Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

September 30, 2008

വാട്ട്‌ എ താളിപ്പ്‌ വിത്തൗട്ട്‌ കഞ്ഞി


എം.അഷ്‌റഫ്‌
ഇംഗ്ലീഷ്‌ കേട്ട്‌ ഞെട്ടേണ്ട. താളിപ്പുണ്ടാക്കാന്‍ ഇത്രയൊക്കെ ഭാഷാ പരിജ്ഞാനം മതി. മാത്രമല്ല, മല്‍ബൂ വിഭവമായ താളിപ്പിന്‌ ഇനിയും മതിയായ പദം മറ്റു ഭാഷകളില്‍ കണ്ടെത്തിയിട്ടുമില്ല. താളിപ്പിനു പകരം താളിപ്പു മാത്രം. അതിന്റെ രുചിയും മഹിമയും ആസ്വദിച്ചുതന്നെ അറിയണം. പാപമോചനത്തിന്റേയും പുണ്യങ്ങളുടേയും പൂക്കാലമെന്ന പോലെ റമദാന്‍ താളിപ്പിന്റെ കൂടി കാലമാണ്‌. ഒരു വര്‍ഷത്തോളം പൊറോട്ടയും അതുപോലുള്ള കടുകടുപ്പന്‍ ഭക്ഷ്യവിഭവങ്ങളും അടിച്ചുമാറി ആകെ വീര്‍ത്തിരിക്കുന്ന വയറിനകത്തെ ആമാശയത്തിനുള്ള പാപമോചന സിദ്ധൗഷധമാണ്‌ താളിപ്പ്‌. വിശപ്പിന്റെ കാഠിന്യമറിയാനും വിശന്നിരുന്നു കൊണ്ട്‌ പ്രപഞ്ചത്തെ കുറിച്ചും മറ്റുള്ളവരെ കുറിച്ചും ചിന്തിക്കാനാണ്‌ വ്രതകാലം അവസരമൊരുക്കുന്നത്‌. അപ്പോള്‍ സുബ്‌ഹിക്കു മുമ്പ്‌ കഴിക്കുന്ന അത്താഴം ചിക്കനും മട്ടനും മീന്‍ വറുത്തതുമൊക്കെ ചേര്‍ന്നുള്ളതാകമ്പോള്‍ എങ്ങനെ വിശപ്പറിയും? എങ്ങനെ ചിന്താശേഷി വളരും? പട്ടിണിയുടെ കാഠിന്യത്തിലൂടെ വിശപ്പിന്റെ വിലയറിയുവാനും ചിന്തയിലുടെ സ്രഷ്‌ടാവിനെ അറിയാനും അനുസരിക്കാനും പ്രേരണയാകുന്നില്ലെങ്കില്‍ നോമ്പ്‌ കൊണ്ടെന്തു കാര്യം? അവിടെയാണ്‌ തെക്കും വടക്കുമുള്ള കേമന്മാര്‍ എന്തൊക്കെ കുറ്റം പറഞ്ഞാലും താളിപ്പിന്റെ മഹിമ. ശുദ്ധമായ ഈ താളിപ്പും കൂട്ടി ചോറ്‌ തിന്നാല്‍ വയറിന്‌ എന്തൊരാശ്വാസമാണെന്ന്‌ അനുഭവസ്ഥര്‍ പറഞ്ഞുതരും. നോമ്പ്‌ തുറയും പിന്നെ മുത്താഴവും അത്താഴുമൊക്കെ കടുകട്ടി മസാല ചേര്‍ത്തുള്ള കറികളോടെയാകുമ്പോള്‍ നെഞ്ചിലുണ്ടാകുന്ന എരിച്ചില്‍ മാറ്റാന്‍ അല്‍മറായി പാലിനെ ആശ്രയിക്കുന്നവരൊക്കെ ഇപ്പോള്‍ താളിപ്പില്‍ അഭയം തേടിയിരിക്കയാണെന്ന്‌ രഹസ്യമായി സമ്മതിച്ചു തരും.
