Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

July 20, 2007

ലിഫ്റ്റും കണ്ണാടിയും

എം. അഷ്‌റഫ്‌
(2007 ജൂലൈ 20-ന്‌ മലയാളം ന്യൂസില്‍ പ്രസിദ്ധീകരിച്ച ലേഖനം)
കഷണ്ടിയില്‍ അങ്ങിങ്ങായി അവശേഷിക്കുന്ന മുടികള്‍ ചീകിയൊതുക്കുന്നത്‌ നലാളുകള്‍ കാണാതിരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ പലപ്പോഴും ലിഫ്റ്റിലെ കണ്ണാടി അനുഗ്രഹമാകാറുണ്ട്‌. മുടിചീകി സുന്ദരന്‍മാരായി ഓഫീസിലേക്ക്‌ കയറാനാണ്‌ എല്ലാ കെട്ടിടങ്ങളിലേയും ലിഫ്റ്റുകളില്‍ മനോഹരമായ കണ്ണാടി വെച്ചിരിക്കുന്നതെന്ന്‌ കരുതുന്നവരുമുണ്ട്‌. ഇന്‍ ചെയ്ത പാണ്റ്റ്സും ഷര്‍ട്ടും കോട്ടുമൊക്കെ ഒന്ന്‌ ശരിയാക്കി, താന്‍ കൊള്ളാമല്ലോ എന്ന ചിന്തയോടെ ലിഫ്റ്റില്‍നിന്ന്‌ പുറത്തിറങ്ങുമ്പോള്‍ ആത്മവിശ്വാസം ഇരട്ടിയാകും. ലിഫ്റ്റില്‍ മുകളിലോട്ടും താഴോട്ടും പോകുമ്പോള്‍ ഒരുതവണയെങ്കിലും കണ്ണാടിയില്‍ നോക്കാത്തവരുണ്ടാവില്ല. മുടി ചീകുന്നില്ലെങ്കില്‍ പല്ലിനിടയില്‍ തൊട്ടുമുമ്പ്‌ കഴിച്ച ഭക്ഷണത്തിണ്റ്റെ അവശിഷ്ടം വല്ലതുമുണ്ടോയെന്നെങ്കിലും നോക്കിയിരിക്കും. ലിഫ്റ്റില്‍ എന്തിനാണ്‌ കണ്ണാടി സ്ഥാപിച്ചിരിക്കുന്നതെന്ന ചോദ്യത്തിന്‌ പലര്‍ക്കും പല ഉത്തരമാണുണ്ടാവുക. കണ്ണാടിയില്ലാത്ത ലിഫ്റ്റിനെക്കുറിച്ച്‌ ചിന്തിച്ചു നോക്കുക. എത്ര ഇടുങ്ങിയതായിരിക്കും അത്‌. ഇടുങ്ങിയ സ്ഥലം ചിലരില്‍ ഉണര്‍ത്തുന്ന ക്രമാതീത ഭയത്തെ ക്ളോസ്ട്രോഫോബിയ എന്നാണ്‌ പറയാറുള്ളത്‌. ഇത്തരം ഭീതി ഒഴിവാക്കാനാണ്‌ ലിഫ്റ്റില്‍ കണ്ണാടി സ്ഥാപിച്ചിരിക്കുന്നതെന്നാണ്‌ ചിലര്‍ പറയുക. അടുത്ത തവണ ലിഫ്റ്റില്‍ കയറുമ്പോള്‍ കണ്ണാടിയില്ലെന്ന്‌ വെറുതെ ഒന്ന്‌ സങ്കല്‍പിച്ചുനോക്കുക. ലിഫ്റ്റിനെ കുറിച്ചും കണ്ണാടിയെ കുറിച്ചും ചിന്തിക്കാന്‍ ഒരു പ്രത്യേക കാരണമുണ്ട്‌. കാസര്‍കോട്‌ മൊഗ്രാലിലെ ശാഫിയെന്ന പ്രവാസി യുവാവുമായി ബന്ധപ്പെട്ടതാണത്‌. ജിദ്ദയിലെ കിംഗ്‌ ഫഹ്ദ്‌ ആശുപത്രിയില്‍ മൂന്ന്‌ ശസ്ത്രക്രിയക്ക്‌ വിധേയനായ ശേഷം ബാക്കി ചികിത്സക്കായി ശാഫി കഴിഞ്ഞയാഴ്ച നാട്ടിലേക്ക്‌ പോയി. ആരിലും അദ്ഭുതമുണര്‍ത്തുന്ന ഒരു രക്ഷപ്പെടലിണ്റ്റെ കഥയാണ,്‌ നമ്മെയൊക്കെ പോലെ സ്വപ്നങ്ങളും പ്രതീക്ഷകളുമായി പ്രവാസം തെരഞ്ഞെടുത്ത ഈ യുവാവിണ്റ്റേത്‌. ബഹുനില കെട്ടിടത്തിലെ മൂന്നാം നിലയില്‍നിന്ന്‌ ലിഫ്റ്റ്‌ എത്തിയെന്നുകരുതി കാലെടുത്തുവെച്ച ശാഫി താഴേക്ക്‌ പതിക്കുകയായിരുന്നു. വീഴ്ചയുടെ ശബ്ദം ആരുടെയോ കാതില്‍ പതിഞ്ഞതുകൊണ്ട്‌ ലിഫ്റ്റ്‌ താഴേക്ക്‌ വരുന്നത്‌ നിര്‍ത്താന്‍ കഴിഞ്ഞു. അല്ലെങ്കില്‍ ലിഫ്റ്റ്‌ വന്ന്‌ നേരെ അമരേണ്ടിയിരുന്നത്‌ താഴേക്ക്‌ പതിച്ച ശാഫിയുടെ ദേഹത്തായിരുന്നു. വീഴ്ചയില്‍ തലക്ക്‌ എവിടേയും പോറലേല്‍ക്കാത്തതുകൊണ്ട്‌ ശാഫിയുടെ ജീവന്‍ തിരിച്ചുകിട്ടി. ഏതു നിലയിലായാലും സാധാരണ ഗതിയില്‍ ലിഫ്റ്റ്‌ എത്താതെ അതിണ്റ്റെ ഡോര്‍ തുറക്കാറില്ല. സാങ്കേതിക പിഴവുകൊണ്ടാണ്‌ ഇവിടെ അങ്ങനെ സംഭവിച്ചത്‌. ലിഫ്റ്റില്‍ കയറാനൊരുങ്ങുന്ന നമ്മളാരും അത്രയേറെ ജാഗ്രത പുലര്‍ത്താറില്ലെന്നതും നേര്‌. ലിഫ്റ്റ്‌ എത്തിക്കഴിഞ്ഞാലല്ലേ വാതില്‍ തുറക്കൂ എന്ന ധാരണ നമ്മില്‍ ഉറച്ചതുകൊണ്ടാണത്‌. തിരിഞ്ഞുനിന്നും മൊബൈലില്‍ സംസാരിച്ചുകൊണ്ടും ആളുകള്‍ അശ്രദ്ധമായി ലിഫ്റ്റില്‍ കയറുന്നത്‌ കാണാറുണ്ട്‌. കുടുംബത്തോടൊപ്പമാകുമ്പോള്‍ കുട്ടികളായിരിക്കും ലിഫ്റ്റിണ്റ്റെ ബട്ടണ്‍ അമര്‍ത്തുന്നതും തുറക്കുന്നതുമൊക്കെ. അപൂര്‍വമായേ ഇങ്ങനെ ഡോര്‍ തുറന്നിട്ടും ലിഫ്റ്റ്‌ എത്താതിരിക്കൂ എന്നു കരുതേണ്ട. ശാഫിയുടെ ശസ്ത്രക്രിയക്കും രക്തദാനം ചെയ്യുന്നതിന്‌ ആളുകളെ ഏര്‍പ്പാടാക്കാനും മറ്റും ഉണ്ടായിരുന്ന കാസര്‍കോട്‌ സ്വദേശി സി.