Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

January 2, 2015

സായിപ്പ് കണ്ട കുടവയര്‍



കംപ്യൂട്ടര്‍ സ്‌ക്രീനില്‍ തെളിഞ്ഞ ചിത്രം കണ്ടപ്പോള്‍ ശരിക്കും ഐസായിപ്പോയി മല്‍ബി. ചതിയാണെന്നും വിശ്വസിക്കരുതെന്നും മല്‍ബു ആവര്‍ത്തിച്ചുകൊണ്ടിരുന്നു. പക്ഷേ, സംഭവലോകത്തുനിന്ന് അകന്നുപോയ മല്‍ബിയുടെ കാതുകളില്‍ അതൊന്നും എത്തിയില്ല.

രണ്ടുമൂന്ന് ദിവസമായി ജീവിതം തകിടം മറിച്ച അവിശ്വസനീയ സംഭവം മല്‍ബിയോടു തുറന്നു പറഞ്ഞ് മാപ്പപേക്ഷിക്കുകയാണ് അയാള്‍. അതാകട്ടെ തുറന്നു പറയാന്‍ നിര്‍ബന്ധിതനായതുമാണ്.

സാധാരണ പ്രവാസികളില്‍നിന്ന് ഭിന്നമായി ഓഫീസ് വിട്ടെത്തിയാല്‍ ഭാര്യയോടും മക്കളോടുമൊപ്പം സമയം ചെലവഴിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന അയാള്‍ ആകെ മാറിപ്പോയിരുന്നു. മൊബൈല്‍ ഫോണ്‍ സ്വിച്ചോഫാക്കിപ്പോലും കുടുംബത്തോടൊപ്പം തമാശ പറഞ്ഞും പുറത്തിറങ്ങിയും ഉല്ലസിച്ചിരുന്ന അയാള്‍ മുറിയില്‍ തന്നെ കുത്തിയിരുന്നു. ഭക്ഷണം പോലും വേണ്ടാതായി. ആകെ വിഷാദഭാവം.

ഓഫീസില്‍ എന്തേലും പ്രശ്‌നമുണ്ടോ എന്ന് മല്‍ബി കുത്തിക്കുത്തി ചോദിച്ചിട്ടും ഒന്നും പറഞ്ഞില്ല. ചോദ്യങ്ങള്‍ ആവര്‍ത്തിച്ചപ്പോള്‍ ഒരിക്കലുമില്ലാത്ത ദ്വേഷ്യം പുറത്തെടുക്കുകയും ചെയ്തു. സ്‌കൂളിലെ തമാശയുമായെത്തിയ ഇളയ മോനോട് പോലും കയര്‍ത്തു.

ഡാഡിക്കിതെന്തു പറ്റിയെന്നറിയാതെ കുട്ടികള്‍ അമ്പരന്നു.

നാട്ടുകാര്‍ കൂടുതലുള്ള ഓഫീസില്‍ പാരകള്‍ പതിവാണെങ്കിലും എല്ലാവരേയും തൃപ്തിപ്പെടുത്തി പിടിച്ചുനില്‍ക്കാന്‍ മിടുക്കുള്ളയാളാണ് മല്‍ബു. വിവാദങ്ങളും ശത്രുതയും അകറ്റാന്‍ എപ്പോഴും മുഖത്തു വരുത്താറുള്ള ഒരു തരം വിഡ്ഢിച്ചിരിയിലൂടെ അയാള്‍ക്കു സാധിച്ചിരുന്നു.

ഓഫീസില്‍ വല്ല പ്രശ്‌നവുമുണ്ടോ എന്നറിയാന്‍ മല്‍ബി അയാളുടെ സഹപ്രവര്‍ത്തകന്റെ ഭാര്യയെ ഫോണില്‍ വിളിച്ചു. പലപ്പോഴും ഭര്‍ത്താവിന്റെ ഓഫീസിലെ വിവരങ്ങള്‍ അറിയാന്‍ ആശ്രയിക്കാറുള്ളത് ഈ വഴിയാണ്.

