Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

May 29, 2011

അവസാനത്തെ ന്യായം

ഫീസ് കുറക്കണമെന്ന് ആവശ്യപ്പെടുന്നവരെ വേണമെങ്കില്‍ സ്കൂളില്‍നിന്ന് പുറത്താക്കാം. നടപ്പുവര്‍ഷം തുടരാന്‍ അനുവദിച്ച് അടുത്ത അധ്യയന വര്‍ഷത്തില്‍ പ്രവേശനം നിഷേധിക്കാം. അന്യായമായ ഫീസ് വര്‍ധന പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ക്ക് നേതൃത്വം നല്‍കുന്നവരുടെ മക്കളെ വേണമെങ്കില്‍ നോട്ടപ്പുള്ളികളാക്കി പീഡിപ്പിക്കാം.
അങ്ങനെയങ്ങനെ മല്‍ബുവിന്റെ സംശയങ്ങള്‍ നിരവധിയായിരുന്നു.
ഇതൊന്നും വെറും സംശയങ്ങളല്ല. പല സ്കൂളുകളിലുമുണ്ടായ തിക്താനുഭവങ്ങള്‍.
അതുകൊണ്ട് തന്നെ ഒരു മാസത്തെ ഫീസ് അടക്കരുതെന്നും ഭൂരിഭാഗം രക്ഷിതാക്കളും ഫീസടക്കാതെ പിന്‍വലിഞ്ഞാല്‍ സ്കൂള്‍ അധികൃതര്‍ കീഴടങ്ങുമെന്നും വര്‍ധിപ്പിച്ച ഫീസ് അല്‍പമെങ്കിലും കുറക്കുമെന്നുമുള്ള വാദവും മല്‍ബുവിനു ദഹിച്ചില്ല.
മാസം അവസാനിക്കുന്നതിനുമുമ്പ് ഫീസടച്ചില്ലെങ്കില്‍ ഒരു ദിവസം ഒരു റിയാല്‍ വീതമാണ് പിഴ. ഈ തുക കൂടിക്കൂടി വന്നാല്‍  താരതമ്യേന കുഴപ്പമില്ലാത്ത ഈ സമരമാര്‍ഗം കണ്ടുപിടിച്ചവര്‍ അതു നല്‍കുമോ എന്നായി മല്‍ബുവിന്റെ ചോദ്യം.
ഭൂരിഭാഗം രക്ഷിതാക്കളും ഫീസില്ലാ സമരത്തില്‍ അണിചേര്‍ന്നാല്‍ സ്കൂള്‍ അധികൃതര്‍ക്ക് ഒരു ചുക്കും ചെയ്യാന്‍ കഴിയില്ലെന്ന് സംഘാടകര്‍ പറഞ്ഞപ്പോള്‍ മല്‍ബുവിന് പിന്നെയുമുണ്ടായി സംശയം.
പിഴയൊന്നുമില്ലാതെ ഫീസ് അടക്കാന്‍ അവസരം ലഭിച്ചാലും സമരത്തിന്റെ ഭാഗമായി കാലതാമസം വരുത്തിയതിന് കുട്ടിയെ ആ കണ്ണിലൂടെ കണ്ടാലോ? ഏപ്രില്‍ മാസത്തെ ഫീസടക്കാത്ത കുട്ടികളുടെ പേരുവെട്ടുമെന്ന് അധ്യാപകര്‍ ഭീഷണിപ്പെടുത്തിത്തുടങ്ങിയെന്നാണ് കേള്‍വി.
കുട്ടികളെ മാത്രമല്ല, കുഴപ്പക്കാരായ രക്ഷിതാക്കളേയും ആ കണ്ണിലൂടെ കാണുമെന്ന ഭീഷണിയാണ് പിന്നീട് മല്‍ബുവിനു വായിക്കേണ്ടിവന്നത്. സ്കൂള്‍ മാനേജ്്‌മെന്റിനെ ഭീഷണിപ്പെടുത്തുന്നതിന് രക്ഷിതാക്കള്‍ക്ക് ഇങ്ങനെ സംഘടിക്കാന്‍ അവകാശമില്ലെന്നും അങ്ങനെ കൂട്ടായ്മയുടെ ബലത്തില്‍ വിലപേശാനും കുഴപ്പങ്ങളുണ്ടാക്കാനും തുനിഞ്ഞാല്‍ തടി കേടാവുമെന്നുമായി മറുഭീഷണി.
ന്യായം ഇത്തിരി കടുപ്പത്തില്‍ തന്നെയാണ്. പണിയെടുക്കാന്‍ വന്ന ഇവിടെ സംഘം ചേരാന്‍ അവകാശമില്ല എന്ന യാഥാര്‍ഥ്യവും ഓര്‍മിപ്പിച്ചു. കൂട്ടായ്മയുടെ ലക്ഷ്യവും മാര്‍ഗവും വിശദീകരിക്കാന്‍ നിര്‍ബന്ധിതരായ സംഘാടകര്‍ പക്ഷെ, സ്കൂള്‍ നടത്തിക്കൊണ്ടുപോകാന്‍ കുറച്ചു പേരടങ്ങുന്ന കമ്മിറ്റി രൂപീകരിക്കാമോ, അധ്യാപക-രക്ഷാകര്‍തൃ കൂട്ടായ്മ ഉണ്ടാക്കുന്നതു നിയമവിരുദ്ധമല്ലേ എന്നൊന്നും ചോദിച്ചു കണ്ടില്ല.
