മന്‍ജദ്ദ വജദ
എന്ത്.. മീഞ്ചന്തയില്‍ എന്താ ഉണ്ടായത്?
കേട്ടയുടന്‍ മൊയ്തു ചാടി എഴുന്നേറ്റു ചോദിച്ചു.
അങ്ങനെയാണ് മൊയ്തു. ബ്രേക്കിംഗ് ന്യൂസിനായി ചാടി വീഴും. വട്ടക്കണ്ടി മൊയ്തുവിന് ലുങ്കി ന്യൂസ് മൊയ്തു എന്നു ഇരട്ടപ്പേര് കിട്ടാന്‍ കാരണവും അതു തന്നെ. നാടുവിട്ട പ്രവാസികള്‍ കൗതുകത്തോടെ പാടി നടക്കുന്ന പല ന്യൂസുകളുടേയും ഉറവിടം ഈ മൊയ്തുവാണ്.
മീഞ്ചന്തയും പാളയവും ഒന്നുമില്ല. മന്‍ജദ്ദ വജദ എന്നാണ് പറഞ്ഞത്.
ആര് പ്രയത്നിച്ചുവോ അതവന് കാണും എന്നാണ് മലയാളം.
ആര്? എന്തു പ്രയത്നം? പണിയെടുത്താല്‍ കിട്ടും എന്നു പറഞ്ഞാല്‍ പോരേ?
അതുതന്നെയാണ് പറഞ്ഞത്. ശരിക്കും മെനക്കെട്ടാല്‍ ഫലം കിട്ടും. ഞാനതു തെളിയിച്ചു കഴിഞ്ഞു.
ഇതു പുതിയ കാര്യമൊന്നും അല്ല. അറബീ പറയേണ്ട കാര്യവും ഇല്ല. പച്ചമലയാളം മതി.
പോരാ.. ഇത് പച്ച അറബീ തന്നെ പറണം. കാരണമുണ്ട്.
പഠിപ്പും തന്ത്രോം ഒക്കെ ങ്ങള് മല്‍ബുകള്‍ക്ക് മാത്രം എന്നാണല്ലോ വെപ്പ്. എന്നാല്‍ അങ്ങനെയൊന്നും അല്ല.
അപ്പോള്‍ ഒന്നു ചോദിച്ചോട്ടെ. എന്താ ഇപ്പോ ഉണ്ടായത്? എന്താ ഇത്ര ഭയങ്കര പ്രയത്നോം വിജയോം. ഉമ്മന്‍ചാണ്ടി മാറിയോ? പി.സി. ജോര്‍ജ് വിചാരിച്ച് നടക്കാത്തത് വേറെ ആരേലും നടത്തിയോ?
നിങ്ങടെ ഒരു ജോര്‍ജും ചാണ്ടീം. ഇത് അതൊന്നുമല്ല.
നിങ്ങളൊക്കെ ഇവിടെ പേടിച്ച് ഇരിക്കായിരുന്നല്ലോ? മക്കയില്‍ നിങ്ങടെയൊക്കെ എത്ര കുടുംബക്കാര് വന്നിട്ടുണ്ട്. ആരെയെങ്കിലും ചെന്നു നോക്കിയോ?
കുറ്റം മുഴുവന്‍ ചെക്കിംഗിന്.
അമ്മോശന്‍ വന്നിട്ടും മൊയ്തു പോകാത്തത് പേടിച്ചിെട്ടാന്നുമല്ല. പിശുക്കീട്ടാ- ഹൈദ്രോസിന്റെ വക മൊയ്തുവിന് ഇടക്കൊരു പാര.
ഒരു സ്മാര്‍ട്ട് ഫോണോ ടാബോ ഒന്നും കൊടുക്കാതെ ഇക്കാലത്ത് എങ്ങനെ ഒരു ഹാജീനെ കാണാന്‍ പോകും. മുമ്പൊക്കെയാണെങ്കില്‍ രണ്ട് കിലോ ഈത്തപ്പഴോം രണ്ട് നിസ്കാര വിരീം കൊടുത്താ മതിയാരുന്നു.
ഫയങ്കര ചെക്കിംഗാണ്. അങ്ങോട്ട് വന്നാല്‍ ഇഖാമ കീറിക്കളയും എന്നാണ് മൊയ്തു അമ്മോശനോട് പറഞ്ഞത്. എന്നാ മോന് റിസ്കെടുത്ത് വരണ്ടാന്ന് അമ്മോശന്‍ ഇങ്ങോട്ടും പറഞ്ഞു.
ഏതായാലും മല്‍ബു പോയോ? എങ്ങനാ പോയത്. ചെക്കിംഗ് ഉണ്ടായിരുന്നില്ലേ?