ഒന്ന് ഫോണ്‍ ചെയ്താല്‍ മതി, വിവരങ്ങളിങ്ങനെ ഒഴുകിക്കോളും.

നിരാശയായിരുന്നു ഫലം. അവളുടെ റഡാറിലും ഒന്നും പതിഞ്ഞിട്ടില്ല.

അങ്ങനെയിരിക്കെയാണ്, ഒരു ഇംഗ്ലീഷുകാരന്‍ വീട്ടിലേക്ക് വിളിച്ചത്. മല്‍ബു ഓഫീസില്‍നിന്ന് എത്തിയില്ലെന്നു പറഞ്ഞപ്പോള്‍ അയാള്‍ ഫോണ്‍ വെക്കുകയും ചെയ്തു.

പതിവു മൂഡോഫില്‍ ഓഫീസില്‍നിന്നെത്തിയ മല്‍ബു ആരെങ്കിലും വിളിച്ചോ എന്നു ചോദിച്ചു.

ങാ ഒരു ഇംഗ്ലീഷുകാരന്‍ വിളിച്ചു എന്നു പറഞ്ഞപ്പോള്‍ എപ്പോള്‍, എന്തു പറഞ്ഞു എന്നൊക്കെ ചോദിച്ച് മല്‍ബു ചാടിവീണു.

ഇതുതന്നെ അവസരമെന്ന് മനസ്സിലാക്കിയ മല്‍ബി പറഞ്ഞു.

നിങ്ങടെ മൂഡോഫിന്റെ കാരണം ഇപ്പോഴാണ് പിടികിട്ടിയത്.

മല്‍ബി സംഗതി അറിഞ്ഞിരിക്കുന്നുവെന്ന വിശ്വാസത്തില്‍ അയാള്‍ അക്കഥ വിശദീകരിച്ചു.

വയറു കാണിച്ചുണ്ടായ കുടുക്ക്.

ആദ്യം മല്‍ബിക്ക് ചിരിയാണ് വന്നത്. കാരണം വയറു കാണാന്‍ പോക്ക് മല്‍ബിയുടെ നാട്ടിലെ ഒരു ചടങ്ങാണ്. ഗര്‍ഭിണിയെ കാണാന്‍ ഭര്‍തൃവീട്ടുകാര്‍ അപ്പത്തരങ്ങളുമായി പോകുന്ന ചടങ്ങാണത്. അങ്ങനെ പോയില്ലെങ്കില്‍ വയറു കാണാന്‍ പോയില്ലേന്ന് നാലാള് ചോദിക്കും. അതുകൊണ്ടുതന്നെ ഒരുമാതിരിയുള്ളവരെല്ലാം ഈ പോക്ക് കേമമാക്കും.

ഗര്‍ഭിണിയുടെ വയറു പോലെയാണ് മല്‍ബുവിന്റെ വയറെന്ന് ആരും സമ്മതിക്കും. അയാള്‍ക്കു മുമ്പേ സഞ്ചരിക്കുന്ന ആ വയറു നോക്കി മല്‍ബി കളിയാക്കാറുമുണ്ട്.

കുറക്കാന്‍ ശ്രമിക്കാഞ്ഞിട്ടല്ല. അടവുകള്‍ പലതും പയറ്റിയെങ്കിലും വയറിനോട് മല്‍ബു തോറ്റുകൊണ്ടിരുന്നു. പക്ഷേ, അന്വേഷണങ്ങളും പരീക്ഷണങ്ങളും അവസാനിപ്പിച്ചില്ല. അങ്ങനെയാണ് അത്ഭുത മരുന്നുണ്ടെന്ന് പറഞ്ഞ ഡോക്ടറുടെ കുടുക്കില്‍പെട്ടത്.