ഫീസ് കുറക്കാന്‍ സമ്മര്‍ദം ചെലുത്താന്‍ പോയവര്‍ എന്തു നേടിയെന്ന ചോദ്യത്തിനു പാവങ്ങള്‍ക്ക് ഫീസിളവുണ്ടെന്ന വിവരം അറിയാന്‍ കഴിഞ്ഞുവെന്നാണ് മറുപടി. രണ്ടായിരം റിയാല്‍ മാത്രം ശമ്പളമുള്ളവര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് സാക്ഷ്യപ്പെടുത്തിയ ശമ്പള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ഫീസിളവ് ലഭിക്കും. വര്‍ഷങ്ങളായി സ്കൂളില്‍ നിലവിലുള്ള കണ്‍സഷനാണിതെന്നും മറ്റു സംസ്ഥാനക്കാരായ രക്ഷിതാക്കള്‍ പ്രയോജനപ്പെടുത്തുന്നതാണെന്നും അറിയുമ്പോള്‍ ഇതില്‍ പുതുമയില്ല. രണ്ടായിരം റിയാല്‍ ശമ്പളമുള്ളവര്‍ക്ക് ഫാമിലി വിസ കിട്ടുമോ, കിട്ടിയാല്‍ തന്നെ അതുകൊണ്ട് ഫഌറ്റ് വാടകയും ഫീസും നല്‍കാനാകുമോ എന്നതുവേറെ ചോദ്യം.
ശമ്പളം വര്‍ധിപ്പിക്കാതെ നല്ല അധ്യാപകരെ പിടിച്ചുനിര്‍ത്താനാകില്ലെന്നും ശമ്പളം കൂട്ടാന്‍ ഫീസ് വര്‍ധിപ്പിക്കാതെ നിര്‍വാഹമില്ലെന്നും അധികൃതര്‍ പറയുമ്പോള്‍, ശമ്പളം വര്‍ധിപ്പിച്ചതിനുശേഷമല്ലാതെ ഫീസ് കുറക്കണമെന്ന ആവശ്യവുമായി സ്കൂളിന്റെ പടി കയറരുതെന്ന് അധ്യാപകരും അനധ്യാപകരും അപേക്ഷിക്കുമ്പോള്‍ മല്‍ബു ആശയക്കുഴപ്പത്തിലാകുന്നു.
വര്‍ധിപ്പിച്ച ഫീസ് ഒരു തരത്തിലും കുറക്കാനാവില്ലെന്ന് സ്കൂള്‍ അധികൃതര്‍ തറപ്പിച്ചു വ്യക്തമാക്കിയ സ്ഥിതിക്ക്  ഈ ആവശ്യം ഉന്നയിക്കുന്നതിനു രൂപീകരിക്കപ്പെട്ട കൂട്ടായ്മകള്‍ പിരിച്ചുവിടേണ്ടതില്ല. അവര്‍ക്ക് പുതിയ ഒരു ദൗത്യം ഏറ്റെടുക്കാവുന്നതാണ്.
മുദ്രാവാക്യം ഇങ്ങനെയാകാം.
ടീച്ചര്‍മാര്‍ വീട്ടിലെ ട്യൂഷന്‍ ഫീസ് കുറയ്ക്കണം.
അധ്യാപകര്‍ക്ക് വീട്ടിലെ വിശ്രമവേള ആനന്ദകരമാക്കാവുന്ന വിധത്തിലുള്ള ശമ്പളം സ്കൂളില്‍നിന്ന് നല്‍കിയാലേ സ്വകാര്യ ട്യൂഷന്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെടാനൊക്കൂ. തല്‍ക്കാലം മല്‍ബുവിന് ഫീസ് കുറയ്ക്കാന്‍ ആവശ്യപ്പെടുകയേ നിര്‍വാഹമുള്ളൂ.
ചുരുങ്ങിയത് ഒരു കുട്ടിയെങ്കിലും ട്യൂഷനു പോകുന്ന ക്ലാസുകള്‍ മുതല്‍ എല്ലാ കുട്ടികളും സ്വകാര്യ ട്യൂഷനു പോകുന്ന ക്ലാസുകളാണ് ഇന്ത്യന്‍ സ്്കൂളിന്റെ മുഖമുദ്ര.
സ്്കൂളില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ തന്നെയാണ് വീട്ടിലും കുട്ടികളെ പഠിപ്പിക്കുന്നത്. സ്കൂളിലെ ക്ലാസില്‍ വായ തുറക്കാത്ത അധ്യാപകര്‍ വീട്ടില്‍ നന്നായി വായ തുറക്കുമെന്ന് കുട്ടികളുടെ സാക്ഷ്യം.

