Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

April 8, 2013

മൊയ്തുവിന്റെ ഓട്ടവും ഹൈദ്രോസിന്റെ സങ്കടവും






പത്രത്തിലെ ഹെഡിംഗുകള്‍ നോക്കിക്കഴിഞ്ഞ ശേഷം ഹൈദ്രോസിന്റെ കണ്ണുകള്‍ ടി.വിയിലേക്ക് നീണ്ടു. പത്രവായന നാട്ടിലല്ലേ, ഇവിടെ പണിയല്ലേ എന്ന പഴയ നിലപാട് ഇപ്പോഴില്ല.  നാടും നാട്ടാരും ഭയപ്പെടുന്ന നിതാഖാതും റെയ്ഡും വരുത്തിയ മാറ്റം. 

മറ്റു നാലു പേരും കൂര്‍ക്കംവലിച്ചുറങ്ങുകയാണ്. അകത്തെ മുറിയില്‍നിന്നുള്ള കൂര്‍ക്കംവലി സംഗീതോപകരണത്തെ അനുസ്മരിപ്പിച്ചുകൊണ്ട് നടുവിലെ മുറിവരെ കേള്‍ക്കാം. 
താന്‍ മാത്രമേ കൂര്‍ക്കം വലിയില്ലാതെ ഉറങ്ങാറുള്ളൂ എന്ന ഹൈദ്രോസിന്റെ വീമ്പുപറച്ചില്‍ ഈയിടെ മൊയ്തു പൊളിച്ചു കൊടുത്തിരുന്നു. ഉറങ്ങുമ്പോഴുളള ഹൈദ്രോസിന്റെ  മുഖഭാവങ്ങളും ശബ്ദവും വിഡിയോ ക്യാമറയില്‍ പകര്‍ത്തി ഒരു സംഭവമാക്കിക്കളഞ്ഞു മൊയ്തു. ബാച്ചിലര്‍ റൂമില്‍ എക്‌സ്ട്രാ ഡീസന്റാണെന്ന ഹൈദ്രോസിന്റെ തോന്നല്‍ ഇല്ലാതായതോടെ കൂര്‍ക്കംവലിക്കാരെ സ്‌നേഹിക്കുന്ന തലത്തിലേക്ക് അഞ്ച് പേരും ഉയര്‍ന്നു. 

ഇപ്പോള്‍ ബെഡുകളില്‍നിന്ന് ഉയര്‍ന്നുകേള്‍ക്കുന്ന ശബ്ദങ്ങളോട് ആര്‍ക്കും വെറുപ്പില്ലെന്ന് മാത്രമല്ല, പല സൗണ്ടുകളോടും താരതമ്യം ചെയ്യാവുന്ന കൂര്‍ക്കംവലി എ.സിയുടെ ശബ്ദം പോലെ നിദ്രക്ക് അനിവാര്യമാണെന്ന തിയറിയിലും എത്തിച്ചേര്‍ന്നിരിക്കുന്നു.
പഹയന്മാര്‍ ഉണരട്ടെ എന്നു കരുതി ഹൈദ്രോസ് ടി.വിയുടേയും റസീവറിന്റേയും വോള്യം മാക്‌സിമം ആക്കി. ബെഡ്‌റൂമിന്റെ വാതില്‍ തുറന്നുവെച്ചു. അസൂയ തന്നെ. കാരണം മൊയ്തുവിനും നാണിക്കും കുഞ്ഞാപ്പക്കും മൗലവിക്കും പണിക്കു പോണ്ട. നാലു ദിവസമായി വീട്ടില്‍തന്നെ ഇരുന്നോളാനാണ് ഇന്‍ചാര്‍ജ് പറഞ്ഞിരിക്കുന്നത്. അവര്‍ക്കിനി വിളിച്ചാല്‍ മാത്രം കമ്പനിയിലേക്ക് പോയാല്‍മതി.  പരിശോധനയുടെ പൂരം കഴിയുന്നതുവരെ വിശ്രമം. നിതാഖാത് റെസ്റ്റ്. എന്നാല്‍ ഹൈദ്രോസിന് എല്ലാ ദിവസവും പോകണമെന്നു മാത്രമല്ല, ഓഫീസില്‍ മൊയ്തുവിന്റെ പണി കൂടി എടുത്തുതീര്‍ക്കുകേം വേണം. 