മറ്റു മാസങ്ങളില്‍ ദിവസം ഒരു നേരമെങ്കിലും പൊറോട്ട വേണമെന്ന്‌ ശഠിക്കാറുള്ള മലപ്പുറം ജില്ലാക്കാര്‍ക്ക്‌ നോമ്പ്‌ കാലത്ത്‌ താളിപ്പ്‌ നിര്‍ബന്ധമാണ്‌. അതിഷ്‌ടമല്ലാത്ത മറ്റു ജില്ലക്കാര്‍ താമസസ്ഥലമോ മെസ്സോ മാറിപ്പോകുകയല്ലാതെ നിര്‍വാഹമില്ല. പൊറോട്ട ഇങ്ങനെ അടിച്ചുകയറ്റി വയറു കേടാക്കരുതെന്ന്‌ ഭിഷഗ്വരന്മാര്‍ സാധാരണ ഉപദേശിക്കാറുണ്ടെങ്കിലും അതൊക്കെ തൃണവല്‍ഗണിക്കാന്‍ മലപ്പുറത്തുകാര്‍ക്ക്‌ പ്രേരണയാകുന്നതു താളിപ്പെന്ന സിദ്ധൗഷധമാണെന്ന്‌ തിരിച്ചറിയാത്തവ മുഢന്മാരാണ്‌ താളിപ്പിനെ പഴിക്കുന്ന മറ്റു ജില്ലക്കാര്‍.
ഖദര്‍ പോലെ പരിശുദ്ധമാണ്‌ താളിപ്പ്‌. ഇവിടെ ഖദറിനെന്തു കാര്യമെന്ന്‌ ചോദിക്കാന്‍ വരട്ടെ. രണ്ടും തമ്മില്‍ പ്രത്യക്ഷബന്ധമൊന്നുമില്ലെങ്കിലും രണ്ടുമായും അഭേദ്യ ബന്ധമുള്ള മൂന്നമതൊരു സംഭവമുണ്ട്‌. അതാണ്‌ കഞ്ഞി. ഓഫീസിലെ സൗകര്യങ്ങല്‍ വ്യക്തിപരമായി ഉപോയിക്കുന്നതിന്‌ കഫീല്‍ വിരട്ടിയ നമ്മുടെ മല്‍ബൂന്‌ കഞ്ഞി ഇന്നുമൊരു പേടി സ്വപ്‌നമാണ്‌. അതൊരു കഥയാണ്‌. നാട്ടില്‍ പോയ മല്‍ബുന്‌ ഒരു പൂതി തോന്നിയത്രെ. ചുട്ടെടുത്ത ഉണക്കമീന്‍ കൂട്ടിയൊന്നു കഞ്ഞി കുടിക്കണം. അങ്ങനെ കഞ്ഞി കുടിച്ചുകൊണ്ടിരിക്കുമ്പോഴാണത്രെ മക്കള്‍ സ്‌കൂള്‍ വിട്ട്‌ എത്തിയത്‌. കഞ്ഞിയും ഉണക്കമീനും കണ്ട അവര്‍ നമ്മളെ ബാപ്പ മിസ്‌കീനായേ എന്ന്‌ പറഞ്ഞുകൊണ്ട്‌ പൊട്ടിക്കരഞ്ഞുവെന്നാണ്‌ കഥ. കഞ്ഞി പാവങ്ങള്‍ക്കായി പടച്ചതാണെന്ന്‌ കരുതുന്ന ഗള്‍ഫ്‌ പൊലിമയുള്ള കുടുംബങ്ങള്‍ക്കുള്ള അനുഭവ സാക്ഷ്യമാണിത്‌. അങ്ങനെയുള്ള കഞ്ഞി താളിപ്പിനും ഖദറിനും ഒരുപോലെ നിര്‍ബന്ധമാണ്‌. കഞ്ഞി മുക്കാത്ത ഖദര്‍ കഞ്ഞികൂട്ടാത്ത താളിപ്പ്‌ പോലെയാണ്‌. കഞ്ഞി മുക്കി ഇസ്‌തിരിയിടാത്ത ഖദര്‍ ധരിച്ചാല്‍ മുരളിയോടൊപ്പം പോയ കോണ്‍ഗ്രസുകാരനെ പോലിരിക്കും. കഞ്ഞിക്കു പകരം താളിപ്പിനു വെള്ളം ഉപയോഗിച്ചാല്‍ പിന്നെ മെസ്സിലെ പാചകക്കാരന്‍ വിവരമറിയും. മലയാളികള്‍ക്ക്‌ മെസ്സുണ്ടാക്കുന്നത്‌ ഇടതടവില്ലാതെ വാഹനങ്ങള്‍ ചീറിപ്പായുന്ന മദീനാ റോഡ്‌ മുറിച്ചുകടക്കുന്നതിനു തുല്യമാണെന്ന്‌ ജിദ്ദയില്‍ പലമറികളില്‍ ഭക്ഷണം പാകം ചെയ്‌ത്‌ അന്നത്തിനു വക കണ്ടെത്തുന്ന പാചകക്കാര്‍ പറയാറുണ്ട്‌. ഉംറക്കാര്‍ കുറഞ്ഞതിനാല്‍ ഇപ്പോള്‍ കുക്കുകള്‍ക്ക്‌ ഇത്തിരി നിലയും വിലയുമൊക്കെയുണ്ടെന്നും കേള്‍ക്കുന്നു.
