞ നേരത്താണ് ഇച്ച ഓടിക്കിതച്ചെത്തിയത്. ആളില്ലാത്ത നേരം നോക്കിയേ അല്ലെങ്കിലും അയാള്‍ വരാറുള്ളൂ. ദൂരെ മാറിനിന്ന് കസ്റ്റമേഴ്‌സൊക്കെ ഇറങ്ങിയെന്ന് ഉറപ്പുവരുത്തും. അതിനുശേഷം നിറഞ്ഞ ചിരിയുമായി കടയിലേക്ക് കയറും. ശല്യായില്ലല്ലോ എന്ന മുഖവുരയോടെയായിരിക്കും കുശലാന്വേഷണം. ശരിക്കും ഒരു റേഡിയോ പോലെ തന്നെ. അങ്ങോട്ട് ഒന്നും പറയേണ്ടതില്ല. എല്ലാം കേള്‍ക്കാനായി നിന്നുകൊടുക്കുന്നതു കൊണ്ട് മല്‍ബുവിനെ വലിയ ഇഷ്ടവുമാണ്. മനസ്സു തുറക്കാന്‍  നീയൊരാളേ ഉള്ളൂ എന്ന് പ്രശംസ ചൊരിയുകയും ചെയ്യും. 
ഇപ്പോള്‍ വര്‍ത്താനം കേള്‍ക്കാന്‍ ആരും അധികം നിന്നുകൊടുക്കാറില്ല. ആരെയെങ്കിലും കിട്ടിയാല്‍ സംസാരം ഇയാളൊട്ട് നിര്‍ത്തുകയുമില്ല. പേരും നാടും ജോലിയും ഇവിടെ താമസിക്കുന്ന സ്ഥലവും മക്കള്‍ പഠിക്കുന്ന സ്‌കൂളും ക്ലാസും അങ്ങനെ തുടങ്ങി എല്ലാം ഒറ്റ ശ്വാസത്തില്‍ പറഞ്ഞുതീര്‍ക്കും. എല്ലാ ദിവസവും എന്തെങ്കിലും വിശേഷങ്ങള്‍ പറയാനുമുണ്ടാകും.   
എന്തിനാ ഇങ്ങനെ ഒറ്റശ്വാസത്തില്‍ വേണ്ടതും വേണ്ടാത്തതുമൊക്കെ പറഞ്ഞു തീര്‍ക്കുന്നത് എന്നു ചോദിച്ചാല്‍ അയാളുടെ പക്കല്‍ മറുപടി റെഡിയാണ്. 
രണ്ടു പേര്‍ക്കും സമയമില്ല. അപ്പോള്‍ പിന്നെ നിങ്ങള്‍ ചോദിക്കാനിടയുള്ള കാര്യങ്ങള്‍ക്കുകൂടി ഞാന്‍ ആദ്യമേ തന്നെ ഉത്തരം പറഞ്ഞാല്‍ രണ്ടു പേര്‍ക്കും സമയം ലാഭം. നാടു പറഞ്ഞാല്‍ നിങ്ങള്‍ കുടുംബത്തെ കുറിച്ച് ചോദിക്കും. പിന്നെ കുട്ടികള്‍ ഏതു ക്ലാസിലാണ് പഠിക്കുന്നതെന്നു ചോദിക്കും. 
ഈ ന്യായം മല്‍ബുവിന് ഒത്തിരി ഇഷ്ടായി. അങ്ങനെയാണ് ഇരുവരും തമ്മില്‍ അടുപ്പം കൂടിയത്. തനിക്ക് മനസ്സു തുറക്കാനൊരാള്‍ ഉണ്ടെന്ന് അയാളും വെറുതെ തലയാട്ടി കൊടുത്താല്‍ തനിക്കെന്തു നഷ്ടമെന്ന് മല്‍ബുവും വെച്ചു.
പുതിയൊരു കാര്യമുണ്ട്. നിങ്ങള്‍ കേട്ടാ മാത്രം പോരാ. ഇടപെടണം. ഒന്നു മധ്യസ്ഥം പറയണം. 
കുശലാന്വേഷണം ചുരുക്കി ഇക്കുറി അയാള്‍ നേരെ വിഷയത്തിലേക്ക് കടന്നു. 
പുതിയാപ്പിളമാരെ കൊണ്ടു ഞാന്‍ തോറ്റു.
