അന്തേവാസികളില്‍ നാലുപേര്‍ പോയതോടെ ഫ്ളാറ്റില്‍ മല്‍ബു തനിച്ചായി.
രണ്ടു പേര് നിതാഖാത്ത് പേടിച്ച് നാട്ടിലേക്ക് മണ്ടിയതാണ്. അവര്‍ മണ്ടന്മാരാണെന്നും അതല്ല, ബുദ്ധിമാന്മാരാണെന്നും വിരുദ്ധാഭിപ്രായങ്ങളുണ്ട്. ആളുകള്‍ക്ക് എന്തും പറയാമല്ലോ?
ചെറിയ പ്രായത്തില്‍ തന്നെ നാടണയാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്ന് പ്രവാസത്തില്‍ ഇരുപതും മുപ്പതും വര്‍ഷം പിന്നിട്ടവര്‍ പറയുന്നു. എന്നാല്‍ നാട്ടില്‍ പോയിട്ട് എന്താക്കുമെന്നാണ് സ്വപ്നത്തേരിലേറി ഇവിടെ തന്നെ ജീവിക്കുന്നവരുടെ ചോദ്യം.
രണ്ടുപേര്‍ പദവി ശരിയാക്കി കമ്പനി അക്കോമഡേഷനിലേക്ക് മാറി. പദവി മാറിയപ്പോള്‍ ഒരാള്‍ക്ക് ശമ്പളത്തില്‍ ആയിരം റിയാല്‍ കൂടി. മറ്റേയാള്‍ക്ക് അത്രയും കുറഞ്ഞു.
ശരിക്കും പറഞ്ഞാല്‍ പഠിപ്പില്ലാത്തയാള്ക്ക് ശമ്പളം കൂടി. പഠിപ്പുള്ളയാള്ക്ക് കുറഞ്ഞു. ഒരു മല്‍ബൂന് നഷ്ടം. മറ്റൊരു മല്‍ബൂന് ലാഭം.
പദവി മാറ്റത്തിന്റെ ഓരോ മറിമായങ്ങള്‍.
ഇങ്ങനെ നാലുപേര്‍ അപ്രത്യക്ഷരായ ലക്കി ഹൗസില്‍നിന്ന് മല്‍ബുവും പോകേണ്ടിയിരിക്കുന്നു. പത്തു ദിവസം കൂടി ഇനി ഇവിടെ ഇങ്ങനെ തങ്ങാം. അതിനിടയില്‍ വേറെ ഫ്ളാറ്റ് കണ്ടെത്തി മാറണം.
ലക്കിഹൗസിലേക്ക് പുതുതായി ആളുകളെ കണ്ടെത്താന്‍ താല്പര്യമില്ല. കാരണം ആഴ്ചയിലൊരിക്കലെങ്കിലും വെള്ളം മുടങ്ങുന്നു. പിന്നെ കിച്ചണിലും കുറേ പ്രശ്നങ്ങള്‍. പാറ്റ, എലി.…
ഹോട്ടലിനു പിറകില്‍ ജോലി ഒഴിവുകളും ഫ്ളാറ്റ് ഒഴിവുകളും ഒട്ടിക്കാറുള്ള ചുമരില്‍ മല്‍ബു പരതിത്തുടങ്ങി. പിന്നെ വില്‍ക്കാനും വാങ്ങാനും പ്രവാസികള്‍ കൂട്ടുപിടിക്കുന്ന വെബ്സൈറ്റിലും നോക്കി.
മൂന്നാംനാള്‍ ഹോട്ടലിനു പുറത്തുള്ള ചുമരില്‍ ഒരു പരസ്യം പ്രത്യക്ഷപ്പെട്ടു.
ഡീസന്റായ ബാച്ചിലര്‍ മല്‍ബുവിന് ബെഡ് സ്പേസ് ലഭ്യമാണ്. ഇരുപത്തിനാലു മണിക്കൂറും വെള്ളം.
