Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

Showing posts with label അഷ്‌റഫ്‌. Show all posts
Showing posts with label അഷ്‌റഫ്‌. Show all posts

June 12, 2011

വിചാരണ

ഈ ഞാന്‍ നിന്റെ കൂട്ടുകാരന്റെ ആരാ?
അമ്മ.
അവള്‍ അവന്റെ ആരാ?
ഭാര്യ.
നേരം പുലരുന്നേയുള്ളൂ. ഇവരിത് എങ്ങനെ വീടു കണ്ടു പിടിച്ചു എന്നാലോചിച്ചു കൊണ്ടാണ് മല്‍ബു ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്. മല്‍ബിയും കുട്ടികളുമൊക്കെ ചുറ്റും കൂടി നില്‍ക്കുകയാണ്.
ഗള്‍ഫില്‍നിന്ന് നാട്ടിലെത്തിയ മല്‍ബുവിനെ കാണാന്‍ എല്‍.ഐ.സി ഏജന്റുമാരും ഷെയര്‍ ബ്രോക്കര്‍മാരും മുതല്‍ സാദാ സ്വത്തു ബ്രോക്കര്‍മാര്‍ വരെ വരാറുണ്ട്. ഇതു പക്ഷേ പുതുമയുള്ള കാഴ്ചയാണ്.
നേരം പരപരാ വെളുക്കുമ്പോള്‍ ഒരു സ്ത്രീ  തേടിയെത്തുക. ചോദ്യശരങ്ങള്‍ തൊടുക്കുക.
നാട്ടിലെത്തിയിട്ട് രണ്ടു ദിവസമേ ആയിട്ടുള്ളൂ. ദിവസങ്ങള്‍ മാത്രമള്ള അവധിയായതിനാല്‍  ആരോരും അറിയാതിരിക്കാന്‍ പരമാവധി സൂക്ഷ്മത പുലര്‍ത്തിയിരുന്നു. എത്രയൊക്കെ രഹസ്യമാക്കിയാലും അറിയേണ്ടവര്‍ അറിയും.
തികച്ചും അത്ഭുതപ്പെടുത്തിയ ഒരു യാത്രയുണ്ട്. ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്ന ഒരു യാത്ര.
വിമാനം ഇറങ്ങി ലഗേജുമെടുത്തു പുറത്തിറങ്ങി വണ്ടിയുടെ അടുത്തേക്ക് നീങ്ങുകയായിരുന്നു. ഒരാള്‍ അടുത്തു വന്നു കാതില്‍ പരഞ്ഞു. റിയാല്‍ ഇങ്ങു തന്നേക്കൂ നല്ല റേറ്റ് തരാം.
റിയാല്‍ ഇല്ലല്ലോ എന്നു പറഞ്ഞപ്പോള്‍ എം.കെയല്ലേ, നിങ്ങളുടെ കയ്യില്‍ 5000 റിയാല്‍ ഉണ്ടല്ലോ എന്ന് അയാള്‍.
അപരിചിതനായ ഇയാള്‍ക്ക് എങ്ങനെ എന്റെ പേരു മനസ്സിലായി എന്നതില്‍ മാത്രമല്ല, കയ്യിലുള്ള റിയാലിന്റെ കണക്ക് എങ്ങനെ കൃത്യമായി കിട്ടി എന്നതും അത്ഭുതപ്പെടുത്തി.
ലഗേജില്‍ വലിയ അക്ഷരത്തില്‍ പേരെഴുതി വെച്ചാല്‍ ആര്‍ക്കും പേരു എളുപ്പം കാണാമല്ലോ എന്നു ചിന്തിക്കാന്‍ വരട്ടെ, എം.കെ.  എന്നതു വിളിപ്പേരു മാത്രമാണ്. പെട്ടിയില്‍ എഴുതിയിരിക്കുന്നത് പാസ്‌പോര്‍ട്ടിലെ പേരും.
ആരോ ഒറ്റുകൊടുത്തുവെന്ന സംശയത്തോടെ അവിടെനിന്നു ഒരു വിധം രക്ഷപ്പെടുകയായിരുന്നു. ഇപ്പോഴും ആ ചോദ്യത്തിനു ഉത്തരം ലഭിച്ചിട്ടില്ല.  ആരുമറിയാതെ ഒളിപ്പിച്ചുവെച്ച റിയാലിന്റെ കണക്ക് എങ്ങനെ എയര്‍പോര്‍ട്ടിനു പുറത്ത് റിയാലിനു കാത്തുനില്‍ക്കുന്നയാള്‍ക്ക് കിട്ടി?
ഇതും ഇപ്പോള്‍ അതുപോലെ തന്നെയാ.
രഹസ്യമായി നാടണഞ്ഞ വിവരം രഹസ്യമല്ലാതായിരിക്കുന്നു. കിലോമീറ്ററുകള്‍ അകലെനിന്ന് ഈ സ്ത്രീ തേടിയെത്തി എന്നതു തന്നെയാണ് അതിനു തെളിവ്.
ഇങ്ങനെ ചില ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടി വരുമെന്ന് പത്തു ദിവസത്തെ അവധിക്കു പുറപ്പെടുന്നതിനു മുമ്പേ ചില സുഹൃത്തുക്കള്‍ സൂചന നല്‍കിയിരുന്നു. ഏതോ ഫോട്ടോയില്‍ കണ്ട് ഇവരുടെ മുഖവും ഓര്‍മയുണ്ട്. അതുകൊണ്ടു തന്നെ അധികം തലപുകക്കേണ്ടി വന്നില്ല. ആളെ പിടികിട്ടി. ചോദ്യങ്ങള്‍ക്കൊക്കെയും സംയമനം കൈവിടാതെ ഉത്തരം നല്‍കാനും സാധിച്ചു.
അവരുടെ ചോദ്യത്തിന് കൂട്ടുകാരന്റെ അമ്മ എന്നു ഉത്തരം നല്‍കിയെങ്കിലും യഥാര്‍ഥത്തില്‍ അയാള്‍ കൂട്ടുകാരനൊന്നുമായിരുന്നില്ല. ഒന്നോ രണ്ടോ പ്രാവശ്യം കണ്ട പരിചയം. പിന്നെ സുഹൃത്തുക്കളില്‍നിന്നുള്ള കേട്ടറിവ്.
ടിയാന്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. അഞ്ചാറു മാസം മുമ്പ് മരിച്ചു പോയി. ഒരു ദിവസം രാവിലെ ജോലിക്കു പോകാറായപ്പോള്‍ ഉണര്‍ന്നു കണ്ടില്ല. സഹമുറിയന്മാര്‍ കുലുക്കി വിളിച്ചിട്ടും ഉണര്‍ന്നില്ല. ആശുപത്രിയിലെത്തിച്ച് നോക്കിയപ്പോള്‍ മൂന്ന് മണിക്കൂര്‍ മുമ്പേ മരിച്ചു കഴിഞ്ഞിരിക്കുന്നു.
ഉറക്കത്തിലെ മരണം പ്രവാസികള്‍ക്കിടയില്‍ ഒരു സാധാരണ സംഭവമായി മാറിക്കൊണ്ടിരിക്കയാണെങ്കിലും ഈ മരണം പലരെയും നൊമ്പരപ്പെടുത്തി.
പ്രാരാബ്ധങ്ങള്‍ കാരണം വര്‍ഷങ്ങളായി നാട്ടില്‍ പോകാത്തയാള്‍, പൂര്‍ത്തിയാകാത്ത വീട്, കുട്ടികളില്‍ ഒരാള്‍ക്ക് വിട്ടു മാറാത്ത അസുഖവും.
ജോലി ചെയ്ത സ്ഥാപനത്തില്‍നിന്ന് ഒന്നും കിട്ടാനില്ല. വീട് പണിക്കും കുട്ടിയുടെ ചികിത്സക്കുമായി എല്ലാം വാങ്ങിക്കഴിഞ്ഞിരിക്കുന്നു.
അപ്രതീക്ഷിത മരണം ദുരിതത്തിലാക്കിയ കുടുംബത്തെ സഹായിക്കാന്‍ എന്തെങ്കിലും ചെയ്യണമെന്ന ചിന്ത കൂട്ടുകാരിലുണര്‍ന്നു. അതൊരു ഫണ്ട് ശേഖരണമായി. അറിയുന്നവരും അല്ലാത്തവരുമൊക്കെ സഹായിച്ചു. അങ്ങനെ സാമാന്യം മോശമല്ലാത്ത ഒരു തുക സമാഹരിച്ചപ്പോള്‍ പുതിയ ഒരു ചോദ്യം ഉയര്‍ന്നുവന്നു. നാട്ടിലെ പേരുകേട്ട കുടുംബത്തെ നാട്ടുകാര്‍ പിരിവെടുത്ത് സഹായിച്ചുവെന്നത് എങ്ങനെ സ്വീകരിക്കപ്പെടും?
ഒടുവില്‍, പിരിവെടുത്ത കാര്യം മറച്ചുവെച്ചുകൊണ്ട് ജോലി ചെയ്ത സ്ഥാപനത്തില്‍നിന്നു ലഭിച്ച ആനുകൂല്യമെന്ന പേരില്‍ തുക ടിയാന്റെ കുടുംബിനിയെ ഏല്‍പിക്കാന്‍ തീരുമാനിച്ചു. അങ്ങനെയാണ് നാട്ടിലെത്തിയ രണ്ട് മല്‍ബുകള്‍ തുക എത്തിച്ചുകൊടുത്തത്.
പക്ഷേ, അതൊരു പുലിവാലായി മാറുമെന്ന്  ആരും കരുതിയില്ല.
ന്നാലും ഞാനല്ലേ അവനെ നൊന്തു പ്രസവിച്ചത്? കമ്പനിയില്‍നിന്ന് കിട്ടിയ പണത്തില്‍നിന്ന് ഒരു പതിനായിരം ഉറുപ്പികയെങ്കിലും എനിക്കുകൂടി അവകാശപ്പെട്ടതല്ലേ?
അമ്മയുടെ അടുത്ത ചോദ്യമാണ് മല്‍ബുവിനെ ചിന്തയില്‍നിന്നുണര്‍ത്തിയത്.
പിരിവുകാര്യം പറയാതെ  വീണ്ടും അനുനയത്തിനു ശ്രമിച്ചുവെങ്കിലും അവരുടെ നോവ് ശുണ്ഠിയിലേക്കും അസഭ്യം പറച്ചിലിലേക്കും നീങ്ങിയപ്പോള്‍ മല്‍ബുവിന് ആ സത്യം തുറന്നു പറയേണ്ടിവന്നു. പിന്നീട് വിചാരണക്കു കാത്തുനില്‍ക്കാതെ നനവു പടര്‍ന്ന കണ്ണുകളുമായി അവര്‍ ശാന്തയായി മടങ്ങി.
 

