സമയം അര്‍ധ രാത്രി കഴിഞ്ഞിരുന്നു. പായസം കുടിച്ചും സൊറ പറഞ്ഞും വൈകിയതാണ്. പൊതുവെ മധുരം കുറക്കാറുള്ളതാണെങ്കിലും ചര്‍ച്ചക്കിടയില്‍ മൂന്ന് ഗ്ലാസ് അകത്തു ചെന്നത് അറിഞ്ഞില്ല. അങ്ങനെ ഇത്തിരി മന്ദിപ്പോടെയാണ് കാറില്‍ കയറിയത്.
ചര്‍ച്ചകള്‍ രസകരമായിരുന്നു.
ഓരോരുത്തുടെ ആശങ്കകള്‍, വേവലാതികള്‍.
പാക്കിസ്ഥാനിലേക്കുള്ള ട്രെയിന്‍ കണ്ടില്ലേ? പച്ച ബസ് കണ്ടില്ലേ?
ഫെയ്സ് ബുക്കില്‍ നിറഞ്ഞ ചിത്രങ്ങളെ കുറിച്ച് മാത്രമല്ല, ആരൊക്കെയോ കുത്തിക്കുറിച്ച ഓരോ പ്രതികരണവും കാര്യമായി തന്നെ ചര്‍ച്ച ചെയ്യുന്നു. വിജയത്തേക്കാള്‍ തോല്‍വിയെ കുറിച്ചാണ് ആളുകള്‍ക്ക് നൂറുനാക്ക്. പരാജയത്തിന്റെ കാരണങ്ങളല്ല, അതു വരുത്താനിരിക്കുന്ന ആഘാതങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാനാണിഷ്ടം.
എന്തുകൊണ്ട് തോറ്റു എന്നു ചോദ്യത്തോട് എന്താകും ഭാവി എന്ന മറുചോദ്യം.
എന്തിനാ നിങ്ങള്‍ക്ക് പേടി?
അതു പിന്നെ ശരീഅത്ത് മാറ്റി ഏക സിവില്‍ കോഡ് കൊണ്ടുവരുമല്ലോ?
അതിനെന്താ? നിങ്ങള്‍ വേറെ കെട്ടാന്‍ പോകുന്നുണ്ടോ? ഉള്ളതിനെ മൊഴി ചൊല്ലാന്‍ വിചാരിക്കുന്നുണ്ടോ?
അതില്ല, പിന്നെ നമ്മള് അയക്കുന്ന പണത്തിനു ടാക്സ് ഏര്‍പ്പെടുത്താലോ?
നിങ്ങളെന്താ ബാങ്ക് വഴി എല്ലാ മാസവും പണം അയക്കാറുണ്ടോ?
അതില്ല, എന്നാലും അയക്കേണ്ടി വന്നാലോ?
പണമുള്ളിടത്തോളം കാലം ഹവാലയുമുണ്ടാകും. അതേക്കുറിച്ച് വേവലാതി വേണ്ട.
പിന്നെ മക്കളുടെ എണ്ണം പരിമിതപ്പെടുത്താലോ?
നിങ്ങള്‍ക്ക് എത്ര മക്കളുണ്ട്?
രണ്ട്.
ഇനി സാധ്യതയുണ്ടോ?
അതുപിന്നെ,വിചാരിച്ചാലും നടപ്പില്ല, നിര്‍ത്തിപ്പോയതാ.
ഇങ്ങനെ ചര്‍ച്ചയിലെ രസങ്ങള്‍ ആലോചിച്ച് ഓടിച്ചു പോകവേ വഴിമധ്യേ കാര്‍ പണിമുടക്കി.
പുറത്തിറങ്ങി.
ഇരുഭാഗത്തുനിന്നും വണ്ടികള്‍ ചീറിപ്പായുന്നുണ്ട്. ഒരു ലിമോസിന് വന്നെങ്കില്‍ എന്ന് ആഗ്രഹിച്ച് ഇരുഭാഗത്തേക്കും നോക്കി.