ആണവ കരാറിലെത്തുന്ന ഉദാരീകരണവും ആഗോളീകരണവും മാത്രമല്ല, പ്രഷര്‍ കുക്കറുകളുടെ പ്രചാരവും കൂടിയായപ്പോള്‍ ഖദര്‍ ധരിക്കുന്ന കോണ്‍ഗ്രസുകാരുടെ വീടുകളില്‍ പോലും ഇപ്പോള്‍ കഞ്ഞിയില്ല. വസ്‌ത്രം വടി പോലെ നില്‍ക്കണമെന്നും അതിന്റെ പോക്കറ്റില്‍ നീളമുള്ള പഴ്‌സ്‌ വെക്കണമെന്നും നിര്‍ബന്ധമുള്ള കോണ്‍ഗ്രസുകാരേയും ഖദര്‍ ഫാഷനായി കൊണ്ടുനടക്കുന്ന പുതുതലമുറയേയും ഒരു പോലെ തൃപ്‌തിപ്പെടുത്താന്‍ ഖാദി ബോര്‍ഡ്‌ തന്നെ കഞ്ഞി ഇപ്പോള്‍ വിപണിയിലിറക്കുന്നുണ്ട്‌. അതുപോലെ നോമ്പ്‌ കാലത്ത്‌ താളിപ്പിന്റെ രുചി നിലനിറുത്താനും അതുമൂലമുള്ള കശപിശ ഒഴിവാക്കാനും ഏതെങ്കിലും പ്രവാസി സംഘടനക്ക്‌ കഞ്ഞി വിപണിയിലിറക്കാവുന്നതാണ്‌. നിക്ഷേപിക്കാന്‍ വഴികാണാതെ ശബരീനാഥിനെ പോലുള്ളവരുട പിന്നാലെ പോകുന്ന പ്രവാസികള്‍ക്ക്‌ അതൊരു അനുഗ്രഹമാവുകയും ചെയ്യും.

September 27, 2008

ഹമീദും ജബ്ബാറും സെക്‌സും



പിറന്ന സമുദായത്തെ ആറാം നൂറ്റാണ്ടില്‍നിന്ന്‌ 21-ാം നൂറ്റാണ്ടിലെത്തിക്കാന്‍ കഠിനാധ്വാനം ചെയ്യുന്ന രണ്ട്‌ മഹാമനീഷികളാണ്‌ ഹമീദ്‌ ചേന്നമംഗലൂരും ഇ.എ. ജബ്ബാറും. പ്രസംഗവേദികളില്‍നിന്നും പുസ്‌തകങ്ങളില്‍നിന്നും ഇവരുടെ സമുദായ പരിഷ്‌കരണ കഠിനാധ്വാനങ്ങള്‍ ഇപ്പോള്‍ ബ്ലോഗുകളിലും ലഭ്യമാണ്‌. മഹാന്മാരായ ഈ പരിഷ്‌കര്‍ത്താക്കളെ സമുദായത്തിലുള്ളവര്‍ എന്തുകൊണ്ട്‌ പുറംകാലു കൊണ്ട്‌ തള്ളുന്നുവെന്ന്‌ വെറുതെ കൗതുകത്തിന്‌ ഒരു സുഹൃത്തിനോട്‌ ചോദിച്ചു. അദ്ദേഹം പറഞ്ഞ കാര്യങ്ങളും കൗതുകം നിറഞ്ഞതായതിനാല്‍ ഇവിടെ കുറിക്കുന്നു.
