Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

December 18, 2013

വെറുതെയല്ല സോഫ



രണ്ടു മാസത്തെ പരോളിനു പോയ ഒരാള്‍ക്ക് ഒരു മാസം നീട്ടിക്കിട്ടുകയെന്ന് പറഞ്ഞാല്‍ അതൊരു ചെറിയ സംഭവമല്ല.

ലോട്ടറിയടിച്ചല്ലോ എന്നായിരുന്നു മല്‍ബിയുടെ ഉടന്‍ പ്രതികരണം. അതു കേട്ടപ്പോള്‍ ഉമ്മാ ഇതുവരെ ലോട്ടറി എടുത്തിട്ടുണ്ടോ എന്നായി മൂന്നാം ക്ലാസില്‍ പഠിക്കുന്ന മോന്റെ സംശയം.

രണ്ടു വര്‍ഷം കൂടുമ്പോള്‍ കിട്ടുന്ന അവധി ദിവസങ്ങള്‍ പോകുന്നയാള്‍ക്ക് പരോളാണെങ്കിലും സ്വീകരിക്കുന്നവര്‍ക്ക് അതൊന്നും ആലോചിക്കാന്‍ നേരമില്ലല്ലോ?


നീട്ടിക്കിട്ടിയ ഒരു മാസം കൂടി  അടിച്ചുപൊളിച്ച് മടങ്ങി എത്തിയിരിക്കയാണ് മല്‍ബു.
മൂന്നു മാസം നില്‍ക്കാന്‍ പറ്റി അല്ലേ, ഭാഗ്യവാന്‍ എന്നായിരുന്നു വിമാനത്തില്‍ തൊട്ടുടുത്തിരുന്നയാള്‍ പറഞ്ഞത്. എനിക്ക് 28 ദിവസേ കിട്ടിയുള്ളൂ. ഒരു പത്ത് ദിവസം കൂടി നീട്ടിക്കിട്ടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല -അയാളുടെ പരിഭവം.

പണിസ്ഥലത്ത് എത്തിയപ്പോഴാണ് പരോള്‍ നീട്ടിക്കിട്ടിയതിന്റെ ഗുട്ടന്‍സ് പിടികിട്ടിയത്.
മല്‍ബുക്കാ വേണമെങ്കില്‍ പരോള്‍ ഒരു മാസം നീട്ടിക്കോ, ഇവിടത്തെ കാര്യങ്ങള്‍ ഞാന്‍ നോക്കിക്കോളാമെന്ന് മൊയ്തു പറഞ്ഞപ്പോള്‍ കൂട്ടുകാരനെ കുറിച്ച് പറയാന്‍ നൂറു നാക്കായിരുന്നു മല്‍ബുവിന്. ഭാര്യയേക്കാളും ആത്മാര്‍ഥമായി സ്‌നേഹിക്കുന്ന കൂട്ടുകാരന്‍ കാണുമെന്ന പ്രസ്താവന കേട്ടപ്പോള്‍ മല്‍ബി ശരിക്കും വാളെടുത്തിരുന്നു.

അവസാനം ഞാനേ കാണൂ എന്ന അവളുടെ വാക്കുകളാണ് ഇപ്പോള്‍ കാതുകളില്‍.
ചതി പറ്റിയിരിക്കുന്നു.

പത്തിരുപത് വര്‍ഷം കൊണ്ട് മുതലാളിയുടെ മനസ്സില്‍ നേടിയെടുത്ത സ്ഥാനത്തുനിന്ന് താഴെ ഇറക്കി അവിടെ കയറി ഇരിക്കുകയാണ് കൂട്ടുകാരനും പകരക്കാരനുമായ മൊയ്തു.
ഞാന്‍ റെക്കമന്റ് ചെയ്തു, ലീവ് കൂട്ടാന്‍ അപ്പോള്‍ തന്നെ പഹയന്‍ സമ്മതിച്ചു എന്ന മൊയ്തുവിന്റെ വാക്കുകള്‍ മാത്രമല്ല, മുതലാളിയുടെ അടുത്തുള്ള അവന്റെ നില്‍പും ഭാവവുമൊന്നും മല്‍ബുവിന് പിടിച്ചില്ല.