പിന്നേം തോറ്റോ -മല്‍ബു ചോദിച്ചു
അവരെ കൊണ്ട് തോറ്റ കഥകള്‍ ഇതാദ്യമല്ല. മൂന്ന് പെങ്ങന്മാരുടെ ഭര്‍ത്താക്കന്മാരെയും ഗള്‍ഫിലെത്തിച്ച് അവര്‍ക്ക് നല്ല ജോലിയും ശരിയാക്കിക്കൊടുത്തയാളാണ്. പുതിയാപ്പിളക്ക് നൊന്താല്‍ പെങ്ങളറിയുമെന്ന് നന്നായി അറിയുന്നതിനാല്‍ അവരെ പളുങ്ക് പോലെ കൊണ്ടു നടക്കുന്നയാള്‍. നാട്ടിലായിരുന്നപ്പോള്‍ ബസില്‍ പുതിയാപ്പിളക്ക് സീറ്റ് ഒഴിഞ്ഞു കൊടുത്തില്ലാന്നു പറഞ്ഞ് ഒരിക്കല്‍ അനുഭവിച്ചിട്ടുണ്ട്. പിന്നെയും നിസ്സാര സംഭവങ്ങള്‍ക്ക് പലപല തോല്‍വികള്‍. 
ഇപ്പോള്‍ എന്തു സംഭവിച്ചു?   
പുതിയാപ്പിളമാരുടെ ശമ്പളം കൊണ്ടാണ് ഞാന്‍ നാട്ടില്‍ സ്ഥലം വാങ്ങുന്നതെന്ന് ഒരു മുറുമുറുപ്പ്. നേരിട്ട് പറഞ്ഞിട്ടില്ലെങ്കിലും അതു പുലിവാലായി മാറുന്നതിനുമുമ്പ് പരിഹരിക്കണം. 
അല്ലെങ്കിലും നിങ്ങള്‍ എന്തിനാ അവരുടെ ശമ്പളം സൂക്ഷിക്കുന്നത്. അവരോട് ബാങ്കിലേക്ക് അയക്കാന്‍ പറയണം. 
ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ അവരോട് എത്രയായി പറയുന്നു. മടിയന്മാര്‍ക്ക് ഞാന്‍ തന്നെ അക്കൗണ്ടും തുടങ്ങിക്കൊടുക്കണം. 
ശമ്പളം കിട്ടിയാല്‍ എന്നെ ഏല്‍പിക്കുന്നു. അവര്‍ ചോദിക്കുമ്പോള്‍ കൊടുക്കുന്നു. നാട്ടില്‍ അയക്കാന്‍ പറയുമ്പോള്‍ അയക്കുന്നു. ഇതുവരെ ഒരു വീഴ്ചയും വരുത്തിയിട്ടില്ല.
ഇതെന്താ ഇപ്പോ പിന്നെ ഈ സംശയം.
അത് നാട്ടില്‍ ഞാന്‍ സ്വത്ത് കച്ചോടം ചെയ്യുന്നത് ഇവരുടെ കൂടി പണം കൊണ്ടാണെന്ന് അവര്‍ക്കൊരു തോന്നല്‍. അതൊന്നു തീര്‍ത്തു കൊടുക്കണം. നാളെ രാത്രി മൂന്ന് പേരെയും വിളിച്ചിട്ടുണ്ട്. തട്ടാണ്ട് മുട്ടാണ്ട് ഒഴിവാക്കാന്‍ നിങ്ങള്‍ വരണം. 
അങ്ങനെയാണ് മല്‍ബു മധ്യസ്ഥന്റെ റോളിലായത്.
നിങ്ങളുടെ കാശ് കൊണ്ടാണ് അളിയന്‍ നാട്ടില്‍ സ്വത്ത് കച്ചോടം നടത്തുന്നതെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? 
നാട്ടുകാര്‍ അങ്ങനെ പറയുന്നുണ്ടെന്ന് മൂവരും ഒരുമിച്ച് മറുപടി നല്‍കി. 
ബാങ്ക് അക്കൗണ്ട് തുടങ്ങി നാട്ടിലേക്ക് നേരിട്ട് പണം അയച്ചു കൂടേ എന്ന ചോദ്യത്തിന് അതുപിന്നെ അളിയനെ വിശ്വാസമില്ലാത്ത പ്രശ്‌നമില്ല എന്നൊക്കെ മൂന്ന് പേരും ചേര്‍ന്ന് വിശദീകരിക്കുമ്പോഴേക്കും ഇച്ച അകത്തുപോയി ആ കവര്‍ കൊണ്ടുവന്നിരുന്നു. 
