Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

October 31, 2015

തേടിവന്ന ചൈനക്കാരി


നാണിയാണ് അക്കാര്യം പറഞ്ഞത്.
ഒരു ചൈനക്കാരിയും ഭര്‍ത്താവും മല്‍ബുവിനെ അന്വേഷിച്ചു വന്നിരിക്കുന്നു.
എന്തെങ്കിലും ഏടാകൂടം ഒപ്പിച്ചിട്ടുണ്ടാകുമെന്നായി ഹൈദ്രോസ്.


ബിസിനസ് ആവശ്യാര്‍ഥം മല്‍ബു ഈയിടെ ചൈനയില്‍ പോയിരുന്നു. അവിടെ വെച്ച് പരിചയപ്പെട്ട ആരെങ്കിലും ആയിരിക്കും. അവിടെ ഒരു ലേഡിയാണ് എല്ലാ കാര്യങ്ങളും ഏര്‍പ്പെടുത്തിയിരുന്നതെന്ന് പറഞ്ഞിരുന്നു.  ഓണ്‍ലൈനില്‍ പരിചയപ്പെട്ട അവരാണ് മല്‍ബുവിനെ ബിസിനസ് എക്‌സിബിഷനുകള്‍ക്ക് കൊണ്ടുപോയതും ഹോട്ടല്‍ ബുക്ക് ചെയ്തതും ഒടുവില്‍ പര്‍ച്ചേസ് ചെയ്ത സാധനങ്ങളൊക്കെ ഇങ്ങോട്ട് അയച്ചതും. ആ ലേഡിയുടെ പേരും പറഞ്ഞിരുന്നു, ദിബാഷീന്നോ മറ്റോ ആണ്.
തനിക്ക് അറിയുന്ന കാര്യങ്ങള്‍  ഹൈദ്രോസ് പങ്കുവെച്ചു.