പണിയില്ലാതെ നടന്ന മൊയ്തുവിനെ സ്വന്തം ചെലവില്‍ ഒരു മാസം കൂടെ താമസിപ്പിച്ച്, പകരം പണിക്ക് നിര്‍ത്തി നാട്ടില്‍ പോയതായിരുന്നു മല്‍ബു.

ഇപ്പോള്‍ മല്‍ബുവിനു മീതെ മൊയ്തു. മുതലാളി എല്ലാ കാര്യങ്ങളും അന്വേഷിക്കുന്നത് മൊയ്തുവിനോട്. വര്‍ഷങ്ങള്‍ കണ്ട മുഖമായിട്ടും മല്‍ബുവിനെ കണ്ട ഭാവം നടിക്കുന്നില്ല.

മല്‍ബുവിന് നിയന്ത്രണം വിട്ട ഒരു സന്ദര്‍ഭമുണ്ടായി. ശരിക്കും കരയിപ്പിച്ച സംഭവം.
ഒരു ദിവസം മല്‍ബു കേള്‍ക്കെ മുതലാളി മൊയ്തുവിനോട് പറഞ്ഞു.

നീയൊന്ന് വീട്ടിലേക്ക് വാ. അവിടെ ഒരു ഗിഫ്റ്റ് വെച്ചിട്ടുണ്ട്.
ഇതുകേട്ടപ്പോള്‍ മൊയ്തു മല്‍ബുവിനുനേരെ ഒരു ക്ലാസിക് നോട്ടവുമെറിഞ്ഞു. അധികനേരം അവിടെ നില്‍ക്കാന്‍ മല്‍ബുവിന് കഴിഞ്ഞില്ല.

രാത്രി റൂമിലെത്തിയപ്പോള്‍ രണ്ട് പേര്‍ക്കും ഉറക്കമില്ല. എന്തു ഗിഫ്റ്റായിരിക്കും മുതലാളി എടുത്തുവെച്ചിട്ടുണ്ടാവുക എന്നാണ് രണ്ടുപേരും ആലോചിച്ചത്. നാളെ അറിയാമല്ലോ എന്ന പ്രതീക്ഷയില്‍ അല്‍പം കഴിഞ്ഞപ്പോള്‍ മൊയ്തു ഉറങ്ങിയെങ്കിലും നാട്ടില്‍ മല്‍ബിയെ വിളിച്ച് ചതിയുടെ കാഠിന്യം അറിയിക്കുകയാണ് മല്‍ബു ചെയ്തത്.

അടുത്ത ദിവസം രാവിലെ തന്നെ സമ്മാനത്തെ കുറിച്ചുള്ള വിവരം മൊയ്തുവിനു കിട്ടി.

നമ്മുടെ ഫ്ളാറ്റിലെ സോഫ എടുത്തുകളയണം. മുതലാളിയുടെ ഗിഫ്റ്റ് ആറ് സീറ്റ് സോഫയാണ്. ഇന്നുതന്നെ എടുക്കണമെന്നു പറഞ്ഞിട്ടുണ്ട്.
ഇവിടത്തെ സോഫ ആര്‍ക്കെങ്കിലും കൊടുക്കാം അല്ലേ. അതെടുത്ത് താഴെയെത്തിച്ച് കളയാന്‍ വലിയ പാടായിരിക്കും.

മൊയ്തു മല്‍ബുവിനോട് അഭിപ്രായം ചോദിച്ചു.
സങ്കടവും ദേഷ്യവുമൊക്കെ അടക്കി മല്‍ബു മറുപടി നല്‍കി.
എന്തെങ്കിലും ചെയ്യൂ.

ഇത്തരം സന്ദര്‍ഭങ്ങളില്‍ ക്ഷോഭിച്ചതുകൊണ്ടോ വിഷമം പ്രകടിപ്പിച്ചതുകൊണ്ടോ ഒരു കാര്യവുമില്ല.
തലയിലെഴുത്ത് ചീകിയാല്‍ പോകില്ലല്ലോ?