May 22, 2011

ചിറകില്ലാത്ത വിമാനം

പാലത്തിനു ചുവട്ടില്‍ പറന്നിറങ്ങിയ വിമാനത്തില്‍ കയറാന്‍ തിക്കും തിരക്കും. എയര്‍ ബസുമായി വന്നയാള്‍ എല്ലാവരോടും കയറാന്‍ പറയുന്നുണ്ട്. പക്ഷേ, അദ്ദേഹം ആരാണെന്നു വ്യക്തമല്ല. ഖദറാണ് വേഷം. മുസ്‌ലിമാണോ, ക്രിസ്ത്യാനിയാണോ, തിയ്യനാണോ, നായരാണോ, നാടാരാണോ ഒന്നും മനസ്സിലാകുന്നില്ല. ആള്‍ക്കൂട്ടത്തില്‍ ആരോ കനമുള്ള ഷൂ കൊണ്ട് കാലിലെ മുറിവില്‍ ചവിട്ടിയ വേദന കൊണ്ട് പുളഞ്ഞാണ് മല്‍ബു ഞെട്ടിയുണര്‍ന്നത്. ഇടത്തെ കാലിലെ മുറിവ് തപ്പി നോക്കിയെങ്കിലും കണ്ടില്ല. മറ്റേ കാലിലായിരിക്കുമെന്ന് കരുതി വലതുകാലിലും തപ്പി. മുറിവ് അപ്രത്യക്ഷമായിരിക്കുന്നു.
ബാച്ചിലേഴ്‌സ് മുറിയില്‍ ചുറ്റുഭാഗത്തുനിന്ന് ഒന്നു രണ്ടുപേരുടെ കൂര്‍ക്കംവലി ശബ്ദമാണ് മല്‍ബുവിനെ സ്വബോധത്തിലേക്ക് കൊണ്ടുവന്നത്. കാലില്‍ ചവിട്ടേറ്റെങ്കിലും അതൊരു മധുരമുള്ള സ്വപ്നമായിരുന്നു. നേരം പുലരാറായിരിക്കുന്നു.
വിമാനം ഒരു തവണ മാത്രമേ ജീവിതത്തില്‍ അടുത്തുനിന്ന് കണ്ടിട്ടുള്ളൂ. തൊട്ടും കയറിയും അനുഭവിച്ചറിഞ്ഞിട്ടുള്ളൂ. ആറ് വര്‍ഷം മുമ്പായിരുന്നു അത്. സ്വപ്നങ്ങളും പ്രതീക്ഷകളുമായുള്ള  ആ യാത്ര ഇങ്ങനെയായി തീരുമെന്ന് ഒരിക്കലും നിനച്ചിരുന്നില്ല.
ഇന്നു വരും നാളെ വരുമെന്ന് കരുതി കാത്തിരിക്കുന്ന മല്‍ബിയേയും മക്കളേയും നിരാശപ്പെടുത്തിക്കൊണ്ട് വര്‍ഷം ആറ് പിന്നിട്ടു. വിമാനങ്ങളുടെ ശബ്ദം കേള്‍ക്കുമ്പോള്‍ തന്നെ കൊണ്ടുപോകാന്‍ താഴ്ന്നിറങ്ങുകയാണെന്ന് പലപ്പോഴും ഉണര്‍ന്നിരിക്കുമ്പോഴും തോന്നാറുണ്ട്.
ആയിരങ്ങള്‍ അകപ്പെട്ട ഹുറൂബിന്റെ കുരുക്ക് അഴിഞ്ഞു കിട്ടാതെ ഇനി നാട്ടിലേക്ക് മടങ്ങാനാവില്ല. തന്നെ പോലെ നിരാശരായി കഴിയുന്നവരുടെ സങ്കടങ്ങള്‍ ഏറ്റുവാങ്ങുന്ന ജിദ്ദയിലെ കന്ദറപ്പാലം കാണാനിറങ്ങും ചിലപ്പോള്‍. ഹുറൂബുകാര്‍ക്ക് അനുഗ്രഹമാകുന്ന പുതിയ വാര്‍ത്തകള്‍ തേടിയുള്ള യാത്രയില്‍ അവിടെനിന്ന് പുതിയ സങ്കടക്കഥകള്‍ കേട്ടുകൊണ്ടുള്ള കണ്ണീരുമായാണ് മടങ്ങുക. ഇടക്കാലത്ത് വലിയ പ്രതീക്ഷ നല്‍കിയ വാര്‍ത്തകളും പൊയ്‌വെടികളായി അവസാനിച്ചു. മന്ത്രിയുടെ വരവും കൂടിക്കാഴ്ചയും പൊതുമാപ്പില്‍ ഹുറൂബുകാര്‍ക്കും പ്രതീക്ഷുണ്ടെന്ന വാര്‍ത്തകളും അതിന്റെ അവകാശവാദങ്ങളുമൊക്കെ അവസാനിച്ചു.
പുലര്‍കാലത്ത് കാണുന്ന സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാകുമെന്നും ഇല്ലെന്നും പറയുന്നവരുണ്ട്.
ഖദര്‍ധാരിയായ ഒരാളെ എയര്‍ബസുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അയക്കുമെന്ന് വ്യാഖ്യാനിക്കാനാണ് മല്‍ബുവിന് ഇഷ്ടം. അയാള്‍ ഏതു ജാതിക്കാരനായാലും കൊള്ളാം.
മന്ത്രിസഭയിലെ ജാതി സമവാക്യം പൂര്‍ത്തിയാകാന്‍  ഉമ്മന്‍ ചാണ്ടിക്കും കോണ്‍ഗ്രസിനും വേണമെങ്കില്‍ ഒരു ഹുറൂബ് മന്ത്രിയെ നിശ്ചയിക്കാമായിരുന്നു. മന്ത്രപ്പട്ടിക ആയ സ്ഥിതിക്ക് ഇനിയതിനു വഴിയില്ല.
പാവങ്ങളുടെ നോവറിയുന്നതില്‍ മറ്റാരേക്കാളും മുന്നിലാണ് ഉമ്മന്‍ ചാണ്ടി. അദ്ദേഹത്തിന്റെ ജീവകാരുണ്യ ഹസ്തം അനുഭവിച്ചറിഞ്ഞവരാണ് പ്രവാസികള്‍. നാല് യുവാക്കളുടെ വധശിക്ഷ ഒഴിവായിക്കിട്ടാന്‍ പണം കണ്ടെത്തുന്നതില്‍ ഉമ്മന്‍ ചാണ്ടി  വിജയിച്ചത് മറക്കാറായിട്ടില്ല.
ആള്‍ക്കൂട്ടത്തില്‍ ഒരുവനായി അവരുടെ ആവലാതികള്‍ക്കും പരാതികള്‍ക്കും ചെവിയും മനസ്സും നല്‍കി ജീവിക്കുന്ന ഉമ്മന്‍ ചാണ്ടിക്ക് ഹുറൂബുകാരെ വിസ്മരിക്കാനാവില്ല. അവരുടെ നോവും അദ്ദേഹം അറിഞ്ഞിട്ടുണ്ട്.
പുതിയ മന്ത്രിസഭയില്‍ പ്രവാസികാര്യ വകുപ്പുണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. അതു പേരിനൊരു വകുപ്പായി മാറാതിരിക്കാന്‍ മല്‍ബുകള്‍ക്ക് എന്തു ചെയ്യാനാകും എന്നതാണ്  പ്രധാനം.  ഏറ്റവും കൂടുതല്‍ പ്രവാസികള്‍ ഹുറൂബ് ദുരിതം അനുഭവിക്കുന്ന  സൗദിയിലേക്കായിരിക്കണം ഈ വകുപ്പിന്റെ ആദ്യശ്രദ്ധ എന്ന കാര്യത്തില്‍ ലഡുവും പായസവും വിതരണം ചെയ്ത് ഉമ്മന്‍ ചാണ്ടിയുടെ അരങ്ങേറ്റം ആഘോഷിച്ചവര്‍ക്കോ വി.എസിനു ഭരണത്തുടര്‍ച്ച ലഭിക്കാത്തതില്‍ നിരാശപൂണ്ടവര്‍ക്കോ സംശയമില്ല.
മല്‍ബുവിന്റെ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ കേവലമൊരു മന്ത്രിയെക്കൊണ്ട് സാധ്യമാവില്ലെന്നത് അനുഭവം. അതുകൊണ്ട് വി.എസ്. സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റി കൈവിടാതിരിക്കാന്‍ ചെയ്തതു പോലെ ലോബിയിംഗിനു പറ്റുന്ന ഒരാളെ ഹുറൂബ് ചുമതല ഏല്‍പിക്കാവുന്നതാണ്. അയാളെ മധ്യസ്ഥനെന്നോ ദൂതനെന്നോ എന്തുവേണമെങ്കിലും വിളിക്കാം. വേണമെങ്കില്‍ പ്രവാസികളില്‍നിന്ന് ശേഖരിക്കുന്ന പണത്തിന്റെ വലിയ ഒരു കിഴി സമ്മാനിക്കുകയുമാവാം. 