എച്ച്‌. ബഷീര്‍ പറയുന്നത്‌ നേരത്തെ, സൌദിയുടെ മറ്റു നഗരങ്ങളിലും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ്‌. ലിഫ്റ്റുകളില്‍ നിര്‍ബന്ധമായും സ്ഥാപിക്കുന്ന കണ്ണാടിയുടെ സുരക്ഷാ വശത്തിലേക്കാണ്‌ ഈ അപകടം വിരല്‍ചൂണ്ടുന്നത്‌. ലിഫ്റ്റില്‍ സഞ്ചരിക്കാനെത്തുന്നവര്‍ക്ക്‌ താന്‍ കയറാന്‍ പോകുന്ന കാറിണ്റ്റെ സാന്നിധ്യം അറിയിക്കുകയെന്ന ദൌത്യമാണ്‌ കണ്ണാടി നിര്‍വഹിക്കുന്നത്‌. ഇടുക്കം തോന്നാതിരിക്കുകെയന്നതുപോലെതന്നെ പ്രാധാന്യമുള്ളതാണ്‌ വാതില്‍ തുറന്നാല്‍ അകത്ത്‌ വെളിച്ചത്തോടുകൂടി സാന്നിധ്യമറിയിക്കാനുള്ള സംവിധാനം. മുന്നോട്ടു നോക്കിത്തന്നെയാണ്‌ നാം ലിഫ്റ്റില്‍ കയറുന്നതെങ്കില്‍ അസാന്നിധ്യം നമ്മുടെ ശ്രദ്ധയില്‍ പെടാതിരിക്കില്ല. എന്നാല്‍ മറ്റുള്ളവരോടോ മൊബൈലിലോ സംസാരിച്ചുകൊണ്ടാണെങ്കില്‍ ഡോര്‍ തുറന്ന സ്ഥിതിക്ക്‌ ലിഫ്റ്റ്‌ എത്തിയിട്ടുണ്ടാകുമെന്ന ധാരണ അപകടത്തിലേക്ക്‌ നയിക്കും. ജിദ്ദയിലെ ഹറമൈനി ബില്‍ഡിംഗിലെ ഫ്ളാറ്റില്‍ ബോട്ടില്‍വെള്ളം എത്തിക്കാനാണ്‌ ശാഫി കയറിയിരുന്നത്‌. ജോലിയുടെ ധിറുതിയില്‍ നമുക്കൊക്കെയുള്ള അമിത വിശ്വാസംതന്നെയാണ്‌ ഈ യുവാവിനേയും പിടികൂടിയിരുന്നത്‌. ലിഫ്റ്റ്‌ തുറന്ന സ്ഥിതിക്ക്‌ ലിഫ്റ്റ്‌ എത്താതിരിക്കുമോ എന്ന ചോദ്യമാണല്ലോ ഇപ്പോഴും നമ്മുടെ മനസ്സിലുള്ളത്‌. ഏതായാലും കിംഗ്‌ ഫഹ്ദ്‌ ആശുപത്രിയില്‍ അഡ്മിറ്റ്‌ ചെയ്യാന്‍ സാധിച്ചത്‌ പ്രാരബ്ധങ്ങള്‍ അവസാനിച്ചിട്ടില്ലാത്ത ശാഫിക്ക്‌ ആശ്വാസമായി. ഇത്രയും ശസ്ത്രകിയകള്‍ക്കും മറ്റും സ്വകാര്യ ആശുപത്രിയെ സമീപിക്കുന്ന കാര്യം ചിന്തിക്കാന്‍ പോലുമാകുന്ന സ്ഥിതിയിലല്ല ശാഫിയും അദ്ദേഹത്തിണ്റ്റെ ഇവിടെയുള്ള ബന്ധുക്കളും. അടിയന്തര ഘട്ടങ്ങളില്‍ ഇവിടെയുള്ള സര്‍ക്കാര്‍ ആശുപത്രികള്‍ പ്രവാസികള്‍ക്കുമുമ്പിലും തുറക്കപ്പെടുമെന്ന യാഥാര്‍ഥ്യത്തിലേക്കാണ്‌ മലപ്പുറം എ.