ഉച്ചയായതോടെ മൊയ്തു ഒരാളെ കൂട്ടിവന്നു. അയാള്‍ സോഫ നോക്കി കൊണ്ടുപോയ്‌ക്കോളാം എന്നു പറഞ്ഞപ്പോള്‍ മല്‍ബുവിന് അതു വിശ്വസിക്കാനായില്ല. കാരണം  കറപിടിച്ച്, കീറപ്പറിഞ്ഞ് ഇരിക്കാന്‍ അറപ്പു തോന്നും വിധമായിരുന്നു അതിന്റെ കോലം.

അതു കൊണ്ടുപോകാനും ആളുണ്ടായി. ഈ ഓസിന്റെ ഒരു കാര്യം.
അങ്ങനെ ആ പണി തീര്‍ന്നു കിട്ടി-മൊയ്തു പറഞ്ഞു. മൂന്നാം നിലയില്‍നിന്ന് താഴെ ഇറക്കി ഗുമാമിലെത്തിക്കാനുള്ള മടിയാണ് മൊയ്തുവിനെ ധര്‍മിഷ്ഠനാക്കിയത്.

സന്ധ്യ കഴിഞ്ഞപ്പോള്‍ പുതിയ സോഫ കൊണ്ടുവരാന്‍ വാഹനം വിളിച്ച് ഇരുവരും മുതലാളിയുടെ വീട്ടില്‍ എത്തി.

കുശലാന്വേഷണത്തിനിടയില്‍ തന്നെ, മുതലാളി ഒതുക്കിയിട്ടിരിക്കുന്ന സോഫ കാണിച്ചു.
മല്‍ബുവും മൊയ്തുവും മുഖത്തോടു മുഖം നോക്കി.
ഫഌറ്റില്‍നിന്ന് ഒഴിവാക്കിയതിനേക്കാളും പോക്കായ ഒരു സോഫ. സര്‍വത്ര കറ പിടിച്ചിരിക്കുന്നു. വേണ്ട എന്ന് മല്‍ബു ആംഗ്യം കാണിച്ചെങ്കിലും മുതലാളിക്ക് എന്തുതോന്നുമെന്ന് ആലോചിച്ച മൊയ്തു അത് എടുക്കാന്‍ തന്നെ തീരുമാനിച്ചു.
മൊയ്തു പ്രയോഗിച്ച തന്ത്രമാണ് മുതലാളിയും പ്രയോഗിച്ചിരിക്കുന്നത്. എടുത്തു കളയുന്ന ബുദ്ധിമുട്ടൊഴിവാക്കാന്‍ ഗിഫ്റ്റാക്കി മാറ്റുക.

രണ്ടുപേരും കൂടി സോഫ മുറിയുടെ പുറത്തേക്കെടുക്കുമ്പോള്‍ മല്‍ബുവിന് ശരിക്കും ദേഷ്യം വരുന്നുണ്ടായിരുന്നു.

വണ്ടിയില്‍ കയറ്റി മുന്നോട്ടു നീങ്ങവെ, മൊയ്തു തന്നെ പറഞ്ഞു. ഇതിപ്പോള്‍ ഫ്‌ളാറ്റില്‍ എത്തിച്ചാല്‍ എല്ലാവരും കൂടി നമ്മളെ കൊല്ലും. ആര്‍ക്കെങ്കിലും കൊടുത്തിട്ട് പോകാം.
വഴിയില്‍ ഒരാളെ കണ്ടപ്പോള്‍ വണ്ടി നിര്‍ത്തി ചോദിച്ചു.
സോഫ വേണോ?

അയാള്‍ വേണ്ടെന്ന് പറഞ്ഞ് മുന്നോട്ടുനീങ്ങിയപ്പോള്‍ ഒന്നു കൂടി പറഞ്ഞു. കാശൊന്നും തരേണ്ട. ഞങ്ങള്‍ കളയാന്‍ കൊണ്ടുപോകുകയാണ്. വേണമെങ്കില്‍ എടുത്തോളൂ.
സ്വീകരിക്കാന്‍ കൂട്ടാക്കാതെ അയാള്‍ മുന്നോട്ടു പോയി.