May 15, 2011

മനസ്സിലൊരു ലഡു പൊട്ടി

ലഡു തീറ്റ മല്‍ബുവിന് ഒരിക്കലും മറക്കാനാവാത്ത അനുഭവമായത് ഈ തെരഞ്ഞെടുപ്പിലല്ല. ഇതിനു മുമ്പ് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലോ അതിനു മുമ്പ് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലോ അല്ല. കൃത്യം അഞ്ച് വര്‍ഷം മുമ്പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലായിരുന്നു അത്.
അന്നാണ് ജീവിതത്തില്‍ ആദ്യമായി ചുകപ്പ് ലഡു കഴിച്ചത് എന്നതു കൊണ്ടു മാത്രമല്ല, അതിനു ശേഷം കൃത്യം അഞ്ച് നാള്‍ ജോലിക്കു പോകാതെ മുറിയിലിരിക്കേണ്ടിവന്നു എന്നതിനാല്‍ കൂടിയാണ് അതൊരു ദുരനുഭവമായി മനസ്സില്‍ തങ്ങിനില്‍ക്കുന്നത്.
യഥാര്‍ഥത്തില്‍ ചുകപ്പന്‍ ലഡു തിന്നാന്‍ മല്‍ബു അര്‍ഹനായിരുന്നില്ല. പക്ഷെ, അന്നത്തെ തെരഞ്ഞെടുപ്പില്‍ ചുറ്റുപാടും വാരി വിതറിയിരുന്നത് ചുകപ്പ് ലഡുവായിരുന്നു. വേണ്ട, വേണ്ട എന്നു പറഞ്ഞെങ്കിലും തൊട്ടടുത്ത മുറിയില്‍ താമസിക്കുന്ന നാട്ടുകാരായ സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ചു തീറ്റിക്കുകയായിരുന്നു.
തിന്നാതെ അനങ്ങാന്‍ വിടില്ല എന്ന് അവര്‍ അന്ത്യശാസനം നല്‍കിയപ്പോള്‍ ഒന്നിനു പിറകെ ഒന്നായി അഞ്ച് ചുകപ്പന്‍ ലഡു അകത്താക്കി. സ്വയം സന്നദ്ധനായി അവ തിന്നില്ലെങ്കിലും തന്റെ വയറ്റില്‍ അവ എത്തിക്കുന്നതിന് കൂട്ടുകാര്‍ തീരുമാനിച്ചുറപ്പിച്ചിരുന്നു.
നാട്ടിലായിരുന്നെങ്കില്‍ രാഷ്ട്രീയ എതിരാളികള്‍ നിര്‍ബന്ധിച്ച് ലഡു തീറ്റിച്ചു എന്നൊക്കെ പറഞ്ഞ് ഒരു സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചെടുക്കാവുന്ന കോപ്പൊക്കെ ഉണ്ടായിരുന്നു. പ്രവാസ ലോകത്തായതിനാല്‍ അതൊരു തമാശയായി എടുക്കാന്‍ സാധിച്ചു. രാഷ്ട്രീയ ഭിന്നതയും വാഗ്വാദങ്ങളുമൊക്കെ ഉണ്ടെങ്കിലും പരദേശത്ത് അതിന്മേലെല്ലാം സൗഹൃദത്തിന്റെ മധുരമുണ്ട്. അന്നും ഉണ്ടായിരുന്നു, ഇന്നുമുണ്ട്. അന്യനാട്ടില്‍ വന്ന് കഷ്ടപ്പെടുന്നവര്‍, ഒരേ മുറിയില്‍ അടുത്തടുത്ത് കിടക്കുന്നവര്‍, ദീര്‍ഘ പ്രവാസത്തിന്റെ ഫലമായി വന്നുചേര്‍ന്ന അസുഖങ്ങളുമായി മല്ലിടുന്നവര്‍.. ഇവര്‍ക്കൊക്കെയും കക്ഷിരാഷ്ട്രീയത്തിന് അതീതമായി ആവശ്യമുള്ളത് അനുകമ്പയുടേയും സ്‌നേഹത്തിന്റെയും ലഡു തന്നെ.
അഞ്ച് ലഡു തിന്നത് അഞ്ച് ദിവസം കിടപ്പിലാകാന്‍ കാരണമാകുമെന്ന് ചുകപ്പ് ലഡു ഉണ്ടാക്കിയവരോ അതു വിതരണം ചെയ്തവരോ കരുതിക്കാണില്ല. വയറില്‍ ഇത്തിരി ഡിംഗോല്‍പിയായി തുടങ്ങിയത് ഡെങ്കിപ്പനിയെന്ന സംശയത്തിലേക്കുവരെ നീണ്ടു പോയി. ചുകപ്പിനോട് വിരോധമുള്ളവര്‍ ലഡുവില്‍ മറ്റെന്തോ കലര്‍ത്തി നല്‍കിയോ എന്നുവരെ ചില ദോഷൈകദൃക്കുകള്‍ പറഞ്ഞു.
പകര്‍ച്ചപ്പനിയെന്ന കാരണം പറഞ്ഞ് സ്വന്തം മുറിയിലുള്ളവര്‍ ഒറ്റപ്പെടുത്തിയപ്പോള്‍, വിദഗ്ധനായ വേറൊരു ഡോക്ടറെ കാണാനും ഡെങ്കിയോ എലിപ്പനിയോ അല്ലെന്നു ഉറപ്പുവരുത്താനും കൂടെ ഉണ്ടായിരുന്നത് ചുകപ്പന്‍ ലഡു തീറ്റിച്ച സുഹൃത്തുക്കള്‍ തന്നെയായിരുന്നു.
ആ സംഭവത്തിനുശേഷം തികഞ്ഞ ഒരു ലഡു വിരുദ്ധനായി മാറി മല്‍ബു. നിര്‍ദോഷമെന്നു കരുതി പ്രമേഹ രോഗികള്‍ പോലും വാരിവലിച്ചു തിന്നുന്ന മഞ്ഞ ലഡു പോലും പിന്നീടൊരിക്കലും കഴിച്ചിട്ടില്ല.
തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ മാത്രമല്ലല്ലോ ലഡു വിതരണം. ബ്രോസ്റ്റ് വിതരണം ചെയ്ത് സന്തോഷിക്കേണ്ട വേളകളില്‍ പോലും ലഡുവിലൊതുക്കുന്നു ചിലര്‍. എന്നാലും കടും വര്‍ണങ്ങളുള്ള ലഡുവിന്റെ രംഗപ്രവേശത്തിനു തെരഞ്ഞെടുപ്പു തന്നെ വരണം. ലഡുവില്‍ മാത്രമല്ല, പായസങ്ങളിലും പാര്‍ട്ടികളുടെ നിറം ചേര്‍ക്കപ്പെടുന്നു.
ആശുപത്രിക്കരികില്‍ ലഡു വിതരണം ചെയ്യുകയായിരുന്നു ഒരാള്‍.
മല്‍ബു അയാളോടു പറഞ്ഞു:
വേറെ വല്ലതും വിതരണം ചെയ്തുകൂടേ? കളറു ചേര്‍ത്ത ഈ മാരണം തന്നെ വേണോ? അനുഭവത്തീന്നു പറയാട്ടോ. കളറു ചേര്‍ക്കുന്ന ലഡു ആരോഗ്യത്തിനു വലിയ കേടാണ്.  നോക്കിയേ, ഒന്നല്ല, മൂന്ന് കളറാണ് ഇതില്‍ ചേര്‍ത്തിരിക്കുന്നത്. 
മല്‍ബുവിന്റെ ചോദ്യം അത്ര പിടിച്ചില്ലെങ്കിലും അയാള്‍ മറുപടി നല്‍കി.
ഇനിയിപ്പോള്‍ ഒരു ലഡു തിന്നിട്ട് ആരോഗ്യം കേടാകാന്‍. വലിയ ആരോഗ്യത്തോടെയാണല്ലോ ഓരോരുത്തരും ഇവിടെ ജീവിക്കുന്നത്. ദേ നോക്കിയേ, ആശുപത്രിയിലെ തിരക്ക് കണ്ടോ?
എന്നാലും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഡു തിന്നിട്ട് അഞ്ച് ദിവസാ ഞാന്‍ കിടപ്പിലായത്. അനുഭവാണല്ലോ ഏറ്റവും നല്ല ഗുരു. ഞാനിത് കഴിക്കാറില്ല -മല്‍ബു പറഞ്ഞു.
ബോക്‌സിലെ ലഡു കാലിയായിക്കൊണ്ടിരിക്കെ അയാള്‍ മറുപടി നല്‍കി: ഇതിലപ്പുറം എന്തു വിതരണം ചെയ്യാനാണ്? ഇതു തന്നെ ധാരാളം. തെരഞ്ഞെടുപ്പില്‍ കഷ്ടിച്ച് കയ്ച്ചിലായ്ട്ടല്ലേയുള്ളൂ.  പിന്നെ ഇതു സ്‌പോണ്‍സര്‍ ചെയ്തത്ു ആശുപത്രിക്കാരാണ്.
ഓഹോ, അപ്പോള്‍ അടുത്തുതന്നെ സൗജന്യ പ്രമേഹ നിര്‍ണയ ക്യാമ്പും ഇവരെക്കൊണ്ട് സ്‌പോണ്‍സര്‍ ചെയ്യിക്കാം.