ഹൈദ്രോസിന് അറിയാന്‍ തിടുക്കം.
ഇങ്ങള് തിരക്കുകൂട്ടല്ലേ ഹൈദ്രോസ്ക്കാ. മല്‍ബു വിസ്തരിച്ച് പറയും.
ഞാന്‍ പോയി. സുഖായിട്ട് മക്കയില്‍ എത്തി. ഹജ്ജിനു വന്ന ബന്ധുക്കളേം നാട്ടുകാരേം ഒക്കെ കണ്ട് ഒരു കുഴപ്പവുമില്ലാതെ ജിദ്ദയില്‍ തിരിച്ചെത്തുകയും ചെയ്തു.
ഇതൊരു സംഭവം തന്നെയാട്ടോ. ഭയങ്കര ധൈര്യാ നീ കാണിച്ചത്. അനുമതി ഇല്ലാതെ അങ്ങോട്ട് കടക്കുന്നവരെ ഫിംഗര്‍ പ്രിന്റ് എടുത്തശേഷം നാട്ടിലേക്ക് കയറ്റി വിടുകയല്ലേ. പിന്നെ പത്ത് വര്‍ഷത്തേക്ക് ഇങ്ങോട്ട് വരാനും പറ്റില്ല.
തസ്രീഹ് സംഘടിപ്പിച്ചാണോ പോയത് ?
എന്താ ഈ തസ്രീഹീന്ന് വെച്ചാല്‍?
അതേതോ പേപ്പറല്ലേ?
പേപ്പറൊന്നുമല്ല, അതാണ് അനുമതി പത്രം.
തസ്രീഹ് ഉണ്ടായിരുന്നു. പക്ഷേ അത് വെറും കടലാസായിരുന്നില്ല. ജീവനുള്ളതായിരുന്നു. ലിവിംഗ് തസ്രീഹ്.
എന്ത്.. ഓണ്‍ലൈന്‍ പെര്മിഷന് ആയിരുന്നോ?
അല്ലാന്നേ. ശരിക്കും ജീവനുള്ളതായിരുന്നു. ഒന്നല്ല, രണ്ടെണ്ണം. വേണമെങ്കില്‍ അതേപ്പറ്റി പറയാം.
വേണം വേണം. ഇത്ര ഭയങ്കര സംഭവം ഉണ്ടെങ്കില്‍ അറിയണമല്ലോ.
അതെ.
ഞാന്‍ രാവിലെ മക്കയിലേക്ക് വാഹനങ്ങള്‍ പോകുന്ന സ്റ്റോപ്പിലെത്തി. കാര്‍ ഇറങ്ങിയതോടെ കുറേ ആളുകള്‍ വന്നു വളഞ്ഞു. ചെറിയ കാറുകാരും വലിയ കാറുകാരും വാന്കാരുമൊക്കെയുണ്ട്.. മക്കയിലേക്കാണോന്ന് ചോദിച്ചു എല്ലാവരും.
എത്രയാ ചാര്‍ജെന്ന് ചോദിച്ചപ്പോള്‍. 200, 150 , 100
പത്ത് റിയാലിനു പോയിക്കൊണ്ടിരുന്ന സ്ഥലമാണ്. ഇപ്പോള്‍ പത്തും പതിനഞ്ചും ഇരട്ടി.
ഒടുവില്‍ എന്നെ കൊണ്ടുപോകാന്‍ ഭാഗ്യം സിദ്ധിച്ച ആ മഹാന് വന്നെത്തി. 50 റിയാലിനു മക്കയിലെത്തിക്കാം. ഒരുതരം വിടാപ്പിടിത്തമായിരുന്നു അത്. ഇരുനൂറിനും നൂറിനും കാത്തിരുന്ന ജനക്കൂട്ടത്തിനിടയിലൂടെ അയാളുടെ പിറകെ പോയി.
കാറില്‍ ഡ്രൈവറുടെ വലതുവശത്ത് മുന്‍സീറ്റില്‍ രണ്ടു സ്ത്രീകള്‍ ഇരിക്കുന്നു. പിറകില്‍ ഒരു സ്ത്രീയും പുരുഷനും. ദമ്പതികള്‍.