ഓരോ മാസവും ഇവര്‍ ഏല്‍പിക്കുന്ന ശമ്പളം കൃത്യമായി ഇതില്‍ എഴുതി വെക്കാറുണ്ട്. ഇവര്‍ തിരികെ വാങ്ങിയ കാശും കഴിച്ച് ബാക്കി മുഴുവന്‍ തുകയും ഇതിലുണ്ട്. 
ശരിയാണ്. കണക്കും പണവും  കിറുകൃത്യം. ഇവരുടെ സൂക്ഷിപ്പില്‍ ഇച്ച ഒരിക്കല്‍പോലും തിരിമറി നടത്തിയിട്ടില്ല.
വേര്‍തിരിച്ച തുകകള്‍ ഏറ്റുവാങ്ങാതിരിക്കാന്‍ ഓരോ പുതിയാപ്പിളയും ശ്രമിച്ചെങ്കിലും മധ്യസ്ഥനായ മല്‍ബു ഉറച്ച നിലപാടിലായിരുന്നു. അവര്‍ ദയ അര്‍ഹിക്കുന്നില്ല. 


November 26, 2012

അമ്മായി വേഷം



ഉച്ചമയക്കത്തിലായിരുന്നു മല്‍ബു. അതുവരെയുള്ള വിറ്റുവരവിന്റെ നോട്ടുകള്‍ എണ്ണി സഞ്ചിയിലാക്കി ഭദ്രമാക്കിവെച്ച ശേഷമുള്ള മയക്കം. രണ്ടു മൂന്ന് മണിക്കൂറുകള്‍ നീളുന്ന ഈ വിശ്രമവും ചിലപ്പോള്‍ ഗാഢനിദ്രയും പതിവുള്ളതാണ്. പൊതുവെ ആളുകള്‍ കുറയുന്ന ഉച്ചനേരത്ത് കടയില്‍ കൂടുതല്‍ പണം സൂക്ഷിക്കുന്നത് ഒട്ടും സേഫല്ല. നട്ടുച്ചക്കാണ് ഒരിക്കല്‍ മൂന്ന് കള്ളന്മാര്‍ കയറി പണവും ടെലിഫോണ്‍ കാര്‍ഡുകളുമൊക്കെ അടിച്ചോണ്ടുപോയത്. അതുകൊണ്ടു ഉച്ചഭക്ഷണത്തിനു ഫ്‌ളാറ്റിലേക്ക് പോരുമ്പോള്‍ അതുവരെയുള്ള കച്ചവടത്തിന്റെ പണവും കൊണ്ടുവരും. 
മയക്കത്തിലേക്ക് വീഴുന്നതേ ഉണ്ടായിരുന്നുള്ളൂ. 
അപ്പോഴാണ് മൊബൈല്‍ ഫോണ്‍ നാണയത്തുട്ടുകള്‍ നിലത്തുവിഴുന്ന ശബ്ദമുണ്ടാക്കിയത്. കച്ചവടക്കാരനു ചേരുന്ന റിംഗ് ടോണെന്ന് പലരും പുകഴ്ത്തിയിട്ടുണ്ട് ഈ മണിക്കിലുക്കത്തെ.
പരിചയമില്ലാത്ത നമ്പര്‍ ആയതിനാല്‍ എടുക്കാന്‍ മടിച്ചു.  പക്ഷെ, വീണ്ടും നാണയം വീണു കിലുങ്ങി. 
എന്തിനാ എടുക്കാതിരിക്കുന്നത്, ചിലപ്പോള്‍ അയാളായിരിക്കും. എടുത്തുനോക്കൂ- മല്‍ബി പറഞ്ഞു.
അയ്യായിരം അടിച്ചോണ്ടു പോയ ഹാരിസിന്റെ വിളിയാണ് മല്‍ബി പ്രതീക്ഷിക്കുന്നത്. മക്കളോട് അടുപ്പം കാണിച്ചും ഫ്രഷ് മീന്‍ എത്തിച്ചും സ്‌നേഹം നടിച്ച് അയ്യായിരം റിയാല്‍ കടമായി വാങ്ങി മുങ്ങിയ ഹാരിസ് പണവുമായി മടങ്ങിയെത്തുമെന്ന് കരുതുന്ന പോഴത്തക്കാരി, പാവം.
മനസ്സില്ലാമനസ്സോടെ മൊബൈല്‍ എടുത്തപ്പോള്‍ അങ്ങേത്തലക്കല്‍ പരിചയമുള്ള അറബി. അയാള്‍ കൈമാറിയതാകട്ടെ ഒരു രഹസ്യ വിവരം.