മല്‍ബു ഇക്കുറി പോയപ്പോള്‍ ചൈനയില്‍ ഏറ്റവും പ്രചാരമുള്ള ബോഡി മസാജിനും പോയിരുന്നു പോലും. ക്വിന്റല്‍മാനായി പോയ മല്‍ബു ഒരാഴ്ച ചൈനയില്‍ തങ്ങി തിരിച്ചുവന്നപ്പോള്‍ 82 കിലോ ആയി. ഫിറ്റ് ആന്റ് ഹെല്‍ത്തി.
ബോഡി മസാജിന് അത്രയ്ക്കും പവറുണ്ടാകുമോ?
ചൈനയല്ലേ.. എല്ലാത്തിനും പവര്‍ കാണും.
ചര്‍ച്ച പുരോഗമിക്കുമ്പോഴാണ് മല്‍ബു കയറി വന്നത്.
ചൈനയില്‍നിന്ന് ദിബാഷിയും ഭര്‍ത്താവും വന്നിട്ടുണ്ട്.  മല്‍ബുവിനെ അന്വേഷിച്ച് ഓഫീസില്‍ പോയീന്നും കേട്ടു.
ഏത് ദിബാഷി?  ഒന്നും പിടികിട്ടാതെ മല്‍ബു ചോദിച്ചു.
ങും ഒന്നും അറിയാത്ത പോലെ. നീയല്ലേ പറഞ്ഞത് ചൈനയില്‍ എല്ലാ കാര്യങ്ങളും ചെയ്തത് ആ മാഡം ദിബാഷിയാണെന്ന്.
ദിബാഷിയോ? മല്‍ബു പൊട്ടിച്ചിരിച്ചു. ഞാന്‍ പറഞ്ഞത് ചൈനീസ് ഭാഷ മ്മടെ ഭാഷയിലാക്കുന്ന ദ്വിഭാഷിയെ കുറിച്ചാണ്. ട്രാന്‍സ്‌ലേറ്റര്‍.
ചൈനീസ് ഭാഷ മലയാളത്തിലാക്കിയോ? അങ്ങനെത്തെ ദ്വിഭാഷിയുണ്ടോ അവിടെ?
ഓ സോറി. ഞാന്‍ ഉദ്ദേശിച്ചത് ചൈനീസ് ഇംഗ്ലീഷിലേക്ക് മാറ്റുന്ന ദ്വിഭാഷി എന്നാണ്.
എന്നാ അവരു തന്നെയാ തെരഞ്ഞു വന്നിരിക്കുന്നത്. കൂടെ ഭര്‍ത്താവുമുണ്ട്. 
അത് ക്യൂബാ മുകുന്ദനും കാമുകിയുമായിരിക്കും:
മല്‍ബു അവരെയൊന്ന് ഇളക്കി.
അവിടെ പോയി  വല്ല ഏടാകൂടവും ഒപ്പിച്ചോന്നാ അറിയാനുള്ളത്. കമ്പനികള്‍ക്ക് കാശ് കൊടുക്കാതെ മുങ്ങിയോ? അങ്ങനെയാണെങ്കില്‍ ചൈനക്കാരി എത്തുന്നതിനുമുമ്പ് രക്ഷപ്പെടാന്‍ നോക്കിക്കോ.
എല്ലാവരും സീരിയസ് ആണെന്ന് മനസ്സിലായപ്പോള്‍ മല്‍ബു പറഞ്ഞു.
നിങ്ങളൊന്നും എഴുതാപ്പുറം വായിക്കണ്ടാട്ടോ. നാട്ടുകാരുടെ തനി സ്വഭാവം കാണിക്കരുത്.
വന്നത് ചൈനക്കാരിയും ഭര്‍ത്താവും തന്നെയാണ്. എന്നാല്‍ ചൈനയില്‍നിന്ന് വന്നവരൊന്നുമല്ല. നമ്മളെ പോലെ ഇവിടെ താമസിച്ച് ജോലി ചെയ്യുന്നവരാണ്. അവരെ കണ്ട് സംസാരിച്ച ശേഷമാണ് ഞാന്‍ ഇങ്ങോട്ടുപോന്നത്.
എന്താ അവരുടെ വരവിന്റെ ലക്ഷ്യം?
അതൊരു റെക്കമെന്‍ഡേഷനു വേണ്ടിയാണ്.
അതിനു നീ കമ്മ്യൂണിസ്റ്റാണോ? റെക്കമെന്റ് ചെയ്യാന്‍.
റെക്കമെന്റ് ചെയ്യേണ്ടത് ചൈനയിലോ കേരളത്തിലോ അല്ല ഇഷ്ടന്‍
രേ.. ഇവിടത്തെ കാര്യാണ്.
നീ എന്താ തെളിച്ചു പറയാതെ ഉരുണ്ട് കളിക്കുന്നത്.
ഹൈദ്രോസ് ഇടപെട്ടു. പണ്ടേ ഇങ്ങനെ തന്നെയാ. ഒന്നും നേരാംവണ്ണം തെളിച്ചുപറയില്ല. രഹസ്യങ്ങളുടെ ഉപ്പാപ്പയല്ലേ?
നമ്മളെ നാട്ടുകാര്‍ നടത്തുന്ന സ്‌കൂളില്‍നിന്ന് ഈ ചൈനക്കാരുടെ എല്‍.കെ.ജി കുട്ടിക്ക് ടി.സി കൊടുത്തു. അതൊന്ന് പറഞ്ഞ് ശരിയാക്കി ഏക കുട്ടിയെ അവിടെ തന്നെ പഠിപ്പിക്കാന്‍ വഴി തേടിയാണ് അവരു വന്നത്.
അതെന്തിനാ എല്‍.കെ.ജി കുട്ടിക്ക് ടി.സി കൊടുത്തത്?
അതൊരു കഥയാണ്. മല്‍ബു കുട്ടിയും ചൈനീസ് കുട്ടിയും ക്ലാസില്‍ തല്ലുകൂടി. മല്‍ബു കുട്ടി ജയിച്ചു. ചൈനീസ് കുട്ടി വീട്ടില്‍ പോയി കരഞ്ഞു. അടുത്ത ദിവസം ചൈനീസ് കുട്ടിയുടെ അമ്മ വന്ന് സ്വന്തം കുട്ടിയെ കൊണ്ട് മല്‍ബു കുട്ടിയെ വീണ്ടും അടിപ്പിച്ചു. അത് നേരിട്ട് കണ്ട സ്‌കൂളുകാര്‍ പുറത്താക്കി. പോലീസും കൂട്ടവുമാകുമെന്ന് ചൈനക്കാര്‍ മുന്നറിയിപ്പ് നല്‍കി. ആയിക്കോട്ടേന്ന് സ്‌കൂളുകാര്‍.
നിയമമാര്‍ഗം ചൈനയിലെ പോലെതന്നെ ഇവിടേം എളുപ്പമല്ലെന്ന് മനസ്സിലാക്കിയ അവര്‍ വീണ്ടും തിരിച്ചെത്തി സ്‌കൂളുകാരോട് ക്ഷമ ചോദിച്ച് കെഞ്ചി. ആദ്യായിട്ട് നിയമ നടപടിക്കുപോയ നിങ്ങളെ വേണ്ടേ വേണ്ടാന്ന് സ്‌കൂളുകാര്‍.
ചൈന കണ്ട മല്‍ബു പറഞ്ഞാല്‍ സ്‌കൂളുകാര്‍ കേള്‍ക്കുമെന്ന്   ആ ചൈനക്കാരിയോട് ആരോ പറഞ്ഞുപോലും.
മല്‍ബു റെക്കമെന്റ് ചെയ്താല്‍ നടക്കുമോ?
പിന്നെ നടക്കാതെ, ഞാന്‍ അവരുടെ മുമ്പീന്ന് തന്നെ സ്‌കൂളില്‍ വിളിച്ചു.
എളാപ്പാന്റെ മോളേ മോള്‍ക്ക് എല്‍.കെ.ജി സീറ്റ് വേണോന്ന് കുറച്ചു നാളായി പറയുന്നു. അതങ്ങ് ബുക്ക് ചെയ്തു.
അപ്പോള്‍ ചൈനക്കാരോട് എന്തു പറഞ്ഞു.
എളാപ്പാന്റെ മോള്‍ എല്‍.കെ.ജി ട്യൂഷന്‍ കൊടുക്കുന്നുണ്ട്. കുട്ടിയെ അവിടെ ചേര്‍ത്തോളാന്‍.
വല്ലാത്ത ജാതി തന്നെ. ഒരു ചൈനീസ് വെടിക്ക് രണ്ടു പക്ഷി.





മാ

No comments:

Related Posts Plugin for WordPress, Blogger...