ഇരട്ടിപ്പണിയും മറ്റുള്ളവര്‍ അനുഭവിക്കുന്ന സുഖത്തെ കുറിച്ചുള്ള ചിന്തയുമാണ് ഹൈദ്രോസിന്റെ മനസ്സിനെ കുഴപ്പത്തിലാക്കിയിരിക്കുന്നത്. സ്വഭാവം പാടേ മാറിയിരിക്കുന്നു. ആകപ്പാടെ ദേഷ്യം. ഒന്നുകൂടി ബെഡ് റൂമിലേക്ക് നോക്കി. എന്തൊരു സുഖത്തിലാണ് നാലു പേരും കിടന്നുറങ്ങുന്നത്. പല്ലുകള്‍ കടിച്ചമര്‍ത്തി ഏങ്കോണിച്ച മുഖത്തോടെ മുറിയിലേക്ക് ചാടിപ്പോയ ഹൈദ്രോസ് എ.സി ഓഫ് ചെയ്തു. കോപത്തിന്റെ ഊക്കില്‍ സ്വിച്ച് പറിഞ്ഞു പോന്നില്ലെന്നേയുള്ളൂ. 

ചൂട് കൂടുമ്പോള്‍ താനേ എഴുന്നേറ്റോളും. അങ്ങനെ സുഖിച്ചുറങ്ങണ്ട. മൊയ്തുവിനെ ബ്ലാങ്കറ്റ് കൊണ്ട് വലിച്ചുമൂടി. മൊയ്തുവിനോടാണ് ഏറ്റവും കൂടുതല്‍ ദേഷ്യം. കാരണം അയാളുടെ പണിയാണ് ഹൈദ്രോസിന്റെ തലയില്‍വന്നു വീണിരിക്കുന്നത്. 
ഇങ്ങനെ പണിക്ക് വരാതിരുന്നാല്‍ അവരുടെ ശമ്പളം കട്ട് ചെയ്യുമോ എന്ന് ഹൈദ്രോസ് ഇന്‍ചാര്‍ജിനോട് ചോദിച്ചിരുന്നു. 
തല്‍ക്കാലം അവരോട് വരണ്ട എന്നു പറയാനേ ഓര്‍ഡറുള്ളൂ. പാവങ്ങളല്ലേ. ശമ്പളം കട്ട് ചെയ്യാന്‍ പറഞ്ഞിട്ടില്ല. 
ഒരിക്കലും പ്രതീക്ഷിച്ചതായിരുന്നില്ല  ഈ മറുപടി.  
പഴുപ്പിച്ച് എഴുന്നേല്‍പിക്കുകയെന്ന ഹൈദ്രോസിന്റെ തന്ത്രം ഫലിച്ചു. 
മുറിയില്‍ ചൂട് കൂടിയതിനാലോ ടി.വിയുടെ ശബ്ദം കേട്ടതിനാലോ എന്തോ മൊയ്തു എഴുന്നേറ്റു വന്നു.
സലാം ചൊല്ലിയെങ്കിലും ശാന്തമല്ലാത്ത ഹൈദ്രോസിന്റെ മനസ്സില്‍നിന്ന് പ്രത്യഭിവാദ്യം പുറത്തുവന്നില്ല. 
എന്താ ഹൈദ്രോസേ.. രാവിലെ തന്നെ ഒരു മൂഡ് ഓഫ്,  സലാം പോലും മടക്കിയില്ല. ഓഫീസില്‍ പണി കൂടിയിട്ടുണ്ടാവും അല്ലേ?

ഏയ്. അങ്ങനെയൊന്നുമില്ല. അവിടെയൊരു പണിയുമില്ല -ഹൈദ്രോസ് പച്ചക്കള്ളം പറഞ്ഞു. 
നാട്ടില്‍ വിളിച്ചിരുന്നു അവിടെ ആര്യാടന്റെ വക എപ്പോഴും കറന്റ് കട്ട്. അതോണ്ടൊരു മൂഡ് ഓഫ്.
പണിക്കു പോകാതെ ഇവിടെ തന്നെയിരുന്ന് ബോറടിച്ചു തുടങ്ങി. മൊയ്തു പറഞ്ഞുതുടങ്ങിയപ്പോഴേക്കും ടി.വിയില്‍ രണ്ടു പേര്‍ക്കും പരിചയമുള്ള മുഖം പ്രത്യക്ഷപ്പെട്ടു.
എയര്‍പോര്‍ട്ടില്‍നിന്നുള്ള ഇന്റര്‍വ്യൂ ആണ്. വിമാനമിറങ്ങിയ ഹൈദ്രോസിന്റെ ചങ്ങാതിയെ ടി.വി റിപ്പോര്‍ട്ടര്‍ പിടികൂടി മൈക്ക് നീട്ടിയിരിക്കുന്നു. 

