കോണിപ്പടി മുഴുവന്‍ മീന്‍വെള്ളം തൂകിപ്പോയ താമസക്കാരനെ ശപിച്ചുകൊണ്ട് ഡെറ്റോളും വെള്ളവും ഉപയോഗിച്ച് കഴുകിത്തുടച്ച് വന്നതേയുള്ളൂ ഹാരിസ് നാണി. അപ്പോഴാണ് മൊബൈലില്‍നിന്ന് പ്രിയഗാനം ഒഴുകിയത്.
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു…
ടി.വി. ഓണ്‍ ചെയ്തു നോക്കൂ എന്നായിരുന്നു സന്ദേശം. വിളിച്ചത് മറ്റാരുമല്ല. മീന്‍ സഞ്ചി നേരാംവണ്ണം കൊണ്ടുപോകാതെ ഇരട്ടിപ്പണിയുണ്ടാക്കിയ ഒമ്പതാം നമ്പര്‍ ഫ്‌ളാറ്റിലെ താമസക്കാരന്‍ ഹൈദ്രോസ് തന്നെ. നേരാംവണ്ണം വേസ്റ്റ് കൊണ്ടുപോകാനറിയാത്ത ഈ വേസ്റ്റിനെ എങ്ങനെയെങ്കിലും പുറത്താക്കണമെന്ന് ആലോചിച്ചു തുടങ്ങിയിട്ട് കുറെ നാളായി. പക്ഷേ, ഫഌറ്റ് മുതലാളിയില്‍ അയാള്‍ക്കുള്ള പിടിത്തം കാരണം നടക്കുന്നില്ല. പരാതി പറയുമ്പോള്‍ അതൊന്നും സാരമില്ലെന്ന് പറഞ്ഞ് മുതലാളി ആശ്വസിപ്പിക്കും. വാടക കൊടുക്കുന്നയാള്‍ക്കാണല്ലോ വില. കാവല്‍ നില്‍ക്കുന്ന ഹാരിസിനെന്തു വില?
മീന്‍നാറ്റം പോകാന്‍ തുടച്ചുതുടച്ച് തളര്‍ന്നിരിക്കുമ്പോഴാണ് ടി.വി കാണാന്‍ പറയുന്നത്.
അതിനൊന്നും നേരമില്ല, ഹൈദ്രോസേ. നിങ്ങള്‍ തന്നെ കണ്ടില്ലേ. സ്റ്റെപ്പ് തുടച്ച് തുടച്ച് എന്റെ നടുവൊടിഞ്ഞു.
മറ്റൊന്നുമല്ല. നിങ്ങടെ ഫോട്ടോ ടി.വിയില്‍ കണ്ടതോണ്ട് വിളിച്ചതാ. കോട്ടും ടൈയുമൊക്കെയിട്ട് നല്ല ചൊങ്കന്‍ ആണല്ലോ?
കളിയക്കണ്ട. നമ്മളും കെട്ടും ടൈ.
മീന്‍വെള്ളം തൂകാതെ നോക്കണം എന്നു പറഞ്ഞതിനുള്ള വെപ്പാണ്
-നാണിക്കത് മനസ്സിലായി.
ടി.വിയില്‍ പടം വന്നൂന്ന് പറഞ്ഞ് കളിയാക്കാനൊന്നുമില്ല. ടി.വിയില്‍ വരാന്‍ ഇപ്പോള്‍ നിങ്ങളെ പോലെ വലിയ ആള്‍ക്കാരായി ടൈ ഒന്നും കെട്ടണമെന്നില്ല. ബണ്ടി ചോറിന്റെ ഫോട്ടോ തന്നെ എത്ര നേരാ കാണിച്ചത്. പിന്നെ, നിങ്ങളെ ഞാന്‍ കുറ്റം പറഞ്ഞതൊന്നുമല്ല. നാറ്റം കൊണ്ട് ആര്‍ക്കും കോണി കയറാന്‍ നിവൃത്തി ഇല്ലായിരുന്നു. മേലിലെങ്കിലും ശ്രദ്ധിക്കണമെന്നേ പറഞ്ഞുള്ളൂ. ഓണറുടെ ചീത്ത മുഴുവന്‍ കേട്ടത് ഞാനാണ്.
ഇതും പറഞ്ഞ് ദേഷ്യത്തോടെ ഹാരിസ് നാണി ഫോണ്‍ കട്ടാക്കിയപ്പോള്‍ ഹൈദ്രോസ് വല്ലാതായി. കളിയാക്കാന്‍ പറഞ്ഞതല്ല. ശരിക്കും നാണിയുടെ ഫോട്ടോ ടി.വിയില്‍ കാണിച്ചിരുന്നു. മുഴുവന്‍ കാര്യവും പറയാത്തതു നന്നായി. നാണി ഒന്നു കൂടി പൊട്ടിത്തെറിച്ചേനേ.