കടയില്‍ ഒരു സയ്യിദത്തി കയറിയിട്ട് കുറച്ചുനേരമായി. ഷട്ടര്‍ പാതി താഴ്ത്തിയിട്ടുമുണ്ട്. 
ഇതായിരുന്നു ഞെട്ടിക്കുന്ന ആ വിവരം. 
കടയില്‍ പണിക്കാരന്‍ തനിച്ചേയുള്ളൂ. കഴിഞ്ഞയാഴ്ച അവനുണ്ടാക്കിയ ഒരു പുകില്‍ തീര്‍ന്നിട്ടില്ല. ഇപ്പോഴിതാ വീണ്ടുമൊന്ന്. പടച്ചോനെ എന്നു വിളിച്ചുപോയി മല്‍ബു.
കടയില്‍ ച്യൂയിംഗം വാങ്ങാനെത്തിയ ചെറിയ പെണ്‍കുട്ടിയോട് പണിക്കാരന്‍ മനസ്സറിഞ്ഞു ചിരിച്ചതാണ് കഴിഞ്ഞാഴ്ച പൊല്ലാപ്പായത്. കുട്ടിയുടെ പിതാവും മാതാവും ചാടിക്കിതച്ചെത്തി ടിയാന്റെ ദേഹത്ത് കൈവെച്ചില്ലെന്നേയുള്ളൂ. ബാക്കിയൊക്കെ പറഞ്ഞ് കലി തീര്‍ത്തു. കുട്ടികള്‍ വരുന്ന കടയില്‍ ഇവനെയൊന്നും വെച്ചോണ്ടിരിക്കാന്‍ പാടില്ലെന്ന് മല്‍ബുവിനു താക്കിതും കിട്ടി.  
പകച്ചുനില്‍ക്കേണ്ട സമയമല്ല. അത്യാവശ്യമായി കടയില്‍ പോകണമെന്നു മാത്രം മല്‍ബിയോട് പറഞ്ഞ് ചാടി ഇറങ്ങി. വിശ്രമിക്കാന്‍ പോയ രണ്ടാമത്തെ പണിക്കാരനോട് ഉടന്‍ കടയില്‍ എത്താന്‍ വിളിച്ചു പറഞ്ഞു.
ഇരുവരും എത്തിയപ്പോള്‍ സംഗതി ശരിയായിരുന്നു. ഉച്ചനേരത്ത് കടയുടെ ഷട്ടര്‍ അല്‍പം താഴ്ത്താറുണ്ടെങ്കിലും ഇത് അതിലേറെ താഴ്ത്തിയിരിക്കുന്നു. രഹസ്യവിവരം നല്‍കിയ അറബിയും കുറച്ചകലെ നിര്‍ത്തിയിട്ടിരുന്ന കാറില്‍നിന്ന് ഇറങ്ങിവന്നു.
അകത്തു തന്നെയുണ്ട്. ഇറങ്ങിയിട്ടില്ല -അയാള്‍ പറഞ്ഞു.
പോലീസില്‍ അറിയിക്കട്ടെ -അയാള്‍ വീണ്ടും ചോദിച്ചു. 
വേണ്ട, ആരാണ്, എന്താണ് എന്നൊക്കെ നോക്കി വേണ്ടതുപോലെ ചെയ്യാം. 
അകത്ത് ക്യാമറയുണ്ടോ എന്നായി അറബിയുടെ അടുത്ത ചോദ്യം.
ക്യാമറയുണ്ടെങ്കിലും അതിന് കണക്ഷനൊന്നും കൊടുത്തിരുന്നില്ല. വെറുതെ ആളുകളെ പേടിപ്പിക്കാനായി കടയുടെ നാലു ഭാഗത്തും ക്യാമറ പിടിപ്പിച്ചിട്ടുണ്ട്. ക്യാമറ ഉണ്ടെന്നു തോന്നിയാല്‍ ഏതു പഠിച്ച കള്ളനും അല്‍പം മടിക്കും എന്നാണ് അതിന്റെ മനശ്ശാസ്ത്രം. കടയില്‍ നടക്കുമായിരുന്ന പല തട്ടിപ്പുകളും ക്യാമറ ചൂണ്ടിക്കാട്ടിയാണ് പൊളിക്കാറുള്ളത്. നൂറു റിയാല്‍ തന്നു എന്നു പറഞ്ഞ് വാശി പിടിച്ച ഒരാള്‍ ക്യാമറയിലെ വീഡിയോ നോക്കാമെന്നു പറഞ്ഞപ്പോള്‍ പണം വലിച്ചെറിഞ്ഞു പോയതാണ് അവസാനത്തെ സംഭവം. 
