ഒറ്റക്കിതൊന്നും വയ്യേ വയ്യ.
അടുക്കളയിലെ പണിയും മക്കളെ പഠിപ്പിക്കലും ഒക്കെ ചേര്‍ത്ത് പയ്യാരം പറച്ചില്‍ തന്നെ.
അതു കേട്ടപ്പോള്‍ സര്‍പ്രൈസും കൊണ്ടുവന്ന മല്‍ബു ബോണസ് പ്രതീക്ഷിച്ച് കടം വാങ്ങിയ അയമുവിനെപ്പോലെയായി. എല്ലാ വര്‍ഷവും ബോണസ് ലഭിച്ചാല്‍ സ്വര്‍ണം വാങ്ങാറുള്ള അയമു സ്വര്‍ണ വില കുറഞ്ഞതു കണ്ടപ്പോള്‍ കൂട്ടുകാരില്‍നിന്ന് വായ്പ ഒപ്പിച്ചതായിരുന്നു. പക്ഷേ, കമ്പനി ചതിച്ചുകളഞ്ഞു. ബോണസുമില്ല, ഇന്‍ക്രിമെന്റുമില്ല.
ഹാപ്പി ന്യൂസ് എന്താ.. ശമ്പളം കൂടിയോ
ഫോണ്‍ നിറുത്തി വന്ന മല്‍ബി ചോദിച്ചു.
ശമ്പളം കൂടിയിട്ടെന്താ വീട്ടില്‍ സമാധാനമില്ലല്ലോ? അതു കൊണ്ട് നിന്റെ പരാതി തീര്‍ത്തിട്ടു മതി ഇനി വേറെ കാര്യമെന്ന് തീരുമാനിച്ചു. ഇനിയിപ്പോ നാട്ടില്‍ വിളിച്ച് ഞാന്‍ കുട്ടികളുടെ പഠിത്തം നോക്കുന്നില്ല, കിച്ചണില്‍ കയറുന്നില്ല എന്നൊന്നും പരാതി പറയണ്ട.
എല്ലാറ്റിനും നിനക്കൊരു സഹായി വരുന്നു.
ഉമ്മാക്ക് വിസിറ്റ് വിസ കിട്ടി.
ഓ, ഇനിയിപ്പോ അതിന്റെ കുറവേയുള്ളൂ.
മല്‍ബി ഒരു പുച്ഛം സമ്മാനിച്ചു.
നൂറുകൂട്ടം പണിയുടെ കൂടെ ഇനി നിങ്ങടെ ഉമ്മാനേം കൂടി നോക്കാം. അതിനൊന്നും എനിക്ക് പറ്റൂല്ല. നിങ്ങളെപ്പോലെ തന്നെയാ നിങ്ങടെ ഉമ്മയും. അന്നു വന്നപ്പോള്‍ കണ്ടതാ. ഞാനിവിടെ ചക്രശ്വാസം വലിച്ചാല്‍ പോലും കിച്ചണില്‍ ഒന്ന് കയറിനോക്കൂല്ല. ടി.വിയും നോക്കിയിരിക്കും. അതങ്ങ് നാട്ടില്‍ തന്നെ നോക്കിയിരുന്നാല്‍ മതി. ഇങ്ങോട്ടൊന്നും കൊണ്ടുവരേണ്ട.
വിസിറ്റ് വിസ ചുമ്മാ കിട്ടിയതല്ല, കാശ് കൊടുത്തു വാങ്ങിയതാ. കിട്ടിയ സ്ഥിതിക്ക് വേണ്ടാന്നു വെക്കണോ?
എനിക്ക് പറ്റൂല്ലാന്ന് ഞാന്‍ പറഞ്ഞു. എല്ലാ ദിവസവും ഭക്ഷണം പുറത്തുനിന്ന് വാങ്ങേണ്ടിവരും. പിന്നെ കഴിഞ്ഞ തവണ വന്നപ്പോള്‍ ഞാന്‍ ടി.വിയുടെ റിമോട്ട് എടുത്തുവെച്ചൂന്നും പറഞ്ഞ് ഉണ്ടാക്കിയ ബഹളമൊക്കെ ഓര്‍മ വേണം.
