Pages
About Me
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..
November 29, 2007
ദുരന്തക്കാഴ്ചകളും കുട്ടികളും
അത്യുത്തര കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ കീടനാശിനി മൂലം മരിച്ചു ജീവിക്കുന്ന മനുഷ്യരുടെ കഥ പറയുന്ന ഒരു വിഡിയോ സി.ഡി കണ്ടു ഞാന്‍. ഇതു നല്കിയ സുഹൃത്ത് നല്കിയ മറ്റൊരു കഥയാണ് ഞാന്‍ വായനക്കാരുമായി പങ്ക് വെക്കുന്നത്.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സഹായിക്കുന്ന സോളിഡാരിറ്റി യൂത്ത് മൂവ്മെന്റിന്റെ ഒരു പദ്ധതയിലേക്ക് സംഭാവന പ്രതീക്ഷിച്ചുകൊണ്ട് നമ്മുടെ സുഹൃത്ത് ഈ സി.ഡി. ഒരാളെ കാണിക്കാന്‍ ശ്രമിച്ചു. ഇത്തരം ദുരന്തങ്ങളെ കുറിച്ചുള്ള സി.ഡികള്‍ കാണരുതെന്നും അത് നമ്മുടെ കുട്ടികളില്‍ ഭീതി വളര്‍ത്തുമെന്നുമായിരുന്നുവത്രെ അദ്ദേഹത്തിന്റെ മറുപടി.
എന്നാല്‍ ഇത്തരം ദുരന്തങ്ങളുടെ സി.ഡികള്‍ കുട്ടികളെ കാണിക്കണമെന്നും അവരില്‍ അനുകമ്പയുടെ വികാരം വളര്‍ത്താനാണ് ഇത് ഉപകരിക്കുകയെന്നും ഞാന്‍ മനസ്സിലാക്കുന്നു. ടി.വി. ചാനലുകളില്‍ നമ്മുടെ കുട്ടികള്‍ എത്രയെത്ര ഹൊറര്‍ ചിത്രങ്ങള്‍ കാണുന്നു.
അന്യരുടെ വേദനകളില്‍ നോവുകയെങ്കിലും ചെയ്യാന്‍ നമ്മുടെ കുട്ടികളെ പഠിപ്പിച്ചേ തീരൂ.
അഷ്റഫ്
ഗൂഗിളിനും ഇസ്രായിലിനെ പേടി
യാഹുവിന് പിന്നാലെ ഗൂഗിളും അജ്ഞാത ബ്ലോഗറുടെ വിവരങ്ങള്‍ വെളിപ്പെടുത്തുന്നു. ഇസ്രായിലിലെ ഷാരെയ് ടിക്വ കൗണ്‍സിലിലേക്ക് മത്സരിച്ച മൂന്ന് സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലത്തെ കുറിച്ച് പുറംലോകത്തെ അറിയിച്ച ബ്ളോഗറുടെ ഐ.പി. അഡ്രസ് കോടതിക്ക് നല്‍കുമെന്നാണ് ഗൂഗള്‍ അറിയിച്ചിരിക്കുന്നത്. മൂന്ന് പേരില്‍ ഒരാള്‍ വികലാംഗനായി അഭിനയിച്ച് ആനുകൂല്യം തട്ടിയെന്നും മറ്റുള്ളവര്‍ കോണ്‍ട്രാക്ടര്‍മാരില്‍നിന്ന് കൈക്കൂലി വാങ്ങിയെന്നും മൂന്ന് പേര്‍ക്കും ക്രിമിനല്‍ സംഘങ്ങളുമായി ബന്ധമുണ്ടെന്നുമായിരുന്നു ബ്ലോഗ്. മൂന്ന് ലക്ഷം എന്‍.ഐ.എസ് നഷ്ടപരിഹാരവും ബ്ലോഗറുടെ പേരുവിവരം പുറത്തുവിടാന്‍ ഗൂഗിളിനോട് ഉത്തരവിടണമെന്നും ആവശ്യപ്പെട്ടാണ് മൂന്ന് സ്ഥാനാര്‍ഥികളും കോടതിയെ സമീപിച്ചത്. ആദ്യം വിസമ്മതിച്ചെങ്കിലും കോടതി വീണ്ടും ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സ്വയം പേര് വെളിപ്പെടുത്താന്‍ ഗൂഗിള്‍ ബ്ലോഗര്‍ക്ക് 72 മണിക്കൂര്‍ സമയം നല്‍കിയിരിക്കയാണ്.
നിരപരാധികളായ കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്ന രാജ്യമല്ലേ, ഗൂഗിളിനും കാണും പേടി.
അഷ്റഫ്
September 26, 2007
ഗാസയിലെ കുഞ്ഞുങ്ങള്‍

എം. അഷ്റഫ്
നാല് മാസം മാത്രം പ്രായമായ മുല കുടിക്കുന്ന കുഞ്ഞിനെ കണ്മുമ്പില് വെച്ച് കൊലപ്പെടുത്തിയ ശേഷം മുനീറ അമൃ എന്ന ഫലസ്തീനി സ്ത്രീയെ കൊലപ്പെടുത്തിയത് ഒരു സെപ്റ്റംബറിലായിരുന്നു.
'കരുണയില്ലാതെ' എന്ന മുദ്രവാക്യം സ്വീകരിച്ചുകൊണ്ട് ഇസ്രായില്‍ മുന്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണ്‍ നടപ്പിലാക്കിയ കൂട്ടനരമേധത്തിലെ കരളലിയിക്കുന്ന നിരവധി സംഭവങ്ങളില്‍ ഒന്നു മാത്രമാണിത്. ലബനോന്‍കാരായ ക്രിസ്ത്യന്‍ മിലീഷ്യയെ കൂട്ടുപിടിച്ചുകൊണ്ട് അക്ഷരാര്‍ഥത്തില്‍ തന്നെ ഒട്ടും കരുണയില്ലാതെ ഇസ്രായില്‍ സൈന്യം നടപ്പിലാക്കിയ ശബ്റാ?-ശത്തീലാ കൂട്ടക്കൊല 25 വര്‍ഷം പിന്നിടുമ്പോള്‍ ഫലസ്തീനി പ്രദേശമായ ഗാസയില്‍ നിരപരാധികളായ സ്ത്രീകളും കുഞ്ഞുങ്ങളും കൂട്ടക്കൊലയുടെ വക്കിലാണ്.
1982 സെപ്റ്റംബര്‍ 15 ന് ലബനോനിലെ ഫലസ്തീനി അഭയാര്‍ഥി ക്യാമ്പുകളിലാണ് 3500 പേരെങ്കിലും കൊല്ലപ്പെട്ട നരമേധമെങ്കില്‍ ഇപ്പോള്‍ സ്വന്തം പ്രദേശത്ത് അവരെ പട്ടിണിക്കിട്ട് കൊല്ലുവാനാണ് അമേരിക്കയുടെ ഒത്താശയോടെ ഇസ്രായില്‍ ആസൂത്രണം ചെയ്ത പദ്ധതി. ശത്രു കേന്ദ്രമെന്ന് ഇസ്രായില്‍ പ്രഖ്യാപിച്ച ഗാസയിലെ ബാങ്കുകളുമായുള്ള വ്യാപാര ബന്ധം വിഛേദിക്കുകയാണെന്ന് ഇസ്രായിലിലെ ഏറവും വലിയ കൊമേഴ്സ്യല്‍ ബാങ്കായ ഹാപോഅലിമും കഴിഞ്ഞ ദിവസം വ്യക്തമാക്കി. ഗാസാ ചീന്തിലെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാകാന്‍ ബാങ്കുകളുടെ തീരുമാനവും കാരണമാകും.
പടിഞ്ഞാറന്‍ പിന്തുണയുള്ള പ്രസിഡണ്റ്റ് മഹ്മൂദ് അബ്ബാസിണ്റ്റെ ഹമാസ് നിയന്ത്രണത്തിലുള്ള ഗാസ ചീന്തിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത് ഇസ്രായിലി കറന്‍സിയിലാണ്. ഒരാഴ്ച മുമ്പാണ് ഗാസയെ ശത്രു കേന്ദ്രമായി ഇസ്രായില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. സാമ്പത്തിക ഉപരോധത്തിലായിരുന്ന പ്രദേശത്തേക്കുള്ള വൈദ്യുതി, ഇന്ധന വിതരണം പേരിനു മാത്രമാക്കാനായിരുന്നു ഈ പ്രഖ്യാപനം. ഫലസ്തീനി പോരാളികള്‍ നടത്തിയ റോക്കറ്റാക്രമണത്തിനുളള തിരിച്ചടിയായാണ് 15 ലക്ഷത്തോളം പേരെ പാഠം പഠിപ്പിക്കാനുള്ള ഇസ്രായില്‍ നടപടി. ശത്രു കേന്ദ്രമെന്ന് പ്രഖ്യാപിച്ചതിനാല്‍ അവിടേക്ക് അവശ്യ സേവനങ്ങള്‍ എത്തിക്കണമെന്ന അന്താരാഷ്ട്ര നിബന്ധന ബാധകമല്ലെന്നാണ് ജൂത രാഷ്ട്രത്തിണ്റ്റെ വാദം. യു.എന്‍ ഉദ്യോഗസ്ഥര്‍ ഈ വാദത്തെ ചോദ്യം ചെയ്തിട്ടുണ്ടെങ്കിലും ഇസ്രായിലിനെ സംബന്ധിച്ചിടത്തോളം അമേരിക്ക മാത്രമാണ് അംഗീകരിക്കപ്പെടേണ്ട അന്താരാഷ്ട്ര സമൂഹം. മ്യാന്മറില് പ്രക്ഷോഭം നടത്തുന്നവര്‍ക്കെതിരെ ബലം പ്രയോഗിക്കരുതെന്ന് അവിടത്തെ സൈനിക ഭരണാധികാരികളില്‍ സമ്മര്‍ദം ചെലുത്തുന്ന അമേരിക്കക്കും സഖ്യ രാജ്യങ്ങള്‍ക്കും ഫലസ്തീന് ഒരു അന്താരാഷ്ട്ര പ്രശ്നം പോലുമല്ലാതായിട്ടുണ്ട്. ആവശ്യമായ ഭക്ഷണമോ മരുന്നോ കിട്ടാതെ ദുരിതക്കടലിലായ ഗാസ ജനതക്ക് അവശേഷിച്ചിരുന്ന വൈദ്യുതിയും ഇന്ധനവും കൂടി നല്‍കാതെ ഞെരുക്കാന്‍ കണ്ടെത്തിയ തന്ത്രമായിരുന്നു അധിനിവേശ പ്രദേശത്തെ ശത്രു കേന്ദ്രമാക്കിയുള്ള പ്രഖ്യാപനം. സൈന്യത്തെ പിന്‍വലിച്ചുവെങ്കിലും കരയും കടലും അതിര്‍ത്തിയും ഇസ്രായില്‍ നിയന്ത്രണത്തിലുള ഗാസ ഇപ്പോഴും അധിനിവേശ പ്രദേശം തന്നെയാണ്. ഇറക്കുമതി, കയറ്റുമതി നിയന്ത്രണവും ഗാസ ജനതയെ ശിക്ഷിക്കുന്നതിന് ഇസ്രായില്‍ കൈക്കൊണ്ട ഇതര നയങ്ങളും മൂലം ഗാസയിലെ 70 ശതമാനം തൊഴിലാളികള്‍ക്കും തൊഴില്‍ നഷ്ടപ്പെടുകയോ വേതനം കിട്ടാതാവുകയോ ചെയ്തുവെന്നാണ് യു.എന്‍ കണക്ക്. 80 ശതമാനം ജനങ്ങളും ദാരിദ്യ്രക്കയത്തിലാണ്. യു.എന്നോ ഇതര അന്താരാഷ്ട്ര ഏജന്‍സികളോ വിതരണം ചെയ്യുന്ന ഭക്ഷണ പൊതികളെ മാത്രം ആശ്രയിച്ചാണ് ൮൦ ശതമാനം ജനങ്ങളും കഴിഞ്ഞുപോകുന്നത്. ഇതുകൂടിയില്ലെങ്കില്‍ ഗാസ പട്ടിണി മരണങ്ങള്‍ക്ക്് വേദിയാകുമായിരുന്നുവെന്ന് ലോക ഭക്ഷ്യ പരിപാടിയുടെ ക്രിസ്റ്റി കാംപെല്‍ അടിവരയിടുന്നു. മാംസത്തിണ്റ്റെ വില താങ്ങാനാവാത്ത ഗാസയില്‍ പഴവും പച്ചക്കറിയും കിട്ടാനേയില്ല. കുട്ടികള്‍ക്ക് ഒരു നേരത്തെ ഭക്ഷണം പോലും നല്കാനാവാതെ രക്ഷിതാക്കള്‍ പരക്കം പായുന്നു. സ്കൂളുകളിലെത്തുന്ന കുട്ടികള്‍ തളര്‍ന്നുവീഴുകയാണെന്ന് യു.എന്‍ റിലീഫ് ആണ്റ്റ് വര്‍ക്ക് ഏജന്‍സിയുടെ ഗാസ ഡയറക്ടര്‍ ജോണ്‍ ഗിംഗ് വെളിപ്പെടുത്തുന്നു. ഇസ്രായിലി പട്ടണമായ സെറോത്തിലേക്ക് നാടന്‍ ബോംബുകളും റോക്കറ്റുമയച്ചവരെ ഫലസ്തീന് ജനത തന്നെ ശിക്ഷിക്കാന്‍ വേണ്ടിയാണത്രേ ഇസ്രായിലിണ്റ്റെ പട്ടിണിക്കിടല്‍ തന്ത്രം. നിരപരാധികളായ സ്ത്രീകളും കുഞ്ഞുങ്ങളും ഉള്‍പ്പെടെ ൧൫ ലക്ഷത്തോളം വരുന്ന ജനങ്ങളെ മൊത്തം ശിക്ഷിക്കാനുള്ള ജൂത രാഷ്ട്രത്തിണ്റ്റെ നടപടി അന്താരാഷ്ട്ര ചട്ടങ്ങളുടെ ലംഘനമായിട്ടും സമ്മര്‍ദമുയരുന്നില്ല എന്നത് അന്താരാഷ്ട്ര സമൂഹത്തിണ്റ്റെ ഇരട്ടത്താപ്പിന് ഒന്നാന്തരം ഉദാഹരണമാണ്. നാല് ദശകത്തിലേറെയായി സൈനിക അധിനിവേശം തുടരുന്ന ഇസ്രായിലിണ്റ്റെ ബാധ്യതയാണ് ഗാസയിലെ ജനങ്ങള്ക്ക്് അവശ്യ സാധനങ്ങളും സേവനങ്ങളും എത്തിക്കുക എന്നത്. ജനീവ കണ്‍വെന്‍ഷനില്‍ ഒപ്പുവെച്ച രാജ്യമായിട്ടു പോലും ഇസ്രായിലിനു മേല്‍ സമ്മര്‍ദമുയിരുന്നില്ല. യു. എന്‍ രക്ഷാസമിതിയുടെ നിര്‍ദേശങ്ങളും അന്താരാഷ്ട്ര കോടതിയുടെ ഉത്തരവുകളും വിസ്മരിക്കാന്‍ അമേരിക്കയുടെ കൂട്ട് ധൈര്യം പകരുന്ന ജൂത രാഷ്ട്രത്തിണ്റ്റെ കിരാത കൃത്യങ്ങള്‍ക്ക് മുന്നില്‍ ഗാസയിലെ കുഞ്ഞുങ്ങളുടെ ദീനരോദനത്തിന് എന്തു വില? കഴിഞ്ഞ ദിവസം അമേരിക്കയിലെ കൊളംബിയന്‍ യൂനിവേഴ്സിറ്റിയിലേക്ക്് ക്ഷണിച്ച് അതിണ്റ്റെ പ്രസിഡണ്റ്റ് ലീ ബൊളിംഗര്‍ തന്നെ അവഹേളിച്ചപ്പോള്‍ സംയമനം കൈവിടാതെ ഇറാന് പ്രസിഡണ്റ്റ് മഹ്മൂദ് അഹ്മദി നെജാദ് ചോദിച്ചത് ഫലസ്തീന് പ്രശ്നം അന്താരാഷ്ട്ര പ്രാധാന്യമുള്ള വിഷയമായെങ്കിലും സമ്മതിക്കുമോ എന്നാണ്. നിങ്ങളും നിങ്ങളുടെ ഗവണ്‍മെണ്റ്റും ഇസ്രായില്‍ രാഷ്ട്രത്തിണ്റ്റെ തകര്‍ച്ചയാണോ ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിന് പരിപാടിയുടെ മോഡറേറ്ററും യൂനിവേഴ്സിറ്റി ഡീനുമായ ജോണ്‍ കോട്സ് വര്‍ത്ത്, യെസ് ഓര് നോ മറുപടി ആവശ്യപ്പെട്ടപ്പോള്‍ നെജാദ് അതിനെ തന്മയത്വത്തോടെ നേരിട്ടത് ൭൦ ശതമാനത്തിലേറെ നെജാദി വിരുദ്ധരായിരുന്നിട്ടും കാമ്പസ് വേദിയുടെ കൈയടി നേടി. എല്ലാ വിഭാഗം ജനങ്ങളേയും ഇഷ്ടപ്പെടുന്നുവെന്നും ജൂതന്മാര് സുഹൃത്തുക്കളാണെന്നും നിരവധി ജൂതന്മാര് സമാധാനത്തോടെ ഇറാനില്‍ കഴിയുന്നുണ്ടെന്നും മറുപടി നല്‍കിയപ്പോഴാണ് കോട്സ്വര്‍ത്ത് യെസ് ഓര് നോ മറുപടിക്ക് ശഠിച്ചത്. ചോദ്യം ഉന്നയിച്ച ശേഷം കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ഉത്തരം തന്നെ വേണമെന്ന് ശഠിക്കാമോ എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഫലസ്തീന് പ്രശ്നത്തില്‍ തിരിച്ച് യെസ് ഓര് നോ മറുപടി ആവശ്യപ്പെട്ടത്. ൬൦ ലക്ഷം ജൂതന്മാരെ നാസികള്‍ കൂട്ടക്കൊല ചെയ്തുവെന്ന ആരോപണത്തിനു വസ്തുതകളുടെ പിന്‍ബലമില്ലെന്ന് ആവര്‍ത്തിച്ച നെജാദ് അങ്ങനെ സമ്മതിച്ചാല്‍ തന്നെ ഫലസ്തീനികള്‍ അതിനെന്തിനു വില നല്‍കണമെന്ന ചോദ്യവും ഉന്നയിച്ചു.
