പത്താം തരം പാസായതിനുശേഷം കംപ്യൂട്ടര്‍ പോലും പഠിക്കാന്‍ നില്‍ക്കാതെ കടല്‍ കടന്ന മല്‍ബു നാട്ടില്‍ ഡോക്ടറാകാന്‍ പഠിക്കുന്ന പെണ്ണിനെ കല്യാണം ആലോചിച്ചത് ചരിത്ര സംഭവമായി.
പണമുണ്ടെങ്കില്‍ എന്തും ആകാമെന്ന് ചിലര്‍ വ്യാഖ്യാനിച്ചു തുടങ്ങുമ്പോഴേക്കും സംഗതി മാറിമറിയുകയും ചെയ്തു.
പേരുകേട്ട തറവാട്ടിലെ സിമന്റും കമ്പിയും വില്‍ക്കുന്ന മൊയ്തു മുതലാളിയുടെ ഏക മകളെ ചോദിക്കാനാണ് ഗള്‍ഫ് പണത്തിന്റെ പത്രാസില്‍ മല്‍ബു ബ്രോക്കറെ വിട്ടത്.
ആലോചനക്കു പോകുന്നതിനു മുമ്പുതന്നെ ബ്രോക്കര്‍ക്ക് നല്‍കിയത് ആയിരത്തഞ്ഞൂറ് രൂപയും ഒരു ടീ ഷര്‍ട്ടും പിന്നെ മുല്ലപ്പൂവിന്റെ മണമുള്ള ഒരു സ്പ്രേയും. കല്യാണം ഉറപ്പിച്ചാല്‍ ഇനി എന്താകും കിട്ടുകയെന്ന് ഊഹിച്ചും കൈക്കടിച്ച സ്പ്രേയുടെ മണം പോയോന്ന് ഇടക്കിടെ നോക്കിയുമാണ് ബ്രോക്കര്‍ അദ്ദ്ള മൊയ്തു മൊതലാളിയുടെ കടയില്‍ ചെന്നു കയറിയത്.
സാധാരണ നിന്നുതിരിയാന്‍ ഇടമില്ലാത്ത കടയില്‍ ആളുകള്‍ പേരിനുമാത്രം.
ഇതെന്താ കച്ചോടൊക്കെ കുറഞ്ഞോ?
ആളുകളൊക്കെ പെരപ്പണി നിര്‍ത്തിയോ മൊയ്തുക്കാ?
ബ്രോക്കര്‍ അദ്ദ്ളയുടെ ചോദ്യങ്ങള്‍ മൊയ്തു മുതലാളിക്ക് അത്ര രസിച്ചില്ല. ആരോട്, എന്ത്, എപ്പോള്‍ പറയണമെന്ന് ഒരു നിശ്ചയവുമില്ലാത്തയാളാണ് അദ്ദ്ള. അതിനെ കുറിച്ച് ആരെങ്കിലും പറഞ്ഞാല്‍ അദ്ദ്ള പറയും- അതോണ്ടല്ലേന്നു നമ്മള് ബ്രോക്കറായത്?
നീരസമുണ്ടായെങ്കിലും അതു പുറത്തു പ്രകടിപ്പിക്കാതെ മൊയ്തു മൊതലാളി സുഖവിവരങ്ങള്‍ ചോദിച്ചു.
എന്താ അദ്ദ്ളാ വിശേഷങ്ങള്‍? നിതാഖാത്തില്‍ കമ്പിക്കച്ചോടം കുറഞ്ഞതു പോലെ നിക്കാഹും കുറഞ്ഞിട്ടുണ്ടോ?
രണ്ടും കുറയൂല്ല മൊയ്തുക്കാ. പെരപ്പണീം നിക്കാഹും ഇല്ലാത്ത ഒരു കാലം ഉണ്ടാകുമോ? 50 പെണ്ണുങ്ങള്‍ക്ക് ഒരാണ് മാത്രം ഉണ്ടാകുന്ന കാലം വരുമെന്നാ ഉസ്താദ് പറയുന്നത്. അയിലൊന്നും ഒരു കാര്യോമില്ല.