പക്ഷേ, ഹാരിസ് നാണിയുടെ ടി.വിയില്‍ വന്നത് മറ്റു താമസക്കാരും കണ്ടിരുന്നു. അതുകൊണ്ടു തന്നെ മല്‍ബുകള്‍ കൂട്ടത്തോടെ താമസിക്കുന്ന ബില്‍ഡിംഗില്‍ വാര്‍ത്ത വേഗം പരന്നു. കേട്ടവര്‍ കേട്ടവര്‍ നമ്മുടെ ഹാരിസ് നാണിയുടേതോ എന്നു ചോദിച്ചു.
സംഭവം ശരിയായിരുന്നു. ടെലിവിഷന്‍ കാണിച്ചത് നാണിയുടെ ഫോട്ടോ തന്നെ. ക്യാമറക്കു മുന്നില്‍ നാണിയുടെ ഭാര്യയും രണ്ടു പിഞ്ചുമക്കളും സങ്കടക്കഥ പറയുമ്പോഴാണ് ഒരു വില്ലനെ പോലെ നാണിയുടെ ഫോട്ടോ കാണിച്ചത്. അഞ്ചു വര്‍ഷമായി നാട്ടില്‍ പോയില്ലെന്നും ഒുരു വര്‍ഷമായി കുടുംബത്തിന് കാശയക്കുന്നില്ലെന്നുമാണ് സങ്കടക്കഥയുടെ ആകത്തുക. എല്ലാം വാസ്തവം. കുടുംബത്തോടു നീതി പുലര്‍ത്താത്ത ഇയാള്‍ അവിടെ വലിയനിലയിലാണ് എന്നു പറഞ്ഞതും ശരി തന്നെ. കോണിപ്പടി തുടച്ചു വന്ന് കഴിയുന്നത് ബില്‍ഡിംഗിന്റെ ഏറ്റവും മുകളില്‍ ടെറസില്‍ തട്ടിക്കൂട്ടിയ ചായ്പിലാണ്. അതാണ് നാണിയുടെ വലിയ നില.
ബഖാലയിലെത്തിയ നാണിയെ ആളുകള്‍ വളഞ്ഞുവെച്ചു. മീന്‍ വെള്ളത്തില്‍ മുക്കിയ ഹൈദ്രോസ് അവിടെ ഉണ്ടായിരുന്നുവെങ്കിലും രംഗം വഷളാകുന്നതിനു മുമ്പ് രക്ഷപ്പെട്ടു. ശേഷം ബാക്കിയുള്ളവരുടെ ജനകീയ വിചാരണ ആയിരുന്നു.
എന്തുകൊണ്ട് നാട്ടില്‍ പോകുന്നില്ല? ഓള്‍ക്കും മക്കള്‍ക്കും എന്തുകൊണ്ട് ചെലവിന് അയക്കുന്നില്ല? രണ്ട് ബില്‍ഡിംഗിലെ ഹാരിസ് പണി എടുത്തും കാറുകള്‍ കഴുകിയും ഉണ്ടാക്കുന്ന കാശ് എന്തു ചെയ്യുന്നു? നാട്ടിലേക്ക് എപ്പോള്‍ പോകും -തുരുതുരാ ചോദ്യങ്ങള്‍.
കൂട്ടത്തില്‍നിന്ന് വഴുതി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ചേക്കുവിന്റെ ബലിഷ്ടമായ കരങ്ങള്‍ തടഞ്ഞുനിര്‍ത്തി.
എനിക്കിവിടെ ഓളും മക്കളുമുണ്ട്. അതോണ്ടെന്ന്യാ പോകാത്തത് -നാണി ശബ്ദം താഴ്ത്തിപ്പറഞ്ഞു.
അമ്പട കള്ളാ.. ഇന്തോനേസിയാണോ, ഫിലിപ്പൈനിയാണോ -വീണ്ടും ചോദ്യങ്ങള്‍. മാത്രമല്ല ആളുകള്‍ തെറിയും തുടങ്ങി. ഇവനെയൊക്കെ ഷണ്ഡീകരിക്കണം.
നാണി പറഞ്ഞത് തമാശയാണെങ്കിലും അതു വിശ്വസിച്ച ആളുകള്‍ ആട്ടും തുപ്പുമായി. ആരും യഥാര്‍ഥ കാരണം അന്വേഷിച്ചതുമില്ല.
നിന്നെ പോലുള്ളവരെക്കൊണ്ട് ഞങ്ങള്‍ക്കാ പഴി. പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് പത്രങ്ങളില്‍ പേരെടുത്ത തൊക്കിലങ്ങാടി ആമു വാളെടുത്തു. നാണിയെ കണ്ടെത്തി നാട്ടിലെത്തിക്കാന്‍ അവിടെ ഒരു സംഘടനക്കാരനുമില്ലേ എന്ന് ടി.വിക്കാരന്‍ ചോദിച്ചതാണ് ആമുവിനെ വിറളി പിടിപ്പിച്ചത്.