August 5, 2007
ഇറാഖിലെ ലിറ്റില്‍ അമേരിക്ക

August 3, 2007
കൈയൊഴിയുന്ന ബഖാലകള്‍
നല്ല നിലയില്‍ നടന്നു വരുന്ന ബഖാല വില്‍ക്കാനുദ്ദേശിക്കുന്നുവെന്ന പരസ്യങ്ങള്‍ പത്രങ്ങളില്‍ പകിവായിരിക്കുകയാണ്. ലോകത്തിണ്റ്റെ ഏതു കോണില്‍ പോയാലും മലയാളിയെ കാണാം എന്നു പറയുന്നത് പോലെ സൌദി അറേബ്യയുടെ ഏതു മുക്കില്‍ ചെന്നാലും അവിടെ മലയാളി സാനിധ്യമുള്ള ബഖാലകള്‍ കാണാം. ഒരു ബഖാലയില്‍ തുടങ്ങി ബഖാലകളുടെ ശൃംഖലയിലേക്ക് നീങ്ങിയവര്‍ ധാരാളമുണ്ടെങ്കിലും ഇപ്പോള്‍ വില്പനക്ക് വെച്ച ബഖാലകള്‍ പ്രതിസന്ധിയുടെ പ്രതീകങ്ങളാണ്. അവയുടെ പരസ്യത്തിനു മുന്നില്‍ ചേര്‍ത്ത നല്ലനിലയില്‍ നടന്നുവരുന്നതെന്ന വാക്കുകള്‍ വെറും വാക്ക് മാത്രം. തണ്റ്റേതല്ലാത്ത കാരണത്താല്‍ വിവാഹ മോചനം നേടിയതെന്ന് ആണ്, പെണ് വ്യത്യാസമില്ലാത്ത വിവാഹ പരസ്യത്തില്‍ ചേര്‍ക്കുന്നതുപോലെ ശരിയും തെറ്റും കൂടിക്കലര്‍ന്ന ഭംഗിവാക്ക്. നല്ല നിലയില്‍ നടക്കുന്നുവെന്ന വിശേഷണമുണ്ടായാല്‍ പിന്നെ അതെന്തിനു വില്‍ക്കുന്നുവെന്ന ചോദ്യത്തിനു മറുപടി നല്‍കേണ്ടിവരുമെന്ന് മനസ്സിലാക്കുന്ന സാമര്‍ഥ്യമുള്ള കച്ചവടക്കാര്‍ ആ വാക്കുകള്‍ പരസ്യത്തില്‍ ചേര്‍ക്കാറില്ല. വിവാഹത്തിനു പരസ്യം കൊടുത്താല്‍ ബ്രോക്കര്‍മാര്‍ പോലും കൈയൊഴിഞ്ഞ പേട്ടു തേങ്ങയായിരിക്കുമെന്ന് കരുതുന്നവരുടെ അറിവിണ്റ്റെ അടിസ്ഥാനത്തില്‍ പരസ്യം ഡിമാണ്റ്റ് കുറക്കുമെന്ന് മനസ്സിലാക്കുന്ന ചില അതിസമര്‍ഥര്‍ ബഖാലകള്‍ കൈയൊഴിയാന്‍ പരസ്യത്തെ ആശ്രയിക്കാറുമില്ല. പലതരത്തിലുള്ള പ്രതിസന്ധികളാണ് ബഖാലകള്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. സൂപ്പര്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകളുടെ കാലുകള്‍ക്കടിയില്‍ ഞെരിഞ്ഞമരുന്നു എന്നത് തന്നെയാണ് ഇതില്‍ ഒന്നാമത്തേത്. ബഖാല പ്രവര്‍ത്തിക്കുന്ന ചെറിയ കെട്ടിടത്തിനു മുകളില്‍ സൂപ്പര്‍ മാര്‍ക്കറ്റിനെ പ്രതിനിധീകരിക്കുന്ന വലിയ ഷൂ വരച്ചുകൊണ്ട് ഈയിടെ ഒരു പ്രാദേശിക ദിനപത്രം ഈ പ്രതിസന്ധിയെ കാര്‍ട്ടൂണിന് വിഷയമാക്കി. കെട്ടിടത്തിണ്റ്റെ വാടക വര്‍ധനയും യഥാര്‍ഥ ഉടമയുടെ സമ്മര്‍ദവും ഇപ്പോള്‍ അനധികൃത താമസക്കാരുടെ മടക്കവുമൊക്കെ ഒരു കൊച്ചു ബഖാലയെ പ്രതിസന്ധിയിലേക്ക് തള്ളിവിടാന്‍ മതിയായ കാരണങ്ങളാണെങ്കിലും ചെലവ് പോലും കൂട്ടിമുട്ടിക്കാന്‍ പറ്റാത്ത തരത്തിലുള്ള വരുമാനക്കുറവിനു കാരണമായ ഭീമന് മാര്‍ക്കറ്റുകള്‍ തന്നെയാണ് പ്രതിസ്ഥാനത്ത് ഒന്നാമതായുള്ളത്. കൊള്ളാമെന്ന് തോന്നുന്ന കച്ചവടം ദൃശ്യമായാല്‍ അവിടെ യഥാര്‍ഥ ഉടമയുടെ കണ്ണ് ഭയപ്പെടേണ്ടിവരുമെന്നത് പല ബഖാല ഉടമകളുടേയും അനുഭവമാണ്്. കണ്ണേറ് തടുക്കാന്‍ നാട്ടില്‍നിന്ന് പേറിക്കൊണ്ടുവന്ന അന്ധവിശ്വാസത്തിണ്റ്റെ തകിട് തൂക്കിയിട്ടാലും സംഭവലോകത്തുള്ള ഉടമയുടെ കണ്ണേറ് തടുക്കാനാവില്ലെന്ന് പലരും സാക്ഷ്യപ്പെടുത്തുന്നു. ആറ് മാസത്തേക്ക് നടത്താന്‍ കൊടുത്ത് നാട്ടില്‍ പോയി തിരിച്ചെത്തിയപ്പോഴേക്കും ബഖാല മറിച്ചുവില്‍ക്കപ്പെട്ട സംഭവങ്ങള്‍ നിരവധി. മുന്‍ഗാമി നാട്ടുകാരനോ അയല്‍വാസിയോ ആയിരുന്നാല്‍ പോലും വഞ്ചനയുടെ കൈമാറ്റത്തിനു കൂട്ടുനില്ക്കാന് മലയാളിക്കു ഭയമില്ല. പിന്നാലെ താനും വഞ്ചിക്കപ്പെടുമെന്ന ചിന്ത അയാളെ അലട്ടുന്നില്ല. സ്പോണ്സര്മാരില് തങ്കതിളക്കമുള്ളവരെ ചൂണ്ടിക്കാണിക്കാന്‍ ധാരാളമുള്ളപ്പോള്‍ ഇത് സാമാന്യവല്ക്കരിക്കാന് കഴിയില്ല. എങ്കില്‍ പോലും പോലും പൊടുന്നനെ മേല്‍വിലാസം നഷ്ടപ്പെടുന്ന കൊച്ചു വ്യാപാരികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുവരുന്നു. ദുരന്തകഥകള്‍ കേള്‍ക്കുന്നതിനിടെ മനസ്സിനു കുളിര്‍മ നല്കിയ മറ്റൊരു കഥയിതാ. ൨൦ വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ പോയി പിന്നീട് ഉംറ നിര്‍വഹിക്കാന്‍ തിരിച്ചെത്തിയ ഒരാള്‍ക്ക് ഹൃദയാഘാതമുണ്ടായപ്പോള്‍ പഴയ തൊഴിലുടമയുടെ ആര്‍ദ്രത പ്രകടമായതാണ് അക്കഥ. വര്‍ഷങ്ങള്‍ക്കു മുമ്പ് ആനുകൂല്യങ്ങളെല്ലാം നല്കി തിരിച്ചയച്ച തൊഴിലാളിയുടെ ചികിത്സാചെലവ് മൂഴുവന്‍ വഹിച്ചത് പഴയ മുതലാളി ആയിരുന്നു. അദ്ദേഹത്തിണ്റ്റെ മകന് ഇപ്പോഴും ആ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു എന്നതിനപ്പുറം ഈ ആര്‍ദ്രതക്കു പിന്നില്‍ മറ്റൊരു കഥ കൂടിയുണ്ട്. കാല് നൂറ്റാണ്ട് മുമ്പ് തുടങ്ങിയ സ്ഥാപനം പൂട്ടിപ്പോയതിനെ തുടര്‍ന്ന് ആറു മലയാളികളെ മറ്റൊരു സ്ഥാപനത്തില്‍ ജോലിക്കു നിര്‍ത്തി അവിടെനിന്ന് അവരുടെ ആറു മാസത്തെ ശമ്പളം മുന്‍കൂറായി വാങ്ങി ആരംഭിച്ച ബേക്കറിയാണ് ഇപ്പോഴും ഓര്‍മകള്‍ കാത്തുസൂക്ഷിക്കാന്‍ തയാറുള്ള സൂരി വ്യാപാരിയുടെ വിജയ ഗാഥക്ക് തുടക്കമിട്ടത്. അന്ന് കച്ചവടം തുടങ്ങുന്നതിനുള്ള മൂലധനം കണ്ടെത്താന്‍ ആറു മാസത്തേക്ക് ശമ്പളം ഉപേക്ഷിച്ച് ജോലി ചെയ്തവരില്‍ ഒരാളാണ് ഇപ്പോള്‍ അത്യാവശ്യ ഘട്ടത്തില്‍ ചികിത്സാ സഹായം ലഭിച്ച നമ്മുടെ മൂന്‍പ്രവാസി. കച്ചവടമുറപ്പിച്ച് അഡ്വാന്‍സ് നല്കിയ മിനി മാര്‍ക്കറ്റ് ഏറ്റെടുക്കാന്‍ ചെന്നപ്പോള്‍ ൫൦൦൦ റിയാല്‍ അധികത്തിന് അത് മറ്റൊരാള്‍ക്ക് കൈമാറിയെന്നറിഞ്ഞ് ഞെട്ടിയ മറ്റൊരു യുവാവിണ്റ്റെ കഥക്കൊപ്പമാണ് കുളിര്‍മ പരത്തിയ സൂരി അനുഭവം. രണ്ടാമത്തെ സംഭവത്തില്‍ അധികം തുക നല്കി മിനി മാര്‍ക്കറ്റ് മറിച്ചെടുത്തത് മറ്റൊരു മലയാളിയാണെന്ന് കൂടി അറിയുമ്പോള്‍ നമ്മുടെ സാമര്‍ഥ്യമോര്‍ത്ത് അഭിനന്ദിക്കുക. ബഖാലകള്‍ നേരിടുന്ന പ്രതിസന്ധി ഏതെങ്കിലും ഒരു രാജ്യത്ത് ഒതുങ്ങുന്നില്ല. ആഗോളീകരണത്തിണ്റ്റെയും ഉദാരവല്‍ക്കരണത്തിണ്റ്റേയും കെടുതികള്‍ അനുഭവിച്ചു തുടങ്ങിയ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ചില്ലറ വ്യാപാര രംഗത്തെ അന്താരാഷ്ട്ര കുത്തകകളുടെ വരവ് വാന്‍ പ്രതിസന്ധിയാണ് സൃഷ്ടിക്കാനിരിക്കുന്നത്. കേരളത്തില്‍ വ്യാപാരി സമൂഹവും രാഷ്ട്രീയ പാര്‍ട്ടികളുമൊക്കെ ചില്ലറ വ്യാപാര രംഗത്ത് കടന്നുകയറാനുള്ള കുത്തകകളുടെ ശ്രമത്തിനെതിരെ സമര മുഖത്താണ്. ഒമ്പതാം തവണയും പ്രസിഡണ്റ്റായി തെരഞ്ഞെടുക്കപ്പെട്ട ടി. നസീറുദ്ദീന്‍ നേതൃത്വം നല്കുന്ന വ്യാപാരി വ്യവസായി ഏകോപന സമിതിയും സി.പി.എം ആഭിമുഖ്യമുള്ള വ്യാപാരി വ്യവസായി സമിതിയുമൊക്കെ സമരത്തില്‍ ഒറ്റക്കെട്ടാണ്. റിലയന്‍സിണ്റ്റെ ചില്ലറ വില്പന ശാല ഉദ്ഘാടനം ചെയ്ത സി.പി.എം നേതാവിന് പിന്നീട് തിരുത്തേണ്ടിവന്നതും തൊഴിലിണ്റ്റേയും വികസനത്തിണ്റ്റേയും പേരില്‍ ആഗോളീകരണത്തിനും ജീവനും പ്രകൃതിക്കും വിരുദ്ധമായ വികസനത്തിനും ഓശാന പാടുന്ന യു.ഡി.