എന്നെ പിന്സിറ്റീലിരുത്തിയ ഡ്രൈവര്‍ എല്ലാവരുടെ പക്കലും ഇഖാമയുണ്ടല്ലോ എന്നു ചോദിച്ചശേഷം കാര്‍ വിട്ടു. ഇഖാമയുണ്ടല്ലോന്ന് അയാള്‍ ഇടക്കിടെ ചോദിക്കും. അതുകൊണ്ട് ഇഖാമയെടുത്ത് കൈയില്‍തന്നെ വെച്ചു. അറബി സംഗീതവുമായി ചീറിപ്പാഞ്ഞ കാര്‍ ചെക്ക് പോസ്റ്റുകള്‍ എത്തുമ്പോള്‍ വേഗം കുറക്കും. അപ്പോള്‍ മുന്നിലിരിക്കുന്ന സുന്ദരികള്‍ അവരുടെ മുഖപടം നേരെയാക്കി ഒതുങ്ങിയിരിക്കും
മുഖപടം ധരിച്ച അവര്‍ സുന്ദരികളാണെന്ന് എങ്ങനെ മനസ്സിലായി?
ഈ മൊയ്തുവിന്റെ ഓരോ സംശയങ്ങള്‍.
അവരുടെ മൈലാഞ്ചിയിട്ട കൈകള്‍ മുഖപടത്തിലേക്ക് ഉയരുന്നത് കണ്ടാല്‍ പോരേ?
അങ്ങനെ ഒരു ചെക്ക് പോസ്റ്റിലും നിര്‍ത്താതെ കാര്‍ മുന്നോട്ടു നീങ്ങി.
എങ്ങനാ ഇതു സംഭവിച്ചത്. വല്ല പിടിയും കിട്ടിയോ?
ചെക്കിംഗ് ഒന്നും ഇല്ലായിരിക്കും. ഒക്കെ മൊയ്തു ന്യൂസുകളായിരിക്കും.
അതൊന്നുമല്ല. കാറില്‍ മുന്നില്‍ ഇരുന്നിരുന്നത് വെറും സ്ത്രീകളായിരുന്നില്ല. കണ്ണു മാത്രം കാണുന്ന രീതിയില്‍ മുഖം മറച്ചിരിക്കുന്ന അവരെ കാണുമ്പോള്‍ നമ്മുടെ കാരശ്ശേരി മാഷ്ക്ക് ദേഷ്യം വരുമെങ്കിലും ചെക്കിംഗിനു നില്ക്കുന്ന ഉദ്യോഗസ്ഥന് അവരോട് ബഹുമാനമായിരുന്നു.
ഓ ഇവരാണല്ലേ തസ്രീത്തികള്- ഹൈദ്രോസിനു പിടികിട്ടി.
ഇവരുടെ മുന്‍ബലത്തില്‍ കാര്‍ മക്കയിലെത്തിയെങ്കിലും ഒരു കുഴപ്പമുണ്ടായി കേട്ടോ. മക്കയിലെത്തി എന്നു പറഞ്ഞ് വിശദ്ധ ഹറമില്‍നിന്ന് അഞ്ച് കി.മീ ഇപ്പുറത്ത് ആ പഹയന് വണ്ടി നിര്‍ത്തി ഇറങ്ങാന്‍ പറഞ്ഞു. ഹറമിലേക്കാണ് 50 റിയാലിന് കരാര്‍ എന്നൊക്കെ പറഞ്ഞുനോക്കി.
മക്കയിലെത്തിക്കും എന്നല്ലേ പറഞ്ഞത്. മക്കയെത്തി, ഇറങ്ങിക്കോ.
ആ തന്ത്രശാലിയുടെ വാശിക്കുമുന്നില്‍ തോല്‍ക്കാതെ നിര്‍വാഹമില്ലായിരുന്നു.
അവിടെ ഇറങ്ങി രണ്ടു മൂന്ന് കാറുകള്‍ക്ക് കൈകാണിച്ച ശേഷം നിര്‍ത്തിക്കിട്ടിയ ഒന്നില്‍ കയറി അഞ്ച് റിയാല്‍ കൊടുത്താണ് ലക്ഷ്യസ്ഥാനത്തെത്തിയത്.
3 comments:
ഇതെന്തേ ആരും എത്തിയില്ലെ? പടച്ചോനേ കുടുങ്ങ്യോ? മറ്റുള്ളവരുടെ ചുവടു വെച്ചു കമന്റാനും പറ്റീലല്ലോ?..ന്നാലും ആ സുന്ദരികളെ കണ്ടപ്പോള്‍ ചെക്ക് പോസ്റ്റു മയങ്ങിക്കാണുമല്ലെ?
കാരശേരിക്ക് ഇഷ്ട്ടപ്പെടാത്ത
സുന്ദരികൾ ആണോ ??
അതെന്താ തസിരത്തി ???
എളുപ്പം തീര്‍ന്നപോലെ. ഒരു എന്റിംഗ് ഇല്ലാത്തപോലെ..
Post a Comment