May 8, 2011

അല്‍പം ക്യൂ പുരാണം

നീണ്ട ക്യൂ കണ്ടാല്‍ ഉടന്‍ അവിടെ നിന്നേക്കണം. കാര്യമൊക്കെ പയ്യെ അന്വേഷിച്ചാല്‍ മതി. ഒരു സാദാ ക്യൂവിന്റെ നീളം ഇരട്ടിയാകാന്‍ നിമിഷങ്ങള്‍ വേണ്ട. കാര്യമൊക്കെ അന്വേഷിച്ച് നില്‍ക്കാന്‍ പോകുമ്പോഴേക്കും വരിയുടെ അവസാനത്തിലായിരിക്കും സ്ഥാനം.
കാര്യമൊന്നുമില്ലാത്ത ക്യൂവിലാണ് നിന്നതെങ്കിലും പ്രയാസപ്പെടാനില്ല. അവിടേയുമുണ്ട് അവസരങ്ങള്‍. ഒന്നുകില്‍ വയ്യാത്ത ഒരാള്‍ക്ക് തന്റെ സ്ഥാനം നല്‍കി ഒരാളെ സാഹയിച്ചുവെന്ന സംതൃപ്തിയോടെ വീട്ടിലേക്ക് മടങ്ങാം. അല്ലെങ്കില്‍ ക്യൂവിലെ സ്ഥാനം അത്യാവശ്യക്കാരന് കൈമാറി ചില്ലറയൊപ്പിക്കാം.
നാട്ടില്‍ സിനിമാ തിയേറ്ററുകളിലും പാസ്‌പോര്‍ട്ട് ഓഫീസുകളിലും മാത്രമല്ല, മദ്യഷാപ്പുകളില്‍ പോലുമുണ്ട് ഈ ക്യൂ വ്യാപാരം.
വരിയുടെ കാലം പോയി ഇപ്പോള്‍ എല്ലായിടത്തും ടോക്കണ്‍ വന്നല്ലോ എന്നു വിചാരിച്ചാലും വ്യാപാര സാധ്യത അവസാനിക്കുന്നില്ല. ആദ്യമേ പോയി അഞ്ചും പത്തും ടോക്കണ്‍ മുറിച്ചെടുത്ത് കാത്തുനില്‍ക്കുന്നവരുണ്ട്.
സ്ഥിരമായി ബാങ്കില്‍ പോകുന്ന ജോലിയുള്ള ഒരു മല്‍ബു എപ്പോഴും മൂന്ന് ടോക്കണ്‍ എടുത്തുവെക്കും. വലിയ ബുദ്ധിമുട്ടൊന്നുമില്ലല്ലോ. ബട്ടണ്‍ അമര്‍ത്തിയല്‍ ടോക്കണ്‍ ഇങ്ങു പോന്നോളും. എത്ര ടോക്കണ്‍ എടുക്കുന്നു എന്നൊന്നും ആരും നോക്കാനുമില്ല.
ഒരു ടോക്കണ്‍ പോരേ, എന്തിനാ ഇഷ്ടാ അധികം എന്നു ചോദിച്ചാല്‍ മല്‍ബുവിനു മറുപടിയുണ്ട്. ചിലപ്പോള്‍ നമ്മുടെ കൈയില്‍നിന്ന് ടോക്കണ്‍ കളഞ്ഞുപോകാം. നമ്പര്‍ അനൗണ്‍സ് ചെയ്യുമ്പോഴായിരിക്കും ടോക്കണ്‍ തപ്പുക. രണ്ടു വിളി കഴിഞ്ഞാല്‍ കൗണ്ടറിലിരിക്കുന്നയാള്‍ അടുത്ത നമ്പറിലേക്ക് പോകും. നമ്മുടെ വെപ്രാളത്തിലും ചിലപ്പോള്‍ വിളിച്ച നമ്പര്‍ കിട്ടാതെയാകാം. അപ്പോള്‍ കയ്യില്‍ സ്‌റ്റോക്കുള്ള രണ്ടാമത്തെ നമ്പര്‍ തുണ.
ഇനി മൂന്നെണ്ണത്തില്‍ ആദ്യത്തേതു തന്നെ യൂസ് ചെയ്താല്‍ തിരികെ ഇറങ്ങുമ്പോള്‍ ഏതെങ്കിലും സുഹൃത്ത് ഉണ്ടോ എന്നു നോക്കി ടോക്കണ്‍ സമ്മാനിച്ച് അയാളുടെ സ്‌നേഹം നേടാം. പരിചയക്കാര്‍ ഇല്ലെങ്കില്‍ ഏതെങ്കിലും അപരിചിതനു വെച്ചു നീട്ടി സഹായിക്കാം. ഇതൊന്നുമല്ലെങ്കില്‍ രണ്ടു ടോക്കണ്‍ ചുരുട്ടി വേസ്റ്റ് ബാസ്കറ്റിലേക്കിട്ടാലും മതി. ആര്‍ക്കും നഷ്ടമില്ല. കൗണ്ടറിലിരിക്കുന്നയാള്‍ രണ്ടു തവണ വെറുതെ ബട്ടണ്‍ ഞെക്കണമെന്നു മാത്രം. രണ്ട് നമ്പറുകള്‍ക്കുശേഷമുള്ള നമ്പറുകാരന് വെപ്രളമില്ലാതെ, കൗണ്ടറിലെത്താന്‍ സാവകാശം ലഭിക്കുന്നുവെന്ന മെച്ചവുമുണ്ട്.
എയര്‍പോര്‍ട്ടിനു പുറത്ത് ക്യൂ നില്‍ക്കുകയായിരുന്നു കുറെ മല്‍ബുകള്‍. പുറത്ത് എന്നു പറഞ്ഞാല്‍ പറുത്തു തന്നെ. ജിദ്ദ എയര്‍പോര്‍ട്ട്  കെട്ടിടത്തിനും പുറത്ത്. വലിയ ഭാണ്ഡങ്ങളുമായി പല ദേശക്കാരും കൂളായി കയറിപ്പോകുന്നു. കാത്തുനില്‍ക്കുന്ന മല്‍ബുവിന്റെ നേരെ നോക്കി ഇളിച്ചുകാട്ടി പോകുന്നു അയല്‍ ദേശക്കാര്‍. കുഞ്ഞുകുട്ടികളുമായും ലഗേജുമായും മല്‍ബുകള്‍ നിന്നു തളരുന്നു.
