Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

February 8, 2014

ബച്ചന്‍ മൊയ്തുവിന്റെ പല്ല്



മല്‍ബുകള്‍ക്കിടയില്‍ ഗ്ലാമര്‍ താരമാണ് ബച്ചന്‍ മൊയ്തു. നീണ്ട ശരീരം കടല്‍ കടന്നശേഷം വെളുത്തു തുടുത്തപ്പോള്‍ ആളുകളിട്ട പേരാണ് ബച്ചന്‍. ലുക്കില്‍ മാത്രമല്ല മൊയ്തുവിന് ഗ്ലാമറെന്ന് ആരും സമ്മതിക്കും.

പതിനഞ്ച് വര്‍ഷത്തെ പ്രവാസം സമര്‍ഥമായി ഉപയോഗിച്ചയാള്‍ എന്നതാണ് മൊയ്തുവിന്റെ ഗ്ലാമര്‍ പ്ലസ്.

കാണുന്നവരോടൊക്കെ മൊയ്തു പറയും. നമ്മള്‍ മടങ്ങിപ്പോകേണ്ടവരാണ്, എന്തേലും സേവ് ചെയ്യണം കേട്ടോ?

എന്തു സേവ് ചെയ്യാന്‍?

ഒന്നിനും തികയുന്നില്ലെന്ന് പറഞ്ഞ് ആളുകള്‍ അവഗണിക്കുമെങ്കിലും ഒരു നിയോഗം പോലെ മൊയ്തു അത് ആവര്‍ത്തിച്ചുകൊണ്ടിരിക്കും.

അങ്ങനെ വ്യത്യസ്തനായി മാറിയ മൊയ്തു പൊടുന്നനെ കഷ്ടത്തിലായി. പലരേയും പോലെ പദവി ശരിയാക്കാനുള്ള ശ്രമത്തിലേര്‍പ്പെട്ട മൊയ്തു ചതിക്കപ്പെട്ടു.
ചതിച്ചത് മറ്റാരുമല്ല, കഫീല്‍ തന്നെ.

ഇളവ് പ്രയോജനപ്പെടുത്തി സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാനുള്ള നടപടികളിലായിരുന്നു അയാള്‍. പുതിയ കമ്പനി കണ്ടെത്തി പഴയ കഫീലിന്  ഡിമാന്റ്  ലെറ്റര്‍ നല്‍കി പാസ്‌പോര്‍ട്ടും മറ്റും കൈപ്പറ്റിയിരുന്നു.

നടപടികള്‍ മുന്നോട്ടു പോയപ്പോഴാണ്   മൊയ്തു ഹുറൂബാക്കപ്പെട്ട വിവരം അറിയുന്നത്.
അപ്രതീക്ഷിതമായിരുന്നു ഈ ചതി. ഇളവ് കാലത്ത് ഹുറൂബായാല്‍ ഒരുതരത്തിലുള്ള ഇളവുമില്ല. കഫീലിനെ പരതിയും വിളിച്ചും മടുത്ത മൊയ്തു പയറ്റാത്ത അടവുകളില്ല.
സഹായിക്കാന്‍ ഒരു വഴിയും ഇല്ലല്ലോ എന്ന് പലരും സഹതപിക്കുന്നതിനിടയിലായിരുന്നു ആ ലുങ്കി ന്യൂസ്.

കേട്ടവര്‍ കേട്ടവര്‍ ഞെട്ടി.
മൊയ്തുവിന്റെ പല്ല് പൊട്ടി.

എന്റെ കാര്യത്തില്‍ എന്തെങ്കിലും സംഭവിക്കും കണ്ടോ എന്ന് മൊയ്തു  ഒന്നു രണ്ടു പേരോട് പറഞ്ഞിരുന്നു. അതാകട്ടെ അളമുട്ടിയാല്‍ ചേരയും കടിക്കും എന്ന മുഖവുരയോടെ ആയിരുന്നു താനും.

കഷ്ടത്തിലായ മൊയ്തുവിന്റെ പല്ല് പൊട്ടി എന്നു കേട്ടപ്പോള്‍ മല്‍ബു കരുതി.