ആര്‍. നഗര്‍ സ്വദേശി മുഹമ്മദിണ്റ്റെ കഥയും വിരല്‍ ചൂണ്ടുന്നത്‌. ഹൃദയാഘാതത്തെ തുടര്‍ന്ന്‌ ബൈപാസ്‌ കഴിഞ്ഞ്‌ ജിദ്ദയിലെ കിംഗ്‌ അബ്ദുല്‍ അസീസ്‌ മെഡിക്കല്‍ യൂനിവേഴ്സിറ്റി ആശുപത്രിയില്‍ കഴിയുകയാണ്‌ മുഹമ്മദ്‌ ഇപ്പോള്‍. എത്ര ഗുരുതരമായ അസുഖമായാലും സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരിക്കലും പ്രവാസികള്‍ക്ക്‌ ചികിത്സ ലഭിക്കില്ലെന്നാണ്‌ പ്രചരിപ്പിച്ചുവരുന്നത്‌. മുഹമ്മദ്‌ തന്നെയും ഒരു ദിവസം സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞിരുന്നു. പതിനാറായിരം റിയാലായിരുന്നു അവിടത്തെ ബില്‍. ബൈപാസ്‌ നടത്തണമെങ്കില്‍ ചുരുങ്ങിയത്‌ ൬൦,൦൦൦ റിയാലെങ്കിലും വേണ്ടിവരുമെന്ന വിവരം ഭാര്യയോടും മകനോടുമൊപ്പം ഉംറ നിര്‍വഹിക്കാനെത്തിയ മുഹമ്മദിണ്റ്റെ ഇവിടെ ജോലി ചെയ്യുന്ന മകനേയും മറ്റു ബന്ധുക്കളേയും തളര്‍ത്തിയപ്പോഴാണ്‌ ചില സാമൂഹിക പ്രവര്‍ത്തകര്‍ ഈ വഴിയെ കുറിച്ച്‌ ചിന്തിച്ചത്‌. പ്രൈവറ്റ്‌ ഹോസ്പിറ്റല്‍ സംവിധാനം കൂടിയുള്ള കിംഗ്‌ അബ്ദുല്‍ അസീസ്‌ യൂനിവേഴ്സിറ്റിയില്‍ ഫീ ആവശ്യമില്ലാത്ത സര്‍ക്കാര്‍ സംവിധാനത്തില്‍തന്നെയാണ്‌ മുഹമ്മദിന്‌ പ്രവേശനം ലഭിച്ചത്‌. യൂനിവേഴ്സിറ്റി ഹോസ്പിറ്റലില്‍ നഴ്സുമാരും മറ്റുമായി ധാരാളം മലയാളി ജീവനക്കാരുമുണ്ട്‌. ഹൃദയാഘാതത്തിന്‌ പ്രവാസി ചികിത്സക്കെത്തിയത്‌ അവര്‍ക്കും പുതിയ അനുഭവമായി. മലയാളി നഴ്സുമാരുള്ളതുകൊണ്ട്‌ കുടിക്കാന്‍ ചൂടുവെള്ളം നല്‍കുന്നതിനുപോലും അവര്‍ പ്രത്യേകം ശ്രദ്ധിക്കുന്നുവെന്ന്‌ ജിദ്ദയില്‍ ൨൦ വര്‍ഷം പ്രവാസജീവിതം നയിച്ച്‌ മടങ്ങിപ്പോയിരുന്ന മുഹമ്മദിണ്റ്റെ കമണ്റ്റ്‌. അത്യാവശ്യഘട്ടത്തില്‍ പ്രവാസിയായാലും സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ നേടാനാകുമെന്ന അറിവിനോടൊപ്പം, ശസ്ത്രക്രിയ നടക്കുന്നതിനിടയിലും ഹൃദയാഘാതം അതിജീവിച്ച മുഹമ്മദിനു വേണ്ടി നമുക്ക്‌ പ്രാര്‍ഥിക്കാം.

1 comment:

കരീം മാഷ്‌ said...

ഇതു പുതിയ അറിവാണു.നന്ദി
പലപ്പോഴും അശ്രദ്ധമായാണു ലിഫ്റ്റില്‍ കയറാറുള്‍ലത്. ടെക്നോളജിയില്‍ അമിത വിശ്വാസമാണു ഹേതു.

Related Posts Plugin for WordPress, Blogger...