എഫ് കക്ഷികള്‍ സ്വരം മാറ്റിയതും ലക്ഷക്കണക്കിനു വരുന്ന ചില്ലറ കച്ചവടക്കാരുടെ ദുരന്തം മാത്രമല്ല വരച്ചുകാട്ടുന്നത്. പ്രതിഷേധത്തില്‍നിന്ന് രക്ഷപ്പെടാന്‍ അമേരിക്കന്‍ കുത്തകയായ വാള്‍മാര്‍ട്ട് നമ്മുടെ സ്വന്തം കുത്തകയായ ഭാരതി ഗ്രൂപ്പിനെ മുന്നില്‍ നിര്‍ത്തിയാണ് ഇന്ത്യന്‍ ചില്ലറ വ്യാപാര മേഖല കൈയടക്കാന്‍ ശ്രമിക്കുന്നത്. ആകര്‍ഷകമായ വിലക്കുറവ് വാഗ്ദാനം ചെയ്യുന്ന ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ക്ക് മുന്നില്‍ ബഖാലകള്‍ കൈയൊഴിയാന്‍ നിര്‍ബന്ധിതരാകുന്നു എന്നതുപോലെ കേരളത്തില്‍ ചില്ലറ വ്യാപാര മേഖലയെ ഉപജീവന മാര്‍ഗമായി കാണുന്ന ലക്ഷക്കണക്കിന് വ്യാപാരികളേയും അവരുടെ കുടുംബങ്ങളേയുമാണ് വിഴുങ്ങാന്‍ കാത്തിരിക്കുന്നത്. കാര്‍ഷിക രംഗത്ത് ആത്മഹത്യകള്‍ സമ്മാനിച്ച ഉദാരീകരണവും ആഗോളീകരണവും ഇനി ദുരന്തങ്ങള്‍ സമ്മാനിക്കുന്ന മേഖലയാണിത്. വിലക്കുറവും സമ്മാനങ്ങളും നല്കി മോഹിപ്പിച്ച് നാട്ടുകവലയിലെ ചില്ലറ വ്യാപാരികളില്‍നിന്ന് ഉപഭോക്താവിനെ മോചിപ്പിച്ച ശേഷം മാത്രമേ ഈ രംഗത്തെ കുത്തകകള്‍ യഥാര്‍ഥ മുഖം പുറത്തെടുക്കൂ. പഴങ്ങളും പച്ചക്കറികളും ശേഖരിക്കാന്‍ കുത്തകകള്‍ മത്സരിച്ചു തുടങ്ങിയപ്പോള്‍ തന്നെ വിലക്കയറ്റം ദൃശ്യമാണ്. തൊഴിലവസരങ്ങളും സാധനങ്ങളുടെ വിലക്കുറവും ചില്ലറ വ്യാപാര ശൃംഖലയുടെ മേന്മകളായി അധികൃതര്‍ എടുത്തു കാണിക്കുമ്പോള്‍ അത് വരാനിരിക്കുന്ന പ്രതിസന്ധിയുടെ ആഴം അറിയാത്തതു കൊണ്ടല്ല, മറിച്ച് ആഗോളീകരണത്തിണ്റ്റെ ഭാഗമുള്ള ഘടനാപരമായ പരിഷ്കാരം ഏര്‍പ്പെടുത്താനുള്ള നിര്‍ബന്ധിതാവസ്ഥയാണ് പ്രകടമാകുന്നത്. ആഗോളീകരണം തെരഞ്ഞെടുത്തതോടെ ഇത്തരം പരിഷ്കാരങ്ങള്‍ നടപ്പിലാക്കാന്‍ ഓരോ രാജ്യവും നിര്‍ബന്ധിതമാണ്. പടിപടിയായി അവ നമ്മുടെ ജീവിതത്തിണ്റ്റെ ഓരോ മേഖലയിലുമെത്തും. എന്തു വാങ്ങണം, എന്ത് ഉപയോഗിക്കണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്യ്രം പോലും നമ്മുടേതല്ലാതാകും.
July 27, 2007
ടൊക്കീവ
വെബ് സൈറ്റില്‍നിന്ന് ടെലിഫോണുകളെ ബന്ധിപ്പിക്കുന്ന പുതിയൊരു സൈറ്റാണ് ടൊക്കീവ. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ആദ്യത്തെ 15 മിനിറ്റ് സൌജന്യവും വാഗ്ദാനം ചെയ്യുന്നു. ഞാന്‍ ഉപയോഗിച്ചുനോക്കി.
സൌജന്യം ഉപയോഗപ്പെടുത്തിയ ശേഷം താല്പര്യമുള്ളവര്ക്ക് കുറഞ്ഞ നിരക്കില്‍ അന്താരാഷ്ട്ര കോളുകള്‍ക്ക് ആശ്രയിക്കാം.
https://www.tokiva.com/signup.php?refercode=622707
July 26, 2007
പണമില്ലേ, പ്രശ്നമില്ല
( 2007 ജൂലൈ 27 -ന് മലയാളം ന്യൂസില്‍
പ്രസിദ്ധീകരിച്ച ലേഖനം)
നാട്ടില്‍ പോകുന്ന നാളടുത്താല്‍ നാട്ടില്‍നിന്നുള്ള കത്തുകള്‍ കിട്ടാറില്ലെന്നത് പ്രവാസികളെ കുറിച്ച് പണ്ടേ പറഞ്ഞു പരത്തിയ അപഖ്യാതിയാണ്. വലിയ അടിസ്ഥാനമൊന്നുമില്ലെങ്കിലും നാട്ടിലേക്ക് മടങ്ങാനുള്ള അവധിക്കാലമടുത്താല്‍ അവര്‍ക്കു പിന്നെ ബന്ധുക്കള്‍ അയക്കുന്ന കത്തുകള്‍ കിട്ടാറില്ലെന്നതാണ് ഈ പരാതിക്ക് കാരണമായി പറഞ്ഞിരുന്നത്. രണ്ടും മൂന്നും വര്‍ഷം കഴിഞ്ഞ് നാട്ടിലേക്ക് തിരിക്കാനൊരുങ്ങുമ്പോഴാണ് ഗള്ഫുകാരന് ബന്ധുജനങ്ങളില്‍നിന്ന് ആവശ്യങ്ങളുടെ നീണ്ട പട്ടിക ലഭിക്കാറുള്ളത്. സ്നേഹാന്വേഷണങ്ങള്‍ക്കുപരി ഗള്‍ഫ് മണമുള്ള സാധനങ്ങളുടെ ആ കുറിപ്പടി ലഭിച്ചില്ലെങ്കിലെന്ന് ആഗ്രഹിക്കാന്‍ ഇപ്പോള്‍ പ്രവാസികള്‍ക്ക് നിര്‍വാഹമില്ല. മൊബൈലിലെ മിസ്ഡ് കോളുകള്‍ കണ്ടില്ലെന്ന് പറയാന്‍ കഴിയില്ലെന്നു മാത്രമല്ല, ഗള്‍ഫ് സാധനങ്ങള്‍ നാട്ടിലെത്താന്‍ ഇപ്പോള്‍ പ്രവാസി അവയും ചുമന്ന് നേരിട്ടെത്തിക്കൊള്ളണമെന്നില്ല, ആ സൌകര്യം ഏര്‍പ്പെടുത്തിക്കൊണ്ട് ഡോര്‍ ഡു ടോര്‍ കാര്‍ഗോ സര്‍വീസുകള്‍ എമ്പാടുമായി. ഇവിടെനിന്ന് ഡ്രാഫ്റ്റ് അയച്ചുകൊടുത്താല്‍ ഇഷ്ടമുള്ള സാധനങ്ങള്‍ ബന്ധുജനങ്ങള്‍ക്കെത്തിക്കാന്‍ നാട്ടില്‍ തന്നെ ഏജന്‍സികള്‍ ഇഷടം പോലെ വേറെയുമുണ്ട്. അവയുടെ പരസ്യങ്ങള്‍ പത്രങ്ങളിലും ടി.വികളിലും നാട്ടുകാരും കാണുന്നുണ്ട്. ഈ മാസം ഒന്നും ബാക്കിയായില്ല, അടുത്ത മാസമാവട്ടെയെന്നു പറയാനും നിര്‍വാഹമില്ലാതായിരിക്കുന്നു ഗള്ഫുകാരന്. നിനക്കെന്താ ക്രെഡിറ്റ് കാര്‍ഡില്ലേ എന്ന ചോദ്യത്തിന് മുന്നില്‍ ഇല്ല എന്നു തറപ്പിച്ചു പറയാന്‍ അവനു സാധിക്കുന്നില്ല. ഒരു ക്രെഡിറ്റ് കാര്‍ഡ് പോലുമില്ലാത്തവന് എന്തു പ്രവാസി. അവനൊരു ദരിദ്രവാസി. ഗള്‍ഫുകാര്‍ക്ക് മാത്രമല്ല, നാട്ടുകാര്‍ക്കും ക്രെഡിറ്റ് കാര്‍ഡ് ഇന്നൊരു സ്റ്റാറ്റസ് പ്രതീകമായി മാറിയിട്ടുണ്ട്. താന്‍ വാങ്ങുന്ന കടം കൂട്ടിവെക്കുന്ന ബാധ്യതാ കാര്‍ഡാണ് അതെന്ന വസ്തുത പോലും വിസ്മരിക്കപ്പെട്ട് അഞ്ചും ആറും ക്രെഡിറ്റ് കാര്‍ഡുകള്‍ കൊണ്ടുനടക്കുന്ന പ്രവാസികള്‍ നമുക്ക് ചുറ്റും ധാരാളമുണ്ട്. ജിദ്ദയില്‍നിന്ന് കൊണ്ടുപോയ സാധനങ്ങള്‍ക്കുപുറമെ ൪൦,൦൦൦ രൂപയുടെ സാധനങ്ങള്‍ മുംബൈയില്‍നിന്ന് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങിയ സുഹൃത്തിനോട് അതേക്കുറിച്ച് ചോദിച്ചപ്പോള്‍ എന്നിട്ടുപോലും എല്ലാവരേയും തൃപ്തിപ്പെടുത്താനായില്ലെന്നായിരുന്നു മറുപടി. പിശുക്കനെന്ന വിളിയും വെറുപ്പും ബാക്കി. കടം വാങ്ങുന്നത് ആരും സന്തോഷത്തോടെയല്ല. നിര്‍ബന്ധിത സാഹചര്യത്തില്‍ വാങ്ങിപ്പോകുന്നതാണ് കടം. കടബാധ്യതകള്‍ നിറവേറ്റാനാവതെ ജീവനൊടുക്കുന്നവരുടെ കഥകള്‍ നാം നിത്യേന വായിക്കുന്നു. നാട്ടുകാരുടെ കടങ്ങളെ കുറിച്ച് ധാരാളം പറയാറുണ്ടെങ്കിലും കടത്തില്‍ മുങ്ങിയ പ്രവാസിയെ കുറിച്ച് ആരും പറയാറില്ല. കെട്ടിപ്പൊക്കിയ മണിമന്ദിരങ്ങള്‍ക്ക് പെയിണ്റ്റടിക്കാന്‍ പോലും പ്രവാസി ആശ്രയിക്കുന്നത് പലിശ കൊടുത്ത് വാങ്ങുന്ന കടത്തെയാണെന്നത് വസ്തുത. ആകര്‍ഷകമായ എത്രയൊക്കെ വശങ്ങള് എണ്ണിപ്പറഞ്ഞാലും ക്രെഡിറ്റ് കാര്‍ഡ് മാനിയയും ഗള്‍ഫുകാരെ കടബാധ്യതകളിലേക്കാണ് നയിക്കുന്നത്. പൊങ്ങച്ചപ്പുടവകള്‍ അഴിച്ചുമാറ്റാനാവാത്ത, പ്രവാസിയുടെ ഒട്ടും അച്ചടക്കമില്ലാത്ത ജീവിതം കൂടിയാകുമ്പോള്‍ കഥ പൂര്‍ണമാകുന്നു. അമേരിക്കയിലും മറ്റു പാശ്ചാത്യ നാടുകളിലും ക്രെഡിറ്റ് കാര്‍ഡിനെതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ സിനിമകളും ഡോക്യുമെണ്റ്ററികളും ഇറങ്ങുമ്പോഴാണ് അവരുടെ ഉല്പന്നങ്ങള് അടിച്ചേല്പിക്കപ്പെടുന്ന പട്ടിണി നാടുകളില്‍ ക്രെഡിറ്റ് കാര്‍ഡ് ജ്വരം പടര്‍ന്നു പിടിക്കുന്നത്. ആസ്തിയും വരുമാനവുമുള്ള സ്വദേശികള്‍ക്ക് മാത്രമേ ക്രെഡിറ്റ് കാര്‍ഡുകള്‍ ലഭിക്കുകയുള്ളൂവെന്ന ധാരണ തിരുത്തപ്പെട്ടതോടെ അവ സ്വന്തമാക്കാനുള്ള മത്സരത്തില്‍ പ്രവാസികളും ഏര്‍പ്പെട്ടു തുടങ്ങി. വിവിധ കമ്പനികളുടെ കാര്‍ഡുകളുമായി ബാങ്കുകളുടെ പ്രതിനിധികള്‍ ഓഫീസുകളിലും താമസ സ്ഥലങ്ങളിലും എത്തിത്തുടങ്ങിയതോടെ വേണമെങ്കില്‍ ഉപയോഗിച്ചാല്‍ മതിയല്ലോ, ഇരിക്കട്ടെ ഒന്ന് എന്ന ചിന്തയിലേക്ക് മാറിത്തുടങ്ങി ഓരോരുത്തരും. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തില്‍ നിരുത്തരവാദിത്തവും അച്ചടക്കമില്ലായ്മയും കാണിച്ച പലര്‍ക്കും അതൊരു കെണിയായി മാറിയിരിക്കയാണ്. എങ്ങനെയെങ്കിലും രക്ഷപ്പെട്ടാല്‍ മതിയെന്നായിരിക്കുന്നു പലിശയും കൂട്ടുപലിശയുമായി വലിയ തുകയുടെ ബാധ്യത വന്നവരുടെ ചിന്ത. ക്രെഡിറ്റ് കാര്‍ഡ് ബില്ലിലെ തുക കൃത്യമായി അടച്ചില്ലെങ്കില്‍ അതിണ്റ്റെ പലിശക്ക് കൂടി പലിശ നല്കാന് ഉപയോക്താക്കള്‍ നിര്‍ബന്ധിതരാണ്. ക്രെഡിറ്റ് കാര്‍ഡ് എടുത്തശേഷം ചെലവ് ഗണ്യമായി വര്‍ധിച്ചുവെന്നു പറയുന്നവര്‍ ധാരാളമാണ്. വാര്‍ഷിക ഫീസ് നല്കിയാല് ടെലിഫോണ്‍ ബില്ലും ഇലക്ട്രിക് ബില്ലും അടക്കാം, അത്യാവശ്യം വേണമെങ്കില്‍ എയര്‍ ടിക്കറ്റ് വാങ്ങാം തുടങ്ങിയ ചിന്തകളാണ് പലരേയും ക്രെഡിറ്റ് കാര്‍ഡിലേക്ക് ആകര്‍ഷിച്ചത്. അക്കൌണ്ട് ഏതെങ്കിലും ബാങ്കിലാകട്ടെ, കാര്‍ഡ് തരാമെന്ന വാഗ്ദാനവുമായുള്ള ബാങ്ക് പ്രതിനിധികളുടെ ഓഫീസുകളിലെ കാത്തിരിപ്പ് അതിന് ആക്കം കൂട്ടുകയും ചെയ്തു. ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത, അല്ലെങ്കില്‍ ദൌര്‍ഭാഗ്യകരമായ ആവശ്യം നേരിട്ടതിനാലാകാം ചിലര്‍ ക്രെഡിറ്റ് കാര്‍ഡ് കടത്തില്‍ മുങ്ങിയത്. എന്നാല്‍ തെറ്റായ രീതിയിലുള്ള ഉപയോഗം തന്നെയാണ് ബഹുഭൂരിഭാഗം പേര്‍ക്കും വിനയായി മാറിയിരിക്കുന്നത്. കാര്‍ഡ് കടം വീട്ടാന്‍ വഴികള്‍ പലതുമുണ്ടെങ്കിലും അപൂര്‍വം ചിലര്‍ മാത്രമേ അതില്‍ യഥാസമയം വിജയിക്കുന്നുള്ളൂ. ആസൂത്രണവും കര്‍ശനമായ അച്ചടക്കവും നിയന്ത്രണവും പാലിക്കാന്‍ കഴിയുന്നവരെ മാത്രമേ ക്രെഡിറ്റ് കാര്‍ഡുകള്‍ വിഴുങ്ങാതിരിക്കൂ. പണമില്ലേ അതൊരു പ്രശ്നമാക്കേണ്ട എന്ന മുദ്രാവാക്യത്തിനു മുന്നില്‍ രണ്ടു തവണ ആലോചിച്ചാല്‍ ഈ കെണിയില്‍നിന്ന് രക്ഷപ്പെടാം. ഒന്നോ രണ്ടോ മാസത്തെ ശമ്പളത്തിണ്റ്റെ തുക സുഹൃത്തുക്കളില്‍നിന്നോ ബന്ധുക്കളില്‍നിന്നോ വായ്പയായി കിട്ടാനിടയുള്ളവര്‍ ക്രെഡിറ്റ് കാര്‍ഡിനെ കുറിച്ച് ചിന്തിക്കാതിരിക്കുന്നതാണ് ഉത്തമം. അഞ്ചോ പത്തോ പേര് ചേര്‍ന്ന് ചെറിയ കൂട്ടായ്മകളുണ്ടാക്കി മാസം നിശ്ചിത തുക നീക്കിവെച്ചാല്‍ കൂട്ടായ്മയിലെ അംഗങ്ങളുടെ അത്യാവശ്യങ്ങള്‍ നികത്താനാകുമെന്ന് ചില സുഹൃത്തുക്കള്‍ തെളിയിച്ചിട്ടുണ്ട്. പത്ത് പേര് ചേര്‍ന്നുള്ള ഒരു സംഘത്തിന് ഏതാനും വര്‍ഷമായി തുടരുന്ന ഈ സംവിധാനത്തിലൂടെ പണം ലാഭകരമായ ഒരു കച്ചവടത്തില്‍ നിക്ഷേപിക്കാന്‍ പോലും സാധിച്ചു. ഒരു ക്രെഡിറ്റ് കാര്‍ഡിലെ വായ്പയും പലിശയും അടച്ചു തീര്‍ത്താലും കാര്‍ഡുകളുടെ മായിക ലോകത്ത് സംഘര്‍ഷമില്ലാത്ത ജീവിതം നയിക്കണമെങ്കില്‍, കടമില്ലാത്ത സ്ഥിതി തുടരുമെന്ന ഉറച്ച തീരുമാനവും ദൃഢനിശ്ചയവുമുണ്ടെങ്കിലേ സാധിക്കൂ. പേഴ്സില്‍ ക്രെഡിറ്റ് കാര്‍ഡുള്ളവര്‍ അത് ഏതൊക്കെ തരത്തില്‍ ഉപയോഗപ്പെട്ടുവെന്നും എന്തു ബാധ്യതകള്‍ വരുത്തിയെന്നും വിലയിരുത്തിയശേഷം അത് നല്കുന്ന പാഠങ്ങള്‍ യഥാവിധി ഉള്‍ക്കൊള്ളുന്നില്ലെങ്കില്‍ ഒരിക്കല്‍ രക്ഷപ്പെട്ട കെണി വീണ്ടും മുറുകുമെന്ന് വിസ്മരിക്കേണ്ട. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുകയും അത് വിനയായി മാറുകയും ചെയ്ത പലരുടേയും അനുഭവങ്ങളില്‍നിന്ന് മനസ്സിലാക്കാന്‍ സാധിച്ച ഏതാനും മുന്‍കരുതലുകള്‍: ആകര്‍ഷകമായ ധാരാളം ഓഫറുകളും ഡിസ്കൌണ്ടുകളും എത്തിയാലും അത്യാവശ്യമുള്ള സാധനങ്ങളേ വാങ്ങൂ എന്ന് തീരുമാനിക്കാന്‍ സാധിക്കണം. ആരുടെ സമ്മര്‍ദമുണ്ടായാലും അമിതമായി ചെലവഴിക്കില്ലെന്ന ദൃഢനിശ്ചയത്തില്‍ ഉറച്ചുനില്ക്കാന് കഴിയണം. കാര്‍ഡ് അനുവദിക്കുന്ന പരിധിയുടെ ൭൫ ശതമാനം കടക്കുന്നില്ലെന്നും സമയത്ത് ബില്‍ തുക അടക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണം. രണ്ടിലധികം കാര്‍ഡുകള്‍ ഉണ്ടെങ്കില്‍ ബാക്കിയുള്ളവ ഉപേക്ഷിക്കണം. അത്യാവശ്യങ്ങള്‍ നിറവേറ്റാന്‍ ഈ കാര്‍ഡുകള്‍ തന്നെ ധാരാളം.
July 24, 2007
അപൂര്‍വ സൌഹൃദം
July 20, 2007
ലിഫ്റ്റും കണ്ണാടിയും
(2007 ജൂലൈ 20-ന് മലയാളം ന്യൂസില്‍ പ്രസിദ്ധീകരിച്ച ലേഖനം)
കഷണ്ടിയില്‍ അങ്ങിങ്ങായി അവശേഷിക്കുന്ന മുടികള്‍ ചീകിയൊതുക്കുന്നത് നലാളുകള്‍ കാണാതിരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പലപ്പോഴും ലിഫ്റ്റിലെ കണ്ണാടി അനുഗ്രഹമാകാറുണ്ട്. മുടിചീകി സുന്ദരന്മാരായി ഓഫീസിലേക്ക് കയറാനാണ് എല്ലാ കെട്ടിടങ്ങളിലേയും ലിഫ്റ്റുകളില്‍ മനോഹരമായ കണ്ണാടി വെച്ചിരിക്കുന്നതെന്ന് കരുതുന്നവരുമുണ്ട്. ഇന്‍ ചെയ്ത പാണ്റ്റ്സും ഷര്‍ട്ടും കോട്ടുമൊക്കെ ഒന്ന് ശരിയാക്കി, താന്‍ കൊള്ളാമല്ലോ എന്ന ചിന്തയോടെ ലിഫ്റ്റില്‍നിന്ന് പുറത്തിറങ്ങുമ്പോള്‍ ആത്മവിശ്വാസം ഇരട്ടിയാകും. ലിഫ്റ്റില്‍ മുകളിലോട്ടും താഴോട്ടും പോകുമ്പോള്‍ ഒരുതവണയെങ്കിലും കണ്ണാടിയില്‍ നോക്കാത്തവരുണ്ടാവില്ല. മുടി ചീകുന്നില്ലെങ്കില്‍ പല്ലിനിടയില്‍ തൊട്ടുമുമ്പ് കഴിച്ച ഭക്ഷണത്തിണ്റ്റെ അവശിഷ്ടം വല്ലതുമുണ്ടോയെന്നെങ്കിലും നോക്കിയിരിക്കും. ലിഫ്റ്റില്‍ എന്തിനാണ് കണ്ണാടി സ്ഥാപിച്ചിരിക്കുന്നതെന്ന ചോദ്യത്തിന് പലര്‍ക്കും പല ഉത്തരമാണുണ്ടാവുക. കണ്ണാടിയില്ലാത്ത ലിഫ്റ്റിനെക്കുറിച്ച് ചിന്തിച്ചു നോക്കുക. എത്ര ഇടുങ്ങിയതായിരിക്കും അത്. ഇടുങ്ങിയ സ്ഥലം ചിലരില്‍ ഉണര്‍ത്തുന്ന ക്രമാതീത ഭയത്തെ ക്ളോസ്ട്രോഫോബിയ എന്നാണ് പറയാറുള്ളത്. ഇത്തരം ഭീതി ഒഴിവാക്കാനാണ് ലിഫ്റ്റില്‍ കണ്ണാടി സ്ഥാപിച്ചിരിക്കുന്നതെന്നാണ് ചിലര്‍ പറയുക. അടുത്ത തവണ ലിഫ്റ്റില്‍ കയറുമ്പോള്‍ കണ്ണാടിയില്ലെന്ന് വെറുതെ ഒന്ന് സങ്കല്പിച്ചുനോക്കുക. ലിഫ്റ്റിനെ കുറിച്ചും കണ്ണാടിയെ കുറിച്ചും ചിന്തിക്കാന്‍ ഒരു പ്രത്യേക കാരണമുണ്ട്. കാസര്‍കോട് മൊഗ്രാലിലെ ശാഫിയെന്ന പ്രവാസി യുവാവുമായി ബന്ധപ്പെട്ടതാണത്. ജിദ്ദയിലെ കിംഗ് ഫഹ്ദ് ആശുപത്രിയില്‍ മൂന്ന് ശസ്ത്രക്രിയക്ക് വിധേയനായ ശേഷം ബാക്കി ചികിത്സക്കായി ശാഫി കഴിഞ്ഞയാഴ്ച നാട്ടിലേക്ക് പോയി. ആരിലും അദ്ഭുതമുണര്‍ത്തുന്ന ഒരു രക്ഷപ്പെടലിണ്റ്റെ കഥയാണ,് നമ്മെയൊക്കെ പോലെ സ്വപ്നങ്ങളും പ്രതീക്ഷകളുമായി പ്രവാസം തെരഞ്ഞെടുത്ത ഈ യുവാവിണ്റ്റേത്. ബഹുനില കെട്ടിടത്തിലെ മൂന്നാം നിലയില്‍നിന്ന് ലിഫ്റ്റ് എത്തിയെന്നുകരുതി കാലെടുത്തുവെച്ച ശാഫി താഴേക്ക് പതിക്കുകയായിരുന്നു. വീഴ്ചയുടെ ശബ്ദം ആരുടെയോ കാതില്‍ പതിഞ്ഞതുകൊണ്ട് ലിഫ്റ്റ് താഴേക്ക് വരുന്നത് നിര്‍ത്താന്‍ കഴിഞ്ഞു. അല്ലെങ്കില്‍ ലിഫ്റ്റ് വന്ന് നേരെ അമരേണ്ടിയിരുന്നത് താഴേക്ക് പതിച്ച ശാഫിയുടെ ദേഹത്തായിരുന്നു. വീഴ്ചയില്‍ തലക്ക് എവിടേയും പോറലേല്‍ക്കാത്തതുകൊണ്ട് ശാഫിയുടെ ജീവന് തിരിച്ചുകിട്ടി. ഏതു നിലയിലായാലും സാധാരണ ഗതിയില്‍ ലിഫ്റ്റ് എത്താതെ അതിണ്റ്റെ ഡോര്‍ തുറക്കാറില്ല. സാങ്കേതിക പിഴവുകൊണ്ടാണ് ഇവിടെ അങ്ങനെ സംഭവിച്ചത്. ലിഫ്റ്റില്‍ കയറാനൊരുങ്ങുന്ന നമ്മളാരും അത്രയേറെ ജാഗ്രത പുലര്‍ത്താറില്ലെന്നതും നേര്. ലിഫ്റ്റ് എത്തിക്കഴിഞ്ഞാലല്ലേ വാതില്‍ തുറക്കൂ എന്ന ധാരണ നമ്മില്‍ ഉറച്ചതുകൊണ്ടാണത്. തിരിഞ്ഞുനിന്നും മൊബൈലില്‍ സംസാരിച്ചുകൊണ്ടും ആളുകള്‍ അശ്രദ്ധമായി ലിഫ്റ്റില്‍ കയറുന്നത് കാണാറുണ്ട്. കുടുംബത്തോടൊപ്പമാകുമ്പോള്‍ കുട്ടികളായിരിക്കും ലിഫ്റ്റിണ്റ്റെ ബട്ടണ്‍ അമര്‍ത്തുന്നതും തുറക്കുന്നതുമൊക്കെ. അപൂര്‍വമായേ ഇങ്ങനെ ഡോര്‍ തുറന്നിട്ടും ലിഫ്റ്റ് എത്താതിരിക്കൂ എന്നു കരുതേണ്ട. ശാഫിയുടെ ശസ്ത്രക്രിയക്കും രക്തദാനം ചെയ്യുന്നതിന് ആളുകളെ ഏര്‍പ്പാടാക്കാനും മറ്റും ഉണ്ടായിരുന്ന കാസര്‍കോട് സ്വദേശി സി.എച്ച്. ബഷീര്‍ പറയുന്നത് നേരത്തെ, സൌദിയുടെ മറ്റു നഗരങ്ങളിലും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ്. ലിഫ്റ്റുകളില്‍ നിര്‍ബന്ധമായും സ്ഥാപിക്കുന്ന കണ്ണാടിയുടെ സുരക്ഷാ വശത്തിലേക്കാണ് ഈ അപകടം വിരല്‍ചൂണ്ടുന്നത്. ലിഫ്റ്റില്‍ സഞ്ചരിക്കാനെത്തുന്നവര്‍ക്ക് താന്‍ കയറാന്‍ പോകുന്ന കാറിണ്റ്റെ സാന്നിധ്യം അറിയിക്കുകയെന്ന ദൌത്യമാണ് കണ്ണാടി നിര്‍വഹിക്കുന്നത്. ഇടുക്കം തോന്നാതിരിക്കുകെയന്നതുപോലെതന്നെ പ്രാധാന്യമുള്ളതാണ് വാതില്‍ തുറന്നാല്‍ അകത്ത് വെളിച്ചത്തോടുകൂടി സാന്നിധ്യമറിയിക്കാനുള്ള സംവിധാനം. മുന്നോട്ടു നോക്കിത്തന്നെയാണ് നാം ലിഫ്റ്റില്‍ കയറുന്നതെങ്കില്‍ അസാന്നിധ്യം നമ്മുടെ ശ്രദ്ധയില്‍ പെടാതിരിക്കില്ല. എന്നാല്‍ മറ്റുള്ളവരോടോ മൊബൈലിലോ സംസാരിച്ചുകൊണ്ടാണെങ്കില്‍ ഡോര്‍ തുറന്ന സ്ഥിതിക്ക് ലിഫ്റ്റ് എത്തിയിട്ടുണ്ടാകുമെന്ന ധാരണ അപകടത്തിലേക്ക് നയിക്കും. ജിദ്ദയിലെ ഹറമൈനി ബില്‍ഡിംഗിലെ ഫ്ളാറ്റില്‍ ബോട്ടില്‍വെള്ളം എത്തിക്കാനാണ് ശാഫി കയറിയിരുന്നത്. ജോലിയുടെ ധിറുതിയില്‍ നമുക്കൊക്കെയുള്ള അമിത വിശ്വാസംതന്നെയാണ് ഈ യുവാവിനേയും പിടികൂടിയിരുന്നത്. ലിഫ്റ്റ് തുറന്ന സ്ഥിതിക്ക് ലിഫ്റ്റ് എത്താതിരിക്കുമോ എന്ന ചോദ്യമാണല്ലോ ഇപ്പോഴും നമ്മുടെ മനസ്സിലുള്ളത്. ഏതായാലും കിംഗ് ഫഹ്ദ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാന്‍ സാധിച്ചത് പ്രാരബ്ധങ്ങള്‍ അവസാനിച്ചിട്ടില്ലാത്ത ശാഫിക്ക് ആശ്വാസമായി. ഇത്രയും ശസ്ത്രകിയകള്‍ക്കും മറ്റും സ്വകാര്യ ആശുപത്രിയെ സമീപിക്കുന്ന കാര്യം ചിന്തിക്കാന്‍ പോലുമാകുന്ന സ്ഥിതിയിലല്ല ശാഫിയും അദ്ദേഹത്തിണ്റ്റെ ഇവിടെയുള്ള ബന്ധുക്കളും. അടിയന്തര ഘട്ടങ്ങളില്‍ ഇവിടെയുള്ള സര്‍ക്കാര്‍ ആശുപത്രികള്‍ പ്രവാസികള്‍ക്കുമുമ്പിലും തുറക്കപ്പെടുമെന്ന യാഥാര്‍ഥ്യത്തിലേക്കാണ് മലപ്പുറം എ.