ഇങ്ങക്ക് നല്ലോരു കോളും കൊണ്ടാണ് ഇപ്പോ അദ്ദ്ള വന്നിരിക്കുന്നത്. തെക്കേപ്പാടത്ത് മൂന്ന് കോടീന്റെ വീടെടുക്കുന്ന അമ്മദിന്റെ മോന് സൗദീന്ന് വന്ന ചെക്കനാണ് നമ്മളെ ഇങ്ങോട്ട് പറഞ്ഞയച്ചത്.
ആ പഹയന്മാര് കമ്പീം സിമന്റും ഒക്കെ എടുത്തത് ഹാജീന്റെ കടയില്‍നിന്നാണ്. ഓര്‍ഡര്‍ പിടിക്കാന്‍ നമ്മളാരേം അങ്ങോട്ട് വിട്ടതുമില്ല. ഹാജിക്ക് നല്ല കോളു തന്നെയാ കിട്ടീത്. എന്താ നിനക്ക് വല്ല ഓര്‍ഡറും കിട്ടിയോ?
സിമന്റൊന്നും അല്ല മൊയ്തുക്കാ. ഇത് കല്യാണത്തിന്റെ കാര്യാണ്. ചെക്കന് ചോദിക്കുന്നത് നിങ്ങളെ മോളെയാണ്. ഓന് സൗദീല് വല്യ ഹോസ്പിറ്റലുണ്ട്. അടുത്ത മാസം നാട്ടിലും ആശുപത്രി തുടങ്ങുന്നുണ്ട്. അതോണ്ട് നിങ്ങളെ മോള് സൈറേനെ കെട്ടിയാല്‍ ഓന് പലേ കാര്യവുമുണ്ട്. ഓളെ പഠിത്തം കഴിഞ്ഞൂന്നും ഇപ്പോ എന്താ ഹൗസ് സര്ജന്റാന്നും ഒക്കെ ഓന് അറിയാം.
മൊയ്തു മുതലാളിയുടെ തൊട്ടടുത്തിരുന്ന് കണക്കെഴുതിക്കൊണ്ടിരുന്ന കുമാരന് ഇതുകേട്ട് പൊട്ടിച്ചിരിച്ചു.
അതെന്താടോ കുമാരാ നീ ചിരിക്കണത്.
ഓന് എന്റൊപ്പരം പഠിച്ചതാ. പത്താം ക്ലാസ് കഷ്ടി പാസായി നാടുവിട്ടതാ. ഓനെങ്ങനെയാ ഡോക്ടറെ കെട്ടുക. കുപ്പോക്കൂല.
കുപ്പല്ല കുമാരാ കുഫ്വ്.
മൊയ്തുക്ക ഇടപെട്ടു.
കുമാരന് പറഞ്ഞത് ശരിയാ അദ്ദ്ളാ.
ഡോക്ടര്‍ക്ക് പത്താം ക്ലാസുകാരന് ഒരിക്കലും ചേരൂല്ല. മൂന്ന് കോടീന്റെ വീടെടുക്കുന്നതും ഫോറിന് കാറില്‍ ഓടുന്നതുകൊണ്ടൊന്നും കാര്യമില്ല. വിദ്യാഭ്യാസം വേണം. രണ്ടാളും രണ്ടറ്റത്തായി പോകും.
അവിടെ പോയി പറ്റൂലാന്നൊന്നും നീ പറയണ്ട. ആലോചിച്ചിട്ട് പറയാന്ന് പറ. എന്നിട്ട് നീ മെല്ലെ കുറച്ച് ഗ്രാനൈറ്റിന്റെ ഓര്‍ഡര്‍ കിട്ടുമോന്ന് നോക്ക്. അതെങ്കിലും നടക്കട്ടെ. നിനക്ക് കമ്മീഷനും തരാം.
മല്ബൂന്റടുത്ത് തിരിച്ചെത്തിയ ബ്രോക്കര്‍ അദ്ദ്ള ആദ്യം പറയാന്‍ മടിച്ചെങ്കിലും ഗ്രാനൈറ്റൊന്നും വാങ്ങാന്‍ ഇടയില്ലെന്ന് ഉറപ്പാക്കിയ ശേഷം സംഗതി വെട്ടിത്തുറന്നങ്ങു പറഞ്ഞു.