ഇവര്‍ രണ്ടാളുകളുടേയും പേരുകള്‍ ദൈവത്തിന്റെ നാമവിശേഷണങ്ങളാണ്‌. ഹമീദ്‌ എന്നാല്‍ സ്‌തുതിക്കപ്പെടുന്നവന്‍, സ്‌തുതിക്കര്‍ഹമായവന്‍ എന്നൊക്കെയാണ്‌ അറബിയില്‍ അര്‍ഥം. ജബ്ബാര്‍ എന്നാല്‍ അധീശാധികാരിയും. മുസ്‌ലിംകള്‍ ഈ പേരുകള്‍ ഉപയോഗിക്കുമ്പോള്‍ അതിനു മുമ്പ്‌ ദാസന്‍ എന്നര്‍ഥം വരുന്ന അബ്‌ദ്‌ എന്ന അറബി പദം ഉപയോഗിക്കും. ഒരിക്കലും അവര്‍ ഹമീദ്‌ എന്നോ ജബ്ബാര്‍ എന്നോ പറയില്ല. പകരം ഹമീദിന്റെ ദാസന്‍ എന്നും ജബ്ബാറിന്റെ ദാസന്‍ എന്നും അര്‍ഥം ലഭിക്കുന്ന അബ്‌ദുല്‍ ഹമീദ്‌, അബ്‌ദുല്‍ ജബ്ബാര്‍ എന്നിവയാണ്‌ ഉപയോഗിക്കുക.
ഈ ചിന്തകരുടെ പേരുകള്‍ അന്വര്‍ഥമാക്കുന്നതുപോലെ തന്നെ, അവര്‍ മുസ്‌ലിംകള്‍ സാക്ഷാല്‍ ദൈവത്തിനു മാത്രം വകവെച്ചു കൊടുക്കുന്ന അധികാരങ്ങളില്‍ കൈകടത്തുന്നു. അതയാത്‌, ദൈവത്തിന്‌ സമന്മാരായി നിന്നുകൊണ്ട്‌ മനുഷ്യര്‍ക്ക്‌ നിയമങ്ങളും സദാചാര നിര്‍ദേശങ്ങളും നല്‍കുന്നു. ഇവരുടെ നിര്‍ദേശങ്ങള്‍ വസ്‌ത്രധാരണം മുതല്‍ ചേലാകര്‍മം വരെ നീളുന്നതായി കാണാം.
ദൈവത്തിനു സമന്മാരായി നിങ്ങള്‍ ആരെയും കരുതരുതെന്നാണ്‌ വേദഗ്രന്ഥമായ ഖുര്‍ആന്റെ കല്‍പന. അങ്ങനെ വരുമ്പോള്‍ യഥാര്‍ഥ ദൈവത്തെ വിട്ട്‌ എങ്ങനെ ആ ദൈവത്തിനു സമന്മാരാകാന്‍ ആഗ്രഹിക്കുന്നവരെ പിന്‍പറ്റുമെന്നതാണ്‌ മുസ്‌ലിംകള്‍ ഉന്നയിക്കുന്ന ചോദ്യം.
ഖുര്‍ആനിലെ രണ്ടാം അധ്യായത്തിലെ 165 മുതല്‍ 167 വരെയുള്ള സൂക്തങ്ങളില്‍ ഇങ്ങനെ കാണാം.
