Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

June 18, 2013

നീലപ്പെട്ടി പറഞ്ഞ കഥ




നഗരത്തിലെ നീലപ്പെട്ടികളും പ്രവാസികളെപ്പോലെ പദവി ശരിയാക്കുന്ന തിരക്കിലാണ്. വര്‍ഷങ്ങളായി അനവധി രാജ്യക്കാരെ സസന്തോഷം ഏറ്റവാങ്ങിയ അവയ്ക്കിപ്പോള്‍ പുതുമോടി.

പഴയ പെട്ടികളുടെ പദവി മാറ്റത്തിലും സ്ഥാനചലനത്തിലും ദുഃഖിക്കാനുള്ളത് രാവും പകലും കൂടെ ഉണ്ടായിരുന്ന പൂച്ചകള്‍ മാത്രം. വിവിധ ദേശഭാഷക്കാരുടെ എത്രയെത്ര രുചിയേറിയ വിഭവങ്ങള്‍ നല്‍കിയാണ് നീലപ്പെട്ടികള്‍  ഈ കൂട്ടുകാരെ സ്വന്തമാക്കിയത്. അവരില്‍ തടിച്ചുകൊഴുത്തവരും മെലിഞ്ഞുണങ്ങിയവരുമുണ്ട്.

പദവി ശരിയാക്കാന്‍ പരക്കം പായുന്ന അന്യദേശക്കാരിലുമുണ്ട് ഈ പൂച്ചകളെപ്പോലെ തടിയുള്ളവരും എല്ലും തോലുമായവരും.