പത്താം ക്ലാസുകാരന് ഡോക്ടറെ തരൂല്ല. ആ കുമാരനാണ് നിങ്ങളെ പഠിപ്പ് അവിടെ എടുത്തിട്ടത്. പത്താം തരം പാസായി നാടുവിട്ടതല്ലേ?
പിന്നെ മുതലാളീം പറഞ്ഞു, നടക്കൂലാന്ന്.
അതേതാ കുമാരന്. അവിടത്തെ പണിക്കാരനാണോ?
കുമാരന് നമ്മുടെ മീത്തലെ കുഞ്ഞമ്പൂന്റെ മോനല്ലേ? അവനാണ് മൊയ്തു മുതലാളിയുടെ സകല കാര്യങ്ങളും നോക്കുന്നയാള്‍.
ങാ, ആ കുമാരനാണോ? അവന് എന്റെ ക്ലാസ്മേറ്റാണല്ലോ?
മുതലാളി പറയുന്നതിനു മുന്നേ അവനാണ് അഭിപ്രായം പറഞ്ഞത്.
ഏതായാലും അദ്ദ്ളക്ക അതിലൂടെ പോകുമ്പോള്‍ കുമാരനോട് ഒന്നിത്രടം വരെ വരാന്‍ പറ.
ഒരു അഞ്ഞൂറിന്റെ പിടക്കുന്ന നോട്ട് കൂടി കൊടുത്ത് മല്‍ബു ബ്രോക്കറെ പറഞ്ഞുവിട്ടു.
വൈകുന്നേരം ആയപ്പോള്‍ പുറത്ത് തൊണ്ടയനക്കിക്കൊണ്ട് കുമാരന് നില്ക്കുന്നു.
എടാ കുമാരാ, നീ പണ്ട് എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ പെന്സിലുകൊണ്ട് കുത്തിയ അടയാളം കണ്ടോടാ എന്നു പറഞ്ഞുകൊണ്ടാണ് മല്‍ബു കുമാരനെ ചേര്‍ത്തു പിടിച്ചത്. പിന്നെ തിന്നിട്ടും തിന്നിട്ടും തീരാത്ത പലഹാരങ്ങള്‍ നിരത്തിയുള്ള ഒരു ചായകുടി.
കുറേ വര്‍ഷായോ മൊയ്തുക്കാന്റെ കൂടെ കൂടീട്ട്?
അഞ്ചാറ് വര്‍ഷായി. ഇക്കുറി കല്യാണം ഉണ്ടാകും അല്ലേ?
ഉം നോക്കുന്നുണ്ട്.
മൊയ്തുക്കാന്റെ മോളെയാണ് നോട്ടം അല്ലേ. പഠിപ്പ് കൊണ്ട് ശരിയാകൂല്ലാന്നാ മുതലാളി പറയുന്നത്. അദ്ദേഹം ഒരു എം.ബി.എക്കാരനെയാണ് നോക്കുന്നത്.
ങ്ഹാ ..അപ്പോ എളുപ്പായല്ലോ. മാര്‍ക്കറ്റിംഗ് എം.ബി.എക്കാരനാണ് ഞാന്‍.
ചുമ്മാ പറയുന്നതല്ലേ. പത്താം ക്ലാസ് കഴിഞ്ഞ് പോയ നിങ്ങള്‍ക്കെവിടന്നാ എം.ബി.എ.
അല്ല, കുമാരാ. ഗള്‍ഫില്‍ പോയി ജോലി ചെയ്യുമ്പോള്‍ ഞാന്‍ പഠിത്തം തുടര്‍ന്നു. ആദ്യം ഇഗ്നോ ഡിഗ്രിയെടുത്തു. പിന്നെ ബ്രിട്ടീഷ് എം.ബി.എ.
അമ്പരന്നുപോയ കുമാരന് പേനയും സ്പ്രേയും അടങ്ങിയ സമ്മാനപ്പൊതിയും വാങ്ങിയാണ് മടങ്ങിയത്.
പിന്നീട് കാര്യങ്ങള്‍ നീക്കിയത് കുമാരനായിരുന്നു.
ഇനിയൊന്നും നോക്കാനില്ലാന്ന് മുതലാളിയെ കുമാരന് ധരിപ്പിച്ചു.