ഒരാഴ്ച കൊണ്ട് കുടവയര്‍ കുറച്ചുകാണിക്കാമെന്ന് പറഞ്ഞപ്പോള്‍ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ഡോക്ടറെ പൂര്‍ണമായും വിശ്വസിച്ചു.

ചികിത്സക്കു മുമ്പെ വയറു കാണണമെന്നു പറഞ്ഞപ്പോള്‍ മറ്റൊന്നും ആലോചിച്ചില്ല. നെറ്റ് ക്യാമിനു മുന്നില്‍ കുപ്പായമൂരി ഇരുന്നു.

രണ്ടു ദിവസത്തിനുശേഷം ഡോക്ടര്‍ അയച്ച ഒരു ഫോട്ടോ കണ്ടപ്പോള്‍ മല്‍ബുവിന്റെ വയറു താഴുകയും കണ്ണു തള്ളുകയും ചെയ്തു.

തന്റെ കുടവയറില്‍ കൈവരിഞ്ഞുകൊണ്ട് ഒരു സുന്ദരി നില്‍ക്കുന്നു. വെറും സുന്ദരിയല്ല, നഗ്നസുന്ദരി.

തൊട്ടുപിന്നാലെ ഡോക്ടറുടെ സന്ദേശമെത്തി.

പതിനായിരം ഡോളര്‍ ഉടന്‍ അയക്കണം. ഇല്ലെങ്കില്‍ സംഗതി നാലാളറിയും.

ആധി പിടിച്ച മല്‍ബുവിനെ മല്‍ബി പിടികൂടുന്നതിനു മുമ്പേ ഓഫീസിലെ മാനേജര്‍ പിടികൂടിയിരുന്നു.

രണ്ടു ദിവസമായി നീ ഈ ലോകത്തൊന്നുമല്ലെന്ന് പറഞ്ഞ മാനേജരോട് താന്‍ എത്തിപ്പെട്ട ലോകത്തെ കുറിച്ച് മല്‍ബു വിശദീകരിച്ചു.

തല്‍ക്കാലം ഭാര്യയോട് പറയേണ്ടെന്നും എന്തേലും വഴി നോക്കാമെന്നും ഉപദേശിച്ചത് മാനേജരായിരുന്നു.

എല്ലാം കേട്ടുകഴിഞ്ഞ മല്‍ബി പറഞ്ഞു.

ഈ കുടവയര്‍ നിറയെ പുത്തിയാണെന്ന് ഇനി പറഞ്ഞേക്കരുത്.

അപ്പോള്‍ അയാളുടെ ചെവിയില്‍ മുഴങ്ങിയത് മാനേജരുടെ വാക്കുകളായിരുന്നു.

ഹിന്ദികള്‍ക്ക് ഇത്രയും ബുദ്ധിമോശമോ? കുടവയര്‍ കുറക്കാനുള്ള മരുന്നിന് എന്തിനു വയര്‍ കാണിക്കണം?

2 comments:

Philip Verghese 'Ariel' said...

മാഷെ.
ഈ കുടവയർ പുരാണം കലക്കീല്ലോ മാഷെ
നോക്കണേ ഓരോ ഗുലുമാലു കയറി വരുന്ന വഴി
ജാഗ്രത അപകടം ഏതു വഴി പാഞ്ഞെത്തും എന്ന്
പറയാൻ കഴിയില്ലല്ലോ
ഇത് നന്നായി
ഇവിടെ ഇതാദ്യം വീണ്ടും വരാം
എഴുതുക അറിയിക്കുക
ആശംസകൾ
ഫിലിപ്പ് ഏരിയൽ സിക്കന്ത്രാബാദ്

ajith said...

ഹഹഹ... വിശ്വസിച്ച് ആരേം ഒന്നും കാണിക്കാന്‍ പറ്റാണ്ടായി!!

Related Posts Plugin for WordPress, Blogger...