Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

April 22, 2013

ബിസ്‌കറ്റ് കുറി





ആരും ഫോണെടുക്കാതായപ്പോള്‍ കിച്ചണില്‍ മീന്‍ നന്നാക്കുകയായിരുന്ന മല്‍ബി പിറുപിറുത്തുകൊണ്ട് ചാടി വന്നു. കൈയിലും കത്തിയിലും പറ്റിപ്പിടിച്ചിരിക്കുന്ന ചെറുചിന്തമ്പലുകളുടെ തിളക്കം.

നിങ്ങള്‍ക്കെന്താ ചെവി കേട്ടൂടേ മനുഷ്യാ, ഇങ്ങനെയുമുണ്ടോ ഒരു വായന.

ഒരു മണിക്കൂറോളം മീനിനോട് മല്ലിട്ട മല്‍ബി വിയര്‍ത്തുകുളിച്ചിട്ടുണ്ട്. കിച്ചണിലേക്കൊരു ഫാന്‍ വാങ്ങിക്കൊടുക്കാത്തതിലുള്ള ദേഷ്യം കൂടി ചേര്‍ന്നുള്ളതായിരുന്നു ചോദ്യത്തിന്റെ ഊക്ക്. വേണമെങ്കില്‍ പൊട്ടിത്തെറിച്ചു എന്നു പറയാം. കാക്കാന്നുള്ള വിളി മനുഷ്യനിലേക്ക് മാറിയിട്ടുമുണ്ട്.

ഹൈദ്രോസ് മല്‍ബു സൂക്ഷ്മമായി പത്രം വായിക്കുകയായിരുന്നു. എന്തുകൊണ്ട് സ്വര്‍ണം ഇങ്ങനെ പിടിവിട്ടു? ആരാണ് സ്വര്‍ണം വിറ്റുതുലക്കുന്നത്? ഇതൊക്കെ കണ്ടെത്താനാണ് വായന.
ഹിന്ദി ഗാനമൊഴുക്കി മൊബൈല്‍ തൊട്ടടുത്ത് തന്നെയുണ്ട്. അതിലാകട്ടെ മൊയ്തു എന്ന പേരും അയാളുടെ പടവും തെളിഞ്ഞു കാണുന്നുമുണ്ട്. എന്നിട്ടും ഹൈദ്രോസ് മൈന്റ് ചെയ്യുന്നില്ല.

തുറിച്ചു നോക്കിയ മല്‍ബിയോട്, ഫോണ്‍ എടുക്കരുതെന്ന് ആംഗ്യം കാണിച്ചു. നോട്ടത്തിലൂടെ മല്‍ബിയെ സൈലന്റാക്കിയതല്ലാതെ ഫോണ്‍ സൈലന്റാക്കാന്‍ മെനക്കെട്ടതുമില്ല.
പാട്ട്  പാടിത്തീരുന്നതുവരെ രണ്ടുപേരും മൗനം തുടര്‍ന്നു.

അതു മൊയ്തുക്കാ അല്ലേ, നിങ്ങളെന്താ ഫോണ്‍ എടുക്കാത്തത്- മല്‍ബി ചോദിച്ചു.

കരുതിക്കൂട്ടി എടുക്കാത്തതു തന്നെയാ. ഉറങ്ങാണെന്ന് വിചാരിച്ചോട്ടെ.
ഒറ്റക്കോളും മിസ് ആക്കാത്തയാളാണ്. ബാത്ത് റൂമില്‍ കയറിയാല്‍ പോലും ഫോണ്‍ റിംഗ് ചെയ്യുന്നത് കേട്ടാല്‍ ഇറങ്ങി വന്നെടുക്കും. ഇറങ്ങാന്‍ പാകത്തിലല്ലെങ്കില്‍ മല്‍ബി അതെടുത്ത് ബാത്ത്‌റൂമില്‍ കൊണ്ടുകൊടുക്കണം. വെള്ളത്തില്‍ വീണാലും കേടാകാത്ത ഫോണ്‍ കണ്ടുപിടിച്ചതു തന്നെ ഈ മല്‍ബുവിന് വേണ്ടിയാണ്.

ഉറങ്ങുമ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തുവെക്കുകയാണ് പതിവ്. മിസ്ഡ് കോള്‍ കണ്ടാല്‍ തിരിച്ചുവിളിക്കുക നിര്‍ബന്ധമാണല്ലോ? അതൊഴിവാക്കാനാണ് ഈയടവ്. ഓഫാക്കിയിടുക.
എന്താ നിങ്ങള്‍ മൊയ്തുക്കായുമായി തെറ്റിയോ? ഫോണ്‍ എടുക്കാതിരിക്കാന്‍ മാത്രം എന്താ കുഴപ്പം?
ഹൈദ്രോസിന്റെ അടുത്ത കൂട്ടുകാരനും നാട്ടുകാരനുമാണ് മൊയ്തു.