165-അല്ലാഹുവിന്‌ പുറമെയുള്ളവരെ അവന്‌ സമന്മാരാക്കുന്ന ചിലയാളുകളുണ്ട്‌. അല്ലാഹുവെ സ്‌നേഹിക്കുന്നതുപോലെ ഈ ആളുകള്‍ അവനേയും സ്‌നേഹിക്കുന്നു. എന്നാല്‍ സത്യവിശ്വാസികള്‍ അല്ലാഹുവോട്‌ അതിശക്തമായ സ്‌നേഹമുള്ളവരത്രെ. ഈ അക്രമികള്‍ പരലോകശിക്ഷ കണ്‍മുമ്പില്‍ കാണുന്ന സമയത്ത്‌ ശക്തി മുഴുവന്‍ അല്ലാഹുവിനാണെന്നും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്നും അവര്‍ കണ്ടറിഞ്ഞിരുന്നുവെങ്കില്‍(അതവര്‍ക്ക്‌ എത്ര ഗുണകരമാകുമായിരുന്നു).
166- പിന്തുടരപ്പെട്ടവര്‍(നേതാക്കള്‍) പിന്തുടര്‍ന്നവരെ (അനുയായികളെ) വിട്ട്‌ ഒഴിഞ്ഞുമാറുകയും ശിക്ഷ നേരില്‍ കാണുകയും അവര്‍ (ഇരുവിഭാഗവും) തമ്മിലുള്ള ബന്ധങ്ങള്‍ അറ്റുപോകുകയും ചെയ്യുന്ന സന്ദര്‍ഭമത്രെ (അത്‌).
167-പിന്തുടര്‍ന്നവര്‍ (അനുയായികള്‍) അന്നു പറയും ഞങ്ങള്‍ക്ക്‌ (ഇഹലോകത്തേക്ക്‌) ഒരു തിരിച്ചുപോക്കിനവസരം കിട്ടിയിരുന്നുവെങ്കില്‍ ഇവര്‍ ഞങ്ങളെ വിട്ടൊഴിഞ്ഞു മാറിയതുപോലെ ഞങ്ങള്‍ ഇവരെ വിട്ടും ഒഴിഞ്ഞുമാറുമായിരുന്നു. അപ്രകാരം അവരുടെ കര്‍മങ്ങളെല്ലാം അവര്‍ക്ക്‌ ഖേദത്തിനു കാരണമായി ഭവിച്ചത്‌ അല്ലാഹു അവര്‍ക്ക്‌ കാണിച്ചുകൊടുക്കും. നരകാഗ്നിയില്‍നിന്ന്‌ അവര്‍ക്ക്‌ പുറത്തുകടക്കാനാവുകയുമില്ല.
ഇപ്പോള്‍ ദൈവത്തിന്റെ നിര്‍ദേശങ്ങള്‍ക്ക്‌ പകരം തങ്ങളുടെ നിര്‍ദേശങ്ങള്‍ അനുസരിക്കപ്പെടണമെന്ന്‌ പറയുന്ന ജബ്ബാര്‍ സാഹിബേ, ഹമീദ്‌ സാഹിബേ ധീരതയോടെ നയിച്ചോളൂ, ലക്ഷം ലക്ഷം പിന്നാലെ എന്നു വിളിച്ചാലുള്ള ഗതിയാണ്‌ ഖര്‍ആന്‍ വിവരിച്ചിരിക്കുന്നത്‌.
വീട്ടിലുള്ളവര്‍ക്ക്‌ പുറമേ, മേനിയഴക്‌ മറ്റുള്ളവര്‍ക്കു കൂടി കാണാനുതകുന്ന വസ്‌ത്രരീതി മുസ്‌ലിംകള്‍ സ്വീകരിക്കണമെന്നാണ്‌ ഈ പരിഷ്‌കര്‍ത്താക്കളുടെ മുഖ്യ ഉപദേശങ്ങളിലൊന്ന്‌. സ്‌ത്രീകളുടെ മേനിയഴക്‌ ചൂഷണം ചെയ്യുന്നവരെ സ്‌ത്രീകള്‍ തന്നെ കൈകാര്യം ചെയ്യണമെന്ന്‌ വനിതാ കമ്മീഷന്‍ അധ്യക്ഷ ജസ്റ്റിസ്‌ ശ്രീദേവി പോലും പറഞ്ഞിട്ടും ശരീര ഭാഗങ്ങള്‍ മറക്കണമെന്ന ദൈവിക നിര്‍ദേശം അംഗീകരിക്കുന്ന മുസ്‌ലിം സ്‌ത്രീകളെ പീഡിപ്പിക്കാനാണ്‌ ഈ പരിഷ്‌കര്‍ത്താക്കളുടെ ശ്രമം.
