എല്ലാമൊന്ന് കലങ്ങിത്തെളിയട്ടെ എന്ന ഉപദേശം കേട്ട് നാടണഞ്ഞതായിരുന്നു ഹൈദ്രോസ് മല്‍ബു. പ്രതീക്ഷക്കു വിരുദ്ധമായി എയര്‍പോര്‍ട്ടില്‍ പത്രക്കാരേയും ടി.വിക്കാരേയുമൊന്നും കാണാനില്ല. ഇനി ടി.വിയില്‍ കാണാമെന്ന് പറഞ്ഞാണ് റൂമില്‍നിന്ന് ഇറങ്ങിയത്.
പകച്ചുനിന്നപ്പോള്‍ അടുത്തെത്തിയത് അബ്ബാസായിരുന്നു. റിയാല്‍ അബ്ബാസ്ക്ക. വിമാനമിറങ്ങുന്നവരോട് റിയാലുണ്ടോ നല്ല റേറ്റ് തരാം എന്നു പറയുന്ന അബ്ബാസിന്റെ മുഖത്തും വലിയ തെളിച്ചമില്ല.
വെറുമൊരു അബ്ബാസല്ല ഇത്. അയല്‍വാസിയാണ്. മല്‍ബിയുടെ സ്വര്‍ണം പണയം വെച്ച് ആദ്യത്തെ കണ്മണിയുടെ മുടികളയല്‍ ഗംഭീരമാക്കിയതും പിന്നീട് ജോലിസ്ഥലത്തേക്ക് മടങ്ങാന്‍ ടിക്കറ്റിനു കാശില്ലാതെ നട്ടംതിരിഞ്ഞതുമൊക്കെ അറിയാവുന്നയാള്‍.
ഹൈദ്രോസ് ഗള്‍ഫിലേക്ക് മടങ്ങിയിട്ട് മൂന്ന് മാസം തികഞ്ഞിട്ടില്ല.
ചിരിച്ചെന്നു വരുത്തിയ അബ്ബാസ് ചോദിച്ചു:
തൊണ്ണൂറു തികയുമ്പോഴേക്കും ഇങ്ങെത്തി അല്ലേ, തൊണ്ണൂറാന്‍?
നിങ്ങള്‍ കരുതുന്നതു പോലെ എക്സിറ്റൊന്നും അല്ല അബ്ബാസ്ക്കാ. പുതിയ റെയ്ഡുകളും നിയമങ്ങളുമൊക്കെ ഒന്നു ശരിയാകുന്നതുവരെ നാട്ടില്നില്ക്കാമെന്നു കരുതി. എല്ലാമൊന്ന് കലങ്ങിത്തെളിഞ്ഞ ശേഷം പോകാം.
അതിന് അവിടെ ഒക്കെ ശരിയായല്ലോ? റെയ്ഡൊക്കെ മൂന്ന് മാസത്തേക്ക് നിര്ത്തിവെച്ചില്ലേ. ഇയാളിതൊന്നും അറിഞ്ഞില്ലേ?
പത്രവും ടി.വിയുമൊന്നും കണ്ടില്ല. നിര്‍ത്തിവെച്ചു അല്ലേ. അതോണ്ടാ ടി.വിക്കാരെയും പത്രക്കാരേയുമൊന്നും കാണാത്തത് അല്ലേ? അവരെക്കൊണ്ട് പുറത്തിറങ്ങാന്‍ പറ്റുന്നില്ലാന്നാണല്ലോ കേട്ടിരുന്നത്.
വിമാനത്തില്‍ വെച്ച് ഹൈദ്രോസിന്റെ വയറൊന്ന് കാളിയിരുന്നു. പലപ്പോഴും അങ്ങനെയാണ്. അഹിതമായത് എന്തെങ്കിലും സംഭവിക്കുമ്പോള്‍ വയറാണ് സൂചന നല്‍കുക. നടക്കാനിരിക്കുന്ന കാര്യങ്ങളൊക്കെ സ്വപ്നങ്ങളിലൂടെ ഹൈദ്രോസിനെ തേടിയെത്താറുണ്ട്.
ടിക്കറ്റിനുള്ള കാശ് കടം വാങ്ങി വിമാനത്തില്‍ കയറിയ ഹൈദ്രോസിന് കിട്ടിയ ജ്യൂസ് പോലും കയ്പുനീരായാണ് അനുഭവപ്പെട്ടത്. പലരും പാട്ടുകളിലും സിനിമകളിലും അഭയം തേടിയപ്പോള്‍ ചിന്തകള്‍ മാത്രമായിരുന്നു ഹൈദ്രോസിനു കൂട്ട്. നിതാഖാത്തിന്റെ നിറഭേദങ്ങള്‍.