പത്തും ഇരുപതും മിനിറ്റു കൂടുമ്പോള്‍ സെക്യൂരിറ്റിക്കാരന്‍ വന്ന് അഞ്ച് പേരെ എയര്‍പോര്‍ട്ടിനകത്തേക്ക് കടത്തി വിടും. അതിലുള്‍പ്പെടാന്‍ മൂന്ന് വരികളിലായി നിന്നുമുഷിഞ്ഞ മല്‍ബുകള്‍ മത്സരിക്കുന്നു. അപ്പോഴേക്കും അതാ രണ്ട് വലിയ ഓഫീസര്‍മാര്‍ വന്ന് മല്‍ബുകള്‍ കാത്തുനില്‍ക്കുന്നിടം വഴിയാണെന്നും പറഞ്ഞ് കുറേക്കൂടി ദൂരേക്ക് ഓടിക്കുന്നു. ഓട്ടത്തിനിടയില്‍ ആദ്യം നിന്നവര്‍ അവസാനക്കാരായി മാറിയപ്പോള്‍ എയര്‍ ഇന്ത്യക്കെതിരെ രോഷം ഇരട്ടിയായി. കോഴിക്കോട്ടേക്ക് പറന്ന് മല്‍ബുവിന്റെ ശാപം നേടിയ എയര്‍ ഇന്ത്യ.
എന്താ ഇതു കഥ. എയര്‍പോര്‍ട്ടിനും പറുത്തും തുടങ്ങിയോ മല്‍ബുകള്‍ക്ക് പീഡനം.
വിമാനം പുറപ്പെടേണ്ട സമയമായിട്ടും എയര്‍ ഇന്ത്യാ കൗണ്ടറില്‍ മൂന്ന് ജീവനക്കാരേയുള്ളൂ. ബാക്കിയുള്ളവര്‍ ഹജ് ടെര്‍മിനലില്‍ ഉംറക്കാര്‍ക്ക് സേവനം നല്‍കാന്‍ പോയതാ. യാത്രക്കാരെ കൊണ്ട് എയര്‍പോര്‍ട്ടിനകം നിറഞ്ഞപ്പോള്‍ എയര്‍ ഇന്ത്യാ അധികൃതര്‍ക്ക് എയര്‍പോര്‍ട്ട് മേധാവികളില്‍നിന്ന് കിട്ടിയ വീക്കിന്റെ ഫലമാണ് മല്‍ബുകള്‍ എയര്‍പോര്‍ട്ടിനു പുറത്ത് കാത്തുനിന്ന് കാലുതളര്‍ന്ന് അനുഭവിച്ചു തീര്‍ക്കുന്നത്. ജംബോ വിമാനമാകുമ്പോള്‍ ജംബോ ക്യൂ കൂടി വേണമല്ലോ. വിമാന സമയങ്ങളിലെ മാറ്റം യാത്രക്കാരെ അറിയിച്ച് അവരുടെ തിക്കും തിരക്കും കാത്തുനില്‍പും എന്തുകൊണ്ട് കുറയ്ക്കുന്നില്ലെന്ന എയര്‍പോര്‍ട്ട് അധികൃതരുടെ ചോദ്യത്തിന് ഒരു മറുപടിയും എയര്‍ ഇന്ത്യക്ക് നല്‍കാനില്ല.
ക്യൂ പുരാണം ഇവിടെയും അവസാനിക്കുന്നില്ല.
പോസ്റ്റ് ഓഫീസുകള്‍ക്കു മുന്നില്‍ നീണ്ട ക്യൂകള്‍ പ്രത്യക്ഷപ്പെട്ടത് പത്രങ്ങള്‍ക്ക് തുടര്‍ച്ചയായ വാര്‍ത്തയായി. ഈയിടെ ജിദ്ദയിലുണ്ടായ പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ചവരുടെ അപേക്ഷകള്‍ പോസ്റ്റ് ഓഫീസുകള്‍ വഴി സ്വീകരിക്കുന്നുണ്ടെന്ന വ്യാജ എസ്.എം.എസ് പ്രചരിച്ചതിനെ തുടര്‍ന്നാണ് ആയിരങ്ങള്‍ മക്കാ ഗവര്‍ണറേറ്റിലേക്ക് ടെലിഗ്രാം അയക്കാനായി മണിക്കൂറുകളോളം കാത്തുനിന്നത്.
അവിടെയും കണ്ടു ഒരു മല്‍ബുവിനെ.
ഇതു തട്ടിപ്പാണെന്ന് കേട്ടാല്‍ തന്നെ അറിയാമല്ലോ. എന്നിട്ടും..
ഏയ്  എനിക്കറിയാം തട്ടിപ്പാണെന്ന്. ക്യൂവില്‍നിന്നു കൊടുക്കാന്‍ മാത്രമല്ല, ഇവിടെ ഫോം പൂരിപ്പിച്ചു നല്‍കി ചായക്കാശുണ്ടാക്കാനും ധാരാളം പേരെത്തിയെന്നറിഞ്ഞ് അന്വേഷിക്കാന്‍ വന്നതാണ്. ഒരു സന്ദേശം എഴതി നല്‍കാന്‍ അഞ്ചും പത്തും റിയാല്‍ വാങ്ങിയവരുണ്ട്. നമ്മുടെ പഴയ തൊഴിലാണല്ലോ. നാട്ടിലായിരുന്നപ്പോള്‍ റേഷന്‍ കാര്‍ഡ് അപേക്ഷകള്‍ മാത്രമല്ല, അറബിയിലുള്ള റീ എന്‍ട്രി ഇംഗ്ലീഷിലാക്കി നല്‍കിയിട്ടുമുണ്ട്.
കുറ്റിയറ്റു പോയ ഒരു തൊഴിലാണത്. റീ എന്‍ട്രി ഇംഗ്ലീഷില്‍ പതിച്ചു തുടങ്ങിയതോടെ ട്രാന്‍സ്‌ലേഷന്റെ ആവശ്യം തന്നെ ഇല്ലാതായി.
മല്‍ബുവിനു പോസ്റ്റ് ഓഫീസ് തൊഴില്‍ തുടങ്ങാനായില്ല. അതിനു മുമ്പേ പോലീസ് ക്യൂ നിന്നവരെ വിരട്ടിയോടിച്ചു. 