അതേയ്, ഇപ്പോള്‍ ഫോണെടുത്താല്‍ കുടുങ്ങും. അവന്‍ പത്ത് പേരെ നോക്കി നടക്കുവാണ്. ചോദിച്ചാല്‍ പിന്നെ ഇല്ലാന്ന് പറയാന്‍ പറ്റൂല്ല. അവന്റെ അടുത്ത നീക്കം തലചൊറിയലായിരിക്കും.
ഓഹോ, ചിട്ടിയില്‍ ചേര്‍ക്കാനാ അല്ലേ?

അതെങ്ങനെ നിനക്ക് മനസ്സിലായി. പത്ത് പേരെ വേറെ എന്തിനൊക്കെ ചേര്‍ക്കാം.
മൊയ്തുക്കാന്റെ താത്ത ഒരു മണിക്കൂര്‍ മുമ്പ് വിളിച്ച് പറഞ്ഞതേയുള്ളൂ. നമ്മള്‍ ചേര്‍ന്നാല്‍ മാത്രം പോരാ, രണ്ട് പേരെ ഉണ്ടാക്കി കൊടുക്കേം വേണം. നിങ്ങള്‍ ഫോണ്‍ എടുക്കാതിരുന്നിട്ടൊന്നും കാര്യമില്ല. വൈകിട്ട് വിവരം കൊടുക്കണം. ഇല്ലെങ്കില്‍ മൊയ്തുവും താത്തയും ഇങ്ങോട്ടെത്തും.

ചിട്ടി തുടങ്ങാന്‍ മൊയ്തു പലരേയും സമീപിച്ചതായി അറിഞ്ഞതോണ്ടായിരുന്നു ഹൈദ്രോസിന്റെ മുന്‍കരുതല്‍. ഓഫീസിലെ മുസ്തഫ ചിട്ടിക്കില്ലാന്നു പറഞ്ഞപ്പോള്‍ അയ്യായിരമാ  കടം ചോദിച്ചത്. ആദ്യം ചിട്ടിയില്‍ ചേരാന്‍ പറയും. ഇല്ലാന്നു പറഞ്ഞാല്‍ തലചൊറിഞ്ഞുകൊണ്ട് ചുരുങ്ങിയത് ആയിരമെങ്കിലും കടം ചോദിക്കും.
രക്ഷയില്ലെന്നാണ് മല്‍ബിയുടെ നിഗമനം. അവള്‍ പറഞ്ഞാല്‍ തെറ്റാറില്ല.
ഹൈദ്രോസ് മല്‍ബിയോട് പറഞ്ഞു.
പത്താളായിക്കിട്ടിയാല്‍ നമ്മള്‍ രക്ഷപ്പെട്ടു. നീയും കൂടി പ്രാര്‍ഥിച്ചോ.
പറഞ്ഞുകൊണ്ടിരുന്നപ്പോള്‍ വീണ്ടും മൊബൈലില്‍ ഹിന്ദിപ്പാട്ട്.
മൊയ്തു തന്നെ.

എടുക്കാതിരുന്നിട്ട് കാര്യമില്ല. മല്‍ബി പറഞ്ഞതുപോലെ അല്‍പം കഴിഞ്ഞാല്‍ ഇങ്ങോട്ടെത്തും.

പിന്നേയ്, ചിട്ടി തുടങ്ങുന്ന കാര്യം മല്‍ബി പറഞ്ഞില്ലേ. ഈ മാസം തന്നെ തുടങ്ങാണെട്ടോ. അഞ്ച് പേരുടെ കുറവുണ്ട്. നിങ്ങളെ കൂടാതെ രണ്ടാളെ ശരിയാക്കിത്തരണം. അല്ലെങ്കില്‍ നിങ്ങള്‍ രണ്ട് നറുക്കിനുചേരണം.