ഇതൊക്കെ കേട്ടപ്പോള്‍ തക്ക മറുപടി മനസ്സില്‍ വന്നെങ്കിലും മല്‍ബു അതു പുറത്തു കേള്‍പ്പിക്കാതെ ഒതുക്കി.
നിനക്കിവിടെ ഭയങ്കര പണിയാണല്ലോ? ഫേസ് ബുക്കും വാട്ട്‌സപ്പും നോക്കിയിരിക്കുന്ന സമയം വേണ്ട വീട്ടിലെ കാര്യങ്ങള്‍ നേരെയാക്കാന്‍.
വിസിറ്റ് വിസ തരപ്പെടുത്തിയതിന്റെ ബുദ്ധിമുട്ട് മല്‍ബുവിനേ അറിയൂ. ഓഫീസില്‍ ഫയലുമായി പോയി പലതവണ മടങ്ങിയതായിരുന്നു.
ഒടുവില്‍ ബ്രോസ്റ്റ് വാങ്ങാന്‍ നില്‍ക്കാറുള്ള ക്യൂ പോലും നില്‍ക്കാതെ സംഗതി തരായി.
ഒക്കെ വാസ്തയുടെ ഗുണം.
പ്രൊഫഷനും വേണ്ട, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും വേണ്ട ഒരു കുന്തവും വേണ്ട. കാശ് കൊടുക്കാന്‍ തയാറുണ്ടെങ്കില്‍ ആര്‍ക്കും കിട്ടും വിസ.
അതാണ് വാസ്തയുടെ അവസ്ഥ.
ഇങ്ങനെ പലതരം വിസ തരാക്കിക്കൊടുത്ത് കിട്ടുന്ന കമ്മീഷന്‍ കൊണ്ട് ജീവിതം മുന്നോട്ടു നയിക്കുന്നവരും മല്‍ബുകള്‍ തന്നെ.
ഫാമിലി വിസ ശരിയാകുന്നില്ലെങ്കില്‍ ഒരു വിസിറ്റെങ്കിലും ഒപ്പിച്ച് കെട്ടിയോളേം മക്കളേം ഗള്‍ഫ് കാണിക്കണമെന്ന് കൊതിച്ചു നടക്കുന്നവര്‍ ഒന്നോ രണ്ടോ വര്‍ഷം മിച്ചംവെച്ച പണം ചെലവാക്കി അതിനു മുതിരുന്നു.
എന്താണ് നമ്മുടെ ജീവിതമെന്നറിയാന്‍ എല്ലാ കെട്ട്യോളുമാരും ഒരിക്കലെങ്കിലും ഗള്‍ഫ് കാണണമെന്നത് മീത്തെല നാസര്‍ പറയാറുള്ള ആപ്തവാക്യം.
നീ ഒന്നുകൂടി ആലോചിച്ചു പറ. അത്യാവശ്യമുള്ള പലര്‍ക്കും വിസിറ്റ് വിസ കിട്ടുന്നില്ല. കിട്ടിയ സ്ഥിതിക്ക് ഉമ്മ ഒരു മാസം വന്നു നിന്നിട്ടു പോയ്‌ക്കോട്ടെ.
എനിക്ക് വയ്യാട്ടോ. വീട് അലങ്കോലമായി കിടക്കുന്നതു കണ്ടില്ലേ. നിങ്ങള്‍ ഓഫീസില്‍നിന്ന് വന്നാലും കംപ്യൂട്ടറിന്റെ മുന്നില്‍ കുത്തിയിരിക്കും. കുട്ടികളുടെ പഠിത്തം നോക്കാന്‍ പോലും നിങ്ങള്‍ക്കു നേരമില്ല. ഉമ്മ വന്നാല്‍ പിന്നെ നമ്മുടെ ഈ മന്തിയും ഖുബ്‌സും അഡ്ജസറ്റ്‌മെന്റൊന്നും നടക്കില്ല. പുരയില്‍നിന്ന് ഉണ്ടാക്കിയ ഭക്ഷണമേ ഉമ്മ കഴിക്കൂ. അതു വലിയ വലിയ മീനും വേണം. അതുകൊണ്ട് ഇപ്പോ കൊണ്ടുവരികയേ വേണ്ട. മക്കളെ എക്‌സാമൊക്കെ കഴിഞ്ഞിട്ട് ആലോചിക്കാം.