അതിനു തൊട്ടുതാഴെ ഏതോ വിരുതന് പേന കൊണ്ട് തൊട്ടുകൂട്ടാന്‍ അച്ചാറും എന്നെഴുതിവെച്ചിട്ടുണ്ട്. അതിലെ ഫലിതം ആലോചിച്ചുകൊണ്ട് ഫോണ്‍ നമ്പര്‍ എഴുതിയെടുക്കുമ്പോള്‍ അവിടെ മറ്റൊരു മല്‍ബു പ്രത്യക്ഷപ്പെട്ടു.
ഇവരുടെ ഇന്റര്‍വ്യൂ കഴിഞ്ഞു വരികയാ ഞാന്‍. അവര്‍ക്കൊരു നൂറുകൂട്ടം കണ്ടീഷന്‍സാ. നമുക്ക് ഒക്കൂല.
എന്തു കണ്ടീഷന്‍സാ?
വണ്ടി വേണം. കുക്ക് ചെയ്യാനറിയണം. അങ്ങനെ പല പല നിബന്ധനകള്‍. ജോലി തേടിപ്പോയതു പോലെയാണ് അവരുടെ ഒരു ഇന്റര്‍വ്യൂ.
ജീവിതത്തില്‍ ഇതുവരെ പുകവലിക്കാത്ത എന്നോട് അവര്‍ പറഞ്ഞു. നിങ്ങളെ സിഗരറ്റ് മണക്കുന്നു. ഇവിടെ പറ്റൂലാന്ന്. ഞാനടിച്ച പെര്‍ഫ്യൂമിന്റെ മണം ചിലര്‍ക്ക് സിഗരറ്റിന്റെ മണമായി തോന്നാം. അതൊന്നും അറിയാത്തവരാ ഇവര്‍. ശരിക്കും പിരാന്തന്മാര്.
നിങ്ങള്‍ക്ക് വണ്ടിയൊക്കെ ഉണ്ടല്ലോ, ഏതായാലും ഒന്നു ട്രൈ ചെയ്തോളൂ. കിട്ടിയാലായല്ലോ. ബാച്ചിലര്‍ അക്കൊമഡേഷന് കിട്ടാന്‍ ഇവിടെ ഇപ്പോള്‍ വലിയ പാടായിട്ടുണ്ട്.
മല്‍ബു വേഗം ഡയല് ചെയ്തു. ഫോണ്‍ വഴിയുള്ള പ്രാഥമിക ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കിയ ശേഷം കൂടിക്കാഴ്ചക്ക് സമയം നിശ്ചയിച്ചു.
ഫ്ളാറ്റില്‍ എത്തിയപ്പോള്‍ അവിടെ മൂന്ന് പേര് കാത്തിരിപ്പുണ്ടായിരുന്നു.
വീടിന്റ പേരൊക്കെ കൊള്ളാം- മഴവില്‍.
കഴുത്തിലൂടെ തോര്‍ത്തിട്ട കഷണ്ടിക്കാരനാണ് ചോദ്യങ്ങള്‍ ചോദിച്ചത്.
കുക്ക് ചെയ്യുമോ?
കുക്ക് ചെയ്യാനറിയില്ല. പക്ഷേ കൂടിക്കൊടുക്കും.
കൂട്ടിക്കൊടുക്കുമെന്നോ, എന്ത്, കൂട്ടാനാ?
അല്ല, കിച്ചണില്‍ കൂടിക്കൊടുക്കും. കൈ സഹായം. തനിച്ച് ചെയ്യാനറിയില്ല.
പാട്ട് ഇഷ്ടമാണോ?
പുട്ടും കടലയും ഇഡ്ഡലിയുമാണ് ഏറ്റവും ഇഷ്ടം.
പുട്ടിന്റെ കാര്യമല്ല മാഷേ, പാട്ട്... മ്യൂസിക് ഇഷ്ടമാണോ എന്ന്.
കേട്ടാലും കേട്ടില്ലേലും കൊയപ്പല്യ.
പാട്ട് മാത്രമാണ് മല്‍ബുവിന് ഇഷ്ടം. പിടികൊടുക്കാതിരിക്കാനാണ് കൊയപ്പല്യയില് പിടിച്ചത്.
കാറുണ്ട് അല്ലേ?