സുഖമാണോ എന്നു പോലും ചോദിക്കുന്നതിനുമുമ്പേ ആവശ്യം നിരത്തിയ മൊയ്തുവിനോട് ഹൈദ്രോസിന് അസൂയ തോന്നി.
ഈ സമയല്ലാത്ത സമയത്ത് എന്തിനാ മൊയ്തൂ ചിട്ടി തുടങ്ങുന്നത്? ആളുകളൊക്കെ കുഴപ്പത്തിലല്ലേ?
എന്തു കുഴപ്പം. ചിട്ടി ഇപ്പോള്‍ തുടങ്ങീട്ടേ കാര്യമുള്ളൂ. ബിസ്‌കറ്റ് വാങ്ങിവെക്കാനാണ്. രണ്ടെണ്ണമാ വളര്‍ന്നുവരുന്നത്. വാങ്ങിവെച്ചാ ആവശ്യമുണ്ടേല്‍ വില്‍ക്കേം ചെയ്യാം.
എല്ലാരും ഇങ്ങനൊക്കെ തന്നെയാ ചെയ്യുന്നത്. കാറ്റുള്ളപ്പോള്‍ തൂറ്റണം. നിങ്ങള്‍ക്ക് കേക്കണോ. നാണീനെ വിളിച്ചപ്പോ അവന്‍ ബാങ്കീന്ന് ലോണ്‍ എടുത്താ പത്തിരുപത് കോയിന്‍സ് വാങ്ങിയത്.
അച്ചായനെ വിളിച്ചപ്പോ അയാളും ലോണ്‍ എടുത്തിരിക്കുന്നു. നമ്മള്‍ മാത്രാ ഇതിലൊന്നും ശ്രദ്ധിക്കാത്തത്. ഉറുപ്പ്യേടെ വിലയിടിഞ്ഞപ്പോ അച്ചായന്‍ കടം വാങ്ങാത്ത ആളുണ്ടായിരുന്നില്ല. ബാങ്ക് ലോണും നാട്ടുകാരുടെ കടവും ഒക്കെ ആയപ്പോള്‍ ഫിക്‌സഡ് ഡെപ്പോസിറ്റില്‍നിന്ന് നല്ല വരവ്. ഇനിയിപ്പോ പണി നിര്‍ത്തി പോയാലും അയാള്‍ക്ക് കുഴപ്പമില്ല.
കണ്ണു തള്ളിക്കുന്ന വിവരങ്ങളാണ് മൊയ്തു പറയുന്നത്.
അഞ്ച് പത്ത് കൊല്ലായിട്ടും, മല്‍ബി പിന്നാലെ കൂടിയിട്ടും ഒരു പത്തു പവന്‍ വാങ്ങിവെക്കാന്‍ ഹൈദ്രോസിനു ഇതുവരെ തോന്നിയിട്ടില്ല.
സ്‌കൂള്‍ ഫീസടക്കാന്‍ കടം വാങ്ങിയാല്‍ പോലും നെഞ്ചിടിപ്പാണ്. എന്നിട്ടുവേണ്ടേ വിലയിടിഞ്ഞതോണ്ട് സ്വര്‍ണം വാങ്ങി സൂക്ഷിക്കാന്‍.
മൂന്നാമത്തെ നറുക്ക് നിങ്ങള്‍ക്ക് തരാമെന്ന് പറഞ്ഞുകൊണ്ട് മൊയ്തു പ്രലോഭനം തുടര്‍ന്നു. പൊന്നിന്റെ വില താഴോട്ട് വീണതുപോലെ തന്നെ.
അവസാനം ഒരു നറുക്കിന് ചേരാമെന്ന് സമ്മതിപ്പിച്ചാണ് അയാള്‍ ഫോണ്‍ താഴെ വെച്ചത്.


8 comments:

Mohamedkutty മുഹമ്മദുകുട്ടി said...

അപ്പോ അവസാനത്തെ അടവില്‍ ഹൈദ്രോസ് വീണു. ബിസ്ക്കറ്റ് കുറി കൊള്ളാം.

Anonymous said...

കൊള്ളാം....

ajith said...

10000 ആയിട്ട് വേണം അഞ്ചാറ് ബിസ്കറ്റ് വാങ്ങാന്‍

Unknown said...

ഹെഹെ.... രസിച്ച്

ഷാജു അത്താണിക്കല്‍ said...

മൽബൂൂൂൂൂൂൂൂൂൂൂൂൂൂൂൂ

ആശംസകൾ ഭായി

ilyasthoombil said...

ഈ സ്വർനമെല്ലം മൽബു എവിടെ സൂക്ഷിക്കും. എത്ര കാലം സൂക്ഷിക്കും . . നിതഖാതു കാരണം പലരും പണിയില്ലാതെ ഇരിക്കുകുഅയ.. കരുപ്പന്മാർക്ക് ഇപ്പോൾ ട്രാഫിക് സിഗനലിന്റെ അടുത്ത് നിന്ന് ഒന്നും കിട്ടുന്നില്ല പൊലും. മൽബുവിനു എങ്ങനെ മനസ്സമാധാനത്തോടെ ഉറങ്ങാൻ കഴിയും . നാട്ടിൽ കൊണ്ട് പോകാമെന്ന് വിചാരിച്ചാലോ ..? രണ്ടു പവന് മുകളിൽ ഉള്ള സ്വർണത്തിന് ഒടുക്കത്തെ ഡ്യൂട്ടി അടക്കുകയും വേണം ....

ente lokam said...

സ്വർണവും പണവും പ്രവാസവും

എല്ലാം പ്രശ്നങ്ങള തന്നെ...

Unknown said...

appol ethra bussicut aayi

Related Posts Plugin for WordPress, Blogger...