ഒരു പതിനയ്യായിരം റിയാലും ടിക്കറ്റും തന്നേക്കൂ. ഞാനങ്ങ് പോയേക്കാം
-ധാര്‍മിക രോഷം കൊണ്ടിരുന്ന ആമുവിന്റെ ചെവിയില്‍ നാണി പറഞ്ഞു.
ഇഖാമ പുതുക്കാനായി പല തവണയായി കഫീലിനു കൊടുത്ത വകയില്‍ 15,000 റിയാലിന്റെ കടമുണ്ട്. ഇപ്പോള്‍ നാട്ടില്‍ പോകാനാകാത്ത വിധം ഹുറൂബിലുമായി. ഈ കടം തീര്‍ക്കാതെ പോകാന്‍ പറ്റൂല. അതുകൊണ്ട് തല്‍ക്കാലം വീട്ടില്‍ വിളിക്കാറില്ല. കാശും അയക്കാറില്ല. ഓളേം മക്കളേം എന്റെ ഉമ്മ നല്ലോണം നോക്കിക്കോളും. കടം തീര്‍ന്നാല്‍ ഞാനങ്ങു പോകുകേം ചെയ്യും. പ്രിയപ്പെട്ട മല്‍ബി സ്വയമേവ ടി.വിയില്‍ പോയതാണെന്ന് ഞാന്‍ കരുതുന്നില്ല. ആരോ ചതിയില്‍ പെടുത്തിയതാണ്.
ഗള്‍ഫില്‍നിന്ന് പണമയക്കാത്ത മല്‍ബുകളുടെ വിവരങ്ങള്‍ അന്വേഷിക്കാന്‍ എല്ലാ മല്‍ബികളും പോകുന്നതു പോലെ ഈ മല്‍ബിയും പോകേണ്ടിയിരുന്നത് തങ്ങളുടെ അടുത്തായിരുന്നു. അതു കണക്കിലെടുത്ത് തങ്ങളെ വിളിച്ചു ശട്ടം കെട്ടിയിരുന്നു -സമാധാനിപ്പിക്കാനും എല്ലാം ശരിയാകുമെന്ന് പറയാനും. ഒക്കെ പൊളിഞ്ഞു. ഹലാക്ക് പിടിച്ച സാധനം തന്നെ ടി.വി.
ബഖാലയില്‍നിന്ന് സംഘടനക്കാരനും ആളുകളും പരിഞ്ഞുപോയതല്ലാതെ നാണിയെ നാട്ടിലയക്കാന്‍ ആരും ഉത്സാഹം കാണിച്ചില്ല.
പക്ഷേ ടി.വിക്കാരന്‍ വീണ്ടും പറഞ്ഞു. കുടുംബത്തെ കണ്ണീരിലാക്കിയ നാണിയെ സാമൂഹിക പ്രവര്‍ത്തകനായ ആമു കണ്ടെത്തി. അയളെ നാട്ടിലെത്തിക്കാനുള്ള ശ്രമം ഊര്‍ജിതമായി നടന്നുവരുന്നു.
8 comments:
പ്രയാസലോകം
രണ്ട് ബില്‍ഡിംഗിലെ ഹാരിസ് പണി എടുത്തും കാറുകള്‍ കഴുകിയും ഉണ്ടാക്കുന്ന കാശ് എന്തു ചെയ്യുന്നു? .....ഒരു വാക്ക് കട്ട് ആന്റ് പേസ്റ്റ് വേണ്ടി വരും...പ്രവാസലൊകം...കലക്കി.
ഇത് വല്ലാത്ത ലോകം..
ഇതാണല്ലൊ നമ്മുടെ ലോകം, അല്ല പ്രവാസികളുടെ മാത്രം
അവസാനം മല്‍ബുവിനെ കണ്ടെത്തിയ ക്രഡിറ്റുമായി അയാളിരുന്നു...മല്‍ബുവിന് കുമ്പിളില്‍ തന്നെ കഞ്ഞി....
pravaasam.....
thamaasinte ullile yaadhradhyam
vedanippichu...
ഇങ്ങിനെയും ചിലർ.. കിട്ടുന്ന കാശ് ഇവിടെ ധൂർത്തടിച്ച് കുടുംബത്തെ വഴിയാധാരമാക്കുന്നവന്മാരും ഇകൂട്ടത്തിലുണ്ട്.. അവരെ കണ്ടെത്തി നാടു കടത്തലാണ് ആദ്യം ചെയ്യേണ്ടത്..
enthu suntharam ee pravaasa lokam...
..
ethra sundaran ee pravaasi payyan...
..
Elaam kaanunnavan kandondirikkunnu
Ee pravaasi than prayaasangalokkeyum.
Post a Comment