കഫീലിനെ കണ്ടു, മൊയ്തു പറയാറുള്ള എന്തോ സംഭവമുണ്ടായി.
പല്ല് പോയ മൊയ്തുവിനെ കാണാന്‍ മല്‍ബു എത്തിയപ്പോള്‍ മുഴുവന്‍ പല്ലുകളും കാട്ടി മൊയ്തു അതാ മുന്നില്‍.

ഏതു സങ്കടത്തിലും ചിരിക്കാന്‍ കഴിയുന്ന പ്രവാസിയുടെ തനിരൂപമാണ് മൊയ്തു.
അല്ല, നിങ്ങടെ പല്ലൊക്കെ പൊട്ടി എന്നു കേട്ടല്ലോ? ഇത്രവേഗം വെച്ചോ?
പല്ല് പൊട്ടീന്നോ? എന്റേതോ?

മൊയ്തു ഒന്നു കൂടി ചിരിച്ചപ്പോള്‍ വെളുവെളാ വെളുത്ത പല്ലുകള്‍.
ലുങ്കി ന്യൂസുകളുടെ ഒരു പോക്കേയ്. നിങ്ങള്‍ കഫീലിനെ കണ്ടൂന്നും വല്ലതും സംഭവിച്ചൂന്നും ഒക്കെയാണ് ഞാന്‍ വിചാരിച്ചത്- മല്‍ബു പറഞ്ഞു.

ഒരു മിനിറ്റ് നെറ്റിയില്‍ വിരല്‍ വെച്ച് ആലോചിച്ചപ്പോള്‍ മൊയ്തുവിന് കാര്യം പിടികിട്ടി.
പൊട്ടിയത് പല്ലല്ല, പുല്ലാണ്.

പുല്ല് പൊട്ടാനോ? മല്‍ബുവിന് വിശ്വസിക്കാനായില്ല.
അതെ, പുല്ല് തന്നെ.

ഞാനും കുറേയാളുകളും പുല്ല് കൃഷിയില്‍ കുടുങ്ങി. അതിന്റെ ആളുകള്‍ വെബ്‌സൈറ്റും പൂട്ടി മുങ്ങിക്കളഞ്ഞു.

എന്ത്, വെബ്‌സൈറ്റ് വഴി പുല്‍കൃഷിയോ?

വെബ്‌സൈറ്റിലൂടെ പുല്‍കൃഷിയല്ല. പുല്‍കൃഷിയുടെ വിശ്വാസ്യത കൂട്ടാന്‍ ആരംഭിച്ച വെബ്‌സൈറ്റ്.
എന്റേത് മാത്രമല്ല ഞാന്‍ സേവ് ചെയ്യാനും ഇന്‍വെസ്റ്റ് ചെയ്യാനും നിര്‍ബന്ധിച്ച പലരുടേയും കാശ് പോയി.

പതിനായിരം റിയാലിന് മാസം ചുരുങ്ങിയത് 500 റിയാല്‍ ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. നിക്ഷേപം പൂര്‍ത്തിയായപ്പോള്‍ വെബ് സൈറ്റൊക്കെ മായ്ച്ച് കളഞ്ഞ് അവര്‍ മുങ്ങി. ആട് തേക്ക് മാഞ്ചിയം പോലെ ഒരു തട്ടിപ്പായിരുന്നു അതെന്ന് ഇപ്പോഴാ ബോധ്യായത്.

നമ്മുടെ ആളുകളേം വെബ് സൈറ്റുമൊക്കെ കണ്ടപ്പോള്‍ ഞാനങ്ങ് വിശ്വസിച്ചു.
എന്തെങ്കിലും വരുമാനം ആയിക്കോട്ടെ എന്നു കരുതിയാണ് പല കൂട്ടുകാരെയും പദ്ധതിയില്‍ ചേരാന്‍ നിര്‍ബന്ധിച്ചത്. പതിനായിരം മുതല്‍ അരലക്ഷം  റിയാല്‍ വരെ നിക്ഷേപിച്ചവരുണ്ട്.

കഫീലിന്റെ ചതീനേക്കാളും വലിയ ചതിയായിപ്പോയി ഇത്. ഞാന്‍ വഴി കാശ് കൊടുത്തവരൊക്കെ വിളിച്ചുതുടങ്ങി. ഗ്യാരണ്ടിനിന്ന് കാശ് മുടക്കിയവര്‍ക്ക് മടക്കിക്കൊടുക്കണമെങ്കില്‍ നാട്ടില്‍ ആകെയുള്ള വീട് വില്‍ക്കേണ്ടിവരും.