റെയ്ഡില്‍ പിടികൂടി നാട്ടിലേക്ക് കയറ്റി വിടുന്നതിനു മുമ്പ് റീ എന്‍ട്രി അടിച്ചുകിട്ടിയത് വലിയ ഭാഗ്യമായാണ് എല്ലാവരും പറഞ്ഞത്. പിടിയിലായാല്‍ പിന്നെ നിയമവിരുദ്ധനായി മടങ്ങേണ്ടി വരും. തിരികെ പോകാനാവില്ല.
ഡ്രൈവിംഗ് ലൈസന്‍സ് പോലുമില്ലാത്ത ഹൗസ് ഡ്രൈവര്‍ വിസയിലായതിനാല്‍ കേട്ടവരൊക്കെയും ഉപദേശിച്ചത് രണ്ട് മൂന്ന് മാസം നാട്ടില്‍ പോയി നില്‍ക്കാനാണ്. അപ്പോഴേക്കും എല്ലാം ഒന്ന് ശരിയാകും.
അപ്പോഴും മൂന്ന് മാസം മുമ്പ് പണയംവെച്ച സ്വര്‍ണവും മല്‍ബിയുടെ മുഖവുമായിരുന്നു മനസ്സില്‍. ഒരു മാസം കൊണ്ട് തിരികെ എടുക്കാമെന്ന് വാക്കു കൊടുത്തതാണ്. കല്യാണത്തിനു പോകാനുണ്ടെന്ന് പറഞ്ഞ് മല്‍ബി ഫോണിലൂടെ പല തവണ കെഞ്ചിയെങ്കിലും മൂന്ന് മാസമായിട്ടും എടുത്തുകൊടുക്കാന്‍ കഴിഞ്ഞില്ല.
ഇപ്പോള്‍ നാട്ടിലേക്കുള്ള ടിക്കറ്റിനു പണം നല്‍കിയത് പലിശരഹിത നിധിക്കാരാണ്. അവര്‍ കുറേ പേര് മാസം 100 റിയാല്‍ വീതമെടുത്ത് സ്വരൂപിച്ച ഫണ്ടില്‍നിന്ന് പലിശയില്ലാത്ത വായ്പ.
ദുസ്സൂചനകള്‍ നല്കി ഇതിനുമുമ്പും ഹൈദ്രോസിന്റെ വയറുകാളിയിട്ടുണ്ട്. നാട്ടിലേക്ക് ഫോണ്‍ വിളിക്കാന്‍ മിനിറ്റിന് 25 ഹലലയുണ്ടായിരുന്നത് വീണ്ടും 55 ഹലല ആയപ്പോഴും വാറ്റ് കൂടി ചേര്‍ന്നപ്പോള്‍ വോയിപ്പ് കാര്‍ഡില്‍ മിനിറ്റ് കുറഞ്ഞതുമൊെക്ക വയര്‍ അറിയിച്ചിരുന്നു.
റെയ്ഡ് നിര്‍ത്തിയെന്നും പേടി കൂടാതെ തുടര്‍ന്നും ജോലി ചെയ്യുമെന്നും വിമാനത്തില്‍വെച്ച് വയറല്ല, ആരു സൂചന നല്‍കിയിട്ടും കാര്യമില്ല. കേന്ദ്രമന്ത്രിമാരെ വിളിച്ച് വിമാനം തിരിച്ചുപറപ്പിക്കാനൊന്നും കഴിയില്ലല്ലോ? റെയ്ഡ് നിര്‍ത്താന്‍ ഇടപെട്ടിടപെട്ട് തളര്‍ന്നവശരായ മന്ത്രിമാര്‍ ചിലപ്പോള്‍ മെനക്കെട്ടാലും എയര്‍ ഇന്ത്യയെ കൊണ്ട് തീരുമാനമെടുപ്പിക്കാനൊട്ട് കഴിയുകയുമില്ല.
ഇനിയിപ്പോള്‍ എന്തു ചെയ്യാനാ. വന്നില്ലേ. നാട്ടില്‍ വന്ന സ്ഥിതിക്ക് പുന്നാരമോനോടൊപ്പം കുറച്ചു ദിവസം അടിച്ചുപൊളിച്ച് മടങ്ങിക്കോ?
അബ്ബാസിന്റെ ചോദ്യമാണ് ചിന്തയില്‍നിന്ന് ഉണര്‍ത്തിയത്.
പത്രം സംഘടിപ്പിച്ച് വായിച്ചു. മൂന്ന് മാസത്തേക്കാണ് റെയ്ഡ് നിര്‍ത്തിയതെന്നും അതിനുശേഷം തൊഴില്‍ പദവി ശരിയാക്കാത്ത അനധികൃത താമസക്കാരെ വിടില്ലെന്നുമാണ് വാര്‍ത്ത.