April 10, 2011

വെടിക്കുരുവും മുസ്‌ലി പവറും


അവധി കഴിഞ്ഞ് പോരുമ്പോള്‍ ഇഷ്ടജനങ്ങള്‍ക്ക് വല്ലതും കൊണ്ടുവരാത്ത പ്രവാസികളുണ്ടാവില്ല. പണ്ടൊക്കെ ഗള്‍ഫുകാരന്‍ മടങ്ങുന്ന വീട് രണ്ടു മൂന്നു ദിവസം മുമ്പെങ്കിലും സജീവമാകുമായിരുന്നു. വളയിട്ട കൈകളാല്‍ തയാറാക്കുന്ന പലഹാരങ്ങള്‍ തന്നെ വേണമെന്ന് കൊണ്ടുവരുന്നവരും ഗള്‍ഫില്‍ അതിന്റെ എന്‍ഡ് യൂസര്‍മാരും വാശി പിടിച്ചിരുന്ന കാലമായിരുന്നു അത്. വിവാഹ സല്‍ക്കാരങ്ങള്‍ക്കും അതുപോലുള്ള മാമൂലുകള്‍ക്കും മാത്രം പണി കിട്ടിയിരുന്ന  അപ്പക്കാരത്തികള്‍ക്ക് അതൊരു ആശ്വാസവും.
അപ്പത്തരങ്ങളുണ്ടാക്കുന്നതില്‍ പ്രാവീണ്യമില്ലാത്ത സ്ത്രീ ബന്ധു ജനങ്ങളുള്ള വീടാണെങ്കില്‍, അവിടെ ഗള്‍ഫുകാരനെത്തിയാല്‍, അപ്പക്കാരത്തിക്ക് ബുക്കിംഗ് ഉറപ്പിക്കാം. ബുക്കിംഗ് ലഭിക്കുന്ന മുറക്ക് അടുക്കളയിലെ ചുമരില്‍ അവര്‍ക്ക് കരി കൊണ്ട് കോറാം. നാലാമത്തെ വെള്ളിയാഴ്ച രാത്രി മൂപ്പന്റകത്തെ പുര.
അപ്പത്തരങ്ങള്‍ ചുട്ടുചുട്ട് എക്‌സ്പര്‍ട്ടായ സ്വന്തക്കാര്‍ പെണ്ണുങ്ങള്‍ തന്നെയുള്ള വീടാണെങ്കില്‍ അവിടെ അപ്പക്കാരത്തിക്കു കാര്യമില്ല. വീടു മാറിപ്പോയവരൊക്കെ തിരിച്ചെത്തി ആഘോഷത്തോടെയായിരിക്കും ഒന്നു രണ്ടു രാവും പകലും നീളുന്ന അപ്പനിര്‍മാണം. അവസാനം  ഗള്‍ഫിലേക്ക് മടങ്ങുന്നയാളുടേയും അയാളുടെ കെട്ടിയോളുടേയും കണ്ണീരു കൂടി കണ്ട ശേഷമായിരിക്കും ബന്ധു സ്ത്രീകളുടെ മടക്കം.
വളയിട്ട കൈകളൊരുക്കുന്ന അച്ചാറിനും അപ്പത്തരങ്ങള്‍ക്കുമൊപ്പം ചെട്ടിയാന്റെ പപ്പടവും കോഴിക്കോടന്‍ ഹലുവയും ചിപ്‌സും പണ്ടു തന്നെ ഗള്‍ഫുകാരന്റെ മടക്കപ്പെട്ടിയില്‍ സ്ഥാനം പിടിച്ചവയാണ്. കാലക്രമേണ, അപ്പക്കാരത്തികള്‍ കുറ്റിയറ്റില്ലെങ്കിലും വീടുകളിലെ നിര്‍മിതി ബേക്കറികളിലേക്ക് മാറി. ആദ്യകാലത്ത് കൊണ്ടുവന്നിരുന്ന പലഹാരങ്ങളുടെ രൂപഭേദങ്ങള്‍ ബേക്കറികളില്‍ ഇപ്പോള്‍ റെഡി.
വീടുകളില്‍നിന്ന് ഒന്നും കൊണ്ടുവരേണ്ട കാര്യമില്ല. എയര്‍പോര്‍ട്ടിനു സമീപമെത്തിയാല്‍ ഒരു കടയില്‍ കയറി ആവശ്യമായ സാധനങ്ങള്‍ വാങ്ങി പെട്ടി നിറച്ചാല്‍ മതി.
ഒരു പരമ്പാരഗത തൊഴിലിനാണല്ലോ കത്തിവെച്ചതെന്നു ചിന്തിക്കാനൊന്നുമില്ല. നാടോടുമ്പോള്‍ നടുവെ ഓടണമെന്ന മോഡേണ്‍ ട്രെന്ററിയുന്ന അപ്പക്കാരത്തികള്‍ തന്നെയാണ് ബേക്കറികളിലേക്കുള്ള അപ്പത്തരങ്ങള്‍ ഉണ്ടാക്കി നല്‍കുന്നത്. അതൊരു കുടില്‍ വ്യവസായമായി നടത്തിക്കൊണ്ടുപോകുന്നു നവീന അപ്പക്കാരത്തികള്‍.
സഹമുറിയന്മാരെയും ബന്ധുക്ക്വെളയും കൂട്ടുകാരെയും മാത്രമല്ല, അവധി കഴിഞ്ഞ് മടങ്ങുന്ന പ്രവാസി പരിഗണിച്ചിരുന്നത്. തൊഴിലുടമയായ അറബിയെ തൃപ്തിപ്പെടുത്താന്‍ ചക്ക മുതല്‍ ഊദും ചന്ദനവും വരെ പ്രവാസി കൊണ്ടുവരുന്ന സമ്മാനങ്ങളില്‍ ഉള്‍പ്പെടുന്നു.
വലിയ ശമ്പളത്തില്‍നിന്ന് മിച്ചം വെച്ച തുകയുടെ വലിപ്പവും അതുപയോഗിച്ച് വാങ്ങുന്ന വസ്തുവിലൂടെ നേടിയെടുക്കാമെന്ന് കണക്കുകൂട്ടുന്ന ആനുകൂല്യവുമനുസരിച്ചായിരിക്കും അറബിക്കുള്ള സമ്മാനപ്പൊതിയുടെ കനവും വിലയും. വര്‍ഷം അഞ്ചോ പത്തോ വിസ തരപ്പെടുത്തി നല്‍കുന്ന അറബിയാണെങ്കില്‍ പത്തിരുപതിനായിരത്തിന്റെ ഊദോ ചന്ദനമോ എത്തിച്ചുകൊടുത്താല്‍ നഷ്ടമൊന്നുമില്ല. പത്തുപതിനഞ്ച് വര്‍ഷമായിട്ടും ഒരു റിയാല്‍ പോലും ശമ്പളയിനത്തില്‍ കൂട്ടിത്തരാത്ത പഹയന് ചക്കച്ചുള തന്നെ ധാരാളം. പക്ഷേ, കൊടുക്കാതിരിക്കാന്‍ നിര്‍വാഹമില്ല. മറ്റവന്‍ എത്തിച്ചുകൊടുത്ത് പണിയുന്ന പാരക്ക് ഇരയാകുന്നതിലും ഭേദമല്ലേ, തേന്‍വരിക്കയുടെ നാലഞ്ച് ചുളകളെങ്കിലും നല്‍കുന്നത്.
സമ്മാനങ്ങളിലൂടെ അറബികളെ മയക്കി മയക്കി അറബികളോളം വളര്‍ന്ന് ഇപ്പോള്‍ സര്‍വരുടേയും ആദരവ് പിടിച്ചുപറ്റുന്നവരെ കുറിച്ച് ആലോചിച്ചിരിക്കുമ്പോഴാണ് നാട്ടില്‍നിന്നൊരു വിളി. 
മറ്റാരുമല്ല, മൂന്ന് മാസം കൊണ്ട് തന്നെ വീണ്ടുമൊരു അവധി തരപ്പെടുത്തി നാട്ടിലേക്ക് പറന്ന, എല്ലാവരുടെയും അസൂയക്ക് പാത്രമായ ഭാഗ്യവാന്‍.
അല്ല, വോട്ടെടുപ്പ് ചൂടിലെന്താ ഒരു വിളി.
അതേയ്, അത്യാവശ്യായിട്ട് ഒരു കാര്യം അറിയാനായിരുന്നു. നമ്മുടെ എം.പി നിരോധിച്ചത് അവിടെ അറബി പത്രങ്ങളിലൊക്കെ വന്നിട്ടുണ്ടോ?
എന്തു നിരോധിച്ചത്. മീഡിയാ പോളോ?
അയ്യോ അതല്ല, നമ്മുടെ കേരള സര്‍ക്കാര്‍ മറ്റേത് നിരോധിച്ചില്ലേ?
മനസ്സിലായില്ലാട്ടോ..  തെളിച്ചു പറ.
അതേയ്, മുസ്്‌ലി പവര്‍ എക്‌സ്ട്ര നിരോധിച്ചത് അവിടെ അറബി പത്രങ്ങളിലൊക്കെ വന്നിട്ടുണ്ടോ എന്ന്.
ശ്രദ്ധയില്‍ പെട്ടില്ലാട്ടോ. എന്താ നിങ്ങടെ പ്രശ്‌നം?
അറബിക്ക് കൊടുക്കാന്‍ കുറച്ച് എക്‌സ്ട്രാ കൊണ്ടുവരണം.
നിരോധിച്ചെങ്കിലും ഇവിടെ സ്റ്റോക്കുണ്ട്. അവിടെ എയര്‍പോര്‍ട്ടില്‍ വല്ല പ്രശ്‌നവും ആകുമോ എന്നാണ് അറിയേണ്ടത്.
ഊദിനും ചന്ദനത്തിനും പകരം നമ്മുടെ മല്‍ബു കൊണ്ടുവരുന്നത്് ലോകത്തെ വിവിധ ലബോറട്ടറികളില്‍ പരീക്ഷിച്ചു തെളിഞ്ഞ ആയുര്‍വേദ വിസ്മയമാണ്. വെടിക്കുരുവിനോടൊപ്പം പാക്ക് ചെയ്താണത്രേ ടിയാന്‍ അതു കൊണ്ടുവരുന്നത്. തല പുണ്ണക്കണ്ട. ചക്കക്കുരുവിന് കോട്ടയത്തുള്ള മല്‍ബു പറയുന്ന നാടന്‍ പേരാണ് വെടിക്കുരു.
പരസ്യങ്ങളില്‍ കണ്ടു മനഃപാഠമാക്കിയ ദൗത്യത്തിനല്ല മല്‍ബു ഇതു കൊണ്ടുവരുന്നത്. സന്താന സൗഭാഗ്യമില്ലാതെ കണ്ണീര്‍ക്കയത്തില്‍ മുങ്ങിയ സ്വന്തം അറബിക്കും പത്്‌നിക്കും സമ്മാനിക്കാനാണ്. കൂടിയാല്‍ രണ്ട് മാസത്തെ ഉപയോഗം കൊണ്ട് അകാല സ്ഖലനറുതി മാത്രമല്ല, സന്താന സൗഭാഗ്യത്തിനും വഴിതെളിക്കുമെന്ന്് കുന്നത്ത് സി. അബ്രഹാം പറഞ്ഞത് മല്‍ബു വിശ്വസിച്ചാലും ഇല്ലെങ്കിലും അറബിയെ അതു വിശ്വസിപ്പിച്ചിരിക്കുന്നു.
കുഞ്ഞാലിക്കുട്ടിയുടെ ഫോട്ടോ കൂട്ടിച്ചേര്‍ത്തുള്ള ഞാന്‍ ഗ്യാരണ്ടി പരസ്യവും കുഞ്ഞാലിക്കുട്ടിയെ പോലുള്ളവരില്‍നിന്ന് പെണ്‍കുട്ടികളെ രക്ഷിക്കാനാണ് വി.എസ് മുസ്‌ലി മരുന്ന് നിരോധിച്ചതെന്ന വാര്‍ത്തയും ഇന്റര്‍നെറ്റില്‍ പ്രചരിച്ച തമാശ.  
പിടികിട്ടാത്തത് ഒരു കാര്യമാണ്. ചക്കക്കുരവിനോടൊപ്പം ഗുളിക വെച്ച് പാക്ക് ചെയ്താല്‍ അത് സ്ക്രീനിംഗ് മെഷീനില്‍നിന്ന് രക്ഷപ്പെടുമോ? മല്‍ബുവിന്റെ ഓരോ വിദ്യകള്‍. 
കുന്നത്ത് മാത്രമല്ല, മുസ്‌ലി പവര്‍ വഴി വീണ്ടും ജീവിതം പൂര്‍ണമായും ആസ്വദിച്ചുതുടങ്ങിയെന്ന് സാക്ഷ്യപ്പെടുത്തിയ പത്ര, ടെലിവിഷന്‍ ഉടമകളും മാനേജര്‍മാരും മലയാളികളാണല്ലോ?   