സൗദിയില്‍ ഒരു പ്രശ്‌നവുമില്ല. അവിടെ സാധാരണ നടക്കുന്ന പരിശോധനകളേയുള്ളൂ. പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ തന്നെ അത് കേന്ദ്ര സര്‍ക്കാരും മന്ത്രിമാരും ഇടപെട്ട് ഉടന്‍ പരിഹരിച്ചോളും. 
കേട്ടപ്പോള്‍ ഹൈദ്രോസിനു പിന്നേയും ദേഷ്യം വന്നു. പ്രശ്‌നങ്ങളില്ല എന്നു പറഞ്ഞതിലല്ലായിരുന്നു. 
സൗദി വിശേഷങ്ങള്‍ അറിയാന്‍ ഹൈദ്രോസിനെ വിളിക്കൂ എന്നു പറഞ്ഞ് ടി.വിക്കാരനു ടെലിഫോണ്‍ നമ്പര്‍ കൊടുക്കാന്‍ ശട്ടം കെട്ടിയിരുന്നു. അത് ടിയാന്‍ ചെയ്തില്ല. എന്നിട്ട് ഇപ്പോള്‍ ഒരു പ്രശ്‌നവുമില്ലെന്ന് പക്കാ രാഷ്ട്രീയം പറഞ്ഞിരിക്കുന്നു. 

ആളുകള്‍ ഇവിടെ കിടന്നുറങ്ങുന്നത് ഇയാള്‍ കണ്ടില്ലല്ലൊ- മൊയ്തുവും രോഷത്തില്‍ പങ്കുചേര്‍ന്നു.
ഇന്നലത്തെ എന്റെ ഓട്ടം ഷൂട്ട് ചെയ്ത് ടി.വയില്‍ കൊടുത്താല്‍ മതിയായിരുന്നു. 
എന്തു ഓട്ടം.
ഹൈദ്രോസ് അന്വേഷിച്ചു.

അതെ, ഇന്നലെ റൂമിലിരുന്നു ബോറടിച്ച ഞാന്‍ വൈകിട്ടൊന്നു പുറത്തിറങ്ങിയതായിരുന്നു. സൂപ്പര്‍മാര്‍ക്കറ്റിനു മുന്നിലെത്തിയപ്പോള്‍ ആളുകള്‍ ജീവനും കൊണ്ട് ഓടുന്നു. ഞാനും തിരിഞ്ഞോടി. പരമാവധി വേഗത്തില്‍. പെട്ടെന്ന് പിറകില്‍നിന്നൊരു കൈ എന്റെ ചുമലില്‍. അനധികൃത താമസക്കാരെ പിടികൂടാനെത്തുന്ന പുതിയ പരിശോധകര്‍ മല്ലന്മാരായ ബദുക്കളാണെന്നും ഓടി രക്ഷപ്പെടാന്‍ മുതിരരുതെന്നും പലരും പറഞ്ഞതുകൊണ്ട് അയഞ്ഞു കൊടുത്തു. അയാള്‍ എന്റെ ചുമലില്‍പിടിച്ചു തിരിച്ചുനിര്‍ത്തി ചോദിച്ചു.
ഞങ്ങള്‍ ഓടുന്നത് മുനിസിപ്പാലിറ്റിക്കാര്‍ പിടിക്കാന്‍ വന്നതുകൊണ്ട്. നിങ്ങള്‍ എന്തിനാണ് ഓടുന്നത്?
വഴിയോരക്കച്ചവടക്കാരനായ യെമനി ആയിരുന്നു അത്. പച്ചക്കറി വണ്ടികള്‍ ഉപേക്ഷിച്ച് ഓടിയ അവരോടൊപ്പം അണി ചേര്‍ന്നവരില്‍ മൊയ്തു മാത്രമല്ല, വേറേയും മല്‍ബുകള്‍ ഉണ്ടായിരുന്നു.  
മസിലു പിടിച്ചുനിന്നിരുന്ന ഹൈദ്രോസും ആ തമാശ ആസ്വദിച്ചു. 
നിങ്ങള്‍ക്കു ചിരിക്കാം. പക്ഷേ, ദാ നോക്കിയേ ഇപ്പോഴും എന്റെ കിതപ്പറിയാം- മൊയ്തു നെഞ്ചില്‍ കൈവെച്ചുകൊണ്ട് പറഞ്ഞു.

16 comments:

Echmukutty said...



ദേ, എപ്പോഴും വൈകുന്ന പശുക്കുട്ടി ആദ്യം വന്നിരിക്കുന്നു...



ആകെ അങ്കലാപ്പാണ്. അവിടെ ഒരു പ്രശ്നവുമില്ലെന്നു ചിലര്‍.... വന്‍ പ്രശ്നമാണെന്ന് മറ്റ് ചിലര്‍....

