Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

June 20, 2016

മന്ത്രവാദിയും മൂന്ന് സെന്റും

ആറു മാസം കൊണ്ട് നാട്ടില്‍ പോകാന്‍ കഴിയുക എന്നത് ബിസിനസുകാരെ സംബന്ധിച്ചിടത്തോളം വലിയ കാര്യമല്ലെങ്കിലും മറുനാട്ടില്‍ പണിയെടുക്കുന്ന സാദാ തൊഴിലാളിക്ക് അപൂര്‍വ സംഭവമാണ്.

മഹാഭാഗ്യവാനെന്നും നാട്ടില്‍ നല്ലോണം ഉള്ളവനെന്നും മറ്റുള്ളവരാല്‍ വിളിക്കപ്പെട്ട നൈറ്റ് ഡ്യൂട്ടിക്കാരന്‍ മല്‍ബു അങ്ങനെ ആറു മാസം ഗള്‍ഫിലും ആറുമാസം നാട്ടിലും കഴിയുന്ന ബിസിനസുകാരന്‍ മൊയ്തുവിനു തുല്യനായി.

ഡ്യൂട്ടി കഴിഞ്ഞെത്തി ഖുബ്‌സിനോട് മല്ലിടവേയാണ് മല്‍ബു അക്കാര്യം വെളിപ്പെടുത്തി മുറിയിലെ മറ്റുളളവരെ വണ്ടറടിപ്പിച്ചത്.

ഞാനൊരു പത്തു ദിവസത്തേക്ക് നാട്ടില്‍ പോകുന്നു. ടിക്കറ്റ് ഒ.കെ ആയി ഇന്നു രാത്രി പോകും.

നിന്റയൊക്കെ ഒരു ഭാഗ്യം, മല്‍ബീനെ കാണാതിരിക്കാന്‍ വയ്യ അല്ലേ, അല്ല മോനേ ടിക്കറ്റ് ഫ്രീ കിട്ടിയോ അങ്ങനെ പോയി സഹജീവികളുടെ കമന്റുകള്‍.

മല്‍ബു ഒന്നും നിഷേധിക്കാന്‍ പോയില്ല. പോയിട്ട് അത്യാവശ്യമുണ്ട് എന്നേ പറഞ്ഞുള്ളൂ.

നാട്ടില്‍ വല്ല രജിസ്റ്ററും കാണുമെന്ന ഹൈദറിന്റെ കണ്ടുപിടിത്തത്തോടും പ്രതികരിച്ചില്ല. എന്തുകേട്ടാലും ടി.വി. അവതാരകരെ പോലെ ചിരിച്ചോണ്ടിരിക്കാന്‍ മല്‍ബു ഈയിടെയാണ് പഠിച്ചത്. ആദ്യമൊക്കെ മാനേജര്‍മാര്‍ക്കു മുന്നിലായിരുന്നു ഈ വിഡ്ഢിച്ചിരി. ഇപ്പോള്‍ എല്ലാവരുടെ മുന്നിലും ഈ ചിരിയാണ് രക്ഷാകവചം.

അപ്പോഴും മല്‍ബുവിന്റെ മനസ്സ് പൊറുതികേടിലായിരുന്നു. എന്തിനായിരിക്കാം ബാപ്പ ഉടന്‍ നാട്ടിലെത്താന്‍ ആവശ്യപ്പെട്ടത്. വീണ്ടും വീണ്ടും ചോദിച്ചിട്ടും ബാപ്പ മാത്രമല്ല ആരും പറഞ്ഞില്ല കാര്യം.

മല്‍ബിയോടും ചോദിച്ചു.

എന്താ കാര്യം? ഇത്ര അര്‍ജന്റായി നാട്ടിലേക്ക് വിളിപ്പിക്കാന്‍?

അവളും പറഞ്ഞത് വന്നാലറിയാം എന്നു മാത്രം.

വീണ്ടും വീണ്ടും ചോദിച്ചപ്പോള്‍ ജ്യേഷ്ഠന്‍ കാര്യം പറഞ്ഞു.

അത് ആ മന്ത്രവാദീനെ പിടിച്ച് പോലീസില്‍ ഏല്‍പിച്ചിട്ടുണ്ട്. അതിന്റെ എന്തെങ്കിലും ആവശ്യത്തിനായിരിക്കും നിന്നെ വിളിക്കുന്നത്.

മന്ത്രവാദിയെ പിടിച്ചതിന് ഞാനെന്തു ചെയ്യാനാണ്? അതിനു നിങ്ങളൊക്കെ അവിടെ ഇല്ലേ?

അതൊക്കെ ഇവിടെ എത്തിയാലറിയാമെന്ന് ജ്യേഷ്ഠനും സസ്‌പെന്‍സില്‍ നിര്‍ത്തി.
സ്വസ്ഥമായി കഴിഞ്ഞിരുന്ന വീട്ടില്‍ ഒരു ബോംബായി വന്നുവീണ മന്ത്രവാദിയോട് മല്‍ബുവിന് തീര്‍ത്താല്‍ തീരാത്ത പകയുണ്ട്.

മോഹാലസ്യപ്പെട്ടു വീണ പെങ്ങളെ ചികിത്സിക്കാനാണ് മന്ത്രവാദി ആദ്യം വീട്ടില്‍ കയറിയത്. മന്ത്രവാദി വന്ന് ഏതാനും ദിവസങ്ങള്‍ക്കകം വീട്ടില്‍നിന്ന് സ്വര്‍ണാഭരണം അപ്രത്യക്ഷമായി.
ആര്‍ക്കും സംശയമില്ല, അതു കൊണ്ടുപോയത് മന്ത്രവാദി തന്നെ. ചികിത്സക്കായി വീട്ടില്‍ കയറിയപ്പോള്‍ അലമാരയില്‍നിന്ന് അടിച്ചുമാറ്റിയതായിരിക്കാം.