ആര്. നഗര്‍ സ്വദേശി മുഹമ്മദിണ്റ്റെ കഥയും വിരല്‍ ചൂണ്ടുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ബൈപാസ് കഴിഞ്ഞ് ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ യൂനിവേഴ്സിറ്റി ആശുപത്രിയില്‍ കഴിയുകയാണ് മുഹമ്മദ് ഇപ്പോള്‍. എത്ര ഗുരുതരമായ അസുഖമായാലും സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരിക്കലും പ്രവാസികള്‍ക്ക് ചികിത്സ ലഭിക്കില്ലെന്നാണ് പ്രചരിപ്പിച്ചുവരുന്നത്. മുഹമ്മദ് തന്നെയും ഒരു ദിവസം സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞിരുന്നു. പതിനാറായിരം റിയാലായിരുന്നു അവിടത്തെ ബില്‍. ബൈപാസ് നടത്തണമെങ്കില്‍ ചുരുങ്ങിയത് ൬൦,൦൦൦ റിയാലെങ്കിലും വേണ്ടിവരുമെന്ന വിവരം ഭാര്യയോടും മകനോടുമൊപ്പം ഉംറ നിര്‍വഹിക്കാനെത്തിയ മുഹമ്മദിണ്റ്റെ ഇവിടെ ജോലി ചെയ്യുന്ന മകനേയും മറ്റു ബന്ധുക്കളേയും തളര്‍ത്തിയപ്പോഴാണ് ചില സാമൂഹിക പ്രവര്‍ത്തകര്‍ ഈ വഴിയെ കുറിച്ച് ചിന്തിച്ചത്. പ്രൈവറ്റ് ഹോസ്പിറ്റല്‍ സംവിധാനം കൂടിയുള്ള കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്സിറ്റിയില്‍ ഫീ ആവശ്യമില്ലാത്ത സര്‍ക്കാര്‍ സംവിധാനത്തില്‍തന്നെയാണ് മുഹമ്മദിന് പ്രവേശനം ലഭിച്ചത്. യൂനിവേഴ്സിറ്റി ഹോസ്പിറ്റലില്‍ നഴ്സുമാരും മറ്റുമായി ധാരാളം മലയാളി ജീവനക്കാരുമുണ്ട്. ഹൃദയാഘാതത്തിന് പ്രവാസി ചികിത്സക്കെത്തിയത് അവര്‍ക്കും പുതിയ അനുഭവമായി. മലയാളി നഴ്സുമാരുള്ളതുകൊണ്ട് കുടിക്കാന്‍ ചൂടുവെള്ളം നല്‍കുന്നതിനുപോലും അവര്‍ പ്രത്യേകം ശ്രദ്ധിക്കുന്നുവെന്ന് ജിദ്ദയില്‍ ൨൦ വര്‍ഷം പ്രവാസജീവിതം നയിച്ച് മടങ്ങിപ്പോയിരുന്ന മുഹമ്മദിണ്റ്റെ കമണ്റ്റ്. അത്യാവശ്യഘട്ടത്തില്‍ പ്രവാസിയായാലും സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ നേടാനാകുമെന്ന അറിവിനോടൊപ്പം, ശസ്ത്രക്രിയ നടക്കുന്നതിനിടയിലും ഹൃദയാഘാതം അതിജീവിച്ച മുഹമ്മദിനു വേണ്ടി നമുക്ക് പ്രാര്‍ഥിക്കാം.
July 14, 2007
അന്നം മുട്ടിക്കുന്ന കണ്ടുപിടിത്തങ്ങള്‍
വാഹനങ്ങള്‍ ഓടിക്കാനും ഫാക്ടറികളിലും മറ്റുമുള്ള യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനും വെളിച്ചെണ്ണ ഉപയോഗിച്ചുതുടങ്ങിയെന്ന വാര്‍ത്തകള്‍ നാം കേരളീയരെ സംബന്ധിച്ചിടത്തോളം ആഹ്ളാദകരമാണ്. കൊളസ്ട്രോള്‍ ഭീകരനെ ചൂണ്ടിക്കാട്ടി വെളിച്ചെണ്ണയുടെ ഭക്ഷ്യോപയോഗം കുറയ്ക്കാനുള്ള ആസൂത്രിത നീക്കമുണ്ടെന്ന വാര്‍ത്തകള്‍ക്കൊപ്പം തന്നെയാണ് വെളിച്ചെണ്ണ ഇന്ധനമായി ഉപയോഗിക്കുന്നതില്‍ പസഫിക് ദ്വീപ് രാഷ്ട്രങ്ങള്‍ വന്‍മുന്നേറ്റം നടത്തിയിരിക്കുന്നുവെന്ന വാര്‍ത്തകളും വന്നത്. എണ്ണ വില വര്‍ധനയോട് പൊരുതുന്ന ഈ രാജ്യങ്ങള്‍ സാമ്പത്തികമായും പാരിസ്ഥിതികമായും പെട്രോളിന് പകരം വെക്കാവുന്ന ശുദ്ധ ഇന്ധനമായി വെളിച്ചെണ്ണയെ കാണുന്നു. എന്‍ജിനുകളില്‍ വെളിച്ചെണ്ണയുടെ ഉപയോഗം പുതിയതല്ലെന്നും പറയാം. രണ്ടാം ലോക മഹായുദ്ധ കാലത്ത് ഡീസിലനു ക്ഷാമം നേരിട്ടപ്പോള്‍ ഫിലിപ്പൈന്‍സില്‍ വെളിച്ചെണ്ണ ഇന്ധനമായി ഉപയോഗിച്ചിരുന്നു. പിന്നീട് ഡീസല്‍ സുലഭമായതും ശൈത്യകാലത്ത് വെളിച്ചെണ്ണയുടെ ഉപയോഗം സാധ്യമാകാതെയും വന്നതാണ് അതിണ്റ്റെ പ്രചാരം കുറച്ചത്. ദക്ഷിണ പസഫിക് ദ്വീപ് രാജ്യമായ വനാട്ടുവിലും സമീപ ദ്വീപുകളിലും ഈയുടത്തായി വീണ്ടും വെളിച്ചണ്ണ ഇന്ധനം വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. എണ്ണ ക്ഷാമവും വിലവര്‍ധനയും കാരണം പൂട്ടിയിട്ടിരുന്ന പല ചെറുകിട വ്യവസായങ്ങളും പുതിയ ഇന്ധനത്തിണ്റ്റെ വരവോടെ വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങുകയും ചെയ്തു. തേച്ചുകുളിക്കും ഭക്ഷ്യോപയോഗത്തിനുമപ്പുറം വെളിച്ചെണ്ണയ്ക്ക് പുതിയ വ്യാപ്തി കണ്ടെത്തുന്നത് ആഹ്ളാദകരമാണെങ്കിലും ഭക്ഷ്യവസ്തുക്കളും എണ്ണക്കുരുക്കളും ഇതുപോലെ ഇന്ധനമായി ഉപയോഗിക്കാനുള്ള നീക്കം ഇതുപോലെ തുടര്‍ന്നാല്‍ അടുത്ത പത്ത് വര്‍ഷത്തിനകം ഭക്ഷ്യ വസ്തുക്കളുടെ വില കുതിച്ചുയരുമെന്ന് ഐക്യരാഷ്ട്ര സംഘടന മുന്നറിയിപ്പ് നല്കുന്നു. വികസ്വര രാജ്യങ്ങളില്‍ മാംസ ഉപയോഗം ഗണ്യമായി വര്‍ധിച്ചുവരുന്നതും ഇന്ധനത്തിനായുള്ള വിളകള്‍ ഉല്പാദിപ്പിക്കുന്നതിന് കൂടുതല്‍ ഭൂമി ഉപയോഗപ്പെടുത്തുന്നതുമാണ് ഭക്ഷ്യവിലക്കയറ്റത്തിനു കാരണമായി യു.എന്‍. ചൂണ്ടിക്കാണിക്കുന്നത്. അതേസമയം ഈ മാറ്റം ഹരിത വാതകങ്ങള്‍ കൊണ്ട് ഭൂമിക്കുണ്ടാകുന്ന ദ്രോഹം അത്രയൊന്നും കുറക്കാന്‍ പോകുന്നില്ലെന്നും വിദഗ്ധര്‍ പറയുന്നു. കാര്‍ഷിക മേഖലയിലെ പ്രവണതകള്‍ മുന്‍നിര്‍ത്തിയാണ് അടുത്ത പത്ത് വര്‍ഷത്തേക്കുള്ള യു.എന്നിണ്റ്റെ പഠനം. വാഹനങ്ങള്‍ക്ക് ഇന്ധനമാക്കാന്‍ കരിമ്പിണ്റ്റേയും ചോളത്തിണ്റ്റേയും എണ്ണക്കുരുക്കളുടേയും ഉല്പാദനം ഇരട്ടിയായി വര്‍ധിക്കുമെന്നും വിക്വസര രാജ്യങ്ങളിലെ ജനങ്ങള്‍ വന്‍തോതില്‍ മാംസാഹാരത്തെ മാത്രം ആശ്രയിച്ചു തുടങ്ങുമെന്നുമാണ് നിരീക്ഷണം. ഈ മാറ്റം അമേരിക്കയും യൂറോപ്യന്‍ സമൂഹവും വിദേശ എണ്ണയെ ആശ്രയിക്കുന്നതില്‍ കുറവു വരുത്തുമെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നുണ്ട്. കാര്‍ഷിക ഇന്ധന വ്യവസായം വികസിപ്പിക്കുന്നതില്‍ യൂറോപ്പും അമേരിക്കയും ചൈനയും ബ്രസീലുമാണ് മുന്നിലുള്ളത്. കഴിഞ്ഞ വര്‍ഷം അമേരിക്കയിലെ ചോളം ഉല്‍പാദനത്തിണ്റ്റെ മൂന്നിലൊരു ഭാഗം ഇന്ധനാവാശ്യങ്ങള്‍ക്കായുള്ള എതനോള്‍ ഉല്പാദിപ്പിക്കാനാണ് പോയത്. 2005 നെ അപേക്ഷിച്ച് 48 ശതമാനം വര്‍ധനയാണിത്. ബ്രസീലും ചൈനയും 20 ദശലക്ഷം ഹെക്ടര്‍ സ്ഥലമാണ് ഇന്ധന വിളകള്‍ക്കായി മാറ്റിവെച്ചിരിക്കുന്നത്. പത്ത് വര്‍ഷത്തിനകം ഇത് ഇരട്ടിയാകുമെന്ന് യു.എന്‍. പഠനം പറയുന്നു. ലോക ഭക്ഷ്യ സംഘടനയും ഒ.ഇ.സി.ഡിയും സംയുക്തമായാണ് യു.എന്‍. റിപ്പോര്‍ട്ട് തയാറാക്കിയത്. കൃഷി ഭൂമികള്‍ നികത്തി കോണ്‍ക്രീറ്റ് കാടുകള്‍ വികസപ്പിച്ചതിനെ തുടര്‍ന്ന് കേരളം നേരിടുന്ന കാര്‍ഷിക, പാരിസ്ഥിതിക പ്രതിസന്ധിയിലൂടെ പുതിയ കണ്ടുപിടിത്തങ്ങളിലൂടെ ആഗോളതലത്തില്‍തന്നെ കൃഷിക്കു വരുന്ന പരിണാമത്തിണ്റ്റെ ദുരന്തം നമുക്ക് മുന്നില്‍ കാണാവുന്നതാണ്. എന്തുകൊണ്ട് ഇത് ഭക്ഷ്യ വസ്തുക്കളുടെ വിലയെ ബാധിക്കുന്നുവെന്ന ചോദ്യത്തിനുള്ള ഉത്തരം ലളിതമാണ്. ഭക്ഷ്യവസ്തുക്കള്‍ ഉല്പാദിപ്പിക്കാനുള്ള സ്ഥലം ഇന്ധന വിളകള്‍ക്കായി മാറ്റുമ്പോള്‍ ഭക്ഷ്യവസ്തുക്കളുടെ ദൌര്‍ലഭ്യത്തിനു കാരണമാകുകയും അത് വില വര്‍ധനക്ക് കാരണമാകുകയും ചെയ്യുന്നു. പഞ്ചസാര, ചോളം, പാംഓയില്‍ എന്നിവയെയാണ് പ്രത്യക്ഷത്തില്‍ അത് ബാധിച്ചുതുടങ്ങുക. കാലവസ്ഥാ വ്യതിയാനം കാരണമായുള്ള വരള്‍ച്ചയും പ്രളയവും അടക്കമുള്ള പ്രകൃതിക്ഷോഭങ്ങള്‍ വരുത്താനിടയുള്ള കൃഷി നാശം കണക്കിലെടുക്കാതെയുള്ളതാണ് യു.