എഴുത്ത് കൊള്ളാം, അഭിനന്ദനങ്ങള്‍.

ഷാജു അത്താണിക്കല്‍ said...

ഹഹഹ്ഹാ
ഇത് കലക്കി
ഇത് ഞാൻ പേപ്പറിൽ വായിച്ചും കുറേ ചിരിച്ചു കെട്ടോ

ente lokam said...

ജീവിക്കാൻ സമ്മതിക്കില്ല അല്ലെ?
മല്ബുവിന്റെ വിഷമം നന്നായി അവതരിപ്പിച്ചു

വീകെ said...

പൊതുവെ ഓട്ടത്തിലൊക്കെ പിന്നിലാ മൽബുകൾ..
ഇനി അതൊക്കെ ശരിയായിക്കോളും...!
ആശംസകൾ...

Shahida Abdul Jaleel said...

മല്ബുവിന്റെ വിഷമം നന്നായി അവതരിപ്പിച്ചു കൊള്ളാം അഭിനന്ദനങ്ങള്‍

Unknown said...

paavam moidu :P

ajith said...

മൂന്നുമാസത്തേയ്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടല്ലോ. അതിനുശേഷം എങ്ങനെയായിരിയ്ക്കുമോ കാര്യങ്ങള്‍??!!

മുകിൽ said...

pathivepole paavam malbu..

Muralee Mukundan , ബിലാത്തിപട്ടണം said...

ഇതുപോലെയൊക്കെ ആളോളെ ഓടിച്ചിട്ട് പിടിക്കുന്ന രീതിയിൽ ഇത്രക്ക് ഭീകരമായ വിസാ നിയമങ്ങളാണോ ഭായ് അവിടെ നടപ്പാക്കിയിരിക്കുന്നത്..?

Mohamedkutty മുഹമ്മദുകുട്ടി said...

എങ്ങനെ പോയാലും മല്‍ബു പോസ്റ്റുകള്‍ക്കു ക്ഷാമമില്ല.നിതാഖാതും റെയ്ഡും വരുത്തിയ മാറ്റം.......

mini//മിനി said...

അവസാനം മൽബു നാട്ടിൽ വരുമോ? നന്നായി ചിരിപ്പിച്ചു,,

Anonymous said...

എന്തിനാ ഓടിച്ചിട്ട് പിടിക്കുന്നത്? എന്തായാലും പിടി വരുമെനറിയുമെങ്കിൽ ഒന്നുകിൽ കേറിപ്പോരുക അല്ലെങ്കിൽ നിയമവിധേയനാവുക, അതല്ലേ നല്ലത്? ഓടിയവരും ഓടാനിരിക്കുന്നവരും കേൾക്കണ്ട! ഞാനോടി!!!

Jefu Jailaf said...

ആ ഓട്ടം നിർത്താതെ ഓടിയിരുന്നെങ്കിൽ മല്ബു ഇപ്പൊ നാട്ടിലെത്ത്യേനെ.. :)
ആധികളും വ്യാധികളും മല്ബുവിന്റെ കൂടെപ്പിറപ്പല്ലെ.. നന്നായീട്ടൊ..

mujeeb kaindar said...

മല്ബുവിന്റെ നല്ല പാതി മല്ബിയുടെ ഹാല് എന്താവോ?
ജെഫു പറഞ്ഞു, മൽബു ആ ഓട്ടം ഓടിയിരുന്നെങ്കിൽ ഇപ്പൊ നാട് പിടിച്ചേനെ എന്ന് .... സത്യം പറഞ്ഞാൽ അയാള് നാട് കാണാതെ മരിച്ചേനെ...

mujeeb kaindar said...

മല്ബുവിന്റെ നല്ല പാതി മല്ബിയുടെ ഹാല് എന്താവോ?
ജെഫു പറഞ്ഞു, മൽബു ആ ഓട്ടം ഓടിയിരുന്നെങ്കിൽ ഇപ്പൊ നാട് പിടിച്ചേനെ എന്ന് .... സത്യം പറഞ്ഞാൽ അയാള് നാട് കാണാതെ മരിച്ചേനെ...

കൊമ്പന്‍ said...

മലയാളിയുടെ പൊതു സ്വഭാവമായ അസൂയയും ആരെങ്കിലും എന്തെങ്കിലും പറയുമ്പോലേക്ക് വിശ്വസിക്കുന്ന പോത്താംബിയും ഉഷാറായി ഈ പരിഹാസം

Related Posts Plugin for WordPress, Blogger...