ആഭരണത്തിന്റെ തിരോധാനം വലിയ പ്രശ്‌നമാകുമെന്ന് ബോധ്യമായപ്പോള്‍ മന്ത്രവാദി കട പൂട്ടി വേറൊരു സ്ഥലത്തേക്ക് പോയി.

അയാളെ വിടരുതെന്ന അഭിപ്രായം ശക്തമായതോടെ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് തെരഞ്ഞ് പുതിയ കേന്ദ്രം കണ്ടെത്തി. അവിടെ പുതിയ സ്ഥാപനം തുറന്ന് തട്ടിപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയ മന്ത്രവാദിയെ അന്നാട്ടുകാരുടെ കൂടി സഹായത്തോടെയാണ് പോലീസ് സ്റ്റേഷനിലെത്തിച്ചത്.

നാട്ടിലെത്തിയ മല്‍ബു ആദ്യം ചോദിച്ചത് സ്വര്‍ണം എടുത്ത കാര്യം അയാള്‍ സമ്മതിച്ചോ എന്നായിരുന്നു. പോലീസില്‍ ഏല്‍പിക്കുന്നതിനുമുമ്പ് നാട്ടുകാര്‍ പൂശിയോ എന്നും.

പക്ഷേ, ആരും ഒന്നും പറയുന്നില്ല. എല്ലാവരുടെ മുഖവും വീര്‍ത്തിരിക്കുന്നു. മല്‍ബി പോലും ഒന്നും മിണ്ടുന്നില്ല. മല്‍ബിയുടെ സ്വര്‍ണമാണ് വീട്ടില്‍നിന്ന് മന്ത്രവാദി അടിച്ചുമാറ്റിയിരുന്നത്.

ഇതെന്താ അര്‍ജന്റായി വരാന്‍ പറഞ്ഞിട്ട് ആരും ഒന്നും പറയാത്തത്?

എന്തു പറയാനാ മോനേ? ദേ നിന്റെ മല്‍ബിയാണ് ആഭരണം അയാള്‍ക്ക് കൊടുത്തത്- ബാപ്പ പറഞ്ഞു.
എടുത്തുകൊണ്ടു പോയതല്ലെന്നും ഇവള്‍ അഴിച്ചുകൊടുത്തതാണെന്നും അയാള്‍ തറപ്പിച്ചു പറയുന്നു. അതു മാത്രമല്ല, നീ വാങ്ങാന്‍ ഏല്‍പിച്ച മൂന്ന് സെന്റ് വസ്തുവിന് അഡ്വാന്‍സ് കൊടുക്കാനാണ് സ്വര്‍ണം കൊടുത്തതെന്നും മന്ത്രവാദി പറഞ്ഞിട്ടുണ്ട്. പക്ഷേ നിന്റെ മല്‍ബി ഇതൊന്നും സമ്മതിക്കുന്നില്ല. അതുകൊണ്ട് നേരിട്ട് ചോദിക്കാനാണ് നിന്നെ വിളിച്ചുവരുത്തിയത്.

മല്‍ബുവിന് ഒന്നും പിടികിട്ടിയില്ല.

വസ്തു വാങ്ങാന്‍ ആരെയും ഏല്‍പിച്ചിട്ടില്ലെന്ന് നന്നായി അറിയാം. അതുപോലെ തന്നെ മല്‍ബി ഒരിക്കലും തന്നോട് കളവു പറയില്ലെന്നും.

മല്‍ബിയെ കുറിച്ചുള്ള ആക്ഷേപങ്ങള്‍ കേട്ട് മല്‍ബു ആകെ തളര്‍ന്നു. പെങ്ങള്‍ക്ക് വന്ന അതേ മോഹാലസ്യം മല്‍ബിക്കും വന്നിരുന്നുവെന്നും മന്ത്രവാദി ചികിത്സ നടത്തിയിരുന്നുവെന്നും മനസ്സിലാക്കിയ മല്‍ബു തിരിച്ചും മറിച്ചും മല്‍ബിയെ ചോദ്യം ചെയ്തു.

സ്വര്‍ണം നീ എന്തിനു ഊരിക്കൊടുത്തു?

ഞാന്‍ ആര്‍ക്കും ഊരിക്കൊടുത്തിട്ടില്ല.

പിന്നെ എങ്ങനെ അയാളുടെ കൈയിലെത്തി.

അറിയില്ല.

അറിയില്ലെങ്കില്‍ വിവരമറിയുമെന്ന് സുരേഷ് ഗോപിയെ പോലെ പറഞ്ഞിട്ടും ഫലമുണ്ടായില്ല.

സ്വര്‍ണം കൊടുത്തത് ഓര്‍മ വന്നിട്ടുമതി ഇനി മടക്കമെന്ന കല്‍പനയോടെ മല്‍ബിയെ അവളുടെ വീട്ടിലെത്തിച്ച മല്‍ബു ഖുബ്‌സ് തേടി വീണ്ടും വിമാനം കയറി.

പത്തു ദിവസത്തേക്ക് നാട്ടില്‍ പോകാന്‍ ഭാഗ്യമുണ്ടായവനെ കാത്തിരിക്കുന്നവര്‍ക്ക് കോഴിക്കോടന്‍ ഹല്‍വയും ഇത്തിരി ബീഫും കരുതാന്‍ മറന്നില്ല.

No comments:

Related Posts Plugin for WordPress, Blogger...