Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

March 22, 2007

കളഞ്ഞു കിട്ടിയ ടോക്കണ്‍

കളഞ്ഞു കിട്ടിയ ടോക്കണ്‍

ജിദ്ദയിലെ ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ സ്കുള്‍ നേരിട്ടുതന്നെ ഇത്തവണ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്തത് സ്വകാര്യ കച്ചവടക്കാരുടെ ചൂഷണം തടയാന്‍ സഹായകമായി എന്ന് പല രക്ഷിതാക്കളും പറയുന്നു. കഴിഞ്ഞ ദിവസം റിസള്‍ട്ടിനോടൊപ്പം തന്നെയായിരുന്നു പുസ്തക വിതരണവും. പുസ്തകങ്ങള്‍ വാങ്ങാനുള്ള വന്‍തിരക്കുതന്നെ മതി അതിന്‍റെ സ്വീകാര്യതക്കുള്ള തെളിവ്. പല കച്ചവടക്കാരും ഇത്തവണ ഇന്ത്യന്‍ സ്കൂള്‍ പാഠ പുസ്തകങ്ങളുടെ വില കുറച്ചതായി അറിയാന്‍ കഴിഞ്ഞു.
മക്കളുടെ റിസള്‍ട്ടും പുസ്തകങ്ങളും വാങ്ങാന്‍ ഞാനും പോയിരുന്നു കഴിഞ്ഞ ദിവസം സ്കൂളില്‍. തിരക്കു കാരണം ടോക്കണ്‍ വിതരണം നിര്‍ത്തി വെച്ചിരുന്നു. രാത്രി ഏകദേശം എട്ടരക്കാണ് ഞാന്‍ ടോക്കണ് വേണ്ടി അതു വിതരണം ചെയ്തിരുന്നയാളെ സമീപിച്ചത്. ടോക്കണ്‍ വിതരണം നിര്‍ത്തിയെന്നും ഇനി നാളെയാകാമെന്നും അദ്ദേഹം പറഞ്ഞപ്പോള്‍ ഏതായാലും പത്ത് മണിവരെ കൗണ്ടര്‍ സമയമുണ്ടല്ലോ സൗകര്യപ്പെട്ടാല്‍ വാങ്ങാം എന്നു പറഞ്ഞ് തര്‍ക്കിച്ചതിനുശേഷമാണ് അയാളുടെ മനസ്സലിഞ്ഞത്. എന്നോടൊപ്പം കൂട്ടത്തില്‍ പലര്‍ക്കും ഈയവസരത്തില്‍ ടോക്കണ്‍ ലഭിക്കുകയും ചെയ്തു.
ടോക്കണ്‍ പതിനേഴാണ് വിളിച്ചിരുന്നത്. എന്‍റെ കൈയിലുള്ളതോ 97. അങ്ങനെ നിരാശനായി നില്‍ക്കുമ്പോഴാണ് ഒരു സഹൃത്ത് ഇനിയും കാത്തു നില്‍ക്കാനാവുകയില്ല പോകുകകയാണെന്ന് പറഞ്ഞത്. അദ്ദേഹത്തോട് ടോക്കണ്‍ നമ്പര്‍ ചോദിച്ചപ്പോള്‍ 57. അതു തരാമോ എന്നു ചോദിച്ചപ്പോള്‍ അത് മകന്‍ കളഞ്ഞുവെന്ന് മറുപടി.
ഇങ്ങനെ പലരും നിരാശരായി മടങ്ങുമല്ലോ അവരൊക്കെ ടോക്കണ്‍ എന്തു ചെയ്യുമെന്നായി എന്‍റെ ആലോചന. പലരും ഇതുപോലെ ടോക്കണ്‍ കളഞ്ഞിട്ടുതന്നെയാകുമെന്ന് മനസ്സു പറഞ്ഞു. അങ്ങനെ വെറുതെ നിലത്ത് പരതി തുടങ്ങിയപ്പോള്‍ ചുരുട്ടി കിടന്നിരുന്ന ഒരു ടോക്കണ്‍ കണ്ടു. എടുത്തുനോക്കിയപ്പോള്‍ 37. അപ്പോഴേക്കും അതാ വിളിക്കുന്നു ബി 37.
ഓടിച്ചെന്ന് പുസ്തകങ്ങളുടെ വിലയുമടച്ച് പറത്തേക്കിറങ്ങുമ്പോള്‍ അതാ വാതില്‍ക്കല്‍ നില്‍ക്കുന്നു എനിക്ക് ആദ്യം ടോക്കണ്‍ നിഷേധിച്ച മാന്യദേഹം. നേരത്തെ തര്‍ക്കിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന് എന്നോട് അതൃപ്തിയൊന്നും തോന്നിയിരുന്നില്ല. അതുകൊണ്ട് തന്നെ ഒന്നാന്തരം ചിരി പാസാക്കി അദ്ദേഹം എന്നോട് പറഞ്ഞു .. സക്സസ്.
വൈകി വന്ന എനിക്ക് നേരത്തെ പുസ്തകങ്ങള്‍ കിട്ടിയതുകണ്ട് പല പരിചയക്കാരും ആശ്ചര്യപ്പെടുന്നതു കണ്ടിരുന്നു. അവരൊക്കെ വിചാരിച്ചിരുന്നത് എന്തോ സ്വാധീനം ചെലുത്തി ഒപ്പിച്ചതാകുമെന്നാണ്. ഞങ്ങള്‍ ജേണലിസ്റ്റുകള്‍ക്ക് എവിടേയും എന്തു സാധിക്കുമെന്നാണ് സാധാരണക്കാരുടെ വിശ്വാസം.
പക്ഷേ എന്‍റെ മനസ്സില്‍ ഇപ്പോഴും കളഞ്ഞു കിട്ടിയ ആ ടോക്കണ്‍ 37 ന്‍റെ ഉടമ ആരായിരിക്കുമെന്നാണ്. അദ്ദേഹം അത് ഉപേക്ഷിച്ചു പോയതാണോ അതോ ഒരു കൈയില്‍ കുട്ടിയുടെ കൈയും മറുകൈയില്‍ റിസള്‍ട്ടും ഒക്കെ പിടിച്ചതുകൊണ്ട് വീണു പോയാതകുമോ? വീണു പോയാതാണെങ്കില്‍ അദ്ദേഹം എന്നോട് ക്ഷമിക്കുമെന്നു തന്നെയാണ് പ്രതീക്ഷ.

1 comment:

SULFI said...

"അവിചാരിതമായാണ്" താങ്കളുടെ ബ്ലോഗും കണ്ടത്.
പതിവ് പോലെ ഇന്നത്തെ ഇര ആരെന്നു സൈബര്‍ ജാലകത്തില്‍ വല വീശുമ്പോഴാനു താങ്കള്‍ ചൂണ്ടയില്‍ കൊത്തിയത്.
കിട്ടിയത് നല്ല മീന്‍ തന്നെയായി എന്ന് പോക്കിയെടുതപ്പോള്‍ മനസിലായി. സന്തോഷമായി.
ആദ്യം മുതല്‍ തന്നെ ഐശ്വര്യമായി തുടങ്ങുന്നു. ഇനി ഉണ്ടാവും എന്നും താങ്കളെ ശല്യപ്പെടുത്താന്‍.

Related Posts Plugin for WordPress, Blogger...