                                     

March 13, 2011

പഞ്ഞിക്കെട്ടില്‍ തീ

പരുത്തിക്കായയുടെ അകത്തുള്ള മൃദുവായ വെളുത്ത നാരുകള്‍ ചേര്‍ന്ന വസ്തുവാണ് പഞ്ഞി. ഉന്നം, കിടക്കപ്പഞ്ഞി, നൂല്‍പഞ്ഞി, ഇലവിന്‍ പഞ്ഞി, പരുത്തി നൂല്‍, പഞ്ഞിക്കായ്, പഞ്ഞിക്കുരു, പഞ്ഞിമരം എന്നിങ്ങനെ പഞ്ഞിയുമായി ബന്ധപ്പെട്ട് പലതും പറയാനുണ്ടെങ്കിലും പ്രവാസികള്‍ക്കോര്‍മ വരിക ഇതൊന്നുമല്ല.
നാട്ടിലേക്കുള്ള യാത്രയില്‍ എയര്‍ലൈന്‍ അനുവദിക്കുന്ന ലഗേജിന്റെ അവസാന പരിധിയായ നാല്‍പത് കിലോയില്‍ ഒതുക്കാന്‍ പാടുപെടുന്നതിനിടെ എത്തുന്ന അതിഥികളാണ് അവര്‍ക്ക് പഞ്ഞി.
കാണാന്‍ പഞ്ഞിക്കെട്ട് പോലെ വലുതാണെങ്കിലും കനം ഒരു കിലോയില്‍ കൂടില്ല കേട്ടോയെന്ന് പഞ്ഞിയുടമ പറയുമ്പോള്‍, അതിനെന്താപ്പാ, ഇനിയുമുണ്ടോ ഒരുകിലോ കൂടി. കൊണ്ടു വന്നോളൂ. ഞാന്‍ നിങ്ങടെ ഒരു പഞ്ഞി പ്രതീക്ഷിച്ചതാ...
ഒതുക്കിയിട്ടും ഒതുങ്ങാത്ത പെട്ടിയോട് മല്ലിടുന്ന മല്‍ബു സങ്കടമൊതുക്കി മുഖത്ത് ചിരി വരുത്തി മറുപടി നല്‍കും.
ഡോര്‍ ടു ഡോര്‍ സര്‍വീസുകളും കാര്‍ഗോയും സാര്‍വത്രികമായ ഇക്കാലത്തുമുണ്ടോ പഞ്ഞിയെന്നു ചോദിക്കാം.
ഇല്ലെന്നു പറയാന്‍ പറ്റില്ല. പ്രവാസിയുള്ളിടത്തോളം കാലം പഞ്ഞിയുണ്ടാകും. രണ്ടറ്റം മുട്ടിക്കാനുള്ള ഓട്ടത്തിനിടെ രണ്ടു വര്‍ഷമായിട്ടും ഒരു തവണ പോലും ടെലിഫോണ്‍ ചെയ്യാന്‍ മറന്നുപോയാലും  നാട്ടില്‍ പോന്നൂട്ടോ, പിള്ളേര്‍ക്ക് കൊടുക്കാന്‍ വല്ലതുമുണ്ടെങ്കില്‍ കൊണ്ടുവന്നോളൂ എന്നു പറയാതിരിക്കാന്‍ പ്രവാസിക്ക് കഴിയില്ല.
ഇതിനെ പരസ്പര ബന്ധം ഊട്ടിയുറപ്പിക്കുന്ന പഞ്ഞിനൂലെന്നു പറയുന്നതിനേക്കാളും ഒരു പഞ്ഞിക്കടം തീര്‍ക്കലെന്നു പറയുന്നതാകും കൂടുതല്‍ ചേരുക. കാരണം ഇന്നാളവന്‍ പോയപ്പോള്‍ അങ്ങോട്ടുവെച്ച പഞ്ഞിക്ക് പ്രത്യുപകാരം ചെയ്യേണ്ട സന്ദര്‍ഭമാണിത്.
പഞ്ഞി പേടിച്ചവന്‍ നാട്ടില്‍ പോകുന്നത് പറഞ്ഞില്ല  എന്ന പേരുദോഷം എന്തിനു നേടണം.
പഞ്ഞിക്കെട്ടില്‍ തീ വീണ പോലെയെന്നൊരു ചൊല്ലുണ്ട്. പരസ്പര ബന്ധത്തില്‍ വിള്ളലുണ്ടാക്കാന്‍ ഈ പഞ്ഞിക്കുള്ള കഴിവ് ഒന്നു വേറെ തന്നെയാണ്. ബഹുവിശേഷം.
ഇനിയൊരിക്കലും പഞ്ഞി കൊടുക്കേമില്ല, വാങ്ങേമില്ല എന്നു ദൃഢനിശ്ചയത്തോടെ പ്രഖ്യാപിക്കാന്‍ ഒരു മല്‍ബു ഒരുമ്പെടുമ്പോള്‍ അതിനു പിന്നില്‍ തക്കതായ കാരണമുണ്ട്. കേട്ടുകഴിയുമ്പോള്‍ പ്രവാസി അങ്ങനെയൊക്കെ ചെയ്യുമോ എന്നു ചോദ്യമുയരാം. കാരണം, സംഗതി നിസ്സാരമാണ്.
ഹൈസ്കൂളില്‍ പഠിക്കുന്ന മകന്‍ പലതവണ പറഞ്ഞപ്പോഴാണ് അവന്‍ ഇഷ്ടപ്പെട്ട ചേലുള്ളൊരു വാച്ച് വാങ്ങി കൂട്ടുകാരനെ ഏല്‍പിച്ചത്. ഒരു ചിന്ന പഞ്ഞി.
വാച്ച് കണ്ടപ്പോള്‍ കൂട്ടുകാരനൊരു മോഹം. അതു നാട്ടില്‍ പോയി മടങ്ങുമ്പോള്‍ കൊടുത്താല്‍ പോരേ. നാട്ടീന്നു കെട്ടാന്‍ ഞാനൊരു വാച്ച് വാങ്ങീട്ടുണ്ട്. എന്നാലും ഇതിന്റെ ചേലൊരു ചേല് തന്നെ. ഇടക്കൊക്കെ ഒന്ന് മാറിക്കെട്ടാലോ. നാട്ടിലെ ചെക്കന്മാരുടെ കൈയില്‍ എന്തൊക്കെ ടൈപ്പ് വാച്ചുകളാ. നമ്മളൊന്നും കണ്ടിട്ടു പോലുമുണ്ടാവില്ല.
ഓ, അതിനെന്താ, അങ്ങനെ ആയിക്കോട്ടെ. ഒരു മാസം നിങ്ങള്‍ കെട്ടി തിരിച്ചുപോരുമ്പോള്‍ കൊടുത്താല്‍ മതി.
വാച്ച് കൊടുത്തയച്ചിട്ടുണ്ടെന്നും കപ്പലിലാണെന്നും ഒരു മാസം കഴിഞ്ഞാലേ കിട്ടൂ എന്നും മകനെ വിശ്വസിപ്പിച്ചു.
കൂട്ടുകാരന്‍ വാക്ക് പാലിച്ചു. 29-ാം നാള്‍ വാച്ചെത്തിച്ചു. പക്ഷേ, മല്‍ബുവിനെ ഞെട്ടിച്ചുകൊണ്ട് തൊട്ടടുത്ത ദിവസം മകന്റെ ഫോണ്‍. ഈ പന്ന വാച്ച് കപ്പലില്‍ അയക്കേണ്ടിയിരുന്നില്ല. കൊടുത്തയച്ച വാച്ചല്ല കൂട്ടുകാരന്‍ മകനു കൊടുത്തതെന്നറിഞ്ഞ മല്‍ബു അന്നാണ് സഹമുറിയനെ സാക്ഷിയാക്കി ശപഥമെടുത്തതും ഒരു പഞ്ഞിവിരുദ്ധനായതും.
ഇങ്ങനെയൊരു ചതി ചെയ്തതെന്തിനെന്നു ചോദിച്ച് കൂട്ടുകാരനുമായുള്ള ബന്ധം കുളമാക്കിയില്ല. ക്ഷമിച്ചു, അതാണല്ലോ പ്രവാസിയുടെ മുഖമുദ്ര.
എല്ലാമെല്ലാം പഞ്ഞിപ്പൊതിയില്‍ വീണ അമ്പ് പോലെയാവില്ലല്ലോ. പഞ്ഞിക്കെട്ടില്‍ തീ വീണതുപോലെയുമാകും ചിലത്. അങ്ങനെ പഞ്ഞി വിതച്ച തീരാ സങ്കടത്തിലാണൊരു മല്‍ബു.
സംഗതി നിസ്സാരമായിരുന്നു. നാട്ടിലുള്ള മല്‍ബിക്കൊരു മൊഞ്ചുള്ള ഫോണ്‍ വാങ്ങി. കൊടുത്തയക്കാന്‍ ആളെ തിരഞ്ഞപ്പോള്‍... ദേ, കൂട്ടുകാരന്‍ പോകുന്നു.
ഫോണിന്റെ മൊഞ്ച് കണ്ടപ്പോള്‍ കൂട്ടുകാരനൊരു പൂതി.
ഇതു സൂപ്പര്‍ ഫോണാണല്ലോ. എനിക്കൊരു മാസേ ലീവുള്ളൂ. അതുവരെ ഇതു ഉപയോഗിച്ച് തിരിച്ചു വരുമ്പോള്‍ കൊടുത്താല്‍ പോരേ?
ഓ ആയിക്കോട്ടെ. നിന്റെ പൂതി തീരട്ടെ, വരുമ്പോള്‍ കൊടുത്താല്‍ മതി.
കൂട്ടുകാരന്‍ വാക്കു പാലിച്ചു. ഗള്‍ഫിലേക്ക് പോരുന്നതിന് തലേന്നാള്‍ ഫോണ്‍ മല്‍ബിക്കെത്തിച്ചു.
ഉപയോഗിച്ച ഫോണ്‍ ആണോ കൊടുത്തയച്ചതെന്ന് അടുത്ത ദിവസം മല്‍ബിയുടെ ഫോണ്‍.
ഏയ്, പുതിയതു തന്നാ. ഞാന്‍ ഇവിടെ ഒന്നു ട്രൈ ചെയ്തുവെന്നയുള്ളൂ. കൂട്ടുകാരന്‍ ഒരു മാസം ഉപയോഗിച്ചുവെന്ന് പറഞ്ഞ് മല്‍ബിക്കു മുന്നില്‍ എന്തിനു നാണം കെടണമെന്നോര്‍ത്ത് മല്‍ബു കാച്ചി.
മൊബൈലിലെ കോണ്‍ടാക്ടില്‍ കൂട്ടുകാരന്‍ സേവ് ചെയ്തിരുന്ന ഒരു ലേഡി നമ്പര്‍ കനല്‍ കോരിയിട്ട മനസ്സുമായാണ് മല്‍ബി വിളിച്ചതെന്ന് ഇന്നിപ്പോള്‍ മല്‍ബു ശരിക്കുമറിയുന്നു.
പൊട്ടിത്തെറിയുടെ വക്കിലെത്തിനില്‍ക്കുന്ന ആ ബന്ധം നേരെയാക്കാനുതകുന്ന ഒരു പഞ്ഞിനൂലു പോലും കാണാനില്ല. പഞ്ഞി കൊണ്ടുപോയ കൂട്ടുകാരനും അല്ലാത്ത കൂട്ടുകാരുമൊക്കെ ശ്രമിച്ചിട്ടും മല്‍ബിയുടെ മനസ്സാകുന്ന പഞ്ഞിക്കെട്ടില്‍ വീണ തീ അണക്കാനാകുന്നില്ല.