May 1, 2011

ചുളു വിലയ്‌ക്കൊരു കാര്‍

എക്‌സിറ്റില്‍ പോകുമ്പോള്‍ വീട്ടുപകരണങ്ങളുടെയും കാറിന്റെയും വില്‍പനയാണ് ഇന്റര്‍നെറ്റ് സൗകര്യം ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള പാവങ്ങളുടെ ഇ കൊമേഴസ്. ഒട്ടും പണച്ചെലവില്ലാതെ മാന്യമായ വില നേടി ഫ്‌ളാറ്റ് കാലിയാക്കാന്‍ നെറ്റിലെ ഏതാനും സൈറ്റുകള്‍ അവസരമൊരുക്കുന്നു. വ്യക്തിവൈരാഗ്യം തീര്‍ക്കാനും തമാശ കാണിക്കാനും ചിലര്‍ അതു വേദിയാക്കുമെങ്കിലും ഇത്തരം സൈറ്റുകളോട് എന്നുമെന്നും കടപ്പാടുള്ളവരാണ് മല്‍ബുകള്‍.
മിതമായ വാടകക്ക് ഫ്‌ളാറ്റ് കണ്ടെത്താനും ആവശ്യമായ വീട്ടുസാധനങ്ങള്‍ ചുളുവിലയ്ക്ക് തരപ്പെടുത്താനും ഓരോ മല്‍ബുവിനും  ഇതുവഴി സാധിക്കുന്നു.
എക്‌സിറ്റില്‍ പോകുന്നയാളുടെ തിരക്കനുസരിച്ചായിരിക്കും വിലക്കിഴിവിന്റെ വ്യാപ്തി. നാളെ നാട്ടിലേക്ക് മടങ്ങേണ്ടവര്‍ക്ക് ഇന്ന് കിട്ടിയ വിലയ്ക്ക് സാധനങ്ങള്‍ വിറ്റൊഴിവാക്കുകയേ നിര്‍വാഹമുള്ളൂ. അല്ലെങ്കില്‍ സാധനങ്ങളെല്ലാം വണ്ടിയില്‍ കയറ്റി പഴയ സാധനങ്ങളുടെ ചന്തയില്‍ കൊണ്ടുപോയി വില്‍ക്കേണ്ടി വരും.
സ്വന്തം ഉടമസ്ഥതയിലുള്ള കെട്ടിടം വാടകക്ക് നല്‍കുന്നതു പോലെയായിരിക്കും ചിലരുടെ പരസ്യങ്ങള്‍. ആറു മാസത്തേക്കോ ഒരു വര്‍ഷത്തേക്കോ കെട്ടിടമുടമക്ക് വാടക നല്‍കുകയും എന്നാല്‍ ഇടക്കുവെച്ച് ഫ്‌ളാറ്റ് ഒഴിയേണ്ടിയും വരുന്നവരാണ് പരസ്യങ്ങള്‍ വഴി പുതിയ ആളെ കണ്ടെത്താന്‍ ശ്രമിക്കുക. ബാക്കി വാടക നല്‍കാന്‍ തയാറുള്ളയാളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഉടമക്ക് മുന്‍കൂറായി നല്‍കിയ വാടക ഉപേക്ഷിച്ചു പോകേണ്ടിവരും.
സൗകര്യപ്രദമായ സ്ഥലത്ത് രണ്ടു മുറികളുള്ള ഫ്‌ളാറ്റിന്റെ വാടക തുകയും അതോടൊപ്പം ലഭ്യമായ സാധനങ്ങളുടെ നീണ്ട ലിസ്റ്റും ചേര്‍ത്തുള്ള പരസ്യങ്ങള്‍ പുതുതായി ഫ്‌ളാറ്റ് അന്വേഷിക്കുന്നവരെ ആകര്‍ഷിക്കും.
എ.സി തുളകള്‍ ഒഴിഞ്ഞു കിടപ്പുണ്ടോ എന്നു നോക്കി റോഡുകളിലൂടെ നടന്നു വലയുന്ന മല്‍ബുകളോട് സുഹൃത്തുക്കള്‍ ചോദിക്കും: സൈറ്റിലിട്ടില്ലേ... ഫഌറ്റ് വേണമെന്ന് ഒരു പരസ്യം കൊടുത്തുനോക്കൂ, ചെലവൊന്നുമില്ലല്ലോ.
ഫ്‌ളാറ്റ് ആവശ്യമുണ്ടെന്ന പരസ്യങ്ങളും ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ സുലഭമാണ്.
വീട്ടുപകരണങ്ങള്‍ക്കും കാറിനും മാത്രമല്ല, ഉപയോഗിച്ച കംപ്യൂട്ടറുകള്‍ക്കും ക്യാമറകള്‍ക്കും മൊബൈല്‍ ഫോണുകള്‍ക്കുമൊക്കെ വാങ്ങലുകാരെ കണ്ടെത്താന്‍ വെബ് സെറ്റുകള്‍ ആശ്രയിക്കാം. ചിത്ര സഹിതം കൊടുക്കുന്ന പരസ്യങ്ങളില്‍ കിട്ടേണ്ട വിലയും കാണിച്ചിരിക്കുമെങ്കിലും ചേര്‍ത്തിരിക്കുന്ന നമ്പറുകളിലോ ഇ-മെയിലിലോ ബന്ധപ്പെട്ട് വിലപേശി  വാങ്ങിയാല്‍ മതി.
ആവശ്യമായ സാധനങ്ങളുടെ പരസ്യം വരുന്നുണ്ടോ എന്നുനോക്കി കാത്തരിക്കുന്നവരുണ്ട്.
അങ്ങനെ നോക്കി നോക്കി കണ്ടെത്തിയ പരസ്യത്തിലെ നമ്പറില്‍ വിളിച്ച് ഒരു മല്‍ബു കൂട്ടുകാരനോടൊപ്പം കാര്‍ കാണാനും വിലയുറപ്പിക്കാനും പോയി.