എന്‍. റിപ്പോര്‍ട്ട്. ആസ്ട്രേലിയിലെ കാലാവസ്ഥയുടെ പ്രതികൂലാവസ്ഥ കാരണം ഗോതമ്പിണ്റ്റേയും മറ്റും വില ഇപ്പോള്‍തന്നെ റെക്കൊര്‍ഡ് നിലയില്‍ എത്തിച്ചിട്ടുണ്ട്. അമേരക്കിയിലെ ഭക്ഷ്യശേഖരത്തില്‍വന്ന ഇടിവും ആഫ്രിക്കയിലെ വരള്‍ച്ചയും ഭക്ഷ്യക്ഷാമം രൂക്ഷമാക്കുന്നുണ്ട്. ചില വികസ്വര രാജ്യങ്ങളില്‍ ഭക്ഷ്യവസ്തുക്കളുടെ വില വര്‍ധന റെക്കോര്‍ഡ് നിലവാരത്തിലേക്കാണ് പോകുന്നത്. പുതിയ സാധ്യതള്‍ മുന്നില്‍ കണ്ട് കൃഷിയിലേക്ക് തിരിഞ്ഞിരിക്കുന്ന വന്‍കിട കമ്പനികള്‍ക്ക് ഇത് വന്‍ലാഭം സമ്മാനിക്കുമെങ്കിലും ഭക്ഷ്യവസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളേയും നഗരങ്ങളില്‍ ജീവിക്കുന്ന സാധാരണക്കാരേയും ഗുരതരമായി ബാധിക്കുമെന്ന് യു.എന്‍. മുന്നറിയിപ്പ് നല്കുന്നു. ഭക്ഷ്യവസ്തുക്കളുടെ വിലവര്‍ധന കന്നുകാലി കര്‍ഷകരേയും ബാധിക്കും. തീറ്റകള്‍ വാങ്ങാന്‍ അവര്‍ അധിക വില നല്‍കേണ്ടി വരും. ചൈനയെ പോലെ വികസനരംഗത്ത് കുതിച്ചുചാട്ടം നടത്തിക്കൊണ്ടിരിക്കുന്ന രാജ്യങ്ങളില്‍ 2016 ഓടെ പോത്തിറച്ചിയുടേയും പന്നിയിറച്ചിയുടേയും പകുതിയോളവും കോഴിഇറച്ചി, മുട്ട എന്നിവയുടെ ഉപയഭോഗം ൨൫ ശതമാനവും വര്‍ധിക്കുമെന്നാണ് പഠനം കണക്കാക്കുന്നത്. ചില ഗവണ്‍മെണ്റ്റുകള്‍ നല്കുന്ന പ്രോത്സാഹനവും സബ്സഡിയുമാണ് ഊര്‍ജവിളകളുടെ സ്വീകാര്യത കൂട്ടിയിരിക്കുന്നതെന്ന് വിവിധ രാജ്യങ്ങളിലെ സര്‍ക്കാരിരതര സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു. ഊര്‍ജ വിളകള്‍ക്ക് യൂറോപ്യന്‍ യൂനിയന്‍ നല്കുന്ന സബ്സിഡി നിര്‍ത്തണമെന്ന് നൂറിലേറെ സംഘടനകളാണ് ആവശ്യപ്പെട്ടത്.
പ്രവാസികളുടെ തിരോധാനം
ഇസ്ളാമാബാദിലെ ലാല്‍ മസ്ജിദില്‍ പാക് സൈന്യം നടത്തിയ കൂട്ടക്കുരുതി അനിവാര്യമെന്നു തന്നെയാണ് പ്രസിഡണ്റ്റ് പര്‍വേസ് മുഷറഫിനെ പോലെ പാക്കധീന കശ്മീരില്‍നിന്നുള്ള പ്രവാസി വസീമിണ്റ്റേയും അഭിപ്രായം. പാക്കിസ്ഥാനിലെ എല്ലാ ഭീകരന്മാരെയും കൊലപ്പെടുത്തിയാലേ രാജ്യത്തിനു സ്വസ്ഥതുയുണ്ടാകൂ എന്നും ജിദ്ദയില്‍ ടാക്സി ഡ്രൈവറായ അദ്ദേഹം കരുതുന്നു. മദ്രസയില്‍ പഠിക്കാന്‍ പോയി കാണാതായ മക്കള്‍ക്ക് വേണ്ടി ആശുപത്രികളില്‍ കയറിയിറങ്ങുന്ന രക്ഷിതാക്കളുടെ വിലാപം വസീമിനെ സ്വാധീനിച്ചിട്ടേയില്ല. കൂടുതല്‍ സംസാരിച്ചപ്പോഴാണ് വസീമും സ്വന്തം കുടുംബത്തെ സംബന്ധിച്ചിടത്തോളം തിരോധാനം ചെയ്യപ്പെട്ട ഒരു പ്രവാസിയാണെന്ന് മനസ്സിലായത്. നാല് വര്‍ഷമായി സൌദിയില്‍ ജോലി ചെയ്യുന്ന വസീം കുടുംബവുമായി ബന്ധം പുലര്‍ത്താറില്ല. കശ്മീരികളുടെ സ്വാതന്ത്യ്ര പോരാട്ടത്തോടും ഇദ്ദേഹത്തിനു മതിപ്പില്ല. എന്തു കൊണ്ടു കുടുംബവുമായി ബന്ധപ്പെടുന്നില്ലെന്ന ചോദ്യത്തിന് ബാപ്പയും ഉമ്മയും സഹോദരന്മാരും നാട്ടില്‍ പോകാന്‍ നിര്‍ബന്ധിക്കുന്നുവെന്നായിരുന്നു മറുപടി. വിവാഹം കഴിച്ചിട്ടില്ലെന്നു കൂടി പറഞ്ഞപ്പോള്‍ ഇത്രയും പ്രായമായിട്ടും എന്തേ കുടുംബ ജീവിതം തുടങ്ങുന്നില്ലെന്ന ചോദ്യത്തിന് തന്നെ കണ്ടാല്‍ ൪൫ തോന്നുമെങ്കിലും തനിക്ക് ൩൫ വയസ്സേ പ്രായമായിട്ടുള്ളൂ എന്ന മുഖവുരയോടെയായിരുന്നു വസീമിണ്റ്റെ മറുപടി. പ്രവാസികള്‍ക്ക് വേഗം പ്രായമേറുമെന്ന പൊതു തത്ത്വവും. അനുജന്മാര് വിവാഹത്തിനു ധൃതി കൂട്ടുന്നുണ്ടെന്നും താന്‍ ഒഴിഞ്ഞു മാറുകയാണ് എന്നു കൂടി പറഞ്ഞ വസീം അവസാനമാണ് കുടുംബവുമായി ബന്ധം പുലര്‍ത്താതിരിക്കാനുള്ള രഹസ്യം വെളിപ്പെടുത്തിയത്. അവരൊന്നും അറിയാതെ ഇവിടെ ഒരു ശ്രീലങ്കക്കാരിയെ ഒരു വര്‍ഷം മുമ്പ് താന്‍ വിവാഹം ചെയ്തുവെന്നും ഇപ്പോള്‍ സുഖമായി കഴിയുന്നുവെന്നും വസീം പറഞ്ഞു. ഭാര്യ, സൌദി വീട്ടില്‍ വേലക്കാരിയായി ജോലി ചെയ്യുന്നുവെന്നും അവരുടെ സ്പോണ്‍സറാണ് വിവാഹത്തിന് എല്ലാ ഒത്താശയും ചെയ്തുതന്നതെന്നും വസീം തുടര്‍ന്നു. ആഴ്ചയില്‍ സൌദി വീട്ടില്‍ പോയി തങ്ങുകയാണ് പതിവ്. ഇതൊക്കെ കേട്ടപ്പോള്‍, ആദ്യം ഈ വര്‍ഷമെങ്കിലും വീട്ടില്‍ പോകണമെന്ന് വസീമിനോട് ആവര്‍ത്തിച്ചു പറഞ്ഞിരുന്ന ഞാന്‍ ഇനി മറ്റൊരു വിവാഹത്തെ കുറിച്ച് ചിന്തിക്കരുതെന്നാണ് ഒടുവില്‍ പറഞ്ഞത്. തല്ക്കാലം നാടും കുടുംബവും മറന്നെങ്കിലും കാറില്‍ കളഞ്ഞുകിട്ടിയ റീ എന്‍ട്രി അടിച്ച പാസ്പോര്‍ട്ടിണ്റ്റെ മലയാളി ഉടമയെ കണ്ടെത്താന്‍ വസീം കാണിച്ച സന്മനസ്സ് മാതൃകാപരമായിരുന്നു. ഉമ്മക്ക് അസുഖം ബാധിച്ചതിനെ തുടര്‍ന്ന് അടിയന്തിരമായി നാട്ടില്‍ പോകാന്‍ തയാറെടുത്ത മലയാളിയുടെ പാസ്പോര്‍ട്ടാണ് റീ എന്‍ട്രിക്ക് കൊണ്ടുപോയ ആള് വസീമിണ്റ്റെ കാറില്‍ കളഞ്ഞു പോയത്. കാണുന്ന മലയാളികളോടും കടകളിലുമൊക്കെ പറഞ്ഞാണ് അവസാനം പാസ്പോര്‍ട്ടിണ്റ്റെ ഉടമ വസീമിനെ ബന്ധപ്പെട്ടത്. ജിദ്ദയിലെ ഒരു ഔഷധ വിതരണ കമ്പനിയില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനായ മലയാളി നല്കിയ ൫൦൦ റിയാല്‍ താങ്കളുടെ മാതാവിന് വേഗം സുഖമാകട്ടെ എന്നു പ്രാര്‍ഥിച്ചുകൊണ്ട് തിരിക നല്‍കിയെന്നും വസീം പറഞ്ഞു. ആ മലയാളി ഉദ്യോഗസ്ഥന് ഇപ്പോഴും ബന്ധപ്പെടാറുണ്ടോ എന്നു ചോദിച്ചപ്പോള്‍ ആദ്യം ബന്ധപ്പെട്ടിരുന്നുവെങ്കിലും പിന്നീട് തണ്റ്റെ മൊബൈല്‍ നമ്പര്‍ നഷ്ടപ്പെട്ടുവെന്നായിരുന്നു മറുപടി. വിസയില്ലാതെയും ജോലിയില്ലാതെയും കഷ്ടപ്പെടുന്നതുമൂലം നാടുമായി ബന്ധപ്പെടാന്‍ കഴിയാത്തവരെ ധാരാളം കാണുമെങ്കിലും വസീമിനെ പോലെ 'തിരോധാനം' ചെയ്യപ്പെട്ടവരും പ്രവാസ ലോകത്ത് ധാരാളമാണ്. നാട്ടില്‍ ഭാര്യ ഉള്ളവരും ഇല്ലാത്തവരുമായ ധാരാളം പ്രവാസികള്‍ ഇവിടെ വിദേശികളെ വിവാഹം ചെയ്ത് കഴിയുന്നുണ്ട്. ഇത്തരത്തിലുള്ള നിരവധി പേരുടെ കഥകള്‍ നജ്റാനില്‍ കോടതി ട്രാന്‍സ്ളേറ്ററും ഇസ്ളാഹി സെണ്റ്റര്‍ പ്രവര്‍ത്തകനുമായ അബ്ദുല്ലത്തീഫ് പറഞ്ഞു. ഇങ്ങനെ വിവാഹത്തിനുവേണ്ടി മതം മാറുന്ന വിദേശികളില്‍ പലരും സ്വന്തം നാട്ടുകാരില്‍നിന്ന് അത് സമര്‍ഥമായി മറച്ചുവെക്കാറാണ് പതിവ്. രണ്ടാം വിവാഹത്തിനുള്ള പരസ്യത്തില്‍ മതം മാറുന്നവര്‍ക്ക് മുന്‍ഗണനെയന്നു കൂടി ചേര്‍ത്ത മലായളിയോട് അക്കാര്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അതാണ് ലഭിക്കാന്‍ എളുപ്പമെന്നായിരുന്നു മറുപടി. അദ്ദേഹം പറഞ്ഞതു തന്നെയായിരുന്നു ശരി. അഭുതപൂര്‍വമായ പ്രതികരണമായിരുന്നു അദ്ദേഹത്തിണ്റ്റെ പരസ്യത്തിന്. സാമ്പത്തിക ബാധ്യതകള്‍ ഏല്‍ക്കേണ്ടതില്ലാത്ത മിസ്യാര്‍ വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ കണ്ട് അതിണ്റ്റെ വിശദാംശങ്ങള്‍ തേടുന്ന മലയാളികളടക്കമുള്ള പ്രവാസികളും ധാരാളം. വളരെ അത്യാവശ്യമാണെന്നും മിസ്യാര്‍ തരപ്പെടുത്തിക്കൊടുക്കുന്ന ഏജണ്റ്റിണ്റ്റെ ഫോണ്‍ നമ്പര്‍ വേണമെന്നും പറഞ്ഞ് ഈയിടെ ഒരു മലയാളി പത്രം ഓഫീസിലേക്ക് വിളിച്ചു. അത്യാവശ്യത്തെ കുറിച്ച് അയാള്‍ വെളിപ്പെടുത്തിയില്ലെങ്കിലും മിസ്യാര്‍ വെബ് സൈറ്റിണ്റ്റെ വിലാസം കൊണ്ട് തൃപ്തിപ്പെട്ടു. -------
കന്യകാത്വത്തിണ്റ്റെ വില 10000 പൌണ്ട്