പിന്നെയും അന്വേഷിച്ചു. ഒടുവില്‍ രണ്ട് സിംഗിള്‍ സോഫകള്‍ വഴിയോര കച്ചവടക്കാര്‍ വാങ്ങി റോഡരികിലിട്ടു.
ഇനിയൊരു വലുതുണ്ട്.

ഇനിയിപ്പോ ഇത് ഇവിടെ എവിടെയെങ്കിലും കളയാം. മുതലാളി കാണാതിരുന്നാല്‍ മതിയല്ലോ?
മൊയ്തു പറഞ്ഞു.

രണ്ട് മൂന്ന് ഗലികള്‍ കൂടി ഉള്ളിലേക്ക് കടന്ന് ഒരു ഗുമാം പെട്ടിക്ക് സമീപം മുതലാളി നല്‍കിയ ആ ഗിഫ്റ്റ് ഉപേക്ഷിച്ച് വണ്ടിക്കാരന് കൂലിയും നല്‍കി അവര്‍ റൂമിലേക്ക് മടങ്ങി.

8 comments:

വീകെ said...

ഹാ...ഹാ... വിഷമിക്കാനില്ല. സ്വന്തം മുതലാളിക്ക് ഒരു സഹായം ചെയ്തതായി കൂട്ടിയാൽ മതീന്നേ.....!

Gini said...

ഹി ഹി ഹ...കക്ഷത്തിൽ ഉള്ളത് പോവുകേം ചെയ്തു, ഉത്തരത്തിൽ ഉള്ളത് കിട്ടിയതുമില്ല..... കൊള്ളാം കൊള്ളാം...

ente lokam said...

ഹോ .കലക്കി കട്ടിൽ ഒടിച്ചു..അല്ല സോഫാ ...

ഇതിനാണ് പണി സോഫയിൽ തരുക എന്ന് പറയുന്നേ അല്ലെ..
പാവം മല്ബുവിനു അല്പം ആശ്വാസം ആയല്ലോ എന്നാലും.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

തലയിലെഴുത്ത് ചീകിയാല്‍ പോകില്ലല്ലോ?..
ഇങ്ങിനെയുള്ള മൊയ്തുമാരെ കുറിച്ച് പലരും പറയുന്നത് കേട്ടിട്ടുണ്ട്. എന്നാല്‍ മോയ്തുവിനെക്കാളും മിടുക്കനായത് മുതലാളി തന്നെ..
വളരെ ആസ്വദിച്ചു..

M. Ashraf said...

വീകെ, ജിനി, എന്റെ ലോക, മുഹമ്മദ് ആറങ്ങോട്ടുകര എല്ലാവര്‍ക്കും നന്ദി വരവിനും കമന്റുകള്‍ക്കും.

ajith said...

മുതലാളിമാരൊക്കെ ‘പണി’ കൊടുക്കുന്നതെങ്ങനെയെന്ന് നന്നായി പഠിച്ചിട്ടുണ്ട് എന്തായാലും!

M. Ashraf said...

അതെ അജിത് ഭായ്,
അറബി മുതലാളിമൊരൊക്കെ വലിയ വെളവന്മാരായിക്കൊണ്ടിരിക്കുന്നു. അവര്‍ക്ക് അതൊക്കെ പഠിപ്പിച്ചതില്‍ നമ്മള്‍ മല്‍ബുകള്‍ക്കും വലിയ പങ്കുണ്ട്. നന്ദി

Mohamedkutty മുഹമ്മദുകുട്ടി said...

അപ്പോ ഒരു സംശയം, ഈ ആദ്യം കളഞ്ഞ സോഫ വാങ്ങിയിരുന്നത് മൊയ്തുവോ അതോ മല്‍ബുവോ..?ഏതായാലും സംഭവം കലക്കി.

Related Posts Plugin for WordPress, Blogger...