അങ്ങനെ, മൊയ്തുക്കായുടെ ഡോക്ടര്‍ മോളെ മല്‍ബു കെട്ടി.
15 comments:
ഓ..പഠിപ്പിലൊക്കെ എന്ത് കാര്യമിരിയ്ക്കുന്നു!! ദുട്ടുണ്ടോന്ന് നോക്കിയാല്‍ മതി
ഇത് നടക്കും..ഇതിൽ അപ്പുറവും
നടക്കും..:)
ഇതൊക്കെയൊരു യോഗോല്ലേ.... തലേലെഴുത്ത് മാറ്റാൻ പറ്റൂല്ലാന്ന് അസൂയാലുക്കൾ ചുമ്മാ പറഞ്ഞുണ്ടാക്കുന്നതാ...
ഗൾഫീ പോയാലെങ്കിലും തലേലെഴുത്ത് മാറ്റാം പറ്റൂന്ന് പറേന്നതിന് ഇനിയെന്തിനാ ഒരു തെളിവ്..!
ഇത് കെട്ടുകഥയൊന്നുമല്ല, നടക്കുന്നത് ഇതൊക്കെ തന്നെയാണ്.
പിന്നെ എല്ലാം പണത്തിനു വേണ്ടിയാണ്.. പണം നിലയില്‍ ജീവിക്കാനും.... ഡോക്ടര്‍ ഡോക്ടറെ കെട്ടുന്നതും എന്‍ജിനീയര്‍ അവരെ നോക്കുന്നതുമെല്ലാം സാമ്പത്തികമായി മുന്നേറാന്‍ വേണ്ടിയാണ്...
അപ്പോ പിന്നെ പണക്കാരനെ കെട്ടിയാല്‍ ഡോക്ടര്‍ക്ക് സുഖം....
ആ ഡോക്ടറുടെ ചികിത്സയില്‍ നിന്ന് രക്ഷപ്പെടുന്ന ജനങ്ങള്‍ക്ക് ഭാഗ്യവും.....
മല്‍ബു വിചാരിച്ചാല്‍ നടക്കാത്ത കാര്യമുണ്ടോ?...
ഒര് എംബീഎ എടുത്താല്‍ ക്കൊള്ളാന്ന് ആഗ്രഹം തോന്നണ്ണ്ട്. അയ്യേ ..പെണ്ണ് കെട്ടാനൊന്നുമല്ല, സത്യായിട്ടുമല്ല.!!
മല്‍ബു റോക് സ്..
ആശംസകള്‍..!!
പണം അത് എല്ലാം ആണ്
എട്,പിടീന്ന് കല്യാണം നടത്തിക്കണ്ടായിരുന്നു.. അത്ര രസത്തോടെ വായിച്ചുപോവുകയായിരുന്നു..
ഈ കല്യാണം നല്ല കുഫ്വ് ഒത്തത് തന്നെ.
ആശുപത്രി മുതലാളി ഡോക്ടറെ കെട്ടുന്നതിലും ബല്യ കുഫ്വ് ഏതാണ്, ഹല്ലാ പിന്നെ !
കുമാരനാണ് ശരിയായ ബ്രോക്കർ. അബ്ദുള്ള പരാജയപ്പെട്ട ഇടത്ത് ജയിച്ച കേമൻ. പെണ്ണ് കൊടുക്കൂലാന്ന് പറഞ്ഞ മൊയ്തുക്കയെക്കൊണ്ട് മകളെ കൊടുക്കാൻ സമ്മതിപ്പിച്ചല്ലോ. വളരെ രസകരമായ കഥ.
Angane thanne venam......halla.....pinne....
ഹി ഹി ഇതുപോലൊക്കെ ഇപ്പോളും നടക്കുന്നുണ്ടാവും ...:)
ഇതൊക്കെ തന്നെയാണ് ഇന്ന് നടക്കുന്നത്.... പണമുണ്ടെങ്കില്‍ എന്താ നടക്കാത്തത് ....
കായുണ്ടെങ്കിൽ ഏത്
മൽബുവും ചാടി വീഴില്ലെ അല്ലേ ഭായ്
Post a Comment