മൂന്ന് മാസം നാട്ടില്‍ തങ്ങി അവിടെ എത്തുമ്പോഴേക്കും തെളിയുകയല്ല, കലങ്ങുകയാണ് ചെയ്യുക. ആരുടെയൊക്കെയോ ഉപദേശം കേട്ട് ഇറങ്ങിപ്പുറപ്പെട്ടത് ബുദ്ധിയായില്ല. അവരെ പറഞ്ഞിട്ടെന്തു കാര്യം. അമ്മാതിരി ആയിരുന്നല്ലോ റെയ്ഡുകളെ കുറിച്ചുള്ള വാര്‍ത്തകള്‍.
മല്‍ബിയുടെ മുഖം തന്നെ വീണ്ടും. തൊണ്ണൂറ് കഴിഞ്ഞ സന്തോഷമല്ല. വീണ്ടും സ്വര്‍ണം പണയം വെച്ച് ടിക്കറ്റിനു പണം കണ്ടെത്തി വേണം ഇനിയുമൊരു പരീക്ഷണത്തിനു മുതിരാന്‍. പണയം വെക്കാനായി ഇനി അവളുടെ കൈയില്‍ ഒരു പവന് പോലും ബാക്കിയില്ല.
എന്തിനാ ഹൈദ്രോസേ ഇങ്ങനെ വിഷമിക്കുന്നത്. മടങ്ങിവന്നത് സ്വന്തം നാട്ടിലല്ലേ. വേറെ എവിടേയുമല്ലല്ലോ?
വീണ്ടും അബ്ബാസിന്റെ ചോദ്യം.
എന്നെ നോക്കിക്കേ, റിയാലു മാറ്റിക്കൊടുത്ത് ഞാനിവിടെ നാല് മക്കളേം കൊണ്ട് സുഖമായി ജീവിക്കുന്നില്ല?
അതൊക്കെ ശരി തന്നെ അബ്ബാസ്ക്കാ. എന്നാലും കടബാധ്യതകള്‍?
നീ ധൈര്യമായിരിക്കെടോ. നിന്റേം എന്റേം കാരണവന്മാരൊന്നും ഇത്രേം വലിയ കുടുംബങ്ങളെ പോറ്റിവളര്‍ത്തിയത് നാടുവിട്ടിട്ടൊന്നുമല്ല. ഒക്കെ ശരിയാകും. നീ നോക്കിക്കോ.
ബി പോസിറ്റീവ്.
16 comments:
നീ ധൈര്യമായിരിയ്ക്കെടോ
ബീ പോസിറ്റിവ്
ബി പോസിറ്റീവ്................
ഒക്കെ ശരിയാകും. ബി പോസിറ്റീവ്...!
അതെ, വന്നത് സ്വന്തം നാട്ടിലെക്കല്ലേ... ഒക്കെ ശരിയാകും..
നാട്ടിലേക്ക് തിരിച്ചുവന്നത്,, ദുഖം!
എല്ലാം നേരെയാകും....ബീ പോസിറ്റിവ്...ആ ഒരു വിശ്വാസത്തില്‍ അല്ലെ എല്ലാ പ്രവാസികളും ജീവിക്കുന്നത് !
athe....ellaam sariyaakum.
നാട് കാണാനിറങ്ങിയ മൽബു ....
ആധാർ കാർഡു തേടി നിരാധാരമായി ....
..
പ്രവാസ കാര്യ മന്ത്രിമാർക്ക് മൽബുവിന്റെ കാര്യം നോക്കാൻ സമയമില്ല...
..
മൽബുവിനു... ഇനി ദൈവത്തോട് ഒന്നേ പ്രാർഥിക്കാനുള്ളൂ ... നിതാകാത്തിൽ നിന്ന് രക്ഷ നേടാൻ നീ താ താക്കത്ത് റബ്ബേ ....
ഇവിടെയിപ്പോ എല്ലാവരും ബി പൊസിറ്റീവാണല്ലോ പറയുന്നത്. പിന്നെ ഞാനായിട്ട് മാറ്റുന്നില്ല..!
നാട്ടിലേക്ക് തന്നെയാണ് നമ്മളൊക്കെ ഒടുവില്‍ എത്തേണ്ടത് അതിനായിരിക്കണം നമ്മുടെ ശ്രമങ്ങള്‍ ......ആശംസകള്‍
ഒരു സാധാരണ മൽബുവിന്റെ അവസ്ഥ. കൃത്യമായി തന്നെ പറഞ്ഞു.. നന്നായിട്ടുണ്ട്.. ബി പൊസ്റ്റീവ്
എല്ലാം ശരിയാകും ..
be postive.....:)
ഒരു സാധാരണ മൽബുവിന്റെ അവസ്ഥ. കൃത്യമായി തന്നെ പറഞ്ഞു. ആശംസകള്‍
Yes. That's it. b +ve.
nalla chinthakalkkoppam alle??
Post a Comment