February 27, 2011

വോട്ടും വേണ്ട കോപ്പും വേണ്ട

മല്‍ബു കാര്യഗൗരവത്തെടെ ആലോചിക്കുകയായിരുന്നു. നാട്ടില്‍ എന്തൊക്കെ പുകിലുകളാണ്.
ഓരോ പ്രഭാതവും പൊട്ടിവിടരുന്നത് പുതിയ പുതിയ വെളിപ്പെടുത്തലുകളുമായി. നൂറുകൂട്ടം കേസുകള്‍. ഇങ്ങനെ പോയാല്‍ വോട്ടെടുപ്പ് തീയതി ആകുമ്പോഴേക്കും കേസില്‍ കുടുങ്ങാത്ത ഒറ്റ നേതാവും അവശേഷിക്കില്ല.
വിസ തട്ടിപ്പുകാരേക്കാളും കഷ്ടമായിരിക്കുന്നു കോടതികളുടേയും ജഡ്ജിമാരുടേയും അവസ്ഥ. വിചാരണക്കോടതിയില്‍ വേണമെങ്കില്‍ ജഡ്ജിയുടെ മുഖത്തുനോക്കി പ്രതിക്ക് ചോദിക്കാം- താങ്കള്‍ വിശ്വസ്തന്‍ തന്നെയല്ലേ?
ഒരു മല്‍ബു രവിയേട്ടനെഴുതിയ കത്ത് പ്രസക്തമാണ്. വെളിപ്പെടുത്തല്‍ മാനിയയുടെ ഭാഗമാണോ എന്നു വ്യക്തമല്ല. പക്ഷേ തികച്ചും സോദ്ദേശ്യപരം.
പ്രിയപ്പെട്ട രവിയേട്ടാ,
അങ്ങ് നേടിത്തന്ന അവകാശം ഞാനിതാ തിരികെ ഏല്‍പിക്കുന്നു. ജീവിതത്തില്‍ ഇതുവരെ ഞാന്‍ ഈ പാതകത്തില്‍ പങ്കു വഹിച്ചിട്ടില്ല. വിധിയായിരിക്കാം എന്നെ ഒരു പ്രവാസിയാക്കി രക്ഷപ്പെടുത്തിയത്. കള്ളന്മാര്‍ക്കും കൊള്ളക്കാര്‍ക്കുമായി കൈയൊപ്പ് ചാര്‍ത്താന്‍ മേലിലും ഞാനില്ല. അഭിമാനമുണ്ട് രവിയേട്ടാ. നാലാളുടെ മുമ്പില്‍ തല ഉയര്‍ത്തി പറയാം. മാസാമാസം വിദേശ നാണ്യം അയച്ച് ഞാന്‍ എന്റെ രാജ്യത്തെ ശക്തിപ്പെടുത്തിയിട്ടേ ഉള്ളൂ. ഖജനാവില്‍നിന്ന് കട്ടുമുടിച്ച് സ്വിസ് ബാങ്ക് നിറയ്ക്കുന്നവരെ വോട്ട് കുത്തി സഹായിച്ചിട്ടില്ല. പോസ്റ്റര്‍ തയാറാക്കുന്നതിനും അത് ഒട്ടിക്കാന്‍ മൈദ വാങ്ങുന്നതിനും ചില്ലറ അയച്ചു കൊടുത്തിരുന്നു. അതിലെ പകുതി ഏതാനും പോക്കറ്റുകളിലാണ് എത്തിപ്പെട്ടതെന്ന് തെളിവുകളോടെ എനിക്ക് പറയാം. ഒരിക്കല്‍ പോലും വോട്ട് ചെയ്യാത്ത ഈ പാവം മല്‍ബുവിന്റെ ധര്‍മസങ്കടം അങ്ങ് ഉള്‍ക്കൊള്ളുമല്ലോ?
ആദരവോടെ സ്വന്തം മല്‍ബു.

കത്ത് ലഭിച്ച പ്രൈവറ്റ് സെക്രട്ടറി അതു രവിയേട്ടന് കാണിക്കുമെന്ന് വലിയ ഉറപ്പൊന്നുമില്ല. പ്രസക്തമല്ലാത്ത കത്തുകളും ഇ-മെയിലുകളും മന്ത്രിക്ക് വായിക്കാന്‍ കൊടുക്കുന്നതില്‍ എന്തുണ്ട് ന്യായം? വേസ്റ്റ് ഓഫ് ടൈം.
ഇക്കാര്യത്തെക്കുറിച്ച് അറിവുള്ളതുകൊണ്ടാകണം റിയാദില്‍നിന്ന് പേരുകേട്ട ഒരു മല്‍ബി രവിയേട്ടനെ നേരില്‍ കണ്ട് സംസാരിച്ചതിനു പുറമെ ഇന്റര്‍നെറ്റില്‍ ഒരു നോട്ടീസ് അടിച്ചുവെച്ചിരിക്കുന്നത്. അസമില്‍ പത്രക്കാര്‍ക്ക് ലാപ്‌ടോപ്പ് നല്‍കുന്നതു പോലെ വോട്ടു സീസണില്‍ സര്‍ക്കാരുകള്‍ പലവിധ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനിടെയാണ് മല്‍ബിയുടെ അഭ്യര്‍ഥന.
ലാപ്‌ടോപ്പ് സ്ക്രീനില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു.
we want online voting right-by pravasi.
രവിയേട്ടനും മറ്റുള്ളവരും അതു വായിക്കുമെന്ന് പ്രതീക്ഷിക്കാം.
പക്ഷെ, പ്രായോഗികമായി ചിന്തിക്കണമല്ലോ.
ഓണ്‍ലൈന്‍ വോട്ട് ഏര്‍പ്പെടുത്തുന്നതിന് രവിയേട്ടന്‍ ശ്രമിക്കാനിടയില്ല. കാരണങ്ങള്‍ പലതാണ്.
പ്രവാസികളുടെ വോട്ട് നിര്‍ണായകമാകാന്‍ ഇന്ത്യ ഒരു കൊച്ചു രാജ്യമൊന്നുമല്ല. പത്ത് വര്‍ഷം മുമ്പ് തന്നെ ഇന്ത്യയിലെ ജനസംഖ്യ 100 കോടി കവിഞ്ഞിരുന്നു. പുതിയ കണക്കെടുപ്പ് തുടങ്ങിക്കഴിഞ്ഞു. 25 ശതമാനമെങ്കിലും വര്‍ധനയില്ലെങ്കില്‍ പിന്നെ ഇന്ത്യയെ എന്തിനുകൊള്ളും?