ഉണ്ടാക്കാം.
അപ്പോള്‍ ഇല്ലേ? ഉണ്ടാക്കാന്നു പറഞ്ഞാല്‍ പല പ്രശ്നങ്ങള്‍ ഉണ്ട്. കാറുണ്ടായി കഴിയുമ്പോള്‍ നിങ്ങള്‍ ഫ്ളാറ്റ് മാറിയല് ഞങ്ങള്‍ വേറെ ആളെ നോക്കേണ്ടിവരും. നിലവില്‍ കാറുള്ളയാളെയാണ് ഞങ്ങള്‍ നോക്കുന്നത്.
എനിക്ക് കാറുണ്ട്. സ്വന്തം കാറല്ലന്നേയുള്ളൂ. അതുകൊണ്ടാണ് ഉണ്ടാക്കാം എന്നു പറഞ്ഞത്.
വെരിഗുഡ്. കാറുള്ളയാളെ എന്തിനാണ് നോക്കുന്നതെന്നറിയാമോ?
അറിയാം. വല്ലപ്പോഴും പുറത്തുപോകാനല്ലേ. അതൊക്കെ എനിക്ക് ഇഷ്ടമുള്ള കാര്യാണ്.
അങ്ങനെ സര്‍ക്കീട്ട് പോകാനൊന്നും അല്ല. ഇവിടെ ഇതാ ഇയാള്‍ക്ക് കാറുണ്ട്. വലതു ഭാഗത്തിരിക്കുന്ന കുടവയറനെ ചൂണ്ടിപ്പറഞ്ഞു. പക്ഷേ അതുകൊണ്ട് കാര്യം നടക്കുന്നില്ല.
ആഴ്ചയില്‍ ഒരിക്കല്‍ മാര്‍ക്കറ്റില്‍ പോയി മീന്‍ കൊണ്ടുവരണം.
പക്ഷേ, എന്റെ വണ്ടിയില്‍ ഇതുവരെ മീന്‍ കയറ്റിയിട്ടില്ല.
അതിനെന്താ. നല്ലോണം അടച്ചുവെക്കാവുന്ന ബക്കറ്റുണ്ട്. നാറ്റം ഒട്ടും ഉണ്ടാവില്യ. അതിനു ഞങ്ങള്‍ ഗ്യാരണ്ടി.
എന്നാ ആയിക്കോട്ടെ.
ഇനിയിപ്പോ മീനിന്റെ പേരില്‍ മഴവില്ല് മുടങ്ങണ്ടാന്നു കരുതി മല്‍ബു അതങ്ങ് സമ്മതിച്ചു.
ഇന്നാള് കഫീല്‍ തന്ന ഒരു സൂപ്പര്‍ സ്പ്രേ ഉണ്ട്. അതുമതി മീന്മണം പോകാന്‍.
5 comments:
ദാ, പിന്നേന് പ്രശ്നം തന്നെ.ഇബടേം ആളെത്തിയില്ല.ഇനിയിപ്പോ എന്തു ചെയ്യും.ഈ മല്‍ബൂനെ കൊണ്ടു തോറ്റു. ആദ്യം വന്നാലും സുയിപ്പാ...ഇനി അടുത്ത പോസ്റ്റിനാവട്ടെ..പതുക്കെ വരാന്‍ നോക്കാം.
ഇക്കാ ഞാൻ ഇവിടെ ഉണ്ട്..
അപ്പുറത്ത് സുന്ദരികളെ നോക്കാൻ
ഞാൻ നിന്നില്ല...
മഴവില്ലു നന്നായി...
ഇക്കാ ഞാൻ ഇവിടെ ഉണ്ട്..
അപ്പുറത്ത് സുന്ദരികളെ നോക്കാൻ
ഞാൻ നിന്നില്ല...
മഴവില്ലു നന്നായി...
മീന്‍ മണമില്ലെങ്കില്‍ ചോറ് ഇറങ്ങൂല..
സൂപ്പര്‍ സ്പ്രേ കൊണ്ടൊന്നും ഒരു കാര്യോല്ലാ ...
അനുഭവം ഗുരു :)
Post a Comment