സര്‍വകലാശാലയിലെ പഠനത്തിനുള്ള ഫീസ് കണ്ടെത്താന്‍ 18വയസ്സായ ബ്രിട്ടീഷ് പെണ്‍കുട്ടി കന്യകാത്വം വില്‍ക്കാനുണ്ടെന്ന് വെബ്സൈറ്റില്‍ പരസ്യം ചെയ്തു. 10000പൌണ്ടിനു കന്യകാത്വം വില്‍ക്കാനുണ്ടെന്ന തലക്കെട്ടിലാണ് വേശ്യകള്‍ക്കായുള്ള വെബ് സൈറ്റില്‍ പരസ്യം പ്രസിദ്ധീകരിച്ചത്. സാല്‍ഫോര്‍ഡ് യൂനിവേഴ്സിറ്റിയില്‍ ഫിസിക്സ് പഠിക്കാന്‍ ട്യൂഷന് ഫീസിനും ഹോസ്റ്റല്‍ ഫീസിനുമായി 20,000 പൌണ്ട് വേണം. മറ്റു ജോലി ചെയ്തിട്ടും തുക തികയാത്തതിനാലാണ് പെണ്‍കുട്ടി ഇതിനു തുനിഞ്ഞതെന്ന് പരസ്യം കണ്ട് ആവശ്യക്കാരനെന്ന് നടിച്ച് പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട മെല്‍റ്റാ സ്റ്റാറിലെ ഒരു പത്രപ്രവര്ത്തകന് വെളിപ്പെടുത്തുന്നു. പരസ്യത്തെ തുടര്‍ന്ന് ധാരാളം അന്വേഷണങ്ങള്‍ ലഭിച്ചുവെന്ന് പെണ്‍കുട്ടി പറഞ്ഞു. പത്രക്കാരനാണെന്ന് വെളിപ്പെടുത്താതെ പല കാര്യങ്ങളും ചോദിച്ചു തുടങ്ങിയപ്പോള്‍ ഡിസ്കൌണ്ടിനുവേണ്ടിയാണോയെന്ന് പെണ്‍കുട്ടി അത്ഭുതംകൂറിയത്രെ. യഥാര്‍ഥത്തില്‍ കന്യകയാണോ അതേ വേശ്യയുടെ തട്ടിപ്പ് പരസ്യമാണോ എന്നു ചോദിച്ചപ്പോള്‍ അവള് രോഷംകൊണ്ടുവെന്നും പത്രപ്രവര്ത്തകന് വെളിപ്പെടുത്തുന്നു. തുക റൊക്കം നല്‍കണമെന്നും ഗര്‍ഭനിരോധ ഉറ ധരിക്കണമെന്നുമായിരുന്നു പെണ്‍കുട്ടി മുന്നോട്ട് വെച്ച ഉപാധികള്‍. നിരക്ക് കുറക്കാന്‍ വീണ്ടും ടെക്സ്റ്റ് മെസേജ് അയച്ചപ്പോള്‍ പത്തില്‍ ഒട്ടു കുറയുന്നില്ലെന്നായിരുന്നുവത്രെ മറുപടി. മറ്റു പ്രസിദ്ധീകരണമായ ദ പീപ്പിള്‍ ബന്ധപ്പെട്ടപ്പോള്‍ ഇടപാട് ഉറപ്പിച്ചുവെന്നും റൊക്കം തുക കിട്ടിയെന്നും ദിവസം നിശ്ചയിച്ചുവെന്നുമാണത്രെ പെണ്‍കുട്ടി പ്രതികരിച്ചത്. മനുഷ്യക്കടത്തും വില്പനയും നാം കേരളീയര്‍ക്ക് സുപരിചിതമായി മാറിയിട്ടുണ്ടെങ്കിലും പഠനത്തിനും വില കൂടുന്ന പുതിയ പശ്ചാത്തലത്തില്‍ ഇക്കഥ കൂടി ദുരന്തത്തെക്കുറിച്ചുള്ള ഒരു ചൂണ്ടുപലകയാകുന്നു.
May 12, 2007
May 4, 2007
കുഞ്ഞാലിക്കരീം


തൊഴിലാളികള്‍ക്കു മുന്നില്‍ കൊടി പിടിച്ച് തഴമ്പിച്ച കൈകളില്‍ തൊട്ടപ്പോള്‍തന്നെ ചുവന്നു തുടത്തുകൊണ്ടിരുന്ന ആ മുഖം എന്നോട് പറഞ്ഞു. ഇത് പഴയ കരീമല്ല, കുഞ്ഞാലിക്കരീമാണ്. സംസാരിച്ചു തുടങ്ങിയപ്പോഴാകട്ടെ ശരിക്കും ബോധ്യപ്പെട്ടു. എളമരം കരീമില്നിന്ന് കുഞ്ഞാലിക്കരീമിലേക്കുള്ള ദൂരം താണ്ടാന്‍ അധികം സമയമെടുത്തില്ല. അദ്ദേഹത്തിണ്റ്റെ സംസാരവും പത്രക്കാരായ ഞങ്ങളുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയുമൊക്കെ ഈ പരിണാമം വിളിച്ചോതുന്നതായിരുന്നു. പാവങ്ങളായ തൊഴിലാളികള്‍ക്കുവേണ്ടി വാദിക്കാന്‍ പഴയ കരീമിനെ തിരിച്ചുകിട്ടാന്‍ ഇനിയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരുമല്ലോ എന്ന ചിന്ത സമ്മാനിച്ചാണ് അദ്ദേഹം ഞങ്ങളുടെ ഓഫീസിണ്റ്റെ പടികളിറങ്ങിയത്.
May 2, 2007
കള്ളണ്റ്റെ ചെരിപ്പും മൊബൈലും
മിക്ക ദിവസങ്ങളിലും ഞാന്‍ ഈ ചെറുപ്പക്കാരനെ കാണാറുണ്ട്. പലപ്പോഴും മുറിക്ക് പുറത്തിറങ്ങി മൊബൈല്‍ ഫോണില്‍ സംസാരിക്കുകയായിരിക്കും. വിവാഹം ഇങ്ങനെ നീട്ടിക്കൊണ്ടു പോകുന്നതിന് കൂടെ ജോലി ചെയ്യുന്നവര്‍ തമാശയാക്കുന്നതും കേട്ടിട്ടുണ്ട്. അവരുടെ ഇടയില്‍നിന്ന് അല്പം സ്വകാര്യത തേടിയാണ് പാവം ഫോണ്‍ ചെയ്യുമ്പോള്‍ മുറിക്ക് പുറത്തിറങ്ങാറുള്ളത്. ശബ്ദം താഴ്ത്തിയാണ് പലപ്പോഴും സംസാരിക്കുന്നത് കണ്ടിട്ടുള്ളത്. ഞാന്‍ ജോലിക്ക് പോകുമ്പോഴും തിരിച്ച് ഫ്ളാറ്റിലേക്ക് വരുമ്പോഴുമൊക്കെ ഹാരിസിനെ കാണാറുണ്ട്. ഞാന്‍ താമസിക്കുന്ന് ണ്ടാം നിലയില്‍ കേള്‍ക്കുമാറ് ഉച്ചത്തില്‍ ഫോണ്‍ ചെയ്യുന്നവരെ വെച്ച് നോക്കുമ്പോള്‍ ഈ തയ്യല്ക്കാരന് പച്ചപ്പാവം. അവണ്റ്റെ ശബ്ദം ഉയര്‍ന്നു കേട്ടിട്ടേയില്ല. മലപ്പുറത്തുകാ രനായ അവനോട് കണ്ണൂരില്‍നിന്ന് കല്യാണം കഴിക്കുന്നോ എന്ന് ഞാനും പലപ്പോഴും ചോദിക്കാറുണ്ട്. ഇതൊക്കെ പറഞ്ഞുവന്നത് എണ്റ്റെ ഈ പരിചയക്കാരണ്റ്റെ മൊബൈല്‍ ഫോണ്‍ കഴിഞ്ഞ ദിവസം പട്ടാപ്പകല്‍ തട്ടിപ്പറിക്കപ്പെട്ടു. പതിവു പോലെ ഉച്ച സമയത്ത് മുറിക്ക് പുറത്തിറങ്ങി സംസാരിക്കുമ്പോഴായിരുന്നു അത്. ആളുകള്‍ കൂട്ടംകൂടിയത് കണ്ട് അന്വേഷിക്കാന്‍ ചെന്നപ്പോഴാണ് മൊബൈലുമായി ഓടുന്നതിനടയില്‍ കള്ളന് ഉപേക്ഷിച്ച ചെരിപ്പുകളെ സാക്ഷിയാക്കി അവര്‍ സംഭവം പറഞ്ഞത്. സംഭവം ഇന്നത്തെ മലയാളം ന്യൂസില്‍ കൊടുത്തിട്ടുണ്ട്. (മെയ് രണ്ട്-൨൦൦൭) വാര്‍ത്ത താഴെ കൊടുക്കുന്നുണ്ട്. പട്ടാപ്പകല്‍ മലയാളി യുവാവിണ്റ്റെ ഫോണ്‍ തട്ടിപ്പറിച്ചു എം. അഷ്റഫ് ജിദ്ദ: കാറിലെത്തിയ കവര്‍ച്ചക്കാര്‍ പട്ടാപ്പകല്‍ മലയാളി യുവാവിണ്റ്റെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചു. ഫൈസലിയയില്‍ ഇന്നലെ ഉച്ചക്കാണ് സംഭവം. ഫ്ളാറ്റിനു പുറത്ത് വാതിലിനു സമീപമിരുന്ന് ഫോണ്‍ ചെയ്യുകയായിരുന്ന മലപ്പുറം സ്വദേശി ഹാരിസിനാണ് ആയിരം റിയാലിലേറെ വിലയുള്ള ഡബിള്‍ ക്യാമറ ഫോണ്‍ നഷ്ടമായത്. ഫോണ്‍ പിടിച്ചുപറിച്ച യുവാവ് കെട്ടിടത്തിണ്റ്റെ മറുഭാഗത്ത് നിര്‍ത്തിയിരുന്ന കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. മോഷ്ടാവിന് ചാടിക്കയറാന്‍ പാകത്തില്‍ വാതില്‍ തുറന്ന് കിടപ്പായിരുന്നുവെന്ന് ഹാരിസ് പറഞ്ഞു. ജിദ്ദയുടെ പല ഭാഗങ്ങളിലും ഫോണ്‍ തട്ടിപ്പറിച്ചോടുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരികയാണ്. റോഡുക ളില്‍ ബൈക്കുകളിലും കാറുകളിലുമെത്തി ഫോണ്‍ കൈക്കലാക്കി കടുകളയുന്ന സംഭവങ്ങളാണ് മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നതെങ്കില്‍ ഇപ്പോള്‍ ഫ്ളാറ്റുകള്‍ക്ക് സമീപവും കവര്‍ച്ചക്കാര്‍ എത്തിത്തുടങ്ങിയതായി പുതിയ സംഭവങ്ങള്‍ വ്യക്തമാക്കുന്നു. കെട്ടിടങ്ങള്‍ക്ക് പുറത്തും റോഡുകളിലും മൊബൈല്‍ ഫോണ്‍ ജാഗ്രതയോടെ ഉപയോഗിച്ചില്ലെങ്കില്‍ കവര്‍ച്ചക്കാര്‍ക്ക് സൌകര്യമാകും. ചുറ്റുഭാഗത്തും നോക്കിയ ശേഷമേ പൊതുസ്ഥലങ്ങളില്‍ ഫോണ്‍ പുറത്തെടുക്കാവൂ. തക്കം പാര്‍ത്തിരിക്കുന്ന കവര്‍ച്ചക്കാര്‍ ഏതു സമയത്തും പാഞ്ഞെത്താം. ഫോണുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുന്നതുപോലെ തന്നെ പ്രധാനമാണ് നഷ്ടപ്പെട്ടാല്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളും. ഫോണിനോടൊപ്പം നഷ്ടപ്പെടുന്ന സിം കാര്‍ഡ് ഉടന്‍ തന്നെ കാന്‍സല്‍ ചെയ്യുതിന് ബന്ധപ്പെട്ട മൊബൈല്‍ ഫോണ്‍ കമ്പനിയില്‍ വിളിക്കണം. നഷ്ടപ്പെട്ട കാര്‍ഡില്‍ അധികം തുക ഇല്ലെങ്കില്‍പോലും നമ്പര്‍ ദുരുപയോഗപ്പെടുത്താതിരിക്കാന് ഇതാവശ്യമാണ്. ഏതെങ്കിലും കാരണവശാല്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍ അത് ഉപയോഗശൂന്യമാക്കാന്‍ സൌദി ടെലികോമിണ്റ്റെ സഹായം തേടാം. അല്‍ജവ്വാല്‍ ഏര്‍പ്പെടുത്തിയ സൌജന്യ സേവനമാണ് ലോസ്റ്റ് ഫോണ്‍ റിിപ്പാര്ട്ടിംഗ് സര്‍വീസ്. അല്‍ജവ്വാല്‍ നെറ്റ്വര്‍ക്കിലൂടെ ഉടന്‍തന്നെ ഈ ഫോണ്‍ ഉപയോഗശൂന്യമാക്കാന്‍ സാധിക്കും. ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യണമെങ്കില്‍ ഫോണിണ്റ്റെ സീരിയല്‍ നമ്പര്‍ (ഐ.എം.ഇ. ഐ) ഉപയോക്താവ് അറഞ്ഞിരിക്കണം. ഫോണില്‍ *്ര൦൬ ഡയല് ചെയ്താല്‍ സീരിയല്‍ നമ്പര്‍ അറിയാന്‍ കഴിയും. ഈ നമ്പര്‍ എവിടെയെങ്കിലും രേഖപ്പെടുത്തി വെച്ചാല്‍ മാത്രമേ, ഫോണ്‍ നഷ്ടപ്പെടുന്ന വേളയില്‍ അല്‍ജവ്വാല്‍ സൌജന്യ സേവനം പ്രയോജനപ്പെടുത്താന്‍ സാധിക്കൂ.