പുതിയ കഫീലുമാരെ സ്വീകരിക്കുന്നതു പോലെ എല്ലാം മറന്ന് ഈ പൂച്ചകളും പഴയ കൂട്ടുകാരെ വിട്ട് പുതുമോടിക്കാരുടെ കൂടെ ചേരും. പ്രവാസികളെപ്പോലെ തന്നെ ഈ നീലപ്പെട്ടികള്‍ക്കും പദവി ശരിയാക്കാന്‍ സമയ പരിധിയുണ്ട്.
പെട്ടികളുടെ കഫീലുമാരായ അമാന കമ്പനി മാനക്കേടില്ലാതിരിക്കാന്‍ പദവി മാറ്റം സമയത്തു തന്നെ പൂര്‍ത്തിയാക്കുന്നു.
നഗരത്തിന്റെ മുക്കുമൂലകളില്‍ ഇടംപിടിച്ചിരിക്കുന്ന പുതിയ നീലപ്പെട്ടികള്‍ക്ക് എടുത്തുപറയാന്‍ മാറ്റമുണ്ട്. അതിഥികളെ വിഴുങ്ങുന്ന ഇവയ്ക്കിപ്പോള്‍ കവാടത്തോടുകൂടിയ അടപ്പുകള്‍.
ഇനിയിപ്പോ അടപ്പില്ലാഞ്ഞിട്ടാണ്-
ഇതാണ് ഒന്നിനെക്കുറിച്ചും അഭിപ്രായം ഒഴിവാക്കാത്ത മല്‍ബുവിന്റെ കമന്റ്. റോഡിനിപ്പുറം നിന്നു പോലും നിറയെ വിഭവങ്ങളുള്ള സഞ്ചികള്‍ കൃത്യമായി വാ തുറന്നു പിടിച്ചിരിക്കുന്ന നീലപ്പെട്ടികളില്‍ എറിഞ്ഞെത്തിക്കുന്നതില്‍ മറ്റു ദേശക്കാരോടൊപ്പം മല്‍ബുകളും ഒട്ടും പിന്നിലല്ല. അകത്ത് ഒളിച്ചിരിക്കുന്ന പൂച്ചകളെ ഭയന്ന് നീലപ്പെട്ടിക്കു ചുറ്റും വലിച്ചെറിഞ്ഞ് കടമ നിര്‍വഹിക്കുന്നവരുമുണ്ട്. അപ്പോള്‍ പെട്ടിക്ക് അടപ്പുള്ളതും ഇല്ലാതിരിക്കുന്നതും സമം തന്നെ.
നഗരത്തിനും നഗരവാസികള്‍ക്കും ഒഴിച്ചുകൂടാനാവാത്ത നീലപ്പെട്ടികളുടെ സ്ഥാനവും പരിപാലനവുമൊന്നും ചുമ്മാ തോന്നിയതുപോലെ ചെയ്യുന്നതല്ല. പേരുകേട്ട മാര്‍ക്കറ്റ് റിസര്‍ച്ച് കമ്പനി ആളുകളില്‍നിന്ന് അഭിപ്രായങ്ങള്‍ ശേഖരിച്ചാണ് ഈ പെട്ടികളുടെ വലിപ്പവും എണ്ണവുമൊക്കെ നിശ്ചയിക്കുന്നത്.
അതൊന്നുമല്ല മല്‍ബുവിനും ഈ നീലപ്പെട്ടിക്കും പറയാനുള്ളത്. മുംബൈ മഹാനഗരത്തില്‍നിന്ന് ജീവിതം പഠിച്ച ശേഷം കടല്‍ കടന്നയാളാണ് കഥാനായകനായ മല്‍ബു. അവിടെ മസാലപ്പൊടികള്‍ പൊതിയിലാക്കി മടുത്തപ്പോള്‍ പുതിയ സ്വപ്നങ്ങളുമായി രണ്ടും കല്‍പിച്ച് വിമാനം കയറി. മരുഭൂമിയിലെത്തിയപ്പോള്‍ മള്‍ട്ടി കഫീലിന് മാസ വിഹിതം നല്‍കി ഒരു വണ്ടിയിറക്കി അതില്‍ ഉപ്പുതൊട്ട് കര്‍പ്പൂരം വരെ വിറ്റു തുടങ്ങി. അതിന്റെ കൂടെ അത്യാവശ്യക്കാര്‍ക്ക് നാട്ടില്‍ പണമെത്തിക്കുന്ന ഹവാല കൂടി തുടങ്ങിയതോടെ സംഗതി സൂപ്പറായി. പച്ചപ്പദവിക്ക് വേണ്ടി ആളുകള്‍ പരക്കം പായുന്നതിനു മുമ്പ് തന്നെ മല്‍ബു ഇവിടേം നാട്ടിലും പച്ചതൊട്ടു. ഏതു നിമിഷം മടങ്ങിപ്പോകേണ്ടി വന്നാലും നാട് തിരസ്‌കരിക്കില്ല.
അങ്ങനെയുള്ള മല്‍ബുവിനെ ഒരിക്കല്‍ കള്ളന്മാരില്‍നിന്ന് രക്ഷിച്ച കഥയാണ് നീലപ്പെട്ടിക്ക് പറയാനുള്ളത്.

കള്ളന്മാരുടെ വരവിന് രാവും പകലുമില്ല. നാല് കാശ് കൊണ്ടുനടക്കുന്നയാളാണെങ്കില്‍ ഏതു സമയത്തും അവരെ പ്രതീക്ഷിക്കണമെന്നത് മല്‍ബുവിന് മുംബൈ നല്‍കിയ പാഠമാണ്. അവിടെ മസാല വാങ്ങാന്‍ ട്രെയിനില്‍ പോകുമ്പോള്‍ ചുരുട്ടിക്കൂട്ടി മൂലയിലിടുന്ന ചാക്കിലാണ് മല്‍ബു പണം ഒളിപ്പിക്കാറുള്ളത്. പോക്കറ്റടിക്കാര്‍ പല തവണ തേടിവന്നെങ്കിലും ഒരിക്കല്‍ പോലും പണം നഷ്ടപ്പെട്ടില്ല.
മുംബൈയില്‍ മാത്രമല്ല കള്ളന്മാര്‍, അവരെ കടത്തിവെട്ടുന്ന കള്ളന്മാരുണ്ടിവിടെ.
മല്‍ബുവിന്റെ പരിപാടികള്‍ മണത്തറിഞ്ഞ കള്ളന്മാര്‍ ഒരു ദിവസം പിന്നാലെ കൂടി. കലക്ഷനും ഹുണ്ടിപ്പണവും ഒക്കെയായി കൈയില്‍ നല്ലൊരു തുകയുണ്ട്. വാഹനം പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കിയ മല്‍ബു ഇത്തിരി വളഞ്ഞുതിരിഞ്ഞൊക്കെ പോയി നോക്കി. രക്ഷയില്ല, അവര്‍ പിന്നലെ തന്നെ.