അതിരിക്കട്ടെ, കഫീലിനെ കുറിച്ച് വല്ല വിവരോം ഉണ്ടോ?

ഇനിയും നിന്നാല്‍ മൊയ്തു കരയുമെന്ന് തോന്നിയ മല്‍ബു വിഷയം മാറ്റാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

മൊയ്തു പുല്‍കൃഷിക്കാരെ ശപിച്ചുകൊണ്ടേയിരുന്നു.


15 comments:

ajith said...

ഈ ബ്ലോഗില്‍ വായിക്കുന്നതൊക്കെ യഥാര്‍ത്ഥസംഭവങ്ങളുടെ ഒരു പുനരാഖ്യാനമാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. അങ്ങനെയെങ്കില്‍ മൊയ്തുവിനെയോര്‍ത്ത് സഹതപിക്കുന്നു.പാവം എന്ന് മനസ്സില്‍ പറയുന്നു

M. Ashraf said...

പ്രിയ അജിത് ഭായി,
അനുഭവങ്ങള്‍ തന്നെ. ഓരോ പ്രവാസിയും പൊള്ളുന്ന അനുഭവങ്ങളുടെ ഒരു ഭാണ്ഡം കൂടിയാണ്. പകര്‍ത്താവുന്നതും പകര്‍ത്താന്‍ പറ്റാത്തതും.

കുഞ്ഞൂസ്(Kunjuss) said...

ഈ ബ്ലോഗിനോടുള്ള ഇഷ്ടവും അതു തന്നെ അജിത്തേട്ടാ... കണ്ടതും കേട്ടതുമായ അനുഭവങ്ങളുടെ നര്‍മത്തില്‍ പൊതിഞ്ഞുള്ള അവതരണം. നര്‍മത്തിലൂടെയും വേദന പകരാന്‍ കഴിയുമെന്നും മല്‍ബു ...

M. Ashraf said...

നന്ദി കുഞ്ഞൂസ്...

മുകിൽ said...

EnthayLum kashtamaayippoyi.

Mohamedkutty മുഹമ്മദുകുട്ടി said...

അപ്പോ അവിടെയും ഉണ്ടല്ലെ തട്ടിപ്പ്. നടത്തിപ്പുകാര്‍ മല്ലൂസ് തന്നെയാവും..

Vinodkumar Thallasseri said...

മറ്റൊരു പ്രവാസി കഥ.

ഷാജു അത്താണിക്കല്‍ said...

സത്യങ്ങളാണിവ ഓരോ പ്രവാസിയുടേയും നെഞ്ചിടിപ്പുകൾ.....................

a.rahim said...

അനുഭവം ഒരു നല്ല ഗുരുവാണല്ലോ സാര്‍......

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഏതു സങ്കടത്തിലും ചിരിക്കാന്‍ കഴിയുന്ന പ്രവാസിയുടെ തനിരൂപമാണ് മൊയ്തു.
... അടിവരയിടേണ്ട വരികള്‍ .. രസകരവും

ente lokam said...

ഈ പുല്ലു തട്ടിപ്പ്..അങ്ങനെ ഒന്നു പുതിയത്
ആണല്ലോ.എന്തായാലും കേട്ടത് നന്നായി.പാവം
മൊയ്തു..

Shahida Abdul Jaleel said...

നടത്തിപ്പുകാര്‍ മല്ലൂസ് തന്നെയാവും.മറ്റൊരു പ്രവാസി കഥ....

Shahida Abdul Jaleel said...
This comment has been removed by the author.
kochumol(കുങ്കുമം) said...

തട്ടിപ്പുകാര്‍ എവിടെയും ഉണ്ട് ..
പാവം മൊയ്തു ..

Muralee Mukundan , ബിലാത്തിപട്ടണം said...

ഈ പുത്തൻ തട്ടിപ്പിൻ ചരിതവും ,
ആ വരയുമസ്സലായിരിക്കുന്നൂ കേട്ടൊ ഭായ്

Related Posts Plugin for WordPress, Blogger...