March 27, 2007
March 22, 2007
കളഞ്ഞു കിട്ടിയ ടോക്കണ്‍
കളഞ്ഞു കിട്ടിയ ടോക്കണ്‍
ജിദ്ദയിലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കുള് നേരിട്ടുതന്നെ ഇത്തവണ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്തത് സ്വകാര്യ കച്ചവടക്കാരുടെ ചൂഷണം തടയാന്‍ സഹായകമായി എന്ന് പല രക്ഷിതാക്കളും പറയുന്നു. കഴിഞ്ഞ ദിവസം റിസള്‍ട്ടിനോടൊപ്പം തന്നെയായിരുന്നു പുസ്തക വിതരണവും. പുസ്തകങ്ങള്‍ വാങ്ങാനുള്ള വന്‍തിരക്കുതന്നെ മതി അതിന്റെ സ്വീകാര്യതക്കുള്ള തെളിവ്. പല കച്ചവടക്കാരും ഇത്തവണ ഇന്ത്യന്‍ സ്കൂള്‍ പാഠ പുസ്തകങ്ങളുടെ വില കുറച്ചതായി അറിയാന്‍ കഴിഞ്ഞു.
മക്കളുടെ റിസള്‍ട്ടും പുസ്തകങ്ങളും വാങ്ങാന്‍ ഞാനും പോയിരുന്നു കഴിഞ്ഞ ദിവസം സ്കൂളില്‍. തിരക്കു കാരണം ടോക്കണ്‍ വിതരണം നിര്‍ത്തി വെച്ചിരുന്നു. രാത്രി ഏകദേശം എട്ടരക്കാണ് ഞാന്‍ ടോക്കണ്‍ വേണ്ടി അതു വിതരണം ചെയ്തിരുന്നയാളെ സമീപിച്ചത്. ടോക്കണ്‍ വിതരണം നിര്‍ത്തിയെന്നും ഇനി നാളെയാകാമെന്നും അദ്ദേഹം പറഞ്ഞപ്പോള്‍ ഏതായാലും പത്ത് മണിവരെ കൗണ്ടര്‍ സമയമുണ്ടല്ലോ സൗകര്യപ്പെട്ടാല്‍ വാങ്ങാം എന്നു പറഞ്ഞ് തര്‍ക്കിച്ചതിനുശേഷമാണ് അയാളുടെ മനസ്സലിഞ്ഞത്. എന്നോടൊപ്പം കൂട്ടത്തില്‍ പലര്‍ക്കും ഈയവസരത്തില്‍ ടോക്കണ്‍ ലഭിക്കുകയും ചെയ്തു.
ടോക്കണ്‍ പതിനേഴാണ് വിളിച്ചിരുന്നത്. എന്റെ കൈയിലുള്ളതോ 97. അങ്ങനെ നിരാശനായി നില്‍ക്കുമ്പോഴാണ് ഒരു സഹൃത്ത് ഇനിയും കാത്തു നില്‍ക്കാനാവുകയില്ല പോകുകകയാണെന്ന് പറഞ്ഞത്. അദ്ദേഹത്തോട് ടോക്കണ്‍ നമ്പര്‍ ചോദിച്ചപ്പോള്‍ 57. അതു തരാമോ എന്നു ചോദിച്ചപ്പോള്‍ അത് മകന് കളഞ്ഞുവെന്ന് മറുപടി.
ഇങ്ങനെ പലരും നിരാശരായി മടങ്ങുമല്ലോ അവരൊക്കെ ടോക്കണ്‍ എന്തു ചെയ്യുമെന്നായി എന്റെ ആലോചന. പലരും ഇതുപോലെ ടോക്കണ്‍ കളഞ്ഞിട്ടുതന്നെയാകുമെന്ന് മനസ്സു പറഞ്ഞു. അങ്ങനെ വെറുതെ നിലത്ത് പരതി തുടങ്ങിയപ്പോള്‍ ചുരുട്ടി കിടന്നിരുന്ന ഒരു ടോക്കണ്‍ കണ്ടു. എടുത്തുനോക്കിയപ്പോള്‍ 37. അപ്പോഴേക്കും അതാ വിളിക്കുന്നു ബി 37.
ഓടിച്ചെന്ന് പുസ്തകങ്ങളുടെ വിലയുമടച്ച് പറത്തേക്കിറങ്ങുമ്പോള്‍ അതാ വാതില്ക്കല് നില്ക്കുന്നു എനിക്ക് ആദ്യം ടോക്കണ്‍ നിഷേധിച്ച മാന്യദേഹം. നേരത്തെ തര്‍ക്കിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന് എന്നോട് അതൃപ്തിയൊന്നും തോന്നിയിരുന്നില്ല. അതുകൊണ്ട് തന്നെ ഒന്നാന്തരം ചിരി പാസാക്കി അദ്ദേഹം എന്നോട് പറഞ്ഞു .. സക്സസ്.
വൈകി വന്ന എനിക്ക് നേരത്തെ പുസ്തകങ്ങള്‍ കിട്ടിയതുകണ്ട് പല പരിചയക്കാരും ആശ്ചര്യപ്പെടുന്നതു കണ്ടിരുന്നു. അവരൊക്കെ വിചാരിച്ചിരുന്നത് എന്തോ സ്വാധീനം ചെലുത്തി ഒപ്പിച്ചതാകുമെന്നാണ്. ഞങ്ങള്‍ ജേണലിസ്റ്റുകള്‍ക്ക് എവിടേയും എന്തു സാധിക്കുമെന്നാണ് സാധാരണക്കാരുടെ വിശ്വാസം.
പക്ഷേ എന്റെ മനസ്സില്‍ ഇപ്പോഴും കളഞ്ഞു കിട്ടിയ ആ ടോക്കണ്‍ 37 ന്റെ ഉടമ ആരായിരിക്കുമെന്നാണ്. അദ്ദേഹം അത് ഉപേക്ഷിച്ചു പോയതാണോ അതോ ഒരു കൈയില്‍ കുട്ടിയുടെ കൈയും മറുകൈയില്‍ റിസള്‍ട്ടും ഒക്കെ പിടിച്ചതുകൊണ്ട് വീണു പോയാതകുമോ? വീണു പോയാതാണെങ്കില്‍ അദ്ദേഹം എന്നോട് ക്ഷമിക്കുമെന്നു തന്നെയാണ് പ്രതീക്ഷ.
March 15, 2007
തവളക്കാഴ്ച
March 11, 2007
പടിഞ്ഞാറും കിഴക്കും
March 10, 2007
March 8, 2007
നാലാമത്തെ കോടീശ്വരനെ തേടി
March 7, 2007
March 6, 2007
യാഹുവിനോട് പറയാനെളുപ്പം
സ്വന്തം തെറ്റ് കാണുകയസാധ്യം
പറയാനെളുപ്പം
പകര്‍ത്താനാവില്ല
തോന്നുന്നത് പറയാം
നാവിന് കടിഞ്ഞാണസാധ്യം
ചട്ടങ്ങളെളുപ്പം
പകര്‍ത്താനാവില്ല
തെറ്റുകളെളുപ്പം
പാഠമാവില്ല
വാങ്ങാനെളുപ്പം
കൊടുക്കാനിളകില്ല
വായിക്കാനെളുപ്പം
പകര്‍ത്താനാവില്ല
March 4, 2007
ബോര്‍ഡിംഗ് പാസ്
ഒടുവില്‍ ഇമിഗ്രേഷനിലെ ഒരു സുഹൃത്തിന്റെ ബുദ്ധിയും സഹായവുമാണ് നമ്മുടെ സുഹൃത്തിനു തുണയായത്. അദ്ദേഹം കോഴിക്കോട്ട് ഇറങ്ങിയെന്ന് പറയുന്ന തീയതിലെത്തിയ എല്ലാ വിമാനങ്ങളിലേയും പാസഞ്ചര്‍മാരുടെ പേരുകള്‍ പരിശോധിക്കുകയാണ് ആ സുഹൃത്ത് ചെയ്തത്. നോക്കിയപ്പോള്‍ നമ്മുടെ സുഹൃത്തിന്രെ പേര് ചേര്‍ത്തിരിക്കുന്നത് ഖത്തറില്‍നിന്ന് വന്ന പാസഞ്ചര്‍മാരുടെ ലിസ്റ്റില്‍.
വായനക്കാരെ, നിങ്ങളാരെങ്കിലും വിമാനമിറങ്ങിയ ശേഷവും ബോര്‍ഡിംഗ് പാസ് കളയാതെ വെക്കാറുണ്ടോ. ഇറങ്ങിയ ഉടന്‍ ബോര്‍ഡിംഗ് പാസ് കളയുകയാണ് എന്റെ പതിവ്. ഏതായാലും ബോര്‍ഡിംഗ് പാസിന്റെ കഷ്ണത്തിനും ചിലപ്പോള്‍ ആവശ്യം വരും എന്നാണ് സുഹൃത്തിന്റെ അനുഭവം തെളിയിക്കുന്നത്. അതുകൊണ്ട് പാസ് കളയണ്ട. കുറച്ചു കാലത്തേക്കെങ്കിലും. പിന്നെ മറ്റൊരു കാര്യവുമുണ്ട്. വിമാനക്കന്പനികളുടെ സ്ഥിരം പാസഞ്ചര്‍മാരുടെ ആനുകൂല്യത്തിന് ഉപയോഗപ്പെടും.
March 3, 2007
സംശയിക്കേണ്ട, നിങ്ങള്‍ ഇന്ത്യയില്‍ തന്നെയാണ്
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായും ഇലക്ട്രിസിറ്റി ബോര്‍ഡ്, പാസ്പോര്‍ട്ട് ഓഫീസ്, റെയില്‍വേ തുടങ്ങിയ വകുപ്പുകളുമായും ഇടപെടുമ്പോള്‍ നാം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടാന്‍ ഇന്ത്യാ ഗവണ്‍മെണ്റ്റ് ഓണ്‍ലൈന്‍ സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
http://darpg- grievance. nic.in/
തങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ അറിയിക്കാന്‍ ജനങ്ങള്‍ ഈ സെല്‍ ഉപയോഗപ്പെടുത്തണമെന്ന് സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. അതുകൊണ്ട് ഈ ഫോറത്തെ കുറിച്ച് ജനങ്ങളെ ബോധവല്കരിക്കാന് ബ്ളോഗന്മാരേ നിങ്ങളും ശ്രദ്ധിക്കണം.
കാസറ്റിലെ പാട്ടുകള്‍ എങ്ങനെ സി. ഡിയിലാക്കാം
mp3mymp3 എന്ന സോഫ്റ്റ് വെയര്‍ താഴെ കൊടുത്തിരിക്കുന്ന സൈറ്റില്‍നിന്ന്ഡൌണ്‍ലോഡ് ചെയ്യുക.
http://www.mp3mymp3.com/
ഇതുപോലുള്ള ഒരു സ്റ്റീരിയോ കണക്ടര് വാങ്ങുക
ഇതിണ്റ്റെ ഒരു ഭാഗം കാസറ്റ് പ്ളേയറിണ്റ്റെയോ വാക്ക്മാണ്റ്റേയോ ഔട്ടില്‍ കൊടുക്കുക. മറ്റേ ഭാഗം കമ്പ്യൂട്ടറിലെ ഇന്‍പുട്ടില്‍ (മൈക്രോ ഫോണ്‍) കൊടുക്കുക.
സോഫ്റ്റ് വെയര്‍ റണ്‍ ചെയ്യുക. മൈക്രോ ഫോണ്‍ അല്ലെങ്കില്‍ ഇന്‍പുട്ട് സെലക്ട് ചെയ്യുക. ( കാസ്റ്റ് പ്ളേയര്‍ ഓണ്‍ ചെയ്താല്‍ ഏത് സോഴ്സാണോ കാണിക്കുന്നത്. അത് സെലക്ട് ചെയ്യാം). കാസറ്റ് പ്ളേ ചെയ്ത ശേഷം സോഫ്റ്റ്വെയറിലെ റെക്കോര്‍ഡ് ബട്ടണ്‍ ക്ളിക്ക് ചെയ്യാം. എല്ലാം എം.പി൩ ഫയലായി റെക്കോര്‍ഡ് ചെയ്യുക.
സി.ഡി ബേണ്‍ ചെയ്യാന്‍ എല്ലാവര്ക്കും അറിയാമല്ലോ? ഇല്ലെങ്കില്‍ ഇവിടേക്ക് പോകൂ.
http://www.free-codecs.com/download/Nero_Burning_ROM.htm
പുരി ക്ഷേത്രത്തില്‍ കയറിയ അമേരിക്കക്കാരന് പിഴ
March 2, 2007
വേശ്യകളും നികുതിയും
ഓരോ ഇടപാടുകാരനില്‍നിന്ന് ഒരു രൂപ വീതം ഈടാക്കിയാല്‍ ഖജനാവിന് അത് വന്‍മുതല്‍കൂട്ടാകുമെന്നും സംഘടനയുടെ ഉപദേഷ്ടാവ് സമരജിത് ജെന പറയുകയുണ്ടായി. നിര്‍ദേശം ഇപ്പോള്‍ തള്ളിയെങ്കിലും ഉടന്‍ തന്നെ ബുദ്ധദേവ് ഭട്ടാചാര്യ മനസ്സ് മാറ്റുമെന്നാണ് എനിക്ക് തോന്നുന്നത്. അതിനേക്കാള്‍ കേമത്തം പറഞ്ഞിരുന്ന നമ്മള് കേരളക്കാര് ഇപ്പോള്‍ മനസ്സ് മാറ്റുകയാണല്ലോ. എ.ഡി.ബിക്കെതിരെ സമരം നയിച്ച നമ്മള് ഇപ്പോള്‍ എവിടെ എത്തിനില്‍ക്കുന്നു. ഈയിടെ വായിച്ചതോര്‍ക്കുന്നു. പിണറായി വിജന്റെ അളിയനാണ് എ.ഡിബി.യെന്ന്.
ബംഗാളിലെ സിംഗൂരില്‍ ടാറ്റക്ക് കൊടുക്കുന്ന കൃഷി ഭൂമി നിലനിറുത്താന്‍ പൊരുതുന്ന ഗ്രാമീണരെ വെടിവെച്ചു കൊല്ലുന്നതിലും ഭേദം വേശ്യകളില്‍നിന്ന് നികുതി പിരിക്കുന്നതു തന്നെ എന്നും തോന്നുന്നു. സിംഗൂരില്‍നിന്ന് കുടിയൊഴിപ്പിക്കുന്ന പാവം സ്ത്രീകള്‍ മാനം വില്‍ക്കേണ്ടിവരുന്ന ഗതികേട് ഒഴിവാക്കാമല്ലോ.