വണ്ടി നിര്‍ത്തിയാല്‍ അവരെത്തി ബാഗ് തട്ടിപ്പറിക്കുമെന്ന് ഉറപ്പാണ്.
ഒടുവില്‍ രണ്ടും കല്‍പിച്ച് വണ്ടിയില്‍ കരുതിവെച്ചിരുന്ന ആയുധം മല്‍ബു പുറത്തെടുത്തു. കുറെ കടലാസു തുണ്ടുകളും ഒന്നു രണ്ട് പെപ്‌സി കാനും അടങ്ങിയ ഒരു സഞ്ചി. ബാഗ് തുറന്ന് നോട്ടുകള്‍ ആ സഞ്ചിയിലേക്ക് ചൊരിഞ്ഞു. കുറച്ചുകൂടി മുന്നോട്ട് പോയി ഒരു നീലപ്പെട്ടിക്ക് സമീപം ചേര്‍ത്തു നിര്‍ത്തി. പിന്തുടരുന്നവര്‍ കാണുമെന്ന് ഉറപ്പാക്കി ആദ്യം രണ്ട് പെപ്‌സി കാനുകള്‍ കൃത്യതയോടെ ആ പെട്ടിയിലേക്ക് എറിഞ്ഞു. പിന്നാലെ നോട്ടുകെട്ടുകളും കടലാസുകളും അടങ്ങിയ വേസ്റ്റ് സഞ്ചിയും.

യാതൊന്നും സംഭവിക്കാത്തതു പോലെ വണ്ടി മുന്നോട്ട് പോയി. പിറകില്‍നിന്ന് അവര്‍ മാറിയിട്ടില്ല. പക്ഷേ പ്രതീക്ഷിച്ചതു പോലെ ഒന്നും സംഭവിച്ചില്ല. മല്‍ബു ഫ്‌ളാറ്റിനു മുന്നില്‍ വണ്ടി നിര്‍ത്തിയപ്പോള്‍ പിന്തുടര്‍ന്ന കാര്‍ കടന്നു പോയി. ഹൃദയമിടിപ്പ് പുറത്തു കേള്‍ക്കാവുന്ന നിലയിലായിരുന്നു അപ്പോള്‍ മല്‍ബു. ഉടന്‍ തന്നെ സ്വന്തം വണ്ടി ഉപേക്ഷിച്ച് അവിടെനിന്നൊരു കാര്‍ പിടിച്ച് നീലപ്പെട്ടി ലക്ഷ്യമാക്കിപ്പോയ മല്‍ബുവിന് നിരാശപ്പെടേണ്ടി വന്നില്ല.

നോട്ടുകെട്ടുകളാണെന്ന് തിരിച്ചറിഞ്ഞ നീലപ്പെട്ടി ആ സഞ്ചി അവിടെ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ടായിരുന്നു. അതെടുത്ത് മറ്റൊരു കാറില്‍ മടങ്ങുമ്പോള്‍ മല്‍ബു ആലോചിക്കുകയായിരുന്നു.

ആരായിരിക്കും ആ പിന്തുടര്‍ന്നവര്‍?


15 comments:

ajith said...

മല്‍ബൂന്റെ ഒരു ഐഡിയ!!

കുഞ്ഞൂസ്(Kunjuss) said...

ന്നാലും ന്റെ മൽബൂ , ആരാവും അത്...?