ഇതെന്താ ലിമോസിനുകളൊക്കെ പണി മുടക്കിയോ അതോ തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാന്‍ പോയോ?
കുറച്ചുനേരം കാത്തുനിന്ന ശേഷം ആരെയെങ്കിലും വിളിക്കാമെന്നു കരുതി പോക്കറ്റില്‍ തപ്പിയപ്പോള്‍ മൊബൈല്‍ ഇല്ല. വണ്ടിയിലും ഇല്ല. ഫോണ്‍ എവിടെയോ മറന്നുവെച്ചിരിക്കുന്നു.
ഒരു മനുഷ്യന് പോലും അതുവഴി വന്നില്ല. ക്രോസ് ആയി നടന്നാല്‍ ഫഌറ്റിലേക്ക് കഷ്ടിച്ച് മൂന്ന് കിലോമീറ്ററേയുള്ളൂ. ഏതായാലും രാവിലെ ടി.വിയുടെ മുന്നില്‍ ഇരുന്നതുകൊണ്ട് നടത്തം മുടങ്ങിയിരുന്നു. നടത്തമാകട്ടെ എന്നു കരുതി ഫഌറ്റ് ലക്ഷ്യമാക്കി നടന്നു തുടങ്ങി.
നല്ല ഇരുട്ടുണ്ട്. തെരുവു വിളക്കുകള്‍ കണ്ണടച്ചിരിക്കുന്നു.
അല്ലയോ തെരുവു വിളക്കുകളേ? ഫാസിസത്തിന്റെ ഇരുണ്ട യുഗത്തിലേക്കുള്ള യാത്ര തുടങ്ങിയതിനാല്‍ നിങ്ങളും ദുഃഖിക്കുകയാണോ?
പെട്ടെന്ന് മങ്ങിയ വെളിച്ചത്തില്‍ കുറച്ചു ദൂരെയായി ഒരു രൂപം പ്രത്യക്ഷപ്പെട്ടു. മേലാകെ പുതച്ചിട്ടുണ്ട്. മനസ്സൊന്ന് പതറി. രൂപം അനങ്ങുന്നുണ്ടെങ്കിലും അവിടെനിന്ന് നീങ്ങുന്നില്ല. എന്നെ കാത്തുനില്ക്കുന്നതു പോലെ തോന്നി. കൈ വീശി വിളിക്കുന്നുണ്ടോ എന്നും സംശയം.
ധൈര്യം സംഭരിച്ച് മുന്നോട്ടു നടന്നു. രണ്ടു മൂന്ന് സ്റ്റെപ്പ് മുന്നോട്ടുവെച്ചപ്പോള്‍ റോഡരികില്‍ ഉണ്ടായിരുന്ന ഒരു ടയറില്‍ കാല് തട്ടി നിലത്തുവീണു. തല ഉയര്‍ത്തി നോക്കിയപ്പോള്‍ രൂപം അവിടെ തന്നെയുണ്ട്.
എല്ലാ ധൈര്യവും ചോര്‍ന്നുപോയി.
ഇനിയും മുന്നോട്ട് നടക്കണോ? പിന്നോട്ട് ഓടണോ എന്നായി ചിന്ത.
പിന്നെ രണ്ടും കല്പിച്ച് തിരിഞ്ഞു നടന്നു, അല്ല, ഓടി.
ഇങ്ങനെയും എനിക്ക് ഓടാന്‍ കഴിയുമോ? രാവിലത്തെ നടത്തത്തില്‍ ഓടാന്‍ ശ്രമിക്കാറുണ്ട്. പക്ഷേ, രണ്ട് മിനിറ്റ് ഓടുമ്പോഴേക്കും കിതച്ച് നാശാവാറാണ് പതിവ്. പിന്നെ ക്ഷീണം കൊണ്ട് നടക്കാനും പറ്റാതാവും.