2005 മോഡല്‍ ഏഴു സീറ്റ് വണ്ടി ഉടന്‍ കൊടുക്കാനുണ്ടെന്ന പരസ്യം കണ്ടാണ് മല്‍ബു അതിരാവിലെ തന്നെ വിളിച്ചുനോക്കിയത്. പരസ്യം ചേര്‍ത്ത് കൈയെടുക്കുന്നതിനുമുമ്പ് തന്നെ അന്വേഷണം ലഭിച്ചതില്‍ ആഹ്ലാദവാനായ കാറുടമ ഉടന്‍തന്നെ ചെന്നുനോക്കാന്‍ ആവശ്യപ്പെട്ടു.
വൃത്തിയും വെടിപ്പുമുള്ള ഒന്നാന്തരമൊരു കാര്‍. വിലയോ തുച്ചവും. 7500 റിയാല്‍ മാത്രം. പരസ്യത്തില്‍ കാണിച്ചിരിക്കുന്ന വിലയുടെ നാലിരട്ടി കൊടുത്താല്‍ പോലും നഷ്ടമില്ലെന്ന് മല്‍ബുവും കൂട്ടുകാരനും വിലയിരുത്തി.
എന്നാലും ഇത്രയും വില കുറക്കാന്‍ എന്തായിരിക്കും കാരണം? ഒന്നുകില്‍ യൂസ്ഡ് കാറുകളുടെ വിലയെ കുറിച്ച് ധാരണയില്ലായ്മ. അല്ലെങ്കില്‍  എക്‌സിറ്റില്‍ പോകാനുള്ള തീയതി അടുത്തതിനാല്‍ കിട്ടിയ വിലയ്ക്ക് വിറ്റൊഴിവാക്കാനുള്ള നിര്‍ബന്ധിതാവസ്ഥ. മൂന്നാമതൊരു സാധ്യതയുള്ളത് മൊബൈല്‍ ഫോണുകള്‍ പോക്കറ്റടിച്ച് കൊണ്ടുവന്ന് കിട്ടിയ വിലയ്ക്ക് തട്ടുന്നതുപോലെ അടിച്ചു മാറ്റിയ വണ്ടി കൈമാറാനുള്ള ശ്രമം. അവസാനം പറഞ്ഞതിന്് ഒട്ടും സാധ്യത കാണുന്നില്ല. കാരണം കടലാസുകളൊക്കെ റെഡിയാണെന്നും നാളെ തന്നെ എഴുതണമെന്നും ഉടമ തുടക്കത്തില്‍ തന്നെ പറഞ്ഞിട്ടുണ്ട്.
മല്‍ബുവിനും ധൃതിയുണ്ട്. കാരണം ഇതുപോലൊരു വാഹനം ഇത്രയും കുറഞ്ഞ വിലയ്ക്ക് വില്‍ക്കാനുള്ള വിഡ്ഢിത്തത്തില്‍നിന്ന് ടിയാനെ ആരെങ്കിലും പിന്തിരിപ്പിച്ചാലോ. അല്ലെങ്കില്‍ ആയിരം റിയാല്‍ കൂടുതല്‍ ഓഫര്‍ ചെയ്ത് മറ്റേതെങ്കിലും മല്‍ബു വന്ന് തട്ടിയെടുത്താലോ.
ഒട്ടും വിലപേശാതെ മല്‍ബു കാര്‍ വാങ്ങാന്‍ തയാറായത് ഉടമയേയും ഇത്തിരി അത്ഭുതപ്പെടുത്താതിരുന്നില്ല. വിലപേശിയാല്‍ ഒരു അഞ്ഞൂറു റിയാലെങ്കിലും കുറച്ചു കൊടുക്കാന്‍ തയാറെടുത്തിരുന്നു അദ്ദേഹം. പൊതുവെ അങ്ങനെയാണ്. വാങ്ങലുകാര്‍ വിലപേശല്‍ നടത്തിയാല്‍ വിട്ടുവീഴ്ച ചെയ്യേണ്ട തുക കൂടി ചേര്‍ത്തായിരിക്കും വില്‍പനക്കാരന്‍ വില നിശ്ചയിക്കുക.
അങ്ങനെ കാര്‍ ഇഷ്ടപ്പെട്ടതിനെ തുടര്‍ന്ന് അനന്തര നടപടികളെ കുറിച്ചുള്ള ചര്‍ച്ചയാരംഭിച്ച മല്‍ബു ആയിരം റിയാല്‍ അഡ്വാന്‍സ് നല്‍കാമെന്നും ബാക്കി 6500 വണ്ടിയെടുക്കുമ്പോള്‍ നല്‍കാമെന്നും പറഞ്ഞപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ഉടമയുടെ നാവിറങ്ങിപ്പോയി.
സാധാരണ നില വീണ്ടെടുത്ത അദ്ദേഹം ചോദിച്ചു: എന്ത്, 6500 റിയാലോ? നിങ്ങള്‍ പരസ്യം ശരിക്കും നോക്കിയില്ലേ? കാറിന്റെ വില 17500 റിയാലാണ്.
പരസ്യത്തില്‍ 7500 റിയാല്‍ മാത്രമാണ് ചേര്‍ത്തിരിക്കുന്നതെന്ന് മല്‍ബു ആവര്‍ത്തിച്ചപ്പോള്‍ ഉടമ പോസ്റ്റ് ചെയ്ത പരസ്യം ഒന്നുകൂടി എടുത്തുനോക്കി. അതേ വില 7500 മാത്രമാണ്.
സോറീട്ടോ... 7500 നു മുമ്പ് ഒന്ന് ടൈപ്പ് ചെയ്യാന്‍ വിട്ടുപോയതാണ്.
മല്‍ബുവും കൂട്ടുകാരനും പിന്നീട് അധിക നേരം അവിടെ നിന്നില്ല. അവിടെ നില്‍ക്കുന്നതിലും ഭേദമാണല്ലോ അടുത്ത പരസ്യം നോക്കാന്‍ കംപ്യൂട്ടറിനു മുന്നിലിരിക്കുന്നത്.


Related Posts Plugin for WordPress, Blogger...