സ്വന്തം അധീനതയിലുള്ളവരുടെ സൗന്ദര്യം മതിയാകുന്നില്ലെങ്കില്‍ മുസ്‌ലിംകളായ ഇവര്‍ക്ക്‌ വേണമെങ്കില്‍ നാല്‌ വരെ വിവാഹം ചെയ്‌ത്‌ മേനിയഴക്‌ ഇഷ്‌ടം പോലെ ആസ്വദിക്കാമല്ലോ എന്നും അതു സ്വീകാര്യമല്ലെങ്കില്‍ ദൈവത്തിലും സദാചാരത്തിലും ധാര്‍മികതയിലുമൊന്നും വിശ്വസിക്കാത്ത ചിലര്‍ മുതലാളിത്ത സംസ്‌കാരത്തിന്റെ ഭാഗമായി കൊണ്ടുനടക്കുന്ന സ്വാപിംഗ്‌ പരിപാടി ആശ്രയിക്കാമെന്നും നമ്മുടെ സുഹൃത്ത്‌ നിര്‍ദേശിക്കുന്നു. അതിനുള്ള വഴിയായി സുഹൃത്ത്‌ പറഞ്ഞ ഒരു വെബ്‌ സൈറ്റ്‌ നോക്കിയപ്പോഴാകട്ടെ ഭാര്യമാരെ പരസ്‌പരം കൈമാറുന്നതിന്‌ ക്ഷണിക്കുന്ന അനവധി പരസ്യങ്ങളും.
ചേലാ കര്‍മം നടത്തിയാല്‍ രതിസുഖം നഷ്‌ടപ്പെടുമെന്നാണ്‌ ജബ്ബാര്‍ സാഹിബിന്റെ സവിശേഷവാദം. അങ്ങനെയാണെങ്കില്‍ ചില ഹാജിയാര്‍മാര്‍ നാലെണ്ണം വരെ കെട്ടുന്നില്ലേ എന്നും സുഹൃത്ത്‌ ചോദിക്കുന്നു.

September 22, 2008

റോയിട്ടേഴ്‌സ്‌ പറ്റിച്ചു





തെക്കനാഫ്രിക്കന്‍ രാജ്യമായ ലെ
സോത്തോയിലെ ഖനി കമ്പനിയായ ആഫ്രിക്കന്‍ കിംഗ്‌ഡം കണ്ടെത്തിയ 500 കാരറ്റുള്ള ഏറ്റവും വലിയ വജ്രത്തിന്റേതെന്ന്‌ പറഞ്ഞ്‌ കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്കു നല്‍കിയ
ചിത്രം റോയിട്ടേഴ്‌സ്‌ പിന്‍വലിച്ചു.
വജ്രം കണ്ടെത്തിയത്‌ ശരിയാണെങ്കിലും അതോടൊപ്പം ചേര്‍ക്കാന്‍ നല്‍കിയ ചിത്രം പിന്‍വലിച്ചുകൊണ്ടാണ്‌ ഏജന്‍സി ക്ഷമ ചോദിച്ചത്‌.
വാര്‍ത്താ ഏജന്‍സി തിരുത്തുമ്പോഴേക്കും ലോകത്തിന്റെ പലഭാഗങ്ങളിലും ഈ അപൂര്‍വ വജ്രം പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. മത്സരത്തിന്റെ ഭാഗമായി പഴയ ഏതോ ഫയല്‍ ചിത്രം ചേര്‍ത്തതാകും. നമ്മുടെ നാട്ടിലെ പത്രങ്ങളൊക്കെ ചെയ്യുന്നതു പോലെ.
Related Posts Plugin for WordPress, Blogger...