ശരിക്കും ആലോചിച്ചല്ലോ അല്ലേ? നീ പിന്നെ ഖേദിക്കേണ്ടിവരും.
ഇതിലിപ്പോ എന്താ ഇത്ര ആലോചിക്കാന്‍. എന്തു ഖേദിക്കാന്‍.
ഒന്നോ രണ്ടോ മാസത്തേക്ക് ഉമ്മാനെ കൊണ്ടുവന്നെങ്കില്‍ ആശ്വാസമായേനെ എന്നു നീ തന്നെ അല്ലേ പറഞ്ഞത്. അതുകൊണ്ടാണ് ഞാന്‍ വിസിറ്റ് വിസ ഒപ്പിച്ചത്.
അത് എന്റെ ഉമ്മാനെ കൊണ്ടുവരുന്ന കാര്യല്ലേ? നിങ്ങളെ ഉമ്മാനെ കൊണ്ടുവന്നാല്‍ എന്റെ പണി ഡബ്‌ളാകുകയേ ഉളളൂ.
അതിന് എന്റെ ഉമ്മാക്കാണെന്ന് ആരു പറഞ്ഞു.
നിന്റെ ഉമ്മാക്ക് തന്നെയാണ് വിസ കിട്ടിയത്.
ഇതെന്നാ ആദ്യേ പറഞ്ഞൂടായിരുന്നോ, സോറീട്ടോ എന്നു പറഞ്ഞു കൊണ്ട് മല്‍ബി തുള്ളിച്ചാടി.
തിരിച്ചൊരു പുച്ഛം പോലും സമ്മാനിക്കാനാകാതെ മല്‍ബു മനസ്സില്‍ പറഞ്ഞു.
വല്ലാത്ത തൊലിക്കട്ടി തന്നെ.
വാട്ട്‌സപ്പെടുത്ത് നാട്ടിലേക്കു ഉടന്‍ വിവരം കൈമാറിക്കൊണ്ട് മല്‍ബി പറഞ്ഞു.
ഇനിയൊന്നും ആലോചിക്കാനില്ല. വേഗം വിസ അയച്ചോളൂ. ഉമ്മ ഇവിടെ എത്തിയാല്‍ എനിക്ക് പിന്നെ കുട്ടികളെ മാത്രം നോക്കിയാല്‍ മതി.
നിങ്ങളു കണ്ടോ ഇനി ഈ വീട് സ്വര്‍ഗാകും സ്വര്‍ഗം.
5 comments:
പത്തുമ്മ വന്നാലും പെറ്റുമ്മയാവോന്ന് മല്‍ബി!
നർമ്മം ചാലിച്ചൊരു നല്ല കഥ. നല്ല ശീര്ഷകവും. അഭിനന്ദനങ്ങൾ.
നന്നായി ചിരിച്ചു..
എന്ത് പറഞ്ഞാലും സ്വന്തം അമ്മയുടെ അടുത്തുള്ള സ്വാതന്ത്ര്യം എവിടേം കിട്ടില്ല. കഥ ഇഷ്ടമായി. കുറച്ചു കൂടി കാച്ചി കുറുക്കാമായിരുന്നു എന്ന് തോന്നുന്നു.
അല്ലേങ്കില്ലും ഈ പെണ്ണുങ്ങൾ എല്ലാം എങ്ങനെയാ.....കെട്ടിയോന്റെ അമ്മ എന്ന് കേട്ടാൽ ഒരു പ്രാന്ത....ഇവര്ക്ക്...സത്യം സത്യമായ് പറഞ്ഞു.
Post a Comment