ക്യാമറ വര്‍ക്ക് ചെയ്യുന്നതാണെന്നു പറഞ്ഞാല്‍ അറബി വീഡിയോ കാണിക്കാന്‍ ആവശ്യപ്പെടും. ആ പൊല്ലാപ്പ് വേണ്ടാന്നു കരുതി സത്യം തന്നെ പറഞ്ഞു.
ക്യാമറയുണ്ട്. പക്ഷേ ഇന്ന് ഓണ്‍ ചെയ്തിട്ടില്ല.
ഷട്ടര്‍ നീക്കാമെന്നും സയ്യിദത്തി ഇറങ്ങി ഓടാന്‍ ശ്രമിച്ചാല്‍ മൂന്ന് പേരും ചേര്‍ന്ന് പിടിക്കണമെന്നും ശട്ടം കെട്ടി. 
ഷട്ടര്‍ ഉയര്‍ത്തി ഗ്ലാസ് തള്ളിത്തുറന്നതും കറുത്ത പര്‍ദയണിഞ്ഞ നീണ്ടുമെലിഞ്ഞ സ്ത്രീ  പുറത്തേക്ക്. രണ്ട് മല്‍ബുകള്‍ക്കും ചേര്‍ന്ന് പിടിച്ചു നിര്‍ത്താമായിരുന്നിട്ടും അവള്‍ ഡോറിനു പുറത്തെത്തി. പിടിക്കാമായിരുന്നിട്ടും പിടിക്കാതിരുന്ന മല്‍ബുകളെ കഴുതകളെന്നു വിളിച്ചു കൊണ്ട് അറബി ഒറ്റച്ചാട്ടത്തിനു അവളുടെ പര്‍ദയില്‍ പിടികൂടി. പക്ഷേ, പര്‍ദ ഉപേക്ഷിച്ച് കുതറിയ അവളുടെ മുടിയിലായി പിടിത്തം. അവിടേം നിന്നില്ല റിബണ്‍ അറബിയുടെ കൈയിലേക്ക് നല്‍കിക്കൊണ്ട്  ടീഷര്‍ട്ടും ജീന്‍സും ധരിച്ച അവള്‍ വേഗത്തിലോടി കുറച്ചുദൂരെ സ്റ്റാര്‍ട്ടാക്കി നിര്‍ത്തിയിരുന്ന കാറില്‍ കയറി രക്ഷപ്പെട്ടു.  
മൂന്ന് പേരും കടയ്ക്കകത്തു കയറിയപ്പോള്‍ പണിക്കാരന്‍ സ്വന്തം പാന്റ്‌സിന്റേയും ഷര്‍ട്ടിന്റേയും പോക്കറ്റ് തപ്പുകയായിരുന്നു. 
അയ്യോ എന്റെ ഇഖാമ അവന്‍ കൊണ്ടുപോയി.
ഏതവന്‍?
ഇപ്പോള്‍ ഇറങ്ങി ഓടിയില്ലേ. അവന്‍ തന്നെ. 
അവനോ? അത് അപ്പം ചുട്ടുവന്ന നിന്റെ അമ്മായിയല്ലേ? അറബിയുടെ കൈയിലിരിക്കുന്ന പര്‍ദ ചൂണ്ടി മല്‍ബു പറഞ്ഞു.
അല്ല, നീളമുള്ള മുടിയില്‍ റിബണ്‍ കെട്ടിയ അവനെ കണ്ടാല്‍ പെണ്ണെന്നേ തോന്നൂ- പണിക്കാരന്‍ വിങ്ങി വിങ്ങിപ്പറഞ്ഞു.
ആണാണെന്ന് തിരിയുമ്പോഴേക്കും അവന്‍ എന്റെ ഇഖാമയും പഴ്‌സും ഇസ്‌കിയിരുന്നു. നാട്ടില്‍ വിടാനുള്ള 800 റിയാലും അതിലായിരുന്നു.  
അറബിയുടെ പൊട്ടിച്ചിരിയില്‍  നീളമുള്ള ആ പര്‍ദയും പങ്കുചേര്‍ന്നു.  

Related Posts Plugin for WordPress, Blogger...