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

അതാരായാലും വേണ്ടില്ല..
ഈ മല്‍ബുവിനെ സമ്മതിച്ചിരിക്കുന്നു..
ഒന്നുമില്ലെന്കിലും ഉള്ള കാലം കൊണ്ട് അവിടേം ഇവിടേം പച്ചതൊട്ടില്ലേ.?
ഉപ്പുതൊട്ട് കര്‍പ്പൂരം വരെ വിറ്റുനടന്നവന്‍ ഇതിലും ഭീകരമായ എന്തെല്ലാം അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ടാകും..

വീകെ said...

അതും ഏതെങ്കിലും ജീവിക്കാൻ പഠിച്ച മൽബുകൾ തന്നെയാവാനാണ് സാദ്ധ്യത.

ഷാജു അത്താണിക്കല്‍ said...

അല്ലേലും മൽബുകൾക്ക് ഫുദ്ധി ഇണ്ടല്ലൊ ഫുദ്ധി

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

അതാണ്‌ ബുദ്ധി.....

ശിഹാബ് മദാരി said...

മല്ബൂന്റെ പിന്നാലെ കൂടിയ കള്ളന്മാരെ കുറിച്ച് പറഞ്ഞതിന് ശേഷം ഞങ്ങളോട് ചോയ്ക്കണാ ആരാ അവരെന്ന് ?

ബഷീർ said...

നീലപെട്ടികൾ അരിച്ച് പെറുക്കുന്ന മൽബുകൾ ഉടനെ എത്താതിരുന്നതിനാൽ തിരിച്ച് കിട്ടി.. അതിനാൽ ഈ ഐഡിയ എപ്പോഴും ഫലിക്കില്ല

ente lokam said...

നീലപ്പെട്ടി ചതിച്ചില്ല അല്ലെ?
പെട്ടെന്ന് തിരികെ വരാൻ ഒത്തതു
മല്ബുവിന്റെ ഭാഗ്യം !!

Mohamedkutty മുഹമ്മദുകുട്ടി said...

നാട്ടിലും ചില കച്ചവടക്കാര്‍ ബസ്സിലൊക്കെ യാത്ര ചെയ്യുമ്പോള്‍ പയറ്റാറുള്ള സൂത്രമാണിത്. ചാക്കിലൊക്കെ ചുരുട്ടി സീറ്റിനടിയില്‍ വെക്കുന്ന പരിപാടി. പിന്നെ നീലപ്പെട്ടിയെയും അത്രക്കു വിശ്വസിച്ചു കൂടാ..പിനാലെ വന്നവരും വേറെ മല്‍ബുകളാവാനേ തരമുള്ളൂ..

Echmukutty said...

ഹൌ സഹിക്കാന്‍ പറ്റണില്ല. എന്തൊരു ബുദ്ധ്യാ ഈ മല്‍ബൂന്...

കൊമ്പന്‍ said...

നീലപെട്ടിക്ക് അടപ്പ് വെച്ചത് കുറേ പൂച്ചകുട്ടികള്‍ക്ക് മുമ്പില്‍ വലിയ വെല്ലുവിളിയാണ് എത്ര എണ്ണം ആണ് അതിലേക്ക് ചാടിക്കയറി വിഷപ്പടക്കിയിരുന്നത്.
പിന്നെ കാശുള്ള മല്‍ബുകള്‍ ഒക്കെ ഇവിടെ കാശോളിപ്പിക്കുന്ന ഒരു ഉഗ്രന്‍ സേഫ് തന്നെയാണ് ഈ വേസ്റ്റ് കൊട്ടയും യൂറോപ്പ്യന്‍ ക്ലോസേറ്റ്മൊക്കെ

kochumol(കുങ്കുമം) said...

ഈ മല്ബൂന്റെ ഒരു ബുദ്ധിയെ..!!

majeed alloor said...

പെട്ടികള്‍ക്കുമുണ്ട് ചിലതൊക്കെ പറയാന്‍ അല്ലേ..
പെട്ടി പൊട്ടാത്തതു ഭാഗ്യം ..!

Jefu Jailaf said...

cinema style malbu :)

Related Posts Plugin for WordPress, Blogger...