രൂപം ഇപ്പോള്‍ പിന്തുടരുന്നുണ്ട്. ഒന്നു കൂടി നോക്കി ഉറപ്പുവരുത്തി. അതും ഓടിത്തുടങ്ങിയിട്ടുണ്ട്. സകല ശക്തിയും സംഭരിച്ച് ഓട്ടത്തിനു വേഗം കൂട്ടി.
ഇനി മരപ്പാലം കയറി അപ്പുറത്ത് കടക്കണം.
തിരിഞ്ഞു പാലത്തിലേക്ക് കയറാന്‍ ശ്രമിച്ചതും പാലം അടച്ചിട്ടതിനാല്‍ ആളുകള്‍ കയറാതിരിക്കാന്‍ സ്ഥാപിച്ച പലകയില്‍ തട്ടി താഴെ വീണതും ഒരുമിച്ചായിരുന്നു.
മെല്ലെ തല ഉയര്‍ത്തി നോക്കിയപ്പോള്‍ പതാക പുതച്ച ആ രൂപം കടന്നു പോയിരുന്നു.
എന്തൊരു സമാധാനം.
പാലത്തിന്റെ പലക പിടിച്ച് എഴുന്നേല്ക്കാന് നോക്കിയപ്പോള്‍ മുന്നില്‍ പാലമില്ല, പകരം കട്ടിലില്‍ പിടിച്ച് എഴുന്നേല്‍ക്കാനുള്ള ശ്രമത്തിലായിരുന്നു ഞാന്‍.
അപ്പോഴാണ് കിച്ചണില്‍നിന്ന് നാണി ഓടി വന്നത്.
എന്താ ശബ്ദം കേട്ടത്? കട്ടിലില്‍നിന്ന് താഴെ വീണോ?
ശ്ശോ എന്റെ നാണീ, ഒന്നും പറയണ്ട. വല്ലാത്തൊരു സ്വപ്നമായിരുന്നു.
മണിക്കൂറുകളോളം ടി.വിക്കു മുന്നിലിരിക്കുമ്പോള്‍ ഓര്‍ക്കണായിരുന്നു. ഒരു വട്ടം കണ്ടാല്‍ പോരെ ഇലക്ഷന് റിസള്‍ട്ട്.
അതോക്കെ എന്നെ കണ്ടു പഠിക്കണം.
ജയിക്കുന്നവര്‍ ജയിക്കും, തോല്‍ക്കുന്നവര്‍ തോല്‍ക്കും.
ടി.വി കണ്ടു കണ്ട് ചര്‍ച്ച കേട്ട് കേട്ട് തളര്‍ന്നുറങ്ങിയതായിരുന്നു.
ക്ലോക്കില്‍ നോക്കിയപ്പോള്‍ സമയം 11 മണി. ഇനിയിപ്പോ എവിടെ പോകാന്‍. പായസവും ലഡുവും ആഘോഷവും ഒക്കെ കഴിഞ്ഞു കാണും.
മൊയ്തുവിനെ വിളിച്ചു.
എങ്ങനെ ഉണ്ടായിരുന്നു ആഘോഷം?
ലഡു വിതരണമൊക്കെ ഉണ്ടായിരുന്നു. ഓര്‍ഡര്‍ ചെയ്യുമ്പോള്‍ നിറമൊന്നും പറഞ്ഞിരുന്നില്ലെങ്കിലും കിട്ടിയപ്പോള്‍ ലഡുവിന് കാവി നിറം പോലെ.
അതു പിന്നെ പഴകി നിറം മാറിയതായിരിക്കും.
അല്ല, കോര്‍പറേറ്റ് ലഡുവാണ്. നമ്മള് ഓര്‍ഡര്‍ ചെയ്താല്‍ മതി. നിറം അതു സ്വയം തീരുമാനിച്ചുകൊള്ളും.
3 comments:
ആശംസകൾ....
നിറം മാറുന്ന ലോകം ..
എത്രപേര്‍ നിറം മാറിയെന്നോ!!
Post a Comment