ഏതു തെരഞ്ഞെടുപ്പ് എടുത്തു നോക്കിയാലും അതില്‍ പങ്കെടുക്കാത്ത വോട്ടര്‍മാര്‍ പ്രവാസികളുടെ എണ്ണത്തേക്കാളും എത്രയോ ഇരട്ടി വരും. ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിനോ തുടര്‍ന്ന് മന്ത്രിസഭ ഉണ്ടാക്കുന്നതിനോ ഇക്കാരണംകൊണ്ട് ഒരു ഭംഗവും വന്നിട്ടില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സര്‍ക്കാര്‍ മെഷിനറി മൊത്തത്തിലും വിചാരിച്ചാലും എല്ലാ വോട്ടര്‍മാരെയും ബൂത്തിലെത്തിക്കുക സാധ്യവുമല്ല. അക്കൂട്ടത്തില്‍ എണ്ണിയാല്‍ പോരേ പ്രവാസികളുടെ വോട്ടും?
എതിരാളികള്‍ സമ്മതിക്കില്ലെങ്കിലും രവിയേട്ടന്റെ കഠിന പ്രയത്‌നത്തിന്റെ ഫലമായി പ്രവാസികള്‍ക്ക് മൗലികാവകാശം സ്ഥാപിച്ചു കിട്ടിയല്ലോ. ഇനിയിപ്പോ ഓണ്‍ലൈന്‍ വോട്ട് എന്നു പറഞ്ഞ് ബുദ്ധിമുട്ടിക്കണോ? അതിനായുള്ള വാദം സാമ്പത്തിക, രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കുന്നതുമാണ്.
വോട്ടര്‍ പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നതിന് കടമ്പകള്‍ പലതുണ്ട്. നാട്ടില്‍ നേരിട്ടുപോയി രജിസ്റ്റര്‍ ചെയ്യാം. പട്ടികയില്‍ പേരു ചേര്‍ക്കുന്ന സമയത്ത് ഓരോ രാഷ്ട്രീയ പാര്‍ട്ടിയും വിമാനം ചാര്‍ട്ടര്‍ ചെയ്ത് പ്രവാസികളെ കൊണ്ടുപോയി കര്‍മം നിര്‍വഹിപ്പിച്ച് തിരികെ എത്തിക്കുന്ന ഒരു രീതി സ്വീകരിച്ചാല്‍ ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യക്ക് വലിയ നേട്ടമായിരിക്കും. നഷ്ടത്തിലോടുന്ന എയര്‍ ഇന്ത്യക്കും യാത്ര തരപ്പെടുത്തുന്ന പാര്‍ട്ടി നേതാക്കള്‍ക്കും സാമ്പത്തിക നേട്ടം. പാസ്‌പോര്‍ട്ടിന്റെയും ഇഖാമയുയെയും പകര്‍പ്പ് എംബസിയില്‍നിന്ന് അറ്റസ്റ്റ് ചെയ്ത് അയക്കുകയാണ് മറ്റൊരു രീതി. അപ്പോള്‍ ഒരു വോട്ടര്‍ക്ക് 48 റിയാലിന്റെ ചെലവ് വരും. ഇതു വോട്ടുവേണ്ടവര്‍ നല്‍കട്ടെ എന്ന് തീരുമാനിക്കുന്ന പ്രവാസികളായിരിക്കും കൂടുതല്‍.
വോട്ടെടുപ്പ് ദിനത്തില്‍ പ്രവാസി സമ്മതിദായകരുമായി പ്രത്യേക വിമാനങ്ങള്‍ പറന്നേ മതിയാകൂ. എയര്‍ഇന്ത്യക്കും പാര്‍ട്ടി നേതാക്കള്‍ക്കും സാമ്പത്തിക നേട്ടമുണ്ടാകുമെങ്കിലും ഇവിടെ പരിഗണിക്കേണ്ടത് രാഷ്ട്രീയ നേട്ടമാണ്.
വോട്ട് ഞെക്കാനായി പ്രവാസികളെ കൊണ്ടുപോകാതിരിക്കുന്നതാണ് ബുദ്ധി. പട്ടികയില്‍ പേരുള്ള പ്രവാസികളുടെ വോട്ട് രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വളരെ ഈസിയായി രേഖപ്പെടുത്താവുന്നതാണ്. കൈ വിരലിലെ മഷി മായ്ക്കുന്നതിനുള്ള കെമിക്കലിന് ഒട്ടും ക്ഷാമമില്ലല്ലോ.
വോട്ടിനുള്ള കടമ്പകള്‍ വായിച്ച ഒരു മല്‍ബു പറയുന്നതിങ്ങനെ: "വോട്ടും വേണ്ട കോപ്പും വേണ്ട.' നാട്ടില്‍ പോകാനാവാതെ ഇവിടെ കുടുങ്ങിക്കഴിയുന്ന ആയിരക്കണക്കിന് ഹുറൂബുകാരെ രക്ഷിക്കാന്‍ വല്ല വഴിയുമുണ്ടോ രവിയേട്ടാ? 

February 20, 2011

മിസ്‌രിപ്പണം ഫിഫ്റ്റി ഫിഫ്റ്റി

ഈജിപ്തിലെ പുതുയുഗപ്പിറവിയെ കുറിച്ചുള്ള വിശകലനം വായിച്ചു തീര്‍ന്നപ്പോഴാണ് അവിടെ കുടുങ്ങിപ്പോയ ഒരു മല്‍ബുവിന്റെ ഇ-മെയില്‍ ലഭിച്ചത്. കഴിഞ്ഞ മാസംവരെ മുടങ്ങാതെ ഇ-മെയില്‍ ഫോര്‍വേഡ് ചെയ്തിരുന്ന ഇയാള്‍ ഈജിപ്തില്‍ പോയ കാര്യം അറിഞ്ഞിരുന്നില്ല.
എങ്ങനെ അറിയാനാണ്?
വ്യക്തിപരമായ വിശേഷങ്ങള്‍ ഒരിക്കല്‍ പോലും ഇയാള്‍ എഴുതിയിരുന്നില്ലല്ലോ? എല്ലാ മെയിലുകളും ഒന്നുകില്‍ അന്താരാഷ്ട്രീയം അല്ലെങ്കില്‍ കേരളത്തിലെ പാര്‍ട്ടിക്കാരുടെ തമ്മിലടി ചിത്രീകരിക്കുന്ന കാര്‍ട്ടൂണുകളും അപഗ്രഥനങ്ങളും.
ദിവസം 10 മുതല്‍ 50 വരെ ഇ-മെയിലുകള്‍ ഫോര്‍വേഡ് ചെയ്തിരുന്ന മല്‍ബുവിന് അവസാനമായി അങ്ങോട്ടയച്ച ഇ-മെയില്‍ ഓര്‍മയുണ്ട്. വായന ഇത്തിരി സെലക്ടീവ് ആക്കിയിരിക്കുന്നുവെന്നും ദയവായി ഇനി ഇത്തരം മെയിലുകള്‍ ഫോര്‍വേഡ് ചെയ്യരുതെന്നുമായിരുന്നു അതിലെ അഭ്യര്‍ഥന. അതിനു മറുപടി ഒന്നും വന്നില്ലെങ്കിലും ഇ-മെയിലുകളുടെ ഒഴുക്ക് പൊടുന്നനെ നിലച്ചു. അതുകൊണ്ട് രണ്ട് മെച്ചങ്ങളാണുണ്ടായത്. രണ്ടോ മൂന്നോ ദിവസം കൂടുമ്പോള്‍ നിങ്ങളുടെ മെയില്‍ ബോക്‌സ് നിറഞ്ഞിരിക്കുന്നു, ഇതാ ഇനി ഒട്ടും സ്ഥലമില്ലെന്ന് അറിയിച്ചുകൊണ്ടുള്ള ജി മെയില്‍ അറിയിപ്പുകള്‍ നിലച്ചു. കണ്ണു ചിമ്മി മെയിലുകള്‍ ഡിലീറ്റ് ചെയ്യുന്ന ജോലിയും കുറഞ്ഞു കിട്ടി.
മാസങ്ങളായി അഭിമുഖീകരിച്ചുകൊണ്ടിരുന്ന വിപത്തില്‍നിന്നാണ് രക്ഷപ്പെട്ടത്. മല്‍ബു ഈജിപ്തിലേക്ക് ചേക്കേറിയതിനാലാണ്,  അല്ലാതെ ദയാവായ്്പ് കൊണ്ടല്ല ഈ വിമോചനം സംഭവിച്ചതെന്ന് ഇപ്പോഴല്ലേ മനസ്സിലായത്.
കഥാപുരുഷന് അവിടെ ഇ-മെയിലുകള്‍ അയക്കാന്‍ പറ്റാത്ത ഏതെങ്കിലും ഓഫീസിലായിരിക്കും ജോലി ലഭിച്ചിട്ടുണ്ടാവുക. അല്ലാതെ, മിസ്‌റെന്ന രാജ്യത്ത് ഇന്റര്‍നെറ്റ് അപൂര്‍വ സംഭവമൊന്നുമല്ലല്ലോ? അവിടെ അരങ്ങേറിയ വിപ്ലവത്തിന്റെ ഉത്തരവാദിത്തം പോലും ഇന്റര്‍നെറ്റിലെ സൗഹൃദ കൂട്ടായ്മകളായ ഫേസ്ബുക്കിനും ട്വിറ്ററിനും മേല്‍ കെട്ടിവെക്കാന്‍ ആളുകളുണ്ട്. ഏകാധിപത്യവാഴ്ചക്കെതിരെ പതിറ്റാണ്ടുകളായി, ക്ഷമയോടെ ചിട്ടയൊത്ത പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടവരെയൊക്കെ ഫേസ് ബുക്ക് വിഴുങ്ങിക്കളഞ്ഞു. ഗൂഗിളിന്റെ അമരക്കാരിലൊരാള്‍ വന്നപ്പോള്‍ പ്രക്ഷോഭകര്‍ക്കിടയില്‍ ലഭിച്ച സ്വീകരണവും വലിയ വാര്‍ത്ത ആയിരുന്നുവല്ലോ? അപ്പോള്‍ ഇന്റര്‍നെറ്റിന്റെ അപര്യാപ്തതയല്ല, മല്‍ബുവിന്റെ സൗകര്യക്കുറവായിരുന്നിരിക്കണം മെയില്‍ ഫോര്‍വേഡിംഗ് ജോലി ഉപേക്ഷിക്കാന്‍ കാരണം.
അവധി ദിവസമായതിനാലാണ് ഈജിപ്തില്‍ കുടുങ്ങിയിരിക്കുന്നുവെന്ന മല്‍ബുവിന്റെ മെയില്‍ ശ്രദ്ധയില്‍പെടാന്‍ കാരണം. പ്രവൃത്തി ദിവസങ്ങളിലാണല്ലോ ഏറ്റവും കൂടുതല്‍ മെയിലുകളുടെ പ്രവാഹമുണ്ടാകുക. നൂറായിരം ഗ്രൂപ്പുകളില്‍നിന്നുള്ളവക്കു പുറമെ, ഗ്രൂപ്പുകളില്‍നിന്നു ലഭിക്കുന്ന അതേ മെയിലുകള്‍ തന്നെ ഫോര്‍വേഡ് കൂടി ചെയ്യപ്പെടുന്നത് ഓഫീസുകളിലെ പ്രവൃത്തി സമയങ്ങളിലാണ്. അവധി ദിവസങ്ങളില്‍ ഒറ്റ മെയില്‍ പോലും അയക്കപ്പെടുന്നില്ല.
എന്തുകൊണ്ടാണ് സര്‍ ഇങ്ങനെ?
അതേയ്, വീട്ടില്‍ വെച്ച് കംപ്യൂട്ടറും തുറന്ന് മെയില്‍ അയക്കാനിരുന്നാലുണ്ടല്ലോ, മല്‍ബി കൊല്ലും.
ഇത്തിരി നേരംപോക്ക് പറയാനും സൂപ്പര്‍ മാര്‍ക്കറ്റില്‍ പോകാനുമുള്ളതാണ് അവധി ദിവസങ്ങള്‍.
കണക്കില്ലാത്ത മെയിലുകള്‍ അയച്ചു ബുദ്ധിമുട്ടിച്ചു എന്ന ഒറ്റക്കാര്യത്തിലേ മല്‍ബുവിനെ കുറിച്ചു പരാതിയുള്ളൂ. തങ്കപ്പെട്ട മനുഷ്യനാണെന്നാണ് കേള്‍വി. ആളുകളുടെ വേദനയെ കുറിച്ച് പത്രങ്ങളില്‍ വരുന്ന കഥകള്‍ വായിച്ചുപോലും സങ്കടപ്പെടുന്നയാള്‍. സങ്കടപ്പെടുക മാത്രമല്ല, അത്തരം ആളുകള്‍ക്ക് എന്തെങ്കിലുമൊക്കെ അയച്ചു കൊടുക്കണമെന്ന് ചിന്തിക്കുന്ന മഹദ് വ്യക്തി.
അങ്ങനെയുള്ള മല്‍ബുവിനാണല്ലോ ഈ ഗതി വന്നിരിക്കുന്നത്. പത്ത് ചക്രം അധികം കിട്ടുമെന്ന് കരുതിയായിരിക്കുമല്ലോ, ഈജിപ്തിലേക്ക് പോയതെന്ന ചിന്തയൊന്നും വന്നില്ല. അയാള്‍ക്ക് പത്ത് ചക്രം അധികം കിട്ടിയാല്‍ അതിന്റെ ഗുണം സമൂഹത്തിനു കൂടിയാണെന്ന് ഉറപ്പിച്ചു പറയുകയും ചെയ്യാം.
അഫ്ഗാനില്‍ സഖ്യസേനയുടെ ഓഫീസില്‍ ജോലി നോക്കുന്ന ഒരു മല്‍ബു ഈയിടെ പറഞ്ഞു. നിരപരാധികളായ സ്ത്രീകളേയും കുട്ടികളെയും കൊല്ലുന്നവര്‍ക്ക് കൂട്ടുനിന്ന് കിട്ടുന്ന ശമ്പളത്തിന്റെ നല്ലൊരു വിഹിതം ഞാന്‍ പാവങ്ങള്‍ക്കുവേണ്ടി ചെലവഴിക്കുന്നുണ്ട്.
ഓഫീസിലായിട്ടുതന്നെ ഇങ്ങനെ, ഇനി അങ്ങേര് സാക്ഷാല്‍ പട്ടാളക്കാരന്‍ തന്നെ ആയാല്‍ എന്തായിരിക്കും അവസ്ഥ. മുഴുവന്‍ ശമ്പളവും പാവങ്ങള്‍ക്ക് കൊടുക്കുകയോ?
കൈയിലുണ്ടായിരുന്ന കാശ് മുഴുവന്‍ തീര്‍ന്നു പോയെന്നും എങ്ങനെയെങ്കിലും നാട്ടിലെത്തുന്നതിനുള്ള തുക അയച്ചുതരണമെന്നുമാണ് മെയിലില്‍ മല്‍ബുവിന്റെ അഭ്യര്‍ഥന. ഒരു പ്രവാസിയുടെ സങ്കടമായതുകൊണ്ടു മാത്രമല്ല, ആദ്യമായാണ് മല്‍ബു ഇങ്ങനെ വ്യക്തിപരമായ മെയില്‍ അയക്കുന്നത് എന്നതു കൂടിയാകുമ്പോള്‍ ഗൗരവം വര്‍ധിക്കുന്നു.
അനധികൃത താമസക്കാര്‍ക്ക് നാട്ടിലേക്ക് മടങ്ങണമെങ്കില്‍ ജിദ്ദയില്‍ ഒരു പാലമെങ്കിലുമുണ്ട്. ഈജിപ്തില്‍ അതൊന്നും കാണില്ലായിരിക്കും. എംബസിക്കാര്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന് ഒരു വാര്‍ത്ത വായിച്ചതോര്‍ക്കുന്നു. നാട്ടിലേക്ക് മടങ്ങാന്‍ ഉദ്ദേശിച്ച് ജിദ്ദയിലെ പാലത്തിനടിയില്‍ തമ്പടിക്കുന്നവരെ സാവകാശമാണെങ്കിലും പിടിച്ചുകൊണ്ടുപോയി വിമാനം കയറ്റി വിടുന്നുണ്ട്.
കയ്‌റോയില്‍നിന്ന് മല്‍ബുവിനെ നാട്ടിലെത്തിക്കാന്‍ എങ്ങനെയെങ്കിലും സഹായിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് സുഹൃത്തിനെ വിളിച്ചത്.
നമ്മുടെ സഹായി മല്‍ബു ഈജിപ്തില്‍ കുടുങ്ങി അല്ലേ എന്നു പറഞ്ഞപ്പോള്‍ ഫോണില്‍ അങ്ങേത്തലയ്ക്കല്‍ പൊട്ടിച്ചിരി. നിനക്കും കിട്ടി അല്ലേ അവന്റെ മെയില്‍. ഞാന്‍ ഇപ്പോള്‍ സഹായിയെ ഫോണ്‍ ചെയ്തു വെച്ചതേയുള്ളൂ. അവന്‍ ഈജിപ്തിലൊന്നും പോയിട്ടില്ല.
പാലത്തിനു ചോട്ടിലെത്തുന്നവര്‍ക്ക് ചില്ലറ സേവനമൊക്കെ ചെയ്തു കൊണ്ട് ഇവിടെ ജിദ്ദയില്‍ തന്നെയുണ്ട്.
വീണ്ടും മെയില്‍ ബോക്‌സ് നോക്കിയപ്പോള്‍ ദേ വന്നിരിക്കുന്നു ഈജിപ്തില്‍നിന്ന് വേറൊരു മെയില്‍. സാധാരണക്കാരനല്ല, സ്ഥാനഭ്രഷ്ടനായ ഹുസ്്‌നി മുബാറക്കിന്റെ ഭരണകൂടത്തിലുണ്ടായിരുന്ന വലിയ ഉദ്യോഗസ്ഥനാണ് അയച്ചിരിക്കുന്നത്. അക്കൗണ്ടിലുള്ള പണം ഈജിപ്തിനു പുറത്തെത്തിക്കാനുള്ള സഹായം തേടിക്കൊണ്ടുള്ളതാണ് സന്ദേശം. വെറുതെയല്ല, ഫിഫ്റ്റി ഫിഫ്റ്റി. താല്‍പര്യമുണ്ടെങ്കില്‍ അക്കൗണ്ട് നമ്പറും വിശദവിവരങ്ങളും നല്‍കാം.
നൈജീരിയയിലേക്ക് ഇതുപോലെ അക്കൗണ്ട് നമ്പര്‍ അയച്ച് ഉള്ളതും നഷ്ടപ്പെട്ട ഒരു മല്‍ബു ചുറ്റുവട്ടത്തുണ്ടോ എന്നു നോക്കിയിട്ടു മതി കേട്ടോ മിസ്‌രിപ്പണം കൊതിക്കാന്‍. 

February 6, 2011

അലുംനി- ഒരു മല്‍ബു സങ്കടം

പാട്ടു കേള്‍ക്കാന്‍ പോയതായിരുന്നു മല്‍ബു.
അതിനു സാധിച്ചില്ല എന്നു മാത്രമല്ല, ഇതിപ്പോ ഭയങ്കര ഫീലിംഗ്‌സുമായി. മല്‍ബിയും കുട്ടികളും ഇപ്പോള്‍ പടപ്പാട്ട് പാടുകയാണ്.
എന്തുകൊണ്ട് ടിക്കറ്റ് മുന്‍കൂട്ടി റിസര്‍വ് ചെയ്തില്ല എന്ന ചോദ്യം ന്യായമാണ്. പരിവാരമൊത്ത് ഒരു കലാപരിപാടി ആസ്വദിക്കാന്‍ പോകുന്നുണ്ടെങ്കില്‍ പ്രാഥമികമായും ചെയ്യേണ്ട കാര്യമാണത്.
മല്‍ബിയുടെ നിര്‍ബന്ധം കൊണ്ടാ ഇറങ്ങിപ്പുറപ്പെട്ടതെന്നത് സത്യമാണ്.
അതിപ്പോ വലിയ നാണക്കേടായി. പ്രവേശനം കിട്ടാതെ തിരികെ പോരേണ്ടി വന്നതിലല്ല സങ്കടം. അവിടെ കാണാമെന്ന് പല മല്‍ബികളോടും നേരത്തെതന്നെ പറഞ്ഞിട്ടുണ്ട്. അവരൊക്കെ എന്തു കരുതും. ചോദ്യം ന്യായമാണെങ്കിലും എന്തെങ്കിലും പറഞ്ഞ് ഒഴിവാകാവുന്നതേയുള്ളൂ.
നാട്ടീന്നു പാട്ടുകാര്‍ വന്നാല്‍ പൊതുവെ ഇരിക്കപ്പൊറുതി കിട്ടാറില്ല.
വര്‍ഷത്തില്‍ ഒന്നു രണ്ടു തവണയല്ലേ പാട്ടുകാര്‍ ഇങ്ങോട്ട് എഴുന്നള്ളുന്നുള്ളൂ എന്ന കാരണത്താല്‍ അതിനു മുടക്കം വരുത്താറുമില്ല. ദുബായിലെ പോലെ എന്റര്‍ടെയിന്‍മെന്റിനു അത്രയേറെ ചെലവില്ലല്ലോ ഇവിടെ. ചില്ലറ കൊടുത്താല്‍ കുടുംബസമേതം പോയി പാട്ടു കേട്ട് മടങ്ങാം.
കലാപരിപാടികള്‍ക്കു പോയി നിരാശരായി മടങ്ങേണ്ടിവന്നു എന്നത് മല്‍ബു ചരിതത്തില്‍ പുതിയതൊന്നുമല്ല. പല കാരണങ്ങള്‍ കൊണ്ട് മടങ്ങിയിട്ടുണ്ട്. പക്ഷേ, പാസില്ലാതെ മടങ്ങുകയെന്നതു ഒരിക്കലും സംഭവിച്ചിട്ടില്ല. സംഘാടകരുടെ പോരായ്മ കാരണം പരിപാടി തന്നെ മുടങ്ങിപ്പോയതിനാല്‍ മടങ്ങിയിട്ടുണ്ട്. പാട്ടുകാരെ കൊണ്ടുവന്നവരെ ആരെങ്കിലും ഒറ്റുകൊടുക്കാനിടയുണ്ടോ എന്ന് ആദ്യമേ തന്നെ അന്വേഷിക്കാറുണ്ട്. പാരകളുടെ സാധ്യതകള്‍ കണ്ടറിഞ്ഞ് തടഞ്ഞില്ലെങ്കില്‍ പാട്ടുകാര്‍ക്ക് മുറിക്കകത്ത് അടച്ചിരിക്കേണ്ടിവരും. അതിഥികളെ എത്തിക്കുന്നതിലും ടിക്കറ്റ് വില്‍പനയിലും മാത്രം സംഘാടകര്‍ ശ്രദ്ധിച്ചാല്‍ പോരെന്നു ചുരുക്കം. ഏതെങ്കിലും തരത്തില്‍ വിരോധമുള്ളവര്‍ പിന്നാമ്പുറത്ത് എവിടെയെങ്കിലുമുണ്ടോ എന്നു ജാഗ്രതയോടെ നിരീക്ഷിക്കണം. കല്യാണം മുടക്കികള്‍ക്ക് സമാനമായി ആഹ്ലാദം കണ്ടെത്തുന്നുവര്‍ എവിടെയുമുണ്ട്.
പാട്ടിനു പോയി പാസ് കിട്ടിയില്ല എന്നതു നേരു തന്നെ.
പക്ഷേ ഇതിപ്പോ തന്റേതല്ലാത്ത കാരണം കൊണ്ടാണെന്ന് പറഞ്ഞൊഴിയാന്‍ കഴിയില്ല. ഏതാനും വര്‍ഷങ്ങളായി കൊണ്ടുനടക്കുന്ന ഒരു സങ്കടമാണ് വില്ലനായി മാറിയത്, അലുംനി.
അലുംനി അംഗമല്ലാത്തതു കൊണ്ടാണ് മല്‍ബുവിനും കുടുംബത്തിനും മടങ്ങേണ്ടിവന്നത്. പാട്ടുകേള്‍ക്കാന്‍ എന്ത് അലുംനിയെന്നു ചോദിക്കാന്‍ വരട്ടെ. ഇപ്പോള്‍ എല്ലാം അലുംനിമയമാണ്. പാട്ടും ടൂറും എല്ലാം അലുംനികള്‍ക്കു മാത്രം. അലുംനി അംഗങ്ങള്‍ക്കും കുടുംബത്തിനുമായി പാട്ട് പരിമിതപ്പെടുത്തിയതില്‍ കുറ്റപ്പെടുത്താനൊന്നുമില്ല.
മല്‍ബുവിനും ഒരു അലുംനിയില്‍ ചേര്‍ന്നാല്‍ പോരേ, അപ്പോള്‍ പ്രശ്‌നം തീര്‍ന്നില്ലേ എന്നു ചോദിക്കാം. അല്ലെങ്കില്‍ സ്വന്തമായി ഒരു അലുംനി ഉണ്ടാക്കാം. പത്രത്തില്‍ ഫോട്ടോയും മറ്റും വരുമെങ്കിലും അലുംനിയായാലും അതു നടത്തിക്കൊണ്ടു പോകാന്‍ ഇത്തിരി പാടൊക്കെയുണ്ട്. കൂട്ടായ്മകളെ കളിയാക്കുന്നവരുണ്ട്. പുറമെ നില്‍ക്കുന്നവര്‍ക്ക് എന്തും പറയാം.
ഇന്റര്‍നെറ്റിലെ സുഹൃദ് കൂട്ടായ്മകളും ഇപ്പോള്‍ ലൈവാകുകയാണല്ലോ? നെറ്റിലെ സംസാരം കൂടാതെ അവര്‍ കൂടിയിരുന്നും സംസാരിച്ചു തുടങ്ങി. വെറുതെ കൂട്ടം കൂടുകയല്ല, നെറ്റ് സൗഹൃദം സാമൂഹിക സേവനങ്ങള്‍ക്കും വഴി തുറക്കുന്നുണ്ട്.
അങ്ങനെ മല്‍ബുവിനെ തേടിയും ഒരു കൂട്ടരെത്തി. വലിയ കമ്പനിയുടെ വലിയ ഉദ്യോഗസ്ഥനാണല്ലോ, നാട്ടുകാരനായിട്ട് അദ്ദേഹം അലുംനിയിലില്ലെങ്കില്‍ അദ്ദേഹത്തിനല്ല, അലുംനിക്കാണ് അതിന്റയൊരു നാണക്കേട്.
പ്രീഡിഗ്രി മുതല്‍ മേലോട്ട് പഠിച്ചവരെല്ലാം അലുംനിയിലുണ്ടെങ്കിലും സഹപാഠികള്‍ക്കൊന്നും മല്‍ബു ഏതു വര്‍ഷമാണ് പഠിച്ചതെന്ന് ഓര്‍മയില്ല. അങ്ങനെയാണ് നേരിട്ട് ചോദിച്ച് മെംബര്‍ഷിപ്പ് കൊടുക്കാനായി അലുംനി ഭാരവാഹികളുടെ സന്ദര്‍ശനം.
സംഘടനയുടെ പ്രവര്‍ത്തനങ്ങളും ലക്ഷ്യങ്ങളുമൊക്കെ വിശദീകരിച്ചിട്ടും മല്‍ബുവിന് ഒരു ഉഷാറില്ല. നിങ്ങളാണ് ഇനി അലുംനിയില്‍ മുഖ്യപങ്ക് വഹിക്കേണ്ടതെന്നു കൂടി പറഞ്ഞു ഭാരവാഹികള്‍. ഏതു വര്‍ഷമാണ് മല്‍ബു കോളേജില്‍ പഠിച്ചതെന്ന് ആരും ചോദിച്ചില്ല. ചിലപ്പോള്‍ അങ്ങനെയാണ്. സുഹൃത്തായിരിക്കും. പലപ്പോഴും കാണാറുണ്ട്. ഇഷ്ടം പോലെ സംസാരിക്കാറുമുണ്ട്. പക്ഷേ പേരറിയില്ല. ഇത്രയും അടുപ്പമുള്ള ഒരാളോട് പേരെങ്ങനെ ചോദിക്കുമെന്നായിരിക്കും ധര്‍മസങ്കടം.
ഇവിടെ അങ്ങനെയല്ല, പേരുകേട്ട കോളേജ് നിലനില്‍ക്കുന്ന സ്ഥലത്തുതന്നെയാണ് മല്‍ബുവിന്റെ വീട്. കൃത്യമായി പറഞ്ഞാല്‍ 200 മീറ്റര്‍ മാത്രം അകലെ. അങ്ങനെയുള്ള ഒരാള്‍ക്ക് നേരിട്ടങ്ങ് മെംബര്‍ഷിപ്പ് കൊടുക്കുകയല്ലാതെ പിന്നെന്തു ചോദിക്കാന്‍.
പക്ഷേ, മല്‍ബുവിനത് പറയാതിരിക്കാന്‍ കഴിഞ്ഞില്ല.
പിന്നെ നിങ്ങളീ പറയുന്ന കോളേജില്‍ ഞാന്‍ പഠിച്ചിട്ടില്ല. നിങ്ങളൊരു യു.പി സ്കൂളിന്റെ അലുംനി തുടങ്ങിയാലേ എനിക്കു ചേരാന്‍ പറ്റൂ.
അലുംനിക്കാര്‍ മൂക്കത്തു വിരല്‍വെച്ചു.
സംശയിക്കേണ്ട. ഞാന്‍ കോളേജില്‍ പഠിച്ചിട്ടില്ല. പിന്നെ ഇതൊക്കെ സ്വപ്രയത്‌നം കൊണ്ട് നേടി. മല്‍ബു പറഞ്ഞുനിര്‍ത്തി.

July 25, 2010

അരി, പപ്പടം, അബായ


പപ്പടം ഉണ്ടാക്കുന്നത് നേരിട്ടു കണ്ടിരുന്നെങ്കില്‍ ഇയാള്‍ ഇത്ര വാശി പിടിക്കുമായിരുന്നില്ല.
ആരെങ്കിലും കണ്ടാല്‍ എന്തൊരു മോശായിത്. ഒരു പപ്പടത്തിനുവേണ്ടി ഇങ്ങനെയുമുണ്ടോ ദുര്‍വാശി?
ഹോട്ടല്‍ കൗണ്ടറിനു മുന്നില്‍ കശപിശ തുടര്‍ന്നപ്പോള്‍ മല്‍ബുവിന്റെ കമന്റ്.
കേട്ടിരുന്നയാള്‍ പപ്പടപ്രേമിയായിരുന്നതിനാല്‍ അപ്പോള്‍ തന്നെ കിട്ടി വായടപ്പന്‍ മറുപടി.
തീന്‍ മേശയില്‍ പപ്പടം ഇല്ലാത്തതിനാല്‍ ഈ വാദപ്രതിവാദം അപ്പോള്‍ തന്നെ ശമിച്ചുവെങ്കിലും കൗണ്ടറിനു മുന്നിലെ തര്‍ക്കം ടെലിവിഷന്‍ ചാനലുകളിലെ ഉത്തരംമുട്ടിച്ചുകൊണ്ടുള്ള ചര്‍ച്ച പോലെ നീണ്ടു.
പപ്പടം തീര്‍ന്നുപോയി മാഷേ. നാളെ രണ്ടെണ്ണം അധികം എടുക്കാം, ഇന്നൊന്ന് സബൂറാക്ക്.
ഇല്ല, പപ്പടം ഇല്ലാതെ എനിക്കിത് കഴിക്കാന്‍ കഴിയില്ല. ശീലിച്ചുപോയി, അതുകൊണ്ടാ.
മാസത്തില്‍ ഇടപാട് തീര്‍ക്കുന്ന കസ്റ്റമറായതിനാല്‍ ഹോട്ടലുടമ ഒന്നുകൂടി വിനയാന്വിതനായി.
നെയ്‌ച്ചോറല്ലേ സഖാവേ, ഇത് പപ്പടം ഇല്ലാതെയും കഴിക്കാമല്ലോ? വേണമെങ്കില്‍ കുറച്ചുകൂടി അച്ചാറു തരാം.
ആദ്യം മാഷ്, ഇപ്പോള്‍ സഖാവ്. ഞാനിതു രണ്ടുമല്ല. ഞാന്‍ എങ്ങനെ കഴിക്കണമെന്ന് നിങ്ങള്‍ തീരുമാനിക്കേണ്ട. പപ്പടം തന്നേ തീരൂ.
ചോറിനുകൂടെ പപ്പടം എന്റെ അവകാശമാണ്. പപ്പടം കാച്ചാന്‍ അത്രയൊന്നും സമയം വേണ്ടല്ലോ.
ഞാന്‍ എത്രവേണമെങ്കിലും കാത്തുനിന്നോളാം.
ഹോട്ടലുടമ പിന്നെയും അനുനയത്തിനു ശ്രമിച്ചെങ്കിലും പപ്പടമില്ലാതെ എന്തു നെയ്‌ച്ചോറ് എന്ന മല്‍ബുവിന്റെ വാശിക്കു മുന്നില്‍ തോറ്റു.
ജോലിക്കാരനെ വിളിച്ച് കൃത്യം രണ്ട് പപ്പടം കാച്ചി നല്‍കാന്‍ നിര്‍ദേശം നല്‍കി.
ഇത്രയുംനേരം കാത്തുനിന്ന സ്ഥിതിക്ക് പത്ത് പപ്പടമെങ്കിലും തരേണ്ടതായിരുന്നുവെന്നുപറഞ്ഞ്, ഇന്ത്യ-പാക് ചര്‍ച്ച പോലെ വഷളായ രംഗവേദിക്ക് അല്‍പം അയവു വരുത്താന്‍ കസ്റ്റമറായ മല്‍ബു ശ്രമിച്ചെങ്കിലും ഹോട്ടലുടമയായ മല്‍ബു വിട്ടുകൊടുത്തില്ല.
ചോദിച്ചുവാങ്ങിയ അവകാശമല്ലേ, രണ്ടെണ്ണം കഴിച്ചാല്‍ മതി.
കണ്‍സ്യൂമര്‍ ഈസ് ദ കിംഗ്.
ഉപഭോക്തൃ ബോധവല്‍ക്കരണത്തിനുവേണ്ടി നാട്ടില്‍ എന്തെല്ലാം പരിപാടി നടക്കുന്നു. എത്രയെത്ര സൊസൈറ്റികള്‍, സംഘടനകള്‍. പക്ഷേ, പ്രവാസികളെ പോലെ ഉപഭോക്തൃ അവകാശങ്ങളെ കുറിച്ച് ബോധമുള്ളവര്‍ എവിടെയുമുണ്ടാകില്ല. ഉപഭോക്താവ് ശരിക്കും ചക്രവര്‍ത്തി ആകുന്നത് ഇവിടെ തന്നെയാണ്. നാട്ടിലാകുമ്പോള്‍ അതിന്റെ അര്‍ഥം വേറെ. കിംഗിനെ പോലെ സാധനങ്ങള്‍ വാങ്ങി പോകുകയെന്നതാണ് അവിടെ അര്‍ഥം. വിലപേശാന്‍ നിന്നാല്‍ അവിടെ മാനം പോയതുതന്നെ.
പ്രവാസികളാണ് മീന്‍വിലയും കെട്ടിട നിര്‍മാണ തൊഴിലാളികളുടെ കൂലിയും കൂട്ടിയതെന്ന ഒരു ചൊല്ല് നാട്ടില്‍ പാട്ടാണെങ്കിലും ഈയിടെ മീന്‍ വാങ്ങാന്‍ പോയ മല്‍ബു നാണം കെട്ടു മടങ്ങി.
മീന്‍വില കേട്ടപ്പോള്‍ അത് നേര്‍ പകുതിയാക്കിയൊന്നു പറഞ്ഞുനോക്കിയതാ.
മീന്‍കാരി കാര്‍ക്കിച്ചു തുപ്പി.
ഇതെവിടന്നു വരികാ. ഗള്‍ഫിലെന്നും പറഞ്ഞ് ബോംബേലോ മറ്റോ ആയിരുന്നോ. ഈ വിലക്കേ… ഇതില്‍നിന്ന് ഒരു മീന്‍പോലും കിട്ടില്ല. പച്ചക്കറിയും കിട്ടില്ല. പരിപ്പ് വാങ്ങി കഴിച്ചോളൂ.
സുഗന്ധം വിതറി ഗള്‍ഫുകാരന്‍ മീന്‍ വാങ്ങാന്‍ വന്നതോടെ ചുറ്റുമുണ്ടായിരുന്നവര്‍ സ്ഥലം കാലിയാക്കിയതിനാല്‍ മീന്‍കാരിയുടെ ആട്ട് കേള്‍ക്കാന്‍ വേറെ ആരുമില്ലാതിരുന്നത് സമാധാനം.
ബംഗാളികളോടും യെമനികളോടും എത്രകാലം വില പേശിയതാ.
ഒരിക്കലും കേട്ടിട്ടില്ല ഇതുപോലെ ഒരാട്ടെന്നത് സത്യം.
ഏതു സാധനത്തിനായാലും ഒരിക്കലും പറയുന്ന വില കൊടുക്കരുതെന്ന് വിമാനമിറങ്ങി അധിക നാളു കഴിയുന്നതിനു മുമ്പുതന്നെ കൂട്ടുകാരന്‍ ഉപദേശിച്ചിരുന്നുവെങ്കിലും അനുഭവത്തിലൂടെയാണ് ആ പാഠം ശരിക്കും ഉള്‍ക്കൊണ്ടത്.
ഒരിക്കല്‍ മല്‍ബിയോടൊപ്പം അബായ വാങ്ങാന്‍ പോയതായിരുന്നു. പര്‍ദ എന്നു കേള്‍ക്കുമ്പോള്‍ ഹമീദ് ചേന്ദമംഗലൂരും എം.എന്‍. കാരശ്ശേരിയും ചാടി വീഴുന്നതിനാല്‍ മല്‍ബു ഇപ്പോള്‍ അബായ എന്നേ പറയാറുള്ളൂ.
ആദ്യത്തെ കടയില്‍ കയറിയ മല്‍ബി വില കേട്ടു ഞെട്ടി. 190 റിയാല്‍.
ഇതൊരു 80-നു കിട്ടണം.
പിന്നെ, പകുതിയിലേറെ കുറച്ചിട്ടോ?
അതൊക്കെ കിട്ടും. രണ്ടു മൂന്ന് കടകളില്‍ കയറണം. നിങ്ങള് തിരക്ക് കൂട്ടാതിരുന്നാ മാത്രം മതി. ഇത് 80-നു വാങ്ങിയിട്ടേ ഇവിടെനിന്ന് പോകുന്നൂള്ളൂ.
അധികം മെനക്കെടേണ്ട. ഒരു 150-നു കിട്ടുമോന്ന് നോക്കിക്കോ. അതിലധികമൊന്നും കുറയില്ല.
നിങ്ങള് നോക്കിക്കോ. ഇതു 80-നുതന്നെ വാങ്ങും.
കടയില്‍നിന്ന് ഇറങ്ങുമ്പോള്‍ ബംഗാളി തിരിച്ചുവിളിക്കുന്നു.
നൂറ് റിയാല്‍. വേണോ... ബംഗാളി മുറി മലയാളത്തില്‍ മൊഴിഞ്ഞു.
ങും... മല്‍ബി വിടുന്നില്ല. 80 റിയാല്‍.
വേണ്ടെന്നുപറഞ്ഞ് വീണ്ടും ഇറങ്ങാന്‍ തുടങ്ങുന്നതിനുമുമ്പ് ബംഗാളി അബായ കീസിലാക്കി കഴിഞ്ഞിരുന്നു.
കണ്‍സ്യൂമര്‍ ഈസ് ദ കിംഗ് എന്നു പറയുമ്പോള്‍ ഒന്നര റിയാലിന്റെ അരി തിരികെ നല്‍കാന്‍ നാല് റിയാല്‍ ചെലവാക്കിയ മല്‍ബുവിനെ കുറിച്ച് പറയാതെ വയ്യ.
ഒട്ടും വേവുന്നില്ല മാഷേ. ഇത് കണ്ണൂരില്‍ കൊണ്ടുപോയാല്‍ വിവാഹത്തോടൊപ്പമുള്ള ആഭാസത്തിന് ഉപയോഗിക്കാം.
അരികൊണ്ടെന്താ അവിടെ പരിപാടി.
ചക്ക ചുമന്ന്് വിവാഹവേദിയിലെത്തിയ വരന്‍ വധുവിന് വരന്‍ പഴം നല്‍കുന്ന ഏര്‍പ്പാടുണ്ട്. പഴം അരിയില്‍ മുക്കി കൊടുക്കാനാണ് വരന്റെ ചങ്ങാതിമാര്‍ കല്‍പിക്കുക. ഈ അരിയാകുമ്പോള്‍ അതിനു പറ്റിയതാണ്.
ഇതെന്തു മട്ടയാണെന്നാ പറഞ്ഞത്. പാലക്കാടന്‍ മട്ടയെന്നോ? ഇതതൊന്നമല്ല, ഉഗാണ്ടന്‍ മട്ടയോ മറ്റോ ആണ്.
ഇതാ, അരക്കിലോ കാണും. ബാക്കി തിളപ്പിച്ചുപോയി. അതുകൊണ്ട് ഇങ്ങോട്ടെടുത്തില്ല. റിയാലിങ്ങെടുക്ക്.
അല്ല, നിങ്ങളിത് മടക്കിത്തരാനായിട്ടാണോ ഇങ്ങോട്ട് പോന്നത്. കടക്കാരന് അദ്ഭുതം.
അതേ, ബസ് കയറിയിങ്ങ് പോന്നു. നാല് റിയാല്‍ പോയാലെന്താ.
ആളുകളെ ഇങ്ങനെ പറ്റിക്കാന്‍ പാടില്ലല്ലോ?
കണ്‍സ്യൂമര്‍ ഈസ് ദ കിംഗ